അര്‍ബകാന്‍ നിത്യതയിലേക്ക്
ടി.കെ ഇബ്‌റാഹീം ടൊറണ്ടോ
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ സിദ്ദീഖ് ഹസന്‍ സാഹിബിന്റെ കൂടെ സുഊദി അറേബ്യയില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കെയാണ് തുര്‍ക്കിയിലെ ഇസ്‌ലാമിക നവോത്ഥാന നായകന്‍ നജ്‌മുദ്ദീന്‍ അര്‍ബകാന്റെ നിര്യാണ വാര്‍ത്തയറിഞ്ഞത്.
ഏറെ പണിപ്പെട്ട് യാത്രാ രേഖകള്‍ തയാറാക്കിയാണ് ഞങ്ങള്‍ ഇസ്‌തംബൂളിലെത്തിയത്. എയര്‍പോര്‍ട്ടില്‍ വിസ ഏര്‍പ്പാടുകള്‍ പൂര്‍ത്തിയാവാനുള്ള കാത്തിരിപ്പിനിടെ ടി.വിയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന, അര്‍ബകാന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളിലായിരുന്നു എല്ലാവരുടെയും ദൃഷ്‌ടി. കഥാപുരുഷന്റെ സംഭവബഹുലവും ഉദ്വേഗജനകവുമായ ജീവിതത്തിന്റെ വ്യത്യസ്‌ത രംഗങ്ങളും വിവിധ മുഖങ്ങളും പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. വാര്‍ധക്യത്തിലും യുവത്വം തുളുമ്പുന്ന പ്രഭാഷണങ്ങള്‍, ലോകനേതാക്കളുമായുള്ള കൂടിക്കാഴ്‌ചകള്‍, അഭിമുഖസംഭാഷണങ്ങള്‍... എല്ലാവരെയും ഏറ്റവും ആകര്‍ഷിച്ച കാഴ്‌ച, പച്ചപുടവയില്‍ പൊതിഞ്ഞ അദ്ദേഹത്തിന്റെ ജനാസ അങ്കാറയില്‍ നിന്നും ജനസഹസ്രങ്ങള്‍ അകമ്പടി സേവിച്ച് ഇസ്‌തംബൂളിലേക്കയക്കുന്ന രംഗമായിരുന്നു. 1926-ല്‍ കരിങ്കടലിന്റെ തീരത്തെ ഉയര്‍ന്ന പ്രദേശമായ സിനോപ്പ് പ്രവിശ്യയില്‍ ജനിച്ച സ്‌മര്യപുരുഷന്‍ ദീര്‍ഘകാലമായി അങ്കാറയിലാണ് താമസമെങ്കിലും ഖബ്‌റടക്കം ഇസ്‌തംബൂളില്‍ നടത്താനാണ് ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും തീരുമാനിച്ചത്. ഇസ്‌തംബൂളിലെ ചരിത്രപ്രസിദ്ധമായ മുഹമ്മദുല്‍ ഫാതിഹ് മസ്‌ജിദില്‍ ജനാസ നമസ്‌കാരം നടത്താനും തീരുമാനമായി. ഫെബ്രുവരിയില്‍ മൈനസിലേക്കെത്തുന്ന തണുപ്പില്‍ മരവിച്ചു നില്‍ക്കുന്ന തുര്‍ക്കി പ്രിയപ്പെട്ട ജനനായകന്റെ മരണവാര്‍ത്തയറിഞ്ഞതോടെ ശ്‌മശാനമൂകമായി... തുര്‍ക്കിയുടെ ചരിത്രം തിരുത്തിക്കുറിച്ച ആ വീരപുത്രന്റെ വേര്‍പാടില്‍ തുര്‍ക്കി മാത്രമല്ല, ഇസ്‌ലാമിക ലോകം ഒന്നടങ്കം കണ്ണീര്‍ വാര്‍ത്തു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ലേഖകന്‍ അദ്ദേഹത്തെ വീട്ടില്‍ വെച്ച് കണ്ടതോര്‍ത്തു. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ രാഷ്‌ട്രീയക്കളരിയിലിറങ്ങി ജനകീയമാറ്റങ്ങള്‍ക്ക് ശ്രമിക്കാത്തതില്‍ അദ്ദേഹം പരിഭവപ്പെട്ടു. എട്ടു മാസം മുമ്പ് പ്രഫ. സിദ്ദീഖ് ഹസനും ഡോ. അബ്‌ദുസ്സലാം വാണിയമ്പലവും അദ്ദേഹവുമായി നടത്തിയ 4 മണിക്കൂര്‍ നീണ്ട കൂടിക്കാഴ്‌ചയിലും അദ്ദേഹം ശക്തമായി ഉണര്‍ത്തിയത്, ഇസ്‌ലാമിക സമൂഹത്തിന്റെ ഐക്യമായിരുന്നു. വിദ്യാഭ്യാസത്തിലും ശാസ്‌ത്രസാങ്കേതിക രംഗങ്ങളിലും മുസ്‌ലിം സമൂഹം ശ്രദ്ധ പതിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. സയണിസവും സാമ്രാജ്യത്വവും ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ മുസ്‌ലിം സമൂഹം ഐക്യപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആവേശപൂര്‍വം അടിവരയിട്ടു. വികസിത രാഷ്‌ട്രങ്ങളുടെ ജി.എട്ട് മോഡലില്‍, താന്‍ മുന്‍കൈയെടുത്ത് ഡി. എട്ട് രൂപീകരിച്ച കഥ അദ്ദേഹം അനുസ്‌മരിച്ചു. കൂടിക്കാഴ്‌ചകളിലുടനീളം ആ മുഖത്തു നിറഞ്ഞുനിന്ന ആത്മാര്‍ഥതയും ആവേശവും അസാധാരണമായിരുന്നു. എണ്‍പത്തിയഞ്ചിലെത്തിയ അര്‍ബകാന്‍ വീല്‍ ചെയറില്‍ ഇരുന്ന് വീടിനുപുറത്ത് വന്ന് യാത്രയാക്കിയ രംഗം ഓര്‍മകളില്‍ മായാതെ നില്‍ക്കുന്ന കാഴ്‌ച സിദ്ദീഖ് ഹസന്‍ സാഹിബ് അനുസ്‌മരിച്ചു. പ്രായത്തെയും രോഗത്തെയും വെല്ലുന്ന വിപ്ലവാവേശം ആ മുഖത്തും കണ്ണുകളിലും നിറഞ്ഞുനിന്നു.
മയ്യിത്ത് നമസ്‌കാരം നടക്കുന്നത് മസ്‌ജിദ് മുഹമ്മദ് ഫാതിഹില്‍ ആയിരുന്നതുകൊണ്ട് തൊട്ടടുത്ത ഹോട്ടലിലാണ് പ്രതിനിധിസംഘങ്ങള്‍ക്ക് താമസം ഏര്‍പ്പാട് ചെയ്‌തിരുന്നത്.
അര്‍ബകാന്റെ കുടുംബം, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ മുഹമ്മദ് ഫാതിഹ് മസ്‌ജിദ് ജനാസ നമസ്‌കാരത്തിന് തെരഞ്ഞെടുത്തത് എന്തുകൊണ്ടാവാം? അര്‍ബകാന്റെ വസ്വിയ്യത്തായിരിക്കുമോ? ഏതായാലുമത് ഉചിതമായി. 1453-ല്‍ മുഹമ്മദ് ഫാതിഹ് ആണ് കോണ്‍സ്റ്റാന്റിനോപ്പിള്‍ (ഇസ്‌തംബൂള്‍) ബൈസാന്റിയന്‍ (കിഴക്കന്‍ റോമന്‍) സാമ്രാജ്യത്വത്തില്‍ നിന്ന് ജയിച്ചടക്കി ഇസ്‌ലാമിക സാമ്രാജ്യത്തോട് ചേര്‍ത്തത്. തന്റെ മകന് മുഹമ്മദ് ഫാതിഹ് എന്ന് നാമകരണം ചെയ്‌തപ്പോള്‍, അത്താതുര്‍ക്കിന്റെ തുര്‍ക്കിയെ വീണ്ടും ഇസ്‌ലാമികവത്‌കരിക്കാനുള്ള ഉത്‌ക്കടാഭിലാഷം പ്രകടിപ്പിക്കുകയായിരുന്നില്ലേ അദ്ദേഹം?
മുന്‍പ്രധാനമന്ത്രി എന്ന നിലയില്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗികമായ ബഹുമതികളോടെ ഖബറടക്കാന്‍ അദ്ദേഹത്തിനര്‍ഹതയുണ്ടായിരുന്നു. ഗവണ്‍മെന്റതിനു തയാറുമായിരുന്നു. പക്ഷേ, അദ്ദേഹം അത് നിരസിച്ചു. ജീവിതത്തിലെന്നപോലെ മരണത്തിലും ജനങ്ങളുടെ സ്‌നേഹാദരങ്ങളില്‍ അദ്ദേഹം സംതൃപ്‌തനായി. ഇതിനിടെ തുര്‍ക്കി മാധ്യമങ്ങളില്‍ തുര്‍ക്കി സൈനിക നേതാവിന്റെ പ്രസ്‌താവന വന്‍ തലക്കെട്ടോടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. അര്‍ബകാനെ വാനോളം പുകഴ്‌ത്തിയ അദ്ദേഹം തുര്‍ക്കി ജനതക്കര്‍പ്പിച്ച സേവനങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ടിരുന്നു. 14 വര്‍ഷം മുമ്പ് അര്‍ബകാന്റെ തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെ താഴെയിറക്കിയതും ഇതേ പട്ടാള ജനറലായിരുന്നു. ഏറെക്കാലമായി പട്ടാളമാണല്ലോ തുര്‍ക്കി ഭരിക്കുന്നത്. പട്ടാള ജനറല്‍മാരുടെ കപടവും അവസരവാദപരവുമായ ആ നിലപാടിനെ, അര്‍ബകാനെ ഗുരുതുല്യം ബഹുമാനിക്കുന്ന തുര്‍ക്കി ജനത പുഛിച്ചു തള്ളിയത് സ്വാഭാവികം. എന്നിരുന്നാലും അത് തുര്‍ക്കി ശീഘ്രഗതിയില്‍ കുതിക്കുന്ന മറ്റൊരു ദിശയിലേക്ക് വിരല്‍ ചൂണ്ടുന്നു. വിശിഷ്യാ, ധീരനും പ്രത്യുല്‍പന്നമതിയും ദീര്‍ഘദൃക്കുമായ ഉര്‍ദുഗാന്റെ നേതൃത്വത്തില്‍. എന്നെന്നേക്കും തുര്‍ക്കി ജനതയെ ബയണറ്റിന്റെ മുനയില്‍ നിര്‍ത്താന്‍ ഇനി പട്ടാളത്തിനാവില്ല. സര്‍വത്ര അടിച്ചു വീശുന്ന മാറ്റങ്ങള്‍ പട്ടാള ജനറല്‍മാരുടെ കണ്ണുതുറപ്പിച്ചിരിക്കുന്നു. അത് തുര്‍ക്കിയില്‍ ഇസ്‌ലാമിന്റെ നല്ല ഭാവിയെകുറിച്ച് മധുര പ്രതീക്ഷ നല്‍കുന്നു.
ജനാസ നമസ്‌കാരം
ഹോട്ടലില്‍ നിന്ന് അതിഥികളെ വഹിച്ച് ബസ്സ് മുഹമ്മദ് ഫാതിഹ് മസ്‌ജിദ് ലക്ഷ്യമാക്കി പുറപ്പെട്ടു. ജനസമുദ്രത്തിലൂടെ ബസ്സിന്റെ നീക്കം പതുക്കെയായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. മസ്‌ജിദടുക്കുംതോറും തിരക്കും ബഹളവും കൂടി വന്നു. അര്‍ബകാന്റെ പാര്‍ട്ടിയുടെ വളണ്ടിയര്‍മാര്‍ പര്‍ട്ടി ബാഡ്‌ജ് ധരിച്ചു അതിഥികളുടെ സഞ്ചാരമാര്‍ഗം സുഖകരമാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. പാര്‍ട്ടി വളണ്ടിയര്‍മാരും പോലീസും ധാരണയിലെത്തിയിരുന്നു, രണ്ടു കൂട്ടരും സഹകരിച്ചായിരിക്കും ട്രാഫിക് നിയന്ത്രണം നടത്തുകയെന്ന്. പക്ഷേ, ജനാസ നമസ്‌കാരത്തിന്റെ സമയം അടുക്കുംതോറും മലവെള്ളം പോലെ ഇരച്ചു വന്ന ജനപ്രവാഹത്തില്‍ ആ ധാരണയും കോര്‍ഡിനേഷനും കാറ്റില്‍ പറന്നു. അതോടെ വളണ്ടിയര്‍മാര്‍ അതിഥികളുടെ ബോഡിഗാര്‍ഡുകളായി. ഓരോ അതിഥിക്കും ഒരു ബോഡി ഗാര്‍ഡ് വീതം. ഒടുവില്‍ സാഹസപ്പെട്ട് നമസ്‌കാര സ്ഥലത്തെത്തി. തിങ്ങി വിങ്ങിയ ജനക്കൂട്ടത്തില്‍ തൊട്ടുരുമ്മി നിന്നപ്പോള്‍ ഇസ്‌തംബൂളിനെ മരവിപ്പിച്ച തണുപ്പ് എങ്ങോപോയി മറഞ്ഞു.
ഇനി രണ്ടു മണിക്കൂര്‍ കാത്തുനില്‍പ്പാണ്. ജനാസ നമസ്‌കാരവും പ്രതീക്ഷിച്ച്. തക്‌ബീര്‍ ധ്വനികളാലും ഖുര്‍ആന്‍ പാരായണത്താലും അന്തരീക്ഷം മുഖരിതമായി. `മുജാഹിദ് അര്‍ബകാന്‍, മുജാഹിദ് അര്‍ബകാന്‍....' ജനസഹസ്രങ്ങള്‍ ആര്‍ത്തുവിളിച്ചു. അതങ്ങനെ നീണ്ടു പോയി. ഒടുവില്‍ ഉര്‍ദുഗാനും മറ്റു ഉന്നത വ്യക്തിത്വങ്ങളും എത്തിച്ചേര്‍ന്നു. അര്‍ബകാന്റെ സേവനങ്ങളെ അനുസ്‌മരിച്ചുകൊണ്ട് ഇമാം ഒരു ലഘു പ്രഭാഷണം നടത്തി. തുടര്‍ന്ന് അര്‍ബകാന്റെ മകന്‍ മുഹമ്മദ് ഫാതിഹ് ചെയ്‌ത പ്രസംഗം തക്‌ബീര്‍ ധ്വനികളോടും കരഘോഷത്തോടും കൂടിയാണ് ജനം സ്വാഗതം ചെയ്‌തത്. തുടര്‍ന്ന് മയ്യിത്ത് നമസ്‌കാരം നടന്നു.
ജനാസ നമസ്‌കാരാനന്തരം അന്ന് വൈകുന്നേരം സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ ഞങ്ങള്‍ സംബന്ധിച്ചു. അതിഥികള്‍ക്ക് പുറമെ സ്‌ത്രീകളുള്‍പ്പെടെ ഇസ്‌തംബൂളിലെ ഉന്നത വ്യക്തിത്വങ്ങളും ഇതില്‍ സംബന്ധിച്ചു. സആദ പാര്‍ട്ടിയുടെ നേതാക്കളുള്‍പ്പെടെ നിരവധി പ്രമുഖരുമായി പരിചയപ്പെടാനും ബന്ധം പുതുക്കാനും ഈ അവസരം ഉപകരിച്ചു.
തുടര്‍ന്ന് ലോക ഇസ്‌ലാമിക സംഘടനകളുടെ പ്രതിനിധികളായെത്തിയവരുടെ അനുശോചന ഭാഷണങ്ങളായിരുന്നു. വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ നേതാക്കളുടെ സാന്നിധ്യം പരിപാടിക്ക് ഒരു ഇഖ്‌വാന്‍ നേതൃസമ്മേളനത്തിന്റെ പരിവേഷം സൃഷ്‌ടിച്ചു. റഷ്യ, ബോസ്‌നിയ, മലേഷ്യ, ബ്രിട്ടന്‍, സുഡാന്‍, ലബനാന്‍, ഇന്ത്യ, പാകിസ്‌താന്‍ തുടങ്ങിയ രാജ്യക്കാരുള്‍പ്പെടെ വിവിധ നാടുകളില്‍ നിന്നുള്ള നവോത്ഥാന പ്രസ്ഥാന നേതാക്കളുടെ നീണ്ട നിരയായിരുന്നു അനുശോചന യോഗത്തില്‍. പാകിസ്‌താനില്‍നിന്നും ജമാഅത്തെ ഇസ്‌ലാമി മുന്‍ അമീര്‍ ഖാദി ഹുസൈന്‍ അഹ്‌മദും, ഇന്ത്യയില്‍നിന്ന് അസി. അമീര്‍ പ്രഫ. കെ.എ സിദ്ദീഖ് ഹസനും, കാനഡയില്‍നിന്ന് ഈ ലേഖകനും ഇതില്‍ സംബന്ധിക്കാന്‍ ക്ഷണിക്കപ്പെട്ടിരുന്നു. ഹമാസ് നേതാവ് മുഹമ്മദ് നസ്സാറിന്റെയും മുന്‍ പാക് ജമാഅത്ത് അമീര്‍ ഖാദി ഹുസൈന്‍ സാഹിബിന്റെയും പ്രഭാഷണങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഖാദി ഹുസൈന് അര്‍ബകാനുമായി ഏറെക്കാലത്തെ ബന്ധമുണ്ട്. അര്‍ബകാന്‍ ഇസ്‌തംബൂളില്‍ ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ തലവനായിരുന്ന കാലം മുതല്‍ തുടങ്ങിയതാണ് ഗാഢമായ ആ ബന്ധം. അദ്ദേഹത്തിന്റെ അനുശോചന പ്രസംഗത്തില്‍ ഈ നീണ്ട സൗഹൃദ ബന്ധം അനുസ്‌മരിച്ചത് സദസ്സിന് പല കാര്യങ്ങളും മനസ്സിലാക്കാന്‍ ഉപകരിച്ചു. അര്‍ബകാന്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഏഷ്യയിലെ മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്‌മക്ക് അദ്ദേഹം രൂപം കൊടുത്തത് ഖാദി ഹുസൈന്‍ സാഹിബ് എടുത്തുപറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളുടെ ജി-8ന് സമാനമായ രീതിയില്‍ ഡി-8 എന്നായിരുന്നു അദ്ദേഹം ഈ കൂട്ടായ്‌മക്ക് നാമകരണം ചെയ്‌തത്. സാമ്പത്തിക സാങ്കേതിക ശാസ്‌ത്ര മേഖലകളില്‍ പാശ്ചാത്യ രാഷ്‌ട്രങ്ങള്‍ക്കൊപ്പം വളരാനും ഉയരാനും മുസ്‌ലിം രാഷ്‌ട്രങ്ങള്‍ക്ക് കഴിയണമെന്ന് അദ്ദേഹം അഭിലഷിച്ചിരുന്നു. അതിനാവശ്യമായ വിഭവങ്ങളുടെ കമ്മിയല്ല, മറിച്ച് മുസ്‌ലിം രാഷ്‌ട്ര നേതാക്കളുടെ ധിഷണാപരമായ പാപ്പരത്തവും പാശ്ചാത്യ അടിമത്ത മനോഭാവവുമാണ് ഇതിന് വിഘാതമെന്ന് അദ്ദേഹം സധൈര്യം ചൂണ്ടികാണിച്ചു.
മറ്റൊരു ശ്രദ്ധേയമായ പ്രസംഗം ഹമാസ് നേതാവ് മുഹമ്മദ് നസ്സാറിന്റേതായിരുന്നു. ഫലസ്‌ത്വീന്‍ വിമോചനത്തിനായുള്ള അര്‍ബകാന്റെ ആഗ്രഹം മാത്രമല്ല, പ്രായോഗിക സമീപനവും അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. കമാല്‍ അത്താതുര്‍ക്കിന്റെ തുര്‍ക്കിയും സയണിസ്റ്റ് ഇസ്രയേലുമായുള്ള ചങ്ങാത്തം അനിഷേധ്യമാണല്ലോ. ഈ ബന്ധം വെച്ച് തുര്‍ക്കിയുടെ വിവിധ മേഖലകള്‍ സയണിസ്റ്റുകള്‍ ദശകങ്ങളോളം അടക്കി ഭരിച്ചിരുന്നു. ഉസ്‌മാനിയാ ഖിലാഫത്തിന്റെ പതനത്തില്‍ സയണിസ്റ്റുകളുടെ പങ്ക് എടുത്തുപറയേണ്ടതില്ല. പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയുള്ള സയണിസ്റ്റ് ബാന്ധവത്തിലുള്ള തുര്‍ക്കി -ഇസ്രയേല്‍ അച്ചുതണ്ടിനോടാണ് അര്‍ബകാന് പടവെട്ടേണ്ടിയിരുന്നത്. പ്രതിസന്ധികളുടെ ആഴക്കടലിനിടയിലും രംഗം വിടാതെ അര്‍ബകാന്‍ കര്‍മനിരതനായതിന്റെ ചരിത്ര സാക്ഷ്യങ്ങളാണ് ഇന്നത്തെ തുര്‍ക്കി. മസ്‌ജിദുല്‍ അഖ്‌സ്വ അദ്ദേഹത്തിന്റെ ഹൃദയാന്തരങ്ങളില്‍ കുടികൊണ്ടു. ഫലസ്‌ത്വീനികളുടെ ഹൃദയാന്തരങ്ങളില്‍ അര്‍ബകാനും എന്നുമെന്നും കുടികൊള്ളും- ഹമാസ് നേതാവിന്റെ വാക്കുകള്‍ വികാരനിര്‍ഭരമായിരുന്നു.
അനുശോചന സംഗമത്തിനു ശേഷം അതിഥികള്‍ തുര്‍ക്കിയിലെ ലോക പ്രശസ്‌ത പള്ളിയായ മസ്‌ജിദുല്‍ സുല്‍ത്താനിലേക്ക് നയിക്കപ്പെട്ടു. ആറ് മിനാരങ്ങളുള്ള ഈ പള്ളി`ബ്ലൂ മോസ്‌ക്'�എന്നാണ് അറിയപ്പെടുന്നത്. ബ്ലൂമോസ്‌കിന് താജ്‌മഹലിന്റെ മനോഹാരിത തുളുമ്പുന്ന വാസ്‌തു ശില്‍പ ചാരുതയാണ്. പള്ളിയുടെ ഭീമാകാരവും ഉത്തുംഗവുമായ സ്‌തംഭങ്ങളില്‍ ദൃഷ്‌ടിപതിയുമ്പോള്‍ അവ കാലത്തെ അതിജയിച്ചു നില്‍ക്കാന്‍ പണിതീര്‍ക്കപ്പെട്ടതാണെന്ന് തോന്നും. കാലാവസ്ഥകളുടെ മാറ്റങ്ങളെയും കാലഘട്ടത്തിന്റെ വെല്ലുവിളികളെയും നേരിട്ട് സഹസ്രാബ്‌ദങ്ങള്‍ നിലനില്‍ക്കാനുള്ള കെട്ടുറപ്പും ശക്തിയും അതിനുണ്ട്. തുര്‍ക്കിയിലെ വാസ്‌തുശില്‍പ്പവിദ്യയുടെ അനുപമ ചാരുതിയില്‍ കടഞ്ഞെടുത്ത ഇസ്‌ലാമിന്റെ നാഗരിക പ്രതാപത്തിന്റെ ഉത്തുംഗ സ്‌തംഭങ്ങള്‍ കമാല്‍ അത്താതുര്‍ക്കിന്റെ അനിസ്‌ലാമികവല്‍ക്കരണത്തെ അതിജീവിച്ച് ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നു. തുര്‍ക്കികളുടെ ഭാഷയും സംസ്‌കാരവും മാറ്റാന്‍ അത്താതുര്‍ക്കിന് കഴിഞ്ഞു. പക്ഷേ, ഇസ്‌ലാമിക സ്‌മാരകങ്ങളെ അടിച്ചുതകര്‍ക്കാന്‍ അദ്ദേഹത്തിന് കരുത്തുണ്ടായില്ല. കലയും വാസ്‌തുശില്‍പ്പവുമൊക്കെ ഇസ്‌ലാമിനെതിരാണെന്ന് പറയുന്നവര്‍ ഇസ്‌ലാമിന്റെ നാഗരിക സാംസ്‌കാരിക ചരിത്രത്തിന്റെ നല്ലൊരു ഭാഗം കരിച്ചുകളയേണ്ടിവരും. ഇസ്‌തംബൂളില്‍ ഇത്തരത്തിലുള്ള നിരവധി സ്‌മാരകങ്ങളുണ്ട്.അവയിലൂടെ കടന്നുപോകുമ്പോള്‍ ഇസ്‌ലാമിക നാഗരിക പ്രതാപം നമ്മുടെ മനസ്സുകളെ മഥിക്കും.
പിന്നീട് ഞങ്ങള്‍ അര്‍ബകാന്റെ സഹോദരന്റെ വീട്ടിലേക്ക് യാത്ര തിരിച്ചു. അര്‍ബകാന് അങ്കാറയിലും ഇസ്‌തംബൂളിലും ഓരോ വീടുണ്ടായിരുന്നു. ഇസ്‌തംബൂളിലെ വീട്ടിലായിരുന്നു സഹോദരന്‍. ഇസ്‌തംബൂളിലെ നഗരമധ്യത്തില്‍ ഏറ്റവും വിലപിടിപ്പുള്ള ഒരു വില്ലയെ സ്വപ്‌നം കണ്ടുകൊണ്ടിരിക്കെ ഞങ്ങളുടെ കാര്‍ പെട്ടെന്ന് നഗരത്തില്‍നിന്നും മാറി ഇടുങ്ങിയ ഒരു റോഡിലൂടെ നീങ്ങിക്കൊണ്ടിരുന്നു. ഒടുവില്‍ എത്തിച്ചേര്‍ന്നത് ഒരു സാധാരണ കെട്ടിടത്തിലെ അപാര്‍ട്ട്‌മെന്റില്‍. പലരും യാത്ര പിരിഞ്ഞതിനാല്‍ പത്തോ പന്ത്രണ്ടോ പേര്‍ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. പക്ഷേ, അവരെ ഉള്‍ക്കൊള്ളാനും ആ ഇടുങ്ങിയ മുറി അപര്യാപ്‌തമായിരുന്നു. ഞാനോര്‍ത്തു, തുര്‍ക്കിയുടെ പ്രധാനമന്ത്രിയുടെ വസതിയല്ലേ ഇത്, എന്തൊരു മഹനീയ മാതൃക! നീതിയുടെയും ജനാധിപത്യത്തിന്റെയും സൗരഭ്യം സമൂഹത്തിന് ചൊരിഞ്ഞ രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബിനെയാണ് ഞാനോര്‍ത്തുപോയത്. തുര്‍ക്കിയുടെ അമരക്കാരനായിരിക്കുമ്പോള്‍ ജീവിതത്തില്‍ ലാളിത്യവും ഇസ്‌ലാമിക സംസ്‌കാരവും മുറുകെപിടിക്കാന്‍ ആ മഹാരഥന് കഴിഞ്ഞിരുന്നു. സ്വന്തം ജനതയുടെ രക്തവും സമ്പത്തും ഊറ്റിക്കുടിച്ച് മെയ്യഴക് വരുത്തിയ ഇബ്‌നു അലിയും ഹുസ്‌നി മുബാറകും മുഅമ്മര്‍ ഖദ്ദാഫിയും, ദശകങ്ങളായി മുസ്‌ലിം ലോകത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന രാഷ്‌ട്ര നായകന്മാരും ഈ മാതൃകയുടെ അടുത്ത് എവിടെ, തുര്‍ക്കിയുടെ പ്രധാനമന്ത്രിയായിരുന്നിട്ടും സാധാരണപൗരനായി ജീവിക്കാന്‍ കഴിഞ്ഞ അര്‍ബകാനെവിടെ? ആധുനിക മുസ്‌ലിം ഭരണാധികാരികള്‍ക്ക് എത്രെയെത്ര മഹനീയ മാതൃകകളാണ് അര്‍ബകാന്‍ തന്റെ ജീവിതത്തില്‍ വിട്ടേച്ചുപോയത്. മുസ്‌ലിം ഭരണാധികാരികള്‍ക്ക് മാത്രമല്ല, അമുസ്‌ലിം ഭരണാധികാരികള്‍ക്കും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് മേനി നടിക്കുന്ന നമ്മുടെ രാഷ്‌ട്രത്തിലെ ജനപ്രതിനിധികള്‍ക്കും അനുകരണീയമാണിത്. നമ്മുടെ മന്ത്രിമാരും, എംപിമാരും എം.എല്‍.എമാരുമൊക്കെ അഴിമതിയുടെ ആഴക്കടലില്‍ മുങ്ങിത്താഴുമ്പോള്‍ സങ്കല്‍പ്പിക്കാനാകുമോ ഇത്തരമൊരു പ്രധാനമന്ത്രിയെ? വീടിനകത്ത് കടന്ന ഞങ്ങള്‍ ഉള്ള സ്ഥലത്ത് ഇരുന്നു. സഹോദരന്‍ അര്‍ബകാന്റെ വേര്‍പാടില്‍ തേങ്ങിവിങ്ങുന്നുണ്ടായിരുന്നു.
ഇസ്‌തംബൂള്‍ വിമാനത്താവളത്തില്‍ ഞങ്ങളെ സ്വീകരിക്കാനെത്തിയപോലെത്തന്നെ യാത്രയാക്കാനും സആദ പാര്‍ട്ടി നേതാക്കള്‍ എത്തിയിരുന്നു. ഇസ്‌തംബൂളിലെ രണ്ടു ദിവസങ്ങള്‍ അക്ഷരാര്‍ഥത്തില്‍ പ്രവര്‍ത്തന നിരതവും വികാരഭരിതവുമായിരുന്നു. ആശാനിര്‍ഭരവും ആത്മീയ ബന്ധുരവുമായ ആ ദിനങ്ങള്‍ മടക്കയാത്രയിലുടനീളം മനസില്‍ വന്നുപോയിക്കൊണ്ടിരുന്നു.
പടച്ച തമ്പുരാന്‍ അനുഗ്രഹിച്ചരുളിയ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ പ്രവാചകന്മാരുടെയും സിദ്ദീഖീങ്ങളുടെയും ശുഹദാക്കളുടെയും സല്‍ക്കര്‍മികളുടെയുമൊക്കെ ഒപ്പം അല്ലാഹു അര്‍ബകാനെയും നമ്മെയും ഒരുമിച്ചുകൂട്ടുമാറാകട്ടെ.
[email protected]