Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       

 


പ്രകടനപരത കടന്നുവരുന്ന 15 വഴികള്‍

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: "പിശാച് നിങ്ങളുടെ ശത്രുവാണ്, അതിനാല്‍ പിശാചിനെ ശത്രുവായി കാണുക.'' മനുഷ്യന്റെ ഇബാദത്തും പ്രവര്‍ത്തനങ്ങളും നിഷ്ഫലമാക്കുക എന്നത് പിശാചിന്റെ ശത്രുതയുടെ ഭാഗമാണ്. വൈവിധ്യമാര്‍ന്ന രീതിയും ശൈലിയുമുണ്ടതിന്. മനുഷ്യനറിയാതെ അവനില്‍ നുഴഞ്ഞുകയറുന്ന പ്രകടനപരത എന്ന രോഗം ഈ ഗണത്തില്‍ പെട്ടതാണ്. പ്രകടനപരത വ്യക്തിയെ സ്വാധീനിച്ചാല്‍ അതോടെ അവന്റെ സല്‍ക്കര്‍മങ്ങള്‍ നശിക്കാന്‍ തുടങ്ങും. പ്രവാചക അനുയായികള്‍ ഏറെ ഭയപ്പെട്ടിരുന്ന ഒന്നാണീ രോഗം. പ്രകടനപരത ചെറിയ ശിര്‍ക്കാണെന്ന് വിശദീകരിക്കുന്ന ഹദീസുകള്‍ കാണാം. ഈ രോഗം കടന്നുവരുന്ന ഏതാനും മാര്‍ഗങ്ങളാണ് ചുവടെ:
സ്തുതിക്കും പ്രശസ്തിക്കും വേണ്ടി തന്റെ പ്രവൃത്തികളെ ഹൈലൈറ്റ് ചെയ്യുക
ചില ആളുകള്‍ തന്റെ പ്രവൃത്തിയെക്കുറിച്ചും തന്റെ മഹത്വത്തെക്കുറിച്ചും സംസാരിച്ചുകൊണ്ടേയിരിക്കും. "ഞാന്‍ ഇത് ചെയ്തു, അതു ചെയ്തു, രണ്ട് മണിക്കൂറിലധികം രാത്രി എഴുന്നേറ്റ് നമസ്കരിക്കാനാവില്ല. ദിനേന നോമ്പെടുക്കല്‍ വലിയ പ്രയാസമാണ്. ഞാന്‍ തിങ്കളും വ്യാഴവും മാത്രമേ നോമ്പെടുക്കൂ...'' എന്നിങ്ങനെ തന്റെ പ്രവൃത്തികള്‍ മറ്റുള്ളവര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കലാണ് ഇത്തരക്കാരുടെ ഉദ്ദേശ്യം.
ഒരാള്‍ക്കില്ലാത്ത മഹത്വം കൊണ്ട് അയാളെ പറ്റി വമ്പ് പറയുക
"ഹോ, അദ്ദേഹമുണ്ടല്ലോ അദ്ദേഹമാണ് ധീരയോദ്ധാവ്, വീരനായകന്‍...'' പേരും പ്രശസ്തിയും ലഭിക്കലാണ് ലക്ഷ്യം. പ്രവാചകന്‍ പറഞ്ഞു: "വമ്പ് പറയുന്നവന്‍ വ്യാജ വസ്ത്രധാരിയെ പോലെയാണ്.''
ആത്മാര്‍ഥതയിലും കടന്നുവരുന്ന പ്രകടനാത്മകത
ഒരാള്‍ അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് നമസ്കരിക്കുന്നു, ദാനം ചെയ്യുന്നു. അതിനിടക്ക് ജനങ്ങള്‍ തന്നെ വീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന് അറിയുമ്പോള്‍ കുറെക്കൂടി നീട്ടി നമസ്കരിക്കുക, ഉദ്ദേശിച്ചതിലപ്പുറം ദാനം ചെയ്യുക. ഇത്തരക്കാര്‍ പ്രവാചകന്‍(സ), അബൂബക്കര്‍ സ്വിദ്ദീഖിന് പഠിപ്പിച്ചുകൊടുത്ത പ്രാര്‍ഥന മറക്കാതിരിക്കുക. "നാഥാ, അറിഞ്ഞുകൊണ്ട് നിന്നില്‍ പങ്ക് ചേര്‍ക്കുന്നതില്‍ നിന്ന് ഞാനിതാ നിന്നോട് ശരണം തേടുന്നു. ഞാനറിയാത്തതില്‍ ഞാനിതാ നിന്നോട് മാപ്പിരക്കുന്നു.''
ജനങ്ങള്‍ക്കു വേണ്ടി കര്‍മം ഉപേക്ഷിക്കുക
ഫുളൈലുബ്നു ഇയാള് പറഞ്ഞു: "ജനങ്ങള്‍ക്കു വേണ്ടി കര്‍മം ഉപേക്ഷിക്കുന്നത് പ്രകടനപരതയും ജനങ്ങളെ കാണിക്കാന്‍ വേണ്ടി ചെയ്യുന്നത് ശിര്‍ക്കും ആണ്.''
തന്റെ ആരാധനകളെ വ്യംഗ്യമായി എടുത്തു കാട്ടുക
ഒരാള്‍ പ്രത്യക്ഷത്തില്‍ തന്റെ ഇബാദത്ത് മറച്ചുവെക്കുക, അതേസമയം ജനങ്ങളെ കാണിക്കാന്‍ പാടുപെടുകയും ചെയ്യുക. ഉദാ: രഹസ്യമായി തസ്ബീഹ് ചൊല്ലുക, പാപമോചനത്തിന്നര്‍ഥിക്കുക. എന്നാല്‍ അതേസമയം തന്നെ താന്‍ തസ്ബീഹിലാണെന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാകാത്ത വിധം ചുണ്ടുകള്‍ ചലിപ്പിക്കുകയോ ഇടക്ക് മറ്റുള്ളവരെ കേള്‍പ്പിക്കാന്‍ ഉച്ചത്തില്‍ ചൊല്ലുകയോ ചെയ്യുക.
മറ്റുള്ളവരുടെ കുറ്റവും കുറവും വെളിപ്പെടുത്തുക
മറ്റുള്ളവരുടെ കുറ്റങ്ങളിലൂടെയും കുറവുകളിലൂടെയും പിശാചിന് മനുഷ്യനില്‍ വളരെ വേഗം നുഴഞ്ഞു കയറാനാകും. ഉദാഹരണത്തിന്, ഇന്നയാള്‍ ഒരിക്കലും രാത്രി നമസ്കരിക്കാറില്ല, അയാളെ നോമ്പുകാരനായി ഞാന്‍ കണ്ടിട്ടേയില്ല, അയാള്‍ എന്ത് സമ്പന്നനാണ്, എന്നിട്ടെന്ത് കാര്യം ഒരു പൈസ ദാനം ചെയ്യാറില്ല- ഇത്തരം വാക്കുകളിലൂടെ താന്‍ അത്തരക്കാരനല്ലെന്നും സല്‍ഗുണ സമ്പന്നനാണെന്നും വാദിക്കുകയാണയാള്‍.
വലിയ അനുഷ്ഠാനകനെന്ന് വെളിപ്പെടുത്തുന്ന സംസാരം
താന്‍ വലിയ അനുഷ്ഠാനങ്ങളൊക്കെ നിര്‍വഹിക്കാറുണ്ടെന്ന മട്ടില്‍ സംസാരിക്കുക. ഉദാഹരണത്തിന് ഖുര്‍ആന്‍ കൂടുതലായി പാരായണം ചെയ്താല്‍ നാവ് അയാള്‍ക്ക് വഴങ്ങും, അത് ഖിയാമുല്ലൈലില്‍ ആണെങ്കില്‍ പ്രത്യേകിച്ചും; നോമ്പനുഷ്ഠിക്കല്‍ വലിയ പ്രയാസമാണെന്ന് ചിലര്‍ക്ക് തോന്നും, പതിവാക്കിയാല്‍ നോമ്പ് ഒട്ടും പ്രയാസമില്ല എന്നൊക്കെ പറയുക. താനത് അനുഷ്ഠിക്കുന്നുവെന്നും പതിവാക്കിയിരിക്കുന്നുവെന്നും അറിയിക്കലാണ് അയാളുടെ ഉദ്ദേശ്യം.
സ്വയം പൊക്കി പറയുക
ഉദാഹരണത്തിന്, ഏതെങ്കിലും ഒരു വിഷയത്തില്‍ ഉദ്ധരണികളും മറ്റും മാത്രം പഠിച്ച് നിറഞ്ഞ സദസ്സില്‍ പുസ്തകത്തിന്റെ പേരും പേജ് നമ്പറും ഒക്കെ ഉദ്ധരിച്ച് സംസാരിക്കുക. അവസാനം വിവരക്കേട് വിളമ്പുക. ഉദ്ദേശ്യമിതാണ്, താന്‍ വലിയ അറിവുള്ളവനാണെന്ന് കാണിക്കുക.
പണ്ഡിതന്മാരെ വില കുറച്ചു കാണുക
പണ്ഡിതന്മാരെ താറടിച്ച് കാണിക്കുക. ഉദാഹരണത്തിന്, ഇന്ന പണ്ഡിതന് എന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയേണ്ടിവന്നു, ഇന്നയാളുമായി ഞാന്‍ സംവാദം നടത്തി അയാളെ തോല്‍പിച്ചുവിട്ടു. കൂട്ടത്തില്‍ അയാള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യും. അയാള്‍ പറയും, 'ഇന്നയാള്‍ക്കും നമുക്കും അല്ലാഹു പൊറുത്തുതരട്ടെ. അദ്ദേഹം ഇങ്ങനെ പറഞ്ഞുകളഞ്ഞു, ഇങ്ങനെ ചെയ്തു പോയി.' ഇത്തരം പ്രയോഗത്തിലൂടെ ആ മനുഷ്യനെ താറടിച്ചു കാണിക്കലാണ് ഉദ്ദേശ്യം. വളരെ ബുദ്ധിപരമായ ശൈലിയിലായിരിക്കും ഈ അവതരണം. അതിബുദ്ധിമാന്മാര്‍ക്കേ ഇത് തിരിച്ചറിയാനാവൂ.
പ്രശസ്തിക്കായി വിദ്യ നേടുക
നരകത്തില്‍ പ്രവേശിക്കുന്ന മൂന്ന് വിഭാഗത്തെക്കുറിച്ച് സ്വഹീഹ് മുസ്ലിമില്‍ കാണാം. വിജ്ഞാനം നേടുകയും അത് പകര്‍ന്നു നല്‍കുകയും ചെയ്ത ആളാണ് അതില്‍ ഒന്നാമന്‍. "നീ എന്താണ് പ്രവര്‍ത്തിച്ചത്?'' ചോദ്യം ചെയ്യുമ്പോള്‍ അയാള്‍ പറയും: "ഞാന്‍ വിദ്യ നേടി. അത് പകര്‍ന്നു നല്‍കി.'' അല്ലാഹു പറയും: "നീ പറഞ്ഞത് പച്ചക്കള്ളം. നീ വിദ്യ നേടിയത് വലിയ പണ്ഡിതനെന്ന് നിന്നെക്കുറിച്ച് ആളുകള്‍ പറയാന്‍ വേണ്ടിയാണ്. അത് പറഞ്ഞുകഴിഞ്ഞു.'' പിന്നീടയാള്‍ നരകത്തിലേക്ക് എറിയപ്പെടും. ധീരയോദ്ധാവും ദാനശീലനുമാണ് മറ്റു രണ്ടു പേര്‍.
പ്രകടനം കൃത്രിമ താഴ്മയിലൂടെ
പിശാച് നമസ്കരിക്കുന്നവരെ പല വിധത്തിലും വഴിതെറ്റിക്കും. ചിലപ്പോഴത് കൃത്രിമ വണക്കത്തിലൂടെയും താഴ്മയിലൂടെയും ആയിരിക്കും. അയാള്‍ കൈ കെട്ടുന്നതും ഉയര്‍ത്തുന്നതും തലയുടെ ചലനവും ഒരുതരം കൃത്രിമത്വത്തിന്റെ ഭാവം പകര്‍ന്നായിരിക്കും. അത് ആത്മാര്‍ഥതയില്‍ നിന്നുള്ളതായിരിക്കുകയില്ല. സുന്നത്തിന്റെ പിന്‍ബലവും കാണില്ല. നമസ്കാരത്തില്‍ തലകുനിഞ്ഞ് നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനെ ഉമര്‍(റ) കണ്ടു. അദ്ദേഹം പറഞ്ഞു: "നിന്റെ തല ഉയര്‍ത്തുക. ഹൃദയത്തിലില്ലാതെ താഴ്മ ജനങ്ങള്‍ക്ക് വേണ്ടി പുറത്തെടുക്കുന്നവന്‍ തന്റെ കാപട്യമാണ് അതിലൂടെ പുറത്ത് കാണിക്കുന്നത്. നമസ്കാരത്തില്‍ സുജൂദിന്റെ സ്ഥാനത്തേക്ക് നോക്കലാണ് സുന്നത്ത്.''
ദീനിന്റെ പേരില്‍ രോഷം കൊള്ളല്‍
ചിലര്‍ കുറ്റവാളികളെ കുറിച്ച് സംസാരിക്കുമ്പോള്‍ നീട്ടിവലിച്ച് സംസാരിക്കും. കരയുന്നതായി ഭാവിക്കും. അവരുടെ പേരില്‍ ശാപവും ശകാരവും ചൊരിയും. സത്യവിശ്വാസികളുടെയും റസൂലിന്റെയും അല്ലാഹുവിന്റെയും കാര്യത്തില്‍ താന്‍ അങ്ങേയറ്റം ആത്മരോഷം കൊള്ളുന്നവനാണ് എന്ന് കാണിക്കലാണ് ഉദ്ദേശ്യം.
കൃത്രിമ വിരക്തി നടിക്കല്‍
ഭൌതിക കാര്യങ്ങളിലൊന്നും ശ്രദ്ധയില്ലാത്തവനെപ്പോലെ മുടി ജടപിടിപ്പിച്ച് മുഷിഞ്ഞ വസ്ത്രം ധരിച്ച് കൃത്രിമ വിരക്തിയും വിനയവും കാണിച്ച് നടക്കാന്‍ പിശാച് പ്രേരിപ്പിക്കും. എന്നാല്‍ നല്ല വേഷവിധാനം സ്വീകരിക്കണമെന്നാണ് ഇസ്ലാമിന്റെ വിധി. പ്രവാചകന്‍ മുടി ചീകി വെക്കുകയും സുഗന്ധം പൂശുകയും ചെയ്യാറുണ്ടായിരുന്നു. മുടിയുള്ളവന്‍ അതിനെ ആദരിക്കട്ടെ എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്.
ജനങ്ങളില്‍നിന്ന് അകന്നു കഴിയുക
താന്‍ ജനങ്ങളേക്കാള്‍ ഉത്തമനെന്ന് കരുതി ജനങ്ങളില്‍ നിന്ന് അകന്നു കഴിയുക. അഹങ്കാരത്താല്‍ അവരുമായി കൂടിച്ചേരാതിരിക്കുക. സ്വന്തത്തെക്കുറിച്ച് ആത്മപ്രശംസ നടത്തുക. തന്റെ പ്രവൃത്തിയില്‍ അത്ഭുതം കൂറുക. ജനങ്ങളില്‍ ആക്ഷേപവും ന്യൂനതയും ചൊരിയുക.
ചെയ്ത കര്‍മത്തിന്റെ പേരില്‍ ദുരഭിമാനം കൊള്ളുക
പിശാച് മനുഷ്യനെ വഴികേടിലാക്കുന്ന മാര്‍ഗങ്ങളിലൊന്നാണ്, താന്‍ ചെയ്ത സല്‍ക്കര്‍മം ഉയര്‍ത്തിക്കാട്ടി 'തനിക്കതുമതി ഇനി മറ്റൊന്നും ആവശ്യമില്ലെന്ന' തോന്നല്‍ ഉണ്ടാക്കുന്നത്.
(ഖത്തറിലെ ശൈഖ് ഈദ് ചാരിറ്റിയുടെ സാംസ്കാരിക വിഭാഗം തയാറാക്കിയ ലഘുലേഖയില്‍നിന്ന്)
വിവ: മുഹമ്മദലി ശാന്തപുരം


 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly