Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


ജനകീയ പ്രക്ഷോഭത്തെ എതിര്‍ക്കുന്നവരും പിന്തുണക്കുന്നവരും
എസ്‌. വി

കേരളത്തിലെ മുജാഹിദുകളില്‍ ഒരു വിഭാഗം ഇടക്കിടെ ഫലിതരസ പ്രധാനമായ ചില വര്‍ത്തമാനങ്ങള്‍ പറയാറുണ്ട്‌. നിലപാടില്ലായ്‌മയുടെയും നവയാഥാസ്ഥിതികത്വത്തിന്റെയും അടയാളക്കുറികളാണ്‌ അവയില്‍ പലതും. അക്കൂട്ടത്തില്‍ ഓര്‍ത്തോര്‍ത്ത്‌ ചിരിക്കാന്‍ വക നല്‍കുന്നതാണ്‌ `ജിന്ന്‌' വിഷയത്തിലെ വെളിപാടുകള്‍. അതിന്റെ തുടര്‍ച്ചയെന്നോണം, ചരിത്ര പ്രധാനമായ മറ്റൊരു കണ്ടെത്തലുമായി അതേ മുജാഹിദ്‌ സംഘടന രംഗത്തുവന്നിരിക്കുന്നു. മധ്യ പൗരസ്‌ത്യ ദേശത്ത്‌ സ്വേഛാധിപതികള്‍ക്കെതിരെ ആഞ്ഞടിക്കുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ `ഇസ്‌ലാമിക ഭരണകൂടങ്ങള്‍'ക്കെതിരായ സയണിസ്റ്റ്‌ ഗൂഢാലോചനയാണെന്ന `ഞെട്ടിക്കുന്ന' വാര്‍ത്തയാണ്‌ മുജാഹിദ്‌ പ്രസിദ്ധീകരണങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്‌.
കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ മുഖപത്രമായ അല്‍മനാര്‍ മാസികയിലാണ്‌ ഈ നര്‍മം അച്ചടിച്ചിരിക്കുന്നത്‌. എ.ഐ അബ്‌ദുല്‍ മജീദ്‌ സ്വലാഹി എഴുതിയ ലേഖനത്തിന്റെ തലക്കെട്ടും അത്യുഗ്രന്‍; `മുസ്‌ലിം ലോകത്തെ തകര്‍ക്കാന്‍ പുതിയ ബോംബ്‌'. `ഗവേഷണ പ്രബന്ധ'ത്തിന്റെ പ്രസക്ത ഭാഗങ്ങളിലൂടെ:
``സുഡാന്‍, അള്‍ജീരിയ, തുനീഷ്യ, ലിബിയ, ലെബനോന്‍, യമന്‍ തുടങ്ങിയ രാഷ്‌ട്രങ്ങളിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കും അട്ടിമറികള്‍ക്കും കനത്ത സഹായം നല്‍കുന്ന അമേരിക്ക ലക്ഷ്യത്തിലേക്ക്‌ അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. സുഡാന്‍ വിഭജന നീക്കത്തിലും, തുനീഷ്യയിലെ കലാപങ്ങളിലും സയണിസ്റ്റ്‌ ലോബി മതിമറന്ന്‌ ആഹ്ലാദിക്കുകയാണ്‌. ഇറാന്‍ വിപ്ലവത്തിന്‌ ശേഷം നടക്കുന്ന `മഹത്തായ വിപ്ലവം' എന്ന്‌ വിപ്ലവ ഇസ്‌ലാമിസ്റ്റുകള്‍ വിശേഷിപ്പിക്കുന്ന തുനീഷ്യന്‍ കലാപവും സയണിസ്റ്റ്‌ ലോബിയെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്‌. ഇസ്‌ലാമിനെ തകര്‍ക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്ന ശീഈ സംഘങ്ങളെയോ അവരോട്‌ മമത കാണിക്കുന്നവരെയോ ആണ്‌ അമേരിക്ക വഴിവിട്ട രൂപത്തില്‍ സഹായിക്കുന്നത്‌. സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ നടപ്പിലാക്കാന്‍ പരസ്‌പരം മത്സരിക്കുന്ന ഇസ്‌ലാമിന്റെ പേരിലുള്ള ഗ്രൂപ്പുകള്‍ സയണിസ്റ്റുകള്‍ വെച്ചുനീട്ടുന്ന സഹായത്തിനായി എല്ലാം മറന്ന്‌ ഒന്നാകുന്ന വൈചിത്ര്യമാണ്‌ ദൃശ്യമാകുന്നത്‌.''
