Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>
പ്രതികരണം


ഖുര്‍ആന്‍ പരിഭാഷയിലെ സൂക്ഷ്മതക്കുറവുകള്‍

# ജമാല്‍ മലപ്പുറം

 

 
 


വിശുദ്ധ ഖുര്‍ആന്‍ ആഴത്തിലും പരപ്പിലും മനസ്സിലാക്കാന്‍ ആരു നടത്തുന്ന ഏതു ശ്രമവും ശ്ളാഘനീയമാണ്, പ്രോത്സാഹജനകവും. അന്നിലക്ക് 'മഴ, ഇടി, മിന്നല്‍ - ഖുര്‍ആനിക വായന' എഴുതിയ അബൂദര്‍റ് എടയൂരും അതിനെ അര്‍ഹമായ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച പത്രാധിപരും അഭിനന്ദനമര്‍ഹിക്കുന്നു. ഒരു സാവകാശ വായനക്ക് വേണ്ടി മാറ്റി വെച്ച ലേഖനത്തിലൂടെ വീണ്ടും കണ്ണോടിച്ചപ്പോള്‍ കണ്ട ചില കാര്യങ്ങള്‍ കുറിക്കുകയാണിവിടെ:
ലേഖനം തുടങ്ങുന്നതിങ്ങനെയാണ്: "മഴ, അനുഗ്രഹവും നിഗ്രഹവുമാകാറുണ്ട്. അനുഗ്രഹ മഴയെ കുറിക്കാന്‍ ഗൈസ് എന്ന പദവും നിഗ്രഹ മഴയെ കുറിക്കാന്‍ മത്വര്‍ എന്ന പദവുമാണ് ഖുര്‍ആന്‍ പൊതുവെ പ്രയോഗിച്ചിട്ടുള്ളത്. മഴയെ കുറിച്ച് ആകാശത്തു നിന്ന് വെള്ളമിറക്കിയെന്ന പ്രയോഗവും ധാരാളം കാണാം'' (ലക്കം 4).
'പൊതുവെ', 'ധാരാളം' എന്നൊക്കെ പറഞ്ഞാല്‍ എന്താണര്‍ഥം? വെറും മൂന്നിടത്തു മാത്രമേ 'ഗൈസ്' എന്ന പദം വിശുദ്ധ ഖുര്‍ആനില്‍ വന്നിട്ടുള്ളൂ. അതെങ്ങനെയാണ് 'പൊതുവെ' ആവുക? പ്രത്യേകിച്ച് 'ആകാശത്തു നിന്ന് വെള്ളമിറക്കി'യെന്ന പ്രയോഗവും ധാരാളം കാണാം എന്നിരിക്കെ? ഈ 'ധാരാളം' 29 തവണയാണെന്നോര്‍ക്കണം. മഴക്ക് 'അല്ലാഹു ഇറക്കിതന്ന വെള്ളം' എന്നാണ് ഖുര്‍ആന്റെ സ്ഥിരം പ്രയോഗം. പ്രത്യേക അര്‍ഥ സൂചനകളോടെ സയ്യിബ് (2:19), വാബില്‍ (2:265), ത്വല്ല് (2:65), ഗൈസ് (31:34, 42:28, 57:20) റജ്അ്(86:11) തുടങ്ങിയ പദങ്ങളും പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. ലേഖകനെ പോലൊരാള്‍ക്ക് ഇന്‍ഡക്സിന്റെ സഹായത്തോടെ കണ്ടെത്താവുന്നതേയുള്ളൂ ഈ കാര്യം. വിശുദ്ധ ഖുര്‍ആനില്‍ റഅദ് (ഇടി) എന്ന പദം രണ്ടു തവണയും ബര്‍ഖ് (മിന്നല്‍) എന്ന പദം അഞ്ചു തവണയും പ്രയോഗിച്ചിട്ടുണ്ട് എന്ന് പിന്നീട് അദ്ദേഹം തന്നെ എണ്ണി പറയുന്നുമുണ്ടല്ലോ.
തുടക്കത്തില്‍ തന്നെയുണ്ടായ ഈ കല്ലുകടി കാര്യമാക്കാതെ തുടര്‍ന്ന് വായിച്ചപ്പോള്‍ ബോധ്യമായതു വേണ്ടത്ര മനസ്സുവെച്ചോ കാര്യമായി മിനക്കെട്ടോ തയാറാക്കിയ ഒരു വായനയല്ല ഈ ലേഖനം എന്നാണ്. അതു രണ്ടുമുണ്ടായിരുന്നെങ്കില്‍ ഒരൊന്നാന്തരം പഠനം നടത്താന്‍ ലേഖകന് കഴിയുമെന്ന് വ്യക്തമാകുന്നുണ്ട്. അതിന് സഹായകമാകുന്ന ചില സൂചനകള്‍ നല്‍കുന്നത് അധികപ്രസംഗമാകില്ലെന്ന് കരുതട്ടെ.
വിഷയാധിഷ്ഠിതമായ ഒരു ഖുര്‍ആന്‍ വായനക്ക് കാടും മരവും- രണ്ടും കണ്ടേ തീരൂ. തെരഞ്ഞെടുത്ത വിഷയ സംബന്ധമായ മുഴുവന്‍ സൂക്തങ്ങളും ഖുര്‍ആനില്‍ നിന്നു (നല്ല ഒരു ഇന്‍ഡക്സിന്റെ സഹായത്തോടെ) ശേഖരിക്കുക. പ്രസ്തുത സൂക്തങ്ങളിലെ സമാനതകള്‍ കണ്ടെത്തി വര്‍ഗീകരിക്കുക. ഉദാഹരണമായി 'വെള്ളം ഇറക്കിത്തരുന്ന'തുമായി ബന്ധപ്പെട്ട 29 സൂക്തങ്ങള്‍ കൂട്ടി വായിച്ചാല്‍ കാണാം അതില്‍ 24 തവണ ആകാശത്ത് നിന്നും 5 തവണ മേഘത്തില്‍നിന്നും ആണെന്ന്. മേഘത്തില്‍നിന്നുള്ളവയെ പരിശോധിച്ചാല്‍ കാണാം, മേഘത്തിന് സഹാബ്, മുസ്ന്, മുഅ്സിറാത് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത പദങ്ങള്‍ സാന്ദര്‍ഭികമായ സൂചനാ വ്യത്യാസങ്ങളോടെ പ്രയോഗിക്കപ്പെട്ടിട്ടുണ്ടെന്ന്. അങ്ങനെ വരുമ്പോള്‍ എന്തുകൊണ്ട് ആ പദം അവിടെയാണ് പരിശോധിക്കേണ്ടതായി വരും. ഖുര്‍ആനില്‍ ഒരു സ്വരവ്യത്യാസം പോലും വെറുതെ ആയിരിക്കുകയില്ല. വെള്ളത്തിന്റെ വിശേഷണങ്ങള്‍ നോക്കൂ! ത്വഹൂര്‍, മുബാറക്, മുന്‍ഹമിര്‍, മിദ്റാര്‍, സജ്ജാജ്, ഉജാജ്, ഫുറാത്, ഗൌറന്‍, മഈന്‍.... എല്ലാം വ്യത്യസ്തങ്ങളാണ് അര്‍ഥത്തിലും ധ്വനിയിലും ഒരുപോലെ. നമ്മുടെ പരിഭാഷകര്‍ പലപ്പോഴും അതൊന്നും അത്ര കാര്യമാക്കാറില്ല. ആഴത്തില്‍ പഠിക്കുന്നവര്‍ പക്ഷേ, അതു ശ്രദ്ധിച്ചേ പറ്റൂ. ഉദാഹരണമായി ലേഖകന്‍ ഉദ്ധരിച്ചത് 'നിങ്ങള്‍ക്കവന്‍ ധാരാളം മഴ പെയ്യിച്ചു തരും' എന്നാണല്ലോ. 'യുര്‍സിലു സ്സമാഅ അലൈക്കും മിദ്റാറന്‍' (നൂഹ്: 12) എന്നാണ് മൂലവാചകം. അവന്‍ നിങ്ങള്‍ക്ക് ആകാശത്തെ തന്നെ അയച്ചു തരും എന്നാണ് പറഞ്ഞിരിക്കുന്നത്. അല്‍പം വെള്ളം കൊണ്ടു തരുന്നതിനു പകരം വെള്ളം ചുരത്തുന്ന ആകാശത്തെ തന്നെ അയക്കും എന്നു പറയുന്നതില്‍ ഔദാര്യത്തിന്റെയും അനുഗ്രഹത്തിന്റെയും ധാരാളിത്തം ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു. അവിടെ ആകാശത്തെ മിദ്റാറന്‍ എന്നു വിശേഷിപ്പിച്ചതിലുമുണ്ട് ഒരു വന്‍ കാര്യം. സമൃദ്ധമായ അകിടുള്ള കറവപ്പശു പാല്‍ ചുരത്തും പോലെയെന്നാണ് മിദ്റാറിന്റെ അര്‍ഥ സൂചന!
കൂട്ടത്തില്‍ പറയട്ടെ, ഖുര്‍ആന്‍ വിവര്‍ത്തകര്‍ പതിവായി അല്ലെങ്കില്‍ പൊതുവായി തെറ്റിക്കാറുള്ള ഒരു ജല വിശേഷണമാണ് 67:30ലെ 'മാഇന്‍ മഈന്‍.' നിങ്ങളുടെ വെള്ളം (മാഉകും) വറ്റി വരണ്ടു പോയി (ഗൌറന്‍) കഴിഞ്ഞാല്‍ വീണ്ടും വെള്ളം കാട്ടിത്തരുന്നത് ആരാണ് എന്നാണ് ഖുര്‍ആന്റെ ചോദ്യം. വെള്ളം അന്വേഷിച്ചു കുഴിക്കുകയും കഴക്കുകയും ചെയ്യുന്നവര്‍ ആദ്യം വെള്ളം കാണുകയാണല്ലോ ചെയ്യുക. അതിനാല്‍ കാണപ്പെടുന്നത് എന്ന അര്‍ഥത്തിലുള്ള 'മഅ്യൂന്‍' ലോപിച്ചുണ്ടായ 'മഈന്‍' അണിവിടെയെന്നാണ് ഇമാം ശഅ്റാവിയെ പോലുള്ളവര്‍ പറഞ്ഞിട്ടുള്ളത്. കണ്ണിന്റെ 'അയിനി'ല്‍ നിന്നാണ്, ഉറവിന്റെ 'അയിനി'ല്‍ നിന്നല്ല മഈന്‍ ഉണ്ടായിരിക്കുന്നത്.
പദ താരതമ്യവും പദവിശകലനവും കഴിഞ്ഞാല്‍ സൂക്തത്തിന്റെ മൊത്തം ആശയം, സന്ദര്‍ഭം, സമാപനം എന്നിവയും വിശകലനത്തിനു വിധേയമാക്കണം. ഇതിനൊക്കെ നല്ല തഫ്സീറുകള്‍ അവലംബിക്കേണ്ടി വരും.
സൂക്തത്തില്‍ സമര്‍ഥിക്കപ്പെടുന്ന ആശയം നിര്‍ണയിച്ചതിനു ശേഷം വേണം പരിഭാഷ അന്തിമമായി നിര്‍ണയിക്കാന്‍. അപ്പോള്‍ പദാര്‍ഥത്തെ ആശയാര്‍ഥത്തിലേക്ക് ഉയര്‍ത്തേണ്ടി വരും. ആകാശത്തു നിന്ന് വെള്ളം ഇറക്കി തരുന്ന കാര്യം മരണാനന്തര ജീവിതത്തിനു തെളിവായി ഖുര്‍ആന്‍ ഉദ്ധരിക്കുമ്പോള്‍ മണ്ണിന്റെ 'മൌത്തി'നെ കുറിച്ചു പറയുന്നുണ്ട്. അറബി ഭാഷയില്‍ വരള്‍ച്ചക്കു വാക്കുകള്‍ ഇല്ലാത്തത് കൊണ്ടല്ലല്ലോ 'മയ്ത്തന്‍' എന്നും 'മയ്യിത്തന്‍' എന്നും നാടിനെയും മണ്ണിനെയും ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. തരിശായ, നിര്‍ജീവമായ, ഉണര്‍വറ്റ എന്നൊക്കെയാണ് മൂന്ന് പരിഭാഷകളില്‍ കണ്ടത്, മൃതഭൂമി എന്നതല്ലേ ശരി? പ്രത്യേകിച്ചും 'ബഅദ മൌത്തിഹാ' അതിന്റെ (ഭൂമിയുടെ) മരണാനന്തരം എന്നു അതേ സൂക്തത്തില്‍ തന്നെ പറഞ്ഞിരിക്കെ?
പറഞ്ഞുതുടങ്ങിയ സ്ഥിതിക്ക് ഒന്നു കൂടി: 89 തവണ ഖുര്‍ആന്‍ വിശ്വാസികളെ വിളിക്കുന്നുണ്ട്. അതില്‍ 88 തവണയും 'യാ അയ്യുഅല്ലദീന ആമനൂ', അല്ലയോ വിശ്വസിച്ചവരേ എന്നാണ്. ഒരൊറ്റ തവണ 24:31ല്‍ മാത്രമാണു 'അയ്യുഹല്‍ മുഅ്മിനൂന്‍', വിശ്വാസികളേ എന്നു വിളിച്ചിട്ടുള്ളത്. ഖുര്‍ആന്‍ 'വിശ്വസിച്ചവരേ' എന്നു വിളിച്ചതെല്ലാം അങ്ങനെ തന്നെ പരിഭാഷിക്കുന്നതിനെന്താ കുഴപ്പം? പക്ഷേ, അങ്ങനെ വല്ലതും ആരെങ്കിലും നിഷ്കര്‍ഷിക്കാറുണ്ടോ?
അതിനേക്കാള്‍ വിചിത്രമായ കാര്യമിതാ: യാ നൂഹ്, യാ ഇബ്റാഹീം, യാ മൂസാ, യാ ഈസാ പോലെ യാ മുഹമ്മദ് എന്നു പ്രവാചകനെ ഒരിടത്തും ഖുര്‍ആന്‍ പേരെടുത്തു വിളിച്ചിട്ടില്ല. യാ അയ്യുഹന്നബിയ്യു, യാ അയ്യുഹര്‍റസൂലു എന്നൊക്കെയേ വിളിക്കൂ. ഇതു അദ്ദേഹത്തിനു മറ്റുള്ളവരേക്കാള്‍ കൂടുതലായി ലഭിച്ചിട്ടുള്ള ആദരവും സ്നേഹവുമാണ് കാണിക്കുന്നതെന്നു പറഞ്ഞിട്ടുണ്ട് പണ്ഡിതന്മാര്‍. പക്ഷേ, നമ്മുടെ പരിഭാഷകര്‍ക്ക് ബ്രാക്കറ്റില്‍ 'ഓ, മുഹമ്മദ്' എന്നെഴുതാന്‍ യാതൊരു സങ്കോചവുമില്ല.



Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly