ബനാന്‍ ത്വന്‍ത്വാവി- മറക്കാനാകുമോ ഈ ധീര രക്തസാക്ഷിയെ?-2
പ്രിയതമന്റെ ഓര്‍മകളില്‍
പി.പി അബ്ദുല്ലത്വീഫ് രിയാദ്
ഒരുമിച്ചു ജീവിക്കുമ്പോഴും ജയിലിലായിരിക്കുമ്പോഴും നാടുകടത്തപ്പെട്ടപ്പോഴും ആശയവിനിമയം എഴുത്തിലൂടെ ആയിരിക്കണമെന്നത് ബനാന് നിര്‍ബന്ധമായിരുന്നു. ഒരു ദിവസം മുഴുവന്‍ ചര്‍ച്ച ചെയ്താലും, ചര്‍ച്ചയുടെ സാരാംശം ജന്മസിദ്ധമായ അവരുടെ കാവ്യഭാഷയില്‍ കത്തുകളിലൂടെ ഞാനുമായി പങ്കുവെക്കും. നിരവധി കത്തുകള്‍ അവര്‍ എഴുതി. സത്യത്തിന്റെ പാതയില്‍ അടിയുറച്ച് നില്‍ക്കാന്‍ പ്രചോദനം നല്‍കിക്കൊണ്ടും നാശം വിതക്കുന്നവരുടെ ഇംഗിതത്തിന് വഴങ്ങരുതെന്ന് ആഹ്വാനം ചെയ്തുകൊണ്ടും ക്ഷമാലുക്കള്‍ക്കും നന്ദികാണിക്കുന്നവര്‍ക്കും അല്ലാഹു ഒരുക്കിവെച്ചതിനെക്കുറിച്ച് ഓര്‍മപ്പെടുത്തിക്കൊണ്ടും കുട്ടികളും കുടുംബവും സുരക്ഷിതരും സ്വസ്ഥരുമാണെന്നറിയിച്ചുകൊണ്ടും അവര്‍ നിരന്തരം കത്തുകളെഴുതി.
ഒരിക്കലവരെഴുതി: "താങ്കള്‍ ദുഃഖിക്കരുത്. എന്നെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ സമ്പത്തിനെക്കുറിച്ചോ കുട്ടികളെക്കുറിച്ചോ താങ്കള്‍ ചിന്തിക്കരുത്. ചിന്തകള്‍ താങ്കളുടെ ദീനിനെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും ദൌത്യനിര്‍വഹണത്തെക്കുറിച്ചുമാകട്ടെ. ഞങ്ങള്‍ക്ക് സ്വകാര്യമായി ഒന്നും താങ്കളോട് ചോദിക്കാനില്ല. നാഥന്റെ മുമ്പില്‍ ഹാജരാക്കപ്പെടുമ്പോള്‍ സത്യത്തിന്റെ മാര്‍ഗത്തിലെ ഉറച്ച കാല്‍വെപ്പുകളിലൂടെ കരസ്ഥമാക്കിയ പ്രശോഭനമായ താങ്കളുടെ മുഖവും രക്ഷിതാവിന്റെ തൃപ്തിയുമല്ലാതെ ഞങ്ങളൊന്നും ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ കൂടെ അല്ലാഹു ഉണ്ട്. അവന്‍ ഞങ്ങള്‍ക്ക് നന്മ മാത്രമാണ് വിധിച്ചിരിക്കുന്നത്. അവന്‍ എല്ലാം അറിയുന്നവനും വിശുദ്ധനും ഏറ്റവും നന്നായി വിധികല്‍പിക്കുന്നവനുമാണ്.''
പരീക്ഷണങ്ങളില്‍ ആശ്വാസം പകര്‍ന്നുകൊണ്ട് ബനാന്‍ എഴുതി: "ഇസ്വാം, താങ്കള്‍ ദുഃഖിക്കരുത്. നടക്കാന്‍ പ്രയാസമെങ്കില്‍ ഞങ്ങളുടെ കാലുകൊണ്ട് നടക്കുക. എഴുതാന്‍ പ്രയാസമെങ്കില്‍ ഞങ്ങളുടെ കൈകൊണ്ടെഴുതുക. വിശ്വാസത്തിന്റെ വെളിച്ചത്തില്‍ താങ്കള്‍ രൂപംകൊടുത്ത, ഇസ്ലാമിന്റെ ഭാവിയിലേക്കുള്ള വഴിയില്‍ പ്രയാണം തുടരുക, ഞങ്ങള്‍ സദാ താങ്കളോടൊപ്പമുണ്ട്. ഉണക്ക റൊട്ടിയാണ് ലഭിക്കുന്നതെങ്കില്‍ അത് തിന്നുകൊണ്ട് താങ്കളുറങ്ങുന്ന ഏത് കൂടാരത്തിലും ഞങ്ങളും താങ്കളുടെ കൂടെ ഉറങ്ങും.''
അവളെന്നെ മനസ്സിലാക്കിയതും നിശ്വാസമായി എന്നില്‍ വിലയം കൊണ്ടതും എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. ഒറ്റ നോട്ടത്തില്‍ തന്നെ മുഖത്തുനിന്ന് എന്റെ മാനസികാവസ്ഥ അവള്‍ വായിച്ചെടുക്കുമായിരുന്നു. അത് ദുഃഖമായാലും സന്തോഷമായാലും തിരക്കായാലും ശാന്തതയായാലും ശരി. ശോകത്തിന്റെ വയലില്‍ സന്തോഷത്തിന്റെ പൂക്കളെങ്ങനെ വിരിയിക്കാമെന്ന് ജീവിതം കൊണ്ടവള്‍ കാണിച്ചു. തിരക്കുപിടിച്ച ജോലിക്കും ഉത്തരവാദിത്വ നിര്‍വഹണത്തിനും ഇടയില്‍ ആനന്ദത്തിന്റെ നിഷ്കപട മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ അവള്‍ക്ക് കഴിഞ്ഞു. കുടുസ്സായ ഞങ്ങളുടെ മുറിയെ അവള്‍ ഒരു കൊട്ടാരത്തേക്കാള്‍ വിശാലവും സുന്ദരവുമാക്കി. വിഭിന്ന രാജ്യങ്ങളിലെ ഏതു തരം ജീവിതത്തിനിടയിലും അനിര്‍വചനീയമായ ഒരാത്മസംതൃപ്തി കൂടെ അവള്‍ കൊണ്ടുനടന്നു. അല്ലാഹുവിന്റെ പാതയിലെ കടുത്ത പ്രയാസങ്ങളെയും പ്രലോഭനങ്ങളെയും കീഴടക്കിക്കൊണ്ടിരിക്കുന്നതിനിടയില്‍ നന്നെ ചെറുതും നിസ്സാരവുമായ ഞങ്ങളുടെ ആ കൊച്ചു മുറിയിലായിരുന്നു ഈ ഐശ്വര്യമെല്ലാം ഞങ്ങളാസ്വദിച്ചത്; ഞാനും ബനാനും ഞങ്ങളുടെ കുഞ്ഞുകുട്ടികള്‍ ഹാദിയയും ഐമനും.
കുടുംബജീവിതത്തില്‍ ഞങ്ങള്‍ എല്ലായ്പ്പോഴും ഒരേ അഭിപ്രായക്കാരായിരുന്നില്ല. അഭിപ്രായ വ്യത്യാസങ്ങളുണ്ടാവും. പക്ഷേ, അഭിപ്രായ ഭിന്നത ശക്തിപ്പെടുകയോ നീണ്ടുനില്‍ക്കുകയോ ഇല്ല. ഞങ്ങളുടെ പരസ്പര സ്നേഹത്തിന്റെ ഊഷ്മളതക്ക് ഒരു മാറ്റവുമുണ്ടാവില്ല. ഞങ്ങള്‍ക്കിടയിലുള്ള ആദരവും അംഗീകാരവും ബഹുമാനവും ദിനേന വര്‍ധിച്ചുകൊണ്ടിരുന്നു. കാരണം ഞങ്ങളുടെ പ്രചോദനവും പ്രയാണവും ലക്ഷ്യവും ഒന്നായിരുന്നു. അളവുകോലും ഒന്നുതന്നെ.
അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ ഞങ്ങളുടെ സംവാദത്തിലും ചര്‍ച്ചയിലും ഞങ്ങളിലാര്‍ക്കെങ്കിലും മനഃപ്രയാസം അനുഭവപ്പെടുന്നെന്ന് തോന്നിയാല്‍, ആ സംസാരം ദീര്‍ഘിപ്പിക്കാന്‍ അവള്‍ അനുവദിക്കില്ല. ഉടനെ എഴുന്നേറ്റുപോയി ദീര്‍ഘനേരം ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകും. അതവളുടെ ഒരു ശീലമായിരുന്നു. ഹൃദയവും നാവും ചുണ്ടും കണ്ണീരും കൊണ്ടവള്‍ പാരായണത്തില്‍ മുഴുകും. പിന്നെ ശാന്തതയും കൂടുതല്‍ ആത്മസംതൃപ്തിയും ഉന്മേഷവുമുള്ളവളായി അവള്‍ മാറും. ഖുര്‍ആനായിരുന്നു അവളുടെ ഹൃദയവസന്തവും പ്രകാശവും; ദുഃഖത്തെ മായ്ക്കുന്നതും മൂകതയെ മാറ്റുന്നതും. ഖുര്‍ആനായിരുന്നു അവളുടെ ജീവിതവും പ്രതീക്ഷയും, പ്രയാണങ്ങളിലും നിലപാടുകളിലും വികാരങ്ങളിലും തന്റെ വഴികാട്ടിയും. അതവളുടെ സുരക്ഷാ കവചമായിരുന്നു; വിശ്വസ്തമായ അഭയസ്ഥാനവും. ഇരുള്‍ മൂടിയ ദിനങ്ങള്‍ ഞങ്ങളുടെ മേല്‍ ആപതിച്ചപ്പോഴും, ചുറ്റും കൊടുങ്കാറ്റടിച്ചുവീശിയപ്പോഴും, അപകടങ്ങളും ഭീതിയും ഞങ്ങളുടെ വാതിലുകളില്‍ മുട്ടിവിളിച്ചപ്പോഴും ആശ്വാസവും നിര്‍ഭയത്വവും നല്‍കിയത് ആ ഖുര്‍ആനല്ലാതെ മറ്റൊന്നായിരുന്നില്ല. ഭൂമി നിറഞ്ഞാടുന്ന ത്വാഗൂത്തിന്റെ അക്രമത്തെ നിഷ്പ്രഭമാക്കാന്‍ ഖുര്‍ആന്‍ നല്‍കിയ ക്ഷമയുടെയും സ്ഥിരചിത്തതയുടെയും കരുത്ത് മതിയായിരുന്നു.
ഖുര്‍ആന്‍ പാരായണം ചെയ്ത് മനസ്സും ശരീരവും ശാന്തമായാലും ഞങ്ങള്‍ നിര്‍ത്തിയ സ്ഥലത്ത് നിന്നവള്‍ തുടങ്ങില്ല. മറിച്ച് ആ പകലൊടുങ്ങി ഇരുട്ട് വന്നണയുന്നതിന് മുമ്പായി അവള്‍ കത്തെഴുതും. സ്നേഹവും ആത്മാര്‍ഥതയും വഴിഞ്ഞൊഴുകുന്ന, വൈകാരികവും നിര്‍മലവും സുന്ദരവുമായ വാക്കുകള്‍ കൊണ്ട്. അല്ലാഹുവിനോടുള്ള സാമീപ്യവും സ്നേഹവും നന്ദിയും നിറഞ്ഞ വാക്കുകള്‍. വിശ്വാസത്തിലും അര്‍പ്പണത്തിലും ഐശ്വര്യത്തിലും സ്നേഹത്തിലും അവന്‍ ഞങ്ങള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളെണ്ണിക്കൊണ്ട്. പിന്നെ പതുക്കെ ഞങ്ങള്‍ക്കിടയില്‍ നടന്ന സംവാദത്തിലേക്ക് പ്രവേശിക്കും. ഞങ്ങള്‍ യോജിക്കുന്ന മേഖലകളും വിയോജിക്കുന്ന മേഖലകളും സൂചിപ്പിക്കും. ശേഷം സംഗ്രഹിച്ചുകൊണ്ടവള്‍ വളരെ ശാന്തമായും വ്യക്തമായും അവളുടെ വീക്ഷണം നിരത്തും. പിന്നെ എന്റെ അഭിപ്രായങ്ങള്‍ക്ക് ഇടം അനുവദിച്ചുകൊണ്ടവള്‍ കത്ത് അവസാനിപ്പിക്കും. സാധാരണ ഗതിയില്‍ അവള്‍ എത്തിച്ചേര്‍ന്ന അഭിപ്രായം തന്നെയാണ് എനിക്കുമുണ്ടാകാറ്.
ജീവിതത്തിന്റെ ഭാഗമായി മാറിയ ഉമ്മു ഐമന്റെ ഈ കത്തെഴുത്ത് ഒരു അനുകരണീയ മാതൃകയായിരുന്നു. ഞങ്ങള്‍ ഒരു വീട്ടില്‍ താമസിച്ചുകൊണ്ടിരിക്കെയാണവള്‍ കത്തെഴുതുന്നത്. രാവും പകലും ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും ഒരു നാട്യങ്ങളുമില്ലാതെ ഞങ്ങള്‍ പരസ്പരം സംസാരിച്ചുകൊണ്ടിരിക്കും. എങ്കിലും അവളെനിക്ക് കത്തെഴുതും. ഹൃദയത്തിന്റെ ആഴത്തില്‍നിന്നെടുക്കുന്ന വികാരങ്ങളെ മാസ്മരിക ശൈലിയില്‍ കത്തിലൂടെ അവള്‍ വീണ്ടും എന്നോട് സംവദിക്കും. അവളുടെ അതിസൂക്ഷ്മ വികാരങ്ങളും വിചാരങ്ങളും അതില്‍ മുറ്റിനില്‍ക്കും. തന്റെ ഭര്‍ത്താവിനോടും കുട്ടികളോടും കുടുംബത്തോടുമുള്ള സ്നേഹം. ശാമിലെ തന്റെ ഇഷ്ടക്കാരോടും ശാമിനോടും താന്‍ കാത്തുസൂക്ഷിക്കുന്ന നിത്യവാത്സല്യം. ഗൃഹാതുരത്വമുണര്‍ത്തുന്ന ശാമിലെ ബാല്യത്തിന്റെയും യുവത്വത്തിന്റെയും സ്മരണകള്‍. മനുഷ്യരുടെ സങ്കടങ്ങള്‍. അവരുടെ ദുഃഖവും പ്രതീക്ഷകളും. ഇനിയും ഉണര്‍ന്നെഴുന്നേല്‍ക്കേണ്ട നമ്മുടെ ഉത്തരവാദിത്വബോധം. ഭൂമിയുടെ ഏത് കോണിലും ഏതവസ്ഥയിലും ആ ഉത്തരവാദിത്വത്തിന് വേണ്ടി നമ്മുടെ ജീവിതം മുഴുവനായും സമര്‍പ്പിക്കേണ്ടതിനെക്കുറിച്ചും കത്തിലൂടെ അവള്‍ സംസാരിക്കും.
ഈ കത്തുകള്‍ മൂല്യം തിട്ടപ്പെടുത്താനാവാത്ത ഒരു വലിയ നിധിയാണ്. എന്റെ സങ്കടമേ, ഞാനാ നിധി നഷ്ടപ്പെടുത്തി. എന്നില്‍നിന്ന് മറ്റു രേഖകള്‍ നഷ്ടപ്പെടുകയും മോഷ്ടിക്കപ്പെടുകയും ചെയ്ത കൂട്ടത്തില്‍ ഈ അമൂല്യനിധിയും നഷ്ടപ്പെട്ടു.
ഒരു സ്ഥലത്ത് സ്ഥിരമായി നില്‍ക്കരുതെന്ന് ജര്‍മന്‍ ഭരണകൂടം എന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. കൊലയാളി സംഘം എന്നെ പിന്തുടരുന്നുണ്ടെന്നവര്‍ പറഞ്ഞു. അതിനാല്‍ നിരന്തരമായി എന്റെ മേല്‍വിലാസവും താമസവും മാറ്റിക്കൊണ്ടിരിക്കേണ്ടിവന്നു. വളരെ അത്യാവശ്യമുള്ളതും പൌരാണികവുമായ എന്റെ കടലാസുകള്‍ ഞാന്‍ ശേഖരിച്ചുവെച്ചു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ഉമ്മു ഐമന്റെ പുതിയതും പഴയതുമായ ആ കത്തുകള്‍. ഖുര്‍ആന്റെ കൂടെ എന്റെ പ്രത്യേക ബാഗില്‍ ഞാനത് വെച്ചിരുന്നു. പക്ഷേ, ഒന്നര വര്‍ഷം ഒരിടത്തും ഒന്ന് നടുനിവര്‍ത്താന്‍ പോലും എനിക്ക് കഴിഞ്ഞിട്ടില്ല അപ്പോഴേക്കും പറയും ഇവിടം വിടുക, അവര്‍ താങ്കളുടെ സ്ഥലം കണ്ടെത്തിയിരിക്കുന്നു... സ്ഥലം വിടുക.... സ്ഥലം വിടുക.... ശൈത്യത്തിലും ഉഷ്ണത്തിലും വസന്തത്തിലും ഗ്രീഷ്മത്തിലും പട്ടണങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയുമുള്ള ഈ നിരന്തര യാത്രക്കിടയിലെവിടെയോ വെച്ച് കൈവശമുള്ള ആ കടലാസുകള്‍ നഷ്ടമായി. മുമ്പെ പ്രസിദ്ധീകരിച്ചതോ പകര്‍ത്തിവെച്ചതോ ആയ വളരെ കുറച്ച് കത്തുകളേ പിന്നെ അവശേഷിച്ചുള്ളൂ.
ബനാന്‍ തന്റെ ഭര്‍ത്താവിനെ സ്നേഹിച്ചപോലെ ഒരു ഭാര്യയും സ്നേഹിച്ചിട്ടില്ല.
ബനാന്‍ തന്റെ ഭര്‍ത്താവിനെ മനസ്സിലാക്കിയ പോലെ ഒരു ഭാര്യയും മനസ്സിലാക്കിയിട്ടില്ല.
ബനാന്‍ തന്റെ ഭര്‍ത്താവിനെ സഹായിച്ചതുപോലെ ഒരു ഭാര്യയും സഹായിച്ചിട്ടില്ല.
ബനാന്‍ തന്റെ ഭര്‍ത്താവിനെ കൊണ്ട് പരിക്ഷീണയായതുപോലെ ഒരു ഭാര്യയും പരിക്ഷീണയായിട്ടില്ല.
ബനാന്‍ തന്റെ ഭര്‍ത്താവിന് വേണ്ടി സമര്‍പ്പിക്കുകയും ബലിയാവുകയും ചെയ്തതുപോലെ ഒരു ഭാര്യയും ചെയ്തിട്ടില്ല. അനുഗ്രഹങ്ങളിലും ദുഃഖങ്ങളിലും സന്തോഷത്തിലും സന്താപത്തിലും ഐശ്വര്യത്തിലും പ്രയാസത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും ഭയത്തിലും നിര്‍ഭയത്വത്തിലും സ്വന്തം രാജ്യത്തും പരദേശത്തും വ്യത്യസ്ത സാഹചര്യങ്ങളിലും സന്ദര്‍ഭങ്ങളിലും ഹൃദയവും ചിന്തയും സര്‍വ കഴിവുകളും ശക്തിയും ഉപയോഗിച്ച് തന്നേക്കാള്‍ തന്റെ ഭര്‍ത്താവിന് പ്രാമുഖ്യം കൊടുത്ത ഒരു ഭാര്യയെയും കാണാനാവില്ല.
സൃഷ്ടികളോടുള്ള കാരുണ്യം കൊണ്ട് നിറഞ്ഞതായിരുന്നു അവളുടെ ഹൃദയം. മനുഷ്യ സാഹോദര്യത്തെക്കുറിച്ചും പരസ്പര സഹകരണത്തെക്കുറിച്ചും അവള്‍ സംസാരിക്കുന്നത് ഞാനെത്രയോ തവണ കേട്ടു. എവിടെയെല്ലാം മനുഷ്യരുണ്ടോ അവരുടെയെല്ലാം ദുഃഖം അവള്‍ സ്വയം വഹിച്ചു. അവളുടെ ഹൃദയത്തിലൂടെ സകല ജീവജാലങ്ങള്‍ക്കുമായി കാരുണ്യത്തിന്റെ അരുവിയൊഴുകി. വിവിധ രാജ്യങ്ങളിലെ, ഞങ്ങള്‍ക്ക് പേരറിയാത്ത മനുഷ്യരുടെ പ്രയാസങ്ങളും ദുഃഖങ്ങളും ഓര്‍ത്ത് അവള്‍ കരയുന്നത് നിരവധി തവണ ഞാന്‍ കേട്ടിട്ടുണ്ട്.
ഉമ്മു ഐമന്‍ പറയുമായിരുന്നു, നമ്മില്‍ നിന്ന് ജനം ഇസ്ലാമിനെക്കുറിച്ച് കേട്ടാല്‍ മാത്രം പോരാ, ആ ഇസ്ലാമിനെ അവര്‍ക്ക് നമ്മില്‍ തൊട്ടറിയാനും അനുഭവിക്കാനും കഴിയണം. വേദന പേറുന്ന ഇരകള്‍ക്കുവേണ്ടി കരുതിവെച്ച കണ്ണുനീര്‍തുള്ളികള്‍ നമ്മുടെ കണ്ണുകളില്‍ അവര്‍ കാണണം. പീഡിതന്റെ മുറിവുകള്‍ തഴുകുന്ന വാത്സല്യത്തിന്റെ കൈയും, അക്രമികളുടെയും അക്രമത്തിന്റെയും മുഖത്ത് നോക്കിയുള്ള ശക്തമായ പ്രതികരണവും, ജീവിതപ്രയാസങ്ങളിലും വിപത്തുകളിലും സത്യവും സല്‍പാന്ഥാവും തേടുന്ന നിഷ്കപട സഹായവും അവരനുഭവിക്കണം. ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് നിര്‍ഗളിക്കുന്ന സ്നേഹം അവരാസ്വദിക്കണം. പ്രയാസങ്ങളിലും സന്തോഷത്തിലും സത്യസന്ധമായ വൈകാരിക പങ്കുവെപ്പുണ്ടാവണം. നാം മാനവര്‍ക്കാകമാനം അനുഭവിക്കാന്‍ കഴിയുന്നത്ര വിശാലമായ കാരുണ്യത്തിന്റെ വാഹകരാകണം. മനുഷ്യനെവിടെയാണോ ഉള്ളത് അവിടെയെല്ലാം ആ കാരുണ്യമെത്തണം. മനുഷ്യരെയും കടന്ന് സര്‍വ സൃഷ്ടികളിലേക്കും ആ കാരുണ്യം പ്രസരിക്കണം.
ഉമ്മു ഐമന്‍ പറയുമായിരുന്നു: "എന്റെ സഹോദരിമാര്‍ ഉറക്കമൊഴിച്ചിരിക്കെ എനിക്കെങ്ങനെ ഉറങ്ങാന്‍ കഴിയും? അവര്‍ക്കല്‍പം മരുന്നെത്തിക്കാനെനിക്കായെങ്കില്‍, അവരുടെ മുറിവുകള്‍ കെട്ടിക്കൊടുക്കാന്‍ പറ്റിയെങ്കില്‍, അല്‍പമൊന്നാശ്വസിപ്പിക്കാനെങ്കിലും കഴിഞ്ഞെങ്കില്‍...''
എന്നെയും കൊണ്ടവളെത്രയെത്ര മൈലുകള്‍ താണ്ടി... നൂറുക്കണക്കിന് മൈലുകള്‍- ഞങ്ങളുടെ വാഹനം അവള്‍ തന്നെയായിരുന്നു ഓടിച്ചിരുന്നത്- പകലിന്റെ വെളിച്ചത്തിലും രാത്രിയുടെ ഇരുട്ടിലും. തോര്‍ച്ചയുടെ തെളിമയിലും മഴയുടെ മ്ളാനതയിലും. സന്തുലിത കാലാവസ്ഥയിലും ചൂടിന്റെ കാഠിന്യത്തിലും മഞ്ഞു പെയ്യുന്ന തണുപ്പിലും. തന്റെ സഹോദരിമാരുടെ സഹായാര്‍ഥനക്കുള്ള ഉത്തരമായിക്കൊണ്ട്, അല്ലെങ്കില്‍ കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍, അതുമല്ലെങ്കില്‍ വിശാല ഇസ്ലാമിക കുടുംബത്തിലെ ഒരംഗത്തിന്റെ സന്തോഷത്തില്‍ നാവിനും ശരീരത്തിനും മുമ്പെ ഹൃദയം കൊണ്ട് പങ്കുചേരാന്‍ എണ്ണമറ്റ മൈലുകള്‍ അവള്‍ താണ്ടി.
ഞാനൊരിക്കലവളോട് പറഞ്ഞു: "നിനക്കാ സഹോദരിക്കു വേണ്ടി എന്തു ചെയ്യാനാകും? എനിക്ക് തോന്നുന്നില്ല നിനക്കെന്തെങ്കിലും ചെയ്യാനാകുമെന്ന്''. അവള്‍ പറയും: "ഞാനെനിക്ക് കഴിയാവുന്നതെല്ലാം ചെയ്യും. എന്നിട്ടും പരാജയപ്പെട്ടാല്‍ നന്നെ ചുരുങ്ങിയത് അവളോടൊപ്പമിരുന്ന് കരയുകയെങ്കിലും ചെയ്യാമല്ലോ. അങ്ങനെ പ്രഹരമേറ്റവള്‍ക്ക് ആ പങ്കാളിത്തം ഒരാശ്വാസമാകും. മനസ്സിനും നെഞ്ചിനുമേറ്റ ആഘാതത്തില്‍ നിന്നല്‍പമെങ്കിലും അവള്‍ക്ക് ആശ്വാസം ലഭിച്ചേക്കും.''
മനുഷ്യന്‍ തന്റെ ജീവിത വഴിയില്‍ നിരവധി പണ്ഡിതന്മാരെയും സാഹിത്യകാരന്മാരെയും സാമൂഹിക പ്രവര്‍ത്തകരെയും സ്വാധീനമുള്ള വ്യക്തിത്വങ്ങളെയും കണ്ടേക്കാം. പക്ഷേ, നിഷ്കളങ്കവും ഊഷ്മളവുമായ ഇത്തരം വൈകാരിക ബന്ധം സമന്വയിച്ച വ്യക്തിത്വങ്ങളെ കണ്ടെത്തുക പ്രയാസം. ശത്രുവിനും മിത്രത്തിനുമൊരുപോലെ തന്റെ സഹായവും സാന്ത്വനവും കാരുണ്യവും ചൊരിയുന്ന, നിഷ്കപട വൈകാരിക ബന്ധം കാത്തുസൂക്ഷിക്കുന്ന ഒരു വ്യക്തിത്വത്തെ. അതും വാക്കുകള്‍ക്കു മുമ്പെ കര്‍മം കൊണ്ട് ആ വൈകാരിക ബന്ധത്തെ മൊഴിമാറ്റം നടത്തുന്ന വ്യക്തിത്വത്തെ.
അവള്‍ പറയുമായിരുന്നു: "പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും കിരണങ്ങള്‍ കൊണ്ട് വ്യസനിക്കുന്ന സഹോദരിയുടെ മനസ്സിലും ചുണ്ടുകളിലും സന്തോഷത്തിന്റെ തിരി കത്തിച്ചുവെക്കാനാകുമ്പോഴൊക്കെ ഞാനെത്രമാത്രം സന്തോഷിച്ചു. മറ്റുള്ളവരുടെ ആശ്വാസത്തിലും ആനന്ദത്തിലുമാണ് അല്ലാഹു എനിക്ക് ആശ്വാസവും ആനന്ദവും നല്‍കുന്നത്. അവരുടെ പ്രയാസത്തിലാണെന്റെ പ്രയാസം. എന്റെയും എന്റെ ഭര്‍ത്താവിന്റെയും കുട്ടികളുടെയും കുടുംബത്തിന്റെയും ആനന്ദവും പ്രയാസവും പോലെ തന്നെ.''
വിശ്വാസം വരാതിരിക്കാന്‍വണ്ണം അപൂര്‍വമായ ഒരു ജീവിതത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഈ കാലഘട്ടത്തില്‍ വെറും കെട്ടുകഥയോ ഭാവനയോ സ്വപ്നമോ ആയി ഗണിക്കപ്പെടാവുന്നത്. പക്ഷേ, ഇതായിരുന്നു യഥാര്‍ഥത്തില്‍ എന്റെ ഉമ്മു ഐമന്‍. നമ്മെപ്പോലെ ഭക്ഷണം കഴിക്കുന്ന ഒരു സ്ത്രീയുടെ തന്നെ ജീവിതമാണിത്. നമ്മെ പോലെ ആഗ്രഹങ്ങളും വികാരങ്ങളും വിചാരങ്ങളും ദുഃഖങ്ങളുമുള്ള ഒരു പച്ച മനുഷ്യന്റെ. വിശ്വാസത്തിന്റെ ബലം കൊണ്ട് വിലകുറഞ്ഞ ഭൌതിക താല്‍പര്യങ്ങളെ അവള്‍ അതിജയിച്ചു. മുള്ളു നിറഞ്ഞ പ്രബോധനത്തിന്റെ പാതയില്‍ ഊര്‍ജസ്വലയായി ഉറച്ച കാല്‍വെപ്പോടെ അവള്‍ ചരിച്ചു. സത്യമാര്‍ഗത്തില്‍ രക്തസാക്ഷ്യം വരിക്കുന്നതുവരെ ക്ഷമകൊണ്ടും ആത്മവിശ്വാസം കൊണ്ടും ആ മാര്‍ഗം അവള്‍ താണ്ടി.
ജര്‍മനിയിലെ ആച്ചിന്‍(അമരവലി) പട്ടണത്തിലെ ഞങ്ങളുടെ വീട്ടില്‍ ഇരുപത്തെട്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് 17-03-1981ന് ഭരണകൂടത്തിന്റെ വാടകക്കൊലയാളികളുടെ വെടിയുണ്ടയേറ്റ് രക്തസാക്ഷ്യം വരിച്ച എന്റെ എല്ലാമായിരുന്ന പ്രിയതമയെക്കുറിച്ചുള്ള ഓര്‍മയുടെ ഒരു ചീന്ത് മാത്രമാണിത്. അന്നെനിക്ക് നഷ്ടപ്പെട്ടത് എന്റെ പ്രാണപ്രേയസ്സിയെയും കൂട്ടുകാരിയെയും എന്റെ താങ്ങിനെയും തണലിനെയുമായിരുന്നു.
ഒരു അറബ് ഭരണാധികാരി മറ്റൊരു അറബ് രാജ്യത്തിലെ ഭരണനേതൃത്വത്തിലിരിക്കുന്ന വ്യക്തിയോട് ബനാന്‍ കൊല്ലപ്പെട്ടതിന്റെ വിഷമം അറിയിച്ചുകൊണ്ട് പറഞ്ഞു: "ഇസ്വാം അല്‍ അത്വാറിനെ കൊല്ലുന്നത് മനസ്സിലാക്കാം. പക്ഷേ, അദ്ദേഹത്തിന്റെ ഭാര്യയെ...??''
ഇതു കേട്ട അയാളുടെ മറുപടി: "ശരിയാണ്, നാം വിചാരിച്ചപോലെ ഇസ്വാം അല്‍ അത്വാറിനെ കൊല്ലാനായില്ല. പക്ഷേ, ഈ കൊലയിലൂടെ നാം അയാളെ വീഴ്ത്തി... ബനാനെ കൊന്നതോടെ അയാളുടെ കൈയും കാലുമാണ് നാം അരിഞ്ഞിട്ടത്. ഇനി അയാള്‍ക്ക് ചലിക്കാനോ കര്‍മനിരതനാകാനോ കഴിയില്ല.''
കണ്ണുനീരില്‍ മുങ്ങിയ ചിന്തകളും വികാരങ്ങളും എന്നില്‍ തിരതല്ലുമ്പോള്‍ വിറക്കുന്ന ഈ കൈകള്‍ കൊണ്ട് എഴുതാനോ പേന പിടിക്കാനോ ശേഷിയില്ലെങ്കിലും ഈ മഹതിയെക്കുറിച്ച്, ഈ വലിയ രക്തസാക്ഷിയെക്കുറിച്ച് ഇനിയും നിങ്ങളോട് സംസാരിക്കാനുണ്ട്. ഇതെന്റെ ബാധ്യതയും എന്നില്‍നിന്ന് ചരിത്രത്തിനു കിട്ടേണ്ട അവകാശവുമാണ്. ഉന്നതങ്ങളില്‍ പ്രശോഭിക്കുന്ന ഇത്തരം സച്ചരിതരായ സത്യവിശ്വാസിനികളെ മാതൃകയാക്കാനാഗ്രഹിക്കുന്ന മുസ്ലിം പുതുതലമുറയുടെ അവകാശം.
(തുടരും)