നിയമപരവും ധാര്‍മികവുമായ ചില സുതാര്യ അടിത്തറകളിലാണ് ഇരുനൂറിലധികം വര്‍ഷം മുമ്പ് ഇന്നത്തെ അമേരിക്കന്‍ ഐക്യനാടുകള്‍ സ്ഥാപിതമായത്. ആ അടിത്തറകളില്‍ ആരാധനാ സ്വാതന്ത്യ്രവും പെടുന്നു. നീതിപീഠങ്ങളോ നിയമനിര്‍വഹണ വിഭാഗങ്ങളോ നിയമനിര്‍മാണ സഭകള്‍ തന്നെയോ പൌരാവകാശങ്ങള്‍ക്ക് നേരെ കടന്നുകയറ്റം നടത്തുകയില്ലെന്ന് ഉറപ്പ് വരുത്താന്‍ അമേരിക്കന്‍ ഭരണഘടന നിഷ്കര്‍ഷിച്ചതായി കാണാം. ഈ പൌരാവകാശങ്ങള്‍ നേരത്തെയുള്ള ഭരണഘടനയില്‍ ഭേദഗതികളായി എഴുതിച്ചേര്‍ക്കുകയാണുണ്ടായത്. രാഷ്ട്രതന്ത്രജ്ഞനും നിയമവിദഗ്ധനുമായ ജോര്‍ജ് മാസന്റെ നേതൃത്വത്തിലായിരുന്നു ഇത്. ആരാധനാ സ്വാതന്ത്യ്രം പരിമിതപ്പെടുത്താനോ ഒരു മതത്തിന് മറ്റു മതങ്ങളേക്കാള്‍ പ്രത്യേക പരിഗണന നല്‍കാനോ അമേരിക്കന്‍ കോണ്‍ഗ്രസിന് അധികാരമില്ലെന്ന നിയമഭേദഗതിയും ഇതില്‍ പെടുന്നു.
അമേരിക്കന്‍ ഐക്യനാടുകളുടെ സ്രഷ്ടാക്കള്‍ ഉറപ്പ് വരുത്തിയ മതബഹുസ്വരതയുടെയും സ്വാതന്ത്യ്രത്തിന്റെയും പരിധിയില്‍നിന്ന് ഇസ്ലാമും പുറത്തായിരുന്നില്ല. എന്നല്ല, അമേരിക്കയുടെ ആദ്യകാല ചരിത്രത്തില്‍ തന്നെ മുസ്ലിംകളുടെയും ആരാധനാ സ്വാതന്ത്യ്രം ഉറപ്പ് വരുത്തുന്ന നിയമങ്ങളും കരാര്‍ പത്രങ്ങളും നമുക്ക് കണ്ടെടുക്കാനാവും. അതില്‍ പ്രധാനമാണ് 1786-ലെ മതസ്വാതന്ത്യ്ര സംസ്ഥാപന വര്‍ജീനിയ ആക്ട് (The Virginia Act for Establishing Religious Freedom), 1797-ല്‍ അമേരിക്കയും ഉസ്മാനി ഭരണത്തിലുള്ള ട്രിപ്പോളിയും ഒപ്പ് വെച്ച ട്രിപ്പോളി കരാര്‍ (The Treaty of Tripoli) എന്നിവ.
ഇതില്‍ വര്‍ജീനിയ ആക്ട് അമേരിക്കയുടെ ചരിത്രത്തിലെ തന്നെ സുപ്രധാനമായ മതസ്വാതന്ത്യ്രം സംരക്ഷിക്കുന്ന ആദ്യത്തെ ഭരണഘടനാ രേഖയാണ്. ഇതിന്റെ കരട് രൂപം നിയമമാക്കുന്നതിന് മുമ്പ് ഉയര്‍ന്നു വന്ന ചില വിവാദങ്ങളെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റായിരുന്ന തോമസ് ജെഫേഴ്സണ്‍ തന്റെ ഓര്‍മക്കുറിപ്പില്‍ പറയുന്നുണ്ട്. കരട് തയാറാക്കിയത് ജെഫേഴ്സണ്‍ തന്നെയായിരുന്നു. വര്‍ജീനിയ പാര്‍ലമെന്റില്‍ നിയമം അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെട്ടപ്പോള്‍ ചില പാര്‍ലമെന്റ് അംഗങ്ങള്‍ ഒരു ഭേദഗതി നിര്‍ദേശിച്ചു: 'നമ്മുടെ മതത്തിന്റെ പരമ പരിശുദ്ധ സ്രഷ്ടാവ് യേശു ക്രിസ്തു' എന്ന് കരട് നിയമത്തിന്റെ തുടക്കത്തില്‍ എഴുതിച്ചേര്‍ക്കണം. പക്ഷേ, ഭൂരിപക്ഷ പാര്‍ലമെന്റ് അംഗങ്ങളും ആ ഭേദഗതിയെ എതിര്‍ത്തു; ന്യായമായ കാരണങ്ങളാല്‍ തന്നെ. മതസ്വാതന്ത്യ്രം ക്രിസ്ത്യാനികള്‍ക്ക് മാത്രമായി ചുരുങ്ങിപ്പോകരുത് എന്നവര്‍ വാദിച്ചു. "ജൂതര്‍ക്കും ജൂതരല്ലാത്തവര്‍ക്കും (gentiles) ക്രിസ്ത്യാനികള്‍ക്കും മുഹമ്മദീയര്‍ക്കും'' എന്ന് വ്യക്തമായി തന്നെ ജെഫേഴ്സണ്‍ നിയമത്തില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്.
എന്നാല്‍ ട്രിപ്പോളി കരാര്‍ മതസ്വാതന്ത്യ്രത്തെക്കുറിച്ചുള്ളതല്ല. നമ്മുടെ കാലത്ത് ഏറെ പ്രസക്തമായ വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തെക്കുറിച്ചാണത്. ട്രിപ്പോളി കരാറിലെ പതിനൊന്നാം ഖണ്ഡിക ഇങ്ങനെയാണ്: "അമേരിക്കന്‍ഐക്യനാടുകള്‍ ക്രൈസ്തവ മതത്തിന്റെ ഏതെങ്കിലും ആശയാടിത്തറയില്‍ സ്ഥാപിതമായതല്ലാത്തതിനാലും, ഏതെങ്കിലും മുസ്ലിം സമൂഹത്തിന്റെ സുരക്ഷക്കോ മതാചാരങ്ങള്‍ക്കോ നിയമങ്ങള്‍ക്കോ അത് എതിരല്ലാത്തതിനാലും ഈ രണ്ട് രാജ്യങ്ങളും തമ്മില്‍ മതത്തിന്റെ പേരില്‍ പ്രശ്നങ്ങളും സംശയങ്ങളും ഉണ്ടാവുകയെന്നത് ഒട്ടും അഭികാമ്യമല്ല''. ട്രിപ്പോളി കരാര്‍ 1797 ജൂണ്‍ 10നാണ് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകരിച്ചത്. മൂന്ന് ദിവസം കഴിഞ്ഞ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ ആദംസ് അതില്‍ ഒപ്പു വെച്ചു. അങ്ങനെ ഭരണഘടനാ സമാനമായ പദവി അതിന് കൈവരികയും ചെയ്തു. ഇവിടെയെല്ലാം അമേരിക്കയുടെ ആദ്യകാല നേതാക്കളുടെ ഉള്‍ക്കാഴ്ചയും ദീര്‍ഘദൃഷ്ടിയുമാണ് നാം കാണുന്നത്. ഇസ്ലാമിനും അവര്‍ അതിന്റേതായ ഇടം നല്‍കി. പ്രസിഡന്റ് ജെഫേഴ്സനെ പ്രത്യേകമായി അനുസ്മരിക്കണം. അദ്ദേഹം ഒരു ഖുര്‍ആന്‍ പരിഭാഷ സ്വന്തമാക്കുകയും അത് വായിക്കാറുമുണ്ടായിരുന്നു. ആ ഖുര്‍ആന്‍ പരിഭാഷ ഇന്നും അദ്ദേഹത്തിന്റെ ലൈബ്രറിയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
അമേരിക്കയുടെ സ്വതന്ത്രാകാശത്ത് മുസ്ലിംകളുടെ അവകാശങ്ങള്‍ വല്ലാതെയൊന്നും അംഗീകരിച്ചുകൊടുക്കേണ്ടതില്ലെന്ന ചില ബഹളം വെക്കലുകള്‍ നാമിന്ന് കേട്ടുക്കൊണ്ടിരിക്കുന്നു. ന്യൂയോര്‍ക്കില്‍ ഒരു ഇസ്ലാമിക് സെന്റര്‍ പണിയുന്നതിനെതിരെ ഉയരുന്ന അപശബ്ദങ്ങള്‍ ഇതില്‍ പെടുന്നതാണ്. ഖുര്‍ആന്‍ കത്തിക്കുമെന്ന ടെറി ജോണ്‍സിന്റെ പ്രസ്താവന പാശ്ചാത്യ തീവ്രവാദത്തിന്റെ ഏറ്റവും ഒടുവിലത്തെ ശബ്ദമായിരുന്നു. ഖുര്‍ആന്‍ നിരപരാധികളെ കൊല്ലാന്‍ പ്രേരണ നല്‍കുന്നു എന്നൊക്കെയാണ് വിവരദോഷിയായ ടെറി ജോണ്‍സ് ധരിച്ചുവെച്ചിരിക്കുന്നത്. ഇത്തരം വിരലിലെണ്ണാവുന്ന വ്യക്തികളില്‍നിന്ന് തീക്ഷ്ണമായ ആക്രമണങ്ങളാണ് ലോകജനസംഖ്യയില്‍ നാലിലൊരു ഭാഗം വരുന്ന ഒരു ജനസമൂഹം നേരിട്ടുകൊണ്ടിരിക്കുന്നത്.
2001 സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തില്‍ നിരവധി മുസ്ലിംകള്‍ക്കും ജീവഹാനി നേരിട്ടിട്ടുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. വേള്‍ഡ് ട്രേഡ് സെന്ററിലോ ആക്രമണത്തിന് ഉപയോഗിച്ച വിമാനത്തിലോ ഉണ്ടായിരുന്ന മറ്റു ഹതഭാഗ്യരെപ്പോലെത്തന്നെയല്ലേ അവരും? കൌണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍ (CAIR) എന്ന ഞങ്ങളുടെ സംഘടന ഈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 34 മുസ്ലിം സ്ത്രീ പുരുഷന്മാരുടെ പേരുകള്‍ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചിരുന്നു.
* * * * *
ഇന്ന് ചില മുസ്ലിംകള്‍ ചോദിക്കുന്നുണ്ട്: വിശുദ്ധ വേദത്തിന്റെ പവിത്രത കളങ്കപ്പെടുത്തുന്ന വിധത്തില്‍, മുസ്ലിംകളുടെ ആത്മാഭിമാനം പിച്ചിച്ചീന്തുന്ന വിധത്തില്‍ വളരെ പ്രകോപനപരമായ പ്രവൃത്തികള്‍ ഉണ്ടാകുമ്പോള്‍ എങ്ങനെയാണ് അവയോട് പ്രതികരിക്കേണ്ടത്? ഇകഴ്ത്തലുകളും പ്രകോപനങ്ങളും ഉണ്ടാകുമ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് വിശുദ്ധ വേദം തന്നെ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അതുതന്നെ ഏറ്റവും നല്ല പ്രതികരണ രീതി. ഖുര്‍ആന്‍ നമ്മോട് പറയുന്നത് തിന്മയെ നന്മ കൊണ്ട് തടുക്കണെന്നാണ്. "ഏറ്റവും നല്ലത് കൊണ്ട് നീ തിന്മയെ തടയുക'' (അല്‍മുഅ്മിനൂന്‍ 96). അഹങ്കാരവും ശത്രുതയും നിറഞ്ഞ ശത്രുവിന്റെ മനസ്സിനെ ഇണക്കിക്കൊണ്ടു വരാനുള്ള കുറുക്ക് വഴിയും അതുതന്നെ. "നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മ കൊണ്ട് തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവര്‍ ആത്മമിത്രത്തെപ്പോലെയായിത്തീരും'' (ഫുസ്സ്വിലത്ത് 34).
പൊറുക്കാനും ക്ഷമിക്കാനും വിവരമില്ലാത്തവരുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനും ഖുര്‍ആന്‍ നമ്മെ ഉപദേശിക്കുന്നു. "നീ വിട്ടുവീഴ്ച കാണിക്കുക. നല്ലത് കല്‍പിക്കുക. അവിവേകികളെ അവഗണിക്കുക'' (അല്‍അഅ്റാഫ് 199). "പാഴ്മൊഴികള്‍ കേട്ടാല്‍ അവര്‍ (വിശ്വാസികള്‍) അതില്‍നിന്ന് വിട്ടകലും. എന്നിട്ട് പറയും: ഞങ്ങളുടെ കര്‍മങ്ങള്‍ ഞങ്ങള്‍ക്ക്; നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങളും. അവിവേകികളുടെ കൂട്ട് ഞങ്ങള്‍ക്ക് വേണ്ട. നിങ്ങള്‍ക്ക് സലാം'' (അല്‍ഖസ്വസ് 55).
ഈയൊരു ഖുര്‍ആനിക സംസ്കാരമാണ് ഉണ്ടായിത്തീരേണ്ടത്. ഇത് കേവലം നിര്‍ദേശമല്ല, ദൈവാജ്ഞയാണ്. അതിനാല്‍ ഇസ്ലാമിന്റെ സന്ദേശം ശിരസ്സാവഹിക്കാന്‍ മുന്നോട്ട് വരുന്നവര്‍ അവിവേകികളെ അവരുടെ പാട്ടിന് വിടുക എന്ന ഖുര്‍ആനിക സംസ്കാരം ആര്‍ജിച്ചേ മതിയാവൂ. ഏത് പിരിമുറുക്കമുള്ള സന്ദര്‍ഭത്തിലും തെറ്റ് ചെയ്തവരോട് പൊറുക്കാന്‍ കഴിയണം. വിശ്വാസി തേടേണ്ടത് പടച്ചവന്റെ തൃപ്തിയാണ്; പടപ്പുകളുടെ തൃപ്തിയല്ല. അപ്പോഴാണ് യഥാര്‍ഥ ശക്തിയും സ്വാതന്ത്യ്രവും ഒരാള്‍ക്ക് കൈവരിക.
നമ്മുടെ ഹൃദയത്തെ മുറിപ്പെടുത്തുന്ന, കാതുകള്‍ക്ക് കേട്ട് നില്‍ക്കാന്‍ കഴിയാത്ത ഇകഴ്ത്തലുകളുടെ വാക്ശരങ്ങള്‍ ചീറിവരുമെന്ന് ഖുര്‍ആന്‍ നമുക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ആ സന്ദര്‍ഭങ്ങളില്‍ നാം രണ്ട് കാര്യങ്ങള്‍ മുറുകെ പിടിക്കണം- ജീവിത സൂക്ഷ്മത(തഖ്വ)യും ക്ഷമയും. "തീര്‍ച്ചയായും നിങ്ങളുടെ സമ്പത്തിലും ശരീരത്തിലും നിങ്ങള്‍ പരീക്ഷണ വിധേയരാകും. നിങ്ങള്‍ക്ക് മുമ്പേ വേദം ലഭിച്ചവരില്‍നിന്നും ബഹുദൈവ വിശ്വാസികളില്‍നിന്നും നിങ്ങള്‍ ധാരാളം ചീത്ത വാക്കുകള്‍ കേള്‍ക്കേണ്ടിവരും. അപ്പോഴൊക്കെ നിങ്ങള്‍ ക്ഷമ പാലിക്കുകയും സൂക്ഷ്മത പുലര്‍ത്തുകയുമാണെങ്കില്‍ തീര്‍ച്ചയായും അത് നിശ്ചയദാര്‍ഢ്യമുള്ള കാര്യം തന്നെ'' (ആലുഇംറാന്‍ 186).
ടെറി ജോണ്‍സിനെപ്പോലുള്ളവരുമായി ഇടപഴകുമ്പോള്‍ നാം പാനം ചെയ്യേണ്ട ഖുര്‍ആനിക ദിവ്യൌഷധമാണിത്. നോക്കൂ, ടെറി ജോണ്‍സിന്റെ വിവരക്കേടിന്റെ ആഴം! അദ്ദേഹം പറയുന്നു, താനൊരു ക്രൈസ്തവ വിശ്വാസിയാണെന്നും യേശു ക്രിസ്തുവിന്റെ പേരില്‍ ഖുര്‍ആന്‍ കത്തിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും. യേശുവിനെക്കുറിച്ച് ഖുര്‍ആന്‍ എന്തു പറഞ്ഞു എന്ന് ഇദ്ദേഹത്തിനുണ്ടോ വല്ല വിവരവും. 'ഇഹപര ലോകങ്ങളില്‍ ഉന്നത സ്ഥാനീയന്‍' എന്നാണ് ഖുര്‍ആന്‍ യേശുവിനെ വിശേഷിപ്പിച്ചത്. "മലക്കുകള്‍ പറഞ്ഞതോര്‍ക്കുക: മര്‍യം, അല്ലാഹു തന്നില്‍നിന്ന് ഒരു വചനത്തെ കുറിച്ച് നിന്നെയിതാ ശുഭവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര് മര്‍യമിന്റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഈ ലോകത്തും പരലോകത്തും ഉന്നത സ്ഥാനീയനും ദിവ്യസാമീപ്യം സിദ്ധിച്ചവനുമായിരിക്കും'' (ആലുഇംറാന്‍ 45). യേശു സൃഷ്ടികള്‍ക്ക് ഒരു ദൃഷ്ടാന്തവും സ്രഷ്ടാവില്‍നിന്നുള്ള കാരുണ്യവുമാകുന്നു. "അദ്ദേഹത്തെ (യേശുവിനെ) ജനങ്ങള്‍ക്കൊരടയാളവും നമ്മില്‍നിന്നുള്ള കാരുണ്യവുമാക്കാന്‍ വേണ്ടി. അത് തീരുമാനിക്കപ്പെട്ട കാര്യമാണ്'' (മര്‍യം 21). പിന്നീട് ജീവിതത്തിലും മരണത്തിലും മരണശേഷവും സമാധാനവര്‍ഷമുണ്ടാവട്ടെ എന്ന് അനുഗ്രഹിക്കുന്നു. "എന്റെ ജനനദിനത്തിലും മരണദിവസത്തിലും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന നാളിലും എനിക്ക് സമാധാനം'' (മര്‍യം 33).
കന്യകയായ മര്‍യമിന്റെ പേരിലും ടെറി ജോണ്‍സ് ഖുര്‍ആന്‍ കത്തിക്കാന്‍ ആഗ്രഹിക്കുന്നു. മര്‍യമിനെപ്പറ്റി ഖുര്‍ആന്‍ എന്ത് പറഞ്ഞു എന്ന് ഇദ്ദേഹം അറിയുന്നില്ല. "ഇംറാന്റെ പുത്രി മര്‍യമിനെയും ഉദാഹരണമായി എടുത്ത് കാണിക്കുന്നു. അവള്‍ തന്റെ ഗുഹ്യ സ്ഥാനം കാത്തുസൂക്ഷിച്ചു....... അവള്‍ തന്റെ നാഥനില്‍നിന്നുള്ള വചനങ്ങളെയും വേദങ്ങളെയും സത്യപ്പെടുത്തി. അവള്‍ ഭക്തരില്‍പെട്ടവളായിരുന്നു'' (അത്തഹ്രീം 12).
അമേരിക്കയിലും മറ്റു രാജ്യങ്ങലിലും ജീവിക്കുന്ന മുസ്ലിം സമൂഹങ്ങളോട് എനിക്ക് പറയാനുള്ളത്, ഈ ഖുര്‍ആനിക അധ്യാപനം ഉള്‍ക്കൊണ്ട് അവര്‍ വിവേക ശൂന്യരുടെ ചെയ്തികള്‍ അവഗണിക്കമെന്നാണ്. തീവ്രവാദികളുടെ പ്രകോപനങ്ങള്‍ക്ക് അവര്‍ തുല്യ നാണയത്തില്‍ മറുപടി പറയാന്‍ നില്‍ക്കരുത്. മുസ്ലിംകള്‍ പെട്ടെന്ന് ഇളകിവശാകുമെന്നും മറ്റുള്ളവരെ ഉപദ്രവിച്ചുകൊണ്ടാണ് അവര്‍ പ്രതികരിക്കുകയെന്നും സ്ഥാപിച്ചെടുക്കാനാണ് ഇത്തരം തീവ്രവാദികളുടെ ഉന്നമെന്ന് അവര്‍ തിരിച്ചറിയണം.
ഇന്ന് അന്താരാഷ്ട്ര രംഗം ഒരു പോരാട്ട വേദിയാണ്. കാമറകള്‍ക്ക് മുമ്പില്‍ അനിയന്ത്രിതമായ വികാരാവേശങ്ങള്‍ പ്രകടിപ്പിച്ച് മുസ്ലിംകള്‍ ഈ യുദ്ധത്തില്‍ തോല്‍ക്കാന്‍ നില്‍ക്കരുത്. അവരെക്കുറിച്ച് ക്രോധത്തിന്റെയും വൈകാരികതയുടെയും ചിത്രങ്ങള്‍ മാത്രമാവും അത് ലോകത്തിന് പകര്‍ന്നു നല്‍കുക. ആള്‍ബലം ഒട്ടുമില്ലാത്ത ടെറി ജോണ്‍സിന്റെ ഈ ചര്‍ച്ച് അമേരിക്കയിലെ ഒരു പ്രബല വിഭാഗത്തെയും പ്രതിനിധീകരിക്കുന്നില്ല എന്നും മനസ്സിലാക്കണം. എല്ലാ മതസ്ഥാപനങ്ങളും അമേരിക്കന്‍ പ്രസിഡന്റ് ഒബാമയും വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിന്റനും ജനറല്‍ ഡേവിഡ് പെട്രാസുമൊക്കെ ഇതിനെ കടുത്ത ഭാഷയില്‍ അപലപിക്കുകയും ചെയ്തിരുന്നു.
തീവ്രമായി പ്രതികരിച്ചതുകൊണ്ടോ മാധ്യമങ്ങളില്‍ ബഹളം വെച്ചതുകൊണ്ടോ ആരും ഒന്നും നേടുന്നില്ല. ഞങ്ങള്‍ അമേരിക്കയില്‍ വെല്ലുവിളിയുടെ ഈ സന്ദര്‍ഭം ഖുര്‍ആന്റെ യഥാര്‍ഥ അധ്യാപനം എന്തെന്ന് അമേരിക്കന്‍ ജനതയെ പഠിപ്പിക്കാനാണ് ഉപയോഗപ്പെടുത്തിയത്. അമേരിക്കന്‍ ജീവിതത്തില്‍ മുസ്ലിംകളുടെ സംഭാവനകളെക്കുറിച്ച് ഞങ്ങള്‍ ടി.വി സ്പോണ്‍സേര്‍ഡ് പരിപാടികള്‍ അവതരിപ്പിച്ചു. വിശുദ്ധ ഖുര്‍ആന്റെ ഒരു മില്യന്‍ കോപ്പികള്‍ വിതരണം ചെയ്ത് വമ്പിച്ച കാമ്പയിന്‍ നടത്തി. ഇതില്‍ ഒരു ലക്ഷം കോപ്പികള്‍ അയച്ചുകൊടുത്തത് നേതാക്കള്‍ക്കും നയരൂപവത്കരണം നടത്തുന്നവര്‍ക്കുമാണ്. നൂറുക്കണക്കിന് ഇസ്ലാമിക് സെന്ററുകള്‍ അമേരിക്കന്‍ പൊതുസമൂഹവുമായി ബന്ധങ്ങള്‍ ദൃഢപ്പെടുത്തുന്നതിന് പരിപാടികള്‍ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നു.
ഇന്ന് അമേരിക്കയിലെ മുസ്ലിം ജനസംഖ്യ മില്യണുകള്‍ വരും. വിദ്യാഭ്യാസത്തിലും തൊഴിലിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ചടുലമായ ഒരു യുവതലമുറയാണത്. പള്ളിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും പണിതും പൊതു സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെട്ടും അവര്‍ക്ക് സേവനം ചെയ്തും ആ സമൂഹം ദിനംപ്രതി വികസ്വരമായിക്കൊണ്ടിരിക്കുന്നു. സ്വാതന്ത്യ്രത്തിന്റെയും അവസരത്തിന്റെയും വളര്‍ച്ചയുടെയും ഈ മണ്ണില്‍ ഇസ്ലാമിക സന്ദേശത്തിന്റെ നിലനില്‍പ് ഉറപ്പുവരുത്തുക ഈ നിലപാട് മാത്രമായിരിക്കുമെന്ന് മുസ്ലിംകള്‍ തിരിച്ചറിയുന്നു.
ടെറി ജോണ്‍സിനെപ്പോലുള്ളവരുടെ പ്രകോപനങ്ങള്‍ ഈ പ്രയാണത്തിന് തടസ്സമായിക്കൂടാ. അത്തരം വിവരദോഷികള്‍ സ്വയം ഇകഴ്ത്തുകയും, മതാദരവിന്റെയും സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും സംസ്കാരം നിലനില്‍ക്കുന്ന സമൂഹത്തില്‍ ഒറ്റപ്പെടുകയാണ് ചെയ്യുന്നത്. പ്രസിഡന്റ് ജെഫേഴ്സണ്‍ തയാറാക്കിയ മതസ്വാതന്ത്യ്രത്തിന്റെ വെര്‍ജീനിയ ആക്ടും പ്രസിഡന്റ് ജോണ്‍ ആദംസ് ഒപ്പുവെച്ച മതസഹിഷ്ണുതയുടെ ട്രിപ്പോളി കരാറുമായിരിക്കും ഒടുവില്‍ അവശേഷിക്കുക, വിജയം വരിക്കുക.
(അമേരിക്കയിലെ മനുഷ്യാവകാശ കൂട്ടായ്മയായ 'കെയറി'ന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ലേഖകന്‍)
.