Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       

മതേതരത്വം ഉയര്‍ത്തിപ്പിടിച്ച
കോടതി വിധി

ഇസ്‌ലാമിക ബാങ്കിംഗിന്‌ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അനുമതിയെ ചോദ്യം ചെയ്‌ത്‌ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ട്‌ ഹൈക്കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ ശ്രദ്ധേയമായി.
ചില മത തത്ത്വങ്ങള്‍ക്ക്‌ അനുസൃതമായി പ്രവര്‍ത്തിക്കുന്നതും എന്നാല്‍ മതപ്രചാരണം ലക്ഷ്യമാക്കാത്തതുമായ കോര്‍പ്പറേറ്റ്‌ സ്ഥാപനത്തിനാണ്‌ സര്‍ക്കാര്‍ പണം നല്‍കുന്നത്‌. ഈ നടപടി ഏതെങ്കിലും മതത്തെ നേരിട്ട്‌ പിന്തുണക്കലോ പ്രോത്സാഹിപ്പിക്കലോ അല്ല. മതപ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ ഇടപെടുന്നതില്‍ ഭരണഘടന പൂര്‍ണ വിലക്ക്‌ കല്‍പിക്കുന്നില്ല എന്നാണ്‌ കോടതി വിധി.
മേല്‍പറഞ്ഞ കോടതി പരാമര്‍ശങ്ങള്‍ വെച്ചുകൊണ്ട്‌ തീര്‍ച്ചയായും ചില കാര്യങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്‌. ഇന്ദിരാഗാന്ധിയുടെ കാലഘട്ടത്തില്‍ ഇന്ത്യയെ സോഷ്യലിസ്റ്റ്‌ രാഷ്‌ട്രമായി പ്രഖ്യാപിച്ചിരുന്നു. സോഷ്യലിസത്തിലൂന്നിയുള്ള ഭരണവ്യവസ്ഥിതി കൊണ്ടുവരാനുള്ള ആ പരീക്ഷണം പരാജയമായിരുന്നു. ഇപ്പോള്‍ മുതലാളിത്ത വ്യവസ്ഥിതിയാണ്‌ പരീക്ഷിക്കുന്നത്‌. ഇതു രണ്ടും മനുഷ്യനിര്‍മിത വ്യവസ്ഥിതികളാണ്‌. രണ്ടിന്റെയും അടിസ്ഥാനം സമ്പത്താണ്‌. ആദ്യത്തേത്‌ സ്വകാര്യ സ്വത്തവകാശം നിഷേധിക്കുകയും സാമ്പത്തിക സമത്വത്തിന്‌ വേണ്ടി വാദിക്കുകയും ചെയ്യുമ്പോള്‍ രണ്ടാമത്തേത്‌ വ്യക്തികളെ യാതൊരു നിയന്ത്രണമോ ധാര്‍മികതയോ പാലിക്കാതെ സമ്പത്ത്‌ വാരിക്കൂട്ടാന്‍ പ്രേരിപ്പിക്കുന്നു. ഇത്‌ രണ്ടും മനുഷ്യവിരുദ്ധമാണ്‌.
ഇസ്‌ലാമാകട്ടെ, ഈ വിഷയം തികച്ചും നീതിപൂര്‍വം കൈകാര്യം ചെയ്‌തിരിക്കുന്നു. വ്യക്തികള്‍ക്ക്‌ സ്വകാര്യ സ്വത്തവകാശവും സമ്പാദിക്കാനുള്ള സ്വാതന്ത്ര്യവും ഇസ്‌ലാം വകവെച്ചു കൊടുക്കുന്നു. അതേ അവസരത്തില്‍ സോഷ്യലിസം ഇത്തരം അവകാശങ്ങളെ നിഷേധിക്കുമ്പോള്‍ മുതലാളിത്തം അന്യായമായും പലിശ പോലുള്ള ചൂഷണോപാധികള്‍ ഉപയോഗിച്ചും സമ്പാദിച്ചത്‌ തട്ടിയെടുക്കുന്നു.
സമ്പാദിക്കാനുള്ള കഴിവ്‌ എല്ലാവര്‍ക്കും ഒരുപോലെയല്ല. സമൂഹത്തില്‍ ദരിദ്രരുണ്ടാകും എന്ന വസ്‌തുത അംഗീകരിച്ചുകൊണ്ട്‌,സമ്പത്തുള്ള വ്യക്തികള്‍ അവരുടെ സമ്പത്തിന്റെ 2.5 ശതമാനം മുതല്‍ 10 ശതമാനം വരെ (മനുഷ്യാധ്വാനത്തിന്റെ തോതനുസരിച്ച്‌) ദരിദ്രരുടെ അടിസ്ഥാനാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന്‌ നിര്‍ബന്ധമായും കൊടുക്കാന്‍ കല്‍പിക്കുന്നതാണ്‌ ഇസ്‌ലാമിന്റെ സാമ്പത്തിക വ്യവസ്ഥിതി. ചോദിച്ചുവരുന്നവര്‍ക്കും തടയപ്പെട്ടവര്‍ക്കും അവരുടെ ധനത്തില്‍ അവകാശമുണ്ടെന്ന്‌ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. കുറച്ചുകൂടി കടന്ന്‌ തനിക്കുള്ള സൗകര്യങ്ങള്‍ ദരിദ്രര്‍ക്കും അനുവദിക്കാന്‍ ഐഛിക ദാനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഇതുപോലെ മനുഷ്യ ജീവിതത്തിന്റെ പല മേഖലകളിലും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇസ്‌ലാം നല്‍കുന്നു. പരീക്ഷിച്ചു പരാജയപ്പെട്ടതും പരാജയം നേരിട്ടുകൊണ്ടിരിക്കുന്നതുമായ വ്യവസ്ഥിതികള്‍ക്ക്‌ പകരം ഇസ്‌ലാമിക വ്യവസ്ഥിതി പരീക്ഷിക്കാന്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നു. അത്‌ ബോധ്യപ്പെട്ടാല്‍ ജനങ്ങള്‍ക്ക്‌ സ്വീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യാം. ഈ വ്യവസ്ഥിതി ഒരു രാജ്യത്ത്‌ നടപ്പായെന്ന്‌ വെച്ച്‌ ആരെയും മതംമാറ്റത്തിന്‌ പ്രേരിപ്പിക്കുകയോ എല്ലാവരും മുസ്‌ലിമായിക്കൊള്ളണമെന്ന്‌ നിഷ്‌കര്‍ഷിക്കുകയോ ചെയ്യുന്നില്ല.
മതത്തെ രാഷ്‌ട്രീയമായി ഉപയോഗപ്പെടുത്തുകയും ആവശ്യം കഴിഞ്ഞാല്‍ മതത്തെ രാഷ്‌ട്രീയത്തില്‍ നിന്ന്‌ മാറ്റിനിര്‍ത്തുകയും ചെയ്യുന്നതാണ്‌ നാം ഇന്ന്‌ അനുഭവിക്കുന്ന അഴിമതിക്കും വര്‍ഗീയാസ്വാസ്ഥ്യങ്ങള്‍ക്കും ധാര്‍മികാപചയത്തിനും സദാചാര്യമൂല്യ തകര്‍ച്ചക്കും കാരണം. ജമാഅത്തെ ഇസ്‌ലാമിയെ കുറ്റപ്പെടുത്തുന്നതിന്‌ മുമ്പ്‌ നമ്മുടെ സമുദായ സംഘടനാ നേതാക്കളും ബുദ്ധിജീവികളും സംഭവലോകത്തെ നിരീക്ഷിക്കുന്നത്‌ നല്ലതാണ്‌.
സി.ടി മുഹമ്മദ്‌ നിസാര്‍ രിയാദ

വില്യം ലോഗനെക്കുറിച്ച്‌
`സംവാദത്തിന്റെ വഴി മുടക്കരുത്‌' എന്ന മുജീബുര്‍റഹ്‌മാന്‍ കിനാലൂരിന്റെ ലേഖനം (ലക്കം 33) വായിച്ചു. മലബാര്‍ കലക്‌ടറായിരുന്ന വില്യം ലോഗനെക്കുറിച്ച പരാമര്‍ശങ്ങള്‍ വസ്‌തുതാപരമല്ല. 1921-ല്‍ സംഭവിച്ച മലബാര്‍ കലാപത്തെക്കുറിച്ച്‌ 1887-ല്‍ പ്രസിദ്ധീകരിച്ച മലബാര്‍ മാന്വലില്‍ പ്രസ്‌താവമുണ്ടെന്ന അഭിപ്രായം ശരിയല്ല എന്നാണ്‌ എന്റെ വീക്ഷണം. മലബാര്‍ കലക്‌ടറെ ഇസ്‌ലാമിനെ എതിര്‍ക്കുന്നവരിലൊരാളായി കാണുന്നത്‌ ശരിയല്ല. മുസ്‌ലിം കുടിയാന്മാര്‍ക്ക്‌ അനുകൂലമായി വിപ്ലവകരമായ ആശയങ്ങള്‍ പ്രകടിപ്പിച്ച കലക്‌ടറെ 1887-ലെ മലബാര്‍ കുടി വായ്‌പനിയമം രൂപപ്പെടുത്തിയ മാസ്റ്റര്‍ കമ്മിറ്റിയില്‍ നിന്നും മാറ്റിനിര്‍ത്തുകയായിരുന്നു. അക്കാലത്തെ ജന്മി ബൂര്‍ഷ്വാസികള്‍ പാട്ടത്തോത്‌ കുറക്കുക, ഒഴിപ്പിക്കല്‍ തടയുക, മേല്‍ചാര്‍ത്ത്‌ അവസാനിപ്പിക്കുക തുടങ്ങിയ ലോഗന്‍ സര്‍ക്കാറിന്‌ സമര്‍പ്പിച്ച ശിപാര്‍ശകള്‍ തങ്ങളുടെ മേല്‍ പതിച്ച ഇടിത്തീയായിട്ടാണ്‌ വിശേഷിപ്പിച്ചത്‌. മലബാറിലെ സാധാരണക്കാരായ മുസ്‌ലിം സമുദായത്തോട്‌ സഹാനുഭൂതി പുലര്‍ത്തുന്ന മനസ്സാണ്‌ മാന്വലിന്റെ താളുകളില്‍ കാണുന്നത്‌. `ഉത്സാഹശാലികളും അരിഷ്‌ഠിച്ച്‌ ജീവിക്കുന്നവരും നന്നാവണമെന്ന്‌ ആഗ്രഹിക്കുന്നവരുമാണ്‌ മുസ്‌ലിം സമുദായം' (മലബാര്‍ മാന്വല്‍, പേജ്‌ 211, മാതൃഭൂമി പ്രസിദ്ധീകരണം). ഇങ്ങനെ ചരിത്രത്തില്‍ സ്വന്തമായ അഭിപ്രായം കോറിയിട്ട ആളായിരുന്നു മലബാര്‍ കലക്‌ടര്‍.
സി.കെ.ബി വാളൂര്‍




സോളിഡാരിറ്റിക്ക്‌ അഭിവാദ്യങ്ങള്‍
സാമ്രാജ്യത്വത്തിന്റെയും ഫാഷിസത്തിന്റെയും ഇരകളായി പീഡനമനുഭവിക്കുന്ന നിരപരാധികളായ മുസ്‌ലിം യുവതയുടെ പ്രതീകമായ അബ്‌ദുല്‍ കലീമിന്‌ അര്‍ഹമായ തരത്തില്‍ സ്വീകരണമൊരുക്കി മതസംഘടനകള്‍ക്ക്‌ മാതൃകയായ സോളിഡാരിറ്റിക്ക്‌ അഭിവാദ്യങ്ങള്‍. കലീമിനെ ആദരിക്കാന്‍ ഏതെങ്കിലും സംഘത്തിന്‌ അര്‍ഹതയുണ്ടെങ്കില്‍ അത്‌ സോളിഡാരിറ്റിക്ക്‌ മാത്രമാണ്‌. ഇസ്‌ലാം പ്രചരിച്ചത്‌ വാള്‌ കൊണ്ടാണ്‌ എന്ന്‌ പ്രചരിപ്പിക്കുന്ന ഇസ്‌ലാംവിരോധികള്‍ക്ക്‌ മാതൃകയാണ്‌ അബ്‌ദുല്‍ കലീമും അദ്ദേഹത്തെ ആദരിച്ച സോളിഡാരിറ്റിയും.
ജോസഫിന്‌ ചോര കൊടുത്തതിന്റെ പേരില്‍ ഒരു വിഭാഗത്താല്‍ ക്രൂശിക്കപ്പെട്ട എറണാകുളം ജില്ലയിലെ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്ക്‌ പൊതു മുസ്‌ലിം സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണ വിളിച്ചറിയിക്കുന്നതായിരുന്നു, ജനബാഹുല്യംകൊണ്ട്‌ പെരുമ്പാവൂരിനെ അക്ഷരാര്‍ഥത്തില്‍ ശ്വാസം മുട്ടിച്ച ഭീകര വിരുദ്ധ സമ്മേളനം. ഇത്ര ജനപങ്കാളിത്തമുള്ള ഒരു പരിപാടി അവിടെ നടന്നിട്ടും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളൊന്നും സംഭവം അറിഞ്ഞതേയില്ല. കലീമിന്റെ എറണാകുളം പ്രസ്‌ ക്ലബില്‍ നടന്ന പത്രസമ്മേളനവും മിക്കവാറും മാധ്യമങ്ങള്‍ തമസ്‌കരിച്ചു. അതേസമയം നടന്ന, വിദ്വേഷ പ്രചാരകനായ തൊഗാഡിയയുടെ ശുഷ്‌കമായ പരിപാടികള്‍ മുത്തശ്ശി പത്രങ്ങള്‍ക്കൊക്കെ വാര്‍ത്തയായി. ഈ ഇരട്ടത്താപ്പിന്റെ കാര്യത്തില്‍ നമ്മുടെ സകല മാധ്യമങ്ങളും ഒരേ തൂവല്‍ പക്ഷികളാണ്‌.
ബഷീര്‍ വാണിയക്കാട്‌
അല്‍നുസ്‌ഹ



ചിലതു കൂടി
ബദീഉസ്സമാന്‍ എഴുതിയ കുറിപ്പിന്‌(ലക്കം 35) അടിവരയിടുന്ന ചില കാര്യങ്ങള്‍ കുറിക്കണമെന്ന്‌ തോന്നിയതുകൊണ്ടാണ്‌ ഈ പ്രതികരണം. പൊതുസമൂഹത്തിന്റെ കൈയടി വാങ്ങുന്ന ചില പ്രവര്‍ത്തനങ്ങള്‍ എ.പി വിഭാഗം സമസ്‌തയില്‍ നിന്നുണ്ടാകുന്നെങ്കിലും വ്യക്തിതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പിന്തിരിപ്പന്‍ സ്വഭാവത്തിലേക്ക്‌ കൂപ്പുകുത്തുന്നതായി കാണാന്‍ കഴിയും. ആധുനിക സാങ്കേതികവിദ്യകള്‍ എങ്ങനെ തങ്ങളുടെ പിന്തിരിപ്പന്‍ പ്രവര്‍ത്തനങ്ങളിലേക്ക്‌ തിരിച്ചുവിടാനാകും എന്നാണ്‌ ഇവര്‍ കൂലങ്കഷമായി ചിന്തിച്ചുകൊണ്ടിരിക്കുന്ത്‌. ഇതിനവര്‍ ജമാഅത്തിനെയും പോഷക സംഘടനകളെയും അനുകരിക്കുന്നുണ്ട്‌ എന്നതും സത്യമാണ്‌. ജമാഅത്തെ ഇസ്‌ലാമിയും പോഷക സംഘടനകളും പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സമ്മേളനങ്ങള്‍ കേരളത്തിന്‌ പുറത്തുള്ള പ്രവര്‍ത്തകര്‍ക്ക്‌ കാണുന്നതിനുമാണ്‌ ആധുനിക ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഉപയോഗിക്കുന്നതെങ്കില്‍ കുത്ത്‌ റാത്തീബും സ്വലാത്ത്‌ മജ്‌ലിസുകളുമാണ്‌ ഇത്തരത്തില്‍ ഇവര്‍ പ്രചരിപ്പിക്കുന്നത്‌. കോഴിക്കോട്‌ ഇത്തരം പരിപാടികള്‍ ഗള്‍ഫിലും മറ്റുമുള്ള എ.പി അനുഭാവികള്‍ ലൈവ്‌ ആയി കമ്പ്യൂട്ടറിലൂടെ പ്രദര്‍ശിപ്പിച്ച്‌ നാട്ടിലെ പരിപാടിയില്‍ ഭാഗഭാഗക്കാക്കുന്നത്‌ ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു. ഇതില്‍ നിന്ന്‌ മനസ്സിലാക്കാം ഇത്തരക്കാരുടെ പുരോഗമന ചിന്ത ഏതു വഴിക്കാണെന്ന്‌.
പി.എ.എം ശരീഫ്‌ നോര്‍ത്ത്‌ പറവൂര്‍
[email protected]




ഇടതുപക്ഷത്തെക്കുറിച്ച്‌
ഈജിപ്‌തില്‍ നടന്നുകൊണ്ടിരിക്കുന്ന ജനകീയ വിപ്ലവത്തിന്‌ സകല പിന്തുണയും വാഗ്‌ദാനം ചെയ്‌ത്‌ സി.പി.എം പോളിറ്റ്‌ ബ്യൂറോ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു (ദേശാഭിമാനി ദിനപത്രം 2011 ഫെബ്രുവരി 2). സാമ്രാജ്യത്വ ഭീകരതക്കെതിരെ ഈജിപ്‌തിലെ ഇടതുപക്ഷക്കാര്‍ `മുസ്‌ലിം ബ്രദര്‍ ഹുഡിനെ' പിന്തുണക്കുമ്പോള്‍ ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ തീവ്രവാദികളായി മുദ്രകുത്തുന്നു. ഈജിപ്‌തിലെയും ഫലസ്‌ത്വീനിലെയും മുസ്‌ലിം പ്രശ്‌നങ്ങളെക്കുറിച്ച്‌ വാചാലരാകുമ്പോള്‍ ഇന്ത്യന്‍ ഫാഷിസ്റ്റുകളുടെ പ്രധാന ഇരകളായ മുസ്‌ലിംകളുടെയും ദലിതരുടെയും പ്രശ്‌നങ്ങളില്‍ ഇടതുപക്ഷം ഇടപെടുമ്പോള്‍ വോട്ട്‌ ബാങ്ക്‌ നഷ്‌ടപ്പെടാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നു. യാസിര്‍ അറഫാത്തിനെയും സദ്ദാം ഹുസൈനെയും അനുസ്‌മരിച്ചും അറബ്‌ രാജ്യങ്ങളിലെ ജനകീയ വിപ്ലവങ്ങള്‍ക്ക്‌ കവല പ്രസംഗങ്ങളിലൂടെ പിന്തുണ പ്രഖ്യാപിച്ചും ന്യൂനപക്ഷ സ്‌നേഹവും സാമ്രാജ്യത്വ വിരോധവും പ്രകടിപ്പിക്കുമ്പോള്‍ തന്നെ അതിന്റെ മറുവശത്തെ കുറിച്ച്‌ നാം ചിന്തിക്കേണ്ടതുണ്ട്‌.
ഷെജീബ്‌, മാരാത്ത്‌കുന്ന്‌



അന്യാദൃശരായ രണ്ട്‌ പണ്ഡിതര്‍

ലക്കം 32-ല്‍ ജമാല്‍ മലപ്പുറത്തെക്കുറിച്ച്‌ നല്‍കിയ വിവരങ്ങള്‍ നന്നായി. അദ്ദേഹത്തിന്റെ സഹധര്‍മിണിയുടെ ഓര്‍മകള്‍ വളരെ പ്രസക്തമാണ്‌. എല്ലാ പ്രസ്ഥാനക്കാരോടും വാത്സല്യത്തോടും തുറന്ന മനസ്സോടും പെരുമാറിയ കാര്യം അവര്‍ ഓര്‍മിച്ചപ്പോള്‍ മനസ്സ്‌ തണുത്തു.
പക്ഷേ, അതിന്റെ തൊട്ടു ശേഷമുള്ളപേജില്‍ സി. ദാവൂദ്‌ എഴുതിയ ലേഖനം മനസ്സിനെ വീണ്ടും തിരിച്ചിട്ടു. ഗുണകാംക്ഷയോടെ പറയാവുന്ന കാര്യങ്ങളായിരുന്നു അവയെല്ലാം. ഇസ്‌ലാമിക വിഷയങ്ങളില്‍ ബൗദ്ധിക ചൈതന്യത്തോടെയുള്ള രചനകളാണ്‌ അദ്ദേഹത്തില്‍നിന്ന്‌ ഉണ്ടാവേണ്ടത്‌. അകന്നവരെ കൂടുതല്‍ അകറ്റുന്ന സമീപനം ഗുണപരമല്ലല്ലോ. നൃശംസനീയ വാക്കുകള്‍ കൊണ്ടുള്ള പ്രസ്‌തുത ലേഖനം വേണ്ടായിരുന്നു. മുജാഹിദുകളില്‍ ഒരു വിഭാഗം യാഥാസ്ഥിതിക മനസ്സിലേക്ക്‌ ഒളിക്കുന്നുണ്ടെന്നത്‌ ശരി. പക്ഷേ, അതേ പ്രസ്ഥാനത്തില്‍ തന്നെ പാരമ്പര്യത്തെ തുടര്‍ത്താന്‍ പാടുപെടുന്നവര്‍ ഇനിയുമുണ്ടെന്ന്‌ സി. ദാവൂദിന്‌ അറിയാതിരിക്കില്ല.
സംഗീതം ഹറാമാണെന്ന്‌ ഫത്‌വ നല്‍കുകയും സ്‌ത്രീകള്‍ മുഖം മറയ്‌ക്കണമെന്ന്‌ വാദിക്കുകയും ചെയ്‌ത മൗദൂദി സാഹിബിനെയും, 2009 നവംബറില്‍ നാലാം പതിപ്പിറങ്ങിയ ഐ.പി.എച്ചിന്റെ `ഉമ്മുല്‍ മുഅ്‌മിനീന്‍ ആഇശ'യില്‍ സര്‍പ്പ രൂപത്തില്‍ ജിന്ന്‌ വരുമെന്ന്‌ എഴുതിയതിനെയും (പേജ്‌ 125) കുറിച്ച്‌ നാം എന്തു പറയും?
വിശുദ്ധ ഖുര്‍ആനെ ഹൃദയം കൊണ്ടും ബുദ്ധി കൊണ്ടും സമീപിച്ച അന്യാദൃശരായ പണ്ഡിതന്മായിരുന്നു ഈ അടുത്ത്‌ നമ്മെ പിരിഞ്ഞ കെ.ടി അബ്‌ദുര്‍റഹീം സാഹിബും ജമാല്‍ മലപ്പുറവും. അല്ലാഹു അവരെയും നമ്മെയും അനുഗ്രഹിക്കട്ടെ.
പി.എം.എ ഗഫൂര്‍
[email protected]

 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly