Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>
കത്തുകള്‍



സകാത്തിന്റെ നിസ്വാബ് ഒരു വിയോജനക്കുറിപ്പ്

 

 

 
 

 

'സകാത്തും ക്ഷേമ രാഷ്ട്രവും' എന്ന ശീര്‍ഷകത്തില്‍ അബ്ദുല്‍ ഹകീം നദ്വിയുടെ ലേഖനം (സെപ്റ്റംബര്‍ 4) വായിച്ചു. സകാത്തിന്റെ പ്രാധാന്യവും സാമൂഹികക്ഷേമവും സാമ്പത്തിക അഭിവൃദ്ധിയും മറ്റും സാമാന്യം നല്ല രീതിയില്‍ തന്നെ അദ്ദേഹം വരച്ചുകാണിക്കുന്നുണ്ട്. വേദനയോടെ തന്നെ അനുസ്മരിക്കട്ടെ, അവസാനം അദ്ദേഹം കുടം ഉടച്ചു കളഞ്ഞു.
ലേഖകന്‍ എഴുതുന്നു: "നബി(സ)യുടെ കാലത്ത് വെള്ളി തന്നെയായിരുന്നു സകാത്തിന്റെ അടിസ്ഥാനം.'' അതായത് 200 ദിര്‍ഹം വെള്ളി ഒരാളുടെ എല്ലാവിധ ചെലവും കഴിച്ച് ഒരു വര്‍ഷത്തില്‍ കൈയില്‍ ബാക്കി വന്നാല്‍ അദ്ദേഹം തീര്‍ച്ചയായും സകാത്ത് കൊടുത്തിരിക്കണം. ഇന്ന് ഒരാളുടെ ചെലവുകളെല്ലാം കഴിച്ച് 30,000 രൂപ കൈവശം ഉണ്ടെങ്കില്‍ അദ്ദേഹം സകാത്ത് കൊടുക്കണം. കാരണം നബി(സ) പറഞ്ഞതാണല്ലോ 200 ദിര്‍ഹം വെള്ളി ഉണ്ടെങ്കില്‍ സകാത്ത് കൊടുക്കണം എന്ന്. അതിനപ്പുറത്തേക്ക് 20 ദീനാര്‍ സ്വര്‍ണമോ കുറച്ചു ഒട്ടകമോ മറ്റു വല്ല സാധന സാമഗ്രികളോ നിങ്ങള്‍ക്ക് ഉണ്ടാവമെന്ന നിര്‍ബന്ധമില്ല.
ഇതാണ് യാഥാര്‍ഥ്യമെന്നിരിക്കെ 1,50,000 രൂപ വാര്‍ഷിക വരുമാനത്തിനായി കാത്തിരിക്കുമ്പോള്‍ കോടിക്കണക്കിന് രൂപ ദരിദ്രര്‍ക്ക് സകാത്ത് ഇനത്തില്‍ നഷ്ടപ്പെടുകയാണ്. ഈ പശ്ചാത്തലത്തില്‍ മുത്തഖിയായ ഒരാള്‍ തെരഞ്ഞെടുക്കുന്നത് വെള്ളിയുടെ നിസ്വാബ് ആയിരിക്കും. അടുത്ത വര്‍ഷം മിക്കവാറും സ്വര്‍ണത്തിന് ഒരു പവന് 25,000 രൂപ കൊടുക്കേണ്ടി വന്നേക്കും. അപ്പോള്‍ ലേഖനത്തിലെ കണക്ക് പ്രകാരം, ഒരാള്‍ സകാത്ത് കൊടുക്കണമെങ്കില്‍ ചെലവ് കഴിച്ച് അദ്ദേഹത്തിന്റെ കൈയില്‍ ഏതാണ്ട് മൂന്ന് ലക്ഷം രൂപയെങ്കിലും മിച്ചം ഉണ്ടായിരിക്കണം. അല്ലാഹു സകാത്ത് കൊണ്ട് ഉദ്ദേശിച്ചത് സ്വയം സംസ്കണവും അതിലുപരി ദാരിദ്യ്ര നിര്‍മാര്‍ജനവും ആണല്ലോ. ഇവിടെ സൂക്ഷ്മതയുള്ള ഒരാള്‍ എന്താണ് സ്വയം ഇജ്തിഹാദ് ചെയ്യുക? ദാരിദ്യ്ര നിര്‍മാര്‍ജനത്തിന് വേണ്ടി ശ്രമിക്കാത്തവന്‍ ദൈവ നിഷേധിയാണെന്ന വിശുദ്ധ ഖുര്‍ആന്റെ താക്കീത് അദ്ദേഹത്തിന്റെ മുമ്പിലിരിക്കെ ചെലവ് കഴിച്ച് 30,000 രൂപ അദ്ദേഹത്തിന്റെ മുന്നില്‍ ഉണ്ട് എങ്കില്‍ അദ്ദേഹം സകാത്ത് കൊടുത്തിരിക്കും. ഈ വിഷയത്തില്‍ ആഴത്തിലുള്ള പഠനവും ഇജ്തിഹാദും ആവശ്യമാണ്. പണ്ഡിതന്മാര്‍ വളരെ പെട്ടെന്ന് ഇതിനൊരു പരിഹാരം നിര്‍ദേശിക്കേണ്ടതുണ്ടെന്ന് ഓര്‍മിപ്പിക്കട്ടെ.
അബൂയാസീന്‍

മതേതര മുസ്ലിം ജീവിതം പറഞ്ഞപ്പോള്‍
2010-ലെ മാതൃഭൂമി ഓണപ്പതിപ്പില്‍ ഹമീദ് ചേന്ദമംഗല്ലൂരിന്റെ ജീവിതകഥ ഫീച്ചറായി വന്നിട്ടുണ്ട്. പരസ്യങ്ങള്‍ക്കിടയില്‍ 30-ഓളം പേജുകളിലായാണ് 'ഒരു മലയാളി മുസ്ലിമിന്റെ മതേതര ജീവിതം' അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഇസ്ലാമിനെയും ജമാഅത്തെ ഇസ്ലാമിയെയും വിമര്‍ശിച്ചുകൊണ്ടിരിക്കുക എന്ന ജീവിത ദൌത്യം മാറ്റിനിര്‍ത്തിയാല്‍ പ്രത്യേക ധര്‍മമൊന്നും ആ ജീവിതം നിറവേറ്റിയിട്ടില്ല. അക്കാര്യമാണ് ഈ ലേഖനം വായിച്ചാലും ബോധ്യപ്പെടുന്നത്. ഇതേ കാര്യമാണ് മാതൃഭൂമിക്ക് പ്രസ്തുത ഫീച്ചറിനെ പിരിശപ്പെട്ടതാക്കുന്നതും. മുഖപേജില്‍ തന്നെ ആ സന്തോഷം അവര്‍ പങ്കിടുന്നുമുണ്ട്.
ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാത്ത മുസ്ലി(?)മാണ് താനെന്നും അതേസമയം മതമൂല്യങ്ങളെ വിലമതിക്കുന്നുവെന്നുമാണ് അദ്ദേഹം പറയുന്നത്. ആ മൂല്യങ്ങളാകട്ടെ മതത്തിന്റേതു മാത്രമല്ല, മതേതരത്വത്തിന്റെ കൂടി മൂല്യങ്ങളുമാണ് ഹമീദിന്റെ കണ്ണില്‍. മതത്തിന്റെ അടിസ്ഥാന കര്‍മങ്ങള്‍ ജീവിതത്തില്‍ അനുഷ്ഠിക്കാതിരിക്കുകയും അടിസ്ഥാന വിശ്വാസത്തെ (ഉദാ: പരലോകം) തള്ളിപ്പറയുകയും ചെയ്യുന്ന ഒരാള്‍ക്ക് എങ്ങനെയാണ് 'മുസ്ലി'മാകാന്‍ കഴിയുക? അതിനാല്‍ താന്‍ മതേതര മുസ്ലിമാണെന്ന ഹമീദിന്റെ വാദത്തില്‍ അന്തക്കേടുണ്ട്. നമസ്കരിക്കുന്ന എത്ര പേര്‍ കള്ളക്കടത്തും നികുതിവെട്ടിപ്പും വ്യഭിചാരവും നടത്തുന്നു, അവരെയൊന്നും ആരും എന്തുകൊണ്ട് മതത്തിന്റെ പുറത്ത് നിര്‍ത്തുന്നില്ല എന്നാണ് ഹമീദിന്റെ മറുവാദം. ഇത്തരം തിന്മകള്‍ ചെയ്യുന്നവര്‍ യഥാര്‍ഥ മതവിശ്വാസികളായിരിക്കുമെന്ന് ആരും പറഞ്ഞിട്ടില്ല. ഒരു യഥാര്‍ഥ മുസ്ലിമിന് അത്തരം വൃത്തികേടുകളുമായി ബന്ധവും പാടില്ല. ലക്ഷത്തിന് ആയിരവും രണ്ടായിരവുമൊക്കെ പലിശ വാങ്ങുന്ന ജമാഅത്തെ ഇസ്ലാമിക്കാരെ തനിക്കറിയാമെന്നും അങ്ങോര്‍ കൂട്ടത്തില്‍ തട്ടിവിടുന്നുണ്ട് (പേജ് 154).
ജമാഅത്തെ ഇസ്ലാമിക്കെതിരിലുള്ള തന്റെ ചാത്തനേറ് ഇസ്ലാമിന് എതിരിലല്ല; തന്റെ ആര്‍.എസ്.എസ് വിമര്‍ശം (ഇദ്ദേഹം അവര്‍ക്ക് കണ്ണിലെ കൃഷ്ണമണി) ഹൈന്ദവര്‍ക്കെതിരല്ലാത്ത പോലെ- ഹമീദിന്റെ പഴകി പുളിച്ച ഈ വാദവും ലേഖനത്തിലുണ്ട്. എന്നാല്‍ ജീവിതം പറഞ്ഞുവരുമ്പോള്‍ ഇതിന് കടകവിരുദ്ധമായും ഹമീദ് തന്നെ സംസാരിക്കുന്നുണ്ട്. സ്വത്വബോധം ചര്‍ച്ചയാകുന്നിടത്ത്, ഇരബോധം വളര്‍ത്തരുതെന്നും സാംസ്കാരിക സ്വത്വമാണ് പ്രബലപ്പെടുത്തേണ്ടതെന്നും അദ്ദേഹം പറയുന്നു. "ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലിംകള്‍ ഇന്ത്യന്‍ സംസ്കാരം ഉള്‍ക്കൊള്ളണം. കേരളത്തില്‍ ജീവിക്കുന്ന മുസ്ലിംകള്‍ എന്തിനാണ് ബാങ്ക് അറബിയില്‍ കൊടുക്കുന്നത്. അത് അറേബ്യന്‍ സംസ്കാരത്തോടുള്ള വിധേയത്വം തന്നെയാണ്. നമ്മുടെ ഭാഷയായ മലയാളത്തില്‍ തന്നെ നമസ്കാരത്തിനു ക്ഷണിച്ചാല്‍ പോരെ?'' ഇതാണ് ഹമദീന്റെ ചോദ്യം (പേജ് 140). ഇവിടെ ഹമീദ് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് ആരെയാണ്? ജമാഅത്തെ ഇസ്ലാമിയെയോ അതല്ല മുഴുവന്‍ കേരള മുസ്ലിംകളെയോ? ബാങ്ക് അറബിയിലാവുകയും രാമായണ ശ്ളോകങ്ങള്‍ സംകൃതത്തില്‍ വായിക്കപ്പെടുകയും ചെയ്യുന്നതിലൂടെ നിലനില്‍ക്കുന്ന സാംസ്കാരിക സൌകുമാര്യതയാണ് നമ്മുടെ പാരമ്പര്യമെന്നും അവയൊന്നും ബന്ധങ്ങളെ തകര്‍ക്കുന്നില്ലെന്നും ഹമീദിന് അറിയാഞ്ഞിട്ടല്ല. ഇടക്കിടെ ഓരോ പൊയ്വെടികള്‍ പൊട്ടിച്ചു നോക്കുക. അതാണ് വിനോദം. ചോദിക്കട്ടെ, ഹമീദ് എന്തിനാണ് അറബിപ്പേര് കൊണ്ട് നടക്കുന്നത്? അതിനെ മലയാളി സ്വത്വത്തിലേക്ക് മാറ്റിക്കൂടെ? അതല്ലേ മതേതരനാകാനും കൂടുതല്‍ നല്ലത്?
റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍
ചാനല്‍ ചര്‍ച്ചകളിലെ
ഒളിയജണ്ട

മുസ്ലിം സമൂഹത്തെ ഏതെങ്കിലും തരത്തില്‍ ഇകഴ്ത്തി കാണിക്കാനും അവരെ തീവ്രവാദികളും ഭീകരവാദികളുമാക്കി ചിത്രീകരിക്കാനും ചെറിയ അവസരം വീണു കിട്ടുമ്പോഴേക്കും ചാനലുകളായ ചാനലുകളെല്ലാം തങ്ങളുടെ സ്ഥിരം 'പ്രതികരണ തൊഴിലാളികളെ' അണിനിരത്തി രംഗത്തിറങ്ങുന്നത് സ്ഥിരം കാഴ്ചയാണ്.
അവതാരകനെ കൂടാതെ മൂന്നും നാലും വേട്ടക്കാരോട് ഒരാള്‍ മാത്രമായി പടവെട്ടേണ്ടിവരിക മാത്രമല്ല, തന്റെ ഭാഗം വിശദീകരിക്കുമ്പോഴേക്കും ഏതെങ്കിലും തരത്തില്‍ അവതാരകന്‍ ഇടപെടുകയും ചെയ്യും. ഇത്തരം തടസ്സങ്ങളൊക്കെ അതിജീവിച്ച് ഇരക്ക് തന്റെ ഭാഗം നന്നായി വിശദീകരിക്കാന്‍ സാധിച്ചാല്‍ പതിവിനു വിപരീതമായി അത്തരം ചര്‍ച്ചകള്‍ പിന്നീട് പുനഃപ്രക്ഷേപണം ചെയ്യാറുമില്ല.
അതിനാല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും തുല്യമായ അവസരവും പങ്കാളിത്തവും ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ പങ്കെടുക്കൂ എന്ന നിബന്ധന വെച്ചാല്‍ ദുഷ്ടലാക്കോടെ നടത്തുന്ന ഇത്തരം ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ ചാനലുകള്‍ക്ക് തന്നെ താല്‍പര്യം കുറഞ്ഞുവരും. കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു മുസ്ലിം രാഷ്ട്രീയ സംഘടനയില്‍നിന്ന് വേര്‍പിരിഞ്ഞ ചെറിയ വിഭാഗത്തിന്റെ നേതാവിനെ പങ്കെടുപ്പിച്ച് കൈരളി ചാനല്‍ നടത്തിയ ചര്‍ച്ചയില്‍നിന്ന് മാതൃസംഘടന നേതാക്കള്‍ വിട്ടുനിന്നതോടെ ചാനലുകാര്‍ക്ക് ചര്‍ച്ച തന്നെ അവസാനിപ്പിക്കേണ്ടിവന്നത് ഇത്തരം നീക്കത്തിന്റെ വിജയമാണ് സൂചിപ്പിക്കുന്നത്.
അന്‍വര്‍ വടക്കാങ്ങര, ജിദ്ദ
പ്രഭാഷകര്‍ക്കൊരു മാതൃക
'കെ.ടിയുടെ ജീവിത യാത്ര' വായിച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ അടുത്തറിഞ്ഞ അനുഭവമായി. അദ്ദേഹത്തിന്റെ ലാളിത്യവും നിസ്വാര്‍ഥതയും എല്ലാ പ്രവര്‍ത്തകര്‍ക്കും മാതൃകയാണ്. അപാരമായ പാണ്ഡിത്യത്തിനുടമയായിട്ടും, ആശയഭിന്നതയുള്ളവരെ അദ്ദേഹം പരിധിവിട്ട് വിമര്‍ശിക്കുന്നില്ല. ശാന്ത സുന്ദരവും കെട്ടുറപ്പുള്ളതുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗ ശൈലി. മത പ്രഭാഷണങ്ങള്‍ എന്ന പേരില്‍ കവലകള്‍ തോറും തെറി പ്രഭാഷണങ്ങള്‍ നടത്തുന്നവര്‍ക്ക് മുന്നില്‍ ഒരു തുറന്ന പുസ്തകമാണ് 'കെ.ടിയുടെ ജീവിത യാത്ര'. പരമ കാരുണികന്‍ അദ്ദേഹത്തിന് സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനം നല്‍കുമാറാകട്ടെ.
ജംഷീദ് വടക്കേകര ബേവിഞ്ച
ബദ്ര്‍ ആവശ്യപ്പെടുന്നത് പ്രാസ്ഥാനികാവബോധം
ബദ്റിലെ 'ചെറിയ' വലിയ യുദ്ധം എന്ന ഡോ. യൂസുഫുല്‍ ഖറദാവിയുടെ ലേഖനം(ലക്കം 13) അതീവ പ്രസക്തമാണ്. ബദ്ര്‍ വിജയത്തിന് മൂന്നു കാരണങ്ങളാണ് ഖറദാവി കണ്ടെത്തുന്നത്. അല്ലാഹുവിന്റെ സഹായം. പ്രവാചകന്റെ നേതൃത്വം. അനുയായികളുടെ അനുസരണം.
ഇസ്ലാമിന്റെ മൊത്തം വിജയത്തിനു തന്നെയും നിമിത്തമായത് ഈ മൂന്നു കാരണങ്ങള്‍ തന്നെയാണ്. അതുകൊണ്ടുതന്നെ ഇസ്ലാമിന്റെ പുതിയ ഉദയം സ്വപ്നം കാണുന്ന ഏതൊരാളും മുറുകെ പിടിക്കേണ്ട കാര്യങ്ങളാണിവ. ഇസ്ലാമിക പ്രവര്‍ത്തകരുടെ അനുസരണവും സമര്‍പ്പണ സന്നദ്ധതയുമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. മിഖ്ദാദും(റ) സഅ്ദും(റ) ബദ്റില്‍ നടത്തിയ കൊച്ചുപ്രഭാഷണത്തിലടങ്ങിയ ആത്മാര്‍ഥത നമുക്കിന്ന് നഷ്ടമായിരിക്കുന്നു. വ്യക്തിപരമായി നോക്കിയാല്‍ നാമൊക്കെ തര്‍ബിയ്യത്തില്‍ പിറകിലാണെന്നു പറയുക വയ്യ. എന്നാല്‍ 'സംഘടനാ തര്‍ബിയ്യത്തി'ല്‍ മിക്കവരും പിന്നാക്കമാണ്. പ്രസ്ഥാനം ചിലര്‍ക്കെങ്കിലും 'തമ്മില്‍ ഭേദമുള്ള ഒരു സംഘടന' മാത്രമാണ്. അതിനപ്പുറം പ്രസ്ഥാനം ഇസ്ലാമിന്റെ ജീവനാണെന്നു തിരിച്ചറിയപ്പെടുന്നതുവരെ നമ്മുടെ സംഘബോധം പൂര്‍ണമാവില്ല.
സ്വഹാബത്തിനെ വിജയിപ്പിച്ചത് ഉപര്യുക്ത സംഘബോധമാണ്. 'സംഘടനയില്ലാതെ ഇസ്ലാമില്ല' എന്നുവരെ പറയാന്‍ ഉമര്‍(റ)നെ പോലുള്ള ഇസ്ലാമിന്റെ ആത്മാവ് കണ്ട ഒരാളെ പ്രേരിപ്പിച്ച കാര്യം നാം വിസ്മരിക്കരുത്.
പ്രാര്‍ഥനയും അനുസരണവും അല്ലാഹുവിനു മാത്രം നല്‍കി സ്വഹാബത്തിന്റെ മാതൃകയില്‍ ഒറ്റക്കെട്ടായി അരുതായ്മകള്‍ക്കെതിരെ സദാപ്രതികരിച്ചുകൊണ്ട് മുന്നേറുകയല്ലാതെ ബദ്റിന്റെ പേരില്‍ ആണ്ടു നേര്‍ച്ച കഴിച്ചതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. നമ്മുടെ വിജയമാര്‍ഗം വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ വരച്ചു കാട്ടിയിട്ടുണ്ട്: "അല്ലയോ വിശ്വസിച്ചവരേ, നിങ്ങള്‍ക്കെന്തു സംഭവിച്ചു?.. ദൈവിക മാര്‍ഗത്തില്‍ ഇറങ്ങിത്തിരിക്കുവിന്‍ എന്നു പറയപ്പെട്ടപ്പോള്‍ നിങ്ങള്‍ നിലത്തോടൊട്ടിക്കളഞ്ഞല്ലോ. നിങ്ങള്‍ പരലോകത്തിനു പകരം ഭൌതിക ജീവിതം കൊണ്ട് തൃപ്തിപ്പെട്ടുവോ? അങ്ങനെയാണെങ്കില്‍ ഗ്രഹിച്ചിരിക്കുക. ഭൌതിക ജീവിതത്തിന്റെ ഈ വിഭവങ്ങളൊക്കെയും പരലോകത്തില്‍ അതീവ തുഛമാകുന്നു'' (9:38).
ഹസനുല്‍ബന്ന കുഞ്ഞിമംഗലം

ആ ഭരണഘടനയൊന്ന് വായിച്ചു നോക്കൂ!
ആസന്നമായ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള ജനകീയ വികസന മുന്നണി പ്രവര്‍ത്തകരുടെ ദൃഢനിശ്ചയത്തിനു മുമ്പില്‍ പതറിയും പാളിയുമാണ് മത-രാഷ്ട്രീയ കക്ഷികളുടെ പ്രതികരണങ്ങള്‍. അതിലേറ്റവും ദയനീയമാണ് മുജാഹിദ് മടവൂര്‍ വിഭാഗത്തിന്റെ പ്രതികരണം! ജമാഅത്തെ ഇസ്ലാമി അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ പോലുമുള്ള അനുമതി അതിന്റെ ഭരണഘടന നല്‍കിയിട്ടുണ്ടോ എന്നും അതിന് വേണ്ടി ഭരണഘടന ഭേദഗതി ചെയ്തുവോ എന്നുമാണ് അവര്‍ ചോദിക്കുന്നത്. ഐ.എസ്.എം കോഴിക്കോട്ട് സംഘടിപ്പിച്ച വിശദീകരണ സമ്മേളനത്തില്‍ സംസ്ഥാന നേതാക്കളുടെ സംശയവും ഇതുതന്നെയാണ് (ശബാബ് 2010 ജൂണ്‍ 18 പേജ് 41). ഇതിനു മുമ്പ് സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്ന് പത്രങ്ങള്‍ക്ക് നല്‍കിയ കുറിപ്പിന്റെ സാരാംശവും ഈ സംശയം തന്നെ. ഇത്തരം കാര്യങ്ങളില്‍ നിരന്തരം സംശയം ഉന്നയിക്കുന്ന നേതാക്കള്‍ക്ക് അങ്ങാടിയില്‍ വാങ്ങിക്കാന്‍ കിട്ടുന്ന ജമാഅത്തെ ഇസ്ലാമി ഭരണഘടനയുടെ ഒരു കോപ്പി വാങ്ങി സംശയം തീര്‍ത്ത് കൂടേ! ഇങ്ങനെ വാങ്ങി വായിച്ചു സംശയ നിവാരണത്തിന് വഴിയുള്ള കാര്യങ്ങള്‍വരെ പത്രങ്ങള്‍ക്ക് നല്‍കി സംശയ നിവാരണമാരായുന്ന സെക്രട്ടറിയേറ്റിന്റെ സ്ഥിതി അതിദയനീയം തന്നെ. ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ തുടങ്ങുന്നത് ഈ തെരഞ്ഞെടുപ്പ് മുതല്‍ക്കല്ലെന്ന പൊതുവിവരവും നേതാക്കള്‍ക്ക് ഉണ്ടാവേണ്ടതുണ്ട്.
സി. മുഹമ്മദ് കോയ പാലാഴി

ചുരുക്കെഴുത്ത്
ജമാഅത്തെ ഇസ്ലാമി കേരളത്തിലെ ചില സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയപ്പോള്‍ ചിലര്‍ 'ജമാഅത്ത് രാഷ്ട്രീയം കളിക്കുന്നു' എന്നു ഒച്ച വെക്കുകയുണ്ടായി. 'ഒരു കിണ്ടി വെള്ളവും ഒരു മുസ്ല്ലയും കിട്ടിയാല്‍ മൊല്ലക്കതുമതി' എന്ന മഹാകവി ഇഖ്ബാലിന്റെ വരികള്‍ ഇവിടെ ഓര്‍ത്തു പോവുകയാണ്.
ഖാസിം പടനിലം

.

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly