Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


മാധ്യമലോകത്ത്‌ അല്‍ജസീറയുടെ പടയോട്ടം
റഹീം ഓമശ്ശേരി

``എന്നെ ഗ്വാണ്ടനാമോയിലെ കല്‍തുറങ്കില്‍ അടച്ചത്‌ എന്നോടുള്ള വിദ്വേഷം കൊണ്ടായിരുന്നില്ല, അല്‍ജസീറയെന്ന മാധ്യമത്തെ ഭീകര ശൃംഖലയില്‍ പെടുത്തി തകര്‍ക്കാനായിരുന്നു. എന്നാല്‍ അതിന്‌ ഞാന്‍ നല്‍കേണ്ടിവന്ന വില എന്റെ ജീവിതമായിരുന്നു.'' ഗ്വാണ്ടനാമോ തുറുങ്കില്‍ വര്‍ഷങ്ങളോളം ജീവഛവമായി കഴിയേണ്ടിവന്ന അല്‍ജസീറ ക്യാമറാമാന്‍ സാമി അല്‍ഹാജിന്റേതാണ്‌ ഈ വാക്കുകള്‍. അഫ്‌ഗാനിലെ അമേരിക്കന്‍ നരനായാട്ട്‌ ലോക മനസ്സാക്ഷിക്ക്‌ മുമ്പില്‍ ഒപ്പിയെടുത്ത്‌ നല്‍കിയ സമീപകാലത്തെ സാഹസിക ക്യാമറാമാന്മാരിലൊരാളായിരുന്നു സാമി അല്‍ഹാജ്‌. അല്‍ജസീറയുടെ സ്റ്റാര്‍ റിപ്പോര്‍ട്ടറായി അറിയപ്പെട്ട തൈസീര്‍ അല്ലൂനിയെ പോലുള്ളവരുടെ വാര്‍ത്തകള്‍ക്ക്‌ ദൃശ്യാവിഷ്‌കാരം നല്‍കിയിരുന്ന സാമിയെ അമേരിക്കന്‍ സേന പിടികൂടുകയായിരുന്നു. തന്റെ അഞ്ചു വര്‍ഷത്തിലധികം നീണ്ട ഗ്വാണ്ടനാമോ ജീവിതം അല്‍ജസീറയിലെ അവതാരകന്‍ മുഹമ്മദ്‌ ക്രീഷാനുമായി പങ്കിട്ടപ്പോള്‍, ഒരു പക്ഷേ സാമിയേക്കാള്‍ വിങ്ങിപ്പൊട്ടിയത്‌ മുഹമ്മദായിരിക്കുമെന്ന്‌ തോന്നുന്നു. അത്രക്കായിരുന്നു അദ്ദേഹം സഹിച്ച പീഡനം.
അതെ, അല്‍ജസീറ വീണ്ടും രാഷ്‌ട്രങ്ങളുടെ ഗതി നിര്‍ണയിക്കുന്നു. ഈജിപ്‌തെന്ന അറബ്‌ രാജ്യങ്ങളുടെ തലസ്ഥാനത്തിന്റെ വിധിയാണ്‌ അല്‍ജസീറ ഏറ്റവും അവസാനമായി മാറ്റി എഴുതിയത്‌. കഴിഞ്ഞ ഒരു മാസം കൊണ്ട്‌ രണ്ട്‌ രാഷ്‌ട്രങ്ങളിലെ കുലപതികളെ തുടച്ചുമാറ്റാന്‍ ഒരു ചാനല്‍ പ്രധാന പങ്കുവഹിച്ചുവെന്നത്‌ അത്ഭുതമായി മാറുകയാണ്‌.
തുനീഷ്യയില്‍ ബിന്‍ അലിയുടെ പതിറ്റാണ്ടുകള്‍ നീണ്ട ഏകാധിപത്യ ഭരണത്തില്‍ വിറങ്ങലിച്ചു പോയ അന്നാട്ടുകാരുടെ പ്രതീക്ഷകള്‍ക്ക്‌ മുളവെച്ചത്‌ അല്‍ജസീറ അതിന്റെ ദൗത്യ നിര്‍വഹണം ആരംഭിച്ചപ്പോഴാണ്‌. മുഹമ്മദ്‌ ബൂഅസീസിയെന്ന ബിരുദധാരിയായ ചെറുപ്പക്കാരന്‍ ഉമ്മാക്ക്‌ ചോര കൊണ്ട്‌ എഴുതിവെച്ച മരണക്കുറിപ്പ്‌ ഏറ്റെടുത്തുകൊണ്ടാണ്‌ അല്‍ജസീറ തുനീഷ്യയിലെ പ്രയാണം ആരംഭിക്കുന്നത്‌. ജനങ്ങളുടെ അവകാശങ്ങളെയും ആവശ്യങ്ങളെയും നിരാകരിച്ചുകൊണ്ടുള്ള ബിന്‍ അലിയുടെ കിരാത ഭരണത്തിന്റെ നേര്‍ ചിത്രം അല്‍ജസീറ ലോകത്തിന്‌ മുമ്പില്‍ എത്തിക്കുകയായിരുന്നു. തുനീഷ്യയില്‍ തന്നെയുള്ള ജനങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം പാരമ്യതയിലെത്തിയെന്നറിയുന്നത്‌ ജസീറ വഴിയാണ്‌. അതുകൊണ്ടാണ്‌ റാശിദുല്‍ ഗനൂശി ജസീറയുടെ പങ്കിനെ ഏറെ പ്രശംസിച്ചതും.
തുനീഷ്യയില്‍ തുടക്കമിട്ടത്‌ ഏകാധിപതികളുടെ കൊട്ടാരങ്ങളെ തകര്‍ത്തെറിഞ്ഞ്‌ മുന്നോട്ടു കുതിക്കുമെന്ന്‌ വിവരമുള്ളവര്‍ അന്ന്‌ തന്നെ പ്രവചിച്ചിരുന്നു. അല്‍ജസീറയുടെ രണ്ടാമത്തെ ദൗത്യം ഈജിപ്‌തിലായിരുന്നു. മൂന്ന്‌ വര്‍ഷം മുമ്പ്‌ ഫലസ്‌ത്വീനില്‍ നടന്ന ഗസ്സ കൂട്ടക്കൊലയും ഉപരോധവും ചര്‍ച്ച ചെയ്യാന്‍ അറബ്‌ ലീഗ്‌ അടിയന്തര യോഗം ദോഹയില്‍ വിളിച്ചുചേര്‍ക്കാന്‍ ഖത്തര്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു (അറബ്‌ ലീഗിന്റെ ആസ്ഥാനമാണ്‌ ഈജിപ്‌ത്‌). എന്നാല്‍ ഹുസ്‌നി മുബാറക്കും മഹ്‌മൂദ്‌ അബ്ബാസും അടങ്ങിയ ഇസ്രയേല്‍ പിണിയാളുകള്‍ അത്തരത്തിലുള്ള നീക്കങ്ങള്‍ തടയാനാണ്‌ ശ്രമിച്ചത്‌. എന്നാല്‍ ഖത്തര്‍ പിന്നോട്ട്‌ പോയില്ലെന്ന്‌ മാത്രമല്ല, തങ്ങള്‍ക്ക്‌ കിട്ടാവുന്നവരെ വിളിച്ചുകൂട്ടി ഫലസ്‌ത്വീനികള്‍ക്ക്‌ ഐക്യദാര്‍ഢ്യവും സഹായവും പ്രഖ്യാപിച്ചു. വിരോധാഭാസമെന്ന്‌ പറയട്ടെ, ഫലസ്‌ത്വീനു വേണ്ടി നടന്ന ചര്‍ച്ച പൊളിക്കുന്നതിന്‌ പ്രസ്‌തുത രാഷ്‌ട്രത്തിന്റെ പ്രസിഡന്റ്‌ തന്നെ നേതൃത്വം കൊടുത്തതായി ഖത്തര്‍ തെളിവ്‌ സഹിതം അല്‍ജസീറ വഴി പുറത്തുവിട്ടു. മഹ്‌മൂദ്‌ അബ്ബാസിന്റെ ഈ നിലപാടിനെ ഖത്തര്‍ രൂക്ഷമായി വിമര്‍ശിക്കുകയുമുണ്ടായി. ഹുസ്‌നി മുബാറക്കിന്റെ പിന്തുണയോടെയായിരുന്നു മഹ്‌മൂദ്‌ അബ്ബാസ്‌ അത്തരമൊരു നീക്കം നടത്തിയത്‌. ഇക്കാര്യവും അല്‍ജസീറ അന്ന്‌ പുറത്തുവിട്ടിരുന്നു.
ഹുസ്‌നി മുബാറകിന്റെ പൊയ്‌മുഖം ലോകത്തിന്‌ മുന്നില്‍ തുറന്നു കാണിക്കുകയെന്ന ശ്രമകരമായ ജോലിയാണ്‌ കഴിഞ്ഞ ഒരു മാസം അല്‍ജസീറ ചെയ്‌തതെന്ന്‌ പ്രമുഖ ഈജിപ്‌ഷ്യന്‍ മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റുമായ ഹഫ്‌മീ ഹുവൈദി പറഞ്ഞു. ജനാധിപത്യത്തിന്റെ പേര്‌ പറഞ്ഞ്‌ പതിനായിരക്കണക്കിന്‌ ജനങ്ങളെയാണ്‌ ഹുസ്‌നി മുബാറകിന്റെ പോലീസും പട്ടാളവും കഴിഞ്ഞ ദിവസം വരെയും പീഡിപ്പിച്ചത്‌. മുസ്‌ലിം ബ്രദര്‍ഹുഡ്‌ പ്രവര്‍ത്തകരെയും നേതാക്കളെയും തെരഞ്ഞുപിടിച്ച്‌ ജയിലിലടച്ചു. ഈ സംഭവങ്ങള്‍ മാസങ്ങളായി അല്‍ജസീറയിലെ `അതിരുകളില്ലാതെ' എന്ന പരമ്പരയില്‍ പ്രശസ്‌ത അറബ്‌ കോളമിസ്റ്റും അല്‍ജസീറ ടീമില്‍ അംഗവുമായ അഹ്‌മദ്‌ മന്‍സൂര്‍ അവതരിപ്പിച്ചുവരികയായിരുന്നു. ഈജിപ്‌തിലെ ജമാല്‍ അബ്‌ദുന്നാസിറിന്റെ കാലം മുതലുള്ള ഉന്നത പട്ടാള ഉദ്യോഗസ്ഥരുമായി അദ്ദേഹം നടത്തി വന്ന അനുഭവ വിവരണങ്ങളടങ്ങിയ അഭിമുഖങ്ങള്‍ ഹുസ്‌നി മുബാറകിനെ നേരത്തെ തന്നെ അരിശം കൊള്ളിച്ചിരുന്നു.
ഇക്കഴിഞ്ഞ ജനുവരി 25-നാണ്‌ ഈജിപ്‌തില്‍ പ്രക്ഷോഭകര്‍ കയ്‌റോയിലെ തഹ്‌രീരി സ്‌ക്വയറില്‍ ഒത്തുകൂടി പ്രതിഷേധത്തിന്‌ തിരികൊളുത്തിയത്‌. അതിന്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെഇന്റര്‍നെറ്റിലൂടെയും ഫേസ്‌ബുക്ക്‌ അടക്കമുള്ള വെബ്‌ സൗഹൃദ കൂട്ടായ്‌മയിലൂടെയും ഹുസ്‌നി മുബാറകിന്റെ കുടുംബാധിപത്യവും ക്രൂരതയും ചര്‍ച്ചയായിക്കഴിഞ്ഞിരുന്നു. പല സന്ദര്‍ഭങ്ങളിലായി ഹുസ്‌നി മുബാറകിന്റെയും സൈന്യത്തിന്റെയും ക്രൂരത കാരണം നാടുവിടേണ്ടിവന്ന ഈജിപ്‌തുകാരുമായി ബന്ധപ്പെട്ട്‌ നടത്തിയ അഭിമുഖങ്ങള്‍ പ്രതിഷേധത്തിന്‌ ആക്കം കൂട്ടി. അല്‍ജസീറ ആഗ്രഹിച്ചതും ഇതുതന്നെയായിരുന്നു. ബ്രിട്ടനില്‍ നിന്ന്‌ അബ്‌ദുല്‍ ബാരി അത്വ്‌വാന്‍ അടക്കമുള്ള പ്രമുഖരുമായി നടത്തിയ ചര്‍ച്ചകള്‍ പ്രതിഷേധക്കാര്‍ക്ക്‌ ആവേശം പകര്‍ന്നു.
തഹ്‌രീര്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ക്കെതിരെ പോലീസ്‌ സേനയുടെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങള്‍ തല്‍സമയം പ്രേക്ഷകരിലെത്തിച്ചപ്പോള്‍ പ്രതിഷേധത്തിന്റെ വീറും വാശിയും വര്‍ധിച്ചു. ആള്‍ക്കൂട്ടത്തിലേക്ക്‌ കടന്നുകയറിയ പോലീസ്‌ വാഹനം വഴിയിലുള്ളവരെ തട്ടിത്തെറിപ്പിച്ചാണ്‌ മുന്നോട്ട്‌ നീങ്ങിയത്‌. ഇത്‌ കാണുന്നവര്‍ക്ക്‌ അടങ്ങിയിരിക്കാന്‍ കഴിയുമായിരുന്നില്ല. ഹുസ്‌നി മുബാറകിന്റെ വൈസ്‌ പ്രസിഡന്റ്‌ ഉമര്‍ സുലൈമാന്‍ രാഷ്‌ട്രത്തെ അഭിമുഖീകരിച്ച്‌ നടത്തിയ പ്രസംഗം സംപ്രേക്ഷണം ചെയ്യുമ്പോള്‍ തന്നെ പോലീസിന്റെ ഈ ക്രൂരതയും സംപ്രേക്ഷണം ചെയ്യുന്നുണ്ടായിരുന്നു. മൂന്ന്‌ പതിറ്റാണ്ട്‌ ഭരണം നത്തിയിട്ടും ഒന്നും ചെയ്യാതിരുന്ന മുബാറക്‌ നാലു മാസം കൊണ്ട്‌ എന്ത്‌ ചെയ്യുമെന്നാണ്‌ ജനം പ്രതീക്ഷിക്കുന്നതെന്ന്‌ അല്‍ജസീറ ആവര്‍ത്തിച്ച്‌ ചോദിച്ചു. പിന്നീടുള്ള ദിവസങ്ങളില്‍ മുബാറകും ഉമര്‍ സുലൈമാനും പല തരത്തിലുള്ള കമ്മിറ്റികള്‍ പ്രഖ്യാപിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്‌തെങ്കിലും എല്ലാം വെള്ളത്തില്‍ വരച്ചതുപോലെ ആയിത്തീരുന്നതാണ്‌ കണ്ടത്‌. അതിനിടെ കയ്‌റോയിലെ അല്‍ജസീറ ആസ്ഥാനം അധികൃതര്‍ അടച്ചുപൂട്ടുകയും ആറ്‌ പ്രതിനിധികളെ അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തു. എന്നാല്‍ ഒളിക്യാമറകളുടെ സഹായത്തോടെയും മൊബൈല്‍ ദൃശ്യങ്ങള്‍ എടുത്തും വിവരങ്ങള്‍ അപ്പപ്പോള്‍ ജനങ്ങളിലെത്തിക്കാന്‍ ചാനലിന്‌ സാധിച്ചു. കഴിഞ്ഞ പതിനെട്ട്‌ ദിവസവും മുഴുവന്‍ പരിപാടികളും മാറ്റിവെച്ച്‌ ഈജിപ്‌ത്‌ വിപ്ലവത്തിന്‌ വേണ്ടി നീക്കിവെക്കുകയായിരുന്നു. അതിനിടെയാണ്‌ എഴുപത്‌ ബില്യന്‍ ഡോളറിന്റെ ആസ്‌തി ഹുസ്‌നി മുബാറകിനും കുടുംബത്തിനും വിവിധ ബാങ്കുകളിലുണ്ടെന്ന ഞെട്ടിക്കുന്ന വിവരം അല്‍ജസീറ പുറത്ത്‌ വിടുന്നത്‌. എയര്‍ഫോഴ്‌സില്‍ വെറുമൊരു പൈലറ്റായിരുന്ന മുബാറക്‌ മുപ്പത്‌ വര്‍ഷം കൊണ്ട്‌ വാരിക്കൂട്ടിയ ആസ്‌തിയറിഞ്ഞ്‌ ജനം ഞെട്ടി. തുടര്‍ന്ന്‌ സാമ്പത്തിക വിദഗ്‌ധരെയും നിരീക്ഷകരെയും പങ്കെടുപ്പിച്ച്‌ നടത്തിയ ചര്‍ച്ചകള്‍ മുബാറകിന്റെ പടിയിറക്കം ഉറപ്പിക്കുന്നതായി. ഒരു നിലക്കും പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത വിധം ഈജിപ്‌ഷ്യന്‍ ജനതയുടെ മനസ്സില്‍ ഹുസ്‌നി മുബാറക്‌ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പര്യായമായി മാറിക്കഴിഞ്ഞിരുന്നു. ഫെബ്രുവരി പന്ത്രണ്ട്‌ പുലര്‍ച്ചെ ഇന്ത്യന്‍സമയം രണ്ടേകാലിന്‌ നടത്തിയ ടെലിവിഷന്‍ പ്രസംഗത്തില്‍ താന്‍ രാജ്യത്തിന്‌ ചെയ്‌ത സേവനവും ത്യാഗവും മുബാറക്‌ എണ്ണിപ്പറയാന്‍ തുടങ്ങിയതോടെ `ആരാച്ചാര്‍ നാടു വിടുക' എന്ന്‌ അട്ടഹസിച്ച്‌ ജനം ടെലിവിഷന്‍ സ്‌ക്രീനിനു നേരെ ചെരിപ്പെറിഞ്ഞു. ഇതെല്ലാം തല്‍സമയം സംപ്രേക്ഷണം ചെയ്‌ത അല്‍ജസീറയെ ഈജിപ്‌ഷ്യന്‍ ജനത ഏറ്റെടുക്കുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. തഹ്‌രീര്‍ സ്‌ക്വയറില്‍ അല്‍ജസീറക്ക്‌ വേണ്ടി കൂറ്റന്‍ സ്‌ക്രീനുകള്‍ ഉയര്‍ന്നു. ഹുസ്‌നി മുബാറക്ക്‌ അപഹാസ്യനായി പടിയിറങ്ങുമ്പോള്‍ ഈജിപ്‌ഷ്യന്‍ ജനത ഒന്നാമതായി നന്ദി പറയുന്നത്‌ അല്‍ജസീറയോട്‌ തന്നെ. ജസീറയാകട്ടെ ഏറ്റെടുത്ത ദൗത്യം നിര്‍വഹിച്ചതിന്റെ ചാരിതാര്‍ഥ്യത്തിലും.
1996 നവംബറില്‍ ഖത്തറെന്ന കൊച്ചു രാജ്യത്ത്‌ നിന്ന്‌ സംപ്രേക്ഷണം ആരംഭിച്ച ഈ ചാനല്‍ ഇന്ന്‌ അധികാരത്തിന്റെ കോട്ടകൊത്തളങ്ങളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരിക്കുന്നു. അഫ്‌ഗാനിസ്‌താനില്‍ നടന്ന നരനായാട്ട്‌, ഫലസ്‌ത്വീനിലെ നീതിനിഷേധത്തിന്റെ തുല്യതയില്ലാത്ത ക്രൂരതകള്‍, ഇറാഖിലെ മനുഷ്യത്വഹീനമായ അരുംകൊലകള്‍, തുനീഷ്യയിലെ അവകാശ നിഷേധത്തിന്റെ നേര്‍ചിത്രങ്ങള്‍ ഇവയെല്ലാം ഈ ചാനല്‍ ഏറ്റെടുക്കുകയായിരുന്നു.
അടിച്ചര്‍മത്തപ്പെട്ടവന്റെയും നീതിനിഷേധിക്കപ്പെട്ടവന്റെയും മുറവിളിയായി അത്‌ മാറി. മാധ്യമങ്ങള്‍ക്ക്‌ ഇങ്ങനെയും സാധിക്കുമെന്ന്‌ അല്‍ജസീറ ലോകത്തിന്‌ കാണിച്ചുകൊടുത്തു. രാഷ്‌ട്രങ്ങളുടെ അതിര്‍വരമ്പുകളെ മറികടന്ന്‌ അറബിയിലും ഇംഗ്ലീഷിലും സംഭവങ്ങള്‍ പച്ചയായി അവതരിപ്പിക്കാന്‍ അതിന്‌ കഴിഞ്ഞു. അതുകൊണ്ടാണല്ലോ ജൂനിയര്‍ ബുഷ്‌ `ഈ ചാനല്‍ ഭീകരത പരത്തുന്നു, നമുക്കതിനെ ഇല്ലായ്‌മ ചെയ്യേണ്ടിവരു'മെന്ന്‌ തന്റെ ശിങ്കിടി ടോണി ബ്ലയറിനോട്‌ പറഞ്ഞത്‌. ഖത്തറെന്ന, ഭൂപടത്തില്‍ പൊട്ട്‌ പോലെ കാണപ്പെടുന്ന, ജനസംഖ്യ ലക്ഷങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒരു രാജ്യത്ത്‌ നിന്ന്‌ സര്‍വാധിപത്യത്തിന്റെ നെറുകയിലിരിക്കുന്നവര്‍ക്ക്‌ ഉള്‍ക്കിടിലം സൃഷ്‌ടിക്കുന്ന അല്‍ജസീറ ഒരു അത്ഭുതം തന്നെയാണ്‌. ജനാധിപത്യ സംവിധാനങ്ങള്‍ക്ക്‌ വലിയ പ്രാധാന്യമില്ലാത്ത ഗള്‍ഫ്‌ രാഷ്‌ട്രങ്ങള്‍ക്കിടയില്‍ നിന്ന്‌ ഒരു സ്വതന്ത്ര ചാനല്‍ എങ്ങനെ ജന്മം കൊണ്ടുവെന്നത്‌ ഇനിയും മനസ്സിലാകാത്ത കാര്യമാണ്‌. `അഭിപ്രായം, ഇതരന്റെയും' എന്ന പ്രഖ്യാപനവുമായാണ്‌ ചാനലിന്റെ രംഗപ്രവേശം. സ്വന്തം അഭിപ്രായങ്ങളേക്കാള്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കാന്‍ അല്‍ജസീറക്കായി. തങ്ങള്‍ പ്രക്ഷേപണം ചെയ്‌ത വാര്‍ത്തകളെ ഒരിക്കലും അത്‌ തള്ളിപ്പറഞ്ഞില്ല. മാത്രമല്ല, ചാനല്‍ കെട്ടിപ്പടുക്കുന്നതില്‍ സ്‌തുത്യര്‍ഹമായ പങ്ക്‌ വഹിച്ച വ്യക്തിയെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നിയപ്പോള്‍ മാറ്റിയിരിത്തുകയും ചെയ്‌തു.
യുദ്ധ സന്ദര്‍ഭങ്ങളില്‍ അഫ്‌ഗാനിലെ വാര്‍ത്തകള്‍ പുറംലോകം അറിഞ്ഞിരുന്നത്‌ അല്‍ജസീറയിലൂടെ മാത്രമായിരുന്നു. താലിബാന്‍ ഭരണകൂടം തങ്ങളുടെ വാര്‍ത്തകള്‍ പുറംലോകത്തെത്തിക്കുന്നതിന്‌ സ്വീകരിച്ച മാധ്യമവും അല്‍ജസീറ തന്നെ. ഉസാമാ ബിന്‍ലാദിന്‍, അയ്‌മന്‍ സവാഹിരി, മുല്ല ഉമര്‍ തുടങ്ങിയവരൊക്കെ അല്‍ജസീറയിലൂടെ കയറിയിറങ്ങി. അമേരിക്കക്കും സഖ്യ സേനക്കുമുള്ള കൊട്ടുകളും മുന്നറിയിപ്പുകളും വെളിച്ചം കണ്ടതും അല്‍ജസീറയില്‍ തന്നെ. ഇത്‌ തെല്ലൊന്നുമല്ല അമേരിക്കന്‍ പടയെ ചൊടിപ്പിച്ചത്‌. അല്‍ജസീറയാകട്ടെ തങ്ങളുടെ ദൗത്യം തുടരുകയും ചെയ്‌തു. ഇത്രമാത്രം ധൈര്യം അല്‍ജസീറക്ക്‌ എവിടെ നിന്നാണ്‌ കിട്ടിയതെന്ന്‌ ചോദിക്കുന്നവരും ധാരാളം.
അല്‍ജസീറ ഒരു സംഭവമാവുകയാണ്‌. നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന മാധ്യമ രാജാക്കന്മാരെ വിറളി പിടിപ്പിച്ച്‌ ഈ ചാനല്‍ കുതിക്കുകയാണ്‌. മറ്റൊരു അറബ്‌ രാഷ്‌ട്രത്തിനും ചെയ്യാന്‍ കഴിയാത്ത ദൗത്യം ഏറ്റെടുത്ത്‌ കൊണ്ട്‌ അതിന്റെ പ്രയാണം തുടരുന്നു. നാളെ ഏത്‌ രാജ്യത്തിന്റെ നെറികേടാണ്‌ അത്‌ പുറത്തുകൊണ്ടുവരികയെന്ന്‌ എല്ലാവരും ഭയപ്പെടുന്നു. ഫലസ്‌ത്വീനിലെ അബ്ബാസ്‌ ഭരണകൂടം ഇസ്രയേലുമായി ഉണ്ടാക്കിയ രഹസ്യ ചര്‍ച്ചകളുടെ രേഖകള്‍ ചാനല്‍ പുറത്ത്‌ വിട്ടിരിക്കുകയാണ്‌. പ്രസിഡന്റിന്റെ ഓഫീസ്‌ ചുമതലയുള്ള സാഹബ്‌ അരീഖാത്തിന്‌ വിവരങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ രാജിവെക്കേണ്ടിവന്നിരിക്കുന്നു. അടുത്ത ഊഴം മഹ്‌മൂദ്‌ അബ്ബാസിന്റേതാകുമോ? അതോ അള്‍ജീരിയയിലെ അബ്‌ദുല്‍ അസീസ്‌ ബൂതഫ്‌ലീഖയോ, യമനിലെ അലി സ്വാലിഹോ....? ഡോ. യൂസുഫുല്‍ ഖറദാവി അഭിനന്ദിച്ചതുപോലെ, വാഹ്‌ ജസീറ, ഏറ്റെടുത്ത ദൗത്യവുമായി മുന്നോട്ട്‌ കുതിക്കുക.
[email protected]


 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly