Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       



അഴിമതിസൂനാമിക്കെതിരെ

അഴിമതിയുടെ സൂനാമിക്കിരയായിരിക്കുകയാണിപ്പോള്‍ ഇന്ത്യാ രാജ്യം. നീതിയുടെ ഉറച്ചതും സുരക്ഷിതവുമെന്നു കരുതപ്പെട്ടിരുന്ന കരകള്‍ പോലും കടലെടുത്തുകൊണ്ടിരിക്കുന്ന ഭയാനക ചിത്രങ്ങളാണ്‌ വാര്‍ത്താ മാധ്യമങ്ങള്‍ ദിനേന ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്‌. ഭീമാകാരമായ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ കുംഭകോണം കത്തിനില്‍ക്കുമ്പോള്‍ തന്നെ സംസ്ഥാന മന്ത്രിമാരും ഉദ്യോഗസ്ഥരും സൈന്യവും ഉള്‍പ്പെട്ട ആദര്‍ശ്‌ ഫ്‌ളാറ്റ്‌ കുംഭകോണം ഉയര്‍ന്നുവന്നു. തുടര്‍ന്ന്‌ അവ രണ്ടിനെയും നിഷ്‌പ്രഭമാക്കിക്കൊണ്ട്‌ 2ജി സ്‌പെക്‌ട്രം അഴിമതി കത്തിപ്പടര്‍ന്നു. അതിന്റെ ഞെട്ടല്‍ മാറും മുമ്പിതാ അതിനെ വെല്ലുന്ന എസ്‌ ബാന്‍ഡ്‌ സ്‌പെക്‌ട്രം കുംഭകോണത്തിര അടിച്ചുയുര്‍ന്നിരിക്കുന്നു. അതിനു പിറകെ ആദര്‍ശ്‌ ഫ്‌ളാറ്റിനെ വെല്ലുന്ന മറ്റൊരു ഭൂമി കുംഭകോണത്തിര കൂടി അഴിമതിയുടെ ആഴക്കടലില്‍ രൂപംകൊള്ളുന്നതായി സൂചനയുണ്ട്‌. 2ജി സ്‌പെക്‌ട്രം ഇടപാടിന്റെ അന്വേഷണത്തില്‍ മുന്‍ ടെലികോം മന്ത്രി എ. രാജ പോലീസ്‌ കസ്റ്റഡിയിലായി. കേരളത്തില്‍ യു.ഡി.എഫിന്റെ സമുന്നത നേതാവ്‌ ആര്‍. ബാലകൃഷ്‌ണപിള്ളക്ക്‌, അദ്ദേഹം വൈദ്യുതി മന്ത്രിയായിരുന്ന കാലത്തുത്ഭവിച്ച ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീം കോടതി ഒരു വര്‍ഷത്തെ ജയില്‍വാസം വിധിച്ചിരിക്കുകയാണ്‌. ഹൈക്കോടതി ജഡ്‌ജിമാര്‍ക്ക്‌ കൈക്കൂലി കൊടുത്തതിന്‌ ഒരു ഒരു വ്യവസായിയും സുപ്രീംകോടതി ജഡ്‌ജിമാര്‍ക്ക്‌ കൈക്കൂലി കൊടുത്തതിന്‌ ഒരു സിറ്റിംഗ്‌ എം.പിയും, തങ്ങള്‍ ദൃക്‌സാക്ഷികളാണെന്ന്‌ പരസ്യമായി പറഞ്ഞു നടക്കുന്നു. അതു സംബന്ധിച്ച അന്വേഷണം പുതിയ പുതിയ അഴിമതിക്കഥകള്‍ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. സഖ്യകക്ഷി ഗവണ്‍മെന്റിന്റെ പരിമിതികള്‍ മൂലം ഭരണകൂടം അഴിമതി മുക്തമാക്കുന്നതില്‍ താന്‍ നിസ്സഹായനാണെന്ന്‌ മാധ്യമ പ്രതിനിധികളെ വിളിച്ചു കൂട്ടി വിലപിക്കുകയാണ്‌ നമ്മുടെ പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ ഓഫീസ്‌ നേരിട്ട്‌ നിയന്ത്രിക്കുന്ന ഐ.എസ്‌.ആര്‍.ഒയില്‍ നടക്കുന്ന പെരുംകൊള്ളകള്‍ പോലും അദ്ദേഹം അറിയുന്നില്ലത്രെ. ഇതു നേരാണെങ്കില്‍ ഈ ചുഴിയില്‍നിന്ന്‌ രാജ്യത്തെ രക്ഷിക്കാന്‍ ജനങ്ങള്‍ ആരെയാണിനി പ്രതീക്ഷിക്കേണ്ടത്‌. ആരെയും പ്രതീക്ഷിക്കാനില്ലെന്നതാണ്‌ വാസ്‌തവം. ജനങ്ങള്‍ സ്വയം മുന്നോട്ട്‌ വരികയാണ്‌ അവശേഷിക്കുന്ന ഏക മാര്‍ഗം.
ഈ സാഹചര്യത്തില്‍, കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ദല്‍ഹി, മുംബൈ, ലഖ്‌നൗ, ഹൈദറാബാദ്‌ തുടങ്ങിയ എട്ടോളം വന്‍ നഗരങ്ങളില്‍ നടന്ന അഴിമതിവിരുദ്ധ സമ്മേളനങ്ങളും റാലികളും ശ്രദ്ധേയമാകുന്നു. `ആന്റി കറപ്‌ഷന്‍ ഫോറം' എന്ന പേരിലുള്ള, അധികാര രാഷ്‌ട്രീയത്തില്‍നിന്ന്‌ അകന്നുനില്‍ക്കുന്ന ദേശീയ സാംസ്‌കാരിക വ്യക്തിത്വങ്ങളുടെ കൂട്ടായ്‌മയാണ്‌ അത്‌ സംഘടിപ്പിച്ചത്‌. ഭരണകൂടത്തില്‍ ജനാധിപത്യം അഴിമതി ആധിപത്യത്തിന്‌ വഴിമാറുന്നതിനെക്കുറിച്ച്‌ ജനങ്ങള്‍ ബോധവാന്മാരും അസ്വസ്ഥരുമായിത്തുടങ്ങിയിരിക്കുന്നുവെന്നതിന്റെ സ്‌പഷ്‌ടമായ സൂചനയായിരുന്നു പ്രസ്‌തുത റാലികളില്‍ കണ്ട ജനബാഹുല്യം. അഴിമതിക്കെതിരെ ജനകീയ സമരത്തിനു സജ്ജരാകണമെന്നാണ്‌ സമ്മേളനങ്ങള്‍ നല്‍കിയ മുഖ്യ സന്ദേശം.
ദല്‍ഹിയിലെ രാംലീല മൈതാനത്തു തടിച്ചുകൂടിയ ജനാവലിയെ അഭിസംബോധന ചെയ്‌ത പ്രഭാഷകര്‍ സര്‍ക്കാറിന്റെ അഴിമതിവിരുദ്ധ നടപടികളിലെ കാപട്യവും പ്രകടനാത്മകതയും തുറന്നു കാണിക്കുകയുണ്ടായി. നിര്‍ദിഷ്‌ട ലോക്‌പാല്‍ ബില്ലും വെറും തമാശയാണെന്നാണ്‌ അവരുടെ നിലപാട്‌. സാമാന്യ ജനങ്ങള്‍ ദുരിതം പേറുന്നത്‌ ഭരണതലത്തെ ബാധിച്ച ഗുരുതരമായ അഴിമതി രോഗം മൂലമാണെന്ന്‌ മുന്‍ നിയമമന്ത്രി ശശിഭൂഷണ്‍ വിശദീകരിച്ചു. ബഹുജനത്തിന്‌ വന്‍ശക്തിയുണ്ട്‌. ജനങ്ങള്‍ ആ ശക്തി ഉപയോഗിക്കാന്‍ സന്നദ്ധരായാലേ ഈ രോഗം ശമിക്കൂ. നാം യഥാര്‍ഥത്തില്‍ രാജ്യത്തെ രക്ഷിക്കാനാഗ്രഹിക്കുന്നുവെങ്കില്‍ ഫലപ്രദമായ ലോക്‌പാല്‍ ബില്ല്‌ കൊണ്ടുവരണമെന്ന്‌ മുന്‍ ഐ.പി.എസ്‌ ഓഫീസര്‍ കിരണ്‍ ബേദി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ പാസ്സാക്കാന്‍ പോകുന്ന ബില്ല്‌ വീര്യമില്ലാത്തതാണ്‌. അഴിമതിക്കാര്‍ അതിനെ ഒട്ടും പേടിക്കേണ്ടതില്ല. നിര്‍മിക്കപ്പെടുന്ന നിയമം സ്വാധീനശക്തിയുള്ളവര്‍ക്ക്‌ ഊരിച്ചാടാന്‍ പഴുതില്ലാത്തതും അഴിമതിക്കാരെ കഠിനമായി ശിക്ഷിക്കുന്നതുമായിരിക്കണം. യഥാര്‍ഥത്തില്‍ ദരിദ്രമല്ലാത്ത നമ്മുടെ രാജ്യത്തെ അഴിമതിക്കാര്‍ ദരിദ്രമാക്കിയിരിക്കുകയാണെന്നും കിരണ്‍ ബേദി പറഞ്ഞു. പ്രകൃതി വിഭവങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സ്വകാര്യവത്‌കരണം അഴിമതിക്കാര്‍ക്ക്‌ രാജവീഥിയൊരുക്കലാണെന്ന്‌ നിരീക്ഷിച്ച പ്രഗത്ഭ നിയമജ്ഞന്‍ ശാന്തി ഭൂഷണ്‍ വൈദ്യുതി, വെള്ളം, നദികള്‍, ഖനികള്‍ തുടങ്ങിയവ സ്വകാര്യ കമ്പനികള്‍ക്ക്‌ ഏല്‍പിച്ചുകൊടുക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ ഉത്‌കണ്‌ഠ രേഖപ്പെടുത്തി. കേരളത്തിലെ ഹൈവേകള്‍ സ്വകാര്യ കമ്പനികള്‍ക്ക്‌ ഏല്‍പിച്ചുകൊടുക്കുന്നത്‌ 2 ജി സ്‌പെക്‌ട്രം വിതരണ അഴിമതിയേക്കാള്‍ വലിയ അഴിമതിയാകുമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം സുധീരന്‍ ഈയിടെ പ്രസ്‌താവിച്ചത്‌ അനുസ്‌മരണീയമാണ്‌. അഴിമതി നിയന്ത്രിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങുകതന്നെ വേണമെന്ന്‌ സ്വാമി അഗ്നിവേശും മൗലാനാ മഹ്‌മൂദ്‌ മദനിയും ആഹ്വാനം ചെയ്‌തു. ഈദൃശമായ ഉദ്‌ബോധങ്ങളും ആഹ്വാനങ്ങളുമാണ്‌ ഇതര നഗരങ്ങളില്‍ നടന്ന റാലികളിലും മുഴങ്ങിയത്‌.
രാജ്യത്ത്‌ അഴിമതി നിരോധന നിയമങ്ങളുടെ കുറവ്‌ ഒട്ടുമില്ല. നിയമങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാനുള്ള ആര്‍ജവമാണില്ലാത്തത്‌. ഉള്ള നിയമങ്ങള്‍ അധികാരികള്‍ ആര്‍ജവത്തോടെ, പക്ഷഭേദമില്ലാതെ നടപ്പിലാക്കിയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇങ്ങനെയൊരു സൂനാമി അടിച്ചുകയറുകയില്ലായിരുന്നു. രാഷ്‌ട്രീയ നേതൃത്വത്തിലും ഉദ്യോഗസ്ഥ തലത്തിലും നിയമത്തോടു കൂറും അത്‌ നടപ്പിലാക്കാനുള്ള ആര്‍ജവവും സൃഷ്‌ടിക്കാന്‍ നിയമങ്ങള്‍ക്കു മേല്‍ നിയമങ്ങളുണ്ടാക്കിയതുകൊണ്ട്‌ സാധിക്കുകയില്ല. ജനകീയ ജാഗ്രതക്കേ അത്‌ സാധിക്കൂ. ആന്റി കറപ്‌ഷന്‍ ഫോറത്തിന്റെ അഴിമതി വിരുദ്ധ റാലികളില്‍ ഉയര്‍ന്നു കേട്ട ശബ്‌ദം അഴിമതിയുടെ നീരാളിപ്പിടുത്തത്തില്‍നിന്ന്‌ രാജ്യത്തെ രക്ഷിക്കാനുള്ള ഫലപ്രദമായ ജനമുന്നേറ്റത്തിന്‌ പ്രചോദനമാകേണ്ടതാണ്‌.


 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly