Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       

 

മതം അധാര്‍മികതക്ക് ഹേതു ?

'മതവിശ്വാസികള്‍ പലപ്പോഴും കുറ്റം ചെയ്യാതിരിക്കുന്നത് പാപബോധം കൊണ്ടോ ദൈവശിക്ഷ ഭയന്നോ ആണ്. എല്ലാം വീക്ഷിച്ചുകൊണ്ട് മുകളില്‍ ഒരാളുണ്ടെന്ന മത സങ്കല്‍പമാണ് പലരെയും അച്ചടക്കമുള്ളതാക്കുന്നത്.
പല സല്‍ക്കര്‍മങ്ങള്‍ക്ക് പിന്നിലും സ്വര്‍ഗം, പുണ്യം, മോക്ഷം തുടങ്ങിയ മതപരമായ പ്രതീക്ഷകള്‍ പ്രകടമാണ്. ശിക്ഷ ഭയന്നും സമ്മാനം കൊതിച്ചും സ്വീകരിക്കുന്ന വ്യാജ നിലപാടായി പലപ്പോഴും മതവിശ്വാസിയുടെ ധാര്‍മികത പരിമിതപ്പെടുന്നു. സര്‍ക്കസ് കൂടാരത്തില്‍ വന്യമൃഗങ്ങളെ അഭ്യാസം പരിശീലിപ്പിക്കുന്നതും ഇതേ ശിക്ഷ-സമ്മാന പദ്ധതിയിലൂടെയാണ്. നേര്‍വഴിക്ക് നയിക്കാന്‍ ദൈവം വേണമെന്ന വാശിയുടെ ഒരു കാരണവും ഇതാകുന്നു.''
"........ മതരഹിതരിലെ ധാര്‍മിക മനഃസാക്ഷി മനുഷ്യ സഹജമായ ഒന്നാണ്. മാതാവിന് കുട്ടിയോടുള്ള സ്നേഹം, ആലംബഹീനരോടും ദരിദ്രരോടും തോന്നുന്ന ആര്‍ദ്രത, സഹജീവിക്ക് സംഭവിക്കുന്ന ആപത്ത് കണ്ടുനില്‍ക്കാനുള്ള കരുത്തില്ലായ്മ തുടങ്ങിയവയൊക്കെ ജനിതകമായ ചോദനങ്ങളുടെ ഭാഗമാകുന്നു. എന്നാല്‍ മനുഷ്യന്റെ ധാര്‍മിക ബോധം കൂടുതല്‍ മിനുസപ്പെടുത്തുന്നത് സാമൂഹിക ബന്ധങ്ങളിലൂടെയാണ്. ഇവിടെ മതം അനിവാര്യമല്ലെന്നു മാത്രമല്ല, മതബോധം പലപ്പോഴും അധാര്‍മികതക്കും അക്രമവാസനക്കും ഹേതുവായിത്തീരുകയും ചെയ്യുന്നു. കുറ്റകൃത്യങ്ങള്‍ക്ക് ബദലായി പരിഹാര കര്‍മങ്ങളും അനുഷ്ഠാനങ്ങളും മതം വാഗ്ദാനം ചെയ്യുന്നതിനാല്‍ വിശ്വാസിക്ക് പലപ്പോഴും കുറ്റബോധമില്ലാതെ തന്നെ അധാര്‍മികത പ്രവര്‍ത്തിക്കാനാവുമെന്ന സഹാചര്യമുണ്ടാകാറുണ്ട്. അഫ്ഗാനിസ്താന്‍, ഇറാഖ്, പാകിസ്താന്‍, ബംഗ്ളാദേശ്, ആഫ്രിക്കയിലെ പട്ടിണി രാജ്യങ്ങള്‍ തുടങ്ങിയ മതാധിഷ്ഠിത രാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ ഇതിന്റെ ഉദാഹരണങ്ങളാണ്.''
അമേരിക്കയിലെ പിറ്റ്സര്‍ യൂനിവേഴ്സിറ്റിയിലെ സാമൂഹിക ശാസ്ത്രജ്ഞനായ ഫില്‍സുക്കര്‍മാന്റെ 'ദൈവരഹിത സമൂഹം' എന്ന പുസ്തകത്തെ പരിചയപ്പെടുത്തി കൊണ്ട് രവിചന്ദ്രന്‍ സി 'സമകാലിക മലയാളം' വാരിക(2010 ജൂലൈ 16, പേജ് 72)യില്‍.
മതരഹിത സമൂഹത്തില്‍ ധാര്‍മികതയോടെ ജീവിക്കാമെങ്കില്‍ മതത്തിന്റെ പ്രസക്തിയെന്ത്? മുജീബിന്റെ പ്രതികരണം?
പി. അബ്ദുല്‍ ഷുക്കൂര്‍
ഇരിങ്ങാട്ടിരി, കരുവാരക്കുണ്ട്

മനുഷ്യന്‍ ആരായാലും ജന്മനാ പാപിയല്ലെന്നും ശുദ്ധ പ്രകൃതിയോടെയാണവന്‍ ജനിക്കുന്നതെന്നുമാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. ജനിച്ചു വളര്‍ന്ന സാഹചര്യങ്ങളാണ് അവനെ കുറ്റവാളിയോ പാപിയോ ആക്കുന്നതെന്നും അത് വ്യക്തമാക്കുന്നു. അതിനാല്‍ മനുഷ്യസഹജമായ ധാര്‍മികബോധം പാപങ്ങളില്‍നിന്ന് അവനെ തടയാന്‍ ഒരളവോളം പര്യാപ്തമാണ്. പക്ഷേ, വഴിതെറ്റിക്കുന്നതും തെറ്റുകള്‍ക്ക് പ്രേരിപ്പിക്കുന്നതുമായ സാഹചര്യങ്ങള്‍ എല്ലായിടത്തും എല്ലാകാലത്തും ഒരു യാഥാര്‍ഥ്യമാണെന്നത് കൊണ്ട് മനുഷ്യരെ നേര്‍വഴി കാണിക്കാനും അവരെ ധാര്‍മിക ജീവിതത്തില്‍ ഉറപ്പിച്ചുനിര്‍ത്താനുമായി മനുഷ്യര്‍ തന്നെയായ പ്രവാചകന്മാരെ ദൈവം നിയോഗിച്ചു. അവരുടെ ജീവിത മാതൃകക്കും അധ്യാപനങ്ങള്‍ക്കുമാണ് മതം എന്ന് പറയുന്നത്. ഇസ്ലാമിനെ സംബന്ധിച്ചേടത്തോളം മതം വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും അനുശാസിക്കുന്നതാണ്. ഖുര്‍ആനും പ്രവാചക ചര്യയുമാകട്ടെ ഏറ്റവും ശക്തമായി ഊന്നുന്നത് മാനസിക സംസ്കരണത്തിലാണ്. "മനസ്സിനെ സംശുദ്ധമാക്കിയവന്‍ വിജയിച്ചു. അതിനെ മലിനമാക്കിയവന്‍ പരാജയപ്പെട്ടു'' എന്ന് ഖുര്‍ആന്‍ (91:9,10) വ്യക്തമാക്കുന്നു. സംശുദ്ധമായ മാനസികാവസ്ഥയാണ് തഖ്വ. തഖ്വ എന്നാല്‍ സര്‍വജ്ഞനും സര്‍വശക്തനുമായ അല്ലാഹുവിന്റെ രക്ഷാശിക്ഷകളെക്കുറിച്ച ബോധവും ജാഗ്രതയുമാണ്. ഈ മാനസികാവസ്ഥ ആര്‍ജിച്ചെടുത്ത ആരും ചെറുതോ വലുതോ ആയ എല്ലാ കുറ്റകൃത്യങ്ങളില്‍നിന്നും പാപങ്ങളില്‍നിന്നും ബഹുദൂരം അകന്നിരിക്കും. മനുഷ്യസഹജമായ ദൌര്‍ബല്യങ്ങള്‍ മൂലം തെറ്റ് സംഭവിച്ചുപോയാല്‍ തന്നെ പെട്ടെന്ന് കുറ്റബോധമുണ്ടായി പശ്ചാത്തപിച്ചു മടങ്ങും, പിന്നീടൊരിക്കലും തെറ്റ് ആവര്‍ത്തിക്കില്ല. "അജ്ഞത മൂലം തിന്മ പ്രവര്‍ത്തിക്കുകയും ഉടനെതന്നെ പശ്ചാത്തപിക്കുകയും ചെയ്യുന്നവരുടേത് മാത്രമാണ് പശ്ചാത്താപം. അവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കും. സര്‍വജ്ഞനും യുക്തിമാനുമത്രെ അല്ലാഹു. തെറ്റുകള്‍ ചെയ്തുകൊണ്ടേയിരിക്കുകയും അങ്ങനെയിരിക്കെ മരണം ആസന്നമായാല്‍ താനിപ്പോള്‍ പശ്ചാത്തപിച്ചു എന്ന് പറയുകയും ചെയ്യുന്നവന്റേത് പശ്ചാത്താപമേ അല്ല. സത്യനിഷേധികളായി മരിക്കുന്നവര്‍ക്കും പശ്ചാത്താപം ഇല്ല. അക്കൂട്ടര്‍ക്ക് വേദനാജനകമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിരിക്കുന്നത്.'' (4:17,18).
അപ്പോള്‍ കാര്യം വ്യക്തമാണ്. തെറ്റുകളില്‍നിന്ന് പരമാവധി വിട്ടുനില്‍ക്കാനും അഥവാ തെറ്റ് ചെയ്തുപോയാല്‍ ബോധ്യപ്പെട്ട ഉടനെ പശ്ചാത്തപിക്കാനും പിന്നീടൊരിക്കലും അതിലേക്ക് മടങ്ങാതിരിക്കാനുമാണ് മതം പ്രേരിപ്പിക്കുന്നത്. അതേയവസരത്തില്‍ എത്ര കൊടും കുറ്റവാളിയാണെങ്കിലും തെറ്റ് തിരുത്താനും നന്നാവാനുമുള്ള അവസരം ദൈവം തുറന്നുവെച്ചിരിക്കുന്നു. അതിനാല്‍ യഥാര്‍ഥ വിശ്വാസി ഒരിക്കലും നിരാശനാവുകയോ ആത്മഹത്യയില്‍ അഭയം തേടുകയോ ചെയ്യേണ്ട സാഹചര്യമില്ല. ആത്മഹത്യാ പ്രവണത ഏറ്റവും കുറഞ്ഞ സമൂഹം മുസ്ലിംകളുടേതായതും യാദൃഛികമല്ല.
ദൈവത്തിലും പരലോകത്തിലും വിശ്വസിക്കാത്ത മതരഹിതന്‍ സംശുദ്ധമായ ജീവിതം നയിക്കാനുള്ള സാധ്യത വളരെ വളരെ കുറവാണ്. ചില പ്രവൃത്തികളെ അത്തരക്കാര്‍ തെറ്റായി കാണുന്നില്ല എന്നതാണ് വസ്തുത. മദ്യപാനം, ഉഭയ സമ്മതത്തോടെയുള്ള വ്യഭിചാരം, ഗര്‍ഭഛിദ്രം, സ്വവര്‍ഗരതി, നഗ്നതാ പ്രദര്‍ശനം, പലിശ, ഊഹക്കച്ചവടം, ചൂതാട്ടം തുടങ്ങിയ തെറ്റുകള്‍ ഉദാഹരണം. അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരത്തിലിരുന്ന കാലത്ത് മയക്കുമരുന്ന് കൃഷിയും വ്യാപാരവും നിരോധിക്കപ്പെട്ടിരുന്നു; പരമാവധി നിയന്ത്രിക്കപ്പെടുകയും ചെയ്തിരുന്നു. നാറ്റോ സൈന്യവും അവരുടെ അഫ്ഗാന്‍ കൂലിപ്പടയുമാണ് അഫ്ഗാനിസ്താനെ പാപികളുടെ പറുദീസയാക്കി മാറ്റാന്‍ വഴിയൊരുക്കിയത്. എങ്കിലും അഫ്ഗാന്‍ ജനത പരമ്പരാഗത ധാര്‍മിക മൂല്യങ്ങള്‍ കൈയൊഴിഞ്ഞിട്ടില്ല. ഇറാഖിലെ അവസ്ഥയും ഇതുതന്നെ. ബംഗ്ളാദേശിലെ ഇസ്ലാമിക പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തി ആ രാജ്യത്തെ തീവ്ര മതേതരവത്കരിക്കാനുള്ള അവാമി ലീഗിന്റെ ശ്രമം സ്വാഭാവികമായും അധാര്‍മികതയെ വളര്‍ത്തുന്നു. ദാരിദ്യ്രം ദൈവനിഷേധത്തിന് വഴിവെക്കും എന്ന് പ്രവാചകന്‍ താക്കീത് ചെയ്തതും സ്മരണീയമാണ്. പട്ടിണിക്കുത്തരവാദി ഇസ്ലാമല്ല, മുതലാളിത്തവും മതനിരാസവും അഴിമതിയുമാണ്.

 

മുസ്ലിം യൂത്ത് ലീഗിന്റെ ധാര്‍മിക വിപ്ളവം!
"ഭീകരമായ മദ്യാസക്തിയുടെയും മയക്കുമരുന്നിന്റെയും ചൂതാട്ടത്തിന്റെയും പണമിരട്ടിപ്പ് സംഘങ്ങളുടെയുമെല്ലാം വലക്കണ്ണികള്‍ക്കുള്ളിലാണ് കേരളത്തിലെ യൌവനമിപ്പോള്‍. ഈ യാഥാര്‍ഥ്യത്തിനു നേരെ മുഖം തിരിച്ചിട്ട് ഒരു കാര്യവുമില്ല. ഇവരെ തിരിച്ചുകൊണ്ടുവരാനുള്ള ആത്മാര്‍ഥമായ ഒരു ശ്രമവും പല യുവജന പ്രസ്ഥാനങ്ങളുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ആരുടെയും മെഗാഫോണ്‍ ആവാത്ത, സമൂഹത്തോട് പ്രതിബദ്ധതയുള്ള പുതിയ നേതൃനിര ഉയര്‍ന്നുവരാതെ ഇതിനൊന്നും പരിഹാരമാവില്ല. വെട്ടിപിടിക്കാനും നേടിയെടുക്കാനും മാത്രമല്ല, നഷ്ടപ്പെടുത്താനും ത്യജിക്കാനും മനസ്സുറപ്പുള്ള ഒരു നേതൃത്വമാണ് യുവജന പ്രസ്ഥാനങ്ങള്‍ക്ക് ഇന്നാവശ്യം.
ഈ സാമൂഹികാന്തരീക്ഷത്തിനിടയിലും ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് പൊതുസമൂഹത്തിനിടയില്‍ ശക്തമായൊരിടം യൂത്ത് ലീഗീനുള്ളത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയിലത് ദൃശ്യമായതാണ്. മത തീവ്രവാദ സംഘടനകളുടെ വോട്ട് രാഷ്ട്രീയം ഊതിവീര്‍പ്പിച്ച ഒരു കുമിള മാത്രമാണെന്ന് തെളിയിക്കാന്‍ യൂത്ത് ലീഗും വലിയ പങ്കാണ് വഹിച്ചത്. മത തീവ്രവാദ സംസ്കാരത്തിനെതിരെ ഏറെ കാലമായി ഞങ്ങള്‍ നടത്തിവന്നിരുന്ന സന്ധിയില്ലാ പോരാട്ടത്തിന് ലഭിച്ച അംഗീകാരം കൂടിയായിരുന്നു അത്.
മതേതര രാഷ്ട്രീയ സംസ്കാരം വരണമെന്നത് ഈ കാലഘട്ടത്തിന്റെ ഏറ്റവും പ്രധാന ആവശ്യമാണ്. നമ്മുടെ ദൌര്‍ബല്യങ്ങള്‍ തിരിച്ചറിയാന്‍ കണ്ണും കാതും തുറന്ന് കാത്തിരിക്കുന്ന മത തീവ്രവാദ സംഘടനകളുണ്ട്. തെരഞ്ഞെടുപ്പ് വേളകളില്‍ ഇവര്‍ ചിലപ്പോള്‍ പരസ്യമായി രംഗത്തുവരും. മറ്റു ചിലപ്പോള്‍ രഹസ്യ വേഷത്തില്‍ സഹായ വാഗ്ദാനവുമായി രംഗത്ത് വരും. ഈ തന്ത്രം പലപ്പോഴും തിരിച്ചറിയപ്പെടാറില്ല. അതുകൊണ്ടുതന്നെ, മതത്തിന്റെ മറവില്‍ തീവ്രവാദവും ഭീകരതയും വളര്‍ത്തുന്നവര്‍ക്കെതിരെ ഐക്യനിര ഉയര്‍ത്തിയേ മതിയാവൂ''- മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷാജി (കേരള ശബ്ദം, 2011 ജനുവരി 23). മുജീബിന്റെ പ്രതികരണം?
നാസര്‍ വേങ്ങര

സ്വപ്നങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും നികുതി ചുമത്താത്തേടത്തോളം കാലം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റിന് ഇതിലപ്പുറവും പറയാം. എന്നാല്‍, യാഥാര്‍ഥ്യവുമായി അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ക്ക് വിദൂര ബന്ധം പോലുമില്ലെന്ന് എല്ലാം നോക്കിക്കാണുന്ന ജനങ്ങള്‍ക്കറിയാം. മദ്യാസക്തി, മയക്കുമരുന്ന് ഉപയോഗം, ചൂതാട്ടം, പണമിരട്ടിപ്പ്, തട്ടിപ്പ് തുടങ്ങി പെണ്‍വാണിഭം വരെ സമൂഹത്തെ വ്യാപകമായി ദുഷിപ്പിച്ചുകഴിഞ്ഞ ജീര്‍ണതകളില്‍ നിന്ന് നിര്‍ഭാഗ്യവശാല്‍ മുസ്ലിം സമുദായവും മുക്തമല്ല. ആ സമുദായത്തെ അപ്പടി പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. ലീഗിന് സംസ്കരണത്തിന്റേതായ അജണ്ടയോ പരിപാടികളോ ഇല്ല. പകരം, വോട്ട് രാഷ്ട്രീയത്തില്‍ മാത്രമാണ് ലീഗിന്റെ നോട്ടം. സംസ്കരണച്ചുമതല പാര്‍ട്ടിയുടെ ചിറകിനടിയിലെ മതസംഘടനകളെ ഏല്‍പിച്ചുവെന്നാണ് നാട്യം. മതസംഘടനകളോ? ഒരു വശത്ത് നാമാവശേഷമായ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വരെ സാമ്പത്തിക താല്‍പര്യങ്ങള്‍ മുമ്പില്‍ കണ്ട് പുനരുജ്ജീവിപ്പിക്കുന്ന തിരക്കിലാണ്. സമുദായ സംസ്കരണത്തിനായി നിലവില്‍ വന്ന സംഘടനകള്‍ പോലും ലീഗിന്റെ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി വിശ്വാസപരവും കര്‍മപരവുമായ ജീര്‍ണതകള്‍ക്കെതിരായ ജിഹാദ് മന്ദീഭവിപ്പിക്കുകയും പകരം എതിര്‍പ്പിന്റെ കുന്തമുന ആദര്‍ശ ധാര്‍മിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിക്കെതിരെ തിരിച്ചുവെക്കുകയും ചെയ്തിരിക്കുന്നു. ജുമുഅ ഖുത്വ്ബകളില്‍ വരെ മൌദൂദിക്കും ജമാഅത്തിനുമെതിരായ ശകാരാഭിഷേകമാണ് പല മുജാഹിദ് പള്ളികളിലും നടക്കുന്നത്. ഏറ്റവും ഒടുവില്‍ കോട്ടക്കലില്‍ ലീഗ് വിളിച്ചു ചേര്‍ത്ത സമുദായ സംഘടനകളുടെ യോഗത്തിന് ഏകയിന അജണ്ടയേ ഉണ്ടായിരുന്നുള്ളൂ. തീവ്രവാദം ആരോപിച്ച് ജമാഅത്തെ ഇസ്ലാമിക്കെതിരെ ഊര് വിലക്ക് പ്രഖ്യാപിക്കല്‍. ഈ പതനത്തിലേക്ക് മുസ്ലിം ലീഗിനെ എത്തിച്ചതിന്റെ പിന്നില്‍ കെ.എം ഷാജി നേതൃത്വം നല്‍കുന്ന യൂത്ത് ലീഗാണെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്ന വസ്തുതയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായതിനെ അദ്ദേഹം കാണുകയും ചെയ്യുന്നു.
ഇപ്പോഴോ? അഭൂതപൂര്‍വമായ പ്രാതിനിധ്യത്തോടെ മുസ്ലിം ലീഗ് മന്ത്രിസഭയിലിരുന്ന കാലത്ത് പാര്‍ട്ടിയുടെ 'ധീര നായകനായ' സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വന്തക്കാരെയും ബന്ധുക്കളെയും വഴിവിട്ടു സഹായിച്ചതായി അദ്ദേഹം തന്നെ മാധ്യമങ്ങളോട് തുറന്നു പറയേണ്ടതായി വന്നു. സഹായം സ്വീകരിച്ചയാള്‍ ക്രിമിനലും ഭീകരനും രാജ്യദ്രോഹിയുമാണെന്നും അദ്ദേഹം ആരോപിച്ചു. ആരോപിതനാവട്ടെ, കുപ്രസിദ്ധമായ ഐസ്ക്രീം പെണ്‍വാണിഭ കേസ് കോടികള്‍ ചെലവഴിച്ച് സാക്ഷികളുടെ മൊഴിമാറ്റിച്ചും ജഡ്ജിമാരെ സ്വാധീനിച്ചും നേതാവിന് വേണ്ടി താനാണ് തേച്ചുമായ്ച്ചു കളഞ്ഞതെന്നും തുറന്നടിച്ചു. പിന്നീട് നടന്ന എല്ലാ വെളിപ്പെടുത്തലുകളും മുസ്ലിം ലീഗിന്റെയും ലീഗിന് പങ്കാളിത്തമുള്ള ഭരണകൂടത്തിന്റെയും അധാര്‍മികത അനാവരണം ചെയ്യുന്നതാണ്. ഇതിനെതിരെ താനും യൂത്ത് ലീഗും പാര്‍ട്ടിക്കുള്ളില്‍ നിന്നെങ്കിലും എന്തു ചെയ്തുവെന്ന് ഷാജി പറയുന്നില്ല. കാരണം വ്യക്തം. പാര്‍ട്ടിയെയും നേതാവിനെയും ജനമധ്യേ ഇടിച്ചുതാഴ്ത്താന്‍ നിമിത്തമായ ചാനലിന്റെ സാരഥി ഷാജിയോടൊപ്പം സാങ്കല്‍പിക തീവ്രവാദത്തിനെതിരെ പൊരുതുന്ന എം.കെ മുനീറാണ്. രണ്ടു പേരും ചേര്‍ന്ന് നടത്തിയ ഓപറേഷനാണ് കുഞ്ഞാലിക്കുട്ടി സമര്‍ഥമായി തട്ടിയെടുത്ത് പഞ്ചായത്ത് -നഗരസഭാ തെരഞ്ഞെടുപ്പില്‍ ആയുധമാക്കിയത്. അതിന്റെ വിജയലഹരി ആഘോഷിക്കെയാണ് അശനിപാതം പോലെ ഐസ്ക്രീം കേസ് പുനര്‍ജനിച്ചത്. കുഞ്ഞാലിക്കുട്ടി-മുനീര്‍ ഉള്‍പ്പോര് മറനീക്കി പുറത്തുവരാനും അത് വഴിയൊരുക്കി. ഉലക്ക വിഴുങ്ങി ചുക്കുവെള്ളം കുടിക്കാനുള്ള ദയനീയ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
തീവ്രവാദാരോപണത്തിന്റെ കഥയോ? ഇസ്ലാം വിരുദ്ധ മീഡിയയുടെ പരസ്യമായ ഒത്താശകളോടെ ജമാഅത്തെ ഇസ്ലാമിക്കും സോളിഡാരിറ്റിക്കുമെതിരെ അശ്വമേധയാഗം നടത്തിക്കൊണ്ടിരുന്ന ഷാജി-മുനീര്‍ പ്രഭൃതികളുടെ നാവടക്കിക്കൊണ്ട് രാജ്യത്ത് ഭീകരതയുടെ പ്രഭവ കേന്ദ്രം സംഘ്പരിവാറിന്റെ തീവ്ര ഹിന്ദുത്വമാണെന്ന് ദിനംപ്രതി തെളിഞ്ഞുകൊണ്ടിരിക്കുന്നു. മക്കാ മസ്ജിദ്, മാലേഗാവ്, അജ്മീര്‍, സംഝോത എക്പ്രസ് തുടങ്ങിയ കേന്ദ്രങ്ങളില്‍ നടന്ന സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ നിരോധിത സിമിയാണെന്നും സിമിയുടെ തലതൊട്ടപ്പന്‍ ജമാഅത്തെ ഇസ്ലാമിയാണെന്നുമായിരുന്നു ഷാജി-മുനീര്‍ ടീം നിരന്തരം ഉദ്ഘോഷിച്ചുകൊണ്ടിരുന്നത്. സത്യം പുറത്തുവന്നപ്പോള്‍ യൂത്ത് ലീഗും മൂത്ത ലീഗും പൂര്‍ണ മൌനം. അതുപോലെ അറബ്ലോകത്തെ അസ്വസ്ഥതകള്‍ക്ക് പിന്നില്‍ ഹസനുല്‍ ബന്നായും സയ്യിദ് ഖുത്വ്ബും നേതൃത്വം നല്‍കിയ മുസ്ലിം ബ്രദര്‍ഹുഡിന്റെ തീവ്രവാദമാണെന്ന് കണ്ണും പൂട്ടി ആരോപിച്ചവര്‍ അവരുടെ മതേതരവിഗ്രഹങ്ങള്‍ ജനരോഷത്തിന്റെ ജ്വാലകളില്‍ എരിഞ്ഞമരുമ്പോള്‍ മിഴിച്ചിരിപ്പാണ്. ഇതാണ് ദൈവത്തിന്റെ കാവ്യനീതി. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കു വേണ്ടി ദീനിനെയും സമുദായത്തെയും വിറ്റ് കാശാക്കുന്ന എല്ലാവരുടെയും ഗതി മറ്റൊന്നാവാന്‍ തരമില്ല.

 


 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly