Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>ലേഖനം

രക്തദാനം
ആരോഗ്യത്തിനും അനുഗ്രഹത്തിനും

 

# ടി.കെ യൂസുഫ്

 
 



രക്തദാനം ജീവദാനം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ജീവകാരുണ്യ പ്രവര്‍ത്തനമാണ്. രക്തം ദാനം ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് തന്റെ ആരോഗ്യം സംരക്ഷിക്കാനും, ചില രോഗങ്ങളില്‍ നിന്ന് മുക്തി നേടാനും സാധിക്കുമെന്നാണ് ആധുനിക വൈദ്യശാസ്ത്ര പഠനങ്ങള്‍ തെളിയിക്കുന്നത്. രക്തത്തിന്റെ അപര്യാപ്തത കൊണ്ട് മാത്രം ജീവന്‍ നഷ്ടപ്പെടാനിടയുളള ഒരു രോഗിക്ക് രക്തം നല്‍കി അവനെ മരണത്തില്‍ നിന്നും കരകയറ്റുന്നത് ഒരു മനുഷ്യന് ജീവന്‍ നല്‍കുന്നതിന് തുല്യമായ ഒരു സല്‍കര്‍മമാണ്. ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞവനെ സംബന്ധിച്ചേടത്തോളം അവന്‍ മാലോകര്‍ക്ക് മുഴുവന്‍ ജീവന്‍ നല്‍കിയതിന് തുല്യമാണ് എന്നാണ് ഖുര്‍ആന്റെ കാഴ്ചപ്പാട്. അല്ലാഹു പറയുന്നു: ''മറ്റൊരാളെ കൊന്നതിന് പകരമായോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍ അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍ അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു'' (അല്‍മാഇദ: 32).
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന പത്തു ശതമാനം രോഗികള്‍ക്കും രക്തം ആവശ്യമായി വരാറുണ്ട്. മാരകരോഗങ്ങള്‍, സങ്കീര്‍ണ ശസ്ത്രക്രിയകള്‍, വാഹന അപകടങ്ങള്‍ എന്നിവ രക്തം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളാണ്. ചില രോഗികള്‍ക്ക് രക്തത്തിലെ ചില ഘടകങ്ങളും അത്യാവശ്യമായിവരാറുണ്ട്. രക്തത്തിന് പകരമായി ഉപയോഗിക്കാന്‍ പറ്റിയ മറ്റു വസ്തുക്കള്‍ ഒന്നും ഇതുവരെ കണ്ടു പിടിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ രക്തദാനമല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. അതുകൊണ്ട് തന്നെ രക്തദാനം മാനുഷിക പ്രവര്‍ത്തനങ്ങളില്‍ പ്രഥമ സ്ഥാനം അര്‍ഹിക്കുന്ന സുകൃതമാണ്. ഈ ജീവകാരുണ്യപ്രവര്‍ത്തനം ചെയ്യുന്നതിലൂടെ ഒരു വിശ്വാസിക്ക് ദൈവ പ്രീതിയും പുണ്യവും നേടാന്‍ കഴിയും എന്നതിലുപരി, ആരോഗ്യപരമായും ഇതിലൂടെ അവന് ഒട്ടേറെ നേട്ടങ്ങള്‍ ആര്‍ജിക്കാം. രക്തദാനത്തിലൂടെ അവന് ഉന്മേഷവും ഊര്‍ജസ്വലതയും വീണ്ടെടുക്കാനാവും. കാരണം ഒരാളുടെ ശരീര കോശങ്ങളിലേക്കുള്ള ഓക്‌സിജന്‍ ലഭ്യത അവന്റെ ഉന്മേഷത്തിന്റെ അടിസ്ഥാന ഘടകമാണ്. ഓക്‌സിജന്‍ കോശങ്ങളിലേക്ക് എത്തുന്നത് ചുവന്ന രക്താണുക്കള്‍ മുഖേനയാണ്. രക്തദാനം നടത്താത്ത ഒരാളുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ തോത് സാമാന്യം വര്‍ധിച്ച നിലയിലായതുകൊണ്ട് രക്തധമനികളില്‍ അവ തിങ്ങിനിറയുകയും അതുമൂലം കോശങ്ങളിലേക്കുള്ള ഓക്‌സിജന്‍ പ്രവാഹം അല്‍പം മന്ദഗതിയിലാവുകയും ചെയ്യും. രക്തദാനത്തിന് ശേഷം ഇവയുടെ എണ്ണത്തില്‍ അല്‍പം കുറവ് വരികയും രക്തധമനികളിലെ തിരക്ക് ഒഴിയുന്നത് നിമിത്തം കോശങ്ങളിലേക്കുള്ള ഓക്‌സിജന്‍ പ്രവാഹം സുഗമമാവുകയും ശരീരത്തിന് ഉന്മേഷം ലഭിക്കുകയും ചെയ്യും.
ചില രോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്നവര്‍ക്കും അവരുടെ രോഗശമനത്തിന് ആക്കം കൂട്ടാന്‍ രക്തദാനം പ്രയോജനപ്രദമാണ്. രക്തദാനത്തെത്തുടര്‍ന്ന് ഒരാളുടെ രക്തത്തിലെ ചില ഘടകങ്ങളുടെ കുറവും മറ്റു ചില ഘടകങ്ങളുടെ ആധിക്യവുമാണ് ഇതിന് കാരണം. ഒരാളുടെ ശരീരത്തില്‍ നിന്ന് രക്തദാനത്തെ തുടര്‍ന്ന് നഷ്ടപ്പെടുന്ന പ്ലാസ്മ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പൂര്‍വസ്ഥിതിയിലെത്തും. എന്നാല്‍ ചുവന്ന രക്താണുക്കളുടെ നഷ്ടം നികത്താന്‍ മൂന്ന് ആഴ്ചയും രക്തത്തിലെ പ്ലേറ്റുകള്‍ പൂര്‍വസ്ഥിതിയിലെത്താന്‍ ഏഴു ദിവസവും വേണ്ടിവരും. അതുകൊണ്ട് തന്നെ രക്തദാനത്തെ തുടര്‍ന്ന് ഏതാനും ദിവസം ദാതാവില്‍ വൈദ്യശാസ്ത്രത്തില്‍ ഹിമോഡിലൂഷന്‍ എന്ന ഒരവസ്ഥ സംജാതമാകും. രക്തത്തില്‍ ചുവന്ന രക്താണുക്കളുടെയും വെളുത്ത രക്താണുക്കളുടെയും പ്ലേറ്റുകളുടെയും എണ്ണം കുറയുന്ന അവസ്ഥയാണിത്. ഈ ഘട്ടത്തില്‍ രക്തദാനം ചെയ്തവന്റെ ശരീരത്തില്‍ പ്ലാസ്മ ധാരാളമായി കാണപ്പെടുകയും പ്ലാസ്മയുടെ ഉറകൂടുന്ന സ്വഭാവം വളരെ ശക്തിപ്പെടുകയും ചെയ്യും. അതുകൊണ്ട് തന്നെ മുറിവും രക്തസ്രാവവും ഉള്ള രോഗികളെ സംബന്ധിച്ചേടത്തോളം മുറിവുണങ്ങാനും രക്തസ്രാവം നിലക്കാനും രക്തദാനത്തെ തുടര്‍ന്നുള്ള ശാരീരിക സ്ഥിതി സഹായകമായിത്തീരും. ഉദാഹരണമായി, ആമാശയത്തില്‍ അള്‍സര്‍ ഉള്ള ഒരു രോഗി രക്തദാനം ചെയ്യുകയാണെങ്കില്‍ അതു കാരണമായി രക്തത്തിലെ മറ്റു ഘടകങ്ങളുടെ അപര്യാപ്തതയില്‍ പ്രോട്ടീനും പ്ലാസ്മയും ധാരാളമായി വൃണത്തിലേക്ക് എത്തുകയും മുറിവുണങ്ങാന്‍ അത് സഹായകമായിത്തീരുകയും ചെയ്യും.
ചില മൈഗ്രൈന്‍ രോഗികളില്‍ തലച്ചോറിലേക്കുള്ള ഏതെങ്കിലും രക്തധമനികളിലെ ചുളിവ് കാരണം തലച്ചോറിലെ കോശങ്ങളിലേക്ക് മതിയായ അളവില്‍ ഓക്‌സിജന്‍ എത്തിക്കാന്‍ ചുവന്ന രക്താണുക്കള്‍ക്ക് കഴിയാതിരിക്കുകയും ഇത് ചെന്നിക്കുത്തിന് കാരണമായിത്തീരുകയും ചെയ്യാറുണ്ട്. രക്തദാനം ഈ പ്രതിസന്ധി തീര്‍ക്കാന്‍ ഒരളവോളം സഹായകമാണ്. രക്തദാനത്തിന് ശേഷം ചുവന്ന രക്താണുക്കളുടെ എണ്ണത്തില്‍ കുറവ് വരികയും അവ ഇടുങ്ങിയ ധമനികളില്‍ തടസ്സം സൃഷ്ടിക്കാതെ തലച്ചോറിലെ കോശങ്ങള്‍ക്ക് ഓക്‌സിജന്‍ എത്തിച്ചു കൊടുക്കുകയും അതുമൂലം തലവേദന ശമിക്കുകയും ചെയ്യും. പുരാതന കാലത്ത് കൊമ്പ് വെക്കുന്ന ചികിത്സയിലൂടെ ചെന്നിക്കുത്ത് മാറിയിരുന്നതും ഈ തത്ത്വമനുസരിച്ച് തന്നെയായിരിക്കും. അതുപോലെ രക്തദാനം ചെയ്യുന്നവരില്‍ ഹൃദ്രോഗത്തിന്റെ തോത് മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണെന്ന് ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. രക്തദാനം കാരണമായി രക്തത്തിലെ ഇരുമ്പിന്റെ തോത് കുറയുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നാണ് ഗവേഷകരുടെ നിഗമനം. രക്തത്തിലെ ഇരുമ്പിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നത് ഹൃദ്രോഗത്തിന് ഇടവരുത്തുന്നുണ്ടെന്നും അവര്‍ കണ്ടെത്തിയിട്ടുണ്ട്.
നിബന്ധനകള്‍
രക്തദാനം ആരോഗ്യദായകവും പുണ്യകരവുമാണെന്ന് കരുതി എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും ഉദാരമായി ദാനം ചെയ്യാന്‍ പറ്റിയ ഒന്നല്ല രക്തം. അത് ദാനം ചെയ്യണമെങ്കില്‍ താഴെ പറയുന്ന നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.
1. രക്തം ദാനം ചെയ്യുന്നവന്‍ നല്ല ആരോഗ്യമുള്ള വ്യക്തിയായിരിക്കണം.
2. ദാതാവിന്റെ പ്രായം പതിനെട്ടിനും അറുപതിനും ഇടയിലായിരിക്കണം
3. ദാതാവിന് ചുരുങ്ങിയത് 55 കിലോയെങ്കിലും ശാരീരിക ഭാരം ഉണ്ടായിരിക്കണം.
4. രക്തത്തിലൂടെ പകരാനിടയുള്ള രോഗങ്ങളുടെ വാഹകനല്ലാതിരിക്കണം.
5. രക്തത്തില്‍ ഹീമോഗ്ലോബിന്റെ തോത് പുരുഷന്മാരില്‍ 13 മുതല്‍ 17 വരെയും സ്ത്രീകളില്‍ 12 മുതല്‍ 15 വരെയെങ്കിലുമുണ്ടാകണം.
6. രക്തസമ്മര്‍ദം 110/60 നും 140/90 നും ഇടയിലായിരിക്കണം. ഹൃദയമിടിപ്പ് 50-100 ആയിരിക്കുകയും ശരീരത്തിന്റെ ഊഷ്മാവ് 37.3 ഡിഗ്രി സെന്റി ഗ്രേഡില്‍ കൂടാതിരിക്കുകയും വേണം.
7. മേല്‍ നിബന്ധനകള്‍ പാലിക്കുന്ന ഒരു വ്യക്തിക്ക് വേണമെങ്കില്‍ മൂന്ന് മാസത്തിലൊരിക്കല്‍ എന്ന തോതില്‍ രക്തം ദാനം ചെയ്യാവുന്നതാണ്.
സാധാരണഗതിയില്‍ രക്തം ദാനം ചെയ്യുന്നതുകൊണ്ട് ഒരാള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടാവുകയില്ല. പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയുടെ ശരീരത്തില്‍ ചുരുങ്ങിയത് അഞ്ചോ ആറോ ലിറ്റര്‍ രക്തമുണ്ടായിരിക്കും. അതില്‍ 300-450 മില്ലി ലിറ്റര്‍ മാത്രമേ ഒരിക്കല്‍ എടുക്കുകയുള്ളൂ. സാധാരണഗതിയില്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ശരീരം അതിന് പകരമായി പുതിയ രക്തം ഉല്‍പാദിപ്പിക്കാറുണ്ട് . ഒരു മാസത്തിന് ശേഷം രക്തത്തിലെ മുഴുവന്‍ ഘടകങ്ങളും പുതുതായി വീണ്ടും ഉല്‍പാദിപ്പിക്കപ്പടുകയും ശരീരം പൂര്‍വസ്ഥിതിയില്‍ എത്തുകയും ചെയ്യും.
മതത്തിന്റെ കാഴ്ചപ്പാട്
രക്തം ശരീരത്തിലെ അടിസ്ഥാന ഘടകമായതുകൊണ്ട് അതിന്റെ ഗണ്യമായ നഷ്ടം ഉടനെ പരിഹരിച്ചില്ലെങ്കില്‍ ചിലപ്പോള്‍ അത് മരണത്തിന് തന്നെ കാരണമായിത്തീരും. ഇത്തരം സന്ദിഗ്ധ ഘട്ടങ്ങളില്‍ ആരോഗ്യം അപകടത്തിലായ ഒരു രോഗിയെ രക്ഷിക്കുന്നതിനു വേണ്ടി രക്തം ദാനം ചെയ്യുന്നത് അനുവദനീയമാണ് എന്നതില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്. ഒരു നിര്‍ബന്ധിത സാഹചര്യം തരണം ചെയ്യേണ്ടിവരുമ്പോള്‍ മതപരമായി വിലക്കപ്പെട്ട കാര്യങ്ങള്‍ കൂടി അനുവദനീയമായിത്തീരാറുണ്ട്. ഇവിടെ രക്തദാനത്തിലൂടെ ദാതാവിന്റെ ആരോഗ്യത്തിന് അപകടമൊന്നും സംഭവിക്കുന്നില്ല. അതുകൊണ്ട് തന്നെ രക്തദാനം അനുവദനീയമല്ല എന്ന് പറയാന്‍ തെളിവുകളൊന്നുമില്ല. എന്നാല്‍ രക്തം ദാനം ചെയ്യുന്നവന്‍ അതിന് വിലയായി പണം സ്വീകരിക്കുന്നത് അനുവദനീയമല്ല എന്നാണ് ഭൂരിഭാഗം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. വിലക്കപ്പെട്ട ഒരു വസ്തു വിലയ്ക്ക് വാങ്ങുന്നതിലെ അനൗചിത്യമാണ് ഇതിന് അവര്‍ തെളിവായി കാണുന്നത്. എന്നാല്‍ സ്വീകര്‍ത്താവ് ദാതാവിന് സന്തോഷ പൂര്‍വം നിബന്ധനയില്ലാതെ നല്‍കുന്ന പാരിതോഷികങ്ങള്‍ പണമായാലും സ്വീകരിക്കാമെന്നും പണ്ഡിതാഭിപ്രായമുണ്ട്.
[email protected]

 

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly