Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>
ലേഖനം


ഇസ്ലാം ചൂതാട്ടത്തെ
പൈശാചികതയെന്ന് വിളിച്ചതെന്തുകൊണ്ട്?

# എസ്.വി

 

 
 


സാമ്പത്തിക നീതി, ദാരിദ്യ്രനിര്‍മാര്‍ജനം, സന്തുലിതമായ സാമൂഹിക വളര്‍ച്ച, പണമിടപാടുകളിലെ സുതാര്യത തുടങ്ങിയവ ഇസ്ലാമിന്റെ പ്രഖ്യാപിത മുദ്രാവാക്യങ്ങളാണ്; ഇസ്ലാം വിഭാവന ചെയ്യുന്ന സുഭദ്രമായ സമൂഹത്തിന്റെ നിര്‍മിതിയിലെ നിര്‍ണായക ഘടകങ്ങളും. ചൂഷണം, തട്ടിപ്പ്, അഴിമതി, സമ്പത്തിന്റെ കേന്ദ്രീകരണം, പണത്തോടുള്ള ആര്‍ത്തി, പണത്തിന് വേണ്ടിയുള്ള അനാരോഗ്യകരവും അസാന്മാര്‍ഗികവുമായ മത്സരങ്ങള്‍ തുടങ്ങിയവക്കെതിരെ, അതുകൊണ്ടുതന്നെ ഇസ്ലാം കടുത്ത നിലപാടെടുക്കുകയും ജാഗ്രതകൈകൊള്ളുകയും ചെയ്യുന്നു.
ഇക്കാരണങ്ങളെല്ലാം കൊണ്ടാണ്, ചൂതാട്ടത്തെയും അതിന്റെ വകഭേദങ്ങളെയും ഇസ്ലാം കൊടിയ തിന്മയായി കാണുന്നതും നിഷിദ്ധമാക്കിയതും. ചൂതാട്ടത്തെ 'പൈശാചിക വൃത്തികളില്‍പെട്ട മാലിന്യം, അധര്‍മം' എന്നിങ്ങനെ ഖുര്‍ആന്‍ വിശേഷിപ്പിച്ചതുതന്നെ അതിന്റെ ഗൌരവം വര്‍ധിപ്പിക്കുന്നു. സംശയത്തിനിട നല്‍കാത്തവിധം ചൂതാട്ടത്തെക്കുറിച്ച് വിധിപറഞ്ഞ ഖുര്‍ആന്‍ തിന്മകളുടെ മാതാവായ മദ്യത്തോടാണതിനെ ചേര്‍ത്തു വെച്ചിട്ടുള്ളത്.
ഖുര്‍ആന്റെ വിധികള്‍
വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ കാലത്ത് അറബികള്‍ക്കിടയില്‍ ചൂതാട്ടം വ്യാപകമായിരുന്നു. അതിന്റെ രൂപം ഇപ്രകാരമായിരുന്നു: "പത്തുപേര്‍ ചേര്‍ന്ന് ഒരു ഒട്ടകത്തെ വാങ്ങും. വിലനല്‍കാന്‍ ഒരു അവധി നിശ്ചയിക്കും. അനന്തരം പത്ത് മരക്കഷ്ണങ്ങളെടുക്കും, ഓരോന്നിന്നും പ്രത്യേകം പേര് രേഖപ്പെടുത്തും. ഓരോ കഷ്ണത്തിലും നിശ്ചിത എണ്ണവും -ഓഹരി- എഴുതിയിരിക്കും. മൂന്നെണ്ണം ഓഹരി എഴുതാത്ത പൂജ്യം രേഖപ്പെടുത്തിയവയായിരിക്കും. പിന്നീട് ഒട്ടകത്തെ അറുത്ത് പത്തായോ ഇരുപത്തിയേഴായോ ഭാഗിക്കും. നിഷ്പക്ഷനായ ഒരാള്‍ മരക്കഷ്ണങ്ങള്‍ ഒരു സഞ്ചിയിലിട്ട് കുലുക്കിയ ശേഷം, ചൂതാട്ടത്തില്‍ പങ്കെടുക്കുന്നവരുടെ പേരില്‍ ഓരോന്നായി എടുക്കും. ഓരോരുത്തര്‍ക്കും കിട്ടിയ മരക്കഷ്ണത്തില്‍ രേഖപ്പെടുത്തിയ ഓഹരികള്‍ അവരവര്‍ എടുക്കുന്നു. ഓഹരികള്‍ എഴുതാത്ത പൂജ്യം രേഖപ്പെടുത്തിയ കഷ്ണങ്ങള്‍ കിട്ടിയ മൂന്നുപേര്‍ ഒട്ടകത്തിന്റെ മുഴുവന്‍ വിലയും നല്‍കാന്‍ ബാധ്യസ്ഥരാകുന്നു. അതായത്, വിജയികള്‍ക്ക് മാംസം ലഭിക്കുന്നു. പരാജിതര്‍ക്ക് പണം നഷ്ടമാവുന്നു'' (കശ്ശാഫ് വാല്യം 1, പേജ് 132).
മൈസിറില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ തങ്ങള്‍ക്ക് കിട്ടുന്ന മാംസം ദരിദ്രര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു പതിവ്. അന്തസിന്റെയും ഔദാര്യത്തിന്റെയും അടയാളമായിട്ടാണ് മൈസിറിലെ പങ്കാളിത്തം കണക്കാക്കപ്പെട്ടിരുന്നത്. പങ്കെടുക്കാത്തവര്‍ പിശുക്കന്മാരും അന്തസാരശൂന്യരുമായി ആക്ഷേപിക്കപ്പെടുകയും ചെയ്തു. ഈ ചൂതാട്ട രീതിയെ വിശുദ്ധ ഖുര്‍ആന്‍ പൈശാചിക വൃത്തിയെന്ന് വിളിച്ച് നിരോധിച്ചു. "മദ്യത്തെയും ചൂതാട്ടത്തെയും കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക, അവ രണ്ടിലും വലിയ പാപവും മനുഷ്യര്‍ക്ക് അല്‍പം ഗുണങ്ങളുമുണ്ട്. എന്നാല്‍ അവയുടെ ഗുണത്തേക്കാള്‍ വളരെ ഭയങ്കരമാകുന്നു അവയുടെ പാപം.'' (അല്‍ബഖറ 219). ഇത് ഒന്നാം ഘട്ട വിധിയായിരുന്നു. പിന്നീട് ഖണ്ഡിതമായ വിധി വന്നു. "വിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നാസ്ത്രങ്ങളും എല്ലാം പൈശാചിക വൃത്തികളില്‍ പെട്ട മാലിന്യങ്ങളാകുന്നു. അവയെ വര്‍ജിക്കുക, നിങ്ങള്‍ക്ക് വിജയ സൌഭാഗ്യം പ്രതീക്ഷിക്കാം. ചെകുത്താന്‍ മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ വൈരവും വിദ്വേഷവും ഉണ്ടാക്കുന്നതിനും ദൈവസ്മരണയില്‍ നിന്നും നമസ്കാരത്തില്‍നിന്നും നിങ്ങളെ തടയാനുമാണ് ശ്രമിക്കുന്നത്. ഇനിയെങ്കിലും നിങ്ങള്‍ അവയില്‍ നിന്ന് വിരമിക്കുമോ?'' (അല്‍മാഇദ 90,91).
'മൈസിര്‍' എന്ന പദമാണ് ചൂതാട്ടത്തെ കുറിക്കാന്‍ ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നത്. 'എളുപ്പം, അനായാസം, സമൃദ്ധി' എന്നിവയാണതിന്റെ മൂലാര്‍ഥങ്ങള്‍. അധ്വാനമില്ലാതെ, പ്രയാസപ്പെടാതെ എളുപ്പത്തില്‍ കൂടുതല്‍ സമ്പത്ത് നേടാനുള്ള ഏര്‍പ്പാടെന്ന നിലക്കാണ് ചൂതാട്ടത്തിന് 'മൈസിര്‍' എന്ന് ഉപയോഗിച്ചിട്ടുള്ളത്. എല്ലാതരം പന്തയകളികളെയും ഉള്‍ക്കൊള്ളുന്നതാണ് 'മൈസിര്‍' എന്ന ഖുര്‍ആന്‍ പ്രയോഗമെന്ന് ഇസ്ലാമിക പണ്ഡിതര്‍ ഐകകണ്ഠ്യേന പറഞ്ഞിട്ടുണ്ട്'' (അഹ്കാമുല്‍ ഖുര്‍ആന്‍ വാള്യം 1, പേജ് 388, കശ്ശാഫ് വാള്യം 1, പേജ് 132). പരാജയപ്പെട്ടവര്‍ വിജയികള്‍ക്ക് വസ്തുവോ പണമോ നല്‍കണമെന്ന് ഉപാധിവെച്ചുകൊണ്ടുള്ള എല്ലാ കളികള്‍ക്കും പന്തയങ്ങള്‍ക്കും 'ഖിമാര്‍' എന്നു പറയുന്നു. അത്തരം ഏര്‍പ്പാടുകളെല്ലാം 'മൈസിര്‍' ആണ്. ചൂതാട്ടത്തിന്റെ യാഥാര്‍ഥ്യത്തെക്കുറിച്ച് ഖുര്‍ആന്‍ വ്യാഖ്യാതാവായ ജസ്സാസ് എഴുതുന്നു: "പന്തയത്തിന്റെ അടിസ്ഥാനത്തില്‍ പണം സമ്പാദിക്കുക എന്നതാണ് ചൂതാട്ടം. ഒരു കക്ഷിക്ക് നഷ്ടം ഉറപ്പിച്ചുകൊണ്ടുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും തെറ്റാകുന്നതിന്റെ അടിസ്ഥാനമിതാണ്'' (അഹ്കാമുല്‍ ഖുര്‍ആന്‍ 2/566). പകരമില്ലാതെ അന്യന്റെ മുതല്‍ കൈവശപ്പെടുത്തുന്ന ഒരു പന്തയവും ഇസ്ലാം അനുവദിക്കുന്നില്ല. സമ്മാനവും പുരസ്കാരവും ഇതില്‍നിന്നൊഴിവാണ്. ഏതെങ്കിലും സ്ഥാപനമോ വ്യക്തികളോ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും, വിജയികള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്യുന്നതില്‍ തെറ്റില്ല. പക്ഷേ, സമ്മാനമോ അതിന്റെ മൂല്യമോ പരാജിതരുടെ ബാധ്യതയാണെങ്കില്‍ അത് ചൂതാട്ടമാകും. പണം വെച്ചുള്ള ചതുരംഗവും ചൂതാട്ടമാണ്.
ഭാഗ്യക്കുറി ചൂതാട്ടമോ?
വിശുദ്ധ ഖുര്‍ആന്‍ പൈശാചിക വൃത്തിയെന്ന് വിശേഷിപ്പിച്ച ചൂതാട്ടത്തിന്റെ വകഭേദങ്ങളിലൊന്നാണ് ലോട്ടറി. മരക്കഷ്ണങ്ങളും മറ്റും ഉപയോഗിച്ചു നടത്തിയിരുന്ന പഴയ ചൂതാട്ടത്തിന്റെ ആധുനിക രൂപമാണ് ലോട്ടറിയെന്ന് രണ്ടിനെയും തുലനം ചെയ്താല്‍ വ്യക്തമാകും. മൈസിറിന്റെയും ലോട്ടറിയുടെയും നറുക്കെടുപ്പ് - സമ്മാന രീതികള്‍, ലാഭ-നഷ്ടങ്ങള്‍, ചൂഷണ സ്വഭാവം, അധാര്‍മികത, ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്ന സാമ്പത്തിക മൂല്യങ്ങളുടെ ലംഘനം തുടങ്ങിയവ പഴയ മൈസിറിലും പുതിയ ലോട്ടറികളിലും ഏറ്റക്കുറച്ചിലുകളോടെ കാണാം. ലോട്ടറിയുടെ നാളിതുവരെയുള്ള ദുരനുഭവങ്ങളും ഇസ്ലാമിക പാഠങ്ങള്‍ക്ക് വിരുദ്ധമാണ്. ചില ഇസ്ലാമിക പണ്ഡിതര്‍ ഭാഗ്യക്കുറിയെ ചൂതാട്ടമായി എണ്ണാമോ എന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം പണ്ഡിതന്മാരും ലോട്ടറി ചൂതാട്ടമാണെന്ന് പറഞ്ഞിട്ടുണ്ട്. അല്ലെന്ന് പറയുന്നവരുടെ അഭിപ്രായങ്ങള്‍ ദുര്‍ബലമാണ്. മുസ്ലിംകളല്ലാത്ത പല സാമൂഹിക-സാമ്പത്തിക ശാസ്ത്രജ്ഞരും നിരീക്ഷകന്മാരും മാധ്യമങ്ങളും സാംസ്കാരിക പ്രവര്‍ത്തകരുമൊക്കെ ലോട്ടറി ചൂതാട്ടമാണെന്ന് പറഞ്ഞിട്ടുണ്ട്.
1) വിശുദ്ധ ഖുര്‍ആന്‍ നിരോധിച്ച മൈസിറിനോട്, രൂപത്തില്‍ തന്നെ യോജിപ്പുണ്ട് ലോട്ടറിക്ക്. മൈസിറില്‍ ഉപയോഗിച്ച മരക്കഷ്ണങ്ങളുടെ സ്ഥാനത്ത് ലോട്ടറിയില്‍ ടിക്കറ്റുകളാണുള്ളത്. മൈസിറില്‍ വിജയികള്‍ക്ക് വ്യത്യസ്ത അളവിലുള്ള ഒട്ടകമാംസം ലഭിക്കുന്നതുപോലെ ലോട്ടറിയില്‍ സമ്മാനങ്ങള്‍ ലഭിക്കുന്നു. മൈസിറില്‍ ഏഴ് ഓഹരികള്‍ കിട്ടുന്നവന്‍ ഏറ്റവും വലിയ ഭാഗ്യവാനാകുന്നതുപോലെയാണ് ലോട്ടറിയിലെ ബംബര്‍സമ്മാനം. നറുക്കെടുപ്പിലൂടെയാണ് രണ്ടിലും വിജയികളെ തീരുമാനിക്കുന്നത്. കഴിവോ യോഗ്യതയോ അല്ല, ഭാഗ്യം എന്നു പറയുന്ന യാദൃഛികതയാണ് രണ്ടിലും വിജയികളെ നിശ്ചയിക്കുന്നത്.
2) മൈസിറില്‍ വിജയിക്കുന്നവര്‍ സമ്മാനമായി ലഭിക്കുന്ന മാംസം ദരിദ്രര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു പതിവ്. ഔദാര്യവും സേവനവുമായാണ് അവര്‍ അതിനെ കണ്ടിരുന്നത്. കേരള സര്‍ക്കാര്‍ ലോട്ടറി ആരംഭിച്ചപ്പോള്‍ പറഞ്ഞതും ലോട്ടറിയെ ന്യായീകരിക്കുന്നവര്‍ ഉയര്‍ത്തുന്ന വാദങ്ങളില്‍ പ്രധാനവും ഇതുതന്നെ. ദാരിദ്യ്രനിര്‍മാര്‍ജനത്തിനും സേവന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ലോട്ടറിയുടെ വരുമാനം പ്രയോജനപ്പെടുന്നതെന്ന വാദം മുമ്പേ തന്നെ ഉള്ളതാണ്. ഇന്നിപ്പോള്‍ ഗവണ്‍മെന്റിന്റെ റവന്യൂ വരുമാനവും നിരവധി പേരുടെ തൊഴിലും എന്നതാണ് ലോട്ടറിക്ക് പറയുന്ന ന്യായം. "ചൂതാട്ടത്തില്‍ ചില പ്രയോജനങ്ങളുണ്ട്'' എന്ന ഖുര്‍ആന്‍ പരാമര്‍ശത്തെ ഈ വാദത്തിന്റെ വെളിച്ചത്തില്‍ വേണം വായിക്കാന്‍. എന്നാല്‍ "അവയുടെ പ്രയോജനത്തെക്കാള്‍ വലുതാണ് അവയുടെ പാപം'' എന്ന ഖുര്‍ആന്‍ പ്രഖ്യാപനം കൂടി ശ്രദ്ധിക്കുക. ലോട്ടറി ആയിരങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നുവെങ്കില്‍ പതിനായിരങ്ങള്‍ക്ക് പണവും സ്വസ്ഥതയും നഷ്ടപ്പെടുത്തുന്നു. ചിലര്‍ക്ക് ഏതാനും ലക്ഷങ്ങളുടെ നേട്ടമുണ്ടാക്കാന്‍ ലോട്ടറി ഉപകരിക്കുന്നുവെങ്കില്‍ അതിലുമെത്രയോ കൂടുതല്‍ പേര്‍ക്ക് കോടികളുടെ നഷ്ടമാണത് സമ്മാനിക്കുന്നത്. വിരലിലെണ്ണാവുന്നവര്‍ വിജയികളാകുമ്പോള്‍ അസംഖ്യമാളുകള്‍ കൊള്ളയടിക്കപ്പെടുന്നു, ചൂഷിതരാകുന്നു. തെളിവുകള്‍ എത്ര വേണമെങ്കിലും നമ്മുടെ മുമ്പിലുണ്ടല്ലോ.
3) ഇസ്ലാമിന്റെ സാമ്പത്തിക ഇടപാടുകളുടെ പ്രധാനപ്പെട്ട ഒരു അടിസ്ഥാനമാണ് കൈമാറ്റം പരസ്പര തൃപ്തിയോടെ ആയിരിക്കണമെന്നത്. സേവനത്തിനോ വസ്തുവിനോ പകരം ഉഭയകക്ഷി സമ്മതത്തോടെയാണ് പണം കൈമാറേണ്ടത്. ലോട്ടറിയില്‍ ഇത്തരം തൃപ്തിയോ സമ്മതമോ പകരം നല്‍കുന്ന ഇടപാടോ ഇല്ല. മാത്രമല്ല, അവകാശമില്ലാതെ അന്യരുടെ പണം അന്യായമായി കൈക്കലാക്കുകയാണ് ചെയ്യുന്നത്. സമ്പാദ്യരീതി ഒന്നുതന്നെയായതുകൊണ്ട് മൈസിറിന്റെ പരിഷ്കരിച്ച രൂപമാണ് ലോട്ടറിയെന്നുറപ്പ്.
4) മൈസിറില്‍ പരാജിതര്‍ വിജയികള്‍ക്ക് മാത്രം പണം കൊടുത്താല്‍ മതിയായിരുന്നു. എന്നിട്ടും അത് നിഷിദ്ധമായി. എന്നാല്‍, ലോട്ടറിയില്‍ പരാജിതര്‍, വിജയികള്‍ക്ക് മാത്രം സമ്മാനത്തുക നല്‍കിയാല്‍ പോരാ, അതിന്റെ അനേകം ഇരട്ടി ലോട്ടറി നടത്തിപ്പുകാര്‍ക്ക് നല്‍കണം. ഉദാഹരണമായി, പത്തോ പതിനഞ്ചോ ലക്ഷം സമ്മാനത്തുകയുള്ള ഒരു ലോട്ടറിയില്‍ ഒരു കോടി രൂപയാണ് കമ്പനി പരിച്ചെടുക്കുന്നത്. സമ്മാനത്തുകയുടെ അഞ്ചോ ആറോ ഇരട്ടി നടത്തിപ്പുകാര്‍ കൊണ്ടു പോകുന്നു. അറേബ്യയില്‍ നിലവിലുണ്ടായിരുന്ന 'മൈസിറി'നേക്കാള്‍ വലിയ ചൂഷണവും ചൂതാട്ടവുമാണിത്.
5) രൂപത്തില്‍ വ്യത്യാസങ്ങള്‍ കാണുന്നതുകൊണ്ടുമാത്രം ചൂതാട്ടത്തിന്റെ വകഭേദങ്ങള്‍ ചൂതാട്ടമല്ലാതാകുന്നില്ല. നേടിയെടുക്കുന്നതോ നഷ്ടപ്പെടുന്നതോ ആയ സംഖ്യ ചെറുതായാലും വലുതായാലും അത് ചൂതാട്ടം തന്നെയാണ്. നഷ്ടം സംഭവിക്കുന്ന ആളുകളുടെ എണ്ണത്തിലുള്ള ഏറ്റക്കുറച്ചിലുകളും കര്‍മത്തിന്റെ ശരി തെറ്റുകള്‍ തീരുമാനിക്കാനുള്ള മാനദണ്ഡമല്ല. ചില പ്രയോജനങ്ങള്‍ ലഭിക്കുന്നുണ്ടോ എന്നതല്ല, അതിനെക്കാള്‍ അനേകം മടങ്ങ് ദൂഷ്യങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്നാണ് പരിഗണിക്കപ്പെടേണ്ടത്. ഇങ്ങനെ നോക്കുമ്പോള്‍ ലോട്ടറി പഴയ ചൂതാട്ടത്തെക്കാള്‍ അപകടകാരിയാണെന്ന് പറയേണ്ടി വരും.
മാധ്യമങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. "ലോട്ടറിയെ എങ്ങനെയൊക്കെ വിശേഷിപ്പിച്ചാലും, ഫലത്തില്‍ അതൊരു 'ചൂതാട്ടം' തന്നെ. ചൂതാട്ടത്തില്‍ ആസക്തമാവുന്ന മനസ്സുകള്‍ക്ക് സ്വയം അതില്‍നിന്നു പിന്തിരിയാനും മറ്റുള്ളവര്‍ക്ക് അവരെ പിന്തിരിപ്പിക്കാനും വിഷമമാണ്. ചൂതാട്ടം വിനോദമായി തുടങ്ങിയവരിലെല്ലാം അത് ആസക്തിയിയായി വളര്‍ന്ന് അവസാനം അവരുടെ സര്‍വനാശത്തിനു വഴിവെച്ച കഥകള്‍ നമ്മുടെ പുരാണങ്ങളിലെല്ലാം വേണ്ടത്രയുണ്ട്. അവയുടെ കര്‍ത്താക്കളാകട്ടെ ചൂതാട്ടത്തെ പരാമര്‍ശിക്കേണ്ടിവരുമ്പോഴെല്ലാം അതിനെ ഒരു ഗുണമായിട്ടല്ല ദോഷമായിട്ടുതന്നെയാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഈ 'ദോഷാവേശിത'രായ എത്രയോ പേര്‍ ഇന്നും തങ്ങളെയും തങ്ങളുടെ കുടുംബത്തെയും തകര്‍ക്കുന്നു. ചൂതാട്ടത്തിന്റെ പരിഷ്കൃത രൂപമായ ലോട്ടറി ടിക്കറ്റ് വാങ്ങിക്കൂട്ടി അവയില്‍ പ്രതീക്ഷയര്‍പ്പിച്ച് അവസാനം നിരാശരായി കഴിഞ്ഞുകൂടുന്ന ആളുകള്‍ ഏറെയുണ്ട്. ലോട്ടറി ടിക്കറ്റുകള്‍ വാങ്ങുന്നവരിലധികവും പാവപ്പെട്ടവരാണ്. ദശലക്ഷക്കണക്കിനു വരുന്ന അവരുടെ ആശകളും സ്വപ്നങ്ങളും വിറ്റുകിട്ടുന്ന പണമാണ് ചുരുക്കം ചിലരുടെ മാത്രം 'ഉന്നമന'ത്തിന് ഉപകരിക്കുന്നത്. ഓരോ തവണ ഭാഗ്യം ഒഴിഞ്ഞുപോകുമ്പോഴും അത് എത്തിപ്പിടിക്കാന്‍ വീണ്ടും കൈനീട്ടുക ചൂതാട്ടക്കാരുടെ സ്വഭാവമാണ്. ഇങ്ങനെ വലിയ ഭാഗ്യം തേടി കൈയില്‍ ഉള്ളതും തുലയ്ക്കുന്നവരുടെ വ്യഥ മനസ്സിലാക്കാനും സര്‍ക്കാരിനു ബാധ്യതയുണ്ട്. വ്യക്തമായ കണക്കില്ലാത്തുകൊണ്ട് അവരുടെ ധനനഷ്ടവും ആശാഭംഗവും നിസ്സാരമാകുന്നില്ല. ഇക്കാര്യത്തിലും വസ്തുനിഷ്ഠമായ ഒരു കണക്കെടുക്കാന്‍ കഴിഞ്ഞാല്‍, ലോട്ടറി കൊണ്ടുള്ള ഗുണങ്ങളോടൊപ്പം ദോഷങ്ങളും മനസ്സിലാകും. വരുമാനം നോക്കി മാത്രം ഒരു കാര്യത്തിന്റെ ഗുണദോഷവിചിന്തനം ചെയ്യുന്നത് ശരിയല്ല. അങ്ങനെ ചെയ്യുന്നതുകൊണ്ട് ഉണ്ടാകുന്ന ധനനഷ്ടം നികത്താനും, വരുമാനമാര്‍ഗം ഇല്ലാതായിത്തീരുന്ന പാവപ്പെട്ടവര്‍ക്ക് വേറെ വഴി ഉണ്ടാക്കിക്കൊടുക്കാനും സര്‍ക്കാരിനു ചുമതലയുണ്ട്.''
(മാതൃഭൂമി എഡിറ്റോറിയല്‍, 1999 ഡിസംബര്‍ 11).
പൈശാചിക വൃത്തി
ചൂതാട്ടത്തെ, 'പൈശാചിക വൃത്തികളില്‍ പെട്ട മാലിന്യം, അധര്‍മം' എന്നിങ്ങനെയാണ് ഖുര്‍ആന്‍ അധിക്ഷേപിച്ചിട്ടുള്ളത്. "അമ്പുകൊണ്ട് ഭാഗ്യം പരീക്ഷിക്കുന്നതും അധര്‍മമാകുന്നു'' എന്ന് ഖുര്‍ആന്‍ (അല്‍മാഇദ 3) പറഞ്ഞിട്ടുണ്ട്. അമ്പുകൊണ്ടുള്ള ഭാഗ്യ പരീക്ഷണം മൂന്ന് വിധമാണെന്ന് പണ്ഡിതന്മാര്‍ പറയുന്നു. ഒന്ന്, ബഹുദൈവത്വപരമായ പ്രശ്നം വയ്ക്കല്‍. രണ്ട്, അന്ധവിശ്വാസപരമായ ശകുനം നോട്ടം. മൂന്ന്, ചൂതാട്ടത്തിന്റെ എല്ലാ ഇനങ്ങളും. ഭാഗ്യക്കുറി ഈ ഗണത്തില്‍ പെടുന്നു. ഈ മൂന്ന് രീതികളും അധര്‍മവും നിഷിദ്ധവുമാണ്.
"പൈശാചിക വൃത്തികളില്‍പെട്ട മാലിന്യം, അധര്‍മം'' തുടങ്ങിയ വിശേഷണങ്ങള്‍ ലോട്ടറികള്‍ ഉള്‍പ്പെടെയുള്ള ചൂതാട്ടത്തിന് ഖുര്‍ആന്‍ നല്‍കിയത് വളരെ അര്‍ഥവത്താണ്.
1) ധാര്‍മിക മൂല്യങ്ങള്‍ക്കും നൈതികതക്കും സംസ്കാരത്തിനു നിരക്കാത്ത മാനസികാവസ്ഥകളും സ്വഭാവശീലങ്ങളും നടപടിക്രമങ്ങളുമാണ് ലോട്ടറിയിലൂടെ സൃഷ്ടിക്കപ്പെടുന്നത്. അധ്വാനിക്കാതെ പണമുണ്ടാക്കാമെന്ന മോഹം, അര്‍ഹതയില്ലാത്ത നേട്ടങ്ങളെക്കുറിച്ച കൊതി, പണത്തോടുള്ള ആര്‍ത്തി, അന്യരുടെ പണം കൈവശപ്പെടുത്താനുള്ള ത്വര, പരാജയപ്പെടുമ്പോഴുണ്ടാകുന്ന നിരാശയും അസ്വസ്ഥതയും, സമ്മാനലബ്ധിയിലുള്ള അമിത പ്രതീക്ഷ സൃഷ്ടിക്കുന്ന അസന്തുലിതമായ മാനസികാവസ്ഥ, വ്യക്തികളുടെയും അതുവഴി സമൂഹത്തിന്റെയും പ്രത്യുല്‍പാദനപരതക്കുണ്ടാകുന്ന തകര്‍ച്ച, സാമ്പത്തികരംഗത്തുണ്ടാകുന്ന മുരടിപ്പ്, പണത്തിന്റെ കേന്ദ്രീകരണം, ആത്മഹത്യാ പ്രവണത തുടങ്ങി എണ്ണമറ്റ തിന്മകള്‍ക്കാണ് ലോട്ടറി ജന്മം നല്‍കുന്നത്. ലോട്ടറി പോലുള്ള ചൂതാട്ടങ്ങള്‍ വ്യാപകമായി നടക്കുന്ന ഒരു സമൂഹം പൈശാചികതകളുടെ വിളനിലമായിരിക്കുമെന്ന് സാമൂഹിക ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു. "സാമ്പത്തികമായ തിന്മകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ തന്നെ ഭാഗ്യക്കുറികള്‍ ജനങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത് സാമൂഹ്യ ദൂഷ്യങ്ങള്‍ വളര്‍ത്തുക കൂടി ചെയ്യുന്നു. ലോട്ടറിക്കെതിരായ ശിക്ഷാനടപടികളുടെ അടിസ്ഥാനപരമായ പ്രേരണ സാമ്പത്തിക ദൂഷ്യങ്ങളാണ്. സാമ്പത്തിക രംഗത്ത് അധ്വാനത്തിനും യോഗ്യതക്കും പകരം ഭാഗ്യത്തെ ആശ്രയിക്കുന്നുവെന്നുള്ളതാണ് ലോട്ടറി ജനങ്ങളില്‍ സൃഷ്ടിക്കുന്ന ഏറ്റവും മോശമായ പ്രവണത.'' (എന്‍സൈക്ളോപീഡിയ ഓഫ് സോഷ്യല്‍ സയന്‍സ് 9/616). 1752ല്‍ ലോട്ടറി നിരോധിച്ചുകൊണ്ട് പെന്‍സില്‍വാനിയ സ്റേറ്റ് അസംബ്ളി പ്രഖ്യാപിച്ചതിങ്ങനെ: "സാമൂഹ്യ ദൂഷ്യങ്ങള്‍ക്കും അലസതക്കും കാരണമാണ് ലോട്ടറി. കൂടാതെ സാമ്പത്തിക വ്യവസ്ഥക്ക് തികച്ചും ദ്രോഹകരവുമാണ്.'' (എന്‍സൈക്ളോപീഡിയ ഓഫ് ബ്രിട്ടാനിക്ക -14/405). ലോട്ടറിക്കെതിരെ, സഖാവ് ലെനിന്‍ എഴുതിയ വരികള്‍ ആവര്‍ത്തിച്ച് ഉദ്ധരിക്കപ്പെടുന്നതാണല്ലോ. സുപ്രീംകോടതി ഡിവിഷന്‍ ബഞ്ച് ലോട്ടറി നിരോധ കേസ് പരിഗണിക്കവെ അഭിപ്രായപ്പെട്ടത് ഇങ്ങനെ: "ലോട്ടറി ഒരു തിന്മയാണ്, അത് ചൂതാട്ടമല്ലാതെ മറ്റൊന്നുമല്ല. എത്രയോ പാവപ്പെട്ട തൊഴിലാളികള്‍ അതിന്റെ പേരില്‍ ആത്മഹത്യ ചെയ്യുന്നു. അതിനാല്‍ ലോട്ടറി നിരോധം തുടരേണ്ടത് അനിവാര്യമാണ്.'' സാമൂഹിക ശാസ്ത്രജ്ഞനായ വാള്‍ട്ടര്‍ വിറൂഫര്‍ പറഞ്ഞത്, "വ്യവസായിക തൊഴിലാളികള്‍ ചെറുകിട വ്യാപാരികള്‍, കൂലിപ്പണിക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ലഭിക്കുന്ന നിശ്ചിത തുകയില്‍ നിന്ന് ഒരു വിഹിതം അവര്‍ മിഥ്യാ പ്രതീക്ഷകളില്‍ ചെലവിടുന്നു. അതുവഴി അവരുടെ ജീവിത നിലവാരം താഴാന്‍ ഇടവരുന്നു'' എന്നാണ്. ചൂതാട്ടത്തെക്കുറിച്ച വിശുദ്ധ ഖുര്‍ആന്റെ പ്രഖ്യാപനങ്ങള്‍ക്കുള്ള മികച്ച വിശദീകരണങ്ങളാണ് ഈ ഉദ്ധരണികളെല്ലാം.
2) സമ്പത്തിന്റെ കേന്ദ്രീകരണത്തെ വിലക്കുന്ന ഇസ്ലാം പണം കുന്നുകൂട്ടി വെക്കാതെ, ദരിദ്രര്‍ക്കും ആവശ്യക്കാര്‍ക്കുമിടയില്‍ ചെലവഴിച്ചുകൊണ്ട് വികേന്ദ്രീകരിക്കാന്‍ ആവശ്യപ്പെടുന്നു. പണത്തിന്റെ ഒഴുക്ക് സമ്പദ് വ്യവസ്ഥയുടെ അഭിവൃദ്ധിക്ക് ആവശ്യമാണല്ലോ. ഭാഗ്യക്കുറിയില്‍ നടക്കുന്നത്, പൊതുജനങ്ങളില്‍നിന്ന്, പ്രത്യേകിച്ചു താഴ്ന്ന വരുമാനക്കാരായ സാധാരണക്കാരില്‍നിന്ന് പണം ഏതാനും വ്യക്തികളിലേക്കും സ്ഥാപനങ്ങളിലേക്കും കേന്ദ്രീകരിക്കുകയാണ്. ഇത് ഖുര്‍ആന്റെ തത്ത്വത്തിന് വിരുദ്ധമാണ്. "സമ്പത്ത് നിങ്ങളില്‍ ധനികര്‍ക്കിടയില്‍ മാത്രം കറങ്ങാതിരിക്കണം'' (59:7) "പണം ചെലവഴിക്കാതെ, കുന്നുകൂട്ടി വെക്കുന്നവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ട്'' (9:34) എന്നൊക്കെ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്.
3) സാമ്പത്തിക ഇടപാടുകള്‍ സുതാര്യമായിരിക്കണമെന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും വലിയ സൂക്തം തന്നെ കടം എഴുതിവെക്കണമെന്നാവശ്യപ്പെടുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ പൂര്‍ത്തീകരിക്കാതിരിക്കുന്നതും വലിയ തെറ്റായാണ് ഇസ്ലാം കാണുന്നത്. മരണപ്പെട്ട ഒരാളുടെ സാമ്പത്തിക ബാധ്യതകള്‍ മരണാനന്തര ചടങ്ങുകളുടെ സന്ദര്‍ഭത്തില്‍ അടുത്ത ബന്ധുക്കള്‍ ഏറ്റെടുക്കുന്നത് അതിന്റെ ഗൌരവം സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ലോട്ടറിയില്‍ 'ഇടപാടുകളിലെ സുതാര്യത, സാമ്പത്തിക ബാധ്യതകളുടെ പൂര്‍ത്തീകരണം' തുടങ്ങിയ ചിന്തകള്‍ക്കുതന്നെ ഇടമില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
4) അന്യരുടെ ധനം അവിഹിതമായ വഴികളിലൂടെ അവരുടെ തൃപ്തിയില്ലാതെ അന്യായമായി കൈവശപ്പെടുത്തുന്നതും ഉപയോഗിക്കുന്നതും വലിയ പാപമായാണ് ഇസ്ലാം പഠിപ്പിക്കുന്നത്. "ജനങ്ങളുടെ സമ്പത്ത് അനര്‍ഹമായി ഭുജിക്കരുതെന്ന്'' ഖുര്‍ആന്‍ (2:188, 4:29, 9:34) ആവര്‍ത്തിക്കുന്നുണ്ട്. ആരാധനാ കര്‍മങ്ങള്‍ നിഷ്ഫലമാകാന്‍ വരെ അതു കാരണമാകുമെന്നു പ്രവാചകന്‍ പഠിപ്പിച്ചിക്കുന്നു. ലോട്ടറിയിലൂടെ ഉണ്ടാകുന്ന സാമ്പത്തിക നേട്ടം, അധ്വാനമില്ലാത്ത അന്യായ സമ്പാദ്യം തന്നെയാണ്. അതുകൊണ്ട് ഇസ്ലാമികദൃഷ്ട്യാ ലോട്ടറി വാങ്ങുന്നതും വില്‍ക്കുന്നതും അതിന്റെ നടത്തിപ്പില്‍ പങ്കാളികളാകുന്നതും തെറ്റാണ്.



Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly