Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


വാഇല്‍ ഗനീം വിളിച്ചു,ഈജിപ്‌ഷ്യന്‍ യുവത വിളികേട്ടു
കെ.ജാബിര്‍

ഇദശ്ശഅ്‌ബു യൗമന്‍ അറാദല്‍ ഹയാത്‌
ഫലാ ബുദ്ദ അന്‍ യസ്‌തജീബല്‍ ഖദ്‌ര്‍
വലാ ബുദ്ദ ലില്ലൈലി അന്‍ യന്‍ജലീ
വലാ ബുദ്ദ ലില്‍ഖയ്‌ദി അന്‍ യന്‍കസിര്‍
(തങ്ങള്‍ക്കു ജീവിക്കണമെന്ന്‌ ഒരു സമൂഹം തീരുമാനിച്ചാല്‍ വിധി അതിന്‌ വഴങ്ങാതിരിക്കില്ല. ഘനാന്ധകാരം തിരോഭവിക്കാനുള്ളതാണ്‌; ചങ്ങലകള്‍ പൊട്ടിത്തകരാനും).

കാല്‍പനിക കാവ്യങ്ങളില്‍ പ്രസിദ്ധ ആംഗലേയ കവി വില്യം വേഡ്‌സ്‌ വര്‍ത്തിനെ വെല്ലുന്ന പ്രതിഭാധനനായ തുനീഷ്യന്‍ കവി അബുല്‍ ഖാസിം ശാബി(1909-1934), കാല്‍പനിക ഭാവനകളെല്ലാം മാറ്റിവെച്ച്‌ ഒരിക്കല്‍ പാടിയതാണ്‌ മേല്‍വരികള്‍. ഏതാണ്ട്‌ ഒരു ശതാബ്‌ദത്തോടടുക്കുമ്പോള്‍ മേല്‍വരികളുടെ അര്‍ഥഗാംഭീര്യം സ്വന്തം നാട്ടുകാരും അയല്‍ക്കാരുമൊക്കെ നെഞ്ചേറ്റുന്ന ചരിത്രസന്ധിയില്‍ അദ്ദേഹത്തിന്റെ ആത്മാവ്‌ പുളകം കൊള്ളുന്നുണ്ടാവണം. മധ്യവയസ്‌കന്റെ ആലസ്യമോ വൃദ്ധന്റെ ജാഢ്യമോ ഏശാത്ത, വിപ്ലവം തുടിക്കുന്ന പ്രായത്തില്‍ മൃതിയടഞ്ഞ ശാബിയെപ്പോലുള്ള ലക്ഷക്കണക്കിന്‌ യുവാക്കളാണ്‌ ആദ്യം തുനീഷ്യയിലും പിന്നീട്‌ ഈജിപ്‌തിലും ഇപ്പോള്‍ അള്‍ജീരിയയിലും യമനിലുമൊക്കെ വിപ്ലവം നയിക്കുന്നത്‌. അക്കൂട്ടത്തില്‍, ഈജിപ്‌തിലെ യുവസമൂഹത്തെ തെരുവുകളിലെത്തിച്ചതിന്റെയും ജനുവരി 25-ന്‌ വിപ്ലവം തുടങ്ങിവെച്ചതിന്റെയും ക്രെഡിറ്റ്‌ വലിയൊരളവോളം വാഇല്‍ ഗനീമെന്ന മുപ്പതുകാരന്‌ അവകാശപ്പെട്ടതാണ്‌. ഗൂഗിളിന്റെ മിഡിലീസ്റ്റ്‌-നോര്‍ത്ത്‌ ആഫ്രിക്കന്‍ മാര്‍ക്കറ്റിംഗ്‌ വിഭാഗത്തിന്റെ തലവനാണ്‌ ഈ യുവാവ്‌. ഈജിപ്‌തിലെ പ്രക്ഷോഭത്തിന്‌ തുടക്കം കുറിക്കുകയും തന്റെ കൈയിലെ ബ്ലാക്ക്‌ബെറി സെറ്റും ലാപ്‌ടോപും ഉപയോഗിച്ച്‌ അതിനെ ത്വരിപ്പിക്കുകയും ചെയ്‌ത വാഇല്‍, പ്രക്ഷോഭത്തിന്റെ നാലാം നാളില്‍ (ജനുവരി 28-ന്‌) പൊടുന്നനെ അപ്രത്യക്ഷനായി. വീട്ടുകാരും സുഹൃത്തുക്കളും ഗൂഗിളും നടത്തിയ അന്വേഷണത്തിനൊടുവില്‍ മനസ്സിലായി, വാഇലിനെ മുബാറകിന്റെ പോലീസ്‌ പിടിച്ചുകൊണ്ടുപോയതാണെന്ന്‌. പത്തു ദിവസം കഴിഞ്ഞ്‌ ഫെബ്രുവരി 7-നാണ്‌ വാഇല്‍ പുറംലോകം കാണുന്നത്‌. ഈയൊരു ഇടവേളയും അധികൃതര്‍ ഇന്റര്‍നെറ്റ്‌ ബ്ലോക്ക്‌ ചെയ്‌ത സന്ദര്‍ഭങ്ങളും മാറ്റിനിര്‍ത്തിയാല്‍ ഈജിപ്‌തിലെ യുവസമൂഹം വാഇല്‍ ഗനീമിന്റെ ട്വീറ്റുകള്‍ക്കും പോസ്റ്റുകള്‍ക്കുമായി ട്വിറ്ററിലും ഫേസ്‌ബുക്കിലും കണ്ണും നട്ടിരിക്കുകയായിരുന്നു. പ്രക്ഷോഭം തുടങ്ങിയതുമുതല്‍ക്കേ, പാശ്ചാത്യ മീഡിയ വാഇല്‍ ഗനീമിനെ നന്നായി ഫോക്കസ്‌ ചെയ്യുന്നുണ്ടായിരുന്നു. പ്രക്ഷോഭം കൊടുമ്പിരി കൊണ്ടപ്പോളാകട്ടെ, വാഇലിന്റെ ട്വീറ്റുകള്‍ സി.എന്‍.എന്‍ പോലുള്ള വാര്‍ത്താചാനലുകള്‍ പോലും ഫ്‌ളാഷ്‌ ന്യൂസായി നല്‍കുന്നിടംവരെ കാര്യങ്ങളെത്തി. ഇന്റര്‍നെറ്റ്‌ ആക്‌ടിവിസ്റ്റ്‌ എന്നാണ്‌ വാഇല്‍ ഗനീമിനെ വെബ്‌സൈറ്റുകള്‍ ഇപ്പോള്‍ പരിചയപ്പെടുത്തുന്നത്‌.
1980 ഡിസംബര്‍ 23-ന്‌ കയ്‌റോവില്‍ ജനിച്ച്‌ യു.എ.ഇയില്‍ വളര്‍ന്ന വാഇല്‍ കയ്‌റോ യൂനിവേഴ്‌സിറ്റിയില്‍നിന്ന്‌ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ബിരുദവും കയ്‌റോവിലെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന്‌ മാര്‍ക്കറ്റിംഗ്‌ ആന്റ്‌ ഫിനാന്‍സില്‍ എം.ബി.എയും നേടി. ഈജിപ്‌തിന്റെ ഇ-ഗവണ്‍മെന്റ്‌ പോര്‍ട്ടല്‍ തയാറാക്കുമ്പോള്‍ അതിന്റെ കണ്‍സല്‍ട്ടന്റായി സേവനമനുഷ്‌ഠിച്ച വാഇല്‍, ദി അറബ്‌ വേള്‍ഡ്‌, ഗവാബ്‌.കോം, മുബാശിര്‍.ഇന്‍ഫോ തുടങ്ങിയ പ്രസിദ്ധമായ വെബ്‌സൈറ്റുകളുടെ ശില്‍പിയായും മാര്‍ക്കറ്റിംഗ്‌ മാനേജറായും പ്രവര്‍ത്തിച്ചു. ഒരു വര്‍ഷമായി ദുബൈ ഇന്റര്‍നെറ്റ്‌ സിറ്റിയിലെ ഗൂഗിളിന്റെ ഓഫീസില്‍ മിഡിലീസ്റ്റ്‌ ആന്റ്‌ നോര്‍ത്ത്‌ ആഫ്രിക്കന്‍ മാര്‍ക്കറ്റിംഗിന്റെ മേധാവിയായി ജോലി ചെയ്‌തുവരുന്നു.
ട്വിറ്ററും ഫേസ്‌ബുക്കും പോലുള്ള ഇന്റര്‍നെറ്റ്‌ സൗഹൃദക്കൂട്ടായ്‌മകള്‍ ഉപയോഗപ്പെടുത്തി ഈജിപ്‌ഷ്യന്‍ യുവസമൂഹത്തെ ഏകാധിപത്യത്തിനെതിരെ തെരുവിലിറക്കിയ വാഇലിന്റെ ട്വീറ്റുകള്‍ പിന്തുടര്‍ന്നത്‌ എണ്‍പതിനായിരത്തോളം വരുന്ന സുഹൃത്തുക്കളായിരുന്നു. ആ പോസ്റ്റുകള്‍ അവരെ ചിന്തിപ്പിച്ചു, ചിരിപ്പിച്ചു, ആവേശം കൊള്ളിച്ചു, ആകര്‍ഷിച്ചു. അങ്ങനെ, കുഴല്‍വിളിക്കാരന്റെ പിറകേ പോയ കുട്ടികള്‍ കണക്കേ ഓടിയിറങ്ങിയ ആ ചെറുപ്പക്കാര്‍ വയോധികനായ അഭിനവ ഫറോവയെ ചെങ്കടലിന്റെ തീരത്തുള്ള ശര്‍മുശൈഖില്‍ (വയോധികന്റെ ഉള്‍ക്കടല്‍ എന്ന്‌ ഭാഷാന്തരം) കൊണ്ടുപോയി മുക്കി. പ്രക്ഷോഭം വിജയം കണ്ടെങ്കിലും വാഇല്‍, രാഷ്‌ട്രീയപ്രവേശം ആഗ്രഹിക്കുന്നില്ലെന്ന്‌ പ്രഖ്യാപിച്ചെങ്കിലും, മേലില്‍ വരാന്‍ പോകുന്ന സ്വേഛാപ്രമത്തനായ ഏതൊരു അധികാരിയുടെയും മുട്ടുവിറക്കാന്‍ ഇന്റര്‍നെറ്റില്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന വാഇലും, ട്വീറ്റും റീട്വീറ്റുമായി കഴിയുന്ന പുതിയ ഇന്റര്‍നെറ്റ്‌ തലമുറയും എത്രയും മതി.

വാഇല്‍ ഗനീമിന്റെ ട്വീറ്റുകള്‍
1) 2011 ജനുവരി 12 6.02 pm: അടിച്ചമര്‍ത്തലുകള്‍, മാധ്യമ നിയന്ത്രണം, ഇന്റര്‍നെറ്റ്‌ സെന്‍സറിംഗ്‌, പ്രക്ഷോഭകര്‍ക്കു നേരെയുള്ള ബലപ്രയോഗം- ഇവയെല്ലാം ഒടുവില്‍ ചെന്നെത്തുക വിപ്ലവത്തിലാണ്‌.
2) ജനുവരി 12 7.56 pm: അമേരിക്കന്‍ ഭരണകൂടമേ.... തുനീഷ്യ ഭരിക്കുന്നത്‌ ഒരു ഏകാധിപതിയാണ്‌. മനുഷ്യാവകാശവും ആവിഷ്‌കാര സ്വാതന്ത്ര്യവും വിഷയമാകുമ്പോള്‍ അയാള്‍ ഏറ്റവും നീചനായി മാറുന്നു. നിങ്ങള്‍ ഏതു ചേരിയില്‍ ചേരും?
3) ജനുവരി 13 11.40 pm: തുനീഷ്യന്‍ ടിവിയൊന്നു സ്വിച്ച്‌ ഓണ്‍ ചെയ്‌തു നോക്കൂ.... കാര്‍ട്ടൂണുകള്‍.. അറബ്‌ സ്റ്റേറ്റുകളിലെ മാധ്യമങ്ങളും ജനങ്ങളും തമ്മിലെ വ്യത്യാസം നിനക്കവിടെ കാണാം.
4) ജനുവരി 14 6.07 pm: തുനീഷ്യയിലെ സഹോദരീ സഹോദരന്മാരേ..... നിങ്ങള്‍ ചരിത്രസൃഷ്‌ടിയുടെ പടിവാതില്‍ക്കലാണ്‌. തിരിഞ്ഞുനോക്കുകയേ അരുത്‌.
5) ജനുവരി 14 10.59 pm: തുനീഷ്യന്‍ സമൂഹമേ.......ഒരായിരം അഭിവാദ്യങ്ങള്‍. മുമ്പേ പോയവര്‍ നിങ്ങള്‍..... തൊട്ടു പിറകേ ഞങ്ങളുമുണ്ട്‌.
6) ജനുവരി 16 2.59 pm: സുരക്ഷാസേനയെ ഉപയോഗിച്ച്‌ പൗരന്മാരെ അടിച്ചമര്‍ത്തി രാജ്യത്ത്‌ സ്ഥിരത കൊണ്ടുവന്ന്‌ ഗവണ്‍മെന്റുകള്‍ ഇനിയും സ്വയം വിഡ്‌ഢികളാകരുത്‌.
7) ജനുവരി 16 3.08 pm: അല്‍ജസീറ ഫോറം സംഘടിപ്പിച്ച അറബ്‌ മേഖലയിലെ ഇന്റര്‍നെറ്റ്‌ സ്വാതന്ത്ര്യം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആദ്യമായി ഖത്തറിലെത്തിയതിന്റെ ആനന്ദത്തിലാണ്‌ ഞാന്‍.
8) ജനുവരി 16 3.53 pm: തുനീഷ്യന്‍ വിപ്ലവത്തിന്റെ ക്രെഡിറ്റ്‌ അവകാശപ്പെട്ട്‌ രംഗത്തുവരുന്നവരെ കാണുമ്പോള്‍ ഞാന്‍ സന്തുഷ്‌ടനാണ്‌. ട്വിറ്റര്‍, ഫേസ്‌ബുക്ക്‌, ഇസ്‌ലാമിസ്റ്റുകള്‍, ഇടതുപക്ഷം..... വൈകാതെ സൈന്യവും.
9) ജനുവരി 17 1.58 pm: ഈജിപ്‌തിലെ സുരക്ഷാസേനക്കെതിരെ മുദ്രാവാക്യം വിളിച്ച്‌ പാര്‍ലമെന്റിനു മുന്നിലൂടെ കടന്നുപോകുന്ന ഒരു ഈജിപ്‌തുകാരന്‍ തനിക്കകത്ത്‌ അഗ്നി ജ്വലിപ്പിക്കുകയാണ്‌.
10) ജനുവരി 18 1.12 am: തുനീഷ്യ മുല്ലപ്പൂ വിപ്ലവം കണ്ടു. എന്നാല്‍ ഇപ്പോള്‍ ഈജിപ്‌തിലുള്ളത്‌ തേയില വിപ്ലവം.
11) ജനുവരി 22 9.46 pm: ട്വിറ്ററിലെ എന്റെ പോസ്റ്റുകള്‍ പിന്തുടരുന്നവരുടെ എണ്ണം, ഹാസ്യാത്മകമായി എഴുതുമ്പോള്‍ ഗണ്യമായി വര്‍ധിക്കുന്നതായും ഗൗരവപൂര്‍ണമായി എഴുതുമ്പോള്‍- നിര്‍ഭാഗ്യമെന്നല്ലാതെ എന്തു പറയാന്‍- വലിയ തോതില്‍ കുറയുന്നതായും കാണുന്നു. അപ്പോള്‍ പരിഹാരം ഒന്നേയുള്ളൂ: ഹാസ്യം.
12) ജനുവരി 25 1.43 am: ബന്ധുക്കളും ചങ്ങാതിമാരും മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെങ്കിലും ജനുവരി 25-ന്റെ പ്രക്ഷോഭത്തില്‍ ഞാനുമുണ്ടാകും. നിങ്ങള്‍ ആരെല്ലാം വരുന്നുണ്ട്‌?
13) ജനുവരി 25 1.57 am: ഞാന്‍ അന്തിമ തീരുമാനമെടുത്തു കഴിഞ്ഞു. ജനുവരി 25-ന്റെ പ്രക്ഷോഭത്തിന്‌ ഞാന്‍ തീര്‍ച്ചയായും വരുന്നുണ്ട്‌.
14) ജനുവരി 25 4.01 pm: ഞാന്‍ മുസ്‌ത്വഫാ മഹ്‌മൂദ്‌ മൈതാനം വിട്ടതേയുള്ളൂ. അവര്‍ ജനങ്ങളെ പ്രക്ഷോഭത്തിന്‌ അനുവദിക്കുമെന്നു തോന്നുന്നു. കിംവദന്തികള്‍ വിശ്വസിക്കാതിരിക്കുക.
15) ജനുവരി 25 5.14 pm: `ദാറുല്‍ ഹിക്‌മ'ക്കു മുന്നില്‍ അഞ്ഞൂറിലധികം ആളുകളുണ്ട്‌. പോലീസ്‌ അവരെ വളഞ്ഞിരിക്കുന്നു.
16) ജനുവരി 25 5.51 pm: മുഹന്ദിസീനില്‍ എത്ര പേരാ....!! ദയവു ചെയ്‌തു കിംവദന്തികളില്‍പെടാതെ വരൂ.
17) ജനുവരി 25 5.55 pm: ഞങ്ങള്‍ക്കു ദാറുല്‍ ഹിക്‌മയില്‍ നിന്ന്‌ പോകണം. പക്ഷേ എങ്ങോട്ട്‌?
18) ജനുവരി 25 6.34 pm: നൂറുക്കണക്കിനു പേര്‍ `ഖസ്‌ര്‍ ഐനി'യിലെ പോലീസ്‌ ഉപരോധം മറികടന്ന്‌ തഹ്‌രീര്‍ സ്‌ക്വയറിലേക്ക്‌ പോകാന്‍ ശ്രമിക്കുന്നു.
19) ജനുവരി 25 6.38 pm: പ്രക്ഷോഭങ്ങളെല്ലാം തണ്ണിമത്തന്‍ പോലെയാണ്‌. ഞാന്‍ മുറിച്ചു നോക്കിയത്‌ പാകമാകാത്ത ഒന്നായിരുന്നോ?!!
20) ജനുവരി 25 7.15 pm: ഞങ്ങളിതാ പ്രക്ഷോഭം ആരംഭിച്ചുകഴിഞ്ഞു.
21) ജനുവരി 25 7.16 pm: ഞങ്ങളെ പോലീസ്‌ മൃഗീയമായി പ്രഹരിച്ചു.
22) ജനുവരി 25 7.18 pm: ഞങ്ങളിപ്പോള്‍ ഒരു ഗ്യാസ്‌ സ്റ്റേഷനില്‍ തടഞ്ഞുവെക്കപ്പെട്ടിരിക്കുകയാണ്‌.
23) ജനുവരി 25 7.19 pm: ഡയറക്‌ടര്‍ അംറ്‌ സലാമയെ പോലീസ്‌ ക്രൂരമായി മര്‍ദിച്ച്‌ അറസ്റ്റു ചെയ്‌തു.
24) ജനുവരി 25 7.29 pm: പോലീസ്‌ മര്‍ദനത്തിനു ശേഷവും ഉപരോധം തകര്‍ത്ത ഞങ്ങളിപ്പോള്‍ പട്ടണമധ്യത്തിലെ തെരുവുകളിലൂടെ മാര്‍ച്ച്‌ ചെയ്യുകയാണ്‌. ഞങ്ങള്‍ നൂറുക്കണക്കിനു പേരുണ്ട്‌.
25) ജനുവരി 25 7.39 pm: സുരക്ഷാപോലീസ്‌ തീര്‍ത്തും അപ്രത്യക്ഷമാണിവിടെ. അവരെന്തോ സന്നാഹത്തിലാണെന്നു തോന്നുന്നു. കോര്‍ണിഷിനു നേരെയാണ്‌ സഞ്ചരിക്കുന്നത്‌.
26) ജനുവരി 25 7.57 pm: പട്ടണമധ്യത്തില്‍ വെച്ച്‌ ശൈഖ്‌ ഖറദാവി കാറിലിരിക്കുന്നതു കണ്ടു. അദ്ദേഹത്തെ അഭിവാദ്യം ചെയ്‌തു.
27) ജനുവരി 25 8.00 pm: ഞങ്ങള്‍ തഹ്‌രീര്‍ സ്‌ക്വയറില്‍ എത്താറായി. ഭക്ഷണം, സ്വാതന്ത്ര്യം, അന്തസ്സ്‌ ഇതാണ്‌ ഞങ്ങളുടെ മുദ്രാവാക്യം.
28) ജനുവരി 25 8.06 pm: തഹ്‌രീറില്‍ ഇപ്പോള്‍ ആയിരക്കണക്കിനാളുകളുണ്ട്‌.
29) ജനുവരി 25 8.12 pm: എല്ലാവരും ഉടനെ തഹ്‌രീറിലേക്കു വരൂ. ഞങ്ങള്‍ക്ക്‌ നിങ്ങളെ ആവശ്യമുണ്ട്‌. പതിനായിരത്തില്‍ കുറയില്ല ഇപ്പോള്‍ ഞങ്ങള്‍. അധികം പോലീസുമില്ല.
30) ജനുവരി 25 8.17 pm: പതിനായിരങ്ങള്‍ ഇപ്പോള്‍ തഹ്‌രീറിലേക്കു മാര്‍ച്ച്‌ ചെയ്യുകയാണ്‌. ഞങ്ങള്‍ ഇരുപതിനായിരത്തിലധികം വരും. പോലീസില്ല.
31) ജനുവരി 25 8.29 pm: തഹ്‌രീറിലേക്കു വരൂ....... പ്ലീസ്‌
32) ജനുവരി 26 2.50 am: എനിക്ക്‌ ഒന്നും പറ്റിയിട്ടില്ല. വീട്ടില്‍ വന്നു കയറിയതേയുള്ളൂ. അല്‍പനിമിഷങ്ങള്‍ക്കകം പ്രക്ഷോഭത്തിലേക്കു മടങ്ങിപ്പോകും. വിവരങ്ങളാരാഞ്ഞവര്‍ക്കു നന്ദി.
33) ജനുവരി 26 2.50 am: നിരവധി പോലീസ്‌ ഓഫീസര്‍മാരുമായി ഞാന്‍ സംഭാഷണം നടത്തി. സത്യത്തില്‍, അവരെക്കുറിച്ചുള്ള ധാരണതന്നെ ഞാന്‍ തിരുത്തി. അവരില്‍ ഭൂരിഭാഗവും ഉന്നതരായ മനുഷ്യരാണ്‌.
34) ജനുവരി 26 2.51 am: ഇന്ന്‌, ഈജിപ്‌തുകാര്‍ തഹ്‌രീറിലെ തെരുവുകള്‍ വൃത്തിയാക്കുകയായിരുന്നു. ഉത്തരവാദിത്വബോധമുള്ള, മുപ്പതിനായിരത്തിലധികം വരുന്ന യഥാര്‍ഥ ഈജിപ്‌തുകാരെ കണ്ട്‌ ഞാന്‍ വിസ്‌മയിച്ചുപോയി.
35) ജനുവരി 26 2.54 am: ഞാന്‍ ഈജിപ്‌തുകാരനാണ്‌. ഞാനിന്ന്‌ പ്രക്ഷോഭത്തിലുണ്ടായിരുന്നു. ട്വിറ്ററില്‍ എന്റെ അഭിപ്രായം രേഖപ്പെടുത്താനുള്ള അവകാശം എനിക്ക്‌ സംരക്ഷിക്കേണ്ടതുണ്ട്‌.
36) ജനുവരി 26 3.40 am: അല്‍ജസീറയിലെ ഒരു സുഹൃത്തിന്‌ മനസ്സിലാവുന്നില്ല, ജനുവരി 25-ലെ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ യഥാര്‍ഥത്തില്‍ ആരാണെന്ന്‌!! ഞാന്‍ പറഞ്ഞു: അത്‌ ഈജിപ്‌തിലെ ഇന്റര്‍നെറ്റ്‌ തലമുറ.
37) ജനുവരി 26 3.46 am: പ്രക്ഷോഭത്തിന്റെ പിതൃത്വം അവകാശപ്പെട്ടും ഞങ്ങള്‍ക്കുവേണ്ടി സംസാരിച്ചും രംഗത്തുവരുന്ന രാഷ്‌ട്രീയക്കാരേ...... പോയി തുലയ്‌.... ജനുവരി 25 ഞങ്ങളുടേത്‌ മാത്രമാണ്‌.
38) ജനുവരി 26 4.04 am: ട്വിറ്ററും കൂടെ പല സൈറ്റുകളും അവര്‍ ബ്ലോക്ക്‌ ചെയ്‌തു. തഹ്‌രീര്‍ സ്‌ക്വയറില്‍ നെറ്റ്‌വര്‍ക്ക്‌ കവറേജില്ല. പ്രക്ഷോഭകര്‍ക്ക്‌ ജനങ്ങളോട്‌ ആശയവിനിമയം നടത്താനാവുന്നില്ല.
39) ജനുവരി 26 4.15 am: ജനുവരി 25-നു ശേഷമുള്ള ഈജിപ്‌ത്‌ അതിനുമുമ്പുള്ള ഈജിപ്‌ത്‌ പോലെ ആയിക്കൂടാ. ഇന്ന്‌ ഞങ്ങള്‍ പലതും തെളിയിച്ചിരിക്കുന്നു.
40) ജനുവരി 26 4.16 am: തഹ്‌രീര്‍ സ്‌ക്വയറിലേക്കു പോവുകയാണ്‌ ഞാനിപ്പോള്‍. കയ്‌റോയുടെ തെരുവുകളിലുറങ്ങുമ്പോള്‍, ലക്ഷക്കണക്കായ സഹപൗരന്മാരുടെ വേദന ഞാനും അനുഭവിച്ചറിയുന്നു.
41) ജനുവരി 26 5.06 am: തഹ്‌രീറിലെ അവസ്ഥ ഇപ്പോള്‍ നിയന്ത്രണാതീതമാണ്‌. പാലത്തിനു മുകളില്‍നിന്ന്‌ പോലീസ്‌ വാഹനത്തിനു മുകളിലേക്ക്‌ വലിയ ലോഹത്തകിടുകള്‍ എറിയാന്‍ ശ്രമിച്ച ക്ഷുഭിതരായ രണ്ടുപേരെ ഞാന്‍ തടഞ്ഞു.
42) ജനുവരി 26 6.37 pm: ഫേസ്‌ബുക്കിന്റെ വേഗത ഈജിപ്‌തില്‍ വല്ലാതെ കുറഞ്ഞിരിക്കുന്നു. വൈകാതെ ആ സൈറ്റ്‌ ബ്ലോക്ക്‌ ചെയ്യപ്പെടുമെന്ന്‌ തോന്നുന്നു.
43) ജനുവരി 26 6.46 pm: ഈജിപ്‌ത്‌ തുനീഷ്യ പോലെയല്ല. ഞങ്ങള്‍ സ്ഥൈര്യമുള്ളവരാണ്‌. പക്ഷേ, ജനുവരി 25-ലെ പ്രക്ഷോഭം നിമിത്തം ഫേസ്‌ബുക്കും ട്വിറ്ററും തടയപ്പെട്ടതില്‍ വിഷമം തോന്നുന്നു.
44) ജനുവരി 26 6.49 pm: ഈജിപ്‌ഷ്യന്‍ ഗവണ്‍മെന്റ്‌ മൗഢ്യം നിറഞ്ഞ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. കൂടുതല്‍ പേരെ പ്രക്ഷോഭത്തിലേക്ക്‌ തള്ളിവിടാനല്ലാതെ അത്‌ ഉപകരിക്കില്ല.
45) ജനുവരി 26 6.59 pm: ട്വിറ്ററിനെയും ഫേസ്‌ബുക്കിനെയും ഭീതിയോടെ കാണുന്ന ഒരു ഭരണകൂടം വയലേലകള്‍ നിറഞ്ഞ ഒരു സിറ്റി ഭരിച്ചോട്ടെ, ഈജിപ്‌തിനെപ്പോലൊരു രാജ്യം അവര്‍ ഭരിക്കേണ്ട.
46) ജനുവരി 26 8.48 pm: എല്ലാ ഈജിപ്‌തുകാരും അറിയുക.... ഈ സന്ദിഗ്‌ധവേളയിലെ മൗനം വലിയൊരു കുറ്റകൃത്യമാണ്‌.
47) ജനുവരി 27 6.00 am: ഇന്റര്‍നെറ്റ്‌ ഈജിപ്‌തിന്റെ രാഷ്‌ട്രീയ രംഗത്തെ മാറ്റിമറിക്കുമെന്ന്‌ ഒരു വര്‍ഷം മുമ്പ്‌ ഞാന്‍ പറഞ്ഞപ്പോള്‍ പല സുഹൃത്തുക്കളും എന്നെ പരിഹസിച്ചു.
48) ജനുവരി 27 11.33 am: ഇന്റര്‍നെറ്റ്‌ ഈജിപ്‌ഷ്യന്‍ ജനതക്കുള്ള അല്ലാഹുവിന്റെ സമ്മാനമാണ്‌.
49) ജനുവരി 28 3.18 am: ഫേസ്‌ബുക്കും ട്വിറ്ററും എസ്‌.എം.എസും ഞങ്ങള്‍ക്ക്‌ തിരിച്ചുകിട്ടിയേ തീരൂ. സ്വതന്ത്ര സംസാരം തടയുന്നതും ഒരു കുറ്റകൃത്യമാണ്‌.
50) ജനുവരി 28 3.37 am: ഈജിപ്‌തിനുവേണ്ടി പ്രാര്‍ഥിക്കുക. നാളെ ജനങ്ങളെ ആക്രമിക്കാന്‍ ഗവണ്‍മെന്റ്‌ പദ്ധതിയിടുന്നുവെന്ന്‌ അറിഞ്ഞപ്പോള്‍ വല്ലാത്ത വിഷമം. ഞങ്ങളെല്ലാവരും മരിക്കാന്‍ തയാറാണ്‌.
51) ഫെബ്രുവരി 7 11.34 pm: സ്വാതന്ത്ര്യം പൊരുതി നേടേണ്ട ഒരു അനുഗ്രഹമാണ്‌.
52) ഫെബ്രുവരി 8 7.02 am: പന്ത്രണ്ടു ദിവസമായി കൂരിരുട്ടല്ലാതെ മറ്റൊന്നും കാണുന്നില്ലെങ്കില്‍ പ്രാര്‍ഥിച്ചു കൊണ്ടേയിരിക്കുക. പുറംനാട്ടുകാര്‍ നിങ്ങളെ സ്‌മരിച്ചുകൊണ്ടേയിരിക്കുക.
53) ഫെബ്രുവരി 8 6.25 pm: തഹ്‌രീര്‍ സ്‌ക്വയറിലേക്കുള്ള വഴി അടച്ചിരിക്കുകയാണ്‌. ഞങ്ങളവിടെ കടക്കാന്‍ ശ്രമിക്കുകയാണ്‌. ഈജിപ്‌ത്‌ ചരിത്രം സൃഷ്‌ടിക്കുകയാണ്‌.
54) ഫെബ്രുവരി 8 11.33 pm: ഈജിപ്‌തുകാരേ..... പരാജയം എന്ന ഒരു ഓപ്‌ഷന്‍ ഇപ്പോള്‍ നിങ്ങളുടെ മുമ്പിലില്ല.
55) ഫെബ്രുവരി 9 6.14 am: വിദേശത്തുള്ള എല്ലാ ഈജിപ്‌തുകാരെയും ഞാന്‍ ക്ഷണിക്കുന്നു. അവര്‍ക്ക്‌ തിരിച്ചുവരാനും നാട്ടിലെ സഹോദരീ-സഹോദരന്മാര്‍ക്കൊപ്പം ചേരാനുമുള്ള സമയമാണിത്‌.
56) ഫെബ്രുവരി 9 10.11 am: ഇത്‌ സംഭാഷണങ്ങള്‍ക്കുള്ള വേളയല്ല. പ്രത്യുത, ഈജിപ്‌ഷ്യന്‍ യുവതയുടെ ആവശ്യങ്ങള്‍ക്ക്‌ ശക്തി പകരാനും അവ അംഗീകരിക്കാനുമുള്ള സമയമാണിത്‌.
57) ഫെബ്രുവരി 9 10.59 am: ഒരു പട്ടാള ഓഫീസര്‍ ഇപ്പോള്‍ എന്നെ വിളിച്ചു പറഞ്ഞു, പ്രക്ഷോഭകര്‍ക്കുനേരെ അലക്ഷ്യമായി വെടിവെക്കാന്‍ അല്‍ആദ്‌ലി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന്‌ അയാള്‍ ആ ഉദ്യോഗംതന്നെ ഒഴിവാക്കിയെന്ന്‌.
58) ഫെബ്രുവരി 9 8.28 pm: ജനറല്‍ ഉമര്‍ സുലൈമാന്റെ അഭിമുഖത്തോടുള്ള പ്രതികരണമാരാഞ്ഞ്‌ സി.എന്‍.എന്‍ ഇന്ന്‌ എന്നെ ഇന്റര്‍വ്യൂ ചെയ്‌തു.
59) ഫെബ്രുവരി 9 9.04 pm: 300 ഈജിപ്‌തുകാര്‍ക്ക്‌ അനുശോചനം രേഖപ്പെടുത്താന്‍ സംഘടിപ്പിക്കുന്ന രക്തസാക്ഷികളുടെ വെള്ളിയാഴ്‌ച ദിനാചരണം ലോകത്തിലെ ഏറ്റവും വലിയ വിലാപസംഗമമായിരിക്കുമെന്ന്‌ ഞാന്‍ പ്രതീക്ഷിക്കുന്നു.
60) ഫെബ്രുവരി 10 8.42 am: അവരുടെ അവസാനവരി കുറിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്‌. പേജ്‌ മറിക്കാറായി. അതാ.... അവരുടെ കൈയില്‍നിന്ന്‌ തൂലിക താഴെ വീഴുന്നു. നാം അത്‌ എടുക്കുകയായി. ഇനി നമ്മള്‍ സ്വന്തം കൈകളാല്‍ നമ്മുടെ ഭാവി വരക്കാന്‍ പോവുകയാണ്‌.
61) ഫെബ്രുവരി 10 11.29 am: മറ്റ്‌ ആക്‌ടിവിസ്റ്റുകള്‍ക്കൊപ്പം, മില്യന്‍ കണക്കായ ഈജിപ്‌തുകാരെ പ്രതിനിധീകരിച്ച്‌ പ്രക്ഷോഭകരുടെ ആവശ്യങ്ങള്‍ ഈജിപ്‌ഷ്യന്‍ ഗവണ്‍മെന്റുമായി പങ്കുവെക്കാന്‍ നിയോഗിക്കപ്പെട്ടത്‌ എനിക്കു ലഭിച്ച വലിയൊരു അംഗീകാരമായിരുന്നു.
62) ഫെബ്രുവരി 10 12.42 pm: ഈജിപ്‌തുകാരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്‌കൃതമാകുന്ന മുറക്ക്‌, ഞാന്‍ സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങിപ്പോകുമെന്നും ഒരുവിധ രാഷ്‌ട്രീയത്തിലും പിന്നീട്‌ ഇടപെടില്ലെന്നും സര്‍വ ഈജിപ്‌തുകാര്‍ക്കും ഞാന്‍ വാക്കു തരുന്നു.
63) ഫെബ്രുവരി 10 4.19 pm: കയ്‌റോയില്‍ മഴ പെയ്യാന്‍ തുടങ്ങി. ഞാന്‍ ശുഭാപ്‌തി വിശ്വാസിയാണ്‌. ആകാശത്തിന്റെ സന്തോഷാശ്രുവാണത്‌.
64) ഫെബ്രുവരി 10 9.01 pm: ദൗത്യം പൂര്‍ത്തിയായി. ധീരരായ സര്‍വ ഈജിപ്‌ഷ്യന്‍ യുവതക്കും നന്ദി.
65) ഫെബ്രുവരി 10 9.06 pm: ഈജിപ്‌ത്‌ നീണാള്‍ വാഴട്ടെ.
66) ഫെബ്രുവരി 10 9.19 pm: സുഹൃത്തുക്കളേ...... അധികം ഊഹങ്ങളൊന്നും ഇപ്പോള്‍ വേണ്ട. എല്ലാം കാത്തിരുന്നു കാണുക.
67) ഫെബ്രുവരി 11 4.40 pm: മൂന്നു ദിവസമായി ഞാന്‍ ഒരു മണിക്കൂര്‍പോലും ഉറങ്ങിയിട്ടില്ല.
68) ഫെബ്രുവരി 11 5.50 pm: മീഡിയക്കു ഇനി അഭിമുഖം നല്‍കില്ല. എന്റെ സഹപൗരന്മാരുമായി ഇനി ഞാന്‍ ഫേസ്‌ബുക്കില്‍ സംവദിക്കാം.
69) ഫെബ്രുവരി 11 6.13 pm: പ്രസിഡന്റ്‌ മുബാറക്‌, താങ്കളുടെ അന്തസ്സിന്‌ ഇനിയൊരു പ്രാധാന്യവുമില്ല. ഈജിപ്‌തുകാരുടെ രക്തത്തിന്‌ അതുണ്ട്‌. ഇപ്പോള്‍തന്നെ നാടുവിട്ടുകൊള്ളുക.
70) ഫെബ്രുവരി 11 7.23 pm: പാശ്ചാത്യഭരണകൂടങ്ങളേ.... ഞങ്ങളെ അടിച്ചമര്‍ത്തിയ ഭരണകൂടത്തെ പിന്തുണച്ച്‌ 30 വര്‍ഷം നിങ്ങള്‍ മൗനമായിരുന്നു. ഇനിയിപ്പോള്‍ ഇടപെടാന്‍ വരണമെന്നില്ല.
71) ഫെബ്രുവരി 11 9.43 pm: ഈജിപ്‌ത്‌........ നീ ശാന്തയായിരിക്കുന്നതില്‍ അല്ലാഹുവിന്‌ സ്‌തുതി. ഈ വേള നമുക്ക്‌ അറബ്‌ ലീഗിന്റെ അങ്കണത്തില്‍ ആഘോഷിക്കാം.
72) ഫെബ്രുവരി 11 10.49 pm: എന്റെ പുസ്‌തകത്തിനായി കാത്തിരിക്കുക Revolution 2.0
73) ഫെബ്രുവരി 11 11.23 pm: അവര്‍ ഞങ്ങളോട്‌ കള്ളം പറഞ്ഞു, ഈജിപ്‌ത്‌ 30 വര്‍ഷം മുമ്പ്‌ മരിച്ചുവെന്ന്‌. പക്ഷേ, ദശലക്ഷക്കണക്കായ ഈജിപ്‌തുകാര്‍ അന്വേഷിക്കാന്‍ തീരുമാനിച്ചു. 18 നാളുകള്‍ക്കകം അവര്‍ സ്വദേശം കണ്ടെത്തുകയും ചെയ്‌തു.
74) ഫെബ്രുവരി 11 11.36 pm: മുഹമ്മദ്‌ അല്‍ബറാദഇയോട്‌ എനിക്ക്‌ നന്ദിയുണ്ട്‌. ഈജിപ്‌തിലേക്കുള്ള അദ്ദേഹത്തിന്റെ വരവാണ്‌ ഈജിപ്‌തിനെ പരിവര്‍ത്തിപ്പിക്കുന്നതില്‍ എന്നെ തല്‍പരനാക്കിയത്‌.
75) ഫെബ്രുവരി 12 00.21 am: ഈ വിപ്ലവത്തിന്റെ മുഖമായി ദയവുചെയ്‌ത്‌ എന്നെ പ്രതിഷ്‌ഠിക്കരുത്‌. അത്‌ ശരിയല്ല. യഥാര്‍ഥത്തില്‍, സര്‍വ ഈജിപ്‌തുകാരുമാണ്‌ ഈ വിപ്ലവത്തിന്റെ മുഖം.
76) ഫെബ്രുവരി 12 4.00 am: നിദ്രയെ പുല്‍കിയ രക്തസാക്ഷീ..... ആനന്ദിച്ചുകൊള്ളുക. നീ സ്വര്‍ഗത്തിലാണ്‌; ഹുസ്‌നീ മുബാറക്‌ നരകത്തിലും.
77) ഫെബ്രുവരി 12 4.08 am: നമ്മുടെ ദേശത്തിന്റെ പുനര്‍നിര്‍മാണത്തിനായി 100 ബില്യന്‍ ഈജിപ്‌ഷ്യന്‍ പൗണ്ട്‌ ഈജിപ്‌തുകാരില്‍നിന്ന്‌ സമാഹരിക്കാം. ഒരു ബിസിനസ്സുകാരനോട്‌ ഞാന്‍ സംസാരിച്ചു. ഒരു ബില്യന്‍ നല്‍കാന്‍ അദ്ദേഹം തയാറാണ്‌.
78) ഫെബ്രുവരി 12 6.37 am: എന്റെ ഹൃദയവും പ്രാര്‍ഥനയും അള്‍ജീരിയയിലെ സഹോദരീ സഹോദരന്മാര്‍ക്കൊപ്പം.
79) ഫെബ്രുവരി 12 6.37 am: സുപ്രഭാതം...... ഈജിപ്‌ത്‌. മുപ്പതുവര്‍ഷമായല്ലോ എനിക്ക്‌ നിന്നെ നഷ്‌ടമായിട്ട്‌.
[email protected]


 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly