`നല്ല' സെക്യുലര്‍ ജനാധിപത്യവും
`ചീത്ത' ഇസ്‌ലാമിക രാഷ്‌ട്രീയവും
മുബാറക്കിനെക്കുറിച്ചുള്ള മിത്തുകള്‍
എലിസബത്ത് ഷക്‌മാന്‍
`സെക്യുലര്‍' എന്ന പദവും അതിന്റെ തത്ത്വാധിഷ്‌ഠിത പങ്കാളികളും ഈജിപ്‌തിലെ ജനകീയ മുന്നേറ്റങ്ങളെ തെറ്റായി പ്രതിനിധീകരിക്കുന്നതില്‍ ഒരുപാട് പങ്ക് വഹിക്കുന്നുണ്ട്. നിയന്ത്രിയ ജനാധിപത്യവത്‌കരണം, സുസ്ഥിരത, ഇസ്രയേലുമായുള്ള സമാധാന ഉടമ്പടികള്‍ എന്നിവയടങ്ങിയ സെക്യുലര്‍ രാഷ്‌ട്രീയത്തെ `നല്ല' രാഷ്‌ട്രീയമായി കണക്കാക്കുമ്പോള്‍, ഇസ്‌ലാമിക രാഷ്‌ട്രീയത്തെ അഥവാ മുസ്‌ലിം ബ്രദര്‍ഹുഡും അതിന്റെ കൂട്ടുകക്ഷികളും ഉയര്‍ത്തുന്നതായി ആരോപിക്കുന്ന അപകടങ്ങളെ `ചീത്ത' രാഷ്‌ട്രീയവുമായാണ് കണക്കാക്കപ്പെടുന്നത്. ഇത്തരം ലളിതവത്‌കരണങ്ങളാല്‍ ഈജിപ്‌തിലെ വര്‍ത്തമാന രാഷ്‌ട്രീയത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ ശരിയായ രീതിയില്‍ വായിക്കപ്പെടാതെ പോവുകയാണ്.
വിവേചനരഹിതമായ സെക്യുലറിസത്തെ സല്‍ഭരണവുമായി (good governance) കൂട്ടിക്കെട്ടുന്നതിലൂടെ ഇസ്‌ലാം സെക്യുലറല്ലെന്ന ധാരണയെയാണ് ഊട്ടിയുറപ്പിക്കുന്നത്. കൂടുതല്‍ അപകടകരമായ രീതിയില്‍ സെക്യുലര്‍ എന്നത് സാര്‍വലൗകിക മൂല്യങ്ങളുടെയും യുക്തിഭദ്രമായ വ്യക്തിതാല്‍പര്യങ്ങളുടെയും സ്വാഭാവിക മണ്ഡലമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു. സെക്യുലര്‍ രാഷ്‌ട്രീയം ഇങ്ങനെ മുസ്‌ലിം രാഷ്‌ട്രീയത്തിന്റെ എതിരാളിയായി സ്ഥാപിക്കപ്പെടുന്നു. സാര്‍വലൗകിക മൂല്യങ്ങളുടെയും യുക്തിഭദ്രമായ വ്യക്തിതാല്‍പര്യങ്ങളുടെയും കള്ളികളില്‍ വരാത്ത മറ്റെല്ലാ രാഷ്‌ട്രീയമണ്ഡലങ്ങളെയും സെക്യുലര്‍ രാഷ്‌ട്രീയത്തിന്റെ സ്വാഭാവിക എതിരാളികളായി കണക്കാക്കുന്നു. ഇത് വളരെ ശക്തവും വിശാലവുമായ ഒരു വിഭാഗമാണ്. ഇസ്‌ലാമുമായി സുരക്ഷിതമായ ഒരു വ്യത്യാസം സ്ഥാപിക്കുന്നതിനപ്പുറം സെക്യുലര്‍ യുക്തിയുടെയും നന്മകളുടെയും സാര്‍വലൗകികതയുടെയും പൊതുഇടമായി സ്വയം സുരക്ഷിതമാവുകയും അയുക്തിപരമായ വേറിട്ടവാദങ്ങളെയും ചാഞ്ചാട്ടങ്ങളെയും വ്യത്യസ്‌തതകളെയും ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു.
വിപരീത ദ്വന്ദങ്ങളില്‍ നിന്നുകൊണ്ടുള്ള ഇത്തരം വാഗ്വാദങ്ങള്‍ വ്യതിരിക്തമായ രാഷ്‌ട്രീയ ഇടങ്ങളെയും സാധ്യതകളെയുമാണ് അടച്ചുകളയുന്നത്. സെക്യുലര്‍ എന്ന ചിന്താശൂന്യമായ പുതപ്പുപയോഗിച്ചുകൊണ്ട് അമേരിക്കയും യൂറോപ്യന്‍ രാഷ്‌ട്രങ്ങളും ഈജിപ്‌ഷ്യന്‍ പ്രതിസന്ധിയെക്കുറിച്ചുള്ള തങ്ങളുടെ പ്രതികരണങ്ങളില്‍ അന്ധമായി വിശ്വസിക്കുന്നത് വര്‍ത്തമാനകാല ഉദാഹരണമാണ്. ഈജിപ്‌തിലെ സംഭവവികാസങ്ങളെക്കുറിച്ച പടിഞ്ഞാറന്‍ വിവരണങ്ങളില്‍ സെക്യുലറിസവും അതുമായി ബന്ധപ്പെട്ട നിര്‍മിതികളായ മതേതര ജനാധിപത്യം, മതേതര നേതൃത്വം തുടങ്ങിയവ എല്ലാ നന്മകളുടെയും ശരികളുടെയും സാര്‍വലൗകികതകളുടെയും സ്ഥാനം കൈയടിക്കിയിരിക്കുന്നത് അമ്പരപ്പിക്കുന്നതാണ്. 1928-ല്‍ ഈജിപ്‌തില്‍ സ്ഥാപിക്കപ്പെട്ട ഇസ്‌ലാമിക പ്രസ്ഥാനമായ മുസ്‌ലിം ബ്രദര്‍ഹുഡ് ഇത്തരം വിവരണങ്ങളില്‍ ഈജിപ്‌തിലെ ജനാധിപത്യ ആവിര്‍ഭാവത്തില്‍ നിന്ന് രൂപപ്പെടുന്ന അപകടസാധ്യതയുള്ള ഇസ്‌ലാമിസ്റ്റ് സംഘമായി പ്രതിനിധീകരിക്കപ്പെടുന്നു. ഇസ്‌ലാമിക പാരമ്പര്യത്തിലും ചരിത്രത്തിലും ഊന്നിയുള്ള രാഷ്‌ട്രീയ നിലപാടുകള്‍ `ചീത്ത'രാഷ്‌ട്രീയം എന്ന വിഭാഗത്തിലാണ് ചേര്‍ത്തിരിക്കുന്നത്. അഥവാ ജനാധിപത്യ രാഷ്‌ട്രീയത്തെയും യുക്തിയെയും സാധാരണത്വത്തെയും (normal) അപകടപ്പെടുത്തുന്ന `ചീത്ത' രാഷ്‌ട്രീയം. നിഷ്‌പക്ഷ സെക്യുലര്‍ പൊതുഇടത്തിലേക്ക് വലിഞ്ഞുകയറിയതോ അല്ലെങ്കില്‍ അതില്‍ നിന്ന് വഴിതെറ്റിയതോ ആയ ഒന്നായാണ് രാഷ്‌ട്രീയ ഇസ്‌ലാമിനെ കാണുന്നത്. ആധുനികപൂര്‍വമായ മുസ്‌ലിം രാഷ്‌ട്രീയക്രമത്തിലേക്കുള്ള തിരിച്ചുപോക്കോ അല്ലെങ്കില്‍ അവ രണ്ടിന്റെയും അപകടകരമായ സങ്കലനമോ ആണത്.
ഇസ്‌ലാമിന്റെ ഇത്തരം പ്രതിനിധാനങ്ങളെ ആവര്‍ത്തിച്ചുറപ്പിക്കാന്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന രണ്ട് വിശകലന ചട്ടക്കൂടുക(evaluative framework)ളാണ് Laicism വും Judeo-christian secularism വും. ഈജിപ്‌തിലെ വര്‍ത്തമാനകാല പ്രതിസന്ധിയെക്കുറിച്ച സംവാദങ്ങളില്‍ ഈ രണ്ട് വിശകലന ചട്ടക്കൂടുകളെയാണ് മാധ്യമങ്ങളും രാഷ്‌ട്രീയ പങ്കാളികളും വ്യാപകമായി ഉപയോഗപ്പെടുത്തുന്നത്. വായനയില്‍ Laiscism രാഷ്‌ട്രീയ ഇസ്‌ലാമിനെ ആഴത്തിലുള്ള സാമ്പത്തിക രാഷ്‌ട്രീയ താല്‍പര്യങ്ങളുടെ ഉപരിപ്ലവമായ പ്രകടനമോ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ സെക്യുലറാവേണ്ട പൊതുജീവിതത്തില്‍ വലിഞ്ഞുകയറുന്ന അയുക്തി നിറഞ്ഞ മതരൂപമായിട്ടോ ആണ് ചിത്രീകരിക്കുന്നത്. ആധുനിക ക്രിസ്‌ത്യന്‍ വീക്ഷണപ്രകാരമോ മതേതരവത്‌കരിക്കപ്പെട്ട ക്രിസ്‌ത്യന്‍ വിശ്വാസപ്രകാരമോ ആയ ചര്‍ച്ചിനെയും സ്റ്റേറ്റിനെയും വിഭജിച്ചുകൊണ്ടുള്ള വീക്ഷണത്തിന് എതിരായിട്ടുള്ള ഇസ്‌ലാമിന്റെ ജനാധിപത്യവിരുദ്ധ മിശ്രണമായിട്ടാണ് ജൂഡോ-ക്രിസ്‌ത്യന്‍ സെക്യുലരിസ വായനയില്‍ രാഷ്‌ട്രീയ ഇസ്‌ലാം വായിക്കപ്പെടുന്നത്. രണ്ടാമത്തെ ഈ വ്യാഖ്യാനം മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ചരിത്രപരമായിത്തന്നെ മത-രാഷ്‌ട്രീയ വിഭജനം നിലനില്‍ക്കുന്നില്ല എന്ന് ആവര്‍ത്തിച്ചുറപ്പിക്കുക മാത്രമല്ല ഇസ്‌ലാംമതത്തിന് അതിന്റെ നിശ്ചലാവസ്ഥ കാരണം അങ്ങനെയൊന്നിനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല എന്ന് സ്ഥാപിക്കുന്നു. ഈ രണ്ട് വിവരണങ്ങളിലും രാഷ്‌ട്രീയ ഇസ്‌ലാം സമീകരിക്കപ്പെടുന്നത് സ്വകാര്യമണ്ഡലത്തിനുള്ള സവിശേഷ സ്ഥാനത്തെ നിരാകരിക്കുന്ന, പൊതു/സ്വകാര്യം തുടങ്ങിയ ആധുനിക വിഭജനങ്ങളെ അംഗീകരിക്കാത്ത ഒന്നായായാണ്. തദ്‌ഫലമായി രാഷ്‌ട്രീയ മണ്ഡലത്തില്‍ പ്രത്യക്ഷപ്പെടുന്ന ഏത് ഇസ്‌ലാമിക വ്യവഹാരത്തെയും മതമൗലികവാദമായും അസഹിഷ്‌ണുതയായും ചിത്രീകരിക്കുന്നു. രാഷ്‌ട്രീയ ഇസ്‌ലാമിനെക്കുറിച്ച ഇത്തരം ധാരണകളാണ് മുസ്‌ലിം ബ്രദര്‍ഹുഡിനെക്കുറിച്ച പ്രതിനിധാനങ്ങളിലൂടെ ആവര്‍ത്തിക്കപ്പെടുന്നത്. മുബാറക് സ്ഥാനമൊഴിയണമെന്ന് പറയുമ്പോള്‍ തന്നെ ഈജിപ്‌തിലെ പ്രക്ഷോഭകാരികളുടെ നിയമപരമായ ആവശ്യങ്ങളെ അംഗീകരിക്കാന്‍ മടികാണിക്കുന്ന പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പരസ്‌പരവിരുദ്ധമായ നിലപാടുകള്‍ക്ക് കാരണവും മുസ്‌ലിം ബ്രദര്‍ഹുഡിന്റെ വരവിനെക്കുറിച്ച ഭയമാണ്.
ഇനി നമുക്ക് ഈജിപ്‌തിലെ രാഷ്‌ട്രീയ മതകാര്യങ്ങളെക്കുറിച്ച് മറ്റൊരു ദിശയില്‍ ചിന്തിക്കാം. സെക്യുലറിസത്തെയും മതപരതയെയും വ്യാഖ്യാനിച്ചിരുന്ന ഈജിപ്‌തിലെ പ്രാഥമിക ഘടനകള്‍ തന്നെയും ഇന്ന് ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഇത്തരം ഘടനകളെ ഉപയോഗപ്പെടുത്തിയായിരുന്നു ചില പാര്‍ട്ടികളെയും സ്ഥാപനങ്ങളെയും പൊതുസ്വത്വത്തിന്റെ രൂപങ്ങളെയും മുബാറക്ക് നിയമവിധേയമാക്കുകയും നിയമവിരുദ്ധമാക്കുകയും ചെയ്‌തത്. മൃഗീയമായ ഭീകരവിരുദ്ധ നിയമങ്ങള്‍, എതിരാളികളെ ക്രൂരമായി അടിച്ചമര്‍ത്തല്‍ തുടങ്ങിയ ചില രാഷ്‌ട്രീയപ്രയോഗങ്ങളെ അനുവദനീയമാക്കിയ ഭരണകൂടം, മതപരം എന്ന് വ്യവഛേദിക്കുന്ന പാര്‍ട്ടികളുടെ രാഷ്‌ട്രീയ പങ്കാളിത്തം തടയുകയും ചെയ്‌തു. നിയമപരമായിത്തന്നെയാണ് ഇത്തരം വിവേചനങ്ങള്‍ നടപ്പിലാക്കിയത്. 2006-ല്‍ ഭരണഘടനയുടെ ആര്‍ട്ടിക്‌ള്‍ 5 ഭേദഗതി ചെയ്‌ത് മതത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളെ ഈജിപ്‌ഷ്യന്‍ ഭരണകൂടം നിയമവിരുദ്ധമാക്കി. മുസ്‌ലിം ബ്രദര്‍ഹുഡ് രാഷ്‌ട്രീയ പ്രക്രിയയില്‍ പങ്കാളികളാകുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു ഇത്.
മധ്യപൗരസ്‌ത്യദേശത്തെ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി അമേരിക്ക ഈ ഭരണകൂട നിയന്ത്രിത, സുരക്ഷയെക്കുറിച്ച ആശങ്കകള്‍ നിറഞ്ഞ സെക്യുലര്‍-മത വിഭജനങ്ങളെ ശക്തമായി പിന്താങ്ങി. അമേരിക്കയെ സംബന്ധിച്ചേടത്തോളം ഈ നിലപാടുകള്‍ക്ക് പിറകില്‍ ഇസ്രയേലിന്റെ സുരക്ഷ, ഭീകരവിരുദ്ധ യുദ്ധത്തിനുള്ള പിന്തുണ, എണ്ണയുടെ ലഭ്യത ഉറപ്പ് വരുത്തുക എന്നീ താല്‍പര്യങ്ങളാണ്. 2005-ല്‍ കയ്‌റോവിലെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രഭാഷണത്തില്‍ കോണ്ടലീസ റൈസ് പറഞ്ഞു: ``ഈജിപ്‌ഷ്യന്‍ സര്‍ക്കാറിനെ അവരുടെ നിയമങ്ങള്‍ക്കകത്തു നിന്ന് പൗരസമൂഹവുമായി ഇടപെടാനും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്താനും സാധിക്കുന്ന രീതിയില്‍ ഭരണഘടനാ പരിഷ്‌കാരങ്ങള്‍ക്ക് പ്രോത്സാഹിപ്പിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. പക്ഷേ, മുസ്‌ലിം ബ്രദര്‍ഹുഡുമായി ഒരു ഇടപാടിനും നാം സന്നദ്ധമല്ല. ഞങ്ങള്‍ തയാറുമല്ല.'' കോണ്ടലീസ റൈസിന്റെ ഈ സന്ദര്‍ശനത്തിന് ശേഷം ബുഷ് ഭരണകൂടം തങ്ങളുടെ ഈ നിലപാട് ശക്തമാക്കി. 2005-ലെ പാര്‍ലമെന്റ് ഇലക്‌ഷനില്‍ ബ്രദര്‍ഹുഡ് പാര്‍ലമെന്റിലെ പകുതിയോളം സീറ്റുകള്‍ നേടിയപ്പോള്‍ മുബാറക്കിന് മേലുള്ള അമേരിക്കന്‍ സമ്മര്‍ദം ശക്തമായി. നൂറുകണക്കിന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌ത് പട്ടാളകോടതികളിലേക്ക് വിചാരണക്കയക്കുമ്പോള്‍ വാഷിംഗ്‌ടണ്‍ നിശബ്‌ദമായി നോക്കി നില്‍ക്കുകയായിരുന്നു.
എന്നാലിന്ന് അമേരിക്കയുടെയും യൂറോപ്യന്‍ രാഷ്‌ട്രങ്ങളുടെയും പിന്തുണയോടുകൂടി ദശകങ്ങളായി ഭരണത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന മുബാറകിന്റെ ആധിപത്യ ഘടനകള്‍ക്കെതിരെ അതിശക്തമായി ഈജിപ്‌ഷ്യന്‍ ജനതയും മുബാറക് വിരുദ്ധകക്ഷികളും ഒരുമിച്ച് ചേര്‍ന്നിരിക്കുകയാണ്. തീര്‍ച്ചയായും ഭാവി ജനങ്ങളുടേതാണ്. പ്രശസ്‌ത ലബനീസ് പത്രപ്രവര്‍ത്തകനായ റാമിഖോറി ഈ ശ്രദ്ധേയമായ മാറ്റത്തെ വിലയിരുത്തുന്നത് ഇങ്ങനെയാണ്: ``1920-കളിലും 30-കളിലും തുടങ്ങി ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും അറബ് ലോകത്ത് സൃഷ്‌ടിക്കുകയും നിലനിര്‍ത്തുകയും ചെയ്‌ത കൊളോണിയലാനന്തര ക്രമങ്ങളാണ് ഇപ്പോള്‍ തുറന്ന് കാണിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.'' അമേരിക്കയും ഇതര യൂറോപ്യന്‍ രാഷ്‌ട്രങ്ങളും ഈജിപ്‌തിലെയും ഈ മേഖലയിലെ മറ്റ് രാഷ്‌ട്രങ്ങളുടെയും രാഷ്‌ട്രീയ ഭൂപടത്തെ ജനാധിപത്യരീതിയില്‍ മാറ്റിമറിക്കാവുന്ന ഇപ്പോഴത്തെ ശ്രദ്ധേയമായ മാറ്റത്തെ തിരിച്ചറിയുമോ എന്നത് ഇനിയും വ്യക്തമല്ല. പതിവുപോലെ സുരക്ഷയുടെയും നിയമവാഴ്‌ചയുടെയും പേരില്‍ സെക്യുലര്‍/ മതപരം എന്ന ദ്വന്ദങ്ങളില്‍ തന്നെ നിലയുറപ്പിക്കുമോ എന്നതും വ്യക്തമല്ല. ഫിലിപ്പ് വെയ്‌സ് നിരീക്ഷിക്കുന്നത് ഇങ്ങനെ: ``മതേതര സ്വേഛാധിപതികള്‍/മതഭ്രാന്തര്‍ എന്നീ രണ്ട് തെരഞ്ഞെടുപ്പുകള്‍ക്കപ്പുറം യഥാര്‍ഥ ജനാധിപത്യത്തെ ആവിഷ്‌കരിച്ച് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നവരാണ് തങ്ങളെന്ന് അറബ് ലോകം തെളിയിച്ചതാണ് അമേരിക്കക്കും ഇസ്രയേലിനും കൂടുതല്‍ അപകടകരം.'' മുബാറക് ഭരണകൂടം വിറ്റഴിച്ചിരുന്ന മിത്ത് മാത്രമായിരുന്നു ഞങ്ങള്‍ അല്ലെങ്കില്‍ അല്‍ഖാഇദ എന്ന സമവാക്യം. ഇസ്‌ലാമിക മതമൗലികവാദത്തെക്കുറിച്ച ഭയപ്പെടുത്തലുകളാണ് ഈജിപ്‌ത് ഇപ്പോള്‍ അതിജീവിച്ചിരിക്കുന്നതെന്ന് അല്‍ബറാദഇ സൂചിപ്പിക്കുന്നുണ്ട്.
ഇറാന്‍ വിപ്ലവത്തിന്റെ സന്ദര്‍ഭത്തില്‍ മിഷേല്‍ ഫൂക്കോ നിരീക്ഷിച്ചു: ``വരാനിരിക്കുന്ന കാലത്തിന്റെയും നമ്മുടെ കാലത്തിന്റെയും അനിവാര്യതകളിലൊന്നാണ് ഇസ്‌ലാമിന്റെ രാഷ്‌ട്രീയ ശക്തി എന്നതാണ് പ്രശ്‌നം. വിദ്വേഷത്തിന്റെ അടിത്തറയില്‍ നാം ഉയര്‍ത്തിയ യുക്തികൊണ്ട് നമുക്കതിനെ സമീപിക്കാനാവില്ല.'' മുസ്‌ലിം ബ്രദര്‍ഹുഡിനെക്കുറിച്ച ഭീതി ശക്തിപ്പെടുത്തുന്നത് ഇസ്‌ലാമിനെതിരെയുള്ള കുരിശുയുദ്ധത്തിലൂടെ ആഗോള ആധിപത്യം നേടിയെടുക്കാന്‍ പടിഞ്ഞാറ് ശ്രമിക്കുന്നു എന്ന വാദത്തെക്കൂടിയാണ്. ഇത്തരം വാദഗതികള്‍ മുബാറക്കിനെപ്പോലുള്ള ഏകാധിപതികള്‍ക്കാണ് കരുത്തുപകരുന്നത്. ഇങ്ങനെയാണ് ഇത്തരം പ്രസ്ഥാനങ്ങള്‍ വളരെ ശക്തവും നിയമാനുസൃതവുമായ രാഷ്‌ട്രീയ പിന്‍ബലം നേടിയെടുക്കുന്നത് എന്ന വര്‍ത്തമാനകാല രാഷ്‌ട്രീയത്തിന്റെ യഥാര്‍ഥ്യങ്ങളെയാണ് ഇതുമൂലം അഭിമുഖീകരിക്കാതെ പോകുന്നത്. ലണ്ടന്റെയോ ജറൂസലമിന്റെയോ വാഷിംഗ്‌ടണിന്റെയോ ആഗ്രഹങ്ങള്‍ക്കൊത്ത് ഒഴുക്കിക്കളയാവുന്ന ഒന്നല്ല ഇത്.
മുസ്‌ലിം ബ്രദര്‍ഹുഡിനോടുള്ള വെറുപ്പ് കലര്‍ന്ന സമീപനങ്ങളിലും മാറ്റം കണ്ടുവരുന്നുണ്ട്. നഥാന്‍ ബ്രൗണ്‍ ബ്രദര്‍ഹുഡിനെ വിവരിക്കുന്നത് ശ്രദ്ധേയമാണ്: ``ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം, അഴിമതികള്‍ അവസാനിപ്പിക്കുക, പരിസ്ഥിതിസംരക്ഷണം തുടങ്ങിയ അവരുടെ പരിപാടികള്‍ നിലവാരം പുലര്‍ത്തുന്നതും പരിഷ്‌കരണവാഞ്‌ഛയുള്ളതുമാണ്. കഴിഞ്ഞ പത്തുവര്‍ഷത്തെ രാഷ്‌ട്രീയ ഇടപെടലുകളിലൂടെ ഇസ്‌ലാമിന്റെ വര്‍ണത്തോടു കൂടിയ പൊതുവായ ഒരു പരിഷ്‌കരണ ഭാഷയെ അവര്‍ ശക്തമായി പിന്താങ്ങുന്നുണ്ട്. രാഷ്‌ട്രീയ മേഖലയിലെ ഇതര പരിഷ്‌കരണവാദികള്‍ മുന്നോട്ടുവെക്കുന്ന പരിപാടികളുമായി തുലനം ചെയ്യുമ്പോള്‍ അതിശയിപ്പിക്കുന്ന സ്ഥിരത ഇക്കാര്യത്തില്‍ ബ്രദര്‍ഹുഡ് പുലര്‍ത്തുന്നു.'' പശ്ചാത്യ അഭിപ്രായ നയരൂപീകരണ വിദഗ്‌ധരും രാഷ്‌ട്രീയ പണ്ഡിതന്മാരും `മതഭ്രാന്തരായ ഇസ്‌ലാമിസ്റ്റുകള്‍'/സെക്യുലര്‍ സ്വേഛാധിപതികള്‍ എന്ന രണ്ട് തെരഞ്ഞെടുപ്പുകളെ മറികടക്കാനുള്ള ബൗദ്ധിക സര്‍ഗാത്മകതയും രാഷ്‌ട്രീയധൈര്യവും കാണിക്കുമോ എന്നാണിനി നോക്കാനുള്ളത്. മിഡിലീസ്റ്റിലെ യഥാര്‍ഥ ജനാധിപത്യത്തെയും മാറ്റത്തെയും അവര്‍ പിന്തുണക്കുമോ എന്നതും കാണാനിരിക്കുന്നതേയുള്ളൂ.
വിവ: പി.കെ സ്വാദിഖ്
Elizabeth Shakman Hurd നോര്‍ത്ത് വെസ്റ്റേണ്‍ യൂനിവേഴ്‌സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ അസിസ്റ്റന്റ് പ്രഫസറാണ്. ഇമെയില്‍- eshurd@ northwestern.edu
laicism: ഗവണ്‍മെന്റ് കാര്യങ്ങളില്‍ മതത്തിനും മതകാര്യത്തില്‍ ഗവണ്‍മെന്റിനും ഇടപെടലുകള്‍ ഇല്ലാത്ത സാമൂഹിക വ്യവസ്ഥിതിയെക്കുറിച്ച സങ്കല്‍പം.