Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>
ലേഖനം


മദ്യം, ലോട്ടറി 1967 കേരളത്തിന്റെ ദുഃഖവര്‍ഷം

# സദ്റുദ്ദീന്‍ വാഴക്കാട്

 

 
 



1967 കേരളത്തിന്റെ ദുഃഖവര്‍ഷമാണ്. അത്യന്തം വിനാശകാരികളായ രണ്ട് ദുര്‍ഭൂതങ്ങളെ കേരളത്തിന്റെ മണ്ണിലേക്ക് കുടംതുറന്നുവിട്ട് അറ്റമില്ലാത്ത ദുരന്തങ്ങള്‍ക്ക് തുടക്കം കുറിച്ച വര്‍ഷം. കേരളത്തില്‍ പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായ മലബാറില്‍ നിലവിലുണ്ടായിരുന്ന മദ്യനിരോധം ഗവണ്‍മെന്റ് എടുത്തുകളഞ്ഞതും സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി ലോട്ടറി ആരംഭിച്ചതും 1967-ലായിരുന്നു. തുടര്‍ന്നുള്ള 43 വര്‍ഷത്തെ നമ്മുടെ ചരിത്രത്തിലെ ദുരനുഭവങ്ങളും വര്‍ത്തമാനത്തിന്റെ ഭീഷണമായ അവസ്ഥാവിശേഷങ്ങളും മദ്യവും ലോട്ടറിയും കേരളീയ സമൂഹത്തെ എത്രമേല്‍ ദുരിതപൂര്‍ണവും തമോമയവുമാക്കിയെന്ന് പകല്‍വെളിച്ചം പോലെ വ്യക്തം. 1967-ല്‍നിന്ന് 2010ലെത്തുമ്പോള്‍ മദ്യവും ലോട്ടറിയും വഴി നാം നേടിയതെന്താണെന്ന് കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്, ഏതാനും ആഴ്ചകളായി സജീവമായ ലോട്ടറി വിവാദവും നാടിനെ നടുക്കിയ മദ്യദുരന്തവും. ഈ രണ്ട് മഹാ പ്രശ്നങ്ങളെയും ഇന്നത്തെ വില കുറഞ്ഞ രാഷ്ട്രീയ കളിയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് ചരിത്രത്തിന്റെയും ദര്‍ശനത്തിന്റെയും പിന്‍ബലത്തോടെയാണ് വിശകലനം ചെയ്യേണ്ടത്.
മദ്യത്തിനും ചൂതാട്ടത്തിനുമെതിരെ അതിശക്തമായ നിലപാടെടുക്കേണ്ട മൂന്ന് പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഗവണ്‍മെന്റ്, അവയുടെ നടത്തിപ്പുകാരും ലാഭം പറ്റുന്നവരുമായി തരംതാണ വിരോധഭാസത്തിനാണ് 1967-ല്‍ കേരളം സാക്ഷ്യം വഹിച്ചത്. എല്ലാവിധ ചൂഷണങ്ങള്‍ക്കുമെതിരിലുള്ള പോരാട്ടവും മര്‍ദിതരുടെയും പട്ടിണിപ്പാവങ്ങളുടെയും തൊഴിലാളി വര്‍ഗത്തിന്റെയും വിമോചനവും എന്നാണ് കമ്യൂണിസം സ്വയം അവകാശപ്പെടുന്നത്. മുതലാളിത്ത ചൂഷണത്തിന്റെ, തൊഴിലാളി മര്‍ദനത്തിന്റെ, സ്ത്രീ പീഡനത്തിന്റെ, സാമ്പത്തിക അനീതിയുടെ വലിയ ഉപകരണങ്ങളായ മദ്യത്തെയും ലോട്ടറിയെയും അതുകൊണ്ടുതന്നെ മാര്‍ക്സിസ്റ് പാര്‍ട്ടികള്‍ ശക്തമായി എതിര്‍ക്കേണ്ടിയിരുന്നു. എന്നാല്‍ അവയുടെ നടത്തിപ്പുകാരില്‍ ഒന്നാമരായി അന്ന് സി.പി.എം. എല്ലാവിധ തിന്മകള്‍ക്കും ചൂഷണ മര്‍ദനങ്ങള്‍ക്കുമെതിരെ പിന്‍മടക്കമില്ലാത്ത സമരം പ്രഖ്യാപിച്ച ദൈവിക ദര്‍ശനമാണ് ഇസ്ലാം. മദ്യവും ചൂതാട്ടവും ഇസ്ലാമിന്റെ കണ്ണില്‍ കൊടിയ തിന്മകളും വന്‍പാപങ്ങളുമാണ്. പ്രവാചകന്മാരുടെ സുദീര്‍ഘമായ പോരാട്ടങ്ങള്‍ അവക്കെതിരെ നടന്നുവെന്ന് ഖുര്‍ആന്‍ പറയുന്നു. മാത്രമല്ല, വിശുദ്ധ ഖുര്‍ആന്‍ മദ്യത്തിനും ചൂതാട്ടത്തിനുമെതിരെ നടത്തിയിട്ടുള്ള വിധി പ്രസ്താവങ്ങള്‍ ഖണ്ഡിതവുമാണ്. പ്രവാചക ശ്രേഷ്ഠന്മാരുടെ പാരമ്പര്യം അവകാശപ്പെടുന്ന, ആത്മീയ നേതാക്കന്മാര്‍ നയിക്കുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. ഇസ്ലാം തങ്ങളുടെ ആദര്‍ശമാണെന്ന് 'മുസ്ലിം' ലീഗിന്റെ പേര് സൂചിപ്പിക്കുന്നു. അതുകൊണ്ട് ന്യായമായും മദ്യ-ലോട്ടറി വിരുദ്ധ സമരത്തിന്റെ മുന്‍നിരയില്‍ മുസ്ലിം ലീഗ് ഉണ്ടാകേണ്ടിയിരുന്നു. പക്ഷേ, ദൌര്‍ഭാഗ്യവശാല്‍ അവ നടപ്പിലാക്കാന്‍ നേതൃത്വം കൊടുത്ത ഗവണ്‍മെന്റില്‍ മുസ്ലിം ലീഗുമുണ്ടായിരുന്നു. സാമ്പത്തിക നീതിയും സാമൂഹിക സമത്വവും സുരക്ഷയുമൊക്കെയാണ് 'സോഷ്യലിസ'ത്തിന്റെ പ്രധാന മുദ്രാവാക്യങ്ങള്‍. ഇവക്ക് കനത്ത ഭീഷണിയായ മദ്യത്തിനും ചൂതാട്ടത്തിനുമെതിരെ പ്രവര്‍ത്തിക്കേണ്ട 'സോഷ്യലിസ്റ് പാര്‍ട്ടി'യും പക്ഷേ, അതിന്റെ നടത്തിപ്പുകാരായി മുന്നില്‍ നില്‍ക്കുകയായിരുന്നു. അങ്ങനെ സി.പി.എമ്മും മുസ്ലിം ലീഗും സോഷ്യലിസ്റ് പാര്‍ട്ടിയും ഉള്‍പ്പെട്ട ഗവണ്‍മെന്റാണ്, ഇന്ന് കേരളം നേരിടുന്ന രണ്ട് വന്‍ ദുരന്തങ്ങളായ മദ്യത്തിന്റെയും ലോട്ടറിയുടെയും വാതിലുകള്‍ 1967-ല്‍ തുറന്നിട്ടത്.

'സപ്ത കക്ഷി'കളുടെ സമ്മാനം
സപ്ത കക്ഷി മുന്നണിയാണ് 1967-ല്‍ കേരളം ഭരിച്ചത്. സി.പി.എം നേതാവ് ഇ.എം.എസ് നമ്പൂതിരിപ്പാടായിരുന്നു മുഖ്യമന്ത്രി. 133 അംഗങ്ങളുള്ളതായിരുന്നു അന്നത്തെ കേരള നിയമസഭ. സി.പി.എം, സി.പി.ഐ, മുസ്ലിം ലീഗ്, ആര്‍.എസ്.പി, കെ.ടി.പി, എസ്.എസ്.പി, കെ.എസ്.പി എന്നീ പാര്‍ട്ടികളായിരുന്നു സപ്ത കക്ഷി മുന്നണിയിലെ അംഗങ്ങള്‍. സി.പി.എമ്മിന് നാലും സി.പി.ഐ, മുസ്ലിം ലീഗ്, എസ്.എസ്.പി എന്നിവര്‍ക്ക് രണ്ടു വീതവും ബാക്കിയുള്ളവര്‍ക്ക് ഓരോ മന്ത്രിമാരുമാണ് ഉണ്ടായിരുന്നത്. ഇ.കെ ഇമ്പിച്ചി ബാവ, കെ.ആര്‍ ഗൌരിയമ്മ, എം.കെ കൃഷ്ണന്‍, എം.എന്‍ ഗോവിന്ദന്‍ നായര്‍, ടി.വി തോമസ്, സി.എച്ച് മുഹമ്മദ് കോയ, എം.പി.എം അഹ്മദ് ഗുരുക്കള്‍, പി.കെ കുഞ്ഞ്, പി.ആര്‍ കുറുപ്പ്, മത്തായി മാഞ്ഞൂരാന്‍, ബി. വെല്ലിംഗ്ട്ടന്‍ എന്നിവരായിരുന്നു മന്ത്രിമാര്‍.
എസ്.എസ്.പിക്കാരനും കായംകുളം നിയോജകമണ്ഡലം എം.എല്‍.എല്ലുമായ പി.കെ കുഞ്ഞു സാഹിബായിരുന്നു ധനകാര്യമന്ത്രി. 'നികുതിയേതര വരുമാന മാര്‍ഗ'ത്തിലൂടെ ഗവണ്‍മെന്റ് ഖജനാവിലേക്ക് എങ്ങനെ പണമുണ്ടാക്കാം എന്നതായിരുന്നു പി.കെ കുഞ്ഞു സാഹിബിന്റെ ചിന്ത. സാധാരണക്കാരന്റെ തലയില്‍ നികുതി ഭാരം കെട്ടി വെക്കാതെ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം എങ്ങനെ കണ്ടെത്താമെന്ന ആലോചനയില്‍നിന്നാണ് ഗവണ്‍മെന്റിന് ഔദ്യോഗികമായി ലോട്ടറി ആരംഭിക്കാമെന്ന കാഴ്ചപ്പാടില്‍ അദ്ദേഹം എത്തിയത്. ലോട്ടറി മാത്രമല്ല, ചിട്ടി ഫണ്ടും അദ്ദേഹം ആരംഭിച്ചു. കാസിനോകളും കുതിര പന്തയവും ഇവ്വിധത്തില്‍ അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതികളായിരുന്നു. അങ്ങനെ നികുതിയേതര വരുമാന മാര്‍ഗം ആവിഷ്കരിച്ചു നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ മന്ത്രിയായി കുഞ്ഞു സാഹിബ്.
മന്ത്രി സഭയുടെയും പ്ളാനിംഗ് കമീഷന്റെയും പിന്തുണയും അന്നത്തെ ഗവര്‍ണര്‍ ബഗവാന്‍ സാഹിയിയുടെ അനുമതിയും ലഭിച്ചതോടെ 'സര്‍ക്കാര്‍ ലോട്ടറി' യാഥാര്‍ഥ്യമായി. പല ഭാഗങ്ങളില്‍നിന്നും ഉയര്‍ന്നുവന്ന എതിര്‍പ്പുകള്‍ വകവെക്കാതെയായിരുന്നു ലോട്ടറി തുടങ്ങാനുള്ള തീരുമാനം ഗവണ്‍മെന്റ് പ്രഖ്യാപിച്ചത്. ബജറ്റില്‍ അതുസംബന്ധിച്ച് രേഖപ്പെടുത്തിയതിങ്ങനെ: "നികുതിഭാരം കൊണ്ട് ജനങ്ങളെ വീര്‍പ്പുമുട്ടിക്കാതെ സ്റേറ്റിന് പണമുണ്ടാക്കാന്‍ കഴിയുന്ന ഒന്നാണ് ഭാഗ്യക്കുറി. മെക്സിക്കോ, ആസ്ട്രേലിയ,വിയറ്റ്നാം, സിലോണ്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഭാഗ്യക്കുറികള്‍ ഇന്ന് സര്‍വസാധാരണമാണ്. അവിടെത്തന്നെ പല സംഘടനകളും സ്ഥാപനങ്ങളും ഭാഗ്യക്കുറി നടത്തി വിജയകരമാണെന്ന് തെളിയിച്ച കാര്യം ബഹുമാനപ്പെട്ട മെമ്പര്‍മാര്‍ക്ക് അറിവുള്ളതാണല്ലോ. ഗവണ്‍മെന്റ് ആഭിമുഖ്യത്തില്‍ ഭരണഘടനക്ക് വിധേയമായി, ഭാഗ്യക്കുറി നടത്താന്‍ സാധ്യതയുണ്ടെന്ന് കാണുകയുണ്ടായി. സ്റേറ്റ് ഭാഗ്യക്കുറിയില്‍നിന്ന് കിട്ടുന്ന ആദായം വിദ്യാലയങ്ങള്‍ പണിയുക, സാമൂഹിക സംഘടനകള്‍ക്ക് ഗ്രാന്റ് നല്‍കുക, ആതുര ശുശ്രൂഷ തുടങ്ങിയ നല്ല കാര്യങ്ങള്‍ക്ക് വിനിയോഗിക്കാനാണ് ഉദ്ദേശ്യം. ഈ ഇനത്തില്‍ പ്രതിവര്‍ഷം 70 ലക്ഷത്തിനും 80 ലക്ഷത്തിനും മധ്യേ രൂപ കിട്ടുമെന്നാണ് പ്രതീക്ഷ'' (ഉദ്ധരണം: കുഞ്ഞു സാഹിബ്- ജീവചരിത്രം, നാഷ്നല്‍ ബുക്സ്റാള്‍ കോട്ടം, 1975, പേജ് 235).
ചില രാജ്യങ്ങളില്‍ ഗവണ്‍മെന്റുകള്‍ തന്നെ നടപ്പിലാക്കുന്ന 'ലോട്ടറി'കളെയാണ് കേരള ഗവണ്‍മെന്റും മാതൃകയാക്കിയത്. കായംകുളം എം.എസ്.എം കോളേജിന്റെ ധനശേഖരണാര്‍ഥം ലോട്ടറി നടത്തിയ അനുഭവം പി.കെ കുഞ്ഞു സാഹിബിനു തന്നെ ഉണ്ടായിരുന്നു താനും. കേരളത്തിലാകട്ടെ സ്വകാര്യമേഖലയില്‍ ചില സ്ഥാപനങ്ങള്‍ ചെറിയ രീതിയില്‍ ഭാഗ്യക്കുറികള്‍ നടത്തുകയും ചെയ്തിരുന്നു. ചിട്ടിയും കുറിയും പോലുള്ള പണ സമാഹാരണ മാര്‍ഗങ്ങള്‍ മുമ്പുതന്നെ ഉണ്ടായിരുന്നെങ്കിലും, ഔദ്യോഗിക അംഗീകാരത്തോടെ മലയാളക്കരയില്‍ ആദ്യമായി ലോട്ടറി നടത്തിയത് മലയാള മനോരമയുടെ സ്ഥാപകന്‍ കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയാണ്. കോട്ടയത്തെ എം.ഡി സെമിനാരീ സ്കൂളിന്റെ ധനശേഖരണാര്‍ഥം 1893-ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ അനുമതിയോടെയായിരുന്നു അത്. കേരള കലാമണ്ഡലത്തിന് പണം സ്വരൂപിക്കാന്‍ മഹാ കവി വള്ളത്തോളും ഭാഗ്യക്കുറി നടത്തിയിരുന്നുവത്രെ. കോട്ടയം പബ്ളിക് ലൈബ്രറിക്ക് പണം കണ്ടെത്താനായി ഡി.സി കിഴക്കെ മുറിയും ലോട്ടറി നടത്തിയിരുന്നു. ഒന്നാം സമ്മാനമായി പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയെക്കുറിച്ച് ജനങ്ങളെ മോഹിപ്പിക്കാനായി പത്ര പരസ്യത്തില്‍ പറഞ്ഞതിങ്ങനെ: "സമ്മാനത്തുകയായ ഒരു ലക്ഷം രൂപ, നോട്ടുകളാക്കി എം.സി റോഡില്‍ ഒറ്റ വരിയില്‍ നിരത്തിയാല്‍ കോട്ടയത്തുനിന്ന് തിരുവനന്തപുരം വരെ നീളും.''
കേരളാ ഗവണ്‍മെന്റു തന്നെ ഔദ്യോഗികമായി ലോട്ടറി തുടങ്ങിയതോടെ മറ്റു സംസ്ഥാനങ്ങളും ആ വഴിക്കുള്ള നീക്കങ്ങള്‍ ആരംഭിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി 'കണ്ണീരില്ലാത്ത നികുതി' എന്നാണ് അനുകൂലിക്കുന്നവര്‍ ലോട്ടറിക്ക് നല്‍കിയ വിശേഷണം. വികസന പ്രവര്‍ത്തനങ്ങള്‍ക്കും ദാരിദ്യ്ര നിര്‍മാര്‍ജനത്തിനും മാത്രമേ ലോട്ടറി വരുമാനം ഉപയോഗിക്കൂ എന്നാണ് ആദ്യം കേരള ഗവണ്‍മെന്റ് പറഞ്ഞത്. അതുകൊണ്ടുതന്നെ മറ്റു വരുമാനങ്ങളോടൊപ്പം ലോട്ടറിയില്‍നിന്നുള്ള ലാഭം പൊതുഖജനാവില്‍ ലയിപ്പിക്കില്ല എന്നായിരുന്നു തീരുമാനം. ഇതൊരു പ്രത്യേക ഫണ്ടായി ജനക്ഷേമ പദ്ധതികള്‍ക്ക് വിനിയോഗിക്കും എന്ന് വെച്ചു. ലോട്ടറിയോട് എതിര്‍പ്പുള്ള ചിലരെങ്കിലും നിശ്ശബ്ദരായത് ഈ വശം പരിണഗിച്ചുകൊണ്ടായിരുന്നു. എന്നാല്‍, ഗവണ്‍മെന്റിലെ മറ്റു വകുപ്പുകളും മന്ത്രിമാരും ലോട്ടറി വരുമാനം പൊതുഖജനാവില്‍ ലയിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ അസ്വസ്ഥരായി. അങ്ങനെ പ്രസ്തുത തീരുമാനം മാറ്റുകയുമാണുണ്ടായത്. ലോട്ടറി ആരംഭിക്കാന്‍ കാരണമായി പറഞ്ഞ ദാരിദ്യ്രനിര്‍മാര്‍ജനത്തിനും ജനക്ഷേമകരമായ സേവന പദ്ധതികളുടെ നടത്തിപ്പിനും ലോട്ടറിയില്‍ നിന്നുള്ള വരുമാനം ഉപയോഗിക്കുകയെന്ന ചിന്ത തന്നെ പിന്നീട് ഇല്ലാതായി. മാത്രമല്ല അഴിമതി, വഞ്ചന, ചൂഷണം തുടങ്ങി സകലവിധ സാമ്പത്തിക തട്ടിപ്പുകളുടെയും കള്ളത്തരങ്ങളുടെയും വിളനിലമായി ലോട്ടറി രംഗം മാറി. ഗവണ്‍മെന്റിനെ ഭരിക്കുന്ന മാഫിയകള്‍ രംഗം കീഴടക്കി; ലോട്ടറിയിലും മദ്യത്തിലും. അതിന്റെ ഉഗ്ര രൂപങ്ങളുടെ താണ്ഡവമാണ് ഇന്ന് നാം കാണുന്നത്.
ഇന്നത്തെ മദ്യ-ലോട്ടറി ദുരന്തങ്ങളുടെ വേരുകള്‍ കിടക്കുന്നത് 1967-ലെ സപ്ത കക്ഷി മുന്നണിയുടെ ഭരണ നയങ്ങളിലാണ്. ഈ രണ്ട് ചൂഷണ മാര്‍ഗങ്ങളെയും എതിര്‍ക്കേണ്ടവരായിരുന്നു മുന്നണിക്ക് നേതൃത്വം നല്‍കിയിരുന്ന സി.പി.എം. എന്നാല്‍ ഭൌതികവാദികളായ മാര്‍ക്സിസ്റു-കമ്യൂണിസ്റ് പാര്‍ട്ടികള്‍ ഭൌതിക നേട്ടങ്ങള്‍ക്കും സ്ഥാപിത താല്‍പര്യങ്ങള്‍ക്കും വേണ്ടി സ്വന്തം പ്രത്യയശാസ്ത്രത്തെയും മുദ്രാവാക്യങ്ങളെയും മാറ്റിവെക്കുന്നതും വര്‍ഗ ശത്രുവിന്റെ ഉപകരണങ്ങള്‍ സ്വയം പ്രയോഗിക്കുന്നതും 'വൈരുധ്യാധിഷ്ഠിത ഭൌതികവാദമായി' നമുക്ക് വിലയിരുത്താം. പക്ഷേ, മുസ്ലിം ലീഗിന്റെ അവസ്ഥയോ?

മുസ്ലിം ലീഗും ലോട്ടറിയും
മദ്യത്തിനും ചൂതാട്ടത്തിനുമെതിരെ പോരാടാന്‍ ആദര്‍ശപരമായി ബാധ്യതയുള്ള മുസ്ലിം ലീഗ്, 1967-ല്‍ കേരളത്തില്‍ ആ രണ്ട് കൊടിയ തിന്മകളും നടപ്പിലാക്കുന്നതില്‍ പങ്കാളിത്തം വഹിക്കുകയാണ് ചെയ്തത്. ലീഗ് ഭരണ മുന്നണിയിലെ പ്രബല ഘടക കക്ഷിയായിരിക്കെ, സി.എച്ച് മുഹമ്മദ് കോയ സാഹിബ്, എം.പി.എം അഹ്മദ് കുരിക്കള്‍ എന്നീ രണ്ട് പ്രമുഖ മന്ത്രിമാര്‍ മുസ്ലിം ലീഗിന് ഉണ്ടായിരിക്കെയാണ് മദ്യനിരോധം എടുത്ത് കളഞ്ഞതും ലോട്ടറിയെന്ന ചൂതാട്ടം ആരംഭിച്ചതും. മദ്യനിരോധം എടുത്തു കളയുന്നതിലുള്ള വിയോജിപ്പ് മന്ത്രിസഭാ യോഗത്തിന്റെ മിനുട്ട്സില്‍ ലീഗ് മന്ത്രിമാര്‍ രേഖപ്പെടുത്തിയതായി പറയുന്നു. എന്നാല്‍, ലോട്ടറി നടപ്പിലാക്കാനുള്ള തീരുമാനത്തെ അനുകൂലിക്കുകയാണ് മുസ്ലിം ലീഗ് ചെയ്തത്.
ആദര്‍ശ പ്രതിബദ്ധതയെയും സമൂഹ ക്ഷേമ താല്‍പര്യത്തെയും അധികാര മോഹങ്ങള്‍ക്കും സ്ഥാപിത താല്‍പര്യങ്ങള്‍ക്കും വേണ്ടി കൈയൊഴിയുകയാണ് ചരിത്രത്തില്‍ പലപ്പോഴും മുസ്ലിം ലീഗ് ചെയ്തിട്ടുള്ളത്. വിശ്വസിക്കുന്ന ആദര്‍ശത്തോടും പ്രതിനിധാനം ചെയ്യുന്ന സമുദായത്തോടും കൂറും പ്രതിബദ്ധതയും പുലര്‍ത്താനും ആര്‍ജവമുള്ള നയനിലപാടുകള്‍ കൈക്കൊള്ളാനും മുസ്ലിം ലീഗിന് പല നിര്‍ണായക സന്ദര്‍ഭങ്ങളിലും സാധിച്ചിട്ടില്ല. അധികാരം തന്നെയായിരുന്നു മുസ്ലിം ലീഗിന് പ്രധാനം. അതിന്റെ മികച്ച ഉദാഹരണമാണ് 1967-ലെ സപ്ത കക്ഷി മന്ത്രിസഭയില്‍ മാര്‍ക്സിസ്റ് പാര്‍ട്ടികളോടൊപ്പമുള്ള പങ്കാളിത്തവും മദ്യം-ലോട്ടറി വിഷയത്തിലുള്ള കാപട്യവും.
നിലവിലുണ്ടായിരുന്ന മദ്യനിരോധം 1967-ലാണ് ഗവണ്‍മെന്റ് പിന്‍വലിച്ചത്. രാജ്യമെമ്പാടും സമ്പൂര്‍ണ മദ്യനിരോധനത്തിനുള്ള മുറവിളി നടന്നുകൊണ്ടിരിക്കെയായിരുന്നു കേരളത്തിലെ നിരോധം അവസാനിപ്പിക്കാനുള്ള തീരുമാനം. ഗവണ്‍മെന്റ് ഖജനാവിലേക്ക് ലഭിക്കുന്ന റവന്യൂ വരുമാനമായിരുന്നു പ്രധാന കാരണമായി പറഞ്ഞത്. നിരോധം ഫലപ്രദമായി നടപ്പിലാക്കാനുള്ള പ്രയാസവും ചൂണ്ടിക്കാണിക്കപ്പെട്ട മറ്റൊരു കാരണമായിരുന്നു.
നിരോധം നീക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചപ്പോള്‍, മിനുട്ട്സില്‍ ലീഗ് എതിരഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഇ.എം.എസ് പറയുകയുണ്ടായി. എന്നാല്‍ മുസ്ലിം ലീഗ് ലാഘവത്തോടെയാണ് വിഷയം കൈകാര്യം ചെയ്തത്. ഏതാനും വരികളില്‍ കുറിച്ച വിയോജിപ്പും ചില ലീഗ് നേതാക്കളുടെ ദുര്‍ബലമായ മദ്യ വിരുദ്ധ പ്രസ്താവനകളും സുപ്രധാനമായ ഒരു വിഷയത്തില്‍ അവരുടെ നിലപാടില്ലായ്മയെ അടയാളപ്പെടുത്തുന്നതായിരുന്നു. മുന്നണി ഭരണത്തില്‍ ഘടകകക്ഷികള്‍ക്കെല്ലാം കൂട്ടുത്തരവാദിത്വമാണുള്ളതെന്നിരിക്കെ മദ്യനിരോധം പിന്‍വലിച്ചതിന്റെ പാപഭാരത്തില്‍നിന്ന് മുസ്ലിം ലീഗിന് മാറി നില്‍ക്കാനാകുമോ? മുസ്ലിം ലീഗ് മദ്യത്തിനും ലോട്ടറിക്കുമെതിരെ അന്ന് ആര്‍ജവമുള്ള നിലപാടെടുത്തിരുന്നുവെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നു. കാരണം, സപ്ത കക്ഷി മുന്നണിയുടെ പൊതു അജണ്ട എല്ലാ ഘടകകക്ഷികള്‍ക്കും പൊതുവെ യോജിപ്പുള്ള വിഷയങ്ങളേ ഗവണ്‍മെന്റ് നടപ്പിലാക്കൂ എന്നതായിരുന്നു. ഏതെങ്കിലും ഘടകകക്ഷി ശക്തമായ എതിര്‍ക്കുന്ന ഒരു കാര്യം- മദ്യവും ലോട്ടറിയും പോലുള്ള ഗൌരവപ്പെട്ട വിഷയങ്ങള്‍ പ്രത്യേകിച്ചും- മുന്നണി മന്ത്രിസഭ നടപ്പിലാക്കുകയില്ലായിരുന്നു. സഹോദര കക്ഷികളുടെ മൌലികാദര്‍ശങ്ങള്‍ക്ക് വിരുദ്ധമായതൊന്നും ഘടക കക്ഷികള്‍ നടപ്പിലാക്കാതിരിക്കുക എന്നതാണല്ലോ ജനാധിപത്യ മര്യാദ. മുസ്ലിം ലീഗാകട്ടെ, രണ്ട് മന്ത്രിമാരുള്ള സപ്ത കക്ഷി മുന്നണിയിലെ പ്രബല കക്ഷിയുമായിരുന്നു. പക്ഷേ, മദ്യനിരോധം എടുത്തു കളയുന്ന വിഷയത്തില്‍ പരിഹാസ്യമായ ഒളിച്ചുകളിയാണ് ലീഗ് നടത്തിയത്.
ലോട്ടറി നടപ്പിലാക്കുന്ന വിഷയത്തിലാകട്ടെ, മദ്യത്തിന്റെ കാര്യത്തിലുണ്ടായിരുന്ന ഒളിച്ചുകളി പോലും ലീഗിനുണ്ടായില്ല. ജനങ്ങളെ വേദനിപ്പിക്കാതെ പണം വാങ്ങാനുള്ള എളുപ്പവഴിയാണ് ഭാഗ്യക്കുറിയെന്ന് സി.എച്ച് മുഹമ്മദ് കോയ സാഹിബ് പ്രഖ്യാപിച്ചു. വിശുദ്ധ ഖുര്‍ആന്‍ പൈശാചിക വൃത്തിയെന്നും മാലിന്യമെന്നും അര്‍ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിച്ച ചൂതാട്ടത്തിന്റെ ആധുനിക രൂപമായ ലോട്ടറി ഇസ്ലാമില്‍ അഭിപ്രായ ഭിന്നതയുള്ള വിഷയമാണെന്നും സി.എച്ച് പറഞ്ഞു. അങ്ങനെ ലീഗ് പരസ്യമായി തന്നെ ലോട്ടറിയെ പിന്തുണച്ചു. അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി.കെ ദിവാകരന്‍ മാത്രമാണ് പാവങ്ങളെ പറ്റിക്കുന്ന ഏര്‍പ്പാടെന്ന് പറഞ്ഞ് ലോട്ടറിയെ എതിര്‍ത്തത്. ഇപ്പോള്‍ മദ്യവും ലോട്ടറിയും ദുരന്തവും വിവാദമാകുമ്പോള്‍ ഈ ചരിത്രങ്ങളൊന്നും നാം മറക്കാന്‍ പാടില്ല. അതുകൊണ്ടുതന്നെ ഇന്ന് കേരളമനുഭവിക്കുന്ന മദ്യത്തിന്റെ അറ്റമില്ലാത്ത അപകടങ്ങള്‍ക്കും ലോട്ടറി മാഫിയയുടെ തീവെട്ടിക്കൊള്ളക്കും മാര്‍ക്സിസ്റ് പാര്‍ട്ടികളും മുസ്ലിം ലീഗും ഒരുപോലെ ഉത്തരവാദികളാണ്. രണ്ടു വിഷയങ്ങളിലും കാലാകാലങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിച്ച ജനവിരുദ്ധ നയങ്ങളാകട്ടെ വേറെത്തന്നെ വിസ്തരിച്ച് വിശകലനം ചെയ്യേണ്ടതാണ്.

ചരിത്രവും ദുരന്തങ്ങളും
സ്റേറ്റ് അടിസ്ഥാനത്തില്‍ ലോട്ടറികള്‍ നടത്താന്‍ തുടങ്ങിയത് പതിനഞ്ചാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ രാജ്യങ്ങളിലായിരുന്നെങ്കിലും ചൂതാട്ടത്തിന്റെ വിവിധ രീതികള്‍ അതിനും എത്രയോ മുമ്പുതന്നെ പല രാജ്യങ്ങളിലും സമൂഹങ്ങളിലും വ്യത്യസ്ത രൂപങ്ങളില്‍ നിലവിലുണ്ടായിരുന്നു. 'ദ്യൂതം' എന്നറിയപ്പെടുന്ന ചൂതുകളി ഭാരതത്തില്‍ നിലവിലുണ്ടായിരുന്ന വിനോദമായിരുന്നു. നളമഹാരാജാവും യുധിഷ്ഠിര ചക്രവര്‍ത്തിയും ചൂതാട്ടത്തിന്റെ ദുരന്ത കഥാപാത്രങ്ങളാണ്. ചന്ദ്രഗുപ്തന്റെ ഭരണകാലത്ത് (132-926 ബി.സി) ഭരണകൂടത്തിന്റെ ചുമതലയില്‍ 'ചൂതാട്ട വകുപ്പ്' പ്രവര്‍ത്തിച്ചിരുന്നുവത്രെ. ഗുരുതരമായ സാമൂഹിക-സാമ്പത്തിക ദൂഷ്യങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് കണ്ടെത്തിയതിനാല്‍ ചന്ദ്രഗുപ്തന്‍ തന്നെ ചൂതാട്ടം നിര്‍ത്തുകയായിരുന്നുവെന്ന് ചരിത്രം പറയുന്നു. ചൂതാട്ടത്തെ കുറ്റകൃത്യമായി പ്രഖ്യാപിച്ച അദ്ദേഹം, അതിലേര്‍പ്പെടുന്നവര്‍ക്ക് ശിക്ഷയും നല്‍കിയിരുന്നു. ഈജിപ്ത്, ഗ്രീക്ക്, റോം എന്നീ രാജ്യങ്ങളിലും ചൂതാട്ടത്തിന് കടുത്ത ശിക്ഷ നല്‍കിയിരുന്നു.
പില്‍ക്കാലത്ത് പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗമായാണ് ചൂതാട്ടത്തിന്റെ ആധുനിക രൂപമായ ലോട്ടറി നിയമവിധേയമാര്‍ഗങ്ങളിലൂടെ പ്രചാരം നേടിത്തുടങ്ങിയത്. സ്റേറ്റിന് വേണ്ടി ആദ്യമായി ലോട്ടറി ആരംഭിച്ചത് ഫ്ളോറിന്‍സിലാണെന്ന് 'എന്‍സൈക്ളോപീഡിയ ഓഫ് സോഷ്യല്‍ സയന്‍സ്' പറയുന്നു. തുടര്‍ന്ന് ഇറ്റലി, ഹോളണ്ട്, ഫ്രാന്‍സ്, സ്പെയിന്‍, ജര്‍മനി, ആസ്ട്രിയ മുതലായ രാജ്യങ്ങളില്‍ ലോട്ടറി വളരെ വേഗം പ്രചരിച്ചു. എലിസബത്ത് രാജ്ഞി ഇംഗ്ളണ്ടില്‍ 1569-ല്‍ സ്റേറ്റ് ലോട്ടറി ആരംഭിച്ചു. 1826വരെ ഇംഗ്ളണ്ടിലെ ഗവണ്‍മെന്റ് അതിനെ വരുമാന മാര്‍ഗമായി അംഗീകരിച്ചു. പക്ഷേ, ലോട്ടറിയുടെ ദൂഷ്യങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങുകയും സമൂഹത്തില്‍ സാമ്പത്തികവും ധാര്‍മികവുമായ അപചയങ്ങള്‍ക്ക് അത് കാരണമാവുകയും ചെയ്തതോടെ പല രാജ്യങ്ങളും ലോട്ടറി നിരോധിക്കുകയാണ് ചെയ്തത്. ലോട്ടറികള്‍ക്കെതിരെ പല സ്ഥലങ്ങളിലും ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. ഫ്രഞ്ച് വിപ്ളവാനന്തരം മിതവാദികള്‍ ലോട്ടറിക്കെതിരെ രംഗത്തുവന്നു. ഏറ്റവും ലജ്ജാവഹമായ വരുമാന മാര്‍ഗം എന്നാണ് അവര്‍ ലോട്ടറിയെ വിശേഷിപ്പിച്ചത്. ഇതേ തുടര്‍ന്ന് 1836-ല്‍ ഫ്രാന്‍സും 1826-ല്‍ ബ്രിട്ടനും 1833-ല്‍ ന്യൂയോര്‍ക്കും ലോട്ടറികള്‍ നിര്‍ത്തലാക്കി. അമേരിക്കയിലും ജപ്പാനിലും എല്ലാവിധ ഭാഗ്യക്കുറികളും നിരോധിക്കപ്പെട്ടു. 1923 ജൂലൈ 24ന് സോവിയറ്റ് റഷ്യ എല്ലാ തരത്തിലുമുള്ള ലോട്ടറികള്‍ക്കും നിരോധം ഏര്‍പ്പെടുത്തി. ഓരോ രാജ്യത്തും ലോട്ടറിയുണ്ടാക്കിയ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളാണ് അതത് സ്റേറ്റ് ഗവണ്‍മെന്റുകളെ ലോട്ടറി നിരോധത്തിന് പ്രേരിപ്പിച്ചത്.
പോര്‍ച്ചുഗീസുകാര്‍ ഗോവയില്‍ ഭാഗ്യക്കുറി നടപ്പിലാക്കിയതോടെയായിരുന്നു ഈ ചൂഷണ മാര്‍ഗം ഇന്ത്യയിലെത്തിയത്. സ്വാതന്ത്യ്രാനന്തരം പോര്‍ച്ചുഗീസ് മാതൃക നമ്മുടെ സംസ്ഥാന ഗവണ്‍മെന്റുകള്‍ പിന്തുടരുകയാണുണ്ടായത്. എന്നാല്‍, ഇന്ത്യയില്‍ കേരളത്തെ പിന്തുടര്‍ന്ന് പല സംസ്ഥാനങ്ങളും സര്‍ക്കാര്‍ തലത്തില്‍ ലോട്ടറികള്‍ ആരംഭിക്കുകയാണ് ചെയ്തത്. മഹാരാഷ്ട്ര, ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളാണ് കേരളത്തിന് പുറമെ ലോട്ടറി ചൂതാട്ടം തുടങ്ങിയത്.
ഏതാനും വര്‍ഷങ്ങള്‍ക്കകം സര്‍ക്കാര്‍ ലോട്ടറികള്‍ക്ക് പുറമെ സ്വകാര്യ കമ്പനികളും ദേശവ്യാപകമായി പലതരത്തിലുള്ള ലോട്ടറികള്‍ ആരംഭിച്ചു. യാതൊരുവിധ കണക്കും കൃത്യതയുമില്ലാത്ത, നറുക്കെടുപ്പും സമ്മാനങ്ങളും മാത്രമല്ല, നടത്തിപ്പുക്കാര്‍ക്ക് ശരിയായ മേല്‍വിലാസവും രേഖകളും അംഗീകാരവും പോലുമില്ലാത്ത ലോട്ടറികള്‍ നാടെങ്ങും പെരുകി. അഴിമതിയുടെയും പകല്‍കൊള്ളയുടെയും നിയമലംഘനത്തിന്റെയും വന്‍മാഫിയയായി ലോട്ടറി രാജ്യത്തെ വിഴുങ്ങിയപ്പോള്‍, ജനാധിപത്യ ഭരണകൂടങ്ങളും ഇന്ത്യ ഭരിച്ച എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചൂഷകരായ ലോട്ടറി മാഫിയയുടെ ചുമലില്‍ കൈയിട്ട് നടന്നു. അങ്ങനെ അവര്‍ പോറ്റിവളര്‍ത്തിയ ലോട്ടറി ഭൂതത്തെ സംവാദം കൊണ്ട് കുടത്തിലടക്കാന്‍ ഇടതിനോ വലതിനോ കഴിയില്ല. കാരണം, അച്യുതാനന്ദനും തോമസ് ഐസക്കും പി.കെ ഗുരുദാസനും മന്ത്രിമാരായുള്ള ഇപ്പോഴത്തെ എല്‍.ഡി.എഫ് ഭരണത്തിന് മുമ്പ് യു.ഡി.എഫ് ഭരണത്തില്‍ ആന്റണിയും ഉമ്മന്‍ ചാണ്ടിയും കെ. ശങ്കരനാരായണനും വക്കം പുരുഷോത്തമനും കേരളത്തില്‍ മന്ത്രിമാരായിരുന്നു. അന്ന് ലോട്ടറി മാഫിയയുടെ പക്ഷത്തായിരുന്നുവല്ലോ യു.ഡി.എഫ്. 2004-ലെ ലോട്ടറി വിവാദം അതിന്റെ ഉദാഹരണമാണ്. യു.ഡി.എഫ് കേരളം ഭരിച്ചപ്പോഴും മദ്യ ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നൊന്നും എക്സൈസ് മന്ത്രിമാര്‍ രാജിവെക്കണമെന്ന് യു.ഡി.എഫ് തീരുമാനിച്ചിരുന്നില്ലല്ലോ. എന്നിരിക്കെ ഇപ്പോള്‍ നടത്തുന്ന സംവാദങ്ങളും സമരങ്ങളുമെല്ലാം ഇരുമുന്നണികളും പരസ്പര ധാരണയോടെയുള്ള നാടകങ്ങള്‍ മാത്രമാണ്. ഈ കുളിമുറികളില്‍ തുണിയുടുക്കാന്‍ ഇരു മുന്നണികള്‍ക്കും താല്‍പര്യമില്ലല്ലോ.

.

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly