Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


കണ്ണീരുപ്പു പുരട്ടി ഒരു രചന
പി.എ.എം ഹനീഫ്‌

ചില വേര്‍പാടുകള്‍ നമ്മെ ഏറെക്കാലം ഉള്ളുലഞ്ഞ്‌ വല്ലാത്ത വിഷാദ ഭാരങ്ങളില്‍ പെടുത്തും. മരണത്തിന്റെ വരവ്‌ സംബന്ധിച്ച ന്യായാന്യായങ്ങള്‍ എന്തൊക്കെ എണ്ണിപ്പെറുക്കി ഇഴ പിരിച്ചാലും മരണവീട്ടിലെ അനാഥരായ പിഞ്ചുമക്കളുടെ കണ്ണിലെ ഒരിക്കലും ഉണങ്ങാത്ത നനവിന്റെ മുറിവും ഇണ വേര്‍പ്പെട്ട ഒറ്റപക്ഷിയുടെ ഏങ്ങലുകളും നമ്മെ നിഴല്‍പോലെ പിന്തുടരും.
സഹ പ്രവര്‍ത്തകനെന്നതിലുപരി നല്ലൊരു തെളിമയാര്‍ന്ന വിജ്ഞാനത്തിനുടമ എന്ന്‌ അനുഭവങ്ങളിലൂടെ ബോധ്യപ്പെട്ട അബ്‌ദുല്‍ ജലീല്‍ താഴശ്ശേരിയുടെ വിയോഗം സൃഷ്‌ടിക്കുന്ന ഏകാന്തതകള്‍ക്ക്‌ പകരം, മറ്റൊന്നുമാവുകയില്ല. അനുസ്‌മരണ വാചകമല്ലിത്‌. ഇക്കഴിഞ്ഞ ദിവസം ജലീലിന്റെ `ദൈവിക ശിക്ഷയുടെ ചരിത്ര പാഠങ്ങള്‍' ഒന്നോടിച്ചു നോക്കാന്‍ കൗതുകമായി.
ആരാമം മാസിക പത്രാധിപ സമിതി അംഗമായിരുന്ന കാലത്ത്‌ വിശേഷ മാസങ്ങളില്‍ മത സംബന്ധിയായ ലേഖനങ്ങളോ ഫീച്ചറുകളോ ജലീല്‍ തയാറാക്കി തന്നപ്പോഴൊക്കെ ആ തൂലികയുടെ കാമ്പും കരുത്തും ഞാന്‍ അനുഭവിച്ചിട്ടുണ്ട്‌. എന്തെങ്കിലും എഴുതി കഴിഞ്ഞാല്‍ അതച്ചടിച്ചു വരാന്‍ ജലീലിന്‌ തിടുക്കമായിരുന്നു. കാരണം, അത്രമേല്‍ അടയിരുന്നിട്ടേ ജലീല്‍ എന്തും എഴുതൂ. ഒടുവിലത്‌ പ്രസിദ്ധപ്പെടുത്താന്‍ തയാറാവൂ. മഴവില്ലിനെ കടഞ്ഞെടുക്കുന്ന ഒരുതരം കൈവിരുത്‌. `നൂഹിന്റെ ജനനം' തൊട്ട്‌ അബ്രഹത്തിന്റെ `ആനപ്പട'യിലവസാനിക്കുന്ന `ദൈവിക ശിക്ഷയുടെ ചരിത്ര പാഠങ്ങളില്‍' ആ തൂലികയുടെ വശ്യമനോഹരമായ ഒഴുക്ക്‌ വായനക്കാരനെ പിടിച്ചുനിര്‍ത്തും. പരസ്യവാചകമെന്ന നിലക്കല്ലാതെ `ബ്ലര്‍ബി'ല്‍ പ്രസാധാകര്‍ അതിശയോക്തി കലര്‍ത്താതെ പറയുന്നുണ്ടിത്‌. `രചനാ സൗന്ദര്യവും ഹൃദ്യമായ ശൈലിയും നിങ്ങളെ ഇതിനു മുമ്പില്‍ പിടിച്ചിരുത്തും.'
നൂറ്റിക്ക്‌ നൂറും ശരി. ആധികാരിക തഫ്‌സീറുകളും ചരിത്ര ഗ്രന്ഥങ്ങളും ആധാരമാക്കി ജലീല്‍ എഴുതുമ്പോള്‍ അതിന്‌ സംഭവം കണ്‍മുന്നില്‍ വിവരിക്കുന്ന തേജസും ഭാഷയുടെ അഴകുമൂലം കനപ്പെട്ട ഓജസും കൈവരുന്നു.
പ്രഥമ വരി നോക്കൂ:
`മരുഭൂമിയില്‍ ഉഷ്‌ണം പഴുത്തു...' നൂഹിന്റെ സകല സഹനങ്ങളും വിവരിച്ച്‌ ഒടുവില്‍ ജലീല്‍ എഴുതുന്നു.
`നൂഹും അനുയായികളും തൂഫാന്‍ മാറ്റി മറിച്ച സംസ്‌കൃത ഭൂമിയിലൂടെ മുന്നോട്ട്‌ നടന്നു...'
ഒരുവരി പോലും പകര്‍ത്തെഴുത്തല്ല. സ്വന്തം മനീഷിയില്‍ വാര്‍ത്തെടുത്തതാണ്‌.
`ഫറോവയുടെ നാശം' തുടങ്ങുന്നത്‌ നവീനമായൊരു കഥ പറച്ചിലിന്റെ ഗൗരവത്തോടെയാണ്‌. ഒടുക്കം; `അവന്റെയും അവന്റെ സേനയുടെയും ജഡങ്ങള്‍ ഉള്ളിലൊതുക്കി ചെങ്കടല്‍ അതിന്റെ ചരിത്രത്തിലേക്ക്‌ തിരയടിച്ചു...'
ഉരുക്കഴിച്ച്‌ ഉരുക്കഴിച്ച്‌ തപം ചെയ്‌തുണ്ടാക്കിയ ഈ പുസ്‌തകമൊന്ന്‌ കണ്‍കുളിര്‍ക്കെ കാണാനേ എന്റെ സുഹൃത്തിനായുള്ളൂ. കൈയിലെത്തുമ്പോഴേക്കും മരണം തൊട്ടടുത്തുണ്ടായിരുന്നു. വായിച്ചു പൂര്‍ത്തിയാക്കിയിട്ടുണ്ടാവില്ല. ആ കണ്ണുകള്‍ അടഞ്ഞേ പോയി. വല്ലാത്തൊരു ദൈവിക വിധി!
ജലീലിന്‌ ഈ കടിഞ്ഞൂല്‍ ഗ്രന്ഥത്തിനു പുറമെ പലതും എഴുതാന്‍ കൈത്തഴക്കമുണ്ടായിരുന്നു. പക്ഷേ, വിധി അനുവദിച്ചില്ല. പക്ഷേ, സര്‍വശക്തന്‍, ഇത്തരമൊരു സച്ചരിതമെഴുതി ലോകത്തിനു നല്‍കിയ തന്റെ സൃഷ്‌ടിപ്പിന്‌ സ്വര്‍ഗീയാരാമത്തില്‍ തത്തുല്യ ഇരിപ്പിടംതന്നെ നല്‍കും. നല്‍കട്ടെ....


നിശബ്‌ദനായ കര്‍മയോഗി
ഇസ്‌ലാമിക പ്രബോധനരംഗത്ത്‌ സ്വന്തമായ വഴികള്‍ തീര്‍ത്ത്‌ മുന്നോട്ടുപോയിരുന്ന അബ്‌ദുല്‍ ജലീല്‍ താഴശ്ശേരി അല്ലാഹുവിങ്കലേക്ക്‌ യാത്രയായി. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആദ്യകാല നായകരിലൊരാളും മലപ്പുറം, പാലക്കാട്‌ ജില്ലാ നാസിമുമായിരുന്ന ഉണ്ണീന്‍കുട്ടി മൗലവിയുടെ പുത്രനായിരുന്നു 47-കാരനായ ജലീല്‍. ഐ.പി.എച്ച്‌ ഡയറക്‌ടറേറ്റില്‍ പന്ത്രണ്ട്‌ വര്‍ഷം ജോലി ചെയ്‌ത ശേഷം, ജോലിയാവശ്യാര്‍ഥം രിയാദിലെത്തിയപ്പോഴാണ്‌ `വഴി ഡോട്ട്‌ ഓര്‍ഗ്‌' എന്ന വെബ്‌സൈറ്റിന്‌ തുടക്കം കുറിച്ചത്‌.
ഹൃദ്യമായ പെരുമാറ്റത്തിനുടമായ അബ്‌ദുല്‍ ജലീല്‍ കുറ്റിയാടി ഇസ്‌ലാമിയാകോളേജില്‍ പഠനം പൂര്‍ത്തീകരിച്ച ശേഷം ഐ.ആര്‍.എസ്‌ എടയൂരില്‍ അധ്യാപകനായിരുന്നു കുറച്ചുകാലം. കൊട്ടിഘോഷങ്ങളില്ലാതെ നിശ്ശബ്‌ദ ദീനീ സേവനത്തില്‍ ആനന്ദം കണ്ടെത്തിയിരുന്ന അദ്ദേഹം സ്വന്തം പേരില്‍ താന്‍ നടത്തികൊണ്ടിരുന്ന വെബ്‌സൈറ്റ്‌ പോലും അറിയപ്പെടാനാഗ്രഹിച്ചിരുന്നില്ല. ശമ്പളത്തില്‍ നിന്ന്‌ നിശ്ചിത തുക പാവപ്പെട്ട കുടുംബങ്ങള്‍ക്ക്‌ മാറ്റിവെക്കുമായിരുന്നു.
സര്‍ഗമേഖലകളില്‍ അദ്ദേഹം കഴിവ്‌ തെളിയിച്ചിരുന്നു. കവിതകളെഴുതുമായിരുന്നു. അദ്ദേഹത്തിന്റെ ഒരു നോവല്‍ ആരാമം മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അറബി, ഇംഗ്ലീഷ്‌, ഹിന്ദി, തമിഴ്‌, കന്നട ഭാഷകളറിയാമായിരുന്ന അദ്ദേഹം വിവിധ ഭാഷകളില്‍ നിന്ന്‌ കഥകളും മറ്റും വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌. ഇസ്‌ലാമിനെ കാല്‍പനികമായി അവതരിപ്പിക്കുന്ന ഒരു കൃതിയും രചിച്ചിട്ടുണ്ടെങ്കിലും പ്രസിദ്ധീകൃതമായിട്ടില്ല. ഡിസൈനിങ്‌, സംഗീതം , കളരി, ഫുട്‌ബോള്‍ മേഖലകളിലും കഴിവുണ്ടായിരുന്നു.
മലയാളത്തില്‍ ഇസ്‌ലാമിക പഠന വെബ്‌സൈറ്റുകളില്ലാതിരുന്ന കാലത്താണ്‌ അത്തരമൊരു ആശയവുമായി അദ്ദേഹം മുന്നോട്ട്‌ വന്നത്‌. ഏഴു വര്‍ഷം മുമ്പ്‌ `വഴി ഡോട്ട്‌ ഓര്‍ഗി'ന്റെ പ്രവര്‍ത്തനങ്ങളാരംഭിച്ചു. സ്വന്തമായി തന്നെ ലേഖനങ്ങളും പഠനങ്ങളും തയ്യാറാക്കി സൈറ്റില്‍ ചേര്‍ത്തു. സന്ദര്‍ശകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കി. 2006 ല്‍ ദിശ എക്‌സിബിഷനില്‍ പരിചയപ്പെടുത്താനുണ്ടായിരുന്ന മലയാളത്തിലെ ഒരേയൊരു ഇസ്‌ലാമിക പഠന സൈറ്റും `വഴി' മാത്രമായിരുന്നു.
ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന്‌ ഇസ്‌ലാമിനെ കുറിച്ച്‌ പഠിക്കാന്‍ `വഴി'യിലൂടെ മലയാളികളെത്തി. ദക്ഷിണാഫ്രിക്കയില്‍ നിന്ന്‌ ഒരു സുഹൃത്ത്‌ ഇസ്‌ലാമിനെ മനസ്സിലാക്കുകയും ഖുര്‍ആന്റെ കോപ്പി ആവശ്യപ്പെടുകയും ചെയ്‌തു. സ്വന്തമായി തന്നെ പണമെടുത്ത്‌ ഇത്തരം സത്യാന്വേഷകര്‍ക്ക്‌ ഖുര്‍ആന്‍ പരിഭാഷകള്‍ അയച്ചു കൊടുത്തു. ആ സുഹൃത്ത്‌ പിന്നീട്‌ ഇസ്‌ലാം സ്വീകരിച്ചു. ജപ്പാനില്‍ നിന്നുള്ള ഒരു കുടുംബം ആദര്‍ശമാറ്റത്തോടൊപ്പം സൈറ്റിനുള്ള സാമ്പത്തിക സഹായവും വാഗ്‌ദാനം ചെയ്‌തു. ഈജിപ്‌തില്‍ നിന്നുള്ള ഒരു സംഘം സൈറ്റ്‌ പത്തുവര്‍ഷത്തേക്ക്‌ സ്‌പോണ്‍സര്‍ ചെയ്യാന്‍ തയാറായി. അത്തരം സാമ്പത്തിക ഓഫറുകള്‍ സൗഹാര്‍ദപൂര്‍വം നിരസിച്ചു.
അവസാനകാലത്ത്‌ ആംഭിച്ച `വഴിഡോട്ട്‌ നെറ്റ്‌' എന്ന ഓണ്‍ലൈന്‍ അറബിഭാഷാ വെബ്‌സൈറ്റ്‌ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത്‌ വലിയ പ്രയാസമായിരുന്നു അദ്ദേഹത്തിന്‌. അല്ലാഹു അദ്ദേഹത്തെ സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ.
സുഹൈറലി തിരുവിഴാംകുന്ന്‌
[email protected]

 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly