Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


ഇതാണ്‌ രാഷ്‌ട്രീയം
ഇഹ്‌സാന്‍

കഴിഞ്ഞ വര്‍ഷം നവംബറില്‍ ന്യൂദല്‍ഹിയില്‍ ഇന്ത്യാ ടുഡെ നടത്തിയ ചടങ്ങിനിടെ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക്‌ ഒരു മോഹം. അച്യുതാനന്ദന്റെ ചുമലില്‍ കൈയിട്ട്‌ നിന്ന്‌ ഫോട്ടോയെടുക്കാന്‍. മാധ്യമപ്രവര്‍ത്തകര്‍ നോക്കിനില്‍ക്കെ തന്റെ പല്ലു മുഴുവനും പുറത്തു കാണാവുന്ന ചിരിയുമായി മോഡി അച്യുതാനന്ദനെ ചേര്‍ത്തു പിടിച്ചു. സംഭവിക്കാന്‍ പോകുന്നത്‌ എന്താണെന്ന്‌ തിരിച്ചറിഞ്ഞ അച്യുതാനന്ദന്‍ അടുത്ത നിമിഷം ആ കൈ തട്ടിമാറ്റി, പകരം രണ്ട്‌ ഉദ്യോഗസ്ഥരെ മോഡിയുടെ അടുത്തേക്ക്‌ ചേര്‍ത്തു നിര്‍ത്തി ഏതാണ്ട്‌ അങ്ങോരെ വഷളാക്കുന്നതു പോലെ ആ ഫോട്ടോയെടുപ്പില്‍ നിന്ന്‌ രക്ഷപ്പെട്ടു. മോഡിയുടെ തല കണ്ടാല്‍ ഈച്ച പൊതിയുന്നതു പോലെ ആര്‍ക്കുന്ന മാധ്യമപ്പടക്ക്‌ ഈ ദൃശ്യം ഒട്ടും സുഖിച്ചില്ലെന്നതോ പോകട്ടെ, അതിനകത്ത്‌ കൃത്യമായ ഒരു രാഷ്‌ട്രീയമുണ്ടെന്നു പോലും അവര്‍ക്ക്‌ തിരിച്ചറിയാനായില്ല. ചിലരെങ്കിലും ഈ സംഭവത്തെ അധിക്ഷേപിച്ചെഴുതി. പ്രായോഗിക രാഷ്‌ട്രീയ രംഗത്ത്‌ മലയാളികളുടെ മുഖ്യമന്ത്രിയെ വേറിട്ടു നിര്‍ത്തുന്ന ഘടകമാണതെന്ന്‌ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ തിരിച്ചറിയാന്‍ കഴിയാത്തതായിരുന്നു പ്രശ്‌നം. മോഡിക്കെതിരെ അങ്ങാടിയില്‍ നിലപാടെടുക്കുകയും അത്താഴമേശയില്‍ ഒന്നിച്ചിരിക്കുകയും ചെയ്യുന്ന കാപട്യമാണല്ലോ ബാക്കിയുള്ള നേതാക്കളുടേത്‌. ആശയപരമായ ഭിന്നത എന്താണെന്ന്‌ ഇന്ന്‌ പൊതുജനത്തിന്‌ ഈ നേതാക്കളെ നോക്കി തീരുമാനിക്കാന്‍ കഴിയാതായിരിക്കുന്നു. ബി.ജെ.പിയും കോണ്‍ഗ്രസും സി.പി.എമ്മും വരെ അവസരത്തിനൊത്ത്‌ പരസ്‌പരം പാലങ്ങളായി നില്‍ക്കുന്ന കാലത്താണ്‌ അച്യുതാനന്ദന്‍ മാത്രം വേറിട്ടൊരു വഴിയിലൂടെ പോകുന്നത്‌. പ്രധാനമന്ത്രി വലിയവനാണെന്ന്‌ വെച്ച്‌ മുഖ്യമന്ത്രി കുനിയണമെന്ന്‌ പറഞ്ഞാല്‍ അത്‌ വാപൊത്തി അംഗീകരിക്കാന്‍ ഉമ്മന്‍ ചാണ്ടിമാരെ കിട്ടിയേക്കുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഈയടുത്ത കാലത്ത്‌ മലയാളിയുടെ ആത്‌മാഭിമാനമുയര്‍ത്തിയ ഏറ്റവും നല്ല പ്രസ്‌താവനകളിലൊന്നായിരുന്നു.
ചില അസാധാരണമായ പ്രയോഗങ്ങളാണ്‌ ഈ വിവാദത്തെ ശ്രദ്ധേയമാക്കുന്നത്‌. രാജ്യസഭാംഗമായ പ്രധാനമന്ത്രി എന്നും ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രി എന്നുമുള്ള അച്യുതാനന്ദന്റെ പ്രയോഗങ്ങള്‍ ശ്രദ്ധിക്കുക. പറഞ്ഞത്‌ ഭംഗിവാക്കുകളുടെ മേമ്പൊടിയോടെയാണെങ്കിലും പറയാനുള്ളത്‌ അദ്ദേഹം കൃത്യമായി പറഞ്ഞിരിക്കുന്നു. ജനാധിപത്യത്തില്‍ ജനങ്ങള്‍ തന്നെയാണ്‌ വലുതെന്നും കസേരകളല്ലെന്നും. ഇത്‌ പറയാനായിരുന്നില്ലെങ്കില്‍ രാജ്യസഭയുടെ കാര്യം വലിച്ചിഴക്കേണ്ട ഒരു ആവശ്യവുമുണ്ടായിരുന്നില്ല. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ജുഡീഷ്യറി മുതലായ പദങ്ങള്‍ ഒരു ഭാഗത്ത്‌ അവയുടെ ഭരണഘടനാപരമായ തത്ത്വങ്ങളുടെ മാത്രം പിന്‍ബലത്തില്‍ ആദരവ്‌ നേടുന്ന കാലമാണിത്‌. പ്രവൃത്തിതലത്തില്‍ അവയെ നെഞ്ചിലേറ്റുന്ന ഇന്ത്യക്കാരുടെ എണ്ണം നാള്‍ ചെല്ലുന്തോറും കുറഞ്ഞു വരികയാണ്‌. എന്നാല്‍ ഇവയുടെ കാര്യത്തില്‍ പരമപൂജനീയമായ നിലപാടുകളേ പാടുള്ളൂവെന്നാണ്‌ പ്രതിപക്ഷ നേതാവിന്റെ നിലപാട്‌. അധികാരത്തിന്റെ വലിപ്പം നോക്കി കസേരകള്‍ എന്തു ചെയ്‌താലും അവയുടെ മഹത്വം പരിഗണിച്ച്‌ തിരുവായ്‌ക്ക്‌ എതിര്‍വാ പറയാതെ റാന്‍ മൂളിക്കൊണ്ടേയിരിക്കണമെന്ന്‌. പ്രധാനമന്ത്രി വന്ദിക്കപ്പെടേണ്ട പ്രതീകമാണെങ്കില്‍ അദ്ദേഹം എന്തിനെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌ എന്ന ചോദ്യം ഇതിലടങ്ങിയിട്ടുണ്ട്‌. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ വര്‍ണശബളമായി പ്രതിഫലിപ്പിക്കേണ്ട ഒരു ചടങ്ങിനെ കുറിച്ച സര്‍ക്കാര്‍ അറിയിപ്പില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഫോട്ടോ കയറിക്കൂടിയ സാഹചര്യം ഉണ്ടായതെങ്ങനെ? അതെ കുറിച്ച്‌ ഉമ്മന്‍ ചാണ്ടി മൗനം പാലിക്കുന്നിടത്താണ്‌ കുഴപ്പം. കേരളത്തിന്റെ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കുമില്ലാത്ത എന്ത്‌ മഹത്വമാണ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷക്ക്‌? അതിലേറെ ദയനീയമാണ്‌ കേന്ദ്ര ഊര്‍ജ സഹമന്ത്രി വേണുഗോപാലിന്റെ പടം വരുന്നത്‌. വല്ലാര്‍പാടം പ്രൊജക്‌ടിന്റെ കാര്യത്തില്‍ കേരളസര്‍ക്കാറിനില്ലാത്ത എന്ത്‌ പങ്കാണ്‌ കഴിഞ്ഞ മാസം മാത്രം മന്ത്രിക്കുപ്പായമിട്ട ഈ വേണുഗോപാലിന്‌ ഉണ്ടായിരുന്നത്‌? പ്രശ്‌നം അവിടം കൊണ്ടും അവസാനിക്കുന്നില്ല. പ്രധാനമന്ത്രിയുടേയും വേണുഗോപാലിന്റേയും പോലുള്ള കസേര കേരളത്തിലുമുണ്ടെന്നും അവയ്‌ക്കുമുണ്ട്‌ മിനിമം മഹത്വമെന്നും ഉമ്മന്‍ ചാണ്ടി മറച്ചു പിടിക്കുക കൂടിയാണ്‌. അത്‌ മലയാളികളോടുള്ള ധിക്കാരമാണെന്നതില്‍ രണ്ടില്ല പക്ഷം.
പ്രധാനമന്ത്രിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കുന്നതിലേക്കും ഒടുവില്‍ പ്രധാനമന്ത്രി മാപ്പു പറയുന്നിടത്തേക്കും കാര്യങ്ങളെത്തിച്ചത്‌ കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ ബുദ്ധിമോശമാണെന്ന്‌ പറയാതെ വയ്യ. വല്ലാര്‍പാടത്ത്‌ മുഖ്യമന്ത്രിയുടെ പേര്‌ കൊത്തിവെച്ചിരുന്നുവെങ്കില്‍ അത്‌ പ്രത്യേകിച്ച്‌ എന്തെങ്കിലും ദോഷം ഉണ്ടാക്കുമായിരുന്നില്ല. അതേസമയം ന്യൂദല്‍ഹിയില്‍ നിന്നുള്ള ആരുടെയോ `പ്രത്യേക താല്‍പര്യ'മനുസരിച്ച്‌ സംസ്ഥാന ഗവര്‍ണറെ മുതല്‍ മന്ത്രിമാരെ വരെ ഫലകങ്ങളിലും പരസ്യങ്ങളിലും വെട്ടിയൊതുക്കിയവര്‍ അനാവശ്യമായി വാര്‍ത്ത സൃഷ്‌ടിക്കുകയാണ്‌ ചെയ്‌തത്‌. ഈ ചടങ്ങില്‍ ആര്‍ജവത്തോടെ പ്രസംഗിച്ച മുഖ്യമന്ത്രി മലയാളി എന്ന വികാരത്തെ ക്ഷണനേരം കൊണ്ട്‌ പൊലിപ്പിച്ചെടുത്തു. എന്തായാലും തന്റെ സഭയുടെ അവസാനത്തെ സമ്മേളനത്തില്‍ പറന്നടിച്ചാണ്‌ വി.എസ്‌ എതിരാളികളെ ആഞ്ഞുവെട്ടിയതെന്ന്‌ എടുത്തു പറയാതെ വയ്യ. പറയാനുള്ളത്‌ അദ്ദേഹം കൃത്യമായി പറയുകയാണ്‌. ബാലകൃഷ്‌ണ പിള്ള കേസിനു ശേഷം `പൊതുമുതല്‍ കട്ടുതിന്നവരുടെ' കാര്യത്തില്‍ അച്യുതാനന്ദന്‍ നടത്തിയതു പോലൊരു പരാമര്‍ശം പൊതുസമൂഹത്തിനു മുമ്പാകെ വെക്കാന്‍ ആര്‍ജവമുള്ള മറ്റൊരു നേതാവ്‌ ഇനിയും കേരളത്തില്‍ ജനിച്ചിട്ടു വേണം.
അഴിമതി, വ്യഭിചാരം, അല്‍പ്പത്തം മുതലായവയിലൊക്കെയും കൂട്ടുകൃഷി നടത്തിയ കേരളത്തിലെ ഓരോ രാഷ്‌ട്രീയ സംഘടനയുടെയും തനിനിറം തുറന്നു കാണിക്കുകയാണ്‌ മുഖ്യമന്ത്രി ചെയ്‌തത്‌. സ്വന്തം പാര്‍ട്ടിയുടേതടക്കം. വിവാദങ്ങള്‍ക്കൊപ്പം സ്വന്തം ദയനീയതയും അദ്ദേഹം വരച്ചുകാട്ടി. തന്റെ പക്ഷത്തായാലും മറുപക്ഷത്തായാലും ഈ ഏപ്രിലിനു ശേഷം തങ്ങള്‍ സ്വീകരിക്കാനൊരുങ്ങുന്നത്‌ എന്തിനെയാണെന്ന്‌ ഇന്ന്‌ ഓരോ മലയാളിക്കും വ്യക്‌തമായ സൂചന ലഭിച്ചു കഴിഞ്ഞു. അച്യുതാനന്ദന്‍ കാലഘട്ടത്തിന്റെ യഥാര്‍ഥ കുഴപ്പം എന്തായിരുന്നു? വരും തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം എന്താണാവോ ജനങ്ങളെ വിശ്വസിപ്പിച്ചെടുക്കാന്‍ പോകുന്നത്‌? പരസ്‌പരം പുറം ചൊറിയുന്നവരുടെ ആണും പെണ്ണും കെട്ട രാഷ്‌ട്രീയത്തിലല്ലേ `കൂട്ടുത്തരവാദിത്ത'വും മറ്റും ജനകീയ പ്രശ്‌നങ്ങളാവുന്നത്‌?

 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly