28 ദാരുണ മരണത്തിനും ഒട്ടനേകം പേരുടെ അന്ധതക്കും ഇടയാക്കിയ കുറ്റിപ്പുറം-വണ്ടൂര്‍ മദ്യദുരന്തത്തിനു ശേഷവും, മന്ത്രിമാരുടെയും നേതാക്കളുടെയും ഞെട്ടല്‍, സംഭവസ്ഥല സന്ദര്‍ശനം, ദുരിത ബാധിതര്‍ക്ക് ആശ്വാസ ധനം നല്‍കല്‍, ഊര്‍ജിതമായ പോലീസ് അന്വേഷണം, ഏതാനും എക്സൈസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കല്‍, ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനം തുടങ്ങിയ പതിവ് പരിപാടികളെല്ലാം നടന്നു. ഈ ചടങ്ങുകള്‍ പൂര്‍ത്തിയായതോടെ ചെയ്യേണ്ടതെല്ലാം ചെയ്തുകഴിഞ്ഞുവെന്ന സായൂജ്യത്തിലാണ് സര്‍ക്കാര്‍. സര്‍ക്കാറിന്റെ പിടിപ്പുകേടിനും എക്സൈസ് വകുപ്പില്‍ നടമാടുന്ന അഴിമതിക്കുമെതിരെയുള്ള ഘോര വിമര്‍ശനം, വകുപ്പ് മന്ത്രിയുടെ രാജിയാവശ്യപ്പെടല്‍, അതിനു വേണ്ടിയുള്ള പ്രക്ഷോഭവും ധര്‍ണയും തുടങ്ങിയ പ്രതിപക്ഷ മുതലെടുപ്പുകളും മുറപോലെ നടക്കുന്നു. ഇതിനിടയില്‍ യഥാര്‍ഥ പ്രശ്നം എവിടെയോ മുങ്ങിപ്പോകുന്നു, അഥവാ മുക്കപ്പെടുന്നു.
മദ്യത്തില്‍ മായം ചേര്‍ക്കുന്നതു മാത്രമാണ് പ്രശ്നം എന്ന മട്ടിലാണ് ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും സമീപനം. സമൂഹത്തെ അങ്ങനെ തെറ്റിദ്ധരിപ്പിക്കാന്‍ ഇരു കൂട്ടരും കൊണ്ടുപിടിച്ച് ശ്രമിക്കുകയും ചെയ്യുന്നു. ഭരണഘടന മാര്‍ഗനിര്‍ദേശക തത്ത്വങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് വ്യാജ മദ്യ വര്‍ജനമല്ല; ഒറിജിനല്‍ മദ്യ വര്‍ജനം തന്നെയാണ്. ധര്‍മശാസ്ത്രങ്ങളും ആരോഗ്യശാസ്ത്രവും ഒരുപോലെ വിലക്കുന്നതും അതുതന്നെ. ഗാന്ധിജിയും ശ്രീനാരായണഗുരുവുമെല്ലാം വിഷമെന്ന് വിശേഷിപ്പിച്ചതും ഒറിജിനല്‍ മദ്യത്തെയാണ്. മദ്യം എന്ന വിഷം അതിന്റെ ഉപഭോക്താക്കളെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്നു. മദ്യലഹരിയിലുണ്ടാകുന്ന നിസ്സാര കശപിശകള്‍ കൊലപാതകത്തിലെത്തുക അസാധാരണമല്ല. കുടിച്ച് ലക്ക് കെട്ട് വാഹനമോടിച്ചും നിരത്തിലൂടെ നടന്നും മരിച്ചൊടുങ്ങുന്നവരുടെയും കൊന്നൊടുക്കുന്നവരുടെയും സംഖ്യയും ചെറുതല്ല. കുടിയന്മാരുടെ ശല്യത്തെയും കുടിക്കാനുള്ള പണത്തെയും ചൊല്ലി അഛന്‍ മക്കളെയും മക്കള്‍ അഛനെയും ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയെയും വെട്ടിക്കൊല്ലുന്നു. ഇക്കഴിഞ്ഞ 12-ന് വണ്ടൂര്‍ എസ്.ഐ വിജയ കൃഷ്ണനെ പട്ടാപ്പകല്‍ വെടിവെച്ചു കൊല്ലാന്‍ ആറങ്ങോടന്‍ മുജീബ് എന്ന ക്രിമിനലിന് കരുത്തേകിയതിന്റെ പിന്നിലും മദ്യമുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഇങ്ങനെ എണ്ണമറ്റ മനുഷ്യരാണ് മദ്യത്തിന്റെ പരാക്രമത്തില്‍ ദിനേന മരിച്ചുവീഴുന്നത്. ഇതൊന്നും പക്ഷേ മദ്യദുരന്തത്തിന്റെ കണക്കില്‍ ചേര്‍ക്കപ്പെടുന്നില്ല.
മരുന്നില്‍ പോലും മായം സാധാരണമായ ഇക്കാലത്ത് ഉപഭോഗം അനുവദിക്കപ്പെട്ട ഏതു വസ്തുവാണ് മായ മുക്തമായിട്ടുള്ളത്? നിയമങ്ങള്‍ക്കോ നിയമപാലകര്‍ക്കോ പരിശോധകര്‍ക്കോ ഒന്നും അത് പൂര്‍ണമായി ഇല്ലാതാക്കാനാവില്ല. മറ്റെല്ലാ പദാര്‍ഥങ്ങളിലുമെന്ന പോലെ മദ്യം എന്ന വിഷത്തിലും മായം ചേര്‍ക്കുന്നു. മായവും വിഷമാണല്ലോ. രണ്ട് വിഷത്തിന്റെയും അളവും അനുപാതവും പിഴക്കുമ്പോള്‍ കുടിയന്മാര്‍ ഉടനടി കൂട്ടത്തോടെ സിദ്ധികൂടുന്നു. അപ്പോള്‍ നമ്മള്‍ 'മദ്യദുരന്തം' എന്നാര്‍ത്തു വിളിക്കുന്നു. വാസ്തവത്തില്‍ വല്ലപ്പോഴുമൊക്കെ ഉണ്ടാകുന്ന വ്യാജ മദ്യദുരന്തത്തിനിരയാകുന്നവരുടേതിനേക്കാള്‍ എത്രയോ ഇരട്ടിയാണ് ഒറിജിനല്‍ മദ്യം ദിനേനെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നവരുടെ സംഖ്യ. ഉത്തരവാദപ്പെട്ടവര്‍ മദ്യദുരന്തം ആവര്‍ത്തിക്കരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ ഒറിജിനല്‍ മദ്യം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഈ നിത്യ ദുരന്തം കണ്ണ് തുറന്നു കാണാന്‍ തയാറാകണം. ആ യാഥാര്‍ഥ്യത്തിനു നേരെ കണ്ണടച്ചുകൊണ്ടുള്ള ഏതു നടപടിയും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന ചെപ്പടി വിദ്യകള്‍ മാത്രമാണ്.
മദ്യ ദുരിതങ്ങളൊഴിവാക്കാനുള്ള ഒരേയൊരു വഴി സമ്പൂര്‍ണ മദ്യനിരോധമാണ്. ലളിതമായ സത്യമാണെങ്കിലും ഇത് അംഗീകരിക്കാന്‍ അധികൃതര്‍ തയാറില്ല. അവര്‍ മദ്യ വിതരണത്തിനുള്ള ലൈസന്‍സുകള്‍ കൂടുതല്‍ കൂടുതല്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. സ്കൂള്‍ കുട്ടികള്‍ പോലും മദ്യപാനികളായിക്കൊണ്ടിരിക്കുന്നു. അഞ്ചു ലക്ഷം ലിറ്റര്‍ തെങ്ങിന്‍ കള്ള് ഉല്‍പാദിപ്പിക്കുന്ന കേരളത്തില്‍ 20 ലക്ഷം കള്ള് വില്‍ക്കാനവസരം നല്‍കിക്കൊണ്ട് വ്യാജ മദ്യത്തിന്റെ പ്രളയത്തിന് കളമൊരുക്കുന്നതും ഗവണ്‍മെന്റാണ്. മദ്യ രാജാക്കന്മാരുടെ പറ്റുപടിക്കാരാണിവിടെ ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം. വ്യാജനും ഒറിജിനലും വിറ്റ് വീര്‍പ്പിക്കുന്ന അബ്കാരി കോണ്‍ട്രാക്ടര്‍മാരുടെ മടിശ്ശീല രാഷ്ട്രീയ പാര്‍ട്ടികളുടെ കൂടി മടിശ്ശീലയാണ്. ഇവിടെ സര്‍ക്കാര്‍ തന്നെ ഒരു വന്‍കിട മദ്യവ്യാപാരിയാകുന്നു എന്ന വസ്തുതയുമുണ്ട്. ആയിരക്കണക്കില്‍ കോടി രൂപയുടെ വിദേശ മദ്യമാണ് വര്‍ഷാന്തം സര്‍ക്കാറിന്റെ ബീവറേജ് കോര്‍പ്പറേഷന്‍ വിറ്റഴിക്കുന്നത്. സ്വദേശിയും വിദേശിയുമായ മദ്യത്തില്‍നിന്ന് ഇക്കഴിഞ്ഞ 2009-2010 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം സര്‍ക്കാറിന് കിട്ടിയ നികുതി വരുമാനം 3000.16 കോടിയാണ്. ബജറ്റിന്റെ 40 ശതമാനത്തോളം വരും മദ്യത്തില്‍നിന്നുള്ള വരുമാനം. പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ജയിച്ച് ഭരണം പിടിക്കുന്നതും പിടിച്ച ഭരണം നടത്തിക്കൊണ്ടുപോകുന്നതും മദ്യ വ്യാപാരത്തെ ആശ്രയിച്ചാണ് എന്ന ഈ അവസ്ഥയാകുന്നു ഭരണകൂടങ്ങളെ മദ്യനിരോധ ചിന്തയില്‍നിന്ന് അകറ്റിനിര്‍ത്തുന്നത്.
മദ്യനിരോധം ആ മേഖലയില്‍ പണിയെടുക്കുന്നവരുടെ തൊഴില്‍ നഷ്ടപ്പെടുത്തും എന്നാണ് ഉന്നയിക്കപ്പെടുന്ന മുഖ്യ ന്യായം. ഭീകരമായ ഒരു മറുവശമുണ്ടീ ന്യായത്തിന്. മദ്യനിരോധം മൂലം താല്‍ക്കാലികമായി തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണത്തേക്കാള്‍ എത്രയോ കൂടുതലാണ് മദ്യപാനം സൃഷ്ടിക്കുന്ന അകാല വാര്‍ധക്യവും തൊഴിലിടങ്ങളിലെ അച്ചടക്ക ലംഘനവും മൂലം തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം. തൊഴിലില്ലാ വേതനം വിതരണം ചെയ്യുന്ന സംസ്ഥാനത്തിന് മദ്യത്തൊഴിലാളികളുടെ പുനരധിവാസം ഒരിക്കലും അചിന്ത്യമായ കാര്യമല്ല. മദ്യപാനികള്‍ക്ക് നഷ്ടപ്പെടുന്നത് തൊഴില്‍ മാത്രമല്ല; തൊഴില്‍ ശേഷി കൂടിയാണ്. കുടുംബത്തെയും കുട്ടികളെയും പട്ടിണിക്കിട്ടും മര്‍ദിച്ചും കഷ്ടപ്പെടുത്തുന്നതും വിഷമദ്യം കഴിച്ച് കൂട്ടത്തോടെ മരിച്ചുവീഴുന്നതും അന്ധതയേറ്റുവാങ്ങുന്നതും ശീതീകരിച്ച ബാറുകളിലിരുന്ന് മേത്തരം വിദേശ മദ്യം മോന്തുന്ന മുതലാളിമാരല്ല; പാവപ്പെട്ട തൊഴിലാളികളാണ്. ഈ നഗ്ന സത്യങ്ങള്‍ അവഗണിച്ചുകൊണ്ട് പാര്‍ട്ടികളും ഭരണകൂടങ്ങളും ഉയര്‍ത്തിക്കാണിക്കുന്ന തൊഴിലാളി സ്നേഹം ക്രൂരമായ കാപട്യമാണ്. ഇത് തിരിച്ചറിയാനും ക്രിയാത്മകമായി പ്രതികരിക്കാനും ജനങ്ങള്‍ തയാറാകുന്നില്ലെങ്കില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.