Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>
പഠനം


തുഹ്ഫത്തുല്‍ മുജാഹിദീന്‍
മത സാമൂഹികതയുടെ മാനിഫെസ്റോ

# ടി. ശാക്കിര്‍

 

 
 


തുഹ്ഫത്തുല്‍ മുജാഹിദീന്‍ പൌരാണികവും എന്നാല്‍ ഏറെ പ്രസിദ്ധവുമായ ഒരു ഗ്രന്ഥമാണ്. ഒരു ചരിത്ര ഗ്രന്ഥം എന്നതിനപ്പുറം മതം, സമൂഹം, സംസ്കാരം, ചരിത്രം തുടങ്ങി ഒട്ടനവധി സാമൂഹിക ഘടകങ്ങളെ വിശകലനം ചെയ്യുന്ന ഒരു സാമൂഹിക ശാസ്ത്ര ഗ്രന്ഥമാണിത്. ഇംഗ്ളീഷില്‍ നിരവധി തവണ വിവര്‍ത്തനത്തിന് വിധേയമായ ഈ ഗ്രന്ഥം ഫ്രഞ്ച്, ലാറ്റിന്‍, സ്പാനിഷ്, ചെക്ക് തുടങ്ങിയ ലോക ഭാഷകളിലും കന്നട, തമിഴ് തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും നേരെത്തെ തന്നെ വിവര്‍ത്തനം ചെയ്യപ്പെടുകയുണ്ടായി.
ഇത്തരമൊരു ഗ്രന്ഥം എന്തുകൊണ്ട് നമ്മുടെ മുഖ്യധാരാ ചരിത്ര സാമൂഹിക രചനകളില്‍ നിന്നും വിശകലനങ്ങളില്‍ നിന്നും നിഷ്ക്കാസനം ചെയ്യപ്പെട്ടു എന്നത് മൌലിക പ്രധാനമായൊരന്വേഷണ വിഷയമായിരിക്കും. സാമൂഹിക ചുറ്റുപാടുകളെയും പ്രശ്നങ്ങളെയും മതത്തിന്റെ ഉപകരണങ്ങളും വിശകലന ശാസ്ത്രവുമുപയോഗിച്ച് അപഗ്രഥിക്കുന്ന ഒരു ഗ്രന്ഥം എന്ന അര്‍ഥത്തില്‍ തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഒരു മതഗ്രന്ഥം തന്നെയാണ്. യൂറോപ്യന്‍ ജ്ഞാനോദയത്തിനും അതിന്റെ തന്നെ സന്താനമായ സെക്യുലര്‍ വിശകലന രീതിക്കും മുമ്പേ രചിക്കപ്പെട്ട ഗ്രന്ഥമായിരുന്നു തുഹ്ഫ. പടിഞ്ഞാറന്‍ ലോകവീക്ഷണത്തിനും സെക്യുലരിസത്തിനും സാമൂഹിക മേല്‍ക്കോയ്മ ലഭിച്ച ഒരു ചരിത്രഘട്ടത്തില്‍ തുഹ്ഫ പോലുള്ള അനേകം രചനകള്‍ സ്വാഭാവികമായും സമൂഹത്തിന്റെയും ജീവിതത്തിന്റെയും പുറമ്പോക്കിലേക്ക് നിഷ്കരുണം തോണ്ടിയെറിയപ്പെട്ടു. ഗ്രന്ഥത്തിന്റെയും ഗ്രന്ഥകാരന്റെയും പിന്തുടര്‍ച്ച ഏറ്റെടുക്കേണ്ട മുസ്ലിം സമുദായമാകട്ടെ പടിഞ്ഞാറന്‍ ആശയാധിനിവേശത്തിന് മുന്നില്‍ മുട്ടു വിറച്ചവരുമായി. എന്നല്ല തങ്ങളുടെ തന്നെ പ്രമാണങ്ങളെയും ചരിത്രാവശിഷ്ടങ്ങളെയും തള്ളിമാറ്റിക്കൊണ്ട് സെക്യുലര്‍ ലോകവീക്ഷണത്തിന്റെയും പടിഞ്ഞാറന്‍ വിജ്ഞാന ശാസ്ത്രങ്ങളുടെയും വിശുദ്ധപിതാക്കന്മാരായിത്തീര്‍ന്നു അവരില്‍ പലരും.
മത സാമൂഹികത എന്നത് പടിഞ്ഞാറന്‍ സെക്യുലറിസം അശ്ളീലവല്‍ക്കരിക്കുകയും പ്രശ്നവല്‍ക്കരിക്കുകയും ചെയ്ത വലിയൊരാശയമാണ്. പാശ്ചാത്യ സെക്യുലറിസം തങ്ങളല്ലാത്ത എല്ലാ ആശയ ധാരകളോടും വിശകലന രീതികളോടും കടുത്ത അസഹിഷ്ണുതയാണ് എന്നും അനുവര്‍ത്തിച്ചത്. അവയെ ഏറ്റവും അക്രമാസക്തമായ ശൈലിയില്‍ നേരിടുകയും ചെയ്യുന്നു. മത സാമൂഹിക പ്രസ്ഥാനങ്ങളോടും നവ സാമൂഹിക പ്രസ്ഥാനങ്ങളോടും നമ്മുടെ നാട്ടിലെ ഇടത്-മതേതര-അള്‍ട്രാസെക്യുലര്‍ പ്രസ്ഥാനങ്ങളുടെയും ബുദ്ധിജീവികളുടെയും സമീപനങ്ങളില്‍ തികട്ടിവരുന്നത് ഇതേ അസഹിഷ്ണുത തന്നെയാണ്. ഇത് ലോകത്തെമ്പാടുമുള്ള പ്രതി ആശയങ്ങള്‍ പാശ്ചാത്യ സെക്യുലറിസത്തില്‍ നിന്ന് നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ്. 'നിര്‍മിക്കപ്പെടുന്ന സത്യങ്ങള്‍' എന്നത് സാമൂഹിക ശാസ്ത്രത്തിലെ ഒരാശയമാണ്. പടിഞ്ഞാറന്‍ സെക്യുലറിസം സത്യങ്ങള്‍ നിര്‍മിക്കുകയും അതല്ലാത്ത എല്ലാറ്റിനെയും പെരുംനുണകളാക്കി മാറ്റുകയും ചെയ്യുന്നു. സാമൂഹിക പ്രധാനമായ മതത്തെയും അതിന്റെ ഉള്ളടക്കത്തെയും തിരിച്ചറിയാനും അളെന്നെടുക്കാനുമുള്ള ശേഷി പടിഞ്ഞാറന്‍ സെക്യുലറിസത്തിന് ഇനിയും വികസിച്ചുവന്നിട്ടില്ല. അതിനോട് കടുത്ത അസഹിഷ്ണുത പുലര്‍ത്തി അപരവല്‍ക്കരിക്കാനാണ് എന്നും ശ്രമിച്ചുപോന്നിട്ടുള്ളത്. അങ്ങനെയാണ് തുഹ്ഫപോലുള്ള വലിയ രചനകള്‍ നമ്മുടെ മുഖ്യധാരയില്‍ നിന്ന് എടുത്തെറിയപ്പെട്ടുപോയത്.
അധിനിവേശം, മര്‍ദകഭരണം, ചൂഷണം തുടങ്ങിയ തികച്ചും സാമൂഹിക-രാഷട്രീയ പ്രധാനമായൊരു പ്രശ്നത്തെ സൈനുദ്ദീന്‍ മഖ്ദൂം തികച്ചും മതപരമായാണ് സമീപിക്കുന്നത്. മര്‍ദക കോളോണിയല്‍ അധിനിവേശത്തെ ചെറുക്കാന്‍ അദ്ദേഹത്തിന്റെ കൈയിലെ മുഖ്യ ആയുധം ജിഹാദ് എന്ന മത ഉപകരണം തന്നെയാണ്.
ഇസ്ലാമിക ദര്‍ശനത്തിന്റെ കാലോചിതമായ വളര്‍ച്ചയെയും ദാര്‍ശനികമായ വികാസത്തെയും അടയാളപ്പെടുത്തുന്ന ഗ്രന്ഥമാണ് തുഹ്ഫ. വിശ്വാസ-ആചാരങ്ങളുടെ അനുഷ്ഠാനങ്ങള്‍ക്കും അതിന്റെ പ്രബോധനത്തിനുമപ്പുറം മതത്തിന് ഒരു സമൂഹത്തിലിടപെടാന്‍ കഴിയുന്നില്ലെങ്കില്‍ ഇതുപോലൊരു ഗ്രന്ഥം പിറക്കില്ലായിരുന്നു. ഒരു സമൂഹത്തിന്റെ മുഴുവന്‍ ജീവിതാനുഭവങ്ങളോടും ഇടപഴകിയും ഇടപെട്ടും ജീവിക്കുന്നതിലൂടെയാണ് ഒരു ദര്‍ശനം എന്ന അര്‍ഥത്തില്‍ ഇസ്ലാമിന്റെ വളര്‍ച്ച സാധ്യമാകുന്നത്. അധിനിവേശം, സാമൂഹിക ഐക്യം, ബഹുസ്വര സമൂഹത്തിലെ വിശ്വാസികളുടെ പ്രതിനിധാനം, സാംസ്കാരികമായ ആദാനപ്രദാനങ്ങള്‍, അതിന്റെ സാധ്യതകളും പ്രശ്നങ്ങളും തുടങ്ങി ഒട്ടേറെ സാമൂഹിക സമകാലികതകളെ ഈ ഗ്രന്ഥം മുന്നോട്ട് വെക്കുന്നുണ്ട്. ഇസ്ലാമിക പ്രമാണങ്ങളെ ജീവിത യാഥാര്‍ഥ്യങ്ങളിലേക്ക് വികസിപ്പിക്കാന്‍ കഴിയാതെ പോകുന്നുവെന്നത് പില്‍ക്കാല മുസ്ലിം സമൂഹത്തിനു സംഭവിച്ച വലിയൊരു പരാജയം തന്നെയാണ്.
സമൂഹത്തിന്റെ അടിയാധാരമായി പ്രവര്‍ത്തിക്കുന്ന ആശയങ്ങളോടും പ്രത്യയശാസ്ത്രങ്ങളോടും നിലനില്‍ക്കുന്ന സാമൂഹികക്രമത്തോടും മുസ്ലിം സമുദായം പൊതുവെ രണ്ടുതരം സമീപനമാണ് സ്വീകരിക്കുന്നത്. ഒരു വിഭാഗം അവയെ ഇസ്ലാമിന്റെ തന്നെ പ്രമാണങ്ങളും വിശകലന ശാസ്ത്രങ്ങളും ഉപയോഗിച്ച് വിശകലനം നടത്തി നിലപാട് സ്വീകരിക്കുന്നു. സൈനുദ്ദീന്‍ മഖ്ദൂം സാമൂതിരിയുടെ ഭരണക്രമത്തോടും പോര്‍ച്ചുഗീസ് അധിനിവേശത്തോടും ഈ വിശകലന രീതി ഉപയോഗിച്ചാണ് സമീപനം രൂപപ്പെടുത്തിയത്. ഒരര്‍ഥത്തില്‍ ഇരുകൂട്ടരും അവിശ്വാസികളായിരിക്കെ സാമൂതിരിയെ ശക്തിപ്പെടുത്തലും പോര്‍ച്ചുഗീസുകാരെ പരാജയപ്പെടുത്തലും ഓരോ വിശ്വാസിയുടെയും നിര്‍ബന്ധ ബാധ്യത (ഫര്‍ദ്ഐന്‍) ആണെന്ന തീര്‍പ്പിലെത്തുന്നത് ഈ വിശകലനശാസ്ത്രം പ്രയോഗിക്കുന്നതുകൊണ്ടാണ്. അതേസമയം നിലനില്‍ക്കുന്ന സാമൂഹിക ക്രമത്തെയും അധീശ പ്രത്യയശാസ്ത്രങ്ങളെയും ഇസ്ലാമികമായ വിശകലനങ്ങള്‍ക്കും പ്രശ്നവല്‍ക്കരണത്തിനും വിധേയമാക്കാതെ നിലപാട് സ്വീകരിക്കുന്നവരുമുണ്ട്. ഒരുപക്ഷേ ഇത്തരം വിശകലനങ്ങള്‍ക്ക് വിധേയമാക്കി എത്തിച്ചേരുന്ന നിലപാടും വിശകലനങ്ങളേതുമില്ലാതെ എത്തിച്ചേരുന്ന നിലപാടും ബാഹ്യമായി ഒന്നുതന്നെയാണെങ്കിലും അതിന്റെ ഫലത്തിലും സ്വാധീനത്തിലും രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. നിലനില്‍ക്കുന്ന സാമൂഹികാവസ്ഥയെ ഇസ്ലാമികമായ വിശകലന സങ്കേതങ്ങളുപയോഗിച്ച് വിശകലനം നടത്തിയാണ് സൈനുദ്ദീന്‍ മഖ്ദൂം അധിനിവേശവിരുദ്ധ സമരത്തിന്റെയും സാമൂതിരിയുമായുള്ള സഹകരണത്തിന്റെയും ഭൂമിക ഒരുക്കുന്നത്. ആധുനിക ഭൌതിക പ്രത്യയശാസ്ത്രങ്ങള്‍, പടിഞ്ഞാറന്‍ സെക്യുലറിസം, ജനാധിപത്യം തുടങ്ങിയ ആശയങ്ങളെയും അവയുടെ സാമൂഹിക ക്രമത്തെയും ആധുനിക ഇസ്ലാമിക ചിന്തകന്മാര്‍ ഈ അര്‍ഥത്തില്‍ പ്രശ്നവല്‍ക്കരിച്ച് നിലപാട് സ്വീകരിച്ചിട്ടുണ്ട്. അധിനിവേശ പ്രത്യയശാസ്ത്രങ്ങളോടുള്ള അടിമത്ത മനസ്സില്‍ നിന്നുകൊണ്ട് നിലപാടുകള്‍ രൂപപ്പെടുത്തിയവരും മുസ്ലിം ലോകത്തുണ്ട്. എന്നാല്‍ അതിനിടയിലെ യാദൃഛികമായ ഐക്യപ്പെടലുകളെ സമീകരിക്കുന്നത് ശരിയല്ല എന്നര്‍ഥം.
ശൈഖ് സൈനുദ്ദീന്റെ പോര്‍ച്ചുഗീസ് വിരുദ്ധപോരാട്ടം കേവലം വൈകാരിക വിക്ഷോഭത്തില്‍ നിന്നോ മതഭ്രാന്തില്‍ നിന്നോ ഉറവ പൊട്ടിയതായിരുന്നില്ല. യുക്തവും ന്യായവുമായ ഒരു സാമൂഹിക വിശകലനവും പ്രത്യയശാസ്ത്ര അടിത്തറയും അതിനായി സൈനുദ്ദീന്‍ മഖ്ദൂം ഒരുക്കിയിട്ടുണ്ടായിരുന്നു. അത്തരമൊരു വിശകലനമാണ് തുഹ്ഫ മുന്നോട്ട് വെക്കുന്നത്. കൂടാതെ 'തഹ്രീളു അഹ്ലില്‍ ഈമാന്‍ അലാ ജിഹാദി അബദത്തിസ്സുല്‍ബാന്‍' എന്ന സമരകാവ്യം രചിച്ച് തദ്ദേശീയ മുസ്്ലിംകള്‍ക്കിടയില്‍ പ്രചരിപ്പിച്ച് നേരത്തെ തന്നെ അദ്ദേഹം സമരോത്സുക മനസ്സ് പാകപ്പെടുത്തിയെടുത്തിരുന്നു. വര്‍ഗീയ-വംശീയ അഴിഞ്ഞാട്ടങ്ങള്‍ക്ക് യുക്തമായ സാമൂഹിക വിശകലത്തിന്റെയോ ന്യായപ്രമാണങ്ങളുടെയോ ആവശ്യമില്ലല്ലോ.
എന്നാല്‍ ഇത്തരം വിശകലന പ്രധാനമായ ഗ്രന്ഥങ്ങളെ അവയുടെ ചരിത്ര മൂല്യം മറച്ചുപിടിച്ച് സാമൂഹിക സന്ദര്‍ഭത്തില്‍ നിന്നും ഉദ്ധരണികളായി അടര്‍ത്തിയെടുത്താല്‍ അത് ഗ്രന്ഥത്തോടും ഗ്രന്ഥകാരനോടും ചെയ്യുന്ന വലിയ അപരാധവും ദാര്‍ശനികമായ സത്യസന്ധതയില്ലായ്മയുമായിരിക്കും. ഇത്തരമൊരു ഉദ്ധരണിവേട്ട നമ്മുടെ സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്നുണ്ട്. കൊളോണിയല്‍ വിരുദ്ധ സാഹിത്യശാഖയിലെ സുപ്രധാനമായ ഒരു രചനയാണ് 'സെഫുല്‍ ബത്വാര്‍ അലാമന്‍ യുവാലില്‍ കുഫ്ഫാര്‍' എന്ന ഗ്രന്ഥം. അധിനിവേശ വ്യവസ്ഥിതിക്കും അതിന്റെ മര്‍ദക ഭരണത്തിനുമെതിരെ അവയോട് നിസ്സഹകരിച്ചുകൊണ്ട് പേരാടാന്‍ ആഹ്വാനം ചെയ്ത് രചിക്കപ്പെട്ട മമ്പുറം തങ്ങളുടെ ഫത്വകളാണിത്. 'അവിശ്വാസികളെ കൈകാര്യക്കാരാക്കുന്നവര്‍ക്കെതിരെ കുറിക്കുകൊള്ളുന്ന ഖഡ്ഗം' എന്നാണ് പുസ്തക നാമത്തിന്റെ അര്‍ഥം. അഥവാ ഉദ്ധരണിവേട്ടക്ക് അനേകം സാധ്യതകളുള്ള ഗ്രന്ഥമാണ് തുഹ്ഫ ഉള്‍പ്പടെയുള്ള ഇത്തരം കൊളോണിയല്‍ വിരുദ്ധ സമരസാഹിത്യങ്ങള്‍. തീക്ഷ്ണമായ സാമൂഹിക അനുഭവങ്ങളോട് ചടുലമായി പ്രതികരിക്കുന്ന ഏതൊരാശയത്തിലും രചനയിലും ഇത്തരം സാധ്യതകള്‍ വേണ്ടുവോളം നിലനില്‍ക്കുമെന്നത് സ്വാഭാവികം മാത്രം.
നമ്മുടെ സൂഫി പാരമ്പര്യവും ആത്മീയ പാരമ്പര്യവും എത്രമാത്രം സാമൂഹിക ഉള്ളടക്ക പ്രാധാനവും സമരോത്സുകവുമായിരുന്നു എന്നതിന്റെ നേര്‍ സാക്ഷ്യം കൂടിയാണ് ഈ ഗ്രന്ഥം. കേവലം വൈജ്ഞാനിക ഭണ്ഡാരമായി മാറുന്ന ഉലമാക്കള്‍, ആത്മീയ സാധനയില്‍ ഉപാസിക്കുന്ന സൂഫികള്‍, സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തനത്തെ മതത്തില്‍ നിന്നും അടര്‍ത്തിമാറ്റിയ സാമൂഹിക -രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇങ്ങനെയൊരു ശ്രേണീവല്‍ക്കരണം മുസ്ലിം സമുദായത്തിനകത്ത് ഇന്നുണ്ട്. വികസനത്തിന്റെയും ഭൂമിയുടെയും വിഷയത്തില്‍ മതസംഘടനകള്‍ ഇടപെടരുത് എന്നത് മതേതര പൊതുബോധത്തിന്റെ ദുശ്ശാഠ്യം മാത്രമല്ല, മതസമൂഹത്തില്‍ ചിലരുടെ ഫത്വ കൂടിയാണ്. സ്വൂഫികളായ ഉലമാക്കള്‍ തന്നെയായിരുന്നു സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ട് നേതൃത്വം നല്‍കിയ ഉമറാക്കളും എന്നത് നമ്മുടെ ചരിത്രാനുഭവമാണെന്ന് ഈ ഗ്രന്ഥം ഓര്‍മപ്പെടുത്തുന്നു. അധിനിവേശ-ജന്മി-ഫ്യൂഡല്‍ വിരുദ്ധവും കര്‍ഷക-അടിസ്ഥാന വര്‍ഗ പ്രധാനവുമായ ഒട്ടനവധി മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ടാണ് കേരളത്തിലെ ഇസ്ലാം സമൂഹത്തില്‍ ജീവിക്കുന്ന മതമായി തീര്‍ന്നത്. അപ്പോള്‍ നമ്മുടെ സമകാലിക സ്വൂഫീ സരണികള്‍ക്കും ഉലമാക്കള്‍ക്കും ചരിത്രത്തിന്റെ ഏത് ഘട്ടത്തില്‍ വെച്ചാണ് സാമൂഹിക രാഷ്ട്രീയ ഉള്ളടക്കം നഷ്ടപ്പെട്ടത് എന്നത് ചരിത്രപരമായ വിശകലനം അര്‍ഹിക്കുന്നു.
കേരളത്തിന്റെ മതസഹിഷ്ണതയുടെയും സമരബോധത്തിന്റെയും സാമൂഹിക നീതിയുടെയും അടിവേരുകള്‍ നാം എവിടെയാണ് തപ്പേണ്ടത്. ആധുനിക നവോത്ഥാനാന്തര കേരളം എന്നൊരു പൊതുമിത്ത് നമ്മുടെ അഭിപ്രായ രൂപവത്കരണത്തില്‍ വല്ലാതെ ആഘോഷിക്കപ്പെടാറുണ്ട്. സകല സാമൂഹിക നന്മകളെയും ഒരു പ്രത്യേക ചരിത്രഘട്ടത്തിലേക്ക് മാത്രം കുറുക്കികെട്ടുന്ന ഒരു പൊതു പദാവലിയാണ് ഈ മിത്ത്്്. ആധുനിക ലോകത്തിന്റെ സകല സാമൂഹിക മുന്നേറ്റങ്ങളെയും ജനാധിപത്യപരമായ തുറസ്സുകളെയും വൈജ്ഞാനിക കുതിപ്പുകളെയുമെല്ലാം യൂറോപ്യന്‍ നവോത്ഥാനത്തിലേക്ക് ചുരുക്കി എഴുതുന്നതിനു സമാനമായൊരു കുറുക്കി എഴുത്താണിത്. യൂറോപ്യന്‍ ആധുനികതയുടെ അതേ മൂല്യബോധത്തില്‍ നിന്നും ചരിത്രബോധത്തില്‍ നിന്നും തന്നെയാണ് ആധുനിക കേരള നവോത്ഥാനവും രൂപപ്പെട്ടത് എന്നതുകൊണ്ടായിരിക്കാം ഇങ്ങനെയൊരു സാമ്യം സംഭവിച്ചത്. വാസ്തവത്തില്‍ കേരളത്തില്‍ ഇടതുപക്ഷാഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട കര്‍ഷക-തൊഴിലാളി സമരങ്ങള്‍ക്കും നൂറ്റാണ്ടുകള്‍ക്കു മുമ്പേ കൊളോണിയല്‍-ജന്മിത്ത- ഫ്യൂഡല്‍ വിരുദ്ധവും കാര്‍ഷിക അടിസ്ഥാന വര്‍ഗ പ്രധാനവുമായ ഒട്ടനവധി സമരപ്രക്ഷോഭങ്ങള്‍ തുടിച്ച മണ്ണാണ് കേരളത്തിന്റേത്.
ഉയര്‍ന്ന ജാതിക്കാരെ താഴ്ന്ന ജാതിക്കാര്‍ 'നിങ്ങള്‍' എന്ന് അഭിസംബോധന ചെയ്യണമെന്ന് സവര്‍ണ വ്യവസ്ഥ ഉണ്ടായിരുന്നപ്പോള്‍ അതിനെ ധിക്കരിച്ച് ഇങ്ങോട്ട് 'നീ' എന്നു വിളിക്കുന്നവരെ അങ്ങോട്ടും 'നീ' എന്നുമാത്രം വിളിച്ചാല്‍ മതിയെന്ന് മാപ്പിളമാരോടും താഴ്ന്ന ജാതിക്കാരോടും ആഹ്വാനം ചെയ്ത് സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍(1824-1901) സമത്വത്തിനുവേണ്ടി വമ്പിച്ച ജാതിവിരുദ്ധസമരം അഴിച്ചുവിട്ടിരുന്നു. ചക്കിയെന്നൊരു ദലിത് സ്ത്രീ അയിത്തത്തിന് വിധേയമാകേണ്ടിവന്ന ചരിത്ര സാഹചര്യത്തിലാണ് ചേറൂര്‍ സംഭവം (1843 ഒക്ടോബര്‍19) നടക്കുന്നത്. മമ്പുറം സൈതലവി തങ്ങള്‍ എന്ന സ്വൂഫിയുടെ തട്ടകത്തിലായിരുന്നു അത്. പില്‍ക്കാലത്ത് വൈക്കം സത്യാഗ്രഹത്തിന് കാരണമാകുന്നതും ഇതേ അയിത്താചാരമാണെന്നതിലെ സാദൃശ്യം ശ്രദ്ധേയമാണ്. ഈ മണ്ണില്‍ നികുതി കെട്ടുവാന്‍ അധികാരമില്ലെന്ന് പറഞ്ഞ് വെളിയങ്കോട് ഉമര്‍ ഖാദി ബ്രിട്ടീഷുകാരനായ ജില്ലാ കലക്ടറുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പിയ സംഭവം ചരിത്രത്തിലുണ്ട്. പക്ഷേ, ഇവയൊക്കെയും മതാഭിമുഖ്യത്തില്‍ രൂപപ്പെട്ട സമരപോരാട്ടങ്ങളായിരുന്നു എന്നു മാത്രം. അതുപോലെത്തന്നെ സഹിഷ്ണുത, ജനാധിപത്യവത്കരണം, അന്ധവിശ്വാസങ്ങള്‍ക്കതീതമായ ജീവിത വീക്ഷണം തുടങ്ങിയവ വലിയ മതേതര മൂല്യങ്ങളായാണ് നമ്മുടെ സമൂഹത്തില്‍ ആഘോഷിക്കപ്പെടുന്നത്. വര്‍ഗീയത, സങ്കുചിതത്വം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളെ മതപാഠങ്ങള്‍ക്കൊണ്ടും ആത്മീയബോധംകൊണ്ടും പരിഹരിക്കുന്നതിനുപകരം മതേതര മൂല്യങ്ങള്‍ കൊണ്ട് തന്നെ പരിഹരിക്കാന്‍ ശ്രമിക്കുന്നത് അതുകൊണ്ടാണ്. അതേസമയം സഹിഷ്ണുതയും ജനാധിപത്യബോധവും വലിയ മത മൂല്യങ്ങളാണെന്ന സന്ദേശം തുഹ്ഫ മുന്നോട്ടുവെക്കുന്നുണ്ട്. മതവിശ്വാസിയുടെ ജനാധിപത്യബോധവും അവര്‍ഗീയതയും മതേതര മൂല്യബോധത്തില്‍ നിന്ന് കടം കൊണ്ടതല്ല, അവരുടെ മതവിശ്വാസത്തിന്റെ തന്നെ ഭാഗമാണ്. അതുകൊണ്ടാണ് ശൈഖ് സൈനുദ്ദീന്‍, ഉമര്‍ഖാസി, ഫസല്‍ പൂക്കോയതങ്ങള്‍, മമ്പുറം തങ്ങള്‍ തുടങ്ങിയ, ജീവിതത്തില്‍ കണിശവും സുക്ഷ്മവുമായി മത മൂല്യങ്ങള്‍ പാലിച്ചിരുന്നവര്‍ ഒരേ സമയം സഹിഷ്ണുതയുടെയും പരമതസ്നേഹത്തിന്റെയും വക്താക്കളായി തീര്‍ന്നത്.
ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന സാമൂഹിക വിശകലന രീതിയും ചരിത്രാപഗ്രഥന രീതിയും പ്രയോഗിക്കപ്പെട്ട ഒരു ഗ്രന്ഥം കൂടിയാണ് തുഹ്ഫ. സമൂഹങ്ങളുടെയും നാഗരികതകളുടെയും ഉത്ഥാനപതനങ്ങളും ഉയര്‍ച്ച-താഴ്ചകളും ഖുര്‍ആന്‍ വിശകലന വിധേയമാക്കുന്നത് ആ സമൂഹത്തിന്റെ ആത്മീയവും ആന്തരികവുമായ ഉത്ഥാനപതനങ്ങളെ കൂടി ചേര്‍ത്തുവെച്ചുകൊണ്ടാണ്. ഈജിപ്ത്, ഫലസ്ത്വീന്‍, അറേബ്യ, സബഅ് തുടങ്ങിയ നാഗരികതകളുടെയും ആദ്, സമൂദ്, ഫറോവ, ബനൂഇസ്രായേല്‍ തുടങ്ങിയ സമൂഹങ്ങളുടെയും ഉത്ഥാന പതനത്തെക്കുറിച്ച വിശകലനത്തിന് ഖുര്‍ആന്‍ സ്വീകരിച്ച വഴിയിതാണ്. ബാഹ്യവും പ്രത്യക്ഷവുമായ കാരണങ്ങളും കണക്കുകൂട്ടലുകളും മാത്രമല്ല ഏതൊരു സമൂഹത്തിന്റെയും വര്‍ത്തമാനത്തെയും ഭാവിയെയും നിര്‍ണയിക്കുകയെന്നത് ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചരിത്രവീക്ഷണമാണ്. ഇതേ വിശകലന രീതി മഖ്ദൂം തന്റെ ഗ്രന്ഥത്തില്‍ എടുത്തുപയോഗിക്കുന്നു. "....... മലബാറില്‍ മുസ്ലികള്‍ അവരുടെ മത നിഷ്ഠയുള്ള ഹിന്ദുഭരണാധികാരികളുടെ സൌമ്യവും സഹിഷ്ണുതാപരവും സൌഹാര്‍ദപൂര്‍ണവുമായ പെരുമാറ്റത്തിന്റെ തണലില്‍ സുഖസന്തോഷങ്ങളോട് കൂടിയ ജീവിതം അനുഭവിച്ചുപോരുന്ന അവസ്ഥയാണ് ആദ്യം നിലനിന്നിരുന്നത്. എന്നാല്‍ അവര്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്കു നന്ദി കാണിക്കാതെ അവനെ ധിക്കരിച്ചുകൊണ്ടുള്ള ജീവിതത്തിലേക്ക് ക്രമേണ വ്യതിചലിച്ചു. അതിനുള്ള ഒരു ദൈവിക പ്രഹരം എന്ന നിലക്കാണ് അവരുടെ ആധിപത്യം നികൃഷ്ടരായ പോര്‍ച്ചുഗീസ് ക്രൈെസ്തവരുടെ കൈയില്‍ ചെന്നുപെട്ടത്. ഏതെല്ലാം തരത്തിലുള്ള ക്രൂരതകള്‍ക്കും അപമാനങ്ങള്‍ക്കുമാണ് പോര്‍ച്ചുഗീസുകാരുടെ കൈക്ക് മുസ്ലിംകള്‍ ഇരയായതെന്ന് എണ്ണി വിവരിക്കുക പ്രയാസമാണ്'' (തുഹ്ഫത്തുല്‍ മുജാഹിദീന്‍ പരിഭാഷയും വിശദീകരണവും, സി.ഹംസ, പേജ് 68). സോഷ്യല്‍ ഡാര്‍വനിസത്തിന്റെയും വൈരുധ്യാധിഷ്ഠിത ഭൌതിക വാദത്തിന്റെയും ചരിത്ര സാമൂഹിക വിശകലനങ്ങളുടെ പരിമിതിയെയും ഈ വിശകലന രീതി മറികടക്കുന്നുണ്ട്.
മലബാറിലെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലെ തിളക്കമുള്ള ഒരദ്ധ്യായം സാമൂതിരിയുടെ നാവികസേനാ നായകന്മാരായിരുന്ന കുഞ്ഞാലിമരക്കാര്‍മാരുടേതാണ്. അധിനിവേശത്തിനെതിരെ അതിസാഹസികമായ ചെറുത്ത് നില്‍പാണ് തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഇവരുടെ നേതൃത്വത്തില്‍ അരങ്ങേറിയത്. പാശ്ചാത്യ ചരിത്രകാരന്മാരാകട്ടെ ഇവരെ കടല്‍ക്കൊള്ളക്കാരായിട്ടാണ് ചിത്രീകരിക്കുന്നത്. അധീശ പ്രത്യയശാസ്ത്രങ്ങളുടെയും ശക്തികളുടെയും ഭാഷക്കും പദപ്രയോഗങ്ങള്‍ക്കും ചരിത്രത്തിലെന്നും ഓരേ സ്വരവും മുഴക്കവുമായിരുന്നുവെന്നര്‍ഥം. തങ്ങളുടെ പ്രതിശബ്ദമായി ഉയര്‍ന്നുവരുന്നതിനെയെല്ലാം രാക്ഷസവല്‍ക്കരിച്ചുകൊണ്ടാണ് എന്നും അവയെ നേരിടാന്‍ ശ്രമം നടക്കുന്നത്. ഇന്നത്തെ ഭീകരവാദം, തീവ്രവാദം തുടങ്ങിയ പദാവലികള്‍ വാര്‍ത്തെടുക്കപ്പെട്ടത് ഇതേ ആശയ മൂശയില്‍ വെച്ചുതന്നെ.
മുസ്ലിം സ്ത്രീ സമൂഹത്തിലും സമുദായത്തിലും ഇന്നും വലിയൊരു പ്രശ്ന മണ്ഡലമാണ്. ഇസ്ലാമിക ദര്‍ശനത്തിന്റെ സമകാലികമായ വളര്‍ച്ചയും വികാസവും സ്തംഭിച്ച് പോയതിന്റെ ഏറ്റവും വലിയ ഇര മുസ്ലിം സ്ത്രീകള്‍ തന്നെയായിരിക്കണം. ലക്ഷദ്വീപുകളെ ആക്രമിക്കാന്‍ പോര്‍ച്ചുഗീസുകാര്‍ ചെന്ന സന്ദര്‍ഭം ശൈഖ് സൈനുദ്ദീന്‍ അനുസ്മരിക്കുന്നുണ്ട്. "......പോര്‍ച്ചുഗീസുകാരുടെ ക്രൂരകൃത്യങ്ങള്‍ കണ്ട് നിഷ്കളങ്കരും നിസ്സഹായരുമായ ദ്വീപു നിവാസികള്‍ പരിഭ്രാന്തരായി. അവര്‍ക്ക് ആയുധമോ സൈന്യമോ ഉണ്ടായിരുന്നില്ല. അവരുടെ ഖാദി വൃദ്ധനായ ഒരു മാന്യനായിരുന്നു. അദ്ദേഹത്തിന്റെയും ഭാര്യയുടെയും കീഴില്‍ നിരായുധരെങ്കിലും നാട്ടുകാര്‍ സംഘടിച്ചു. രക്തസാക്ഷിത്വത്തിന്റെ അഭിനിവേശത്തോടെ വടിയും കല്ലും മണ്‍കട്ടകളുമായി അവര്‍ പോര്‍ച്ചുഗീസുകാരുടെ ക്രൂരതകളോട് ഏറ്റുമുട്ടി. അങ്ങനെ പൊരുതി ഒന്നടങ്കം വീരമൃത്യു വരിച്ചു'' (തുഹ്ഫത്തുല്‍ മുജാഹിദീന്‍: പരിഭാഷയും വിശദീകരണവും, പേജ് 84).
ഇസ്ലാമിക സമൂഹത്തിന്റെ ശോഭയാര്‍ന്ന ചരിത്ര ഘട്ടങ്ങളിലെല്ലാം മുസ്ലിം സ്ത്രീ സാമൂഹിക-നാഗരിക വ്യവഹാരങ്ങളുടെ മുഖ്യധാരയില്‍ തന്നെയായിരുന്നു. സ്ത്രീയെക്കുറിച്ച ഏത് ചര്‍ച്ചയിലും അവളുടെ വ്യക്തിത്വത്തേക്കാളും ശേഷിയേക്കാളും ശരീര-ലൈംഗിക-സൌന്ദര്യാനുഭവങ്ങള്‍ കൂടുതല്‍ തികട്ടിവരുന്ന ഒരനുഭവം മുസ്ലിം സമുദായത്തിനകത്ത് ഇന്നുണ്ട്. വാസ്തവത്തില്‍ പാശ്ചാത്യ സ്ത്രീ കാഴ്ച്ചപ്പാടിന്റെയും ഇന്ത്യയിലെ സവര്‍ണ ഫ്യൂഡല്‍ മൂല്യങ്ങളുടെയും ശേഷിപ്പുകളില്‍ നിന്നാണ് ഇത്തം ഒരു കാഴ്ച്ചപ്പാട് രൂപപ്പെട്ടുവരുന്നത്. ഒരു സമൂഹത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചക്കും മുന്നോട്ട് പോക്കിനുമാവശ്യമായ ഇടപെടലുകള്‍ സ്ത്രീയും പുരുഷനും നിരന്തരം നിര്‍വഹിച്ചുകൊണ്ടിരിക്കണം എന്നതാണ് ഇസ്ലാമിന്റെ കാഴ്ച്ചപ്പാട്. "സത്യവിശ്വാസികളും വിശ്വാസിനികളും പരസ്പരം സഹായികളും മിത്രങ്ങളുമാകുന്നു. അവര്‍ നന്മ കല്‍പ്പിക്കുന്നു, തിന്മ വിരോധിക്കുന്നു. നമസ്കാരം മുറപ്രകാരം നിലനിര്‍ത്തുന്നു. സകാത്ത് നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവര്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുക തന്നെ ചെയ്യും'' (അത്തൌബ 71).
അപ്പോള്‍ ഇടപെടലുകളുടെ രീതിയും സ്വഭാവവും നിര്‍ണയിക്കേണ്ടത് അതത് കാലഘട്ടത്തിന്റെയും സമൂഹത്തിന്റെയും സ്വഭാവവും ആവശ്യകതയും മുന്‍നിര്‍ത്തിയായിരിക്കണം. സ്ത്രീയുടെ വിഷയത്തില്‍ മാത്രമല്ല പുരുഷന്റെ വിഷയത്തിലും ഇതങ്ങനെതന്നെയാണ്. ഒരു സമൂഹത്തിലെയും കാലഘട്ടത്തിലെയും സ്ത്രീ-പുരുഷ ഇടപെടലുകളെയും അതിന്റെ രീതിയെയും അങ്ങനെതന്നെ മറ്റൊരു കാലഘട്ടത്തിലേക്കും സമൂഹത്തിലേക്കും കോപ്പിയടിക്കാന്‍ ശ്രമിക്കുന്നത് ആത്മഹത്യപരമായിരിക്കും. ഈ ഇടപെടലിനും ദൌത്യ നിര്‍വഹണത്തിനും മനുഷ്യന്‍ സ്വമേധയാ സ്വീകരിക്കുന്നതും ബോധപൂര്‍വം സ്വീകരിക്കേണ്ടതുമായ നിയമങ്ങളും ചട്ടങ്ങളും മാത്രമാണ് ഇസ്ലാം ആ വിഷയത്തില്‍ മുന്നോട്ടുവെക്കുന്നത്. ഇതേ നിയമങ്ങള്‍ തന്നെ സ്ത്രീയെ സാമൂഹിക പങ്കാളിത്തത്തില്‍ നിന്ന് പുറത്ത് നിര്‍ത്താന്‍ ഉപയോഗിക്കുന്നു എന്നതാണ് കൌതുകകരം.
മതത്തിന്റെ സാമൂഹിക പ്രസക്തി, മതപ്രമാണങ്ങളുടെ വികാസക്ഷമത, മതം ഒരു സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ എങ്ങനെ ഘടകമായി പ്രവര്‍ത്തിക്കുന്നു എന്നു തുടങ്ങിയ ഒട്ടേറെ ആശയങ്ങള്‍ ഈ ഗ്രന്ഥം നമുക്ക് മുമ്പാകെ ഉന്നയിക്കുന്നുണ്ട്. പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ അന്ധമായ മുന്‍വിധികളുടെ കുടുസ്സറകളില്‍ നിന്ന് ഒരല്‍പമെങ്കിലും പുറത്ത് കടന്നാലേ ഇതൊക്കെയും മനസ്സിലാവുകയുള്ളു എന്നത് മറ്റൊരു കാര്യം.


Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly