മുഖക്കുറിപ്പ് / ചീഫ് എഡിറ്റര്‍
അവര്‍ക്കാരാണ്
പ്രബോധനം എത്തിക്കുക?
പ്രബോധനം പ്രത്യേക പതിപ്പായി ഇറങ്ങിയ ഒരു ലക്കത്തില്‍, സ്ഥലപരിമിതിമൂലം ഖുര്‍ആന്‍ബോധനം മുടങ്ങിയതില്‍ രോഷം കൊണ്ടാണ് അയാള്‍ വിളിക്കുന്നത്, ഒരു പാലക്കാടന്‍ ഗ്രാമത്തില്‍നിന്ന്. പേരും ഊരും പറഞ്ഞ് വിളിച്ചകാര്യം ഒരു ശാസന പോലെ ഉണര്‍ത്തിയ ശേഷം അദ്ദേഹം തുടര്‍ന്നു: "ഞാന്‍ ജമാഅത്തെ ഇസ്ലാമിക്കാരനൊന്നുമല്ല (തന്റെ സംഘടനയുടെ പേരും അദ്ദേഹം വെളിപ്പെടുത്തി), ഖത്വീബാണ്. പ്രബോധനം മുടങ്ങാതെ വായിക്കും. പ്രധാന ആകര്‍ഷണം ഖുര്‍ആന്‍ ബോധനം തന്നെ. രണ്ട് കിലോമീറ്റര്‍ നടന്നുപോയിട്ടാണ് ഓരോ ലക്കവും വാങ്ങിക്കൊണ്ടുവരുന്നത്.''
ഇങ്ങനെ എത്ര മൌലവിമാര്‍, മുസ്ലിയാക്കന്മാര്‍, ഖത്വീബുമാര്‍, പണ്ഡിതന്മാര്‍, സാധാരണക്കാര്‍ നമ്മുടെ നാട്ടിലുണ്ടെന്നറിയാമോ? പ്രബോധനം കിട്ടിയാല്‍ വായിക്കാന്‍ കൊതിക്കുന്നവര്‍; കിട്ടാത്തതുകൊണ്ട് മാത്രം വായിക്കാന്‍ സാധിക്കാത്തവര്‍. ഇവര്‍ക്കാരാണ് പ്രബോധനം എത്തിച്ചുകൊടുക്കുക? പ്രബോധനം വായിക്കാന്‍ അവര്‍ക്കുമില്ലേ അവകാശം? പ്രബോധനം സ്ഥിരമായി വായിക്കുന്ന സുന്നി-മുജാഹിദ് സുഹൃത്തുക്കളുടെ പ്രഭാഷണം ഒന്നു വേറെത്തന്നെയാണ്. അവര്‍ വായിക്കുക മാത്രമല്ല; വായിച്ചത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ജനസഹസ്രങ്ങള്‍ക്ക് അതിന്റെ ഗുണവും കിട്ടുന്നു.
അനേകം അമുസ്ലിംകളും പ്രബോധനം വായിക്കുന്നുണ്ട്. അവരുടെ കത്തുകള്‍ ചിലപ്പോള്‍ പത്രാധിപസമിതിക്ക് ലഭിക്കാറുണ്ട്. അനിര്‍വചനീയമായ അനുഭൂതിയാണ് അത് വായിക്കുമ്പോള്‍ ഉളവാകുക. ചെയ്യുന്ന ജോലിയുടെ മധുരം പെയ്തിറങ്ങുന്ന അനുഭവം. ജനങ്ങളുടെ ഇസ്ലാംധാരണ ശരിപ്പെടുത്തുന്നതില്‍ പ്രബോധനം വഹിക്കുന്ന പങ്ക് നിസ്തുലമാണ്. പ്രബോധനം വായിച്ചു തുടങ്ങുന്നതിന് മുമ്പും ശേഷവും എന്ന് രണ്ടായി തരംതിരിക്കാന്‍ മാത്രം പ്രാധാന്യമുണ്ടതിന്. പ്രബോധനം വായിക്കുന്ന അമുസ്ലിം സുഹൃത്തുക്കളുടെ എണ്ണം ആയിരങ്ങള്‍ വരുമെങ്കിലും നമ്മുടെ സമൂഹത്തിലെ ഒരു ചെറിയ ശതമാനമേ അതാകുന്നുളളൂ. ബാക്കിവരുന്ന മഹാഭൂരിപക്ഷത്തിന് എന്നാണ് പ്രബോധനം കാണുമാറാവുക? പ്രബോധനം കിട്ടാന്‍ അവര്‍ക്കുമില്ലേ അവകാശം?
വായനക്കാര്‍ ഇത്രമേല്‍ നെഞ്ചേറ്റിയ മറ്റൊരു പ്രസിദ്ധീകരണം മലയാളത്തിലുണ്ടാകുമോ? ഹൃദയത്തില്‍ തൊട്ടെഴുതിയ അവരുടെ കത്തുകള്‍ മറ്റെന്താണ് വിളിച്ചു പറയുന്നത്? ഓരോരുത്തരുടെയും ഇഷ്ടങ്ങള്‍ പലതാണ്. ചിലര്‍ക്ക് ഖുര്‍ആന്‍ ബോധനം, ചിലര്‍ക്ക് ആനുകാലിക വിഷയങ്ങള്‍, വേറെ ചിലര്‍ക്ക് ലോക വിശേഷങ്ങള്‍. ചിലരുടെ ആകര്‍ഷണം പുതിയ ചിന്തകള്‍, വേറെ ചിലരുടേത് ചോദ്യോത്തരം. വായനക്കാരുടെ വൈജ്ഞാനിക നിലവാരവും അഭിരുചികളുമനുസരിച്ച് വിവിധങ്ങളായ വിഭവങ്ങള്‍ പ്രബോധനത്തിലുണ്ട്. അഭ്യസ്തവിദ്യര്‍ക്കും സാധാരണക്കാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ അത് പ്രിയങ്കരമാകുന്നത് അതുകൊണ്ടാണ്.
സന്മാര്‍ഗത്തിന്റെ സൌരഭ്യവുമായി നീണ്ട ആറുപതിറ്റാണ്ട്! വിശ്വാസിക്ക് ആത്മവിശ്വാസമായി, അവിശ്വാസിക്ക് ആത്മസംഘര്‍ഷമായി, മര്‍ദിതരുടെ ഉറ്റമിത്രമായി, മര്‍ദകരുടെ ബദ്ധശത്രുവായി, വേദനിക്കുന്നവന് സാന്ത്വനമായി, വേദനിപ്പിക്കുന്നവനു താക്കീതായി, അന്ധന്റെ കൃഷ്ണമണിയായി, ബധിരന്റെ ശ്രവണപുടമായി, സര്‍വോപരി ഇസ്ലാമിക ചിന്തയുടെ അഗ്നിപ്രവാഹമായി പ്രബോധനം നമുക്കിടയിലുണ്ട്, ഒരു പ്രകാശഗോപുരം പോലെ; വിമര്‍ശകര്‍ക്കു വരെ വെളിച്ചം ചൊരിഞ്ഞ്, കത്തിജ്വലിച്ച്. തീരുമോ ഇത് കൊണ്ടുമാത്രം നമ്മുടെ ഉത്തരവാദിത്വം? പ്രബോധനത്തിന്റെ ധവളപ്രകാശമെത്താത്ത വ്യക്തികള്‍, സമൂഹങ്ങള്‍, സ്ഥലങ്ങള്‍ ഇനിയുമെത്ര? ഓര്‍ക്കുക, പ്രബോധനം കേവലം ഒരു വാരികയുടെ വിളിപ്പേരല്ല; ഒരു മഹാ ദൌത്യത്തിന്റെ വിളംബരമാണ്. ജനകോടികള്‍ക്ക് പ്രബോധനം നിഷേധിക്കാന്‍ പിന്നെ എന്തുണ്ട് ന്യായം?
അതിനാല്‍, നടക്കാം നമുക്ക് പ്രബോധനവുമായി അല്‍പ ദൂരം. അടുത്ത ഗ്രാമം വരെ, അടുത്ത പട്ടണം വരെ, ഏറ്റവും അടുത്ത ഒരു സുഹൃത്ത് വരെയെങ്കിലും. നിങ്ങളല്ലാതെ മറ്റാരാണ് അവര്‍ക്ക് ഇസ്ലാമിന്റെ 'പ്രബോധന'മെത്തിക്കുക? എത്ര കാലമാണ് അവര്‍ ശത്രുക്കളുടെ ഇസ്ലാം കൊണ്ട് തൃപ്തിപ്പെട്ടു കഴിയുക? ഓര്‍ക്കുക, ഇബ്ലീസിന്റെ ഇസ്ലാം, പടിഞ്ഞാറിന്റെ ഇസ്ലാം, പകയുടെയും വിദ്വേഷത്തിന്റെയും ഇസ്ലാം, സാമുദായിക ഇസ്ലാം- ഇസ്ലാം ഇങ്ങനെ പലതുണ്ട്. ഒന്നും പ്രപഞ്ചനാഥന്റെ ഇസ്ലാമിനു പകരമാവില്ല. അത് നേര്‍ക്കുനേരെ കേള്‍ക്കാന്‍ ജനങ്ങള്‍ക്കു അവകാശമുണ്ട്. അതിനാല്‍ സ്ഥിരം തട്ടകം വിട്ട് നാം പുറത്തേക്ക് പോവുക, പ്രബോധനവുമായി ഒരു പുതിയ മനുഷ്യനിലേക്ക്, പുതിയ പ്രദേശത്തേക്ക്, പുതിയ കാലത്തേക്ക്.
സംശയമില്ല, ഏറ്റവും കൂടുതല്‍ ആളുകള്‍ വായിക്കുന്ന മലയാള ഇസ്ലാമിക വാരിക പ്രബോധനം തന്നെ. അതുകൊണ്ടായില്ല. വായിക്കുന്ന പതിനായിരങ്ങളേക്കാള്‍ പതിനായിരം മടങ്ങാണ് വായിക്കാത്ത പരകോടികള്‍. ഇത്തവണ പ്രബോധനവുമായി അവരിലേക്ക്. അവരുടെ വീടുകളിലേക്ക്, ഹൃദയങ്ങളിലേക്ക്. നടക്കാം നമുക്ക് അല്‍പദൂരം മുന്നോട്ട്! എന്നാലും എത്തുമോ നമ്മള്‍, ഈ മഹാ ദൌത്യം തലയില്‍ ചുമന്ന് ഭൂമികള്‍ താണ്ടിയ പൂര്‍വസൂരികള്‍ക്കൊപ്പം?