........................``ശീഈകളും അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂനും അറബ്‌-ഇസ്ലാമിക രാഷ്‌ട്രങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ `ഏകാധിപത്യ ഭരണകൂടത്തിനെതിരെ പോരാട്ടം' എന്ന അജണ്ടയുമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്‌ കാലമേറെയായി. ശീഈകളുടെയും ഇഖ്‌വാന്റെയും കുടില താല്‍പര്യങ്ങള്‍ ഏറെ നാളത്തെ തിക്താനുഭവങ്ങളില്‍നിന്ന്‌ ബോധ്യമായ അറബ്‌ രാജ്യങ്ങള്‍ ഈ വിഷവേരുകള്‍ നീക്കാന്‍ ക്രിയാത്‌മകമായ നീക്കങ്ങളാണ്‌ നടത്തുന്നത്‌. തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ അധികാര കസേരകളിലെത്തി തീവ്ര ആശയങ്ങള്‍ പടര്‍ത്താനുള്ള ഇക്കൂട്ടരുടെ ശ്രമങ്ങള്‍ അറബ്‌ ലോകത്ത്‌ അടിക്കടി പരാജയപ്പെടുന്ന വാര്‍ത്തകളാണ്‌ ലഭിക്കുന്നത്‌. ശീഈകളുടെയും, ഇഖ്‌വാന്റെയും ഏകാധിപത്യത്തിനെതിരെയുള്ള `പോരാട്ടത്തിന്‌' അമേരിക്കയുടെ പിന്തുണ നിര്‍ലോഭം ലഭിക്കുന്നുണ്ട്‌. `ജനപക്ഷത്തിന്റെ വിജയം' ആഘോഷിക്കുന്നവര്‍ക്ക്‌ സയണിസ്റ്റ്‌ ഗൂഢാലോചനയെ കുറിച്ച്‌ ചിന്തിക്കാന്‍ എവിടെ സമയം. അധിനിവേശചിന്തകള്‍ മാത്രം പേറുന്നവര്‍ക്ക്‌ ഇസ്‌ലാമിക ലോകത്ത്‌ വിള്ളലുണ്ടാക്കുന്ന കക്ഷികള്‍ എന്നും ഹരമാണ്‌.''
..............``ആരോപണങ്ങള്‍ നിര്‍മിച്ച്‌ നിരന്തരം ആക്രമിച്ചിട്ടും ഇസ്‌ലാമിക മുന്നേറ്റത്തിന്‌ തടയിടാന്‍ സാധ്യമല്ലെന്ന്‌ കാണുമ്പോള്‍ അറബ്‌-ഇസ്‌ലാമിക രാഷ്‌ട്രങ്ങളില്‍ ചോരപ്പുഴ തീര്‍ക്കാന്‍ എന്തുണ്ട്‌ വഴിയെന്ന്‌ ആലോചിച്ചതിന്റെ ഫലമാണ്‌ അറബ്‌ -ഇസ്‌ലാമിക രാഷ്‌ട്രങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്ന ആഭ്യന്തര സംഘര്‍ഷങ്ങളുടെ ഇരുണ്ട പുക.'' (അല്‍മനാര്‍ മാസിക, 2011 ഫെബ്രുവരി, പുസ്‌തകം 56, ലക്കം 6, പേജ്‌ 6,7).
`ഇസ്‌ലാമിക രാഷ്‌ട്രീയ'ത്തിനെതിരെ കേരളത്തില്‍ ജിഹാദ്‌ നടത്തുന്നവരാണ്‌ മുജാഹിദ്‌ സംഘടന. എന്നാല്‍ ഈ ലേഖനത്തില്‍, പതിനൊന്ന്‌ തവണയാണ്‌ `അറബ്‌-ഇസ്‌ലാമിക രാഷ്‌ട്രങ്ങള്‍' എന്ന്‌ അഭിമാനത്തോടെ പറയുന്നത്‌. തുനീഷ്യ, ഈജിപ്‌ത്‌, യമന്‍.... രാജ്യങ്ങളെ കട്ടുമുടിക്കുകയും ദുരിതക്കടലിലാഴ്‌ത്തുകയും ചെയ്‌ത സ്വേഛാധിപത്യ ഭരണകൂടങ്ങളെക്കുറിച്ചാണ്‌ കേരളത്തില്‍ ഇവര്‍ ഊറ്റം കൊള്ളുന്നത്‌! അഭിനവ ഫറോവമാരായ ഈ സ്വേഛാധിപതികളെ താങ്ങിനിര്‍ത്തിയതാകട്ടെ അമേരിക്കയും സയണിസ്റ്റുകളുമായിരുന്നു. ഇപ്പോള്‍ വിജയം കണ്ട ജനകീയ പ്രക്ഷോഭങ്ങള്‍ അമേരിക്കയുടെയും സയണിസ്റ്റുകളുടെയും ഉറക്കം കെടുത്തുകയാണ്‌. അപ്പോള്‍ ഈ ജനകീയ മുന്നേറ്റത്തിനെതിരെ കേരളത്തില്‍ മുജാഹിദ്‌ സംഘടന പ്രചാരണം നടത്തുന്നത്‌ ആര്‍ക്കു വേണ്ടിയാണ്‌? ജമാഅത്തെ ഇസ്‌ലാമിയും ഇഖ്‌വാനുല്‍ മുസ്‌ലിമൂനും ഏതു പക്ഷത്താണോ നില്‍ക്കുന്നത്‌ അതിന്റെ എതിര്‍പക്ഷത്ത്‌ നില്‍ക്കാന്‍ തീരുമാനിച്ചാല്‍ ഇതിലപ്പുറവും നമുക്ക്‌ കാണേണ്ടിവരും. ആദ്യകാലത്ത്‌ മുജാഹിദ്‌ സംഘടന പുലര്‍ത്തിയിരുന്ന പല നല്ല നിലപാടുകളും പില്‍ക്കാലത്ത്‌ അവര്‍ തന്നെ തള്ളിപ്പറഞ്ഞതിന്റെ കാരണവും മറ്റൊന്നല്ല. ഇസ്‌ലാമിക രാഷ്‌ട്രം, നബിയുടെ ഭരണ മാതൃക, സയ്യിദ്‌ മൗദൂദി-സയ്യിദ്‌ ഖുത്വ്‌ബ്‌-ഹസനുല്‍ ബന്നാ തുടങ്ങിയവരുടെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍, ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ തുടങ്ങിയവയെല്ലാം ആദ്യകാലത്ത്‌ മുജാഹിദുകള്‍ അംഗീകരിച്ചിരുന്നു. പിന്നീട്‌ അതെല്ലാം അവര്‍ നിരാകരിക്കുകയാണുണ്ടായത്‌. തറാവീഹിന്റെ റക്‌അത്തുകളുടെ എണ്ണത്തിലും ആദ്യകാലത്ത്‌ വിശാല കാഴ്‌ചപ്പാടാണ്‌ മുജാഹിദുകള്‍ക്കുണ്ടായിരുന്നത്‌. അതും പില്‍ക്കാലത്ത്‌ അവര്‍ തള്ളിപ്പറഞ്ഞു.
ഈജിപ്‌തില്‍ ജമാല്‍ അബ്‌ദുന്നാസിറിന്റേതുള്‍പ്പെടെ സ്വേഛാധിപത്യ ഭരണത്തിനെതിരെ നിശിത വിമര്‍ശനങ്ങള്‍ നടത്തുകയും ഇഖ്‌വാനുല്‍ മുസ്‌ലിമൂനെ പിന്താങ്ങുകയും ചെയ്‌തിരുന്നു കേരളത്തിലെ മുജാഹിദ്‌ സംഘടന ഒരു കാലത്ത്‌. അല്‍ മുര്‍ശിദിന്റെ പഴയ ലക്കങ്ങളില്‍ അതു സംബന്ധിച്ച്‌ ധാരാളം ലേഖനങ്ങള്‍ കാണാം (അല്‍ മുര്‍ശിദ്‌ 1966 ജൂണ്‍, 1967 സെപ്‌റ്റംബര്‍).
ഇപ്പോള്‍ അതെല്ലാം തള്ളിപ്പറഞ്ഞ്‌ സ്വേഛാധിപത്യത്തിന്റെ പക്ഷത്തേക്കായി അവരുടെ ചായ്‌വ്‌. അതിന്റെ ഉദാഹരണമാണ്‌ അല്‍ മനാറിലെ പുതിയ ലേഖനം. അതേ ലേഖകന്‍ അതേ ലേഖനം തലക്കെട്ടും വാചക ഘടനയും അല്‍പം മാറ്റി വിചിന്തനത്തിലും എഴുതിയിട്ടുണ്ട്‌ (`അറബ്‌ ലോകത്തെ തകര്‍ക്കാന്‍ കലാപങ്ങള്‍ തീര്‍ക്കുന്നവര്‍', 2011 ജനുവരി 28)
രസകരമായ മറ്റൊരു കാര്യമുണ്ട്‌. മുഖപത്രമായ അല്‍മനാറിലും വിചിന്തനത്തിലും മജീദ്‌ സ്വലാഹി എഴുതിയതിന്‌ വിരുദ്ധമായി വിചിന്തനത്തില്‍ അബ്‌ദുല്‍ ഖയ്യൂം പാലത്തിന്റെ `വീക്ഷണം' വന്നിട്ടുണ്ട്‌. തലക്കെട്ട്‌ ഇങ്ങനെ: `ജനവികാരത്തില്‍ നിന്ന്‌ ജനമുന്നേറ്റത്തിലേക്ക്‌' (വിചിന്തനം, 2011 ഫെബ്രുവരി 4). ജനകീയ പ്രക്ഷോഭങ്ങളെ പിന്തുണക്കുന്നുവെന്ന്‌ തോന്നിക്കുന്നതാണ്‌ `വീക്ഷണം'. കാലത്തിന്റെ പിറകിലേക്ക്‌ സഞ്ചരിക്കാന്‍ തീരുമാനിച്ചതുകൊണ്ട്‌ ഇനിയും കാണേണ്ടിവരും ഇത്തരം വൈരുധ്യങ്ങള്‍ നമുക്ക്‌.
ശബാബിലെ
പ്രൗഢലേഖനങ്ങള്‍
ഡോ. ഹുസൈന്‍ മടവൂര്‍ നേതൃത്വം നല്‍കുന്ന മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ യുവജന വിഭാഗമായ ഐ.എസ്‌.എമ്മിന്റെ പ്രസിദ്ധീകരണമായ ശബാബ്‌ വാരിക ഇവ്വിഷയകമായി രണ്ട്‌ പ്രൗഢ ലക്കങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്‌. യാഥാസ്ഥിതിക മുജാഹിദ്‌ ധാരയില്‍നിന്ന്‌ വഴിമാറി നടക്കാന്‍ അവര്‍ തീരുമാനിച്ചതിന്റെ സൂചകമായി നമുക്കിതിനെ കാണാം. തുനീഷ്യ, ഈജിപ്‌ത്‌, യമന്‍ നാടുകളിലെ ജനാധിപത്യ വിപ്ലവത്തിന്റെ ആവേശ ജ്വാലകള്‍ കേരളക്കരക്ക്‌ പകര്‍ന്നു നല്‍കുന്ന മികച്ച ലേഖനങ്ങള്‍ കൊണ്ട്‌ സമ്പന്നമാണ്‌ രണ്ട്‌ ലക്കങ്ങളും. `തുനീഷ്യ: ജനാധിപത്യത്തിലേക്കുള്ള കുതിപ്പ്‌' (എ.പി ഇസ്‌മാഈല്‍, കവര്‍‌സ്റ്റോറി, ശബാബ്‌ 2011 ജനുവരി 28) ആണ്‌ ഒന്നാമത്തേത്‌. `നൈല്‍ നദിക്കരയിലെ മുല്ലപ്പൂ വിപ്ലവം' എന്ന രണ്ടാം ലക്കത്തില്‍ (2011 ഫെബ്രുവരി 11) തുനീഷ്യന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്‍നിര നായകന്‍ റാശിദുല്‍ ഗനൂശി (തുനീഷ്യ- ഇസ്‌ലാമികയുഗത്തിന്‌ തുടക്കം), താരീഖ്‌ റമദാന്‍ (ഈജിപ്‌ത്‌: ജനാഭിലാഷം സാക്ഷാത്‌കരിക്കപ്പെടുന്നു) എന്നിവര്‍ക്കു പുറമെ ഡോ. കെ.കെ ഉസ്‌മാന്റെ ലേഖനവുമുണ്ട്‌. ലേഖനത്തില്‍നിന്ന്‌:
``സഹസ്രാബ്‌ദങ്ങള്‍ക്കപ്പുറം ഈജിപ്‌തിന്റെ സര്‍വാധിപതിയും അജയ്യനും അഹങ്കാരിയുമായിരുന്ന ഫറോവ ചക്രവര്‍ത്തിയുടെ മുഖത്തു നോക്കിക്കൊണ്ട്‌ ഒരിടിമുഴക്കത്തിന്റെ ശബ്‌ദഗാംഭീര്യത്തോടെ ഒരാള്‍ കല്‍പിച്ചു: ``എന്റെ ജനതക്കു സ്വാതന്ത്ര്യം നല്‍കുക.'' പ്രവാചകവര്യനായ മൂസാ(അ)യുടെ ആജ്ഞയായിരുന്നു അത്‌. അടിമത്വ നുകത്തിനു കീഴില്‍ കൊടും യാതനകളും പീഡനമുറകളും അനുഭവിച്ചുകൊണ്ടിരുന്ന വലിയൊരു ജനവിഭാഗത്തിന്റെ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള ചരിത്രത്തിലെ തന്നെ ആദ്യ വിപ്ലവകാഹളമായിരുന്നു മൂസാ നബിയിലൂടെ നാം കേട്ടത്‌.
`സംസ്‌കൃതിയുടെ കളിത്തൊട്ടില്‍' എന്നു വിശേഷിപ്പിക്കാറുള്ള ഈജിപ്‌തിന്റെ തെരുവുകളില്‍ സഹസ്രാബ്‌ദങ്ങള്‍ക്കപ്പുറം ഒരഗ്നിപര്‍വതത്തിന്റെ വന്‍ വിസ്‌ഫോടനം കണക്കെ ഉയര്‍ന്ന സമരധ്വനിയുടെ പ്രകമ്പനം ഏതാനും ദിവസങ്ങളായി ആഞ്ഞുവീശിക്കൊണ്ടിരിക്കുകയാണ്‌; കൃത്യമായി പറഞ്ഞാല്‍ ജനുവരി ഇരുപത്തഞ്ചാം തീയതി മുതല്‍. വര്‍ഷങ്ങളായി, ഈജിപ്‌ത്‌ ജനതയുടെ നെഞ്ചില്‍ പുകഞ്ഞുകൊണ്ടിരുന്ന പ്രതിഷേധത്തിന്റെയും രോഷത്തിന്റെയും പകയുടെയും ബാഹ്യപ്രകടനത്തിന്റെ നാളുകള്‍. ഈജിപ്‌ത്‌ ദേശത്ത്‌ പ്രസിഡന്റ്‌ ഹുസ്‌നി മുബാറക്കിനെതിരെ അലയടിച്ചുകൊണ്ടിരിക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്ക്‌ `രോഷത്തിന്റെ ദിനരാത്രങ്ങള്‍' (Days of Rage) എന്നു തന്നെയാണ്‌ പേരിട്ടിരിക്കുന്നത്‌. ഈജിപ്‌തിന്റെ പുത്തന്‍ ഫറോവയായ ഹുസ്‌നി മുബാറക്‌ പ്രതിനിധാനം ചെയ്യുന്ന സാമ്പത്തിക, രാഷ്‌ട്രീയ, ദേശീയ, അന്തര്‍ദേശീയ നയങ്ങളോടുള്ള കടുത്ത അതൃപ്‌തിയും അമര്‍ഷവും ജനത്തെ സര്‍ക്കാറിനെതിരായ സമരത്തില്‍ തെരുവിലിറക്കാനുള്ള പ്രേരണയായി. കൂടാതെ, മറ്റൊരു സ്വേഛാധിപതിയുടെ ഭരണകൂടത്തെ ഒരു ബഹുജനസമരത്തിലൂടെ അട്ടിമറിച്ച തുനീഷ്യന്‍ മാതൃക അവര്‍ക്കൊരു പ്രചോദനമായി'' (ശബാബ്‌ വാരിക, 2011 ഫെബ്രുവരി 11).
അതേ ലക്കത്തിലെ താരീഖ്‌ റമദാന്റെ ലേഖനം അവസാനിക്കുന്നതിങ്ങനെ: ``ഒരിക്കല്‍, ചരിത്ര രഥങ്ങളുടെ പ്രയാണം വഴിമാറും; പുതിയ ശക്തികള്‍ ഉദയം കൊള്ളുകയും നിലവിലുള്ള അധികാര ബന്ധങ്ങളെ മറികടക്കുകയും ചെയ്യും; തങ്ങളുടെ അധികാരം വ്യത്യസ്‌തമായ വഴിയില്‍ ഉപയോഗപ്പെടുത്തുമെന്ന്‌ ഇന്നലെയുടെ അധികാരകേന്ദ്രങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ട്‌. അധികാരത്തിന്റെ മത്തു ബാധിച്ച ചില നേതാക്കള്‍ക്കും ഭരണകൂടങ്ങള്‍ക്കും- അത്‌ ഏകാധിപത്യമാകട്ടെ, ജനാധിപത്യമാകട്ടെ- അതൊരു പാഠമാകാതിരിക്കില്ല. ദൗര്‍ഭാഗ്യവശാല്‍ തിരിച്ചറിയാന്‍ വൈകിയ പാഠം!'' (ശബാബ്‌ വാരിക, 2011 ഫെബ്രുവരി 11).
ജീര്‍ണിച്ച രാഷ്‌ട്രീയ രൂപങ്ങള്‍ക്കെതിരെ തുനീഷ്യന്‍-ഈജിപ്‌ഷ്യന്‍ മാതൃകയില്‍ കേരളത്തില്‍ ഒരു മുല്ലപ്പൂ വിപ്ലവം വരാന്‍ എത്ര കാലമെടുക്കും?

 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly