Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       

 


വൈവിധ്യം പോരാട്ടത്തിനുള്ള ന്യായമല്ല
വി.എ മുഹമ്മദ് അശ്റഫ്
ശാക്തീകരണത്തിന്റെ അവിഭാജ്യഘടകമാണ് സൌഹാര്‍ദപൂര്‍ണമായ സഹകരണം. ചെറിയ ചെറിയ മണല്‍തരികള്‍ ചേര്‍ന്നാണ് മഹാ മരുഭൂമികളുണ്ടാകുന്നത്. ജലകണങ്ങള്‍ ചേര്‍ന്നാണ് മഹാ സമുദ്രങ്ങളായിത്തീരുന്നത്. അജയ്യമായ സമൂഹ നിര്‍മിതിക്ക് ജനങ്ങളുടെ സഹകരണമാണാവശ്യം. അനൈക്യം ജന്മമേകുന്നത് അസ്വസ്ഥതയും ശൈഥില്യവും അധോഗതിയും ഛിദ്രതയും മാത്രമാണ്. ഭിന്നിപ്പിന്റെയും കക്ഷിത്വ വാശികളുടെയും ഫലം ശക്തിക്ഷയമാണെന്ന് ഖുര്‍ആന്‍ പറയുന്നു (6:159).
സഹകരണത്തിന്റെ മൂന്ന് തലങ്ങളെക്കുറിച്ച് വേദഗ്രന്ഥം ചര്‍ച്ച ചെയ്യുന്നതായിക്കാണാം. അതില്‍ ആദ്യത്തേത് മാനവസമൂഹത്തിന്റെ മുഴുവന്‍ ഐക്യമാണ്: 'മനുഷ്യരേ, നാമാണ് നിങ്ങളെ ഒരാണില്‍നിന്നും പെണ്ണില്‍നിന്നും സൃഷ്ടിച്ചത്. പിന്നീട് നിങ്ങളെ വിവിധ ഗോത്രങ്ങളും സമുദായങ്ങളുമാക്കി വേര്‍തിരിച്ചതും നാമാണ്, നിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടി'’ (49:13). മനുഷ്യ സമൂഹത്തിലെ വൈവിധ്യമാര്‍ന്ന തലങ്ങളുടെ സമന്വയമാണ് മാനവിക ഐക്യം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഓരോ മനുഷ്യനും ദൈവത്തിന്റെ ഖലീഫയായി സൃഷ്ടിക്കപ്പെട്ടവനാണ് (2:30). 'മനുഷ്യനായി ജനിച്ചു'’എന്ന ഒറ്റക്കാരണത്താല്‍ തന്നെ എല്ലാ മനുഷ്യരും ആദരവും ബഹുമാനവുമര്‍ഹിക്കുന്നു: 'ആദമിന്റെ സന്തതികളെ നാം അങ്ങേയറ്റം ആദരിച്ചിരിക്കുന്നു' (17:70). 'നാനാത്വത്തില്‍ ഏകത്വം'’എന്ന നിലയിലാണ് ദൈവത്തിന്റെ സൃഷ്ടികളുടെ ഏകതയും ബഹുസ്വരതയും അംഗീകരിക്കപ്പെടുന്നത്.
സഹകരണത്തിന്റെ ഖുര്‍ആനിക ക്രമം രണ്ടാമതായി എടുത്തുപറയുന്നത്, ദൈവിക ഗ്രന്ഥങ്ങള്‍ അവതരിക്കപ്പെട്ട ജനസമൂഹത്തെയാണ്: 'വേദക്കാരേ, നിങ്ങള്‍ക്കും ഞങ്ങള്‍ക്കുമിടയില്‍ സര്‍വസമ്മതമായ ഒരു വചനത്തിലേക്ക് നിങ്ങള്‍ വരൂ, അല്ലാഹുവല്ലാത്ത മറ്റൊരു ദൈവത്തെയും നമ്മള്‍ ആരാധിക്കുകയില്ല, അവനില്‍ മറ്റാരേയും നമ്മള്‍ പങ്കുചേര്‍ക്കുകയുമില്ല, അല്ലാഹുവല്ലാത്ത നമ്മില്‍പെട്ട മറ്റാരേയും രക്ഷാധികാരിയാക്കുകയില്ല എന്നതാണത്'(3:64).
മൂന്നാമതായി ഖുര്‍ആന്‍ ഊന്നിപ്പറയുന്നത് മുഴുവന്‍ മുസ്ലിംകളുടെയും സൌഹാര്‍ദമാണ്: 'നിങ്ങള്‍ ബഹുദൈവ വിശ്വാസികളാകരുത്; സ്വന്തം മതത്തെ വിഭജിക്കുകയും, പിന്നീട് വിഭാഗങ്ങളായിത്തീരുകയും, ഓരോ വിഭാഗവും തങ്ങളൊരു വിഭാഗമായിത്തീര്‍ന്നതില്‍ ആഹ്ളാദിക്കുകയും ചെയ്യുന്നവരാണ്'(30:31,32). 'സത്യ വിശ്വാസികള്‍ സഹോദരങ്ങള്‍ മാത്രമാകുന്നു. ആയതിനാല്‍, (അകന്നുപോകുന്ന) നിങ്ങളുടെ ഇരു വിഭാഗങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുക'(49:10). കഴിഞ്ഞുപോയ ജനതതികളുടെ ചരിത്രങ്ങള്‍ ഉദാഹരിച്ചുകൊണ്ട് ഖുര്‍ആന്‍ മുസ്ലിം സമുദായത്തിന് ഇങ്ങനെ മുന്നറിയിപ്പ് നല്‍കുന്നു: 'അവര്‍ പരസ്പരം ഭിന്നിക്കുകയും ചേരിതിരിയുകയും ചെയ്തു. അങ്ങനെ സംഭവിക്കരുതെന്ന സുവ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ വന്നുകിട്ടിയ ശേഷമായിരുന്നു അത്'’ (98:4). ചേരിതിരിവിന്റെ കാരണങ്ങളായി വേറെ ചില സൂക്തങ്ങള്‍ സൂചിപ്പിക്കുന്നത്, അവരുടെ അസൂയ, അനീതി, സത്യത്തെ തകിടം മറിക്കല്‍ തുടങ്ങിയ സ്വഭാവ വൈകൃതങ്ങളായിരുന്നു എന്നാണ് (42:14). പൂര്‍വിക വേദക്കാരുടെ ചരിത്രാനുഭവങ്ങള്‍ നമുക്ക് പാഠമാകട്ടെ.
സ്രഷ്ടാവ് ഏകനും സൃഷ്ടികള്‍ ബഹുത്വങ്ങളുടെ കലവറയുമാണ്. വൈവിധ്യങ്ങളും വൈജാത്യങ്ങളും ദൈവനിശ്ചിതങ്ങളാണ്. വിവിധ കര്‍മശാസ്ത്ര സരണികളും സംഘടനകളും മതങ്ങളും ഈ വീക്ഷണ വൈജാത്യങ്ങളുടെ ഉല്‍പന്നങ്ങളത്രെ. വൈവിധ്യങ്ങള്‍ പ്രകൃതിയുടെ സ്വഭാവവും സ്ഥായിയായി നിലനില്‍ക്കുന്നതുമാണെന്നാണ് ഖുര്‍ആന്‍ നല്‍കുന്ന ഉള്‍ക്കാഴ്ച.
'ആകാശഭൂമികളുടെ സൃഷ്ടിയും, നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ'”(30:22). 'നീ കണ്ടില്ലേ; ദൈവം ആകാശത്ത് നിന്നും വെള്ളം ചൊരിഞ്ഞു. എന്നിട്ട് അത് മുഖേന വ്യത്യസ്ത വര്‍ണങ്ങളുള്ള പഴങ്ങള്‍ നാം ഉല്‍പാദിപ്പിച്ചു. പര്‍വതങ്ങളിലുമുണ്ട് വെളുത്തതും ചുവന്നതുമായ നിറഭേദങ്ങളുള്ള പാതകള്‍. കറുത്തിരുണ്ടവയുമുണ്ട്'” (35:27).“'മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും വിഭിന്ന വര്‍ണങ്ങളുള്ളവയുണ്ട്'”(35:28). 'ദൈവം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെ അവന്‍ ഏകസമുദായമാക്കുമായിരുന്നു'” (16:93). 'ഓരോ വിഭാഗക്കാര്‍ക്കും അവര്‍ (പ്രാര്‍ഥനാവേളയില്‍) തിരിഞ്ഞുനില്‍ക്കുന്ന ഭാഗമുണ്ട്. എന്നാല്‍ നിങ്ങള്‍ ചെയ്യേണ്ടത് സല്‍പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നോട്ട് വരികയാണ്' (2:148). 'നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മമാര്‍ഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷേ നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതില്‍ നിങ്ങളെ പരീക്ഷിക്കാന്‍ (അവന്‍ ഉദ്ദേശിക്കുന്നു). അതിനാല്‍ നല്ല കാര്യങ്ങളിലേക്ക് നിങ്ങള്‍ മത്സരിച്ച് മുന്നേറുക. ദൈവത്തിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങള്‍ ഭിന്നിച്ചിരുന്ന വിഷയങ്ങളെപ്പറ്റി അപ്പോളവന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരുന്നതാണ്'(5:48). 'മനുഷ്യരില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന സന്യാസി മഠങ്ങളും ചര്‍ച്ചുകളും സെനഗോഗുകളും മസ്ജിദുകളും തകര്‍ക്കപ്പെടുമായിരുന്നു'(22:40).
മുസ്ലിം ഉമ്മത്തിനെ പരസ്പരം പോരടിക്കുന്ന ഗ്രൂപ്പുകളുടെ സങ്കരമാക്കി നിലനിര്‍ത്താനുള്ള സയണിസ്റ് സാമ്രാജ്യത്വ ഫാഷിസ്റ് ദുശ്ശക്തികളുടെ ഗൂഢപദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നവര്‍ ആത്മഹത്യോന്മുഖതയാണ് പ്രകടമാക്കുന്നത്. സമൂഹത്തെ മുഴുവന്‍ അപകടത്തിലാക്കുന്ന ഇക്കൂട്ടര്‍ മാനവികമൂല്യങ്ങളെ മുഴുവന്‍ ചവിട്ടിമെതിക്കുകയാണ്. തങ്ങളുടെ വീക്ഷണത്തിലേക്ക്, പ്രസ്ഥാനത്തിലേക്ക് ക്ഷണിക്കാന്‍ ഓരോ വ്യക്തിക്കും പാര്‍ട്ടിക്കും അവകാശമുണ്ട്. എന്നാല്‍ ഈ പ്രക്രിയയില്‍ മുസ്ലിം സൌഹൃദം ശിഥിലമാകുന്നത് ഒഴിവാക്കാന്‍ ദിവ്യ മാര്‍ഗദര്‍ശനത്തെ മുന്‍നിര്‍ത്തിയുള്ള ചില നിരീക്ഷണങ്ങള്‍ ചുവടെ കൊടുക്കുന്നു:
ഓരോ പ്രസ്ഥാനത്തിലും അണിനിരന്നവര്‍ തങ്ങളുടേത് മാത്രമേ ശരിയുള്ളൂ എന്ന പിടിവാശി ഉപേക്ഷിക്കുക.
മാനുഷികമായ അബദ്ധങ്ങള്‍ വ്യക്തികള്‍ക്കെന്നപോലെ സംഘടനകള്‍ക്കും സഹജമാണെന്ന് ഏവരും അംഗീകരിക്കുക.
വ്യത്യസ്ത വീക്ഷണങ്ങള്‍ക്ക് വിവിധ മേഖലകളിലേക്ക് വെളിച്ചം വീശാനുള്ള കഴിവിനെ കുറച്ചു കാണാതിരിക്കുക. വീക്ഷണവൈജാത്യത്തിന്റെ ധനാത്മകമായ ഈ വശം ഏവരും പരിഗണിക്കേണ്ടതുണ്ട്.
തങ്ങളുടെ പൂര്‍വ്വിക ചെയ്തികളെ ആത്മവിമര്‍ശനപരമായി സമീപിക്കുക. മനസ്സിന്റെ ഒരു ജാലകമെങ്കിലും തുറന്നിടുക.
വിമര്‍ശനം മാന്യമായും മിതമായും ഉന്നയിക്കുക. എതിരാളിയെ തോല്പിക്കാനല്ല അവനെ മെച്ചപ്പെടുത്തി എടുക്കാനാകണം വിമര്‍ശനം ലക്ഷ്യം വെക്കേണ്ടത്.
വിമര്‍ശനങ്ങള്‍ സംയമനത്തോടെ പരിശോധിക്കാനുള്ള ഹൃദയവിശാലത ആര്‍ജ്ജിക്കുക.
എതിരാളികളുടെ നന്മകള്‍ അംഗീകരിക്കാനുള്ള വിശാലത പ്രകടമാക്കുക.
സ്വഭാവഹത്യയും അപവാദപ്രചാരണവും ഒഴിവാക്കുക.
യോജിപ്പിന്റെ മേഖലകള്‍ക്ക് ഊന്നല്‍ കൊടുക്കുക.
സംയമനവും വിട്ടുവീഴ്ചയും ഗുണകാംക്ഷയും പുലര്‍ത്തുക.
ദൈവപാശത്തെ ഏവരും ചേര്‍ന്ന് മുറുകെ പിടിക്കേണ്ടവരാണെന്ന ചിന്താഗതി കാത്തു സൂക്ഷിക്കുക.
നന്മയുടെയും ദൈവഭക്തിയുടേതുമായ കാര്യങ്ങളിലൊക്കെയും ഏവരോടും സഹകരിക്കേണ്ടതുണ്ടെന്ന ഖുര്‍ആനിക പ്രമേയം (5:2) ശക്തിയായി ഉയര്‍ത്തിപ്പിടിക്കുക.
മുസ്ലിം പ്രസ്ഥാനങ്ങളുടെ ലക്ഷ്യം, പ്രവര്‍ത്തന പദ്ധതി എന്നിവയിലേക്ക് വെളിച്ചം വീശേണ്ട ചില വിശുദ്ധ വചനങ്ങള്‍ കാണുക:
'അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കാനും വേണ്ടി'(2:143). 'യാതൊരു ദൈവദൂതനെയും തന്റെ ജനതക്ക് അവരുടെ ഭാഷയില്‍ (കാര്യങ്ങള്‍) വിശദീകരിച്ച് കൊടുക്കുന്നതിന് വേണ്ടിയല്ലാതെ നാം നിയോഗിച്ചിട്ടില്ല' (14:4). 'കാര്യം നിങ്ങളുടെ വ്യാമോഹങ്ങളനുസരിച്ചല്ല. വേദക്കാരുടെ വ്യാമോഹങ്ങളനുസരിച്ചുമല്ല. ആര്‍ തിന്മ പ്രവര്‍ത്തിച്ചാലും അതിനുള്ള പ്രതിഫലം അവന്ന് നല്‍കപ്പെടും' (4:123). 'വേദക്കാരോട് ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത് - അവരില്‍ നിന്ന് അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ. നിങ്ങള്‍ (അവരോട്) പറയുക: ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാകുന്നു. ഞങ്ങള്‍ അവന് കീഴ്പെട്ടവരുമാകുന്നു'(29:46). 'പറയുക: എല്ലാവരും അവരവരുടെ സമ്പ്രദായമനുസരിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍ കൂടുതല്‍ ശരിയായ മാര്‍ഗം സ്വീകരിച്ചവന്‍ ആരാണെന്നതിനെപ്പറ്റി നിങ്ങളുടെ രക്ഷിതാവ് നല്ലവണ്ണം അറിയുന്നവനാകുന്നു'(17:84).
ദൈവം ശുദ്ധപ്രകൃതിയോടെ മനുഷ്യനെ സൃഷ്ടിച്ചു; സദ്വൃത്തനാകാനും ദുര്‍വൃത്തനാകാനുമുള്ള വാസനകളും സ്വാതന്ത്യ്രവും അവനു കൊടുത്തു (ഖുര്‍ആന്‍ 30:30, 90:10, 91:8). വൈവിധ്യമുള്ള വാസനകളും രുചിഭേദങ്ങളും തന്നെയാണ് വിവിധ ആശയങ്ങള്‍ക്കും സംഘടനകള്‍ക്കും രൂപം നല്‍കിയത്. നന്മതിന്മകളുടെയും ശരിതെറ്റുകളുടെയും അത്യന്തിക വിധിതീര്‍പ്പ് ദൈവത്തിനുള്ളതാണ് (ഖുര്‍ആന്‍ 5:48). വൈവിധ്യങ്ങള്‍ പരസ്പരം പോരിന് പ്രേരണ നല്‍കാവതല്ല. ശരിയും തെറ്റും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രം അംഗീകരിച്ചുകൊണ്ടുള്ള സമാധാനപൂര്‍വകമായ സഹവര്‍ത്തിത്വമാണ് മനുഷ്യനില്‍നിന്നും ദൈവം ഇഛിക്കുന്നത്. വൈവിധ്യവും സ്വാതന്ത്യ്രവും നിലനിര്‍ത്തി വിവിധ സംഘടനകള്‍ പൊതുപ്രശ്നങ്ങളില്‍ സഹകരണാത്മകമായി വര്‍ത്തിക്കുകയെന്നതാണ് കാലഘട്ടത്തിന്റെ ആവശ്യം.



 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly