ജമാഅത്തെ ഇസ്‌ലാമി വിമര്‍ശനങ്ങളുടെ മനഃശാസ്‌ത്രം
ഡോ. പി.എ. അബൂബക്കര്‍
9/11 അനന്തര ലോകത്ത് ഏറ്റവും കൂടുതലായി എതിര്‍ക്കപ്പെടുന്ന ചിന്താധാര ഇസ്‌ലാമാണെന്ന കാര്യം തര്‍ക്കമറ്റതാണല്ലോ. ഈ മനഃശാസ്‌ത്രത്തെ കുറിക്കാന്‍ ഉണ്ടായി വന്ന പദമാണ് ഇസ്‌ലാമോഫോബിയ. കേരളത്തില്‍ ഈ വിമര്‍ശനം ഏറ്റവും കൂടുതലായി ചെന്നുതറക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയെന്ന പ്രസ്ഥാനത്തിലാണ്. മുസ്‌ലിം സമുദായത്തിന്നകത്തുനിന്നായാലും പുറത്തുനിന്നായാലും ഏറ്റവും കൂടുതലായി വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങുന്ന മുസ്‌ലിം സംഘടന ജമാഅത്തെ ഇസ്‌ലാമി തന്നെ.
ഇതെഴുതുന്നയാള്‍ ഏറ്റവും കൂടുതലായി തൂലിക ചലിപ്പിച്ചിട്ടുള്ളത് ഒരുപക്ഷേ, ജമാഅത്തെ ഇസ്‌ലാമിയെന്ന പ്രസ്ഥാനത്തെ വിമര്‍ശിക്കാനായിരിക്കാം. ജമാഅത്ത് വിമര്‍ശനങ്ങള്‍ ആവശ്യപ്പെടുന്ന എഡിറ്റര്‍മാരുടെ മുന്‍ഗണനകള്‍ മുതല്‍ ലേഖനങ്ങളില്‍ ഹൈലൈറ്റ് ചെയ്യപ്പെട്ടതും വെട്ടിമാറ്റപ്പെട്ടതുമായ ഭാഗങ്ങളും പ്രസിദ്ധീകരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് തിരിച്ചയച്ച രചനകളും വരെയുള്ളവ ഈ മേഖലയിലെ കച്ചവടതാല്‍പര്യങ്ങളെക്കുറിച്ച് പഠിക്കാന്‍ പര്യാപ്‌തമാണ്.
ഏതു പ്രസ്ഥാനത്തെക്കുറിച്ച് പറയുകയാണെങ്കിലും അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നതുപോലെ വിമര്‍ശനങ്ങളും സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ ആരോഗ്യകരമായ ഒരു സംവാദസംസ്‌കാരത്തെയാണ് വിമര്‍ശനങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. ഇസ്‌ലാമും ഇസ്‌ലാമിക സംഘടനകളും ജമാഅത്തെ ഇസ്‌ലാമിയുമെല്ലാം അവഗണിക്കാനാവാത്ത സാമൂഹിക യാഥാര്‍ഥ്യങ്ങളായതിനാല്‍ അവക്കു നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ സാമൂഹിക ശാസ്‌ത്രത്തിലെ അമൂല്യമായ ചര്‍ച്ചകളാണ്. പക്ഷേ, പ്രസ്‌തുത നിലവാരത്തിലാണോ വിമര്‍ശനങ്ങള്‍ നിലകൊള്ളുന്നതെന്ന ചോദ്യത്തിന് ഏറെക്കുറെ അല്ലെന്നു തന്നെയാണുത്തരം. വളരെയധികം ഉപരിപ്ലവമാണ് ഇന്ന് നടക്കുന്ന ചര്‍ച്ചകളെല്ലാം. പൈങ്കിളി സിനിമകളില്‍ നായകനെയും വില്ലനെയും സൃഷ്‌ടിക്കുന്ന ലാഘവത്തോടെയാണ് പലരും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്.
ആശയങ്ങളും പ്രസ്ഥാനങ്ങളും എതിര്‍ക്കപ്പെടുന്നതിന് പല കാരണങ്ങളുണ്ടാവാം. ഓരോ വ്യക്തിക്കും ആള്‍ക്കൂട്ടത്തിനും സ്വന്തം അഭിപ്രായങ്ങളുണ്ടാവുമെന്നതുകൊണ്ടുതന്നെ എതിരഭിപ്രായങ്ങളെ നേരിടാനും നിഷ്‌പ്രഭമാക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ജമാഅത്തെ ഇസ്‌ലാമിയോടുള്ള എതിര്‍പ്പുകളില്‍ ചെറിയൊരു പങ്ക് അത്തരത്തിലുള്ളതാണ്. സ്ഥാപിത താല്‍പര്യങ്ങള്‍ ചിലപ്പോള്‍ എതിര്‍പ്പിന്റെ രൂപം പ്രാപിക്കാം. ജമാഅത്തെ ഇസ്‌ലാമിക്കെതിരെയുള്ള മറ്റു മുസ്‌ലിം സംഘടനകളുടെ എതിര്‍പ്പില്‍ ഒന്നാമത്തെ ഘടകത്തിനായിരുന്നു മുമ്പ് പ്രാമുഖ്യമെങ്കില്‍ ആദര്‍ശരാഹിത്യം സമൂഹത്തിന്റെ മുഖമുദ്രയായി മാറിയ ഇക്കാലത്ത് രണ്ടാമത്തെ ഘടകം ഒന്നാമത്തേതിനെ അതിജയിച്ചിരിക്കുന്നുവെന്നു കാണാന്‍ പ്രയാസമില്ല. ഇവ കൂടാതെ ആകസ്‌മികമായും ചില സന്ദര്‍ഭങ്ങളില്‍ വ്യക്തികളും പ്രസ്ഥാനങ്ങളുമൊക്കെ ബലിയാടാക്കപ്പെടാം. ജമാഅത്തെ ഇസ്‌ലാമി പൊതുസമൂഹത്തില്‍ ചര്‍ച്ചാവിഷയമാകുന്നത് ചിലപ്പോഴൊക്കെ ഇത്തരത്തിലാണ് താനും.
ഒന്നാമത്തെ ഉദാഹരണം ജമാഅത്തെ ഇസ്‌ലാമി നിരോധനത്തിന്റേതുതന്നെയാണ്. ഒ.വി വിജയന്‍ ധര്‍മപുരാണം എന്ന നോവലില്‍ അശ്ലീല വാക്കുകള്‍ കൊണ്ട് വിവരിച്ച ചില ചരിത്ര സന്ദര്‍ഭങ്ങള്‍ ഓര്‍ക്കുക. യുദ്ധവും മറ്റുള്ള പ്രതിസന്ധികളും കൊണ്ട് വീര്‍പ്പു മുട്ടിയ ഒരു കാലത്ത് പ്രതിപക്ഷത്തിന്റെ വായ മൂടിക്കെട്ടാതെ സ്വന്തം കസേര ഭദ്രമാവില്ലെന്ന് രാജ്യം ഭരിക്കുന്ന ശ്രീമതി ഇന്ദിരാഗാന്ധിക്കു തോന്നി. ഭരണകൂടത്തെ മുട്ടുകുത്തിച്ചിരുന്ന പ്രതിപക്ഷ കക്ഷികളില്‍ അംഗീകൃത രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കു പുറമെ രാഷ്‌ട്രീയ പാര്‍ട്ടിയല്ലാത്ത ആര്‍.എസ്.എസ്സും ഉണ്ടായിരുന്നു. അതിനും ജനസംഘത്തിനുമിടയില്‍ പാലമുണ്ടായിരുന്നുതാനും. അതുകൊണ്ടുതന്നെ ആര്‍.എസ്.എസ്സിനെ നിരോധിക്കാതെ പ്രതിപക്ഷത്തിന്റെ വായ മൂടിക്കെട്ടാനാവില്ലെന്ന് ശ്രീമതി ഗാന്ധിക്കു തോന്നി. ആര്‍.എസ്.എസ്സിനെ നിരോധിച്ചാലുണ്ടാവുന്ന ഭവിഷ്യത്താകട്ടെ ഗുരുതരമായിരുന്നു താനും. ഭരണകൂടം ഹിന്ദുവിരുദ്ധമാണെന്ന് മുദ്രകുത്തപ്പെടാന്‍ അതു മാത്രം മതി. ഈ പ്രതിസന്ധി പരിഹരിക്കാന്‍ കണ്ട ഉപായം ഒരു മുസ്‌ലിം സംഘടനയെയും കൂടെ നിരോധിക്കുക എന്നതാണ്. രാജ്യത്തെല്ലായിടത്തും അണികളുണ്ടായിരുന്നതുകൊണ്ടാവാം നറുക്കു വീണത് ജമാഅത്തെ ഇസ്‌ലാമിക്കാണ്. പിന്നീട് ബാബരി മസ്‌ജിദ് ധ്വംസനത്തെ തുടര്‍ന്ന് നരസിംഹറാവുവും ഇതാവര്‍ത്തിച്ചതോടു കൂടി ആര്‍.എസ്.എസ്സിനെ നിരോധിക്കുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയെയും നിരോധിക്കുകയെന്നുള്ളത് ഒരു കീഴ്‌വഴക്കമായിത്തീര്‍ന്നു. കിനാലൂര്‍ പ്രശ്‌നം കേരളഭരണകൂടത്തിന്റെ മുഖഛായ തകര്‍ത്തപ്പോള്‍ ജനങ്ങളുടെയും വാര്‍ത്താമാധ്യമങ്ങളുടെയും ശ്രദ്ധ തിരിച്ചുവിട്ടുകൊണ്ട് രക്ഷപ്പെടാന്‍ സഖാവ് പിണറായി വിജയന്‍ കണ്ട ഉപായവും ജമാഅത്തെ ഇസ്‌ലാമിയെ പഴിചാരുക എന്നുള്ളതായിരുന്നു. അദ്ദേഹത്തിന് ലക്ഷ്യം പിഴച്ചില്ല. നാലഞ്ചു മാസമാണ് മറ്റെല്ലാം മറന്നുകൊണ്ട് കേരളം ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് ചര്‍ച്ച ചെയ്‌തത്.
ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് നിലവിലുള്ള വിമര്‍ശനങ്ങളെ അവയുടെ പ്രഭവസ്ഥാനങ്ങളുടെ അടിസ്ഥാനത്തില്‍ താഴെ പറയുന്ന രീതിയില്‍ രണ്ടായി തിരിക്കാമെന്നു തോന്നുന്നു.
1. മുസ്‌ലിം സംഘടനകളില്‍നിന്നും ഗ്രൂപ്പുകളില്‍നിന്നും ഉള്ള വിമര്‍ശനങ്ങള്‍
2. മുസ്‌ലിം ഗ്രൂപ്പുകള്‍ക്കു പുറത്തുനിന്നുള്ള വിമര്‍ശനങ്ങള്‍
ഇവയില്‍ മുസ്‌ലിം സംഘടനകളില്‍ നിന്നും ഗ്രൂപ്പുകളില്‍നിന്നുമുള്ള വിമര്‍ശനങ്ങളെ ആദ്യം പഠനവിധേയമാക്കാം. മുസ്‌ലിം ലീഗില്‍ നിന്നുള്ള വിമര്‍ശനം, മുജാഹിദ് വൃത്തങ്ങളില്‍ നിന്നുള്ള വിമര്‍ശനം, പരമ്പരാഗത സുന്നി വിഭാഗങ്ങളില്‍നിന്നുള്ള വിമര്‍ശനം, പഴയ സിമി വൃത്തങ്ങളില്‍നിന്നുള്ള വിമര്‍ശനം, ശീഈ അനുകൂലികളില്‍നിന്നുള്ള വിമര്‍ശനം, നവസൂഫി വിഭാഗങ്ങളില്‍നിന്നുള്ള വിമര്‍ശനം, ജമാഅത്തുമായി തെറ്റിപ്പിരിഞ്ഞവരില്‍നിന്നുള്ള വിമര്‍ശനം എന്നിങ്ങനെ മുസ്‌ലിം സമുദായത്തിനകത്തുനിന്നുള്ള വിമര്‍ശനങ്ങള്‍ പലവിധത്തിലുണ്ട്. അവയില്‍ മുസ്‌ലിം ലീഗില്‍ നിന്ന് ജമാഅത്ത് നേരിടുന്ന എതിര്‍പ്പുകളെക്കുറിച്ച് ആദ്യം ചര്‍ച്ച ചെയ്യാം.
മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ചരിത്രപരമായ അടിത്തറയുണ്ട്. അവ കൈക്കൊള്ളുന്ന രാഷ്‌ട്രീയ നിലപാടുകള്‍ ആധുനിക ഇന്ത്യയിലെ മുസ്‌ലിം രാഷ്‌ട്രീയ ചരിത്രത്തിലെ രണ്ട് ധാരകളെയാണ് പ്രതിനിധാനം ചെയ്യുന്നത്. സയ്യിദ് അഹ്‌മദ് ശഹീദ് മുതല്‍ മൗലാനാ ആസാദ് വരെയുള്ളവര്‍ പ്രതിനിധാനം ചെയ്‌തതും ശക്തമായ ഇസ്‌ലാമികബോധത്തില്‍ അധിഷ്‌ഠിതമായതുമായ സാമ്രാജ്യത്വവിരുദ്ധധാരയുടെ തുടര്‍ച്ചയാണ് ജമാഅത്തെ ഇസ്‌ലാമിയെങ്കില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ശക്തിയാര്‍ജിച്ച ബ്രിട്ടീഷ് അനുകൂലധാരയിലാണ് മുസ്‌ലിം ലീഗ് ഉള്‍പ്പെടുന്നത്. ഇവയില്‍ ഒന്നാമത്തെ ധാര ഇന്ത്യയില്‍ വൈദേശികഭരണം ആരംഭിച്ചതു മുതല്‍ അതിനെതിരെ പോരാടിക്കൊണ്ട് നിലയുറപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ഭൗതികതലത്തിലും ധൈഷണികതലത്തിലും പോരാടിയ പൊന്നാനിയിലെ മഖ്‌ദൂമുമാരില്‍ നിന്നും കുഞ്ഞാലി മരക്കാരില്‍നിന്നും മറ്റും തന്നെ അത് തുടങ്ങുന്നു. ഈ ധാര ഒരിക്കലും പരസമുദായവിദ്വേഷം പ്രചരിപ്പിക്കുന്നതായിരുന്നില്ല. പോര്‍ച്ചുഗീസുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ തങ്ങളുടെ നേതാവായി സാമൂതിരിയെ ഉയര്‍ത്തിക്കാട്ടാന്‍ വരെ അവര്‍ തയാറായി. ഈ ധാര ഉത്തരേന്ത്യയില്‍ നടത്തിയ ഏറ്റവും വലിയ രാഷ്‌ട്രീയ ഇടപെടല്‍ 1857-ലെ പോരാട്ടമായിരുന്നു. ഈ പോരാട്ടം ഭൗതികതലത്തില്‍ പരാജയമായിരുന്നുവല്ലോ. ഒരുപാട് ദുരിതങ്ങളാണ് ഇത് സമുദായത്തിലുണ്ടാക്കിയത്. ബ്രിട്ടീഷുകാരുടെ പകപോക്കലിന് സമുദായം ഇരയായി. ഈയവസ്ഥയാണ് രണ്ടാമത്തെ ധാരയുടെ പിറവിക്കു കാരണമായത്. ഭരണകൂടത്തോട് ഇങ്ങനെ എപ്പോഴും എതിരിട്ടു നിന്നാല്‍ സമുദായം ഭൗതികമായി അധഃപതിക്കുമെന്നും അവരുമായി ഒട്ടിനിന്നുകൊണ്ട് പരമാവധി ഭൗതികനേട്ടങ്ങളുണ്ടാക്കാന്‍ യത്‌നിക്കുകയാണ് വേണ്ടതെന്നും വാദിച്ചുകൊണ്ടാണ് ഈ വിഭാഗം രംഗത്തുവന്നത്. സര്‍ സയ്യിദ് അഹ്‌മദ് ഖാന്‍ നേതൃത്വം നല്‍കിയ അലീഗഢ് പ്രസ്ഥാനമാണ് ഈ ധാരയിലുണ്ടായ ആദ്യത്തെ മുന്നേറ്റം. പിന്നീട് 1906-ല്‍ മുസ്‌ലിം ലീഗ് രൂപം കൊണ്ടു. ഇതിനു സമാനമായ സംഭവവികാസങ്ങള്‍ കേരളത്തിലുമുണ്ടായി. മലബാറിലെ മാപ്പിളമാരുടെ ചരിത്രത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടെന്നു പറയുന്നത് യാതനയുടെ കാലഘട്ടമാണ്. ടിപ്പുവില്‍ നിന്ന് മലബാര്‍ ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തത് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലായിരുന്നുവല്ലോ. ബ്രിട്ടീഷുകാര്‍ക്കും ജന്മിമാര്‍ക്കുമെതിരെ ഒരുപാട് കലാപങ്ങളുണ്ടായി. അവസാനം മമ്പുറത്തെ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളെ ബ്രിട്ടീഷുകാര്‍ നാടുകടത്തി. ഇതിനെതിരെ നടന്ന ഏറ്റവും വലിയ പ്രതിഷേധമായിരുന്നു മലബാര്‍ ജില്ലാ കലക്‌ടറായിരുന്ന കൊണോലിയെ മാപ്പിളമാര്‍ വധിച്ച സംഭവം. അതോടു കൂടി ബ്രിട്ടീഷുകാരുടെ മര്‍ദനമുറകള്‍ ശക്തിപ്പെട്ടു. ബ്രിട്ടീഷുകാര്‍ക്കെതിരായിട്ടുള്ള മലബാറിലെ മാപ്പിള കലാപങ്ങളുടെ ചരിത്രത്തിലെ അവസാനത്തെ അധ്യായമായിരുന്നു 1921-ലേത്. ഇതിന് ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണയുണ്ടായിരുന്നു. പക്ഷേ, ബ്രിട്ടീഷുകാര്‍ കലാപം അടിച്ചമര്‍ത്തി മാപ്പിളമാരെ പീഡിപ്പിക്കാന്‍ തുടങ്ങിയതോടു കൂടി കോണ്‍ഗ്രസ് കാലുവാരുകയാണുണ്ടായത്. ഇതിനെതിരെയുള്ള ജനരോഷമാണ് മലബാറില്‍ മുസ്‌ലിം ലീഗിന്റെ വോരോട്ടത്തിന് കാരണമായത്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുകയെന്ന മതപരമായ കര്‍ത്തവ്യത്തിനാണ് ഒന്നാമത്തെ വിഭാഗം മുന്‍ഗണന നല്‍കിയതെങ്കില്‍ മുസ്‌ലിം ലീഗ് പ്രതിനിധാനം ചെയ്‌ത രണ്ടാമത്തെ വിഭാഗം പ്രാധാന്യം നല്‍കിയത് ബ്രിട്ടീഷുകാരോട് ഒട്ടിനിന്നു കൊണ്ട് സമുദായത്തിന് ഭൗതികനേട്ടമുണ്ടാക്കുന്നതിനായിരുന്നു. ഒന്നാമത്തെ വിഭാഗത്തിന് ബ്രിട്ടീഷുകാര്‍ മാത്രമായിരുന്നു ശത്രു. അവര്‍ക്കെതിരെ എല്ലാ ഇന്ത്യക്കാരുടെയും കൂട്ടായ്‌മയായിരുന്നു അവര്‍ വിഭാവനം ചെയ്‌തത്. എന്നാല്‍ രണ്ടാമത്തെ വിഭാഗം ചെറിയ തോതില്‍ പരസമുദായ വിദ്വേഷം പ്രചരിപ്പിക്കാതിരുന്നില്ല. പാകിസ്‌താന്‍വാദത്തോടെ അത് പാരമ്യത്തിലെത്തി. മലബാറിലെ മുസ്‌ലിം ലീഗുകാര്‍ പാകിസ്‌താന്‍വാദത്തെ അനുകൂലിച്ചുവെന്നു മാത്രമല്ല, ഇവിടെയൊരു മാപ്പിളസ്‌താന്‍ രൂപവത്‌കരിക്കണമെന്ന ആവശ്യവും ശക്തമായി ഉന്നയിച്ചു. മലബാര്‍ ഉള്‍ക്കൊള്ളുന്ന മദിരാശി സംസ്ഥാനത്തിന്റെ നിയമസഭയില്‍ മുസ്‌ലിം ലീഗിലെ കെ.എം സീതി സാഹിബ് ഈ ആവശ്യം ശക്തമായി ഉന്നയിച്ചു.
ഉത്തരേന്ത്യയില്‍ 1885-ല്‍ ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ് രൂപം കൊണ്ടുവെങ്കിലും ഈ സംഘടന പൂര്‍ണ സ്വരാജിനു വേണ്ടി നിലകൊള്ളുന്നത് അല്‍പം വൈകിയാണ്. മൗലാനാ ഹസ്രത്ത് മോഹാനി അവതരിപ്പിച്ച പൂര്‍ണ സ്വരാജ് പ്രമേയം ആദ്യം തള്ളപ്പെടുകയായിരുന്നുവല്ലോ. എന്നാല്‍ പൂര്‍ണ സ്വാതന്ത്ര്യം കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമായതോടു കൂടി മുസ്‌ലിം മതപണ്ഡിതന്മാര്‍ അതിനെ ശക്തമായി പിന്തുണച്ചു തുടങ്ങി. ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് എന്ന മുസ്‌ലിം മത പണ്ഡിതന്മാരുടെ സംഘടന കോണ്‍ഗ്രസ്സിന്റെ ഒരു പോഷക സംഘടന പോലെയാണ് പ്രവര്‍ത്തിച്ചത്. മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് മുസ്‌ലിം ലീഗില്‍ വിശ്വാസം കുറവായിരുന്നു. ഉന്നത കുലജാതരും പാശ്ചാത്യ ജീവിതശൈലിയില്‍ ആകൃഷ്‌ടരുമായ മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് ഇസ്‌ലാമിക ചിട്ടകളില്‍ താല്‍പര്യമില്ലെന്ന തോന്നലായിരുന്നു കാരണം. മാത്രമല്ല, ഖാദിയാനികള്‍ക്ക് മുസ്‌ലിം ലീഗ് നേതൃത്വത്തിലുണ്ടായിരുന്ന സ്വാധീനവും അവരെ അതില്‍നിന്നകറ്റി. പിന്നീട് കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാവായിത്തീര്‍ന്ന മൗലാനാ അബുല്‍ കലാം ആസാദ് തന്റെ യൗവനകാലത്ത് ഉയര്‍ത്തിപ്പിടിച്ച ഒരു മുദ്രാവാക്യമാണ് `ഹുകൂമത്തെ ഇലാഹി.' ദൈവാധിപത്യത്തെക്കുറിച്ച് ഖുര്‍ആനിലുള്ള പരാമര്‍ശങ്ങള്‍ മൗലാനാ ആസാദ് തന്റെ സിദ്ധാന്തത്തിന്റെ ന്യായീകരണത്തിനായി ഉപയോഗിച്ചു.1 ആസാദിനെ കൂടാതെ ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിനെയും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെയും ശക്തമായി അനുകൂലിക്കുകയും മുസ്‌ലിം ലീഗിനെയും ദ്വിരാഷ്‌ട്രവാദത്തെയും ശക്തമായി എതിര്‍ക്കുകയും ചെയ്‌തിരുന്ന അഹ്‌റാര്‍ പ്രസ്ഥാനവും ഈ പദം ഒരു മുദ്രാവാക്യമായി ഉപയോഗിച്ചു. ശക്തമായ ദാര്‍ശനിക വ്യാഖ്യാനം ഹുകൂമത്തെ ഇലാഹിക്കു നല്‍കുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനായിത്തീര്‍ന്ന മൗലാനാ മൗദൂദിയാണ്. ചിന്താപരമായ ഒരുപാട് ദശകളിലൂടെ കടന്നുപോയിട്ടുള്ള ഒരു വ്യക്തിയായിരുന്നു മൗദൂദി. തൊഴില്‍പരമായി ഒരു മതപണ്ഡിതനെന്നതിനേക്കാള്‍ പത്രപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. പിതാവിന്റെ രോഗം, മരണം എന്നിവ കാരണമായി അദ്ദേഹത്തിന്റെ ഔപചാരികമായ മതപഠനം ഇടക്കു വെച്ച് മുടങ്ങിയിട്ടുണ്ട്. ശത്രുക്കള്‍ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെ അവമതിച്ചുകാട്ടാന്‍ ഇക്കാര്യങ്ങള്‍ പലപ്പോഴും ഉപയോഗപ്പെടുത്താറുമുണ്ട്; അപൂര്‍വമായി മാത്രമേ ഇതില്‍ നിന്ന് വ്യത്യസ്‌തമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാറുള്ളൂ.2 ചെറുപ്പത്തില്‍ മഹാത്മാ ഗാന്ധിയില്‍ ആകൃഷ്‌ടനായിരുന്നു മൗദൂദി. ഖിലാഫത്ത് പ്രസ്ഥാനത്തെ ശക്തമായി പിന്തുണച്ച ഗാന്ധിയില്‍ മുസ്‌ലിം ചെറുപ്പക്കാര്‍ ആകൃഷ്‌ടരാവുക സ്വാഭാവികമാണല്ലോ. ഹിജ്‌റ പ്രസ്ഥാനവുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.3 ഉര്‍ദു പത്രപ്രവര്‍ത്തനമാണ് തട്ടകമെന്നതിനാല്‍ തന്നെ മൗലാനാ ആസാദിന്റെ ചിന്തകളുമായി മൗദൂദി പെട്ടെന്ന് അടുത്തു. ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിനെയും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെയും ശക്തമായി പിന്തുണച്ചിരുന്ന മുസ്‌ലിം മത പണ്ഡിതന്മാരുടെ സംഘടനയായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന മുസ്‌ലിം, അല്‍ ജംഇയ്യത്ത് എന്നിവയുടെ പത്രാധിപരായും മൗദൂദി പ്രവര്‍ത്തിച്ചിട്ടുണ്ട്. മൗദൂദിയുടെ ആദര്‍ശം നിശ്ചലമായിരുന്നില്ല. അവിഭക്ത ഭാരതത്തിലും പിന്നീട് പാകിസ്‌താനിലും അദ്ദേഹം കൈക്കൊണ്ട രാഷ്‌ട്രീയ നിലപാടുകള്‍ തമ്മില്‍ വ്യത്യാസങ്ങള്‍ ഒരുപാടുണ്ട്.
ഇന്ത്യാ വിഭജനത്തെ മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും ശക്തമായി എതിര്‍ത്തെങ്കിലും സാമുദായിക സംഘര്‍ഷം അദ്ദേഹത്തിന്റെ തട്ടകമായ ദാറുല്‍ ഇസ്‌ലാമിന് ഭീഷണി ഉയര്‍ത്തിയപ്പോള്‍ പാകിസ്‌താനിലേക്ക് പോകാന്‍ നിര്‍ബന്ധിതനായി. ഇന്ത്യാ വിഭജനത്തെ എതിര്‍ത്തിരുന്നുവെന്ന കാരണത്താല്‍ മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും അവിടെ പീഡിപ്പിക്കപ്പെട്ടിരുന്നു. ഖാദിയാനി പ്രശ്‌നത്തെപ്പറ്റി പഠിക്കാന്‍ നിയുക്തമായ ജസ്റ്റിസ് മുനീറിന്റെ നേതൃത്വത്തിലുള്ള കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ജമാഅത്തെ ഇസ്‌ലാമിയും അഹ്‌റാര്‍ പ്രസ്ഥാനവും പാകിസ്‌താന്‍ രൂപവത്‌കരണത്തെ എതിര്‍ത്തിരുന്നുവെന്ന കാര്യം ഒരു അപരാധമായി എടുത്തു പറയുന്നുണ്ടല്ലോ.4
ഇത്രയുമാണ് മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ താത്ത്വികവും ചരിത്രപരവുമായ അടിത്തറ. മുസ്‌ലിം സമുദായത്തിനകത്ത് രൂപംകൊണ്ട കേവലമായ സാമുദായിക സ്വത്വത്തെയും ഇസ്‌ലാമിക ആദര്‍ശ സ്വത്വത്തെയുമാണ് മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും യഥാക്രമം പ്രതിനിധാനം ചെയ്യുന്നത്. ഉത്തരേന്ത്യയില്‍ 1857 അനന്തര കാലഘട്ടത്തിലാണ് ഈ ചേരിതിരിവ് രൂപപ്പെട്ടതെങ്കിലും കേരളത്തിലും സമാന സംഭവങ്ങളുണ്ടായിരുന്നുവെന്ന് നാം കണ്ടുവല്ലോ. ജമാഅത്തെ ഇസ്‌ലാമി രൂപം കൊള്ളുന്നതിനു മുമ്പുതന്നെ അതിന്റെ അലകള്‍ ഉയര്‍ന്നുതുടങ്ങിയിരുന്നു. സാമ്രാജ്യത്വത്തോടുള്ള നിലപാട്, ബാങ്ക് പലിശ തുടങ്ങിയവയുടെ കാര്യത്തില്‍ മുഹമ്മദ് അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ് ഒരു ഭാഗത്തും കെ.എം സീതി സാഹിബിനെപ്പോലുള്ളവര്‍ മറുഭാഗത്തുമായി അണിനിരന്ന ആശയ സംഘര്‍ഷങ്ങളാണ് ഉദാഹരണം. ഒരു ഭാഗത്തിന്റെ പരിഗണന ഇസ്‌ലാമായിരുന്നുവെങ്കില്‍ മറുഭാഗത്തിന്റെ ഭൗതികമായ പുരോഗതി മാത്രമായിരുന്നു.
മുസ്‌ലിം ലീഗിനെ സംബന്ധിച്ചേടത്തോളം അതു മാത്രമാണ് മുസ്‌ലിംകളുടെ ആധികാരിക രാഷ്‌ട്രീയ സംഘടന. മുസ്‌ലിം ലീഗിന്റേതില്‍ നിന്ന് വ്യത്യസ്‌തമായ രാഷ്‌ട്രീയ നിലപാട് സ്വീകരിക്കുന്നവരെ സമുദായത്തില്‍ വെച്ചു പൊറുപ്പിക്കില്ലെന്നാണ് ലീഗ് നിലപാട്. ഇക്കാര്യത്തില്‍ മുഹമ്മദ് അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ് മുസ്‌ലിം ലീഗുകാരില്‍നിന്ന് അനുഭവിച്ച പീഡനങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ന് ജമാഅത്തെ ഇസ്‌ലാമിയോട് ലീഗ് സ്വീകരിക്കുന്ന നിലപാട് ഇതിന്റെ തുടര്‍ച്ചയാണ്.
മുജാഹിദ് പ്രസ്ഥാനങ്ങള്‍ക്ക് ജമാഅത്തെ ഇസ്‌ലാമിയോടുള്ള എതിര്‍പ്പിനും താത്ത്വികമായ അടിത്തറയുണ്ട്. മധ്യമ ജീവിതപദ്ധതിയായ ഇസ്‌ലാമിന്റെ മധ്യത്തിലാണ് ജമാഅത്തെ ഇസ്‌ലാമി താത്ത്വികമായിട്ടെങ്കിലും നിലയുറപ്പിച്ചിട്ടുള്ളത്. എന്നാല്‍ മുജാഹിദ് പ്രസ്ഥാനമാവട്ടെ പല കാര്യങ്ങളും തീവ്രവാദപരമായ നിലപാടുകളാണ് പലപ്പോഴും സ്വീകരിക്കാറുള്ളത്. മുജാഹിദ് പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന കാഴ്‌ചപ്പാടിനെ മൊത്തത്തില്‍ മതതീവ്രവാദം എന്നു വിശേഷിപ്പിക്കാം. സാമൂഹിക ശാസ്‌ത്രത്തില്‍ മതം (സേക്രഡ്), മതേതരം (സെക്യുലര്‍) എന്നിങ്ങനെ വ്യവഹരിക്കപ്പെട്ട കാര്യങ്ങളുടെ സമന്വയമാണ് ഇസ്‌ലാമില്‍ നമുക്ക് കാണാനാവുന്നത്. എന്നാല്‍ മുജാഹിദ് പ്രസ്ഥാനമാകട്ടെ അവയില്‍ മുന്തിയ പരിഗണന നല്‍കുന്നത് മതം എന്ന് വിളിക്കപ്പെടുന്ന അനുഷ്‌ഠാനപരമായ കാര്യങ്ങള്‍ക്കാണ്. അതുകൊണ്ടുതന്നെ രാഷ്‌ട്രീയ, സാമൂഹിക ജീവിതമടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയോട് മുജാഹിദുകള്‍ക്ക് താത്ത്വികമായ എതിര്‍പ്പുണ്ടാവാം. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ്പിനെ തുടര്‍ന്ന് രൂപംകൊണ്ട മടവൂര്‍ ഗ്രൂപ്പ് കുറയൊക്കെ മിതവാദപരമായ നിലപാട് സ്വീകരിക്കുകയും വഹാബി തീവ്രവാദത്തില്‍നിന്ന് ചെറിയ തോതില്‍ മോചിതരായികൊണ്ട് കേരളീയ മുസ്‌ലിം നവോത്ഥാനത്തിന്റെ ഈജിപ്‌ഷ്യന്‍ വേരുകള്‍ ചികഞ്ഞെടുക്കാന്‍ ശ്രമിക്കുകയും തീവ്രവാദ മുജാഹിദുകളാല്‍ ഇഖ്‌വാനികളെന്ന് ആരോപിതരാവുകയും ചെയ്യാറുണ്ടെങ്കിലും ചിലപ്പോഴൊക്കെ പഴയ തീവ്രവാദത്തിന്റെ വഴിയിലേക്ക് തിരിച്ചുപോവാറുമുണ്ട്. കിനാലൂര്‍-പിണറായി-ജമാഅത്ത് പ്രശ്‌നത്തെ തുടര്‍ന്ന് കോഴിക്കോട്ട് നടത്തിയ പൊതുപരിപാടി ഉദാഹരണം. മുജാഹിദ് പ്രസ്ഥാനത്തിനും മുസ്‌ലിം ലീഗിനും ജമാഅത്തെ ഇസ്‌ലാമിയോടുള്ള എതിര്‍പ്പില്‍ പൊതുവായ ചില ഘടകങ്ങള്‍ കാണാനാവും. കേരളത്തില്‍ രണ്ടു പ്രസ്ഥാനങ്ങളുടെയും ഉല്‍പത്തിയില്‍ ചില പൊതുഘടകങ്ങളുള്ളതാണ് കാരണം. മുഹമ്മദ് അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ് ഏറ്റവുമധികം എതിര്‍ത്ത ഹീലത്തുര്‍രിബായുടെ വക്താവ് ഇരുപക്ഷം മുജാഹിദുകളും ആദരിക്കുന്ന ഒരു മതപണ്ഡിതനായിരുന്നല്ലോ.
ഇനിയുള്ളത് പാരമ്പര്യവാദികളാണ്. ഇരു വിഭാഗം സമസ്‌തകളാണ് അവരെ പ്രതിനിധാനം ചെയ്യുന്നത്. അവര്‍ മതനവീകരണമെന്നാരോപിക്കുന്ന പ്രതിഭാസത്തില്‍നിന്ന് കേരളീയ മുസ്‌ലിം പാരമ്പര്യത്തെ രക്ഷിക്കുകയാണ് സമസ്‌തയുടെ (അഥവാ സമസ്‌തകളുടെ) ലക്ഷ്യം. കേരളീയ മുസ്‌ലിം പാരമ്പര്യത്തില്‍ പുരോഗമനപരമായ പല അംശങ്ങളും കാണാനുണ്ടെന്നതുകൊണ്ടുതന്നെ ഒരു പരിധിവരെ പുരോഗമനപക്ഷത്താണ് സമസ്‌ത നിലകൊള്ളുന്നതെന്നു പറയാം. മിതവാദപരവും സമന്വയാത്മകവുമായ ഇസ്‌ലാമാണ് കേരളത്തില്‍ ആചരിച്ചുവന്നത്. കേരളീയ മുസ്‌ലിം പാരമ്പര്യത്തെ ഇതര ഭാഗങ്ങളിലെ മുസ്‌ലിം പാരമ്പര്യങ്ങളില്‍ നിന്ന് പുരോഗമനാത്മകമാക്കുന്നതില്‍ പല ഘടകങ്ങളും പങ്കുവഹിച്ചിട്ടുണ്ട്. കൊണ്ടോട്ടി പോലുള്ള പല പ്രദേശങ്ങളിലും ശീഈ സ്വാധീനം ശക്തമായിരുന്നു. കേരളത്തിലെ പ്രബല മദ്‌ഹബായ ശാഫിഈ കര്‍മശാസ്‌ത്ര സരണി സഹിഷ്‌ണുതാപൂര്‍ണമായ നിലപാടാണ് ശീഈകളോട് സ്വീകരിക്കുന്നത്. കേരളീയ മുസ്‌ലിം പാരമ്പര്യത്തിന്റെ മേല്‍ ആധുനിക കാലത്തുണ്ടായ രണ്ട് തരത്തിലുള്ള കൈയേറ്റങ്ങളോടാണ് സമസ്‌തകള്‍ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ളത്. സുഊദി അറേബ്യയില്‍ നിന്നുള്ള വഹാബി ആശയങ്ങളുടെ അധിനിവേശമാണ് അവയിലൊന്ന്. രണ്ടാമത്തേത് ആധുനിക പാശ്ചാത്യ ആശയങ്ങളുടെ അതിപ്രസരമാണ്. ഇവയില്‍ ഒന്നാമത്തേതിനോടുള്ള എതിര്‍പ്പ് ഏറെക്കുറെ പുരോഗമനാത്മകമാണെന്നു കാണാം. കേരളീയ മുസ്‌ലിം പാരമ്പര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വഹാബി ആശയങ്ങള്‍ ചിലപ്പോഴൊക്കെ സങ്കുചിതമാവുന്നതാണ് കാരണം. എന്നാല്‍ ആധുനിക പാശ്ചാത്യ ആശയങ്ങളോടുള്ള എതിര്‍പ്പ് എല്ലായ്‌പ്പോഴും അങ്ങനെയല്ല.
ഇസ്‌ലാമിക വിരുദ്ധമായ പാശ്ചാത്യ അധാര്‍മികതകള്‍ എതിര്‍ക്കപ്പെടേണ്ടവ തന്നെയാണ്. എന്നാല്‍ അധാര്‍മികതകള്‍ മാത്രമല്ല പാശ്ചാത്യ സമ്പര്‍ക്കം സമ്മാനിച്ചത്. ഫൂലെയ്‌ക്കും അംബേദ്‌കറിനും പെരിയോര്‍ക്കും നാരായണ ഗുരുവിനും അയ്യങ്കാളിക്കുമൊക്കെ ഇന്ത്യയില്‍ ജന്മം നല്‍കിയതില്‍ പാശ്ചാത്യ നാഗരികതയുടെ പങ്ക് ചെറുതല്ല. ഇഖ്‌വാനുല്‍ മുസ്‌ലിമൂനും ജമാഅത്തെ ഇസ്‌ലാമിയും രൂപം കൊണ്ട ഭൂഭാഗങ്ങള്‍ ഈജിപ്‌തും അവിഭക്ത ഇന്ത്യയുമായത് ആധുനിക പാശ്ചാത്യ സംസ്‌കാരം മധ്യകാലീന മുസ്‌ലിം സംസ്‌കാരവുമായി സമ്മേളിക്കുകയോ ഏറ്റുമുട്ടുകയോ ചെയ്‌ത ഇടങ്ങളെന്ന നിലയിലാണ്. ഇസ്‌ലാം സാര്‍വലൗകികവും സാര്‍വകാലികവുമാണെന്നാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നതെങ്കിലും അതിന് കാലാകാലങ്ങളിലുണ്ടായ വ്യാഖ്യാനങ്ങള്‍ കാലദേശബന്ധിതമായിരുന്നു. ഇസ്‌ലാമിന്റെ മധ്യകാല വ്യാഖ്യാനങ്ങളെ ആധുനികമായ അറിവുകളുടെ അടിസ്ഥാനത്തില്‍ പുനഃപരിശോധിക്കാനുള്ള അവസരം കൂടുതലായി ലഭിച്ചത് പാശ്ചാത്യ നാഗരികതയെ മുഖാമുഖം കണ്ടവര്‍ക്കാണ്. ഈ വിഷയത്തില്‍ കേരളത്തില്‍ താരതമ്യേന കൂടുതലായി മുന്നേറിയത് ജമാഅത്തെ ഇസ്‌ലാമിയും ഡോ. ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തിലുള്ള മുജാഹിദുകളുമാണ്. പക്ഷേ, ഈ പുനഃപരിശോധനയെ അസഹിഷ്‌ണുതയോടെയാണ് സമസ്‌തക്കാര്‍ കണ്ടത്. അവരുടെ ജമാഅത്ത് വിമര്‍ശനം കൂടുതലായും ചുറ്റിക്കറങ്ങുന്നത് ഈ മേഖലയിലായത് അതുകൊണ്ടാണ്. ഇവിടെ ഓര്‍ക്കേണ്ട ഒരു രസകരമായ വസ്‌തുത ആധുനികതയുടെ പുരോഗമനാത്മകവും നവീകരണാത്മകവുമായ അംശങ്ങളെ നിരാകരിക്കുമ്പോള്‍തന്നെ അതിന്റെ ഭോഗാത്മകമായ അംശങ്ങളെ പുല്‍കാന്‍ സമസ്‌തക്കാര്‍ മത്സരിക്കുന്നുണ്ടെന്നതാണ്. ഈ അത്യാര്‍ഥി അഭിമാനാര്‍ഹമായ ഒരു നേട്ടമായി ഉയര്‍ത്തിക്കാട്ടപ്പെടുന്നുണ്ടെന്നതും വാസ്‌തവമാണ്. ``....ഞങ്ങള്‍ യാഥാസ്ഥിതികര്‍ അല്ല. കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതലായി നടത്തുന്നതും വിദ്യാഭ്യാസരംഗത്തുള്ള മുഴുവന്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നതും ഞങ്ങളാണ്'' എന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അവകാശവാദം5 ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ പുരോഗമനാത്മകമായ നിലപാടുകളെ സുന്നികള്‍ അസഹിഷ്‌ണുതയോടെ വീക്ഷിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ലിംഗനീതിയുമായി ബന്ധപ്പെട്ടുള്ള ജമാഅത്തിന്റെ അല്‍പം പുരോഗമനാത്മകമായ ചുവടുവെപ്പുകള്‍ക്കെതിരെ സുന്നി വൃത്തങ്ങള്‍ കാണിക്കുന്ന എതിര്‍പ്പ്. ജമാഅത്തിന്റെ കേരള ശൂറയിലേക്ക് ഒരു വനിത തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രിസാല വാരിക എഴുതിയത് ജമാഅത്ത് ശൂറയില്‍ പിടക്കോഴി കൂവുന്നുവെന്നാണ്. കുറ്റിപ്പുറത്തെ വനിതാ സമ്മേളനം കൂടിയായപ്പോള്‍ എ.പി, ഇ.കെ വിഭാഗം സമസ്‌തകളുടെ ലിംഗവെറി അശ്ലീലം കലര്‍ന്ന ഭാഷയില്‍ പുറത്തുവന്നു. ഈ വെപ്രാളത്തിനു പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. കേരളത്തിലെ മതസംഘടനകള്‍ ഏറ്റവും വലിയ കച്ചവട സംഘങ്ങള്‍ കൂടിയാണ്. മുമ്പ് നരകത്തിലെ ഭാഷയായിരുന്ന ഇംഗ്ലീഷിന് പിന്നീട് സ്വര്‍ഗത്തില്‍ സ്ഥാനം ലഭിക്കാനുണ്ടായ പ്രധാനപ്പെട്ട കാരണം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ കച്ചവട സാധ്യതയാണല്ലോ. പ്രഫഷണല്‍ കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അംഗീകാരവും മറ്റുള്ള ആനുകൂല്യങ്ങളും മതസംഘടനകള്‍ നേടിയെടുക്കുന്നത് തങ്ങള്‍ക്ക് വലിയൊരു വോട്ടു ബാങ്കുണ്ടെന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് മുമ്പില്‍ വരുത്തിത്തീര്‍ത്തുകൊണ്ടാണ്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ജമാഅത്ത് വനിതകള്‍ ഒരു കൂറ്റന്‍ സമ്മേളനം നടത്തിയപ്പോള്‍ അങ്ങനെയൊന്ന് നടത്താന്‍ കഴിയാത്തവരില്‍ വെപ്രാളമുണ്ടാവുക സ്വാഭാവികമാണ്. ഇ.കെ, എ.പി വിഭാഗങ്ങളുടെ സ്‌ത്രീവിരോധത്തിലും ഒരു കാപട്യമുണ്ട്. ജമാഅത്തിന്റെ വനിതാ സംരംഭങ്ങളെ എതിര്‍ക്കുന്ന ഇ.കെ വിഭാഗം മുസ്‌ലിം ലീഗിനു കീഴില്‍ വനിതകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും മറ്റും ചെയ്യുന്നതിനെ എതിര്‍ക്കാറില്ല. എ.പി വിഭാഗത്തിന്റെ എതിര്‍പ്പാവട്ടെ ചിലപ്പോഴൊക്കെ രാഷ്‌ട്രീയ കച്ചവടമായിരുന്നുവെന്ന അഭിപ്രായവും ഉയരാറുണ്ട്. കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ആദ്യമായി വനിതാ സംവരണം വരുന്നത് ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി ഗവണ്‍മെന്റിന്റെ കാലത്താണല്ലോ. ലീഗിന്റെ കോട്ടകള്‍ വനിതാ സംവരണമായപ്പോള്‍ ഗത്യന്തരമില്ലാതെ വനിതകളെ സ്ഥാനാര്‍ഥികളായി ഇറക്കേണ്ടിവന്നു. അതോടെ എ.പി ഗ്രൂപ്പ് ശക്തമായ എതിര്‍ പ്രചാരണവുമായി രംഗത്തുവന്നു. ഫലത്തില്‍ ഇത് സഹായിച്ചതാവട്ടെ വനിതാ സംവരണം കൊണ്ടുവന്ന ഇടതുമുന്നണിയെയാണ്. സ്‌ത്രീ പൊതുരംഗ പ്രവേശ വിരോധം കുറ്റിപ്പുറം സമ്മേളനത്തിന്റെ കാര്യത്തില്‍ മാത്രം മതിയെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വേണ്ടെന്നും എ.പി ഗ്രൂപ്പ് തീരുമാനിച്ചത് ഇക്കുറിയാണ്. ജനകീയ വികസന മുന്നണിയെ പരാജയപ്പെടുത്താന്‍ ലീഗുമായി കൈ കോര്‍ത്തതാണ് കാരണം. ഈ വിശാല കൂട്ടായ്‌മയുടെ സൈദ്ധാന്തികമായ മുന്നൊരുക്കമെന്ന നിലയിലായിരുന്നു സ്‌ത്രീകളെ അവഹേളിക്കുന്ന വിധത്തില്‍ അവര്‍ക്ക് മതപരമായ പെരുമാറ്റച്ചട്ടമുണ്ടാക്കുമെന്ന് ഒരു ലീഗ് നേതാവ് പ്രസ്‌താവിച്ചത്.
(തുടരും)
കുറിപ്പുകള്‍
1. "Another obvious corollary to the high status of Muslims in Azad's scheme of things is that they cannot be under the rule of others. Submission must be to God alone. This inspired Azad to some of his most fiery passages that produced a dramatic effect on his readers. For example an editorial entitled 'No rule but that of God' (Inna al-hukm illa lillah) enlarged upon the Quranic verses where this phrase is found...." Ian Henderson Douglas, 'Abul Kalam Azad: An Intellectual And Religious Biography; Edited by Gail Manault and Christian W. Troll, Published By Oxford University Press, Delhi; 1988, Pages 142
2. അത്തരത്തിലുള്ള പുരോഗമനാത്മകമായ ഒരു ലേഖനമാണ് സി. സമദിന്റെ `മൗദൂദി ചിരിക്കുന്നു.' തേജസ് വാരിക, ജൂലൈ 10-30, 2010
3. Khurshid Ahmed, and Zafar Ishaque Ansari, Mawlana Mawdadui: An Introduction to His Life and Thought
4. MUNIR. M (President) and M.R. KAYANI (Member). Report of The Court of Inquiry, constituted under PUNJAB ACT II OF 1954 to enquire into the PUNJAB DISTURBANCES OF 1953 ('The Munir Commission Report'), Lahore, Printed by the Superintendent, Government Printing, Punjab, Pakistan, 1954, പേജ് 11 കാണുക
5. ഡോ അസീസ് തരുവണയുടെ അഭിമുഖം- പച്ചക്കുതിര 2008 ജൂലൈ