മൗദൂദി ചിന്തയുടെ വേരുകള്‍
ഇ.എന്‍ ഇബ്‌റാഹീം ചെറുവാടി
ഏതൊരു പ്രസ്ഥാനത്തെയും നിരൂപണ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്യ്രമുണ്ട്. എന്നാല്‍ നിരൂപണവും വിമര്‍ശനവും സത്യസന്ധമായിരിക്കണമെന്ന നിര്‍ബന്ധം ആ സ്വാതന്ത്യ്രം ഉപയോഗിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കണം. എങ്കിലേ അനുവാചകര്‍ക്ക് യാഥാര്‍ഥ്യം മനസ്സിലാക്കാനാവുകയുള്ളൂ. നിര്‍ഭാഗ്യവശാല്‍ നമ്മുടെ പല വിമര്‍ശകര്‍ക്കും ഇല്ലാത്തതും ഈ ഒരു നിര്‍ബന്ധമാണ്. അന്ധമായ വിരോധമോ ആളാവാനുള്ള ത്വരയോ ആണ് പലരേയും പ്രചോദിപ്പിക്കുന്നത്.
മൌദൂദിയെയും ജമാഅത്തിനെയും എങ്ങനെയും വികൃതമായി അവതരിപ്പിക്കാനുള്ള വ്യഗ്രതയാണ് ജമാഅത്തു വിമര്‍ശനം തൊഴിലാക്കിയ ഹമീദ് ചേന്ദമംഗല്ലൂരിനെ നയിക്കുന്നതെന്ന് അദ്ദേഹം നാളിതുവരെ എഴുതിയ തദ്സംബന്ധമായ ലേഖനങ്ങള്‍ മൊത്തം പരിശോധിച്ചാല്‍ അനായാസം ബോധ്യമാവുന്നതാണ്. 2011 ജനുവരി 2ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന അദ്ദേഹത്തിന്റെ ലേഖനമോ മാതൃഭൂമി പുറത്തിറക്കാനിരിക്കുന്ന 'ദൈവത്തിന്റെ രാഷ്ട്രീയം' എന്ന പുസ്തകമോ ഈ ചര്‍വിത ചര്‍വണത്തിന്റെ അവസാനപതിപ്പായിരിക്കാന്‍ സാധ്യതയില്ല.
ഉപരിസൂചിത ലേഖനത്തില്‍ ഹമീദ് പറഞ്ഞതിന്റെ ആകത്തുക, മൌദൂദി തന്റേതായി അവതരിപ്പിച്ച ആശയങ്ങളത്രയും ഹെഗലില്‍നിന്നും മാര്‍ക്സില്‍നിന്നും കടമെടുത്തതാണ് എന്നത്രെ. ഇര്‍ഫാന്‍ അഹ്മദിനെ അതിന് സാക്ഷിയായി അവതരിപ്പിക്കുന്നുമുണ്ട്.
മൌദൂദി ഹെഗലിനെയും മാര്‍ക്സിനെയും പകര്‍ത്തിയതാണോ അല്ലേ എന്ന് ചര്‍ച്ചചെയ്യും മുമ്പ് ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. മറ്റൊരാളുടെ ആവിഷ്കാരത്തെ താന്‍ സ്വയം ആവിഷ്കരിച്ചത് എന്ന നാട്യത്തില്‍ അവതരിപ്പിക്കുന്നതിനെയാണ് ചോരണവും കോപ്പിയടിയുമെന്ന് വിശേഷിപ്പിക്കുക. സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി അവതരിപ്പിച്ച ആശയങ്ങളെല്ലാം വിശുദ്ധ ഖുര്‍ആനില്‍നിന്നും പ്രവാചക ചര്യയില്‍നിന്നും പില്‍ക്കാല ഇസ്ലാമിക പണ്ഡിതന്മാരുടെ പഠനങ്ങളില്‍നിന്നും സ്വീകരിച്ചതാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ആശയങ്ങളുടെ ആദാനപ്രദാനങ്ങള്‍ ഏതുകാലത്തും മനുഷ്യ സമൂഹത്തില്‍ അനവരതം തുടര്‍ന്നുപോന്നിട്ടുള്ളതാണ്. ഹമീദിന്റെ രചനകള്‍ പോലും ഈ അര്‍ഥതലത്തിലല്ല നോക്കിക്കാണുന്നതെങ്കില്‍ ചോരണമെന്ന വിശേഷണം ഏറെ ചേരുക അദ്ദേഹത്തിനായിരിക്കും.
ഈ കൊടുക്കലിനും കൊള്ളലിനും ചരിത്രത്തില്‍ എമ്പാടും ഉദാഹരണങ്ങള്‍ കാണാം. അത് ഒന്നിന്റെയും ആരുടെയും ന്യൂനതയോ കുറ്റമോ ആയിട്ടല്ല, യോഗ്യതയും പൂരണവുമായേ മാന്യന്മാര്‍ പരിഗണിക്കാറുള്ളൂ. സച്ചരിതരായ ഖലീഫമാരുടെ കാലത്തെ പരിഷ്കരണങ്ങളില്‍ പലതിലും റോമിലെയും പേര്‍ഷ്യയിലെയും രീതികളുടെ സ്വാധീനം കാണാം. ഇന്ത്യയിലും കേരളത്തില്‍ പോലും നടന്ന ഹൈന്ദവ നവോത്ഥാന സംരംഭങ്ങളില്‍ പലതിനും പ്രചോദകമായി വര്‍ത്തിച്ചത് ഇസ്ലാമായിരുന്നു. ഇസ്ലാമിക സമൂഹത്തില്‍ പില്‍ക്കാലത്ത് രൂപം കൊണ്ട സൂഫി ചിന്തയിലും സമ്പ്രദായങ്ങളിലും ഇന്ത്യന്‍ മിസ്റിസത്തിന്റെ ചേരുവകള്‍ കാണാം. അവയെ ഒന്നും ചോരണം എന്ന് ആരും ഭര്‍ത്സിച്ച് കേട്ടിട്ടില്ല. ആദാനപ്രദാനങ്ങളിലൂടെയുള്ള വികാസമായേ അതിനെ കാണാറുള്ളൂ.
മൌദൂദിയും ആശയവും
മതപാരമ്പര്യമുള്ള ഉല്‍ബുദ്ധമായ മുസ്ലിം കുടുംബത്തില്‍ ജനിക്കുകയും മതവിഷയങ്ങള്‍ ആഴത്തില്‍ പഠിച്ചു വളരുകയും ചെയ്ത മൌദൂദിക്ക് തന്റെ ഇസ്ലാമിക കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്താന്‍ ഹെഗലിനെയും മാര്‍ക്സിനെയും മോഷ്ടിക്കേണ്ട വല്ല ഗതികേടും ഉണ്ടായിരുന്നുവോ? പക്ഷേ അന്ധമായ മൌദൂദി വിരോധത്തിലഭിരമിക്കുന്നവര്‍ക്ക് അതൊന്നും ആലോചിക്കേണ്ട കാര്യമില്ല. ഇംഗ്ളീഷ് ഭാഷയില്‍ ആരെങ്കിലും എന്തെങ്കിലും മൌദൂദിക്കെതിരെ എഴുതിയത് കണ്ടാല്‍ അതുടനെ മലയാളത്തില്‍ പകര്‍ത്തിയെഴുതി സായൂജ്യം കൊള്ളുന്നു. മൌദൂദിയെ ഹമീദ് ചേന്ദമംഗല്ലൂര്‍ വിലയിരുത്തുന്നതു കാണാം.
"രാഷ്ട്രം (സ്റേറ്റ്) എന്ന ആശയം ദേശീയതലത്തില്‍ കൂടുതല്‍ കരുത്തും സ്വീകാര്യതയും ആര്‍ജിച്ചു കൊണ്ടിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ രാഷ്ട്രീയത്തില്‍ സ്റേറ്റിന്റെ പ്രാധാന്യം അവഗണിക്കാനാവാത്തതാണെന്ന് അബുല്‍ അഅ്ലാ മൌദൂദിക്കും ബോധ്യപ്പെട്ടു.''
ഹെഗലും മാര്‍ക്സും ജനിക്കുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പേ വ്യവസ്ഥാപിതമായി പ്രയോഗവല്‍ക്കരിച്ചു കാണിച്ച ഒരു പ്രത്യയശാസ്ത്രമാണ് ഇസ്ലാം. രാഷ്ട്രം അതിന്റെ മുറിച്ചു മാറ്റാന്‍ പറ്റാത്തത് സുപ്രധാന ഭാഗമാണ്. മുഹമ്മദ് നബി മദീനയില്‍ സ്ഥാപിച്ച ഇസ്ലാമിക സ്റേറ്റിനെക്കുറിച്ചറിയാത്തവര്‍ ഇന്നും ജീവിച്ചിരിക്കുന്നുവെങ്കില്‍ അതൊരത്ഭുതമായി വേണം എണ്ണാന്‍. മുഹമ്മദ് നബി ആരായിരുന്നു എന്ന് റവറന്റ് ബോസ്വര്‍ത് സ്മിത്ത് പറയുന്നത് കാണുക:
"രാഷ്ട്രത്തലവനും പള്ളി മേധാവിയുമായിരുന്ന അദ്ദേഹം ഒരേസമയം പോപ്പും സീസറുമായിരുന്നു. പക്ഷേ, പോപ്പിന്റെ അവകാശങ്ങളില്ലാത്ത പോപ്പും കാലാള്‍പ്പടയോ അംഗരക്ഷകരോ കൊട്ടാരമോ നിശ്ചിത വരുമാനമോ ഇല്ലാത്ത സീസറുമായിരുന്നു അദ്ദേഹം. യഥാര്‍ഥ ദിവ്യശക്തികൊണ്ട് ഭരണം നടത്തിയെന്ന് ഏതെങ്കിലും മനുഷ്യന് അവകാശപ്പെടാമെങ്കില്‍ അത് മുഹമ്മദിന് മാത്രമാണ്. കാരണം അധികാരശക്തിയുടെ ഉപകരണങ്ങളോ അവയുടെ പിന്തുണയോ കൂടാതെത്തന്നെ മുഴുവന്‍ ശക്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. അധികാരത്തിന്റെ പരിവേഷങ്ങളെ അദ്ദേഹം കണക്കിലെടുത്തില്ല. സ്വകാര്യ ജീവിതത്തിലെ ലാളിത്യം പൊതു ജീവിതത്തിലും അദ്ദേഹം നിലനിര്‍ത്തി.'' (മുഹമ്മദ് മഹാനായ പ്രവാചകന്‍. പ്രഫ. കെ.എസ് രാമകൃഷ്ണറാവു പേജ് 16).
മുഹമ്മദ് നബി രാഷ്ട്രത്തലവനുമായിരുന്നു. അദ്ദേഹം ഒരു രാഷ്ട്രം കെട്ടിപ്പടുത്തിരുന്നു. ആ രാഷ്ട്രത്തെ ഇസ്ലാമികരാഷ്ട്രം എന്നാണ് വ്യവഹരിക്കുന്നത്. ശേഷം വന്ന നാലു ഖലീഫമാരും മുഹമ്മദ് നബിയുടെ മാതൃക പിന്തുടര്‍ന്നു കൊണ്ടാണ് ആ രാഷ്ട്രത്തെ നയിച്ചത്. ഇത് ഇസ്ലാമിക ചരിത്രത്തിന്റെ ബാലപാഠമാണ്. തുടര്‍ന്നു വന്ന ഉമവീ, അബ്ബാസീ, ഉസ്മാനീ ഖലീഫമാരും രാഷ്ട്ര നിയമത്തിന്റെ അടിസ്ഥാനമായി അംഗീകരിച്ചിരുന്നത് ഖുര്‍ആനും പ്രവാചക ചര്യയും തന്നെയായിരുന്നു.
ഇനി മുസ്ലിം സമൂഹത്തിലെ അവാന്തരവിഭാഗങ്ങളെ പരിശോധിക്കാം. അഹ്ലുസ്സുന്ന, ശീഅ, ഖവാരിജ്, മുഅ്തസില തുടങ്ങി ധാരാളം വിഭാഗങ്ങളുണ്ട്. ഇസ്ലാമിന്റെ രാഷ്ട്രീയാടിത്തറയെക്കുറിച്ച് ഇവരില്‍ ആര്‍ക്കും അഭിപ്രായാന്തരമുണ്ടായിരുന്നില്ല. നാലാം ഖലീഫ അലിയുടെ മുമ്പില്‍ ഖവാരിജുകള്‍ ഉന്നയിച്ച പ്രമാദമായ ഒരു വാദമുണ്ട്. "ലാ ഹുക്മ ഇല്ലാ ലില്ലാഹ്'' - നിയമനിര്‍മാണാധികാരം അല്ലാഹുവിന് മാത്രം- എന്നതാണത്. അലി(റ) ആ വാദത്തെ തള്ളിപ്പറഞ്ഞില്ല. അദ്ദേഹം പറഞ്ഞത് ഇത്രമാത്രമാണ്: "അസത്യം ലാക്കാക്കി മൊഴിയുന്ന സത്യം'' (മുസ്ലിം).
നിലവിലുള്ള ഇസ്ലാമിക സ്റേറ്റിനെതിരില്‍ കലാപം കൂട്ടുകയായിരുന്നു ഖവാരിജുകളുടെ ലക്ഷ്യം. അതാണ് അലി പറഞ്ഞതിന്റെ പൊരുള്‍. ഇനി ഇത് സംബന്ധിച്ച് പൂര്‍വകാല പണ്ഡിതന്മാരുടെ നിലപാടെന്തായിരുന്നുവെന്നു നോക്കാം. കേരളത്തിലെ പള്ളി ദര്‍സുകളിലും സമസ്ത ഇരു ഗ്രൂപ്പുകളുടെയും കോളേജുകളിലും പഠിപ്പിക്കുന്ന അഹ്ലുസ്സുന്നയുടെ ആദര്‍ശം (അഖീദ) വിശദീകരിക്കുന്ന ഒരു ഗ്രന്ഥമുണ്ട്, ശറഹുല്‍ അഖാഇദ്. അതില്‍ പറയുന്നു: "രാഷ്ട്രനായകനെ നിയമിക്കല്‍ നിര്‍ബന്ധമാണെന്നത് മുസ്ലിം സമൂഹത്തിന്റെ ഏകകണ്ഠാഭിപ്രായമാണ് (ഇജ്മാഅ്)...... പ്രവാചക വിയോഗത്തെ തുടര്‍ന്ന് സമുദായം പ്രഥമ പരിഗണനക്കെടുത്തത് ഇമാമിന്റെ (രാഷ്ട്രനായകന്റെ) നിയമനമായിരുന്നുവെന്നതും അതിന് തെളിവാണ്. എത്രത്തോളമെന്നോ, നബിയുടെ തിരുശരീരം മറവുചെയ്യുന്നതിനും മുമ്പ് അവര്‍ ചെയ്തത് രാഷ്ട്രനായകനെ തെരഞ്ഞെടുക്കുകയായിരുന്നു. ഓരോ ഇമാമിന്റെ മരണശേഷവും സ്വീകരിച്ചു പോന്ന നടപടിക്രമവും അതുതന്നെ. ഇസ്ലാമിക നിയമവ്യവസ്ഥയുമായി ബന്ധപ്പെട്ട ഒട്ടനവധി ബാധ്യതകള്‍ അതിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.... മുസ്ലിംകള്‍ക്ക് സ്വന്തം നിയമങ്ങള്‍ നടപ്പില്‍ വരുത്തുക, ശിക്ഷാവിധികള്‍ പ്രാവര്‍ത്തികമാക്കുക, അതിര്‍ത്തികള്‍ കാക്കുക, സൈന്യത്തെ സജ്ജമാക്കുക, സകാത്ത് പിരിച്ചെടുക്കുക, അക്രമികളെയും കള്ളന്മാരെയും കൊള്ളക്കാരെയും അമര്‍ച്ച ചെയ്യുക, ജുമുഅകളും പെരുന്നാളുകളും നിലനിര്‍ത്തുക, ജനങ്ങള്‍ക്കിടയില്‍ ഉത്ഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക, അവകാശങ്ങള്‍ അംഗീകരിച്ചുകിട്ടാന്‍ സമര്‍പ്പിക്കുന്ന സാക്ഷ്യങ്ങള്‍ സ്വീകരിക്കുക, രക്ഷിതാക്കളില്ലാത്ത യുവതീ യുവാക്കളെ വിവാഹിതരാക്കുക, യുദ്ധധനം കൈയാളുക തുടങ്ങി സമൂഹത്തിലെ വ്യക്തികള്‍ക്ക് ചെയ്ത് തീര്‍ക്കാനാവാത്ത കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഒരു രാഷ്ട്രത്തലവന്‍ കൂടിയേ കഴിയൂ.'' (ശര്‍ഹുല്‍ അഖാഇദ പേ 110)
ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ (ഹിജ്റ 661-728, ക്രി. 1264-1329) പറയുന്നു: "ജനങ്ങളുടെ അധികാരം കൈയേല്‍ക്കേണ്ടത് 'ദീനി'പരമായ നിര്‍ബന്ധ ബാധ്യതകളില്‍ അതിപ്രധാനമാണെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. എന്നല്ല, അധികാരമില്ലാതെ ദീനിന് നിലനില്‍പില്ല. മനുഷ്യരുടെ പൊതുതാല്‍പര്യം സംഘടന വഴി മാത്രമേ പൂരിതമാവൂ. അവര്‍ പരസ്പരം ആശ്രയിക്കുന്നു എന്നതാണ് അതിന് കാരണം. സംഘടിക്കുമ്പോള്‍ അവര്‍ക്ക് ഒരു നായകന്‍ അനിവാര്യമാണ്..... നന്മകല്‍പിക്കലും തിന്മതടയലും അല്ലാഹു നിര്‍ബന്ധമാക്കിയതാണ് താനും. അതും അധികാരവും ശക്തിയും ഇല്ലാതെ പൂരിതമാവുകയില്ല.'' (അസ്സിയാസത്തുശ്ശര്‍ഇയ്യ: പേ: 169)
ഇമാം ഗസ്സാലി (മരണം ഹിജ്റ 505 ക്രി. 1112) പറയുന്നു: "ദീനും അധികാരവും ഇരട്ട സന്തതികളാണ്. ദീനാണ് അടിസ്ഥാനം. അധികാരം കാവലാളാണ്. അടിത്തറയില്ലാത്തത് തകര്‍ന്നടിയും. കാവലാളില്ലാത്തത് പാഴാവുകയും ചെയ്യും.'' (ഇഹ്യാ ഉലൂമുദ്ദീന്‍ വാ 1 പേ 58).
ശാവലിയ്യുല്ലാഹിദ്ദഹ്ലവി (ഹിജ്റ 1114-1176 ക്രി. 1704-1765) പറയുന്നു: "അറിയുക: മുസ്ലിം സമൂഹത്തിന് ഒരു രാഷ്ട്രനായകന്‍-ഖലീഫഃ- നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതുണ്ട്. ചില പൊതുതാല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണത്. ഖലീഫയില്ലാതെ അവ നിവര്‍ത്തിക്കപ്പെടുകയില്ല.'' (ഹുജ്ജതുല്ലാഹില്‍ ബാലിഗ 2:394)
ഇത്രയും വിവരിച്ചതില്‍നിന്ന് സാമാന്യബുദ്ധിക്ക് ബോധ്യപ്പെടുന്ന കാര്യം എന്താണ്? ഇസ്ലാം ഒരു കേവല മതമാണെന്നോ, അല്ലെന്നോ? അല്ലെന്നുറപ്പ്. യഥാര്‍ഥത്തില്‍ ഇര്‍ഫാന്‍ അഹ്മദിനെ കോപ്പിയടിക്കുമ്പോഴും ഇസ്ലാം ഒരു കേവല മതമാണെന്ന് തറപ്പിച്ച് പറയാന്‍ ഹമീദിനും ധൈര്യം വരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന് ഇങ്ങനെ എഴുതേണ്ടിവന്നത്:
"ഇന്ന് മനസ്സിലാക്കപ്പെടുന്ന അര്‍ഥത്തിലുള്ള സ്റേറ്റ് എന്ന സങ്കല്‍പം ഇസ്ലാമിന്റെ ആവിര്‍ഭാവ കാലത്തോ തുടര്‍ന്നുള്ള നൂറ്റാണ്ടുകളിലോ ഉണ്ടായിരുന്നില്ലെന്നുള്ള വസ്തുത മൌദൂദി വിസ്മരിക്കുന്നു.''
ഇന്ന് മനസ്സിലാക്കപ്പെടുന്ന അര്‍ഥത്തിലുള്ള സ്റേറ്റ് എന്ന് പറയുമ്പോള്‍ താന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് ഹമീദ് തന്നെ വ്യക്തമാക്കണം. ഏതോ വിധത്തിലുള്ള സ്റേറ്റ് സങ്കല്‍പം ഇസ്ലാമിന്റെ തുടക്കത്തിലേ ഉണ്ടായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ആ പ്രസ്താവം മനസ്സിലാക്കിത്തരുന്നത്.
ഏതൊരു വ്യവസ്ഥയും സ്ഥാപനവും കാലാന്തരത്തില്‍ പരിഷ്കരണ വിധേയമാവും എന്ന് അറിയാത്ത ആളാണോ ഹമീദ്? സ്റേറ്റ് എന്ന സംവിധാനത്തിനും ആ നിയമം ബാധകമാണ്. ഇസ്ലാമിക സ്റേറ്റിനും അതേ.
വിശ്വവിജ്ഞാനകോശത്തില്‍ സ്റേറ്റി-രാഷ്ട്രത്തി-ന് നല്‍കുന്ന നിര്‍വചനം ഇങ്ങനെയാണ്: "നിശ്ചിതമായ ഒരു ഭൂപ്രദേശത്ത് സ്ഥിരമായി താമസിക്കുന്നവരും ഒരു പൊതു ഭരണകൂടത്തിന് വിധേയരുമായ ജനങ്ങളുടെ സമൂഹമാണ് സ്റേറ്റ് (രാഷ്ട്രം). രാഷ്ട്ര വിജ്ഞാനീയത്തില്‍ പൊതുവെ സ്വീകരിക്കപ്പെടുന്ന ഈ നിര്‍വചനം സ്റേറ്റിന്റെ നിലനില്‍പിന് അത്യന്താപേക്ഷിതമായ ചില ഘടകങ്ങളുണ്ടെന്ന് വ്യക്തമാക്കുന്നു. ഈ അവശ്യഘടകങ്ങള്‍, 1) ജനങ്ങള്‍ 2) ഭൂവിഭാഗം 3) ഗവണ്‍മെന്റ് അഥവാ സംഘടന 4) പരമാധികാരം ഇവയാണ്.'' (വിശ്വവിജ്ഞാനകോശം വാ 10 പേ 856)
മേല്‍ വിവരിച്ച രാഷ്ട്ര സംവിധാനത്തിന്റെ നാലു ഘടകങ്ങളില്‍ ഏതു ഘടകമാണ് ഇസ്ലാമില്‍ ഇല്ലാത്തത്? ഇസ്ലാമിന് ജനങ്ങളില്ല എന്ന് പറയാനാവുമോ? ജനങ്ങള്‍ അധിവസിക്കുന്ന ഭൂപ്രദേശമില്ലേ? അവര്‍ക്ക് ഗവണ്‍മെന്റ് അഥവാ സംഘടനയില്ലേ? അവരുടെ നേതൃത്വത്തിന് അധികാരമില്ലേ? സ്റേറ്റിന്റെ ഈ അടിസ്ഥാന ഘടകങ്ങളിലോരോന്നിനെക്കുറിച്ചും, ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും ധാരാളം നിര്‍ദേശങ്ങള്‍ കാണാം. ഇസ്ലാമിക പ്രബോധനത്തിന്റെ ആദ്യനാള്‍ തൊട്ടേ പ്രവാചകന്‍ അവ കണിശമായി നടപ്പില്‍ വരുത്തിയിരുന്നു. പിന്നെ പരമാധികാരത്തിന്റെ പ്രശ്നം; ഇസ്ലാമിക സമൂഹമുള്‍പ്പെടെ സകലത്തിന്റെയും പരമാധികാരം പ്രപഞ്ചത്തിന്റെ വിധാതാവായ അല്ലാഹുവിന്ന് എന്ന തത്വം ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതും മുസ്ലിംകള്‍ ഉറച്ച് വിശ്വസിക്കുന്നതുമാണ്.
സൃഷ്ടികള്‍ക്ക് മേല്‍ സ്രഷ്ടാവിന് പരമാധികാരമില്ലെന്ന് ആര്‍ക്കാണ് പറയാനാവുക. അല്ലാഹുവിനെ ഖുര്‍ആന്‍ റബ്ബുന്നാസ്- മനുഷ്യരുടെ ഉടമ, നാഥന്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഭൂമിയെക്കുറിച്ച്, അര്‍ദുല്ലാഹി-അല്ലാഹുവിന്റെ ഭൂമി- എന്നാണ് ഖുര്‍ആന്റെ പരാമര്‍ശം. വാനലോകങ്ങളുടെയും ഭൂമിയുടെയും ഭരണാധികാരം-മുല്‍ക്ക്- അല്ലാഹുവിന്നാണെന്നും ഖുര്‍ആന്‍ പലവട്ടം ഓര്‍മിപ്പിക്കുന്നുണ്ട്.
ദീന്‍ എന്നതിന് ഹമീദ് പറയും പോലെ മതം എന്നോ വിശ്വാസ വ്യവസ്ഥ എന്നോ അര്‍ഥം പറഞ്ഞാല്‍ അത് ആ പദത്തോട് പോലും ചെയ്യുന്ന അനീതിയാകും. ഇനി 'മതം' എന്ന അര്‍ഥം സ്വീകരിച്ചാല്‍ തന്നെ എന്താണ് മതം? സര്‍വാംഗീകൃതമായ ഒരു നിര്‍വചനം ആ പദത്തിനുണ്ടോ? ആരെങ്കിലും നല്‍കിയിട്ടുണ്ടോ? വിശ്വവിജ്ഞാന കോശത്തില്‍ പറയുന്നു: "സാര്‍വത്രിക അംഗീകാരമുള്ള ഒരുനിര്‍വചനം മതത്തെ സംബന്ധിച്ച് ഇല്ല. വീക്ഷണകോണത്തിന്റെ വ്യത്യാസം അനുസരിച്ച് നിര്‍വചനം വ്യത്യാസപ്പെട്ടിരിക്കും. ദൈവശാസ്ത്രജ്ഞന്മാര്‍, സാമൂഹിക ശാസ്ത്രജ്ഞന്മാര്‍, മനശാസ്ത്രജ്ഞന്മാര്‍, ദാര്‍ശനികര്‍ മുതലായവര്‍ അവരവരുടെ ജീവിത വീക്ഷണങ്ങള്‍ക്കനുസൃതമായിട്ടാണ് മതത്തെ നിര്‍വചിക്കുന്നത്. "വിശുദ്ധമെന്ന് താന്‍ കരുതുന്നതുമായുള്ള മനുഷ്യന്റെ ബന്ധം'' എന്നാണ് ചില ദൈവശാസ്ത്രജ്ഞന്മാര്‍ മതത്തെ നിര്‍വചിക്കുന്നത്. ചില ദാര്‍ശനികര്‍ പറയും, മതം പരസ്പര ബന്ധമില്ലാത്ത അതിഭൌതിക ആശയങ്ങളുടെ അന്ധവിശ്വാസ ജടിലമായ ഘടനയാണെന്ന്. 'മാനുഷിക മൂല്യങ്ങളുടെ ഏകീകൃത പ്രകാശനം' ആണ് മതമെന്ന് സാമൂഹിക ശാസ്ത്രജ്ഞര്‍ പറയുമ്പോള്‍ മതം ഒരു മയക്കു മരുന്നാണെന്ന് ഭൌതിക വാദികളും പറയുന്നു'' (വിശ്വവിജ്ഞാനകോശം വാ. 9, പേ. 388).
ഭാഷയിലാണെങ്കില്‍ മതം എന്നതിന് അഭിപ്രായം, ഇഷ്ടം, അറിവ്, വിശ്വാസം, സമ്മതം, ധര്‍മം എന്നെല്ലാമാണ് അര്‍ഥം. ദീനുല്‍ ഇസ്ലാമിനെ 'ഇസ്ലാം മതം' എന്നു മൊഴിമാറ്റുമ്പോള്‍ അതിന്റെ താല്‍പര്യമെന്തെന്നറിയാന്‍ വിശുദ്ധ ഖുര്‍ആന്‍ ദീന്‍ എന്ന പദം ഏതൊക്കെ അര്‍ഥതലങ്ങളിലാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് പഠിക്കേണ്ടതുണ്ട്. ഖുര്‍ആന്‍ 92 സ്ഥലത്ത് ദീന്‍ എന്ന് പ്രയോഗിച്ചിട്ടുണ്ട്. അതില്‍ 14 സ്ഥലത്ത് പ്രതിഫലം എന്ന അര്‍ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. 13 ഇടത്ത് അനുസരണം, വിധേയത്വം എന്ന അര്‍ഥത്തിലും. ബാക്കി വരുന്ന 65 സ്ഥലങ്ങളില്‍ ആദര്‍ശം, നിയമം, വ്യവസ്ഥ, പ്രസ്ഥാനം എന്നീ അര്‍ഥങ്ങളിലാണ് 'ദീന്‍' ഉപയോഗിച്ചിരിക്കുന്നത്. ഉദാഹരണമായി അല്‍ബഖറ 256-ാം സൂക്തത്തില്‍ പറയുന്നു: "ഈ ദീനിന്റെ കാര്യത്തില്‍ ബലപ്രയോഗം പാടില്ല.'' ഇപ്പറഞ്ഞ ദീന്‍ ആദര്‍ശമാണ്. അതായത് ഈ ആദര്‍ശം കൈക്കൊള്ളാന്‍ നിര്‍ബന്ധിക്കുന്ന പ്രശ്നമില്ല. അഥവാ ബലപ്രയോഗത്തിലൂടെ അംഗീകരിപ്പിക്കേണ്ട ഒന്നല്ല ആദര്‍ശവും വിശ്വാസവും. അത് സ്വയം ഗ്രഹിച്ച് അംഗീകരിക്കേണ്ട ഒന്നാണ്. എന്നാല്‍ ഒരു രാഷ്ട്ര വ്യവസ്ഥയുടെ പ്രശ്നം അങ്ങനെയല്ല. ഈ ദീന്‍ രാഷ്ട്ര വ്യവസ്ഥയില്‍ മറ്റേതൊരു രാഷ്ട്രവും ചെയ്യുന്നത് പോലെത്തന്നെ അതിനെതിരില്‍ തിരിയുന്ന സ്വന്തം രാഷ്ട്രത്തിലെ പൌരന്മാരെ രാജ്യദ്രോഹക്കുറ്റത്തിന്റെ പേരില്‍ പിടികൂടും. അവര്‍ ഒരു പ്രബല സംഘമെങ്കില്‍ വേണ്ടിവന്നാല്‍ അവരെ സായുധമായി നേരിടും. അതാണ് മദീനയില്‍ യഹൂദരുടെ കാര്യത്തില്‍ നബി കൈകൊണ്ട നടപടി. ഒന്നാം ഖലീഫ സക്കാത്ത് നിഷേധികളെയും പുത്തന്‍ പ്രവാചകത്വവാദികളെയും രാഷ്ട്രത്തിനെതിരെ കലാപം കൂട്ടിയ മുര്‍ത്തദ്ദുകളെയും നേരിട്ടതും ഈ അടിസ്ഥാനത്തിലാണ്. ഹമീദ് പറയും പോലെ ദീന്‍ എന്നത് മതം എന്നോ വിശ്വാസ വ്യവസ്ഥ എന്നോ മാത്രം അര്‍ഥമുള്ള ഒന്നായിരുന്നുവെങ്കില്‍ ഇങ്ങനെ ഒരു നടപടിയുടെ പ്രശ്നം ഉത്ഭവിക്കുമായിരുന്നില്ല. ദീനിന് സ്റേറ്റ് എന്ന് വിവക്ഷ നല്‍കിയ മൌദൂദിക്കല്ല, മൌദൂദിയുടെ വിമര്‍ശകര്‍ക്കാണ് അക്കാര്യത്തില്‍ തെറ്റുപറ്റിയത്.
ഇനി സ്റേറ്റിന്റെ ബാധ്യത എന്താണ്? നിയമനിര്‍മാണവും അത് നടപ്പില്‍ വരുത്തലും തന്നെ. ഇത് സംബന്ധമായി ഇസ്ലാമിന്റെ കാഴ്ചപ്പാട് എന്താണ്?
ഇസ്ലാമിലെ ഫിഖ്ഹ്-കര്‍മശാസ്ത്രം- വ്യക്തിയും സമൂഹവും രാഷ്ട്രവും പ്രയോഗവല്‍കരിക്കേണ്ട നിയമസമുച്ചയമാണ്. ഫിഖ്ഹിന്റെ അടിസ്ഥാന ശാസ്ത്രം- ഉസൂലുല്‍ ഫിഖ്ഹ്- ഇത് സംബന്ധിച്ച് പറയുന്നത് ശ്രദ്ധേയമാണ്. ഈ വിഷയം ചര്‍ച്ച ചെയ്യുന്ന പ്രശസ്ത ഗ്രന്ഥമാണ് 'ജംഉല്‍ ജാവാമിഅ്.' അതില്‍ നിയമത്തെ പരിചയപ്പെടുത്തുന്നു:
"നിയമം ബാധകമായവന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അല്ലാഹു നടത്തുന്ന ഭാഷണമാണ് നിയമം. അതിനാല്‍ തന്നെ അല്ലാഹുവല്ലാതെ നിയമനിര്‍മാതാവില്ല.'' (ജംഉല്‍ ജവാമിഅ് 1:65).
ഇത് ഇസ്ലാമിന്റെ അടിസ്ഥാനാദര്‍ശമാണ്. ഇത് നിഷേധിച്ചുകൊണ്ട് ഒരാള്‍ക്ക് മുസ്ലിമാവുക സാധ്യമല്ല. ഈ മൌലികതത്വത്തെ ആസ്പദമാക്കി ഇസ്ലാമിക ദൃഷ്ട്യാ നിയമനിര്‍മാണം മൂന്ന് തലങ്ങളിലായാണ് നടക്കുന്നത് 1) ഖുര്‍ആനില്‍ ഖണ്ഡിതമായി പറഞ്ഞത് 2) പ്രവാചക ചര്യയില്‍ ഖണ്ഡിതമായി വിവരിച്ചത് 3) ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും ചുവട് പിടിച്ചും അത് രണ്ടിനും വിരുദ്ധമാവാതെയും സമൂഹത്തില്‍ ഉടലെടുക്കുന്ന പുതിയ പ്രശ്നങ്ങള്‍ക്ക് നിയമവിശാരദന്മാര്‍ ഗവേഷണത്തിലൂടെ ആവിഷ്കരിക്കുന്നത്. സര്‍വതന്ത്ര സ്വതന്ത്രമായ നിയമനിര്‍മാണം ഇസ്ലാം അംഗീകരിക്കുന്നില്ല.
നിയമത്തെ മൂന്നായി ഭാഗിക്കാം. ഒന്ന്: വിശ്വാസവുമായി ബന്ധപ്പെട്ടത്. വിശ്വാസപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ് അതിലെ ചര്‍ച്ച. രണ്ട്: മനുഷ്യന്റെ സ്വഭാവചര്യകളുമായി ബന്ധപ്പെട്ടത്. അവന്‍ ഉള്‍ക്കൊള്ളേണ്ട സല്‍സ്വഭാവങ്ങളും പരിവര്‍ജിക്കേണ്ട ഹീനസ്വഭാവങ്ങളുമാണ് ഇതില്‍ പ്രതിപാദിക്കുന്നത്. മൂന്ന്: കര്‍മപരം. അനുഷ്ഠാന നിയമങ്ങളും വ്യവഹാര നിയമങ്ങളുമാണ് ഇത് ഉള്‍ക്കൊള്ളുന്നത്. വ്യവഹാരവുമായി ബന്ധപ്പെട്ട നിയമങ്ങളെ ഏഴായി ഭാഗിക്കാം.
1) വ്യക്തിനിയമം അഥവാ കുടുംബ നിയമം. അതുമായി ബന്ധപ്പെട്ട ഖുര്‍ആനിക സൂക്തങ്ങള്‍ 70
2) പൌരനിയമം. കച്ചവടം, പണയം, ബിസിനസ്സ്, കടം, വ്യക്തികളുടെ സാമ്പത്തിക ഇടപാടുകള്‍ -സൂക്തങ്ങള്‍ 70
3) ക്രിമിനല്‍ നിയമം. മനുഷ്യജീവന്‍, സ്വത്ത്, മാനം എന്നിവയുടെ സംരക്ഷണം, അവന്റെ അവകാശബാധ്യതകള്‍, മര്‍ദകനും മര്‍ദിതനും തമ്മിലുള്ള ബന്ധം ആദിയായവ -സൂക്തങ്ങള്‍ 30
4) സാക്ഷ്യം, സത്യം ചെയ്യല്‍, വിധിപ്രസ്താവം എന്നിവയുമായി ബന്ധപ്പെട്ടവ -സൂക്തങ്ങള്‍ 13
5) സ്റേറ്റുമായി ബന്ധപ്പെട്ട മൌലിക തത്വങ്ങള്‍, ഭരണാധികാരിയും ഭരണീയരും തമ്മിലുള്ള ബന്ധം, വ്യക്തിയുടെയും വിഭാഗങ്ങളുടെയും അവകാശബാധ്യതകള്‍ സംബന്ധിച്ചുള്ളവ -സൂക്തങ്ങള്‍ 10
6) അവശര്‍ക്കും ആലംബഹീനര്‍ക്കും സമ്പന്നന്റെ സമ്പത്തിലുള്ള വിഹിതം, വരുമാനം, വിനിമയ മാര്‍ഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടവ -സൂക്തങ്ങള്‍ 10
7) രാഷ്ട്രവും രാഷ്ട്രവും തമ്മിലും ഒരേ രാഷ്ട്രത്തിലെ തന്നെ മത വിഭാഗങ്ങള്‍ തമ്മിലുമുള്ള ബന്ധം, യുദ്ധം, സമാധാനം എന്നിവയുമായൊക്കെ ബന്ധപ്പെട്ടുള്ളവ -സൂക്തങ്ങള്‍ 25
(അബ്ദുല്‍ വഹ്ഹാബ് ഖല്ലാഫിന്റെ ഇല്‍മുഉസൂലില്‍ ഫിഖ്ഹില്‍നിന്ന്)
ഈ നിയമങ്ങളത്രയും മതപരമാണ്, രാഷ്ട്രവുമായി അതിന് ബന്ധമില്ല എന്ന് സുബോധമുള്ളവര്‍ക്കു വാദിക്കാന്‍ കഴിയുമോ? കഴിയില്ലെങ്കില്‍ രാഷ്ട്ര(സ്റേറ്റ്) സങ്കല്‍പം ഇസ്ലാം മതത്തില്‍ ഇല്ല എന്ന് പറയാന്‍ കഴിയില്ല. ഈ ഒരു സ്റേറ്റാണ് പ്രവാചകന്റെ കാലത്തെ മദീന സമൂഹം മുതല്‍ 1924ല്‍ ഉസ്മാനിയാ ഖിലാഫത്തിന് അന്ത്യം കുറിക്കുന്നതുവരെ മുസ്ലിം സമൂഹം വിഭാവനം ചെയ്തുപോന്നത്.
ഹമീദ് പറയുംപോലെ 1941 മുതലല്ല, എഴുതാന്‍ തുടങ്ങിയ കാലം മുതലേ മൌദൂദി ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞു തുടങ്ങിയിട്ടുണ്ട്. 1927 ജൂണില്‍ തന്റെ 24-ാമത്തെ വയസ്സില്‍ മൌദൂദി പ്രസിദ്ധീകരിച്ച അല്‍ജിഹാദു ഫില്‍ ഇസ്ലാം എന്ന പ്രശസ്ത കൃതി അതിന്റെ ഒന്നാന്തരം തെളിവാണ്.
മൌദൂദിയുടെ 'രാഷ്ട്രീയ ദൈവശാസ്ത്ര'ത്തിന്റെ താക്കോലാണു പോലും 1941ല്‍ പ്രസിദ്ധീകൃതമായ 'ഖുര്‍ആന്‍ കീ ചാര്‍ ബുന്‍യാദീ ഇസ്തിലാഹേം- ഖുര്‍ആനിലെ നാലു സാങ്കേതിക ശബ്ദങ്ങള്‍- എന്ന പുസ്തകം. ഇസ്ലാമിനെ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമായി ന്യൂനീകരിക്കുകയാണ് മൌദൂദി ചെയ്തതെന്നും ആക്ഷേപിക്കുന്നുണ്ട് ഹമീദ്. ന്യൂനം എന്നാല്‍ കുറവ് എന്നാണര്‍ഥം. ഹമീദ് തന്നെ പറയുന്നതനുസരിച്ച് മതമെന്നോ വിശ്വാസ വ്യവസ്ഥ എന്നോ അര്‍ഥമുള്ള ദീനിനെ രാഷ്ട്രീയത്തിലേക്ക് കൂടി കൊണ്ടുവരുമ്പോള്‍ ഇസ്ലാമിനെ വിപുലീകരിച്ചു എന്നല്ലേ പറയേണ്ടത്. അതെങ്ങനെയാണാവോ ന്യൂനീകരിക്കലാവുന്നത്! 1930കളില്‍ മൌദൂദി പ്രസിദ്ധീകരിച്ച ഒരു പുസ്തകമുണ്ട്, 'മുസല്‍മാന്‍ ഔര്‍ മൌജൂദ സിയാസീ കശ്മകശ്' -മുസ്ലിംകളും നിലവിലെ രാഷ്ട്രീയ വടം വലിയും- എന്ന പേരില്‍. തന്റെ തര്‍ജുമാനുല്‍ ഖുര്‍ആനില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ച ആ കൃതിയില്‍ മൌദൂദി ഇസ്ലാമിക രാഷ്ട്രീയത്തെ സംബന്ധിച്ച് വസ്തുനിഷ്ഠമായി വിവരിക്കുന്നുണ്ട്.
ഇലാഹ്, ഇബാദത്ത്, റബ്ബ്, ദീന്‍ എന്നീ നാലു പദങ്ങള്‍ ഇസ്ലാമിക പദാവലിയിലെ നാലു സുപ്രധാന പദങ്ങളാണെന്ന കാര്യത്തില്‍ മുസ്ലിംകളില്‍ ആര്‍ക്കും പക്ഷാന്തരമുണ്ടാവില്ല. ഈ പദങ്ങളുടെ ആശയ പ്രപഞ്ചം മനുഷ്യ ജീവിതത്തെ മുച്ചൂടും ചൂഴ്ന്ന് നില്‍ക്കുന്നു എന്ന കാര്യത്തിലുമില്ല അഭിപ്രായാന്തരം.
പ്രസ്തുത പദങ്ങളുടെ ആശയവൈപുല്യത്തെ ഭാഷ, ഖുര്‍ആന്‍, ഹദീസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് മൌദൂദി വിശദീകരിച്ചിട്ടുള്ളത്. നിഷ്പക്ഷ ബുദ്ധ്യാ പുസ്തകം വായിക്കുന്ന ആര്‍ക്കും അത് ബോധ്യമാകും. പ്രസ്തുത പദങ്ങളുടെ ആശയം ഗ്രഹിക്കുന്നതില്‍ പില്‍ക്കാല മുസ്ലിംകള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് പറഞ്ഞതില്‍ അതിശയോക്തിപരമായി ഒന്നുമില്ല. ഏതൊരു സമൂഹത്തിലും കാലപ്പഴക്കത്തില്‍ സംഭവിക്കുന്ന ഒന്നാണ് ആശയശോഷണം. അക്കാര്യം വ്യക്തമാക്കുക മാത്രമാണ് മൌദൂദി ചെയ്തത്. ആശയശോഷണം സംഭവിച്ചതിന്റെ കാരണങ്ങളും മൌദൂദി വിശദീകരിച്ചിട്ടുണ്ട്.
ഖുര്‍ആനിക പദങ്ങളുടെ കാര്യത്തില്‍ മാത്രമല്ല ഏതൊരു വിപ്ളവാത്മക മുദ്രാവാക്യങ്ങള്‍ക്കും സംഭവിക്കുന്ന അപചയമാണത്. അതുകൊണ്ടാണ് ഇസ്ലാമിന്റെ മൌലികാശയമായ തൌഹീദിന്റെ കാര്യത്തില്‍ വിശ്വമഹാകവി അല്ലാമാ ഇഖ്ബാല്‍ ഇങ്ങനെ പറഞ്ഞത്:
"ഇതേ തൌഹീദ് തന്നെയാണ് ഒരു കാലത്ത് ലോകത്ത് സജീവശക്തിയായി നിലകൊണ്ടത്. ഇന്നോ? ദൈവശാസ്ത്രത്തിലെ ഒരു ചര്‍ച്ചാ വിഷയം മാത്രവും.''
ഖുര്‍ആന്‍ ഒരു വിപ്ളവ ഗ്രന്ഥമാണ്. പുതുമ നശിച്ചിട്ടില്ലാത്ത, നശിക്കാന്‍ സാധ്യതയില്ലാത്ത വിപ്ളവഗ്രന്ഥം. സമൂഹത്തിന്റെ വളര്‍ച്ചക്കൊത്ത് അതിനെ പുനര്‍വായന നടത്തേണ്ടിവരും. പഴയ ഫറോവമാര്‍ മാത്രമല്ല, അഭിനവ ഫറോവമാരും അതിന്റെ വിഷയമാണ്. പഴയ ജാഹിലിയ്യത്ത് മാത്രമല്ല പുതിയ ജാഹിലിയ്യത്തും അതിന്റെ ശത്രുവാണ്. താഗൂത്തിന് കാലം മാറുന്നതിനനുസരിച്ച് രൂപഭാവങ്ങളില്‍ മാറ്റം വരും. പക്ഷേ, അത് താഗൂത്ത് തന്നെയാണ്. അതിനെ തരാതരം പോലെ ഖുര്‍ആന്‍ കൈകാര്യം ചെയ്യും. ആ ഒരു പുനര്‍ വായനയാണ് ആധുനിക കാലത്ത് മൌദൂദി നടത്തിയത്.
ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍ ജീവിതം ഏകകമാണ്. അത് വിഭജിക്കാവതല്ല. ജീവിതവും മരണവും അല്ലാഹുവിന് എന്നതാണ് ഇസ്ലാമിക പാഠം. അക്കാര്യത്തില്‍ മുസ്ലിംകളില്‍ ആര്‍ക്കും അഭിപ്രായാന്തരമില്ല. നമസ്കരിക്കുന്ന ഓരോ മുസ്ലിമും ദിവസത്തില്‍ അഞ്ചുവട്ടം അല്ലാഹുവിനോട് അപ്രകാരം പ്രതിജ്ഞ ചെയ്യുന്നുണ്ട്.
ഇസ്ലാം സാമ്പ്രദായിക മതം മാത്രമല്ല, അത് നിയമമാണ്, വ്യവസ്ഥയാണ്, വിധേയത്വമാണ്, പ്രസ്ഥാനമാണ്, വിശ്വാസ സംഹിതയാണ്. രാഷ്ട്ര സംവിധാനം അതിന്റെ അനിവാര്യ ഘടകമാണ്; പ്രബോധനവും. അനീതിക്കും അതിക്രമത്തിനും അഴിമതിക്കും ദുഷിച്ച വ്യവസ്ഥിതിക്കും എതിരിലുള്ള സമരവും അതിന്റെ മാര്‍ഗമാണ്. അങ്ങനെയുള്ള ഒരിസ്ലാമിക സമൂഹമാണ് മദീനയില്‍ പ്രവാചകന്‍ സ്ഥാപിച്ചത്.
ഇസ്ലാമില്‍ വര്‍ഗമില്ല, വര്‍ഗ സംഘട്ടനവുമില്ല. ഉള്ളത് സത്യവും അസത്യവും, നീതിയും അനീതിയും, ധര്‍മവും അധര്‍മവും തമ്മിലുള്ള സംഘട്ടനമാണ്. ഹഖ്ഖും (സത്യം, ധര്‍മം) ബാതിലും (അസത്യം, അധര്‍മം) തമ്മിലുള്ള സംഘട്ടനം. ഇത് ഖുര്‍ആനിന്റെ കാഴ്ചപ്പാടാണ്. ഖുര്‍ആനിക വീക്ഷണത്തില്‍ ലോകത്ത് രണ്ട് അടിസ്ഥാന വൈരുധ്യമാണുള്ളത്. ഒന്ന്: ഹഖ്ഖ്. സത്യം അഥവാ ധര്‍മം. രണ്ട്: ബാതില്‍. അസത്യം അഥവാ അധര്‍മം. "ധര്‍മത്തിന് ശേഷം അധര്‍മമല്ലാതെ മറ്റെന്തുണ്ട്?'' എന്ന് 1400 സംവത്സരങ്ങള്‍ക്ക് മുമ്പ് ഖുര്‍ആന്‍(10:32) ഉന്നയിച്ച ചോദ്യം കാലത്തിന്റെ ഭാഷയില്‍ പരാവര്‍ത്തനം ചെയ്യുകയായിരുന്നു മൌദൂദി. സയ്യിദ് മൌദൂദി ഖുര്‍ആനിനെ കോപ്പിയടിച്ചു എന്നു പറഞ്ഞാല്‍ സത്യമാണ്. അദ്ദേഹം ഹെഗലിനെയും മാര്‍ക്സിനെയും കോപ്പിയടിച്ചുവെന്നാണ് പറയുന്നതെങ്കില്‍ അത് തെറ്റാണ്. ശറഹുല്‍ അഖാഇദ്, ജംഉല്‍ ജവാമിഅ് തുടങ്ങിയ ദാര്‍ശനിക ഗ്രന്ഥങ്ങളുടെ കര്‍ത്താക്കളും ഇമാം ഗസ്സാലിയും ഇമാം ഇബ്നു തൈമിയയുമെല്ലാം ആ 'കുറ്റം' ചെയ്തുവെന്ന് പറയേണ്ടി വരും.
ആധുനിക ചിന്താധാരകളെ സസൂക്ഷ്മം പഠിച്ച് വിശകലനം ചെയ്തിട്ടുള്ള പ്രതിഭാധനന്‍ തന്നെയാണ് മൌദൂദി. ഖുര്‍ആനിക പരിപ്രേക്ഷ്യത്തിലൂടെയാണ് അദ്ദേഹം അവയെ നോക്കിക്കണ്ടത്. അദ്ദേഹത്തിന്റെ പ്രതിബദ്ധത ഖുര്‍ആനോടായിരുന്നു. ഖുര്‍ആനോട് പ്രതിബദ്ധതയുള്ള ആര്‍ക്കും മൌദൂദി പറഞ്ഞതേ പറയാനാവൂ. അതിനു ഹെഗലിനെയും മാര്‍ക്സിനെയും കടം കൊള്ളുകയോ പകര്‍ത്തുകയോ ചെയ്യേണ്ട കാര്യമില്ല.
അവസാനമായി ഒന്നുചോദിക്കട്ടെ, ഹമീദിന്റെ മൌദൂദി ഖണ്ഡനത്തില്‍ 'മൌദൂദി ഇസ്ലാമിനെ രാഷ്ട്രീയത്തിലേക്ക് ന്യൂനീകരിച്ചു' പോലുള്ള ചില പെരും പോഴത്തങ്ങളല്ലാതെ ജമാഅത്തു വിമര്‍ശനത്തിന്റെ തുടക്കം മുതല്‍ അദ്ദേഹത്തിന്റെ സ്വന്തമായി വല്ലതുമുണ്ടോ? ഏറ്റവും ഒടുവില്‍ ഇര്‍ഫാന്‍ അഹ്മദിനെ പകര്‍ത്തിയതടക്കമുള്ള ലേഖനങ്ങള്‍ മുഴുവന്‍ പരിശോധിച്ചാല്‍ ബോധ്യമാവും ഒറിജനലായി അവയില്‍ ഒന്നുമില്ലെന്ന്. കഥയറിയാതെ, അല്ലെങ്കില്‍ ഹമീദിന്റെ അന്ധമായ മൌദൂദി വിരോധം പങ്കുവെക്കുന്നതുകൊണ്ട്, ചില തല്‍പര കക്ഷികളും ജിഹ്വകളും അച്ചടിച്ചു വിടുന്നതുകൊണ്ട് കോപ്പിയടിയും പോഴത്തജല്‍പനങ്ങളും അതല്ലാകുന്നില്ല. മൌദൂദി പകര്‍ത്തിയതാണ്, അത് പക്ഷേ, ഖുര്‍ആനില്‍നിന്നും പ്രവാചക ചര്യയില്‍നിന്നും ഇസ്ലാമിക ചരിത്രത്തില്‍നിന്നും ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍ നിന്നുമെല്ലാമാണ്. അക്കാര്യം അദ്ദേഹം തുറന്നു പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ നിലപാടുകളും വീക്ഷണങ്ങളും ഇസ്ലാമിന്റെ ആധികാരിക വ്യാഖ്യാനമായിത്തീരുന്നത്.