Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>
വാര്‍ത്തകള്‍ വിശേഷങ്ങള്‍


പ്രഥമ വനിതയുടെ പര്‍ദ,
കോടതയില്‍ നിന്ന് അനുകൂല വിധി

# ജെ.എം

 

 
 



തുര്‍ക്കി പ്രസിഡന്റ് അബ്ദുല്ല ഗുല്ലിന്റെയും പ്രധാനമന്ത്രി റജബ് ഉര്‍ദുഗാന്റെയും പത്നിമാര്‍ ഹിജാബ് ധരിക്കുന്നത് നിയമവാഴ്ചയെ ചോദ്യം ചെയ്യലും റിപ്പബ്ളിക്കന്‍ മൂല്യങ്ങളുടെ നിരാസവുമാണെന്ന് ചൂണ്ടിക്കാട്ടി ഒരു തുര്‍ക്കി പൌരന്‍ നല്‍കിയ ഹരജി തുര്‍ക്കിയിലെ സന്‍ജാന്‍ പ്രവിശ്യാ കോടതി തള്ളി. അവരുടെ പര്‍ദ ധാരണം കൊണ്ട് ഹരജിക്കാരനു നേരിട്ട് നഷ്ടമൊന്നുമില്ലെന്നും പൊതുരംഗത്ത് പര്‍ദ നിരോധിക്കപ്പെട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്. ഏതാനും സര്‍വകലാശാലകളിലും മറ്റുമാണ് പര്‍ദ നിരോധം നിലവിലുള്ളൂവെങ്കിലും പരമ്പരാഗത മതേതര ശക്തികളും പ്രതിപക്ഷവും ഹിജാബിനെ ഇസ്ലാമിക ആഭിമുഖ്യമുള്ള ഭരണകൂടത്തെ അടിക്കാനുള്ള വടിയായിക്കൊണ്ട് നടക്കുകയാണ്.

ഇഫ്ത്വാര്‍ ഗിന്നസ് ബുക്കിലും
പത്തു കിലോ മീറ്റര്‍ നീളത്തില്‍ ഭക്ഷണ വിഭവങ്ങള്‍ നിരത്തി എഴുപതിനായിരം പേര്‍ക്ക് ഒന്നിച്ചൊരു നോമ്പു തുറ. തുര്‍ക്കിയില്‍ ജസ്റിസ് ആന്റ് ഡവലപ്മെന്റ് പാര്‍ട്ടി ഭരിക്കുന്ന ആസ്നലര്‍ മുന്‍സിപ്പാലിറ്റിയും ഏതാനും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ആഗസ്റ് 21-ന് ഒരുക്കിയ ഈ ഇഫ്ത്വാര്‍ ലോക റെക്കോര്‍ഡായി ഗിന്നസ് ബുക്കില്‍ സ്ഥലം പിടിച്ചു കഴിഞ്ഞു. പോലീസിന്റെയും മുന്‍സിപ്പാലിറ്റിയുടെയും പൂര്‍ണ സഹകരണത്തോടെ നടന്ന ഈ ഇഫ്ത്വാറിനൊടുവില്‍ ജനങ്ങള്‍ പാകിസ്താനിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി ഉദാരമായ സംഭാവനകള്‍ നല്‍കി.
ഇസ്തംബൂളിലെ അയ്യൂബ് സുല്‍ത്താന്‍ മുന്‍സിപ്പാലിറ്റി ഇരുപതിനായിരം പേര്‍ക്ക് ഇഫ്ത്വാര്‍ ഒരുക്കിയത് പുരാതനമായ ജല്‍താ പാലത്തിനുമുകളില്‍ വെച്ചായിരുന്നു.

നിഖാബ് വിരോധിക്ക് തടവു ശിക്ഷ
മുസ്ലിം യുവതിയുടെ നിഖാബ് വലിച്ചുകീറാന്‍ ശ്രമിച്ച ബ്രിട്ടീഷ് യുവാവിന് സ്കോട്ട്ലന്റിലെ ഗ്ളാസ്കോ നഗരത്തിലെ കോടതി രണ്ടു വര്‍ഷം തടവ് വിധിച്ചു. സുഊദി അറേബ്യയില്‍ നിന്ന് ഉപരിപഠനത്തിന് സ്കോട്ട്ലന്റിലെത്തിയ അന്‍വര്‍ അല്‍ ഖഅ്ത്താനി(26) ഗ്ളാസ്കോ റെയില്‍വേ സ്റേഷനിലേക്ക് നടന്നു പോകവെ വില്യം ബൈക് എന്ന യുവാവ് (26) അവരെ ആക്രമിച്ച് മുഖം മൂടി വലിച്ചു കീറുകയായിരുന്നു.

സാമൂഹിക സ്ഥാപനങ്ങളുടെ നിരോധം ഒമ്പതാം വര്‍ഷവും തുടരുന്നു
ഖുദ്സിലെ ചേമ്പര്‍ ഓഫ് കൊമേഴ്സ്, ഫലസ്ത്വീന്‍ റിസര്‍ച്ച് സെന്റര്‍, അറബ് സ്റഡീസ് സൊസൈറ്റി തുടങ്ങി എട്ടു പ്രമുഖ സാമൂഹിക സാംസ്കാരിക സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും മേല്‍ 2001-ല്‍ ആറു മാസത്തേക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധം നീട്ടി നീട്ടി ഇപ്പോള്‍ ഒമ്പതാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു. അവക്കെല്ലാം രാഷ്ട്രീയ മുഖം ഉണ്ടെന്നാണ് ഇസ്രയേല്‍ ആഭ്യന്തര വകുപ്പ് പറയുന്നത്. രാഷ്ട്രീയമില്ലാത്ത സേവന സംഘടനകളാണ് തങ്ങളെന്ന് അവയുടെ ഭാരവാഹികളും അവകാശപ്പെടുന്നു.

ഹോളണ്ടില്‍ കുറ്റവിചാരണ
ബോസ്നിയയില്‍ സമാധാന സംരക്ഷണത്തിന് ചുമതലപ്പെട്ടിരുന്ന ഹോളണ്ട് സൈന്യത്തിന്റെ തലവന്‍ കേണല്‍ കാറെമാന്‍സ് ആയിരിക്കണക്കിന് മുസ്ലിംകളുടെ കൂട്ടക്കൊലക്ക് ഉത്തരവാദിയെന്ന നിലയില്‍ വിചാരണ നേരിടുന്നു. 1995-ല്‍ പ്രാണരക്ഷാര്‍ഥം ഹോളണ്ട് സൈനിക ക്യാമ്പിലേക്ക് വന്ന ആയിരക്കണക്കിന് അഭയാര്‍ഥികള്‍ക്ക് സംരക്ഷണം നല്‍കാതെ സെര്‍ബ് കാപാലികര്‍ക്ക് അവരെ കൂട്ടക്കൊല ചെയ്യാന്‍ വിട്ടുകൊടുത്തു എന്നാണ് അയാള്‍ക്കെതിരെ ചുമത്തിയ കുറ്റം. ഹോളണ്ട് സൈന്യത്തിന്റെ പരിഭാഷകനായിരുന്ന ഹസന്‍ നിഹോവിച്ചും ഇലക്ട്രീഷ്യനായിരുന്ന റസേ മുസ്ത്വീച്ചും നല്‍കിയ ഹരജി ഹോളണ്ടിലെ കോടതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു.

ഖുറ അലാ ഖുറ
ഇമാം മുതവല്ലി ശഅ്റാവി ജീവിച്ചിരുന്നപ്പോള്‍ ഈജിപ്ഷ്യന്‍ ടി.വിയിലെ ഏറ്റവും ശ്രദ്ധേയമായ മതപരിപാടിയായിരുന്നു അദ്ദേഹം പങ്കെടുത്തിരുന്ന 'നൂറുന്‍ അലാ നൂര്‍' (പ്രകാശത്തിനു മേല്‍ പ്രകാശം). അതിന്റെ പ്രശസ്തമായ അവതാരകന്‍ അഹ്മദ് ഫറാജിന്റെ മരണത്തെത്തുടര്‍ന്ന്, മാധ്യമ പ്രവര്‍ത്തകനായ ശഅ്റാവിയുടെ മകന്‍ മുഹമ്മദ് പിതാവിന്റെ പേരില്‍ ആര്‍ക്കേവ് നിര്‍മിക്കുന്നതിന് ശഅ്റാവി പരിപാടിയുടെ കോപ്പികള്‍ക്ക് വേണ്ടി ടി.വി അധികാരികളെ സമീപിച്ചപ്പോള്‍ കിട്ടിയ മറുപടി, ഭൂരിഭാഗവും ശഅ്റാവിയുടേത് തന്നെയായ പ്രസ്തുത പരിപാടിയുടെ 1017 എപ്പിസോഡുകളില്‍ 17 എണ്ണം മാത്രമേ അവശേഷിച്ചിട്ടുള്ളൂ എന്നായിരുന്നു! ബാക്കിയുള്ളവക്ക് എന്തു സംഭവിച്ചു എന്നല്ലേ, കാല്‍പന്തു കളി മത്സരങ്ങളും നാടകങ്ങളും റെക്കോര്‍ഡ് ചെയ്യാന്‍ ഉപയോഗിച്ചുവത്രെ. കാലില്‍ മാത്രമല്ല, തലയിലും പന്തായാല്‍ 'ഖുറ അലാ ഖുറ' എന്നല്ലാതെ എന്തു പറയാന്‍!



Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly