'ഓരോ മനുഷ്യനും ജനിക്കുന്നത് അദ്ധ്വാനിക്കാനുള്ള രണ്ട് കൈകളുമായാണ്' എന്ന മാര്‍ക്സിയന്‍ വാക്യം അദ്ധ്വാനത്തിന് മറ്റെന്തിനെക്കാളും പരിഗണന നല്‍കുന്നതിന് വേണ്ടിയാണ് ഉദ്ധരിക്കാറുള്ളത്. മടിയന്മാര്‍ക്കും, കുറുക്കുവഴിയിലൂടെ സമ്പാദിക്കുന്നവര്‍ക്കുമുള്ള മുന്നറിയിപ്പ് കൂടിയാണിത്. ജനസംഖ്യാ നിയന്ത്രണം അതിര് വിട്ട് മുന്നേറിയ ഒരു കാലത്ത് ചിലര്‍ ഇത് ഉദ്ധരിച്ചിരുന്നു. ഇന്നിപ്പോള്‍ കേരളത്തിലെ അദ്ധ്വാനിക്കുന്ന വര്‍ഗം അദ്ധ്വാനിക്കാതെ കാശുണ്ടാക്കാവുന്ന മാര്‍ഗമായി ലോട്ടറിയില്‍ അഭയം തേടി പട്ടിണി വിലയ്ക്ക് വാങ്ങുമ്പോള്‍ ഈ മുന്നറിയിപ്പിന്റെ പ്രസക്തി വലുതാണ്. പക്ഷേ, ഈ മുന്നറിയിപ്പ് നന്നായി ബോധ്യപ്പെട്ട കേരളത്തിലെ അദ്ധ്വാനിക്കുന്ന വര്‍ഗത്തിലാണ് വിയര്‍പ്പൊഴുക്കാതെ സമ്പാദിക്കാനുള്ള മോഹങ്ങള്‍ ലോട്ടറി സ്വപ്നങ്ങളായി തഴച്ചു വളര്‍ന്നിരിക്കുന്നത്.
രാജ്യത്തിന്റെ ജീവിത വിഭവങ്ങള്‍ കൊണ്ട് ചൂതാടുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടുള്ള സാമ്പത്തിക വീക്ഷണം ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച സ്വാതന്ത്യ്ര സമര പോരാട്ടത്തിന്റെ മര്‍മമായിരുന്നു. ചൂഷണമുക്തമായ രാമരാജ്യം വിഭാവനം ചെയ്ത രാഷ്ട്രപിതാവിന്റെ ഖദര്‍ അലക്കിത്തേച്ച് ധരിച്ചുവെന്നല്ലാതെ ചൂഷകരില്‍ നിന്ന് ജനതയെ മോചിപ്പിക്കാനുള്ള ഒന്നും ശിഷ്യഗണങ്ങള്‍ക്കും ചെയ്യാനാവുന്നില്ലെന്ന് പ്രതിവര്‍ഷം 25,000 കോടിയുടെ വ്യാജലോട്ടറി വില്‍പന നടക്കുന്നതിന്റെ കണക്കുകളിലൂടെ രാജ്യത്തിന് ബോധ്യപ്പെടുകയാണ്.
രാജ്യത്ത് തഴച്ചു വളര്‍ന്ന ലോട്ടറി മാഫിയയെ നിയന്ത്രിക്കാനുള്ള ചര്‍ച്ചകളിലൊന്നും മാര്‍ക്സിന്റെയോ, ഗാന്ധിജിയുടെയോ, അതുപോലുള്ള ആചാര്യന്മാരുടെയോ സിദ്ധാന്തങ്ങള്‍ക്ക് സ്ഥാനമില്ല. അദ്ധ്വാനിക്കാതെ കുറുക്കുവഴിയിലൂടെ സമ്പാദിക്കാനുള്ള മോഹം തൊഴിലാളികളില്‍ വളര്‍ത്തിയതാണ് എന്നു പോലും അവര്‍ക്കറിയില്ല. തൊഴിലാളിയുടെ നിത്യവരുമാനം അരമുറുക്കി കെട്ടി ലോട്ടറി ടിക്കറ്റ് വാങ്ങാന്‍ വിനിയോഗിക്കുന്നതില്‍ വ്യാപൃതമായത് സാമൂഹിക പ്രതിബദ്ധതയുള്ള ഒരാള്‍ക്കും സഹിക്കാനാവാത്ത ദുരന്തമാണ്. പാവപ്പെട്ടവന്റെ കീശയില്‍ നിന്ന് ഊറ്റിയെടുത്ത കോടിക്കണക്കിന് രൂപ പ്രതിദിനം കേരളത്തില്‍ നിന്ന് ലോട്ടറി രാജാവ് തട്ടിയെടുക്കുന്നുവെന്നും അത് സംസ്ഥാനത്തിന്റെ പദ്ധതിവിഹിതത്തോളം ഉയര്‍ന്നു നില്‍ക്കുകയാണെന്നും നമ്മുടെ മുഖ്യമന്ത്രി തുറന്നു പറയുമ്പോള്‍ ലോട്ടറിയുടെ അടിമകളായിപ്പോയ കീഴാള വര്‍ഗത്തെ രക്ഷിക്കാന്‍ എന്താണ് വഴിയെന്ന് മാത്രം പറയുന്നില്ല.
കഴിഞ്ഞ രണ്ടു മാസമായി കേരളത്തിന്റെ കാതടപ്പിക്കുന്ന ശബ്ദത്തിലാണ് ലോട്ടറിമാഫിയാ സംവാദം ഉയര്‍ന്നു നിന്നത്. യഥാര്‍ഥത്തില്‍ ലോട്ടറി ഒരു ചൂതാട്ടമാണെന്നോ വര്‍ജിക്കപ്പെടേണ്ടതാണെന്നോ ഉള്ളതല്ല കോലാഹലത്തിന്റെ വിഷയം. ഭരണ നേതൃത്വത്തിന് ലോട്ടറി മാഫിയയുമായി എത്രത്തോളം ബന്ധമുണ്ടെന്ന് വ്യക്തതയോടെ അക്കമിട്ട് നിരത്തപ്പെടുകയായിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ പ്രതിനിധീകരിച്ച് രണ്ട് പക്ഷവും അവതരിപ്പിച്ച ന്യായങ്ങള്‍ കാച്ചിക്കുറുക്കിയാല്‍ ഈ ഒറ്റ ഉത്തരമേ കിട്ടുന്നുള്ളൂ. കേന്ദ്രമായാലും സംസ്ഥാനമായാലും ലോട്ടറി മാഫിയയുമായി പൊക്കിള്‍കൊടി ബന്ധമാണ് നിലനില്‍ക്കുന്നത് എന്ന ഉത്തരം. ഈ കള്ളനും പോലീസും കളി കണ്ട് നാം വിരസമായി ചോദിച്ചു പോവുകയാണ്. ഈ സാമ്പത്തിക ചൂഷണം അവസാനിപ്പിക്കാന്‍ ഇനിയെന്ത് മാര്‍ഗം?
ഭരണം ലോട്ടറി 'ദൈവങ്ങള്‍'ക്ക് വേണ്ടി
സംവാദം കേട്ടാല്‍ ആകെ ആശയക്കുഴപ്പമാണ്. കേന്ദ്ര നിയമമാണോ, അത് കൈകാര്യം ചെയ്യുന്ന കേന്ദ്ര സര്‍ക്കാറാണോ, അതോ കേന്ദ്ര നിയമത്തിന്റെ നിര്‍വഹകരായ സംസ്ഥാന സര്‍ക്കാറാണോ ആരാണ് ഈ നീന്തല്‍കുളത്തില്‍ നനഞ്ഞു നില്‍ക്കുന്നതെന്ന് സംശയിച്ചു പോകും. സംശയം വേണ്ട, നിയമങ്ങളൊന്നുമല്ല പ്രശ്നം; വ്യക്തികളാണ്. രണ്ട് മുന്നണികള്‍ക്കും ലോട്ടറി 'ദൈവങ്ങള്‍' ഉണ്ട്. ഈ സംവാദത്തില്‍ ദൈവങ്ങളാണ് ഉയര്‍ത്തി കാണിക്കപ്പെട്ടത്. സാന്റിയാഗോ മാര്‍ട്ടിനും മണികുമാര്‍ സുബ്ബയും ആകുന്ന ഈ ദൈവങ്ങളുടെ ചക്കര കുടത്തില്‍ കൈയിട്ട് വാരാത്തവരല്ല ഇവരെന്ന് പരസ്പരം മുഖം നോക്കി ഈ നേതാക്കള്‍ തന്നെയാണ് ഇപ്പോള്‍ വീമ്പ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അത് വെറുമൊരു വീമ്പല്ല. സത്യമാണെന്ന് ഈ സംവാദം തെളിയിച്ചു. നനയാതെ മീന്‍പിടിക്കാനാവില്ലെന്ന് നന്നായി അറിയുന്നവരായതുകൊണ്ട് സംവാദം വഴി നനഞ്ഞതിന് നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന് ഒരു വേവലാതിയും ഉണ്ടാവണമെന്നില്ല.
കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ ലോക്സഭയിലേക്ക് മൂന്ന് തവണ കയറി വന്ന ആളാണ് ലോട്ടറി രാജാവ് മണികുമാര്‍ സുബ്ബ. മൂന്ന് തവണ വിജിയിപ്പിച്ച അസമിലെ തേജ്പൂര്‍ ലോക്സഭാ മണ്ഡലവാസികള്‍ക്ക് അത്രയൊന്നും സുപരിചിതനല്ലാത്ത ഇയാള്‍ ഒരു കൊലക്കേസില്‍ പ്രതിയായി നേപ്പാളില്‍ നിന്ന് തടവുചാടി ഇന്ത്യയിലെത്തിയെന്നത് വലിയ കാര്യമായിരുന്നില്ല. കാരണം, അതിനപ്പുറമാണ് ഇയാളുടെ സാമ്പത്തിക വലയം. എല്ലാ വിവരങ്ങളും മറച്ചുപിടിച്ച്, പറയാവുന്നത് മാത്രം നിവര്‍ത്തുന്ന തെരഞ്ഞെടുപ്പ ് സ്വത്ത് വിവര വെളിപ്പെടുത്തല്‍ ഫോറത്തില്‍ ഇയാള്‍ 2004-ല്‍ രേഖപ്പെടുത്തിയത് തനിക്ക് വെറും 19 കോടിയുടെ സ്വത്തുക്കളേ ഉള്ളൂവെന്നാണ്. സിക്കിം, മണിപ്പൂര്‍, നാഗാലാന്‍ഡ് സര്‍ക്കാറുകളുടെ കോടികളുടെ ലോട്ടറി നികുതി വരുമാനം ഇയാള്‍ വെട്ടിച്ചുവെന്നത് കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു.പക്ഷേ, സി.ബി.ഐയുടെയും നീതിപീഠങ്ങളുടെയും മുന്നില്‍ പോലും മണികുമാര്‍ സുബ്ബ പതറിയിട്ടില്ല.
സാന്റിയാഗോ മാര്‍ട്ടിനുമായുള്ള ബന്ധത്തിന്റെ കറകഴുകാന്‍ നമ്മുടെ ധനമന്ത്രി തോമസ് ഐസക്കിന് എല്ലാ വേദിയിലും ഉദ്ധരിക്കാവുന്ന ലക്ഷണമൊത്ത സാക്ഷ്യമാണ് മണികുമാര്‍ സുബ്ബ. ലോട്ടറിയുടെ ചൂഷണം സംസ്ഥാനങ്ങള്‍ക്ക് തടയാന്‍ കഴിയുന്ന വിധത്തില്‍ നിയമനിര്‍മാണമോ, നിലവിലെ നിയമത്തിന്റെ നിര്‍വഹണമോ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നില്ലെന്ന് ആരോപണമുയര്‍ന്നു നില്‍ക്കുന്നത് മണികുമാര്‍ സുബ്ബയെപ്പോലുള്ളവരുടെ കോണ്‍ഗ്രസ്സിനുള്ളിലെ സ്വാധീന വലയത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ക്കും എളുപ്പത്തില്‍ വായിച്ചെടുക്കാന്‍ പറ്റും. കേരളത്തിലെ പുതിയ സംവാദം സാധിച്ചത് ഇത്തരമൊരു തിരിച്ചറിവാണ്.
കോയമ്പത്തൂരില്‍ ഒരു പെട്ടിക്കടയില്‍ ലോട്ടറി വിറ്റ കമീഷന്‍ കൊണ്ട് കഞ്ഞികുടിച്ച് ജീവിച്ച പാവം ഒരു ഏജന്റായിരുന്ന സാന്റിയാഗോ മാര്‍ട്ടിന്‍ ശതകോടികളുടെ ആസ്തിയുള്ള ലോട്ടറി ചക്രവര്‍ത്തിയായത് കേരളത്തിന്റെ രക്തം ഊറ്റിയെടുത്താണെന്ന സത്യം പുറത്ത് വന്നത് ഇപ്പോഴൊന്നുമല്ല. ദേശാഭിമാനിക്ക് രണ്ട് കോടി രൂപ പരസ്യത്തിന് അഡ്വാന്‍സായി വാങ്ങിയത് മുതല്‍ സാന്റിയാഗോ മാര്‍ട്ടിന്‍ കേരളത്തിലെ ഹീറോ ആയിരുന്നു. ഇ.പി ജയരാജനെപ്പോലുള്ള സി.പി.എമ്മിലെ പ്രായോഗികവാദികളുടെ ഇഷ്ട താരമായി മാറിയ സാന്റിയാഗോവുമായുള്ള ബന്ധമാണ് ഇപ്പോള്‍ കേരള സര്‍ക്കാറിനെ വല്ലാത്തൊരു പരുവത്തിലേക്ക് ചാടിക്കാനിടയായ നടപടികള്‍ക്ക് നിര്‍ബന്ധിച്ചിരിക്കുന്നത്.
ഉള്‍പാര്‍ട്ടി ചര്‍ച്ചയുടെ
ഉപ്പ് പുരട്ടിയ വിയര്‍പ്പ്
ലോട്ടറി മാഫിയക്കെതിരായി കരുത്തുറ്റ നിലപാടാണ് കേരളം സ്വീകരിക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാന്‍ തോമസ് ഐസക്ക് വല്ലാതെ വിയര്‍ക്കുകയാണ്. ഈ വിയര്‍പ്പിന് യഥാര്‍ഥത്തില്‍ ഉള്‍പാര്‍ട്ടി ചര്‍ച്ചയില്‍ ചാലിച്ചെടുത്ത ഉപ്പ് രസം കൂടി ചേര്‍ന്നിട്ടുണ്ടായിരുന്നു. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നടത്തിയ മിന്നല്‍പ്പിണറായ ചില പ്രസ്താവനകള്‍ക്ക് ശേഷമാണ് സംസ്ഥാന ധനകാര്യ വകുപ്പ് ഇപ്പോഴത്തെ ചടുല നിലപാടില്‍ എത്തിയതെന്ന് സൂക്ഷ്മപരിശോധനയില്‍ വ്യക്തമാണ്. ലോട്ടറി ഭ്രമത്തിനെതിരായി ആദ്യം പൊതുവായ ഒരു പ്രസ്താവന. പിന്നീട് ലോട്ടറി പരസ്യത്തിന് വഴിപ്പെടുന്ന മാധ്യമങ്ങള്‍ക്കെതിരായ ഒളിയമ്പ്. അതിനു ശേഷം ലോട്ടറികളുടെ പരസ്യമോഡലുകളാവുന്ന താരങ്ങളോടുള്ള താക്കീത്. തുടര്‍ന്ന് ജഗതിയുടെ പ്രതികരണം. അങ്ങനെ തോമസ് ഐസക്കിനും കൈരളി ടി.വി.ക്കും സി.പി.എമ്മിന് തന്നെയും പിടിച്ചുനില്‍ക്കാന്‍ അത്താണിയില്ലാത്ത വിധം വിവാദം മുഖ്യമന്ത്രിയിലൂടെ കൊഴുക്കുകയായിരുന്നു.
ജൂലൈ 27-ന് കോണ്‍ഗ്രസ്സിലെ വി.ഡി സതീശന്‍ നിയമസഭയില്‍ ഉന്നയിച്ച അനധികൃത ലോട്ടറി നറുക്കെടുപ്പിന്റെ ആരോപണങ്ങളാണ് കോളിളക്കത്തിലേക്ക് ചാലു കീറിയത്. സാന്റിയാഗോ മാര്‍ട്ടിന്റെ അടുത്ത ബന്ധുവായ ജോണ്‍ കെന്നഡിയുടെ ഉടമസ്ഥതയിലുള്ള മേഘ ഡിസ്ട്രിബ്യൂട്ടേര്‍സിന് രണ്ട് നറുക്കെടുപ്പിന് കൂടി സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതായിരുന്നു ആദ്യത്തെ വിവാദം. ഇതില്‍ 25 കോടിയുടെ അഴിമതി നടന്നുവെന്നാണ് ആരോപിക്കപ്പെട്ടത്. കേരള ടാക്സ് ഓണ്‍ പേപ്പര്‍ ആക്ടിന് വിരുദ്ധമായി മേഘയെ സിക്കിം ലോട്ടറിയുടെ പ്രമോട്ടറായി കേരളം അംഗീകരിച്ചുവെന്നതാണ് മറ്റൊരു ആരോപണം. ഇത് സംബന്ധിച്ച അവ്യക്തത കത്തിടപാടിലൂടെ സര്‍ക്കാര്‍ നീക്കിയിരുന്നു. പക്ഷേ, രണ്ട് നറുക്കെടുപ്പിന് കൂടി അധികമായി അനുമതി നല്‍കിയത് വലിയ വീഴ്ചയായി കണ്ടുപിടിക്കപ്പെടുകയായിരുന്നു. അന്യസംസ്ഥാന ലോട്ടറികള്‍ മൂന്‍കൂര്‍ നികുതി നല്‍കിയേ ടിക്കറ്റ് വില്‍പനയും നറുക്കെടുപ്പും നടത്താവൂ എന്ന ചട്ടം ലംഘിച്ച് അധിക നറുക്കെടുപ്പും ഇവിടെ അരങ്ങേറുകയായിരുന്നു. സാധാരണ നറുക്കെടുപ്പിന് ഏഴ് ലക്ഷവും ബംബറിന് 15 ലക്ഷവുമാണ് മുന്‍കൂര്‍ നികുതി. മുന്‍കൂര്‍ നികുതി നല്‍കാതെയാവുമ്പോള്‍ പലിശയും പിഴപലിശയും ഈടാക്കണം. നറുക്കെടുപ്പ് നടന്നതായി കണ്ടുപിടിച്ചിട്ടും ഇത് ചെയ്തില്ല. ഈ വകയില്‍ നികുതി ഇനത്തില്‍ 1.82 കോടി മുതല്‍ ഒമ്പത് കോടിയോളം രൂപ ഈടാക്കാവുന്ന അവസരമാണ് നഷ്ടമായതെന്ന് കണ്ടെത്തി. ഇതിന്റെ പേരില്‍ വാണിജ്യനികുതി അസി.കമീഷണറെ സസ്പെന്റ് ചെയ്തു. പക്ഷേ, രാഷ്ട്രീയ നേതൃത്വം അറിഞ്ഞുകൊണ്ട് നടന്ന നികുതിവെട്ടിപ്പിന്റെ പേരില്‍ ഉദ്യോഗസ്ഥനെ ബലിയാടാക്കിയെന്നായി ആരോപണം. ഈ ആരോപണം കൊഴുത്ത് വലുതായപ്പോഴേക്കും നികുതി വെട്ടിച്ചതിന്റെ കണക്ക് 5750 കോടിയായി വളരുകയായിരുന്നു.
ജൂലൈ 28-ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവും ധനകാര്യമന്ത്രിയും തമ്മില്‍ കടുത്ത ഭാഷയിലുള്ള ഏറ്റുമുട്ടലാണ് ഇതേക്കുറിച്ച് നടന്നത്. അന്ന് ധനകാര്യ മന്ത്രി നല്ല ഫോമിലായിരുന്നു. ധനകാര്യമന്ത്രിയുടെ ആത്മാര്‍ഥത തെളിയിക്കുന്ന ചില നടപടികളും പിന്നീടുണ്ടായി. എറണാകുളം ശിങ്കാരം ലോട്ടറി ഏജന്‍സി റെയ്ഡ് ചെയ്ത് ആറ് കോടിയുടെ നികുതിവെട്ടിപ്പും കണക്കില്‍ പെടാത്ത ഒരു കോടിരൂപയും സ്വര്‍ണങ്ങളുമാണ് പിടികൂടിയത്.
കേരളത്തിന്റെ മദ്യാസക്തിക്കും അന്യസംസ്ഥാന ലോട്ടറി ഭ്രമത്തിനും എതിരെ ആഗസ്റ് പതിനഞ്ചിന് സ്വാതന്ത്യ്ര ദിന പരേഡില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗം എല്ലാവരുടെയും ഹൃദയത്തില്‍ തട്ടുന്നതായിരുന്നു. അന്യസംസ്ഥാന ലോട്ടറി ഭ്രമവും മദ്യാസക്തിയും കേരളത്തെ കാര്‍ന്ന് തിന്നുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ പിന്നാലെയാണ് വാളയാര്‍ ചെക്ക്പോസ്റില്‍ നിന്ന് 30 ലക്ഷം സിക്കിം ലോട്ടറികള്‍ പിടികൂടിയത്.
ഇതോടെ മറ്റൊരു ഞെട്ടിക്കുന്ന വിവരം കൂടി പുറത്തുവരികയായിരുന്നു. കേന്ദ്ര ലോട്ടറി നിയമം അഞ്ചാം വകുപ്പനുസരിച്ച് ഏത് അന്യസംസ്ഥാന ലോട്ടറിയും അത് വിറ്റഴിക്കുന്ന സംസ്ഥാനത്ത് ഗവ. പ്രസ്സിലോ കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള പ്രസ്സിലോ പ്രിന്റ് ചെയ്യണമെന്ന ഉപാധി നഗ്നമായി ലംഘിക്കപ്പെട്ടാണ് ഇവിടെ ടിക്കറ്റുകള്‍ എത്തുന്നതെന്നാണ് ഇതോടെ വ്യക്തമായത്. സാന്റിയാഗോ മാര്‍ട്ടിന്‍ സ്വന്തമായി സ്വകാര്യ പ്രസ്സില്‍ കണക്കില്ലാതെ അച്ചടിക്കുന്ന ടിക്കറ്റുകളാണ് വിറ്റഴിക്കപ്പെടുന്നതെന്ന സത്യം ഇതോടെ പുറത്തായി. അത് സംബന്ധിച്ച് ചില കണക്കുകളും അപ്പോള്‍ തന്നെ പുറത്ത് വന്നു. ഒരു ദിവസം വ്യത്യസ്ത മണിക്കൂറുകളില്‍ നറുക്കെടുക്കുന്ന ലോട്ടറിക്ക് വേണ്ടി എണ്ണിയാലൊടുങ്ങാത്ത വിധം ടിക്കറ്റുകള്‍ അച്ചടിക്കപ്പെടുന്നുവെന്നതാണ് ഈ വിവരം. 15,696 കോടിയുടെ ടിക്കറ്റാണ് ഇങ്ങനെ അച്ചടിച്ച് വില്‍ക്കുന്നത്.
ഈ വിവരങ്ങളെല്ലാം പുറത്ത് വന്ന മുറക്ക് മുഖ്യമന്ത്രിയുടെ പ്രസ്താവനയും രൂപഭേദത്തോടെ തുടര്‍ന്നു. തിരുവനന്തപുരത്ത് കേരള പത്രപ്രവര്‍ത്തക യൂനിയന്റെ സെമിനാറില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ ഉള്ളടക്കം ലോട്ടറികളുടെ പരസ്യം സ്വീകരിക്കുന്ന മാധ്യമങ്ങളുടെ നിലപാടുകളെക്കുറിച്ചായിരുന്നു. ദേശാഭിമാനി സ്വീകരിച്ച രണ്ട് കോടിയും കൈരളി ചാനലിലെ ഭൂട്ടാന്‍ സിക്കിം ലോട്ടറികളുടെ പരസ്യവും നറുക്കെടുപ്പ് സംപ്രേക്ഷണവും എല്ലാം അപ്പോഴേക്കും പ്രതിപട്ടികയിലായി. സിനിമാ നടന്‍ കമലഹാസന് കേരള സര്‍ക്കാര്‍ നല്‍കിയ ആദരിക്കല്‍ ചടങ്ങില്‍ എഴുതി വായിച്ച മുഖ്യമന്ത്രിയുടെ പ്രസംഗത്തിലും ലോട്ടറിക്കും അതുപോലുള്ള വഞ്ചനാപരമായ സംരംഭങ്ങള്‍ക്കും മോഡലുകളായി തീരുന്ന താരങ്ങളോടുള്ള കടുത്ത വിയോജിപ്പ് ശക്തമായി ഉയര്‍ന്നു. ഇതിന് പിന്നാലെ സിക്കിം-ഭൂട്ടാന്‍ പരസ്യങ്ങളുടെ ബ്രാന്റ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് സിനിമാ നടന്‍ ജഗതി പിന്‍മാറി. മുഖ്യമന്ത്രിയുടെ പ്രസംഗം തന്നെ വല്ലാതെ സ്വാധീനിച്ചുവെന്ന് ജഗതി പറയുകയുണ്ടായി. അപ്പോഴും മുഖ്യമന്ത്രിയുടെ പാര്‍ട്ടി മേല്‍നോട്ടം വഹിക്കുന്ന ചാനലില്‍ ഇതിന്റെ വിവാദ ലോട്ടറി പരസ്യം തുടര്‍ന്നു. മാത്രമല്ല, ധനകാര്യമന്ത്രി തോമസ് ഐസക്കുമായി പീപ്പിള്‍സ് ടി.വി നടത്തിയ ലോട്ടറി സംവാദ മുഖാമുഖത്തിലും വിവാദ ലോട്ടറി പരസ്യമാണ് പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശിപ്പിച്ച പരസ്യത്തെ ചൂണ്ടി തന്നെ പീപ്പിള്‍സ് ഡസ്ക് മന്ത്രിയോട് അതേക്കുറിച്ച് അഭിപ്രായം ചോദിക്കുകയായിരുന്നു. ഇത്രമാത്രം പ്രതീകാത്മകമായി ഈ വിവാദം പിരിമുറുകി.
പാര്‍ട്ടി ചാനല്‍ പരസ്യം വാങ്ങുന്നത് തെറ്റല്ലേ എന്ന ചോദ്യത്തിന് ചാനലാണ് അതിന് മറുപടി പറയേണ്ടതെന്നായിരുന്നു സി.പി.എം നേതാക്കളുടെ മറുപടി. ഈ മറുപടിക്ക് മറുമരുന്നായിരുന്നു ചാനല്‍ ഐസക്കുമായി നടത്തിയ അഭിമുഖം. ലോട്ടറി മാഫിയ ധനവകുപ്പ് ആസ്ഥാനത്ത് പിടിമുറുക്കിയോ എന്നു പോലും പാര്‍ട്ടി ചാനലിന്റെ അഭിമുഖത്തില്‍ ഐസക്ക് ചോദ്യം നേരിട്ടു. താന്‍ മന്ത്രിയായ നിമിഷം ചെയ്ത പ്രതിജ്ഞകളില്‍ ഒന്ന് അത്തരക്കാര്‍ മന്ത്രിഓഫീസിന് പുറത്തായിരിക്കുമെന്നായിരുന്നുവെന്ന് ഐസക്ക് മറുപടി നല്‍കി. പുറത്തിരുന്നും സ്വാധീനിക്കാന്‍ കെല്‍പുള്ളവരാണ് ലോട്ടറി മാഫിയ എന്നും ചാനല്‍ ഐസക്കിനെ തിരുത്തുന്നതും ഈ അഭിമുഖത്തില്‍ പ്രേക്ഷകര്‍ കണ്ടു. അത്രത്തോളം ലോട്ടറി മാഫിയ ബന്ധം ആരാണ് നിശ്ചയിച്ചത് എന്ന കാര്യം ഉന്നതങ്ങളില്‍ വിവാദമായിരുന്നുവെന്ന് ചുരുക്കം. അഭിമുഖത്തിന് ശേഷം പാര്‍ട്ടിയില്‍ ഇത് കൂടുതല്‍ വിവാദമാവുകയായിരുന്നു. ലോട്ടറി തട്ടിപ്പിനെതിരായ നടപടിയില്‍ കൂടുതല്‍ ഉശിര് വന്നത് അതിന് ശേഷമാണ്.
ഏറ്റവും ഒടുവില്‍ തിരുവനന്തപുരം പ്രസ്ക്ളബ്ബില്‍ തോമസ് ഐസക്കും വി.ഡിസതീശന്‍ എം.എല്‍.എയും തമ്മില്‍ പരസ്യമായ സംവാദം നടത്തി പിരിഞ്ഞുവെങ്കിലും ലോട്ടറി മാഫിയയെ തളക്കാനുള്ള വഴിമാത്രം തുറക്കപ്പെട്ടില്ല.
സംവാദത്തില്‍ വിജയിച്ചത്
നികുതി വരുമാനം
കോളിളക്കമുണ്ടാക്കിയ സംവാദങ്ങള്‍ക്ക് ശേഷവും ലോട്ടറിയെന്ന ചൂതാട്ടത്തെയല്ല, ചൂതാട്ടത്തിന്റെ തണലില്‍ പൊതുഖജനാവ് വീര്‍പ്പിക്കാനുള്ള അജണ്ടയാണ് വിജയിച്ചത്. കേന്ദ്ര നിയമമാണ് ലോട്ടറി മാഫിയയെ നിയന്ത്രിക്കേണ്ടതെന്ന് പറഞ്ഞുകൊണ്ടാണ് ഇതിനിടയില്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. അതോടെ ലോട്ടറിയുടെ സംസ്ഥാനത്തിനുള്ള നികുതി വരുമാനം കുത്തനെ ഉയര്‍ന്നു. സാധാരണ നറുക്കെടുപ്പിനുള്ള നികുതി ഏഴു ലക്ഷത്തില്‍ നിന്ന് 14 ലക്ഷമായും ബംബര്‍ നറുക്കെടുപ്പിനുള്ള നികുതി 17 ലക്ഷത്തില്‍ നിന്ന് 50 ലക്ഷമായും പുതിയ ഓര്‍ഡിനന്‍സിലൂടെ പുതുക്കി. അദൃശ്യങ്ങളില്‍ നിന്നുള്ള നറുക്കെടുപ്പിന് വിരാമമിട്ടുകൊണ്ട് നറുക്കെടുപ്പിന്റെ സമയം, സ്ഥലം, തീയതി, സമ്മാന ഘടന തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ പ്രഫോര്‍മ സമര്‍പ്പിക്കപ്പെടണമെന്നും ഓര്‍ഡിനന്‍സ് അനുശാസിച്ചു.
ഭൂട്ടാനും സിക്കിമും മാത്രമല്ല, കേരള ലോട്ടറി വകുപ്പും കേന്ദ്ര ലോട്ടറി നിയമം നഗ്നമായി ലംഘിക്കുന്നുവെന്നതാണ് ഈ സംവാദത്തിലൂടെ വെളിപ്പെട്ട മറ്റൊരു കാര്യം. മുന്‍കൂര്‍ നികുതി വാങ്ങാതിരുന്ന നടപടിക്കെതിരെ മേഘ ഡിസ്ട്രിബ്യൂട്ടേര്‍സ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി നല്‍കിയ ഉത്തരവോടെയാണ് കേരള ലോട്ടറിയും വലിയ അക്കിടിയില്‍ വീണത്. ആഴ്ചയില്‍ ഏഴു ദിവസവും നറുക്കെടുപ്പ് നടത്തി പാവങ്ങളുടെ വിയര്‍പ്പ് തുള്ളികള്‍ കോടികളായി സര്‍ക്കാര്‍ ഇതുവരെ ഊറ്റിയെടുക്കുകയായിരുന്നു. കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമം നാല് എച്ച്, നാല് ജെ വകുപ്പ് അനുസരിച്ച് ഒരു ലോട്ടറിക്ക് ആഴ്ചയില്‍ ഒന്നിലേറെയോ വര്‍ഷത്തില്‍ ആറിലധികം ബംബറുകളോ നറുക്കെടുക്കാന്‍ പാടില്ലെന്നാണ്. ഇത് ലംഘിച്ചാണ് കേരള ലോട്ടറി വിവിധ പേരുകളില്‍ ആഴ്ചയില്‍ എല്ലാ ദിവസവും നറുക്കെടുപ്പ് നടത്തിയത്.
ചൂതാട്ടവും വിപ്ളവമാകുന്ന കാലം
മുച്ചീട്ടുകളിക്കാരനെ ഓടിച്ച് പിടികൂടി പെറ്റീ കേസ് റജിസ്റര്‍ ചെയ്യുന്ന കുപ്പിണി പോലീസുകാരന്‍ അവന്റെ മനസ്സാക്ഷിയോട് ഇപ്പോള്‍ ചോദിക്കുന്ന ശരാശരി ചോദ്യങ്ങളുണ്ട്. യഥാര്‍ഥത്തില്‍ ചൂതാട്ടം എന്താണ്? പണം വെച്ച് മുച്ചീട്ടുകളിക്കുന്നത് മാത്രമോ? പണം ചെലവാക്കി ഫലം കാത്തിരിക്കുന്നതോ? കാത്തിരിക്കാന്‍ ആര്‍ക്കും സമയമില്ലാത്തതിനാല്‍ ഓരോ മണിക്കൂറിലും ദിവസങ്ങളിലും ഫലം പ്രഖ്യാപിക്കുന്നു. അപ്പോള്‍ വട്ടത്തിലിരുന്ന് മുച്ചീട്ടു കളിക്കുന്നവനും ലോട്ടറിയുടെ ഫലപ്രഖ്യാപന ബോര്‍ഡ് പരതി കൂട്ടം കൂടി നില്‍ക്കുന്നവരും തമ്മില്‍ എന്താണ് വ്യത്യാസം?
കമ്യൂണിസ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്)യുടെ പരിപാടിയില്‍ ജനകീയ ജനാധിപത്യ സര്‍ക്കാര്‍ നിര്‍വഹിക്കുന്ന കടമകളും പരിപാടികളും വിശദീകരിച്ചപ്പോള്‍ എട്ടാം ഖണ്ഡികയായി പറഞ്ഞത് ജനകീയ ജനാധിപത്യ ഭരണകൂടം കള്ളപ്പണം കണ്ടെത്തുകയും അഴിമതി ഇല്ലാതാക്കുകയും ചെയ്യുമെന്നാണ്.പരിപാടിയില്‍ പറഞ്ഞ ജനകീയ ജനാധിപത്യ സംവിധാനം ഭാവിയില്‍ സംഭവിക്കുന്നതാണ്. നിലവില്‍ അതില്ല എന്നതാണ് നേര്. ബൂര്‍ഷ്വാ ജനാധിപത്യ സംവിധാനത്തിലെ അടവ്പരമായ ഭരണ നിര്‍വഹണത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത് എന്നും തിരിച്ചറിയാം. അതുകൊണ്ട് ലോട്ടറിയിലെ കള്ളപ്പണവും അഴിമതിയും എല്ലാം പഥ്യമായിരിക്കും. പക്ഷേ, ഇതും ക്രിമിനലുകളുടെ സ്വര്‍ഗരാജ്യമാണ് എന്ന തിരിച്ചറിവെങ്കിലും ഈ സംവാദത്തോടെ ഉണ്ടാവണമായിരുന്നു.
ഊഹകച്ചവടം സാമ്രാജ്യത്വം കെട്ടിപ്പടുത്ത വലിയൊരു സാമ്പത്തിക കുമിളയാണ്. സമാനമായ ഊഹക്കൊയ്മയാണ് ലോട്ടറി. വിപ്ളവനാടുകളില്‍ നിര്‍വചിക്കപ്പെട്ട മാഫിയ തലക്കെട്ടുകളായ ചൈനീസ് ത്രിമൂര്‍ത്തികള്‍, സിസിലിയന്‍ മാഫിയ, ജപ്പാനീസ് യക്കൂസ പോലുള്ള ഉപജാപക വൃത്തം കെട്ടുറപ്പുള്ളതും ഭരണത്തെ നിയന്ത്രിച്ചവയുമാണ്. ലോട്ടറിമാഫിയ എന്ന സമകാലിക ഉപജാപക സംഘത്തെയും ഇവരോടൊപ്പം ചേര്‍ത്ത് പറയേണ്ടതുണ്ട്. കാലഗണനയനുസരിച്ച് സാമ്പത്തിക മേഖലയിലെ പുതിയ പ്രവണതകളിലൊന്നായി വന്ന വലിയ മാഫിയ എന്ന ബഹുമതി ലോട്ടറിക്ക് നല്‍കാതിരിക്കുന്നത് ചരിത്രത്തെ മൂലധനമാക്കുന്ന വിപ്ളവ പ്രസ്ഥാനങ്ങള്‍ക്ക് ഒരിക്കലും യോജിക്കാത്തതാണ്. അങ്ങനെയാവുമ്പോള്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയെന്ന് പറയുന്ന ലോട്ടറി നയത്തിന്റെ വൈകല്യവും ചാപല്യവും അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും കമ്യൂണിസ്റുകളുടെ ചെങ്കോലില്‍ നീരാളിയായി പിടിമുറുക്കുന്നതെന്തു കൊണ്ട് എന്ന ചോദ്യം പ്രസക്തമാണ്. തത്ത്വമാണോ വ്യക്തിയാണോ നമ്മെ നയിക്കുന്നതെന്ന ചോദ്യമുയരുന്നത് ഇത്തരം സത്യങ്ങള്‍ വെളിപ്പെടുമ്പോഴാണ്.
കേരള ലോട്ടറിയുടെ ചരിത്രം തന്നെ ഒന്ന് പരിശോധിച്ചോളൂ. എപ്പോഴാണ് ഈ ലോട്ടറിയിലൂടെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം നീങ്ങുന്ന സാമ്പത്തിക സന്തുലിതത്വം ഉണ്ടായതെന്ന് ധനശാസ്ത്രജ്ഞനായ തോമസ് ഐസക്കിനു പോലും വിവരിക്കാനാവില്ല. അദ്ദേഹം തന്നെ ഇപ്പോള്‍ പറയുന്നത് ഇതുവരെയും ലോട്ടറി നേടിയവര്‍ എത്രയുണ്ടെന്ന് കണക്കെടുക്കുമെന്നാണ്. അത് നല്ല കാര്യമാണ്. എടുത്ത നറുക്കുകളെല്ലാം ലോട്ടറി വാങ്ങിയ വ്യക്തിക്ക് കിട്ടിയോ? നേടിയ ബംബറുകളെല്ലാം ഏതെല്ലാം ലോട്ടറി ഏജന്റുമാരുടെ ബന്ധുക്കളുടെയോ ബിനാമികളുടെയോ പേരിലാണ് റിലീസ് ചെയ്യപ്പെട്ടത്? ലോട്ടറി നേടി ജീവിതം ഭദ്രമാക്കിയ എത്ര കീഴാളരുണ്ട് ഇവിടെ? എന്നിത്യാദി കാര്യങ്ങള്‍ അക്കമിട്ട് നിരത്താന്‍ ലോട്ടറിക്ക് വേണ്ടി വാദിക്കുന്നവര്‍ക്ക് കഴിയണം. ലോട്ടറിയിലൂടെ പാവപ്പെട്ടവരില്‍ നിന്ന് കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ എത്ര ശതകോടികള്‍ പൊതുഖജനാവിലേക്ക് ഊറ്റിയെന്നും ഒപ്പം കണക്കെടുക്കട്ടെ. അപ്പോഴറിയാം, സമ്പാദ്യമോഹം നല്‍കി സ്വന്തം ജനതയെ ഒരു സര്‍ക്കാര്‍ എത്രകാലമായി പിഴിയുന്നുവെന്നും വഞ്ചിക്കുന്നുവെന്നും!
ഈ മേഖലയിലെ വെട്ടിപ്പിന്റെ രൂപങ്ങള്‍ പലതാണ്. മോഹം നല്‍കി പിഴിയുന്ന ലോട്ടറി മാഫിയ തന്നെ ഭാഗ്യം നേടിയവരെ കുരുക്കിലിടുന്ന ചില വഴികളും കുപ്രസിദ്ധമാണ്.
ലോട്ടറി നേടിയെന്ന് പറയുന്ന ഒരാളെ ആദ്യം സമീപിക്കുന്നത് ബാങ്കുകളല്ല. പത്ത് ലക്ഷം ലോട്ടറി കിട്ടിയ ആളെ ലോട്ടറി ഏജന്റിന്റെ തന്നെ അറിവോടെ ചില ബിനാമികള്‍ സമീപിച്ച് വിലപേശുന്നു. പത്ത് ലക്ഷത്തിന് പതിനഞ്ച് ലക്ഷവും അതിലധികവും വാഗ്ദാനം ചെയ്യപ്പെടുന്നു. അതുതന്നെ നല്‍കപ്പെടും. അങ്ങനെ ലോട്ടറി ടിക്കറ്റിലൂടെ കള്ളപ്പണം വെളുപ്പിക്കപ്പെടുന്നു. ലോട്ടറി വിറ്റതിന്റെ കമീഷന്‍ കൊണ്ട് ഒരു നാടിനെയാകെ വിലയ്ക്കെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃഖല തീര്‍ത്ത ഒരാള്‍ കണ്ണൂരില്‍ ഉണ്ട്. കണ്ണൂര്‍ പ്രസ്ക്ളബ്ബിന് സമീപം വെറുമൊരു ലോട്ടറി സ്റാള്‍ നടത്തിയ ആളാണ് ഇപ്പോള്‍ മലബാറിലെ വില്‍പനയുടെ മൊത്തവ്യാപാരി. വെറും കമീഷനല്ല ഈ വളര്‍ച്ചയുടെ കാതലെന്ന് ഇയാളുടെ സമീപകാലത്തെ സാമ്പത്തിക പെരുമയില്‍ നിന്ന് വ്യക്തമാണ്.
ലോട്ടറി വില്‍ക്കുന്ന ഏജന്റുമാരുടെ സംഘടനയുണ്ടാക്കി വര്‍ഗ രാഷ്ട്രീയത്തില്‍ ആളെ കൂട്ടാന്‍ കഴിയുന്നുവെന്നത് ചൂതാട്ടം വികസിച്ചതിലൂടെ പാര്‍ട്ടിക്ക് കിട്ടിയ വലിയ വിജയമായിരിക്കും. മദ്യപിക്കുന്നതിനോട് ഭരണഘടനാപരമായി വിയോജിപ്പുള്ള പാര്‍ട്ടി തന്നെ മദ്യവ്യവസായ തൊഴിലാളിയോടുള്ള വര്‍ഗപരമായ കൂറ് പുലര്‍ത്താന്‍ നിര്‍ബന്ധിതമായ കാലമാണിത്. കര്‍ഷക തൊഴിലാളികളും ബീഡിപ്പണിക്കാരും നെയ്ത്തുകാരും പാര്‍ട്ടിയുടെ ശക്തിസ്രോതസ്സുകളായിരുന്നത് പഴങ്കഥയാണ്. നികത്തപ്പെട്ട വയലുകളും ചിതല്‍ പിടിച്ച തറികളും ഇഴചേരാത്ത ഊടും പാവും മാത്രമുള്ള 'തൊഴില്‍ പതന'ത്തിന് മുന്നില്‍ പകച്ചുനില്‍ക്കുമ്പോള്‍ കിട്ടാവുന്ന കച്ചിത്തുരുമ്പുകളായി ലോട്ടറി ഏജന്റുമാരുടെ സംഘടന പാര്‍ട്ടിയെ നയിക്കുന്നു. ഇത്തരം വിവാദങ്ങളില്‍ മന്ത്രിമാരും മുഖ്യനും വെള്ളം കുടിക്കുന്നത് കാണുമ്പോള്‍ കാലം വരുത്തിയ മാറ്റമാണെന്ന് ആശ്വസിച്ചാല്‍ മാത്രം മതി.
കോണ്‍ഗ്രസ്സുകാരുടെ മാഫിയാ ബന്ധം വിസ്മരിച്ച് സി.പി.എമ്മിനെ മാത്രം പഴിപറയുകയാണെന്ന് ഇത്രയും പറഞ്ഞതില്‍ നിന്ന് തെറ്റിദ്ധരിക്കരുത്. ഉമ്മന്‍ചാണ്ടി ധനമന്ത്രിയായിരുന്ന കാലത്താണ് കേരളം കണ്ട ഏറ്റവും വലിയ ഇന്‍സ്റന്റ് ലോട്ടറി പൊടിപൊടിച്ചത്. ടിക്കറ്റില്‍ ചുരണ്ടി നോക്കി തല്‍സമയ സമ്മാനം വാഗ്ദാനം ചെയ്യുന്ന തട്ടിപ്പിന്റെ അടിവേര് അറുക്കാനുള്ള നടപടികള്‍ മുന്നേറിയപ്പോഴാണ് ഓണ്‍ലൈന്‍ ലോട്ടറിയായും മറ്റു പലതായും രൂപഭാവം മാറി മാഫിയ പിടിച്ചു നിന്നത്. കോണ്‍ഗ്രസ്സുകാരേക്കാള്‍ സിദ്ധാന്തം കൈയിലുള്ളവരെന്ന നിലയില്‍ കമ്യൂണിസ്റുകള്‍ക്കാണ് ലോട്ടറിയെ ചൂതാട്ടം എന്ന നിലയില്‍ തന്നെ തിരിച്ചറിയാനാവുകയുള്ളൂ എന്ന പ്രതീക്ഷയാണ് ജനങ്ങള്‍ക്കുള്ളത്. ഈ പ്രതീക്ഷ തെറ്റുമ്പോഴാണ് ബൂര്‍ഷ്വാസിയുമായി അകലം കുറയുന്നതിന്റെ ലക്ഷണം ജനം ചൂണ്ടികാണിക്കാന്‍ നിര്‍ബന്ധിതരാവുന്നത്.
മാധ്യമങ്ങളുടെ മൂന്നാം കണ്ണ് ഇത്രയും കാലം എവിടെയായിരുന്നുവെന്ന് നാം മൂക്കത്ത് വിരല്‍ വെച്ച് ചോദിച്ച് പോകുന്നു. രാഷ്ട്രീയ നേതൃത്വം പടച്ചു വിടുന്ന വിവാദങ്ങള്‍ എരിവും പുളിയും പുരട്ടി അവതരിപ്പിക്കുക എന്നതല്ലാതെ സ്വന്തമായി അന്വേഷിച്ച് കണ്ടെത്തിയ ഒരു നികുതി വെട്ടിപ്പിന്റെയോ ലോട്ടറി മാഫിയാ വിളയാട്ടത്തിന്റെയോ കഥയല്ല നാം കേള്‍ക്കുന്നത്. അതുകൊണ്ട് തന്നെ രാഷ്ട്രീയ നേതൃത്വം എപ്പോള്‍ ഈ സംവാദം നിര്‍ത്തുന്നുവോ അപ്പോള്‍ ഈ മാഫിയ സംവാദത്തിന്റെ അധ്യായം അവസാനിച്ചേക്കും. അങ്ങനെ അവസാനിക്കേണ്ടതാണോ ഈ പ്രശ്നമെന്ന് ജനങ്ങളാണ് അവരുടെ നേതാക്കളോട് ആര്‍ജവത്തോടെ ചോദിക്കേണ്ടത്.
.