Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>
മുദ്രകള്‍



തുര്‍ക്കിയിലെ ഹിത പരിശോധനയും രാഷ്ട്രീയ അടിയൊഴുക്കുകളും

 

 

 
 


ത്വയ്യിബ് ഉര്‍ദുഗാന്‍ വിശേഷിപ്പിച്ചത് പോലെ, കഴിഞ്ഞ സെപ്റ്റംബര്‍ പന്ത്രണ്ടിന് തുര്‍ക്കിയില്‍ നടന്ന ഹിതപരിശോധന ആ രാഷ്ട്രത്തിന്റെ ജനാധിപത്യത്തിലേക്കും നിയമവാഴ്ചയിലേക്കുമുള്ള പ്രയാണത്തിലെ ഒരു സുപ്രധാനമായ വഴിത്തിരിവാണ്. 26 ഭരണഘടനാ പരിഷ്കാരങ്ങളാണ് ഉര്‍ദുഗാന്‍ നേതൃത്വം നല്‍കുന്ന ഭരണകക്ഷിയായ എ.കെ പാര്‍ട്ടി മുന്നോട്ട് വെച്ചത്. അത് വേണോ വേണ്ടേ എന്ന കാര്യത്തിലായിരുന്നു റഫറണ്ടം. മുഖ്യമായും രണ്ട് പ്രശ്നങ്ങളാണ് അവര്‍ ഉയര്‍ത്തിക്കാട്ടിയത്. ഒന്ന്, കോടതികളുടെ ഘടന അഴിച്ചുപണിയണം. ഭരണഘടനാ കോടതിയില്‍ നിലവില്‍ 11 അംഗങ്ങളാണുള്ളത്. അത് 17 ആക്കി ഉയര്‍ത്തണം. പരമോന്നത കോടതിയിലെ അംഗങ്ങളുടെയും പബ്ളിക്ക് പ്രോസിക്യൂട്ടര്‍മാരുടെയും എണ്ണം ഏഴില്‍നിന്ന് 22 ആക്കണം. ഇപ്പോള്‍ തെരഞ്ഞെടുക്കുന്ന രീതിയില്ലല്ല ഇവരെയൊന്നും തെരഞ്ഞെടുക്കേണ്ടതും. രണ്ട്, അട്ടിമറിയിലും മറ്റും പങ്കാളികളാവുന്ന സൈനികോദ്യോഗസ്ഥരെ വിചാരണ ചെയ്യേണ്ടത് സൈനിക കോടതിയല്ല, സിവില്‍ കോടതിയാണ്. കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാനാണിത്.
ഹിതപരിശോധനക്ക് തെരഞ്ഞെടുത്ത ദിവസവും ചരിത്ര പ്രാധാന്യമുള്ളതാണ്. 1980-ല്‍ ജനറല്‍ കന്‍ആന്‍ എവറന്‍ നടത്തിയ സൈനിക അട്ടിമറിക്ക് മുപ്പത് വര്‍ഷം പൂര്‍ത്തിയായത് കഴിഞ്ഞ സെപ്റ്റംബര്‍ 12-നാണ്. ഈ അട്ടിമറിയെ തുടര്‍ന്ന് നിരവധി പേര്‍ വധിക്കപ്പെട്ടു. ഒട്ടേറെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിരോധം ഏര്‍പ്പെടുത്തി. തുടര്‍ന്ന് അട്ടിമറി നടത്തിയ സൈനിക നേതൃത്വം തന്നെ ഒരു ഭരണഘടനയും എഴുതിയുണ്ടാക്കി. "സൈന്യത്തെ സംരക്ഷിക്കുന്ന ഭരണഘടന, ഭരണഘടനയെ സംരക്ഷിക്കുന്ന സൈന്യം'' എന്നതാണ് ഇതിന്റെ സ്വഭാവം. ഏത് സംഘടനയെ പരിച്ചുവിടാനും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെ അട്ടിമറിക്കാനും പൊതുജീവിതത്തില്‍ എങ്ങനെയും ഇടപെടാനും സൈന്യത്തിന് അമിതാധികാരം നല്‍കുന്ന ഈ ഭരണഘടന തിരുത്തണമെന്നത് എ.കെ പാര്‍ട്ടി നേരത്തെ ഉയര്‍ത്തിയ ആവശ്യമാണ്.
സൈന്യത്തിന് നല്‍കപ്പെട്ട അമിതാധികാരം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഭീഷണിയാണ്. അതിനാല്‍ ജനഹിത പരിശോധനയില്‍ അവര്‍ എ.കെ പാര്‍ട്ടിക്കൊപ്പം നില്‍ക്കേണ്ടതായിരുന്നു. പക്ഷേ സകല രാഷ്ട്രീയ പാര്‍ട്ടികളും വിരുദ്ധ പക്ഷത്ത് സൈന്യത്തോടൊപ്പമാണ് നിലയുറപ്പിച്ചത്. ഇതിന് ഒറ്റക്കാരണമേയുള്ളൂ. ഹിതപരിശോധനയിലൂടെ രാഷ്ട്രീയ ഫലം കൊയ്യുന്നത് എ.കെ പാര്‍ട്ടിയായിരിക്കും എന്ന ഭീതി. ഹിതപരിശോധനയില്‍ പങ്കെടുക്കുന്ന പകുതി പേരും എ.കെ പാര്‍ട്ടി അജണ്ടയെ എതിര്‍ക്കും എന്നായിരുന്നു സര്‍വേ ഫലങ്ങളെങ്കിലും, 58 ശതമാനം വോട്ട് നേടി ഭരണകക്ഷി തങ്ങളുടെ ജനസമ്മതിക്ക് പോറലേറ്റിട്ടില്ല എന്ന് തെളിയിച്ചിരിക്കുകയാണ്. കുറ്റവാളികളായ സൈനികോദ്യോഗസ്ഥരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ ഈ ഹിതപരിശോധന ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍. യൂറോപ്യന്‍ യൂനിയനിലേക്കുള്ള തുര്‍ക്കിയുടെ പ്രവേശത്തെയും ഇത് ത്വരിതപ്പെടുത്തിയേക്കും. അമേരിക്കയും യൂറോപ്യന്‍ യൂനിയനും ഹിതപരിശോധനാ ഫലത്തെ സ്വാഗതം ചെയ്തത് ശുഭ സൂചനയാണ്. സ്ത്രീകളുടെയും തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും അവകാശങ്ങള്‍ ഉറപ്പ് വരുത്തുന്ന വകുപ്പുകളും ഹിതപരിശോധനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ റിഹേഴ്സലായിട്ടാണ് നിരീക്ഷകര്‍ ഇതിനെ കാണുന്നത്.


ഖുലഫാഉര്‍റാശിദുകളെ ദൃശ്യമാധ്യമങ്ങളില്‍ ചിത്രീകരിക്കാമോ?
അറബ് നാടുകളില്‍ പ്രധാന ടെലിവിഷന്‍ പരമ്പരകള്‍ സംപ്രേഷണം ചെയ്തു തുടങ്ങുക റമദാന്‍ മാസത്തിലാണ്. അവയില്‍ ചിലത് ചില്ലറ വിവാദങ്ങളൊക്കെ ഉണ്ടാക്കുകയും ചെയ്യും. ഈ വര്‍ഷം വിവാദത്തിന് തിരികൊളുത്തിയത് ഖത്തര്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്ത ഖഅ്ഖാഅ്ബ്നു അംറ് അത്തമീമി എന്ന ടെലിവിഷന്‍ പരമ്പരയാണ്. ഇതൊരു ചരിത്രാഖ്യായികയാണ്. ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാനമായ ഒരു മുഹൂര്‍ത്തത്തെയാണിത് ദൃശ്യവത്കരിക്കുന്നത്. 'ഫിത്നയുടെ കാലം' എന്ന പേരില്‍ ചരിത്രത്തില്‍ രേഖപ്പെട്ട് കിടക്കുന്ന പല വിവരണങ്ങളും രാഷ്ട്രീയവും മതപരവുമായ കാരണങ്ങളാല്‍ വളരെയധികം വികലമാക്കപ്പെട്ടവയാണ്. ഇത് തിരുത്തുക എന്ന സോദ്ദേശ്യമാണ്, അറബ് ചാനല്‍ ചരിത്രത്തിലെ തന്നെ മെഗാ പരമ്പരകളിലൊന്നായ ഖഅ്ഖാഇന്ന് പിന്നിലുള്ളത്.
ഖുലഫാഉര്‍റാശിദുകളുടെ ഭരണകാലത്ത് നടന്ന സംഭവങ്ങളാകയാല്‍ സ്വാഭാവികമായും അവരെയും ചിത്രീകരിക്കേണ്ടിവരും. ഈ മെഗാ പരമ്പരയില്‍ അവരെ ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. അതാണ് വിവാദമായത്. ഇത് സ്വഹാബികളുടെ, പ്രത്യേകിച്ച് സച്ചരിതരായ നാല് ഖലീഫമാരുടെ മഹത്വത്തിന് മങ്ങലേല്‍പ്പിക്കും എന്നാണ് വിമര്‍ശകരുടെ വാദം. സഅ്ദ് ബ്നു അബീവഖാസ്, ബിലാല്‍, ഹംസ(റ) തുടങ്ങിയ സ്വഹാബികളെ നേരത്തെതന്നെ സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ടല്ലോ, എങ്കില്‍ ഖുലഫാഉര്‍റാശിദുകളെയും ചിത്രീകരിച്ചുകൂടേ എന്നാണ് മറുവാദം. ചിത്രീകരണം വളരെ സൂക്ഷ്മതയോടെയും നബിശിഷ്യരുടെ മഹത്വത്തിന് ഒട്ടും പോറലേല്‍പിക്കാതെയുമായിരിക്കണം എന്ന കാര്യത്തില്‍ ഇരുകൂട്ടരും യോജിക്കുകയും ചെയ്യുന്നു.
"സ്വഹാബികളെ ചിത്രീകരിക്കരുത് എന്ന് വിലക്കുന്ന പ്രമാണങ്ങളൊന്നുമില്ല. കാലഘട്ടത്തിന്റെ മാധ്യമങ്ങളായ സിനിമയും ടെലിവിഷനും ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നത്ര അളവില്‍ ഉപയോഗിക്കുക തന്നെയാണ് വേണ്ടത്. സ്വഹാബികളുടെ വിശുദ്ധ ജീവിതമാണല്ലോ നാം പരിചയപ്പെടുത്തുന്നത്''- ടെലിവിഷന്‍ പരമ്പരയുടെ സ്ക്രിപ്റ്റ് സൂക്ഷ്മ പരിശോധന നടത്തിയ ലിബിയന്‍ പണ്ഡിതന്‍ ഡോ. സ്വല്ലാബി പറയുന്നു. ഡോ. യൂസുഫുല്‍ ഖറദാവി, മൊറോക്കന്‍ ഗവേഷകനായ അഹ്മദ് റയ്സൂനി, സുഊദി പ്രബോധകന്‍ സല്‍മാന്‍ ഔദഃ, ഇറാഖി പണ്ഡിതന്‍ അക്റം ളിയാഅ് എന്നിവരും സ്ക്രിപ്റ്റ് പരിശോധിച്ച് അംഗീകാരം നല്‍കിയിരുന്നു.
സച്ചരിതരായ ഖലീഫമാരെ ചിത്രീകരിച്ചത് ധീരമായ കാല്‍വെപ്പാണെന്ന് നിര്‍മാതാക്കള്‍ പറയുന്നുണ്ടെങ്കിലും, ഖലീഫമാരായി അഭിനയിച്ചവരുടെ ശരീരം മാത്രമേ കാണിക്കുന്നുള്ളൂ, മുഖം കാണിക്കുന്നില്ല. ഇത് എന്തുകൊണ്ട് എന്ന ചോദ്യത്തിന്, ഇക്കാര്യത്തിലെ പൂര്‍ണത വരുംതലമുറയില്‍നിന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്നായിരുന്നു നിര്‍മാതാക്കളുടെ മറുപടി.

മരണം
ഡോ. ശൌഖീ അബൂ ഖലീല്‍
പ്രശസ്ത ഇസ്ലാമിക ചരിത്ര ഗവേഷകനും ഗ്രന്ഥകാരനും പ്രബോധകനുമായിരുന്ന ഡോ. ശൌഖീ അബൂ ഖലീല്‍ കഴിഞ്ഞ ആഗസ്റ് 24-ന് ദമസ്കസില്‍ അന്തരിച്ചു. മരിക്കുമ്പോള്‍ പ്രായം 69 ആയിരുന്നു.
ജനനം 1941-ല്‍ ഫലസ്ത്വീനിലായിരുന്നുവെങ്കിലും വളര്‍ന്നതും വിദ്യയഭ്യസിച്ചതും മരണം വരെ ജീവിച്ചതും സിറിയയിലായിരുന്നു. മധ്യ പൌരസ്ത്യ ദേശത്തെ പ്രമുഖ പ്രസിദ്ധീകരണാലയമായ ദമസ്കസിലെ 'ദാറുല്‍ ഫിക്റി'ല്‍ പബ്ളിഷിംഗ് ഡയറക്ടറായി ജോലി നോക്കുകയായിരുന്നു അവസാന നാളുകളില്‍. ചരിത്ര ഗവേഷണം, ഖുര്‍ആന്‍- ഹദീസ് അറ്റ്ലസുകള്‍, ഇസ്ലാമിന്റെ കാലിക പ്രസക്തി, ഇസ്ലാം വിമര്‍ശനങ്ങള്‍ക്ക് മറുപടികള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ എഴുപതോളം കൃതികളുടെ കര്‍ത്താവായിരുന്നു. എണ്ണമറ്റ ലഘുലേഖകള്‍ക്കും ബാല സാഹിത്യ കൃതികള്‍ക്കും പുറമെയാണിത്. ചരിത്ര കൃതികളില്‍ 'അനില്‍ മആരിക്കില്‍ കുബ്റാ ഫീ താരീഖില്‍ ഇസ്ലാം' (ഇസ്ലാമിക ചരിത്രത്തിലെ മഹാ യുദ്ധങ്ങള്‍), 'ഗസവാത്തു റസൂല്‍' (പ്രവാചക യുദ്ധങ്ങള്‍) എന്നീ കനപ്പെട്ട പുസ്തകങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാണ്. അത്ലസു ഇന്‍തിശാരില്‍ ഇസ്ലാം- അല്‍ അഖാഇദു തുഅ്റളു വലാ തുഹ്റളു (ഇസ്ലാം പ്ര ചാരണ അറ്റ്ലസ്- ആദര്‍ശങ്ങള്‍ അവതരിപ്പിക്കപ്പെടുന്നു, അടിച്ചേല്‍പിക്കപ്പെടുന്നില്ല) എന്ന കൃതിയുടെ പണി പൂര്‍ത്തിയാക്കിയാണ് അദ്ദേഹം വിടവാങ്ങിയത്. ഈ അവസാന കൃതിയില്‍ ലോകത്തിലെ ഓരോ മുക്കിലും മൂലയിലും ഇസ്ലാം എങ്ങനെ, എപ്പോള്‍ കടന്നു ചെന്നു എന്ന് വിശദീകരിക്കുന്നു.

.

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly