Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>
ലേഖനം


ആദ്യത്തെ പ്രാസ്ഥാനിക തഫ്സീര്‍-3
തഫ്ഹീമുല്‍ ഖുര്‍ആന്റെ പ്രാസ്ഥാനികത

# ഹൈദറലി ശാന്തപുരം

 

 
 



ഒരു ഇസ്ലാമിക പ്രസ്ഥാനത്തിന് മാര്‍ഗദീപമാകുന്ന ശൈലിയിലാണ് തഫ്ഹീമുല്‍ ഖുര്‍ആന്‍ എഴുതപ്പെട്ടിട്ടുള്ളത്. അതിന്റെ ശൈലി വൈജ്ഞാനികമായതോടൊപ്പം പ്രാസ്ഥാനികവും പ്രബോധനപരവും സംസ്കരണപരവുമാണ്.
വിശുദ്ധ ഖുര്‍ആന്റെ ചൈതന്യമുള്‍ക്കൊണ്ടാണ് അദ്ദേഹം ഇസ്ലാമിക പ്രസ്ഥാനത്തിന് അടിത്തറ പാകിയത്. അദ്ദേഹം പ്രസ്ഥാനത്തെ നയിച്ചത് ഖുര്‍ആനാകുന്ന പ്രകാശഗോപുരത്തില്‍നിന്ന് ബഹിര്‍ഗമിക്കുന്ന തൂവെളിച്ചത്തിലൂടെയാണ്.
തഫ്ഹീമുല്‍ ഖുര്‍ആന്റെ ഏറ്റവും ആകര്‍ഷകമായ വശം, മൌലാനാ മൌദൂദി ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നായകത്വം വഹിച്ചുകൊണ്ട് തന്നെ ഖുര്‍ആന്‍ വ്യാഖ്യാനമെഴുതുന്ന ജോലിയും തുടര്‍ന്നു എന്നതാണ്. മൌലാനാ മൌദൂദി തഫ്ഹീം എഴുതിയ സവിശേഷ സാഹചര്യം വിശദീകരിച്ചുകൊണ്ട് പ്രഫ. അലീഫുദ്ദീന്‍ തുറാബി എഴുതുന്നു: "മൂന്ന് പതിറ്റാണ്ട് കാലമെടുത്തു തഫ്ഹീമുല്‍ ഖുര്‍ആന്‍ പൂര്‍ത്തിയാക്കാന്‍. ഒരു ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമെഴുതുന്നതിന് ഇത്ര ദീര്‍ഘമായ കാലം അസാധാരണമായി തോന്നാം. പക്ഷേ, അദ്ദേഹം ഈ കാലത്ത് ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമെഴുതി പൂര്‍ത്തിയാക്കുക എന്ന ജോലി മാത്രമല്ല ചെയ്തത്. പ്രത്യുത, അതൊന്നിച്ച് വളരെയേറെ ആധികാരിക വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. കൂടെത്തന്നെ ജമാഅത്തെ ഇസ്ലാമിയുടെ ചിന്താപരവും കര്‍മപരവുമായ നേതൃത്വമെന്ന ഉത്തരവാദിത്വവും നിര്‍വഹിക്കുകയുണ്ടായി. അദ്ദേഹം ഒരു വശത്ത് ഖുര്‍ആന്റെ വ്യാഖ്യാനമെഴുതി. മറുവശത്ത് പുതിയ തലമുറയുടെ സംസ്കരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇസ്ലാംവിരുദ്ധ പ്രസ്ഥാനങ്ങളുടെ പ്രബോധകരുമായി നിരന്തര സമരത്തിലേര്‍പ്പെട്ടു. രാജ്യത്തെ സ്വേഛാധിപത്യത്തിന്റെ ധ്വജവാഹകര്‍ക്കെതിരിലും ഇതിനിടയില്‍ സമരം നടത്തി. ഈ കാലഘട്ടത്തിലെല്ലാം വൈവിധ്യമാര്‍ന്ന അവസ്ഥകളിലായിരുന്നു അദ്ദേഹം. ചിലപ്പോള്‍ തന്റെ ഓഫീസില്‍ കനപ്പെട്ട വൈജ്ഞാനിക-ദീനീ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുകയായിരിക്കും. വേറെ ചിലപ്പോള്‍ ഏതെങ്കിലും യൂനിവേഴ്സിറ്റിയില്‍ അഭ്യസ്തവിദ്യരും ബുദ്ധിജീവികളും നിയമജ്ഞരുമടങ്ങുന്ന സദസ്സിന്, ഇസ്ലാം ആധുനിക കാലഘട്ടത്തില്‍ ജീവിതത്തിന്റെ സര്‍വമണ്ഡലങ്ങളിലും മാര്‍ഗദര്‍ശനം ചെയ്യുന്ന ഒരു സമ്പൂര്‍ണ ജീവിതവ്യവസ്ഥയാണെന്ന് വിശദീകരിച്ചുകൊടുക്കുകയായിരിക്കും. ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹം അല്ലാഹുവിന്റെ പരമാധികാരമല്ലാതെ മറ്റാരുടെയും പരമാധികാരം അംഗീകരിക്കാന്‍ സന്നദ്ധനാകാത്തതിന്റെ പേരില്‍ ഏതെങ്കിലും ജയിലില്‍ ബന്ധിതനായി കഴിയുകയായിരിക്കും.
സയ്യിദ് മദൂദി തന്റെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം പൂര്‍ത്തീകരിച്ച അസാധാരണമായ അവസ്ഥകള്‍ ഇതൊക്കെയായിരുന്നു. ഈ അസാധാരണ അവസ്ഥകള്‍ കാരണമാണ് ഈ മഹത്തായ കര്‍മം പൂര്‍ത്തീകരിക്കാന്‍ ഇത്രയും കാലമെടുത്തത്'' (തര്‍ജുമാനുല്‍ ഖുര്‍ആന്‍ സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി വിശേഷാല്‍ പതിപ്പ്, രണ്ടാം ഭാഗം, മെയ് 2004, പേജ് 296,297).
പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനായ ഡോ. ഇനായത്തുല്ലാഹ് സുബ്ഹാനി എഴുതുന്നു: "തഫ്ഹീമുല്‍ ഖുര്‍ആന്റെ ഒരു സവിശേഷത, ഇതര ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍നിന്ന് വ്യത്യസ്തമായി തഫ്ഹീമിന്റെ ശൈലി വൈജ്ഞാനികമായതോടൊപ്പം തന്നെ പ്രബോധനപരവും പ്രാസ്ഥാനികവുമാണ് എന്നതാകുന്നു. അതുകൊണ്ടാണ് പ്രത്യേകക്കാരും സാധാരണക്കാരും അഭ്യസ്തവിദ്യരും അല്‍പ ജ്ഞാനികളും മുസ്ലിംകളും അമുസ്ലിംകളുമായ എല്ലാവരെയും അത് ആകര്‍ഷിക്കുകയും അവരതില്‍ ആശ്വാസം കണ്ടെത്തുകയും ചെയ്യുന്നത്.... തഫ്ഹീമുല്‍ ഖുര്‍ആന്‍ സാധാരണക്കാരുടെ കൈകളില്‍ കാണുന്നതുപോലെ വിജ്ഞാനപടുക്കളുടെ ലൈബ്രറികളിലും വായനാമുറികളിലും കാണാവുന്നതാണ്. പ്രാഥമിക വിദ്യാര്‍ഥികള്‍ എപ്രകാരം അതുകൊണ്ട് തങ്ങളുടെ ദാഹം ശമിപ്പിക്കുന്നുവോ അപ്രകാരം അഗ്രേസരികളായ അധ്യാപകര്‍ അതില്‍നിന്ന് തങ്ങള്‍ക്ക് പോഷകാഹാരം സ്വീകരിക്കുന്നു. വയലേലകളിലെ ഒരു കര്‍ഷകന്‍ എപ്രകാരം അതിലെ പരാമര്‍ശങ്ങള്‍ ശ്രവിച്ച് തലകുലുക്കുന്നുവോ അപ്രകാരം കോളേജുകളിലും ബുദ്ധികേന്ദ്രങ്ങളിലും കഴിയുന്ന ചിന്തകന്മാരും അതിലുള്ള വിശ്വാസം പ്രകടിപ്പിക്കുന്നു'' (തഫ്ഹീമുല്‍ ഖുര്‍ആന്‍ ഏക് അസീം കാര്‍നാമ, പേജ് 13).

കാലികത
ഒരു ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥം കാലികമാവുക എന്നതിന്റെ ഉദ്ദേശ്യം ആ ഗ്രന്ഥം കാലഘട്ടത്തിന്റെ ഭാഷയിലും ശൈലിയിലുമാവുക എന്നതാണ്. ഖുര്‍ആന്‍ വ്യാഖ്യാതാവ് ഖുര്‍ആന്റെ വിശ്വാസപരവും കര്‍മപരവുമായ ആശയങ്ങള്‍ വിശദീകരിക്കുന്നത് ഒരു സാധാരണ വായനക്കാരന് അത് വ്യക്തമായി ഗ്രഹിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കും വിധമായിരിക്കണം. വായനക്കിടയില്‍ എവിടെയെല്ലാം കെട്ടിക്കുടുക്കുകളും പ്രയാസങ്ങളും അനുഭവപ്പെടുന്നോ അവയില്‍ നിന്ന് മുക്തി ലഭിക്കണം. എവിടെയെല്ലാം അവന്റെ മനസ്സില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുവോ അതിനുള്ള മറുപടി അവന് തല്‍സമയം ലഭ്യമാവണം. ഈ നിലകളിലെല്ലാം തഫ്ഹീമുല്‍ ഖുര്‍ആന്‍ കാലികമാണ്.

മൌലിക പ്രമാണങ്ങള്‍ക്ക്
മുഖ്യ പരിഗണന

മൌലാനാ മൌദൂദി തഫ്ഹീമുല്‍ ഖുര്‍ആനില്‍ ഇസ്ലാമിലെ മൌലിക പ്രമാണങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കിയതായി കാണാം. അദ്ദേഹം ഖുര്‍ആനിലെ ഒരു സൂക്തം വിശദീകരിക്കുമ്പോള്‍ പ്രഥമമായി ഖുര്‍ആനില്‍, ബന്ധപ്പെട്ട വിഷയകമായി വന്ന സൂക്തങ്ങള്‍ തെളിവായി ഉദ്ധരിക്കുന്നു. പിന്നീട് വിശ്വാസയോഗ്യമായ ഹദീസുകളും തുടര്‍ന്ന് സ്വഹാബിമാരുടെയും താബിഉകളുടെയും അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നു. അങ്ങനെ തഫ്ഹീമുല്‍ ഖുര്‍ആനില്‍ ഖുര്‍ആനെ ഖുര്‍ആന്‍ കൊണ്ടും ഖുര്‍ആനെ ഹദീസുകൊണ്ടും വ്യാഖ്യാനിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു.

ഭൂപടങ്ങളും ചിത്രങ്ങളും
തഫ്ഹീമുല്‍ ഖുര്‍ആന്റെ മറ്റൊരു പ്രത്യേകത അതിലെ ഭൂപടങ്ങളും ചിത്രങ്ങളുമാണ്. മൌലാനാ മൌദൂദി ചില സൂക്തങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍ ആ സൂക്തങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട സ്ഥലങ്ങളുടെ മാപ്പുകള്‍ ചേര്‍ത്തിരിക്കുന്നു. സൂക്തങ്ങളുടെ ഉദ്ദേശ്യം ഗ്രഹിക്കാന്‍ ഇത് പ്രയോജനപ്പെടും. വിവിധ പ്രദേശങ്ങളുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങള്‍ വിവരിക്കുന്നതിനിടയില്‍ ഒന്നു മുതല്‍ നാലു വരെയുള്ള വാള്യങ്ങളിലായി 30 ഭൂപടങ്ങള്‍ കൊടുത്തിട്ടുണ്ട്.
ഈ ഉദ്ദേശ്യത്തോടെ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ഏക ഖുര്‍ആന്‍ വ്യാഖ്യാതാവാണ് മൌലാനാ മൌദൂദി. 1959 ഒക്ടോബര്‍ 22 മുതല്‍ 1960 ഫെബ്രുവരി വരെ- ഏകദേശം മൂന്നര മാസം- നീണ്ടുനിന്ന പഠന, സാഹസിക യാത്രയിലൂടെ ഖുര്‍ആനില്‍ പരാമൃഷ്ടമായ മിക്ക സ്ഥലങ്ങളും പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട പ്രദേശങ്ങളും ചരിത്രാവശിഷ്ടങ്ങളും അദ്ദേഹം സന്ദര്‍ശിക്കുകയുണ്ടായി. തഫ്ഹീമുല്‍ ഖുര്‍ആന്‍ മൂന്നാം വാള്യം മുതല്‍ വിശദീകരണക്കുറിപ്പുകളില്‍ പലയിടത്തും ഈ യാത്രയുടെ പ്രതിഫലനം പ്രകടമായി കാണാം. കൂടാതെ യാത്രാ വേളയിലെടുത്ത പതിനാറ് ഫോട്ടോകള്‍ മൂന്നാം വാള്യത്തിലെ സൂറത്തുശ്ശഅറാഇന്റെ വ്യാഖ്യാനത്തിനിടയില്‍ പ്രത്യേകമായി ചേര്‍ത്തിട്ടുണ്ട് (തഫ്ഹീമിന്റെ മലയാള പരിഭാഷയില്‍ ഈ ഫോട്ടോകള്‍ ചേര്‍ത്തിട്ടില്ല).

ഇസ്ലാമിന്റെ സമഗ്രതയും സമ്പൂര്‍ണതയും ഉയര്‍ത്തിക്കാണിക്കുന്നു
തഫ്ഹീമുല്‍ ഖുര്‍ആനില്‍ സയ്യിദ് മൌദൂദി ഇസ്ലാമിന്റെ സമഗ്രതയും സമ്പൂര്‍ണതയുമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ഇസ്ലാം ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥയാണെന്ന് സ്ഥാപിച്ച ശേഷം ഇസ്ലാമിക വ്യവസ്ഥിതിയുടെ സംസ്ഥാപനത്തിന്റെ പ്രാധാന്യം വിവരിക്കുന്നു. മതവും രാഷ്ട്രവും ഭിന്നമാണെന്ന ജാഹിലീ സങ്കല്‍പത്തെ ഖണ്ഡിക്കുന്നു. പ്രകൃതി മതമായ ഇസ്ലാം മനുഷ്യരുടെ ഐഹിക ക്ഷേമൈശ്വര്യങ്ങളും പാരത്രിക വിജയവും ഉറപ്പ് നല്‍കുമെന്ന് വ്യക്തമാക്കുന്നു. ഖുര്‍ആനും സുന്നത്തും ബുദ്ധിപരമായ തെളിവുകളും നിരത്തിയാണ് ഇത് സമര്‍ഥിക്കുന്നത്. ഒപ്പം ഇസ്ലാമിക വ്യവസ്ഥിതിയുടെ സംസ്ഥാപനത്തിന് ശ്രമിക്കല്‍ ദീനിന്റെ മൌലിക താല്‍പര്യമാണെന്നും, ഇസ്ലാമിക വ്യവസ്ഥിതി സ്ഥാപിതമാവാതെ ദീനിന്റെ അധ്യാപനങ്ങള്‍ പരിപൂര്‍ണമായി പ്രാവര്‍ത്തികമാക്കുക അസാധ്യമാണന്നും തറപ്പിച്ചു പറയുന്നു.
ഒരാള്‍ തഫ്ഹീമുല്‍ ഖുര്‍ആന്‍ വായിച്ച് കഴിയുമ്പോള്‍ അയാള്‍ക്ക് ഇസ്ലാം സമ്പൂര്‍ണ ജീവിത വ്യവസ്ഥയാണെന്ന് ബോധ്യപ്പെടുമെന്ന് മാത്രമല്ല, ഇഖാമത്തുദ്ദീനിന് ത്യാഗപരിശ്രമങ്ങള്‍ ചെയ്യാന്‍ അയാള്‍ തയാറാവുകയും ചെയ്യും.

ഇസ്ലാമിക പ്രബോധനത്തിന്റെ പ്രാധാന്യവും താല്‍പര്യങ്ങളും വിശദീകരിക്കുന്നു
തഫ്ഹീമുല്‍ ഖുര്‍ആനില്‍ ഇസ്ലാമിക പ്രബോധനവുമായി ബന്ധപ്പെട്ട സൂക്തങ്ങള്‍ വിശദീകരിക്കുമ്പോള്‍ പ്രബോധനത്തിന്റെ പ്രാധാന്യം, അതിന്റെ അടിസ്ഥാനങ്ങള്‍, ലക്ഷ്യങ്ങള്‍, ശൈലി, പ്രബോധകന്റെ ഗുണങ്ങള്‍ എന്നിവ ഖുര്‍ആന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. സൂക്തങ്ങളെ വ്യാഖ്യാനിക്കുന്ന സമയത്ത് അത് പ്രബോധനത്തിന്റെ ഏത് ഘട്ടത്തിലാണവതരിച്ചതെന്നും ആധുനിക കാലഘട്ടത്തില്‍ സത്യപ്രബോധകന് അതില്‍നിന്ന് എന്ത് പാഠമാണുള്‍ക്കൊള്ളാനുള്ളതെന്നും വിശദീകരിക്കുന്നു. അതുവഴി തഫ്ഹീമുല്‍ ഖുര്‍ആന്റെ പാരായണം ഒരു വ്യക്തിയെ ഇസ്ലാമിക പ്രബോധന ദൌത്യനിര്‍വഹണത്തിന് സജ്ജനാക്കുന്നു.

ഭൌതിക സിദ്ധാന്തങ്ങളുടെ ഖണ്ഡനം
ആധുനിക പാശ്ചാത്യ സംസ്കാരത്തിന്റെ സന്തതികളായ ഭൌതിക സിദ്ധാന്തങ്ങളെയും തത്ത്വശാസ്ത്രങ്ങളെയും മൌലാനാ മൌദൂദി വിശകലന വിധേയമാക്കുകയും അവ അസത്യവും മിഥ്യയുമാണെന്ന് സ്ഥാപിക്കുകയും ചെയ്തതായി കാണാം. ഉദാഹരണായി ഹെഗലിന്റെ ചരിത്ര വീക്ഷണം, കാള്‍മാര്‍ക്സിന്റെ ചരിത്രത്തിന്റെ ഭൌതിക വ്യാഖ്യാനം, ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം, മാക്യവല്ലിയുടെ മതമുക്ത രാഷ്ട്രീയ സിദ്ധാന്തം, ഫ്രോയ്ഡിന്റെ ലൈംഗിക മനഃശാസ്ത്രം മുതലായ നവ സിദ്ധാന്തങ്ങളെ ശക്തവും യുക്തവുമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മിഥ്യയാണെന്ന് സ്ഥാപിക്കുന്നു. ആധുനിക വിദ്യാഭ്യാസം നേടി പാശ്ചാത്യ സംസ്കാരത്തിന്റെ ചിന്താപരമായ അടിമത്തത്തില്‍ കഴിയുന്ന ആളുകളെ അതില്‍നിന്ന് മോചിപ്പിക്കാന്‍ ശ്രമിക്കുകയാണ് മൌദൂദി അതുവഴി ചെയ്തത്. ഓറിയന്റലിസ്റുകളും ക്രിസ്ത്യന്‍ മിഷനറിമാരും സെക്യുലരിസ്റുകളും പടച്ചുവിട്ട സന്ദേഹങ്ങളെയും തെറ്റിദ്ധാരണകളെയും അദ്ദേഹം ദൂരീകരിക്കുകയും ചെയ്യുന്നു. പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ തണലില്‍ ഉയിരെടുത്ത സുന്നത്ത് നിഷേധം, ഖാദിയാനിസം തുടങ്ങിയ പ്രസ്ഥാനങ്ങളെയും ശക്തമായ രീതിയില്‍ കൈകാര്യം ചെയ്തു. ചുരുക്കത്തില്‍ തഫ്ഹീമുല്‍ ഖുര്‍ആന്‍, ഇസ്ലാമും മുസ്ലിംകളും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വൈവിധ്യമാര്‍ന്ന വെല്ലുവിളികളെ നേരിടാന്‍ അവരെ ശക്തരാക്കുന്ന ഗ്രന്ഥമാണ്.

തെറ്റായ വ്യാഖ്യാനങ്ങളെ ഖണ്ഡിക്കുന്നു
ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍, ഖുര്‍ആന്‍ സൂക്തങ്ങളെ കക്ഷി താല്‍പര്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നതിനെ സയ്യിദ് മൌദൂദി തഫ്ഹീമുല്‍ ഖുര്‍ആനില്‍ വിമര്‍ശന വിധേയമാക്കുന്നുണ്ട്. ഈ വിഷയത്തില്‍ മൌദൂദിയുടെ രീതി ഇതാണ്: ആദ്യത്തില്‍ ആ ആളുകളുടെ വ്യാഖ്യാനങ്ങള്‍ അവരുടെ തന്നെ വാക്കുകളില്‍ ഉദ്ധരിക്കും. പിന്നീട് ഖുര്‍ആനും ഹദീസും ബുദ്ധിപരമായ തെളിവുകളും കൊണ്ട് അതിനെ വിമര്‍ശന വിധേയമാക്കും. വിമര്‍ശനശൈലി ഏറെ മാന്യവും സത്യസന്ധവും നീതിപൂര്‍വകവുമാകാന്‍ പ്രത്യേകം ശ്രദ്ധിക്കും.

മൌലിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ ശ്രദ്ധ
തഫ്ഹീമുല്‍ ഖുര്‍ആന്റെ ഒരു സവിശേഷത, ദീനില്‍ മൌലിക പ്രാധാന്യമര്‍ഹിക്കാത്തതോ മുസ്ലിംകളുടെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിന്റെ ഏതെങ്കിലും പ്രധാന വശത്തോട് നേര്‍ക്കുനേരെ ബന്ധമില്ലാത്തതോ ആയ വിഷയങ്ങള്‍ ചര്‍ച്ചക്ക് വിധേയമാക്കുന്നില്ല എന്നതാണ്. പല ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളിലും കാണുന്നതുപോലെയുള്ള ശാഖാപരമായ ചര്‍ച്ചകള്‍ തഫ്ഹീമിലില്ല. ദീനില്‍ മൌലിക പ്രാധാന്യമുള്ള വശങ്ങളിലാണ് തഫ്ഹീമിന്റെ ശ്രദ്ധ.

മദ്ഹബ് പക്ഷപാതമില്ലായ്മ
സയ്യിദ് മൌദൂദിയുടെ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ കര്‍മശാസ്ത്ര-മദ്ഹബ് പക്ഷപാതിത്വങ്ങള്‍ കാണാനാവില്ല. കര്‍മശാസ്ത്ര നിയമങ്ങളുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങള്‍ വിശദീകരിക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. ചിലപ്പോള്‍ കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ പരസ്പരം താരതമ്യം ചെയ്യാതെ അതേപടി ഉദ്ധരിക്കും. മറ്റു ചിലപ്പോള്‍ അവരുടെ അഭിപ്രായങ്ങളെ ഖുര്‍ആന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ താരതമ്യം ചെയ്ത് ഏതെങ്കിലുമൊരഭിപ്രായത്തിന് മുന്‍ഗണന നല്‍കും. അതില്‍ ഏതെങ്കിലുമൊരു മദ്ഹബിനോട് പക്ഷം പിടിക്കുകയില്ല. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരഭിപ്രായം പ്രബലമാകുമ്പോഴാണ് അങ്ങനെ ചെയ്യുക. അത് തഫ്ഹീമുല്‍ ഖുര്‍ആനെ എല്ലാ വിഭാഗം ആളുകള്‍ക്കും സ്വീകാര്യമാക്കുന്നു.

മുസ്ലിം ഐക്യത്തിന് ഊന്നല്‍
ഇസ്ലാമിലെ വ്യത്യസ്ത ചിന്താധാരകള്‍ക്കും വീക്ഷാഗതികള്‍ക്കുമിടയില്‍ സഹിഷ്ണുതയുടെയും പരസ്പര ബഹുമാനത്തിന്റെയും നിലപാട് സ്വീകരിക്കാനാണ് മൌലാനാ മൌദൂദി തന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ ആഹ്വാനം ചെയ്യുന്നത്. തഫ്ഹീമുല്‍ ഖുര്‍ആന്റെ പേര്‍ഷ്യന്‍ ഭാഷയിലുള്ള വിവര്‍ത്തനം വായിച്ച തെഹ്റാനിലെ ടീച്ചേഴ്സ് സെന്റര്‍ മേധാവി സയ്യിദ് മുഹമ്മദ് അയാസി എഴുതുന്നു: "ഈ ഖുര്‍ആന്‍ വ്യാഖ്യാന ശൈലി മുസ്ലിംകളില്‍ ഐക്യം സംജാതമാക്കാനും ഇസ്ലാമിക സമൂഹത്തില്‍നിന്ന് കക്ഷി വഴക്കും പക്ഷപാതിത്വവും നിര്‍മാര്‍ജനം ചെയ്യാനുമുള്ള മഹത്തായ ശ്രമങ്ങളുടെ ഭാഗമാണ്. ഈ ഐക്യവികാരം ആധുനിക കാലഘട്ടത്തിലെ വിവിധ മുസ്ലിം പരിഷ്കര്‍ത്താക്കള്‍ക്കും ചിന്തകന്മാര്‍ക്കുമിടയില്‍ കാണാന്‍ സാധിക്കും. ഈ വീക്ഷണം വെച്ചു പുലര്‍ത്തുന്ന ഗ്രന്ഥകാരന്മാര്‍ ഉറച്ചു വിശ്വസിക്കുന്നു, കക്ഷിത്വവും മദ്ഹബ് പക്ഷപാതിത്വവും ഇസ്ലാമിന്റെ മൌലിക തത്ത്വങ്ങള്‍ക്ക് നിരക്കാത്തതും മുസ്ലിം ഉമ്മത്തിന്റെ ഐക്യത്തിന് അങ്ങേയറ്റം ആപത്കരവുമാണ് എന്ന്.
തങ്ങളുടെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളെ കക്ഷി മാത്സര്യത്തിനും മദ്ഹബ് പക്ഷപാതിത്വത്തിനുമുള്ള മാര്‍ഗമാക്കുന്ന ചില ആളുകളുടെ ഏര്‍പ്പാടിന് നേരെ വിപരീതമാണ് സയ്യിദ് മൌദൂദിയുടെ നിലപാട്. അത്തരം ആളുകള്‍ ഓരോ സൂക്തവും വിശദീകരിക്കുമ്പോള്‍ സന്ദര്‍ഭവും സാഹചര്യവും ഉപയോഗപ്പെടുത്തി തങ്ങളുടെ എതിര്‍കക്ഷികളെയും സംഘടനകളെയും ആക്രമിക്കുകയും അവരുമായുള്ള ഭിന്നത പ്രകടിപ്പിക്കുകയും ചെയ്യുന്നു. തങ്ങളുടെ പ്രതിയോഗികളെ അവിശ്വാസികളും അധര്‍മികളും വഴിപിഴച്ചവരുമായി പ്രഖ്യാപിക്കുന്നു. ഈ മാന്യന്മാര്‍ തങ്ങളുടെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളുടെ പേജുകളെ അഭിപ്രായ ഭിന്നതയുള്ള പ്രശ്നങ്ങള്‍ കൊണ്ട് നിറച്ചിരിക്കുകയാണ്. അതിനാല്‍ അവര്‍ ഖുര്‍ആന്‍ സൂക്തങ്ങളുടെ വിശദീകരണത്തില്‍ തങ്ങളുടെ വീക്ഷണം മാത്രമേ സമര്‍പ്പിക്കുന്നുള്ളൂ.
ഇതിനു വിപരീതമായി സയ്യിദ് മൌദൂദി കക്ഷി വഴക്കുകളില്‍ ഭാഗഭാക്കാവുകയോ എതിരാളികളെ ഖണ്ഡിക്കാന്‍ തന്റെ തഫ്സീറിനെ ഉപകരണമാക്കുകയോ ചെയ്യുന്നില്ല. അദ്ദേഹം ഖുര്‍ആനിലെ വൈജ്ഞാനികവും ധാര്‍മികവും സാമൂഹികവും രാഷ്ട്രീയവുമായ വിധികളാണ് വിശദീകരിക്കുന്നത്. അദ്ദേഹത്തിന് നന്നായി അറിയാം, ഇത്തരം അഭിപ്രായ ഭിന്നതകള്‍ കൊണ്ട് ശത്രുക്കളാണ് മുതലെടുക്കുകയെന്ന്; അത് മുസ്ലിംകളെ സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക, ചിന്താ ഭൂമിശാസ്ത്രങ്ങളില്‍ അടിമകളാക്കുമെന്നും'' (തര്‍ജുമാനുല്‍ ഖുര്‍ആന്‍ സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി വിശേഷാല്‍ പതിപ്പ്, രണ്ടാം ഭാഗം, പേജ് 291,292).
(തുടരും)



Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly