2010 മെയ് 22. പഞ്ചാബിലെ സംറാല ടൗണില്‍നിന്ന് പത്ത് കിലോമീറ്റര്‍ അകലെ, സര്‍വാര്‍പൂരിലെ ജനങ്ങള്‍, ഇന്ത്യന്‍ സമൂഹത്തിന്റെ സാഹോദര്യമനസും മതസൗഹാര്‍ദത്തിന്റെ മനോഹരമാതൃകയും അടയാളപ്പെടുത്തുന്ന ഒരു മഹദ് സംഭവത്തിന് സാക്ഷ്യം വഹിച്ചു! സിഖുകാര്‍ പുനര്‍നിര്‍മിച്ച മുസ്‌ലിം പള്ളിയുടെ താക്കോല്‍ ദാനചടങ്ങായിരുന്നു അത്. ശിരോമണി ഗുരുദ്വാരാ പ്രബന്ധക് കമ്മിറ്റി -എസ്.ജി.പി.സി- യുടെ നേതാവ് ജാതേന്ദര്‍ കൃപാല്‍ സിംഗ്, പ്രദേശത്തെ എം.എല്‍.എ ജഗ്ജീവന്‍ സിംഗ് എന്നിവര്‍ ചേര്‍ന്ന്, ആബാലവൃദ്ധം പ്രദേശവാസികളുടെ സാന്നിധ്യത്തില്‍ സ്ഥലത്തെ ഏറ്റവും പ്രായമുള്ള മുസ്‌ലിം ദാദാ മുഹമ്മദ് തുഫൈലിന് പള്ളിയുടെ താക്കോല്‍ കൈമാറി. പഞ്ചാബ് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് ഉസ്മാന്‍ റാഫാനവി, പ്രാദേശിക മുസ്‌ലിം നേതാവ് മൗലാനാ ഹബീബുര്‍റഹ്മാന്‍ സാനി ലുധിയാനവി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
ഇന്ത്യന്‍ ജനത ഉയര്‍ത്തിപ്പിടിക്കുന്ന മഹത്തായ മതസൗഹാര്‍ദത്തിന്റെയും സ്‌നേഹോഷ്മളമായ സാമുദായിക സഹവര്‍ത്തിത്വത്തിന്റെയും അനുഭവ സാക്ഷ്യമായി, സര്‍വാര്‍പൂരില്‍ലെ പള്ളിയുടെ പുനര്‍നിര്‍മാണം. വര്‍ഗവൈരത്തിന്റെയും വംശവെറിയുടെയും അഗ്നിജ്വാലകള്‍ കെടുത്തിക്കളയുന്ന മാനവികതയുടെ ജലധാരയായി അത്. വര്‍ഗീയ-തീവ്രവാദ വിധ്വംസക ശക്തികള്‍ ഇന്ത്യന്‍ മതേതരത്വത്തിനു നേരെ എയ്തുവിടുന്ന വിഷാസ്ത്രങ്ങള്‍ ഇന്ത്യന്‍ ജനത ഒന്നിച്ചുനിന്ന് ചെറുക്കുമെന്നതിന്റെ പ്രഖ്യാപനം കൂടിയായ പ്രസ്തുത സംഭവം, ഒറ്റപ്പെട്ട ഒന്നല്ല. കഴിഞ്ഞ പത്തുവര്‍ഷമായി സിഖ്-ഹൈന്ദവ സഹോദരന്മാര്‍ 200ലേറെ മുസ്‌ലിം പള്ളികളാണ് പഞ്ചാബിന്റെ പല ഭാഗങ്ങളില്‍ പുനര്‍നിര്‍മിക്കുകയോ അറ്റകുറ്റപണികള്‍ നടത്തുകയോ ചെയ്ത് ആരാധനാ യോഗ്യമാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ സജീവ പങ്കാളിത്തവും പ്രദേശവാസികളുടെ സഹകരണവും ഈ മഹദ്‌സംരംഭം വിജയിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
വിഭജനത്തിന്റെ ദുരന്തം
അവിഭക്ത ഭാരതത്തില്‍ മുസ്‌ലിംകള്‍ ധാരാളം താമസിച്ചിരുന്ന പ്രദേശമായിരുന്നു പഞ്ചാബ്. അതുകൊണ്ടുതന്നെ അവിടെ ധാരാളം മുസ്‌ലിം പള്ളികളും ഉണ്ടായിരുന്നു. 1947ലെ വിഭജനം ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളിലുമെന്ന പോലെ പഞ്ചാബിലും വലിയ ദുരന്തം വരുത്തിവെച്ചു. വിഭജനത്തിന്റെ മുറിവുകള്‍ ഏറ്റവുമധികം ഏറ്റുവാങ്ങിയ പ്രദേശങ്ങളിലൊന്നാണ് പഞ്ചാബ്. നിരവധി പേര്‍ കൊലചെയ്യപ്പെട്ടു, പരക്കെ കൊള്ളകള്‍ നടന്നു..... വിഭജനാനന്തര മാസങ്ങളില്‍, പഞ്ചാബ്, ഹരിയാന, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലായി 50,000 മുസ്‌ലിം പള്ളികളാണത്രെ നശിപ്പിക്കപ്പെട്ടത്.
ഇപ്പോള്‍ പഞ്ചാബിലെ ജനസംഖ്യയുടെ 1.5 ശതമാനം മാത്രമാണ് മുസ്‌ലിംകള്‍. ഉത്തര്‍പ്രദേശ്, ബീഹാര്‍, ഹരിയാന എന്നിവിടങ്ങളില്‍നിന്ന് കുടിയേറിയ ദരിദ്ര തൊഴിലാളികളാണ് അധികവും. ജമ്മുകശ്മീരില്‍നിന്ന് ലുധിയാനയില്‍ വന്നവരുമുണ്ട് കുറച്ച്. 1947ലെ വിഭജനകാലത്ത് പാകിസ്താനിലേക്ക് പോകാതെ, ഇന്ത്യയില്‍ തന്നെ ജീവിക്കാന്‍ തീരുമാനിച്ചവരാണ് പഞ്ചാബിലെ മാലേര്‍കോട്ടയിലെ മുസ്‌ലിംകള്‍. ഇന്ത്യാ വിഭജനത്തോടെ പഞ്ചാബും രണ്ടായി ഭാഗിക്കപ്പെട്ടു. മുസ്‌ലിംകളില്‍ ഏറിയ പങ്കും പാകിസ്താന്‍ പഞ്ചാബിലാണ് താമസമുറപ്പിച്ചത്. ഇന്ത്യന്‍ പഞ്ചാബില്‍ തന്നെ തുടരാന്‍ തീരുമാനിച്ചവരിലും പിന്നീട് സ്വതന്ത്ര ഇന്ത്യയുടെ ചില ഭാഗങ്ങളില്‍നിന്ന് തൊഴില്‍ തേടിയും മറ്റും പഞ്ചാബിലെത്തിയവരിലും ഏറിയ പങ്കും ദരിദ്രരും ദുര്‍ബലരുമായിരുന്നു.
പള്ളികളുടെ പുനര്‍നിര്‍മാണം
മുസ്‌ലിംകള്‍ താമസിക്കുന്ന പല പ്രദേശങ്ങളിലും പള്ളികളോ മദ്‌റസകളോ ഇല്ല. വിഭജന വേളയില്‍ പലതും നശിപ്പിക്കപ്പെട്ടു. ചിലതിന്റെ തറയും അവശിഷ്ടങ്ങളും മാത്രമേ ശേഷിക്കുന്നുള്ളൂ. മറ്റു ചിലത്, ക്ഷേത്രങ്ങളോ, ഗുരുദ്വാരകളോ, വീടുകളോ ഒക്കെയായി മാറ്റപ്പെട്ടു. ഈയൊരു ദുരവസ്ഥയിലാണ് മുസ്‌ലിംകള്‍ക്ക് ആരാധനാ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ സഹോദര മതസ്ഥര്‍ രംഗത്തുവരുന്നത്.
60 വര്‍ഷം പഴക്കമുള്ള അജിത് പാല്‍ ഗ്രാമത്തില്‍നിന്നായിരുന്നു ഈ മഹദ് കര്‍മത്തിന്റെ തുടക്കം. മോഗാ ജില്ലയിലെ അജിത്പാല്‍ ഗ്രാമത്തില്‍, തകര്‍ന്നു കിടന്ന പള്ളി പുനര്‍നിര്‍മിക്കാന്‍ അവിടത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചു. പ്രദേശത്ത്, ഭാഗികമായി തകര്‍ന്ന് ഉപയോഗ ശൂന്യമായ പള്ളിയും പരിസരവും കുട്ടികളുടെയും യുവാക്കളുടെയും കളിക്കളമായിരുന്നു. അതിന്റെ ഒരുഭാഗത്താണ് ഗ്രാമീണര്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്നത്. അവിടെ വളര്‍ന്നുവന്ന ഒരു വലിയ മരത്തെ ചുറ്റിപ്പറ്റിയായിരുന്നു യുവാക്കളുടെ 'വിനോദ'ങ്ങള്‍!
ഒരു ദിവസം ഒരു സംഘം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പള്ളിയും പരിസരവും ശുദ്ധീകരിക്കാന്‍ മുന്നിട്ടിറങ്ങി. ഏതാനും ദിവസത്തെ ശ്രമദാനം. സിഖുകാരും ഹിന്ദുക്കളുമുള്‍പ്പെടുന്ന ഗ്രാമീണര്‍ അവരെ സഹായിക്കാന്‍ സന്നദ്ധരായി. ''ഞങ്ങള്‍ക്ക് പണത്തിന്റെയോ സാധന സാമഗ്രികളുടെയോ കുറവ് ഒട്ടുമുണ്ടായില്ല. ഇതുവഴി കടന്നുപോകുന്ന എല്ലാവരും പണമോ മറ്റു അവശ്യ വസ്തുക്കളോ തന്ന് ഞങ്ങളെ സഹായിച്ചു. ഒരാള്‍ അഞ്ചുചാക്ക് സിമന്റാണ് തന്നത്. മറ്റൊരാള്‍ ഇഷ്ടികകള്‍ സംഭാവന ചെയ്തു....'' പുനര്‍നിര്‍മാണ സംഘത്തില്‍ അംഗമായ 20 വയസുള്ള പെണ്‍കുട്ടിയുടെ വാക്കുകള്‍. ആ ഗ്രാമത്തില്‍ സ്ഥിരതാമസക്കാരായ മുസ്‌ലിംകള്‍ ഇല്ലായിരുന്നു. പക്ഷേ, പള്ളി ഉപയോഗക്ഷമമായതോടെ സമീപസ്ഥലങ്ങളില്‍നിന്നും മറ്റും വരുന്നവരും തൊഴിലാളികളും അവിടെ നമസ്‌കാരം നിര്‍വഹിക്കാന്‍ തുടങ്ങി. അടുത്ത ഗ്രാമത്തില്‍നിന്ന് ഒരു മൗലവി, എല്ലാ വെള്ളിയാഴ്ചയും ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ അജിത്പാല്‍ ഗ്രാമത്തിലെത്തുന്നു. എണ്‍പത് വയസ് പ്രായമുള്ള നചാതര്‍ കൗറിന്, പുനര്‍നിര്‍മിച്ച പള്ളിയില്‍നിന്ന് ബാങ്കുവിളി മുഴങ്ങിയപ്പോള്‍ അടക്കാനാകാത്ത ആഹ്ലാദം. ''ഞങ്ങള്‍ ഈ ആരാധനാ കേന്ദ്രത്തില്‍ എപ്പോഴും വിശ്വാസമര്‍പ്പിച്ചിരുന്നു. ഇത് ദൈവത്തിന്റെ ഭവനമാണ്. ഞങ്ങളുടെ ഗ്രാമത്തിലെ ഈ പുണ്യ പുരാതന പൈതൃകം പുനര്‍നിര്‍മിച്ച കുട്ടികളെ ദൈവം അനുഗ്രഹിക്കട്ടെ'' വൃദ്ധയായ കൗറിന്റെ വാക്കുകള്‍.
ലുധിയാനക്ക് സമീപം സര്‍വാര്‍പൂരില്‍ മുസ്‌ലിം പള്ളിയുടെ പുനര്‍നിര്‍മാണം നടത്തിയത് സജ്ജന്‍സിംഗ് ഗുമാന്‍ ആണ്. സിഖ് സമുദായക്കാരനായ അദ്ദേഹം ഇംഗ്ലണ്ടിലാണ് ജോലി ചെയ്യുന്നത്. തന്റെ ഗ്രാമത്തില്‍ വിഭജന കാലത്ത് തകര്‍ക്കപ്പെട്ട പള്ളി മുസ്‌ലിംകള്‍ക്ക് പുനര്‍നിര്‍മിച്ചു കൊടുക്കാന്‍ സജ്ജന്‍സിംഗ് മുന്നിട്ടിറങ്ങി. ജനങ്ങള്‍ അത്ഭുതത്തോടെയാണ് അത് നോക്കിക്കണ്ടത്. ചില ടി.വി ചാനലുകളില്‍ വാര്‍ത്ത വന്നു. ''ഞങ്ങളുടെ ഗ്രാമത്തിലെ ദരിദ്രരായ മുസ്‌ലിം സഹോദരന്മാരുടെ ചെറിയൊരു പള്ളി എന്റെ ഇളയ സഹോദരന്‍ പുനര്‍നിര്‍മിച്ചു. പക്ഷേ, അത് പഞ്ചാബിലെ ടി.വി ചാനലുകളില്‍ വാര്‍ത്തയാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചതേയില്ല.'' സജ്ജന്‍ സിംഗിന്റെ ജ്യേഷ്ഠ സഹോദരന്റെ കുടുംബത്തിന്റെ കൃഷി കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജോഗാ സിംഗിന്റെ വാക്കുകള്‍.
പൊളിഞ്ഞു കിടന്ന പഴയൊരു മുസ്‌ലിം പള്ളി പുനര്‍നിര്‍മിക്കാനിറങ്ങിയ ആ സിഖ് കുടുംബമോ, വാര്‍ത്ത നല്‍കിയ ചാനലോ, ആ മഹദ് കര്‍മം പഞ്ചാബില്‍ എന്തു പ്രതികരണമാണ് സൃഷ്ടിക്കുകയെന്ന് ചിന്തിച്ചിട്ടുണ്ടാകില്ല! പഞ്ചാബിലെ പല ഗ്രാമങ്ങളും ആ മാതൃക പിന്തുടരാന്‍ സന്നദ്ധമായി. സിഖ്-ഹൈന്ദവ സഹോദരന്മാര്‍ ചേര്‍ന്ന് പല പ്രദേശങ്ങളിലും മുസ്‌ലിം പള്ളികള്‍ പുനര്‍നിര്‍മിക്കാനും അറ്റകുറ്റ പണികള്‍ നടത്തി പ്രാര്‍ഥനാ യോഗ്യമാക്കാനും മുന്നിട്ടിറങ്ങി. ഇരുനൂറോളം പള്ളികളാണ് പഞ്ചാബിന്റെ പല ഭാഗങ്ങളിലായി ഇങ്ങനെ പുനരുദ്ധരിച്ചത്. പഞ്ചാബിന്റെ മഹത്തായ സാംസ്‌കാരിക പൈതൃകവും മതസൗഹാര്‍ദവും ദശകങ്ങള്‍ക്കു ശേഷം വീണ്ടും പുഷ്പിച്ചു തുടങ്ങിയെന്ന് നിരീക്ഷകര്‍ സൂചിപ്പിക്കുന്നു. ഇത് ഇന്ത്യന്‍ ജനതക്ക് മഹത്തായ സന്ദേശവും ഇന്ത്യന്‍ മതേതരത്വത്തിന് വിലമതിക്കാനാകാത്ത സംഭാവനയുമാണ് നല്‍കുന്നത് (Shades of the old Punjab - CHANDER SUTA DOESRA - Outlook, 5 July 2010).
ജമാഅത്തെ ഇസ്‌ലാമിയുടെ സജീവ പങ്കാളിത്തം
ഹിന്ദു-സിഖ് സഹോദരന്മാരോടൊപ്പം പള്ളികളുടെ പുനരുദ്ധാരണത്തില്‍ പഞ്ചാബിലെ ജമാഅത്തെ ഇസ്‌ലാമി ഘടകം സജീവമായി പങ്കുവഹിക്കുന്നു. ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലും അതത് പ്രദേശങ്ങളിലെ മുസ്‌ലിംകളുടെ സഹകരണവും പിന്തുണയും തേടുന്നതിലും മറ്റും ഹിന്ദു-സിഖ് സഹോദരങ്ങളോടൊപ്പം മുന്നിട്ടിറങ്ങിയ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ മതസൗഹാര്‍ദത്തിന്റെ അനുകരണീയ മാതൃകയാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടക്ക്, പഞ്ചാബ് ഗ്രാമങ്ങളില്‍ ഹിന്ദു സിഖ് സഹോദരന്മാരുടെയും ഗ്രാമീണരുടെയും സഹായത്തോടെ 120ഓളം പള്ളികളാണ് ജമാഅത്തിന്റെ നേതൃത്വത്തില്‍ പുനര്‍നിര്‍മിച്ചത്. ജമാഅത്തെ ഇസ്‌ലാമി പഞ്ചാബ് സംസ്ഥാന അധ്യക്ഷന്‍ അര്‍ഷദ് അലി സാഹിബ് പറയുന്നു: ''ഹിന്ദു-സിഖ് സഹോദരന്മാര്‍ പുതിയ പള്ളികളുടെ നിര്‍മാണത്തിലും പഴയവയുടെ അറ്റകുറ്റപണികളിലും സജീവ പങ്കാളിത്തം വഹിക്കുന്നു. ഏതു സമയത്തും, വളരെ വിപുലമായ സ്വഭാവത്തില്‍ തന്നെ ഞങ്ങള്‍ക്കിത് ലഭിക്കുന്നു. 30 വര്‍ഷം മുമ്പ് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. ഇപ്പോള്‍ അതെല്ലാം മാറി. പള്ളികള്‍ നിര്‍മിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ക്കു ലഭിക്കുന്ന സഹായസഹകരണങ്ങള്‍ പഞ്ചാബിലെ മതസാഹോദര്യത്തിന് വിലപ്പെട്ട സംഭാവന തന്നെയാണ്.''
മാലെര്‍കോട്‌ലയിലെ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ആസ്ഥാനത്ത് പബ്ലിഷിംഗ് വിംഗിന്റെ ചുമതല വഹിക്കുന്ന റംസാന്‍ സഈദ് സാഹിബിന്റെ വാക്കുകള്‍: ''പഞ്ചാബില്‍ മുസ്‌ലിംകളുടെ പള്ളികള്‍ പുനര്‍നിര്‍മിക്കാന്‍ സിഖ്-ഹിന്ദു സഹോദരന്മാര്‍ എല്ലാവിധ സഹായങ്ങളും നല്‍കുന്നുണ്ട്. ട്രാക്ടര്‍, പണം, തൊഴിലാളികള്‍......... എല്ലാം അവര്‍ തരുന്നു.''
ഫതേഹ് ഗറ സാഹിബ് (Fatehgarh sahib) ജില്ലയിലെ ദിവാഗണ്ട്‌വാനിലെ പള്ളി ഇങ്ങനെ നിര്‍മിച്ചവയിലൊന്നാണ്. ദരിദ്രരായ 17 മുസ്‌ലിം കുടുംബങ്ങള്‍ മാത്രമാണ് അവിടെയുള്ളത്. ''ഞങ്ങള്‍ക്ക് ഇവിടെ സ്വന്തമായി ഒരു പള്ളി ഉണ്ടാകുമെന്ന് ഒരിക്കലും സങ്കല്‍പിക്കാനാകുമായിരുന്നില്ല. പക്ഷേ, ഇപ്പോള്‍ ഞങ്ങള്‍ക്കതുണ്ട്. സിഖു സഹോദരന്മാരുടെ സഹായമില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഈ പള്ളി ലഭിക്കുമായിരുന്നില്ല. സ്ഥലം തന്നതും കെട്ടിടം നിര്‍മിക്കാന്‍ സാധനങ്ങള്‍ എത്തിച്ചു തന്നതും അവരാണ്.'' പ്രദേശത്തെ കര്‍ഷകനായ മുഹമ്മദ് ജമീല്‍ പറയുന്നു. പള്ളിക്ക് തറക്കല്ലിട്ടത് അടുത്ത ഗ്രാമത്തിലെ സിഖ് പുരോഹിതനാണ്. അദ്ദേഹം നിര്‍മാണ ഫണ്ടിലേക്ക് സംഭാവനയും നല്‍കി.
ജംപൂര്‍ ഗ്രാമത്തില്‍ തകര്‍ന്നു കിടക്കുന്ന പള്ളി പുനരുദ്ധരിക്കാന്‍ മന്തിഗോബിന്ദ്ഗറിലെ ജുമാ മസ്ജിദ് ഇമാം ഹസന്‍ മുഹമ്മദ് ഒരു ശ്രമം നടത്തി. പ്രദേശത്തെ മുസ്‌ലിംകളെയെല്ലാം ഒരുമിച്ചു കൂട്ടി അദ്ദേഹം വിഷയം അവതരിപ്പിച്ചെങ്കിലും അവര്‍ ആശങ്കകളോടെ പിന്നോട്ടടിക്കുകയായിരുന്നു. ഇമാം ഹസന്‍ മുഹമ്മദ്, ജാട്ട് സിഖുകാരനായ പ്രദേശത്തെ ഒരു സര്‍പഞ്ചിനെ സമീപിച്ച് വിഷയമവതരിപ്പിച്ചു. അദ്ദേഹം ഉടന്‍ തന്നെ കുറെ ആളുകളെ സംഘടിപ്പിച്ചു. പള്ളിയും പരിസരവും വൃത്തിയാക്കാനും അറ്റുകുറ്റപണികള്‍ നടത്താനും ഏര്‍പ്പാട് ചെയ്തു. സമീപ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ പോലും പണവും നിര്‍മാണ സാമഗ്രികളും എത്തിച്ച് പള്ളി പുനര്‍നിര്‍മാണത്തില്‍ പങ്കാളികളായി.
ധുരി(Dhuri)യില്‍നിന്ന് 15 കിലോമീറ്റര്‍ അകലെ റാതിയ (Ratia)യില്‍, തകര്‍ന്നു കിടന്ന പള്ളിക്ക് തറ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഹിന്ദു ഭൂരിപക്ഷ പ്രദേശമായ അവിടെ പള്ളിയുടെ പുനര്‍നിര്‍മാണത്തില്‍ ഹിന്ദു-സിഖ് സഹോദരന്മാര്‍ മുസ്‌ലിംകളോട് തോളോട് തോള്‍ചേര്‍ന്നുനിന്നു. പണത്തിനോ നിര്‍മാണ വസ്തുക്കള്‍ക്കോ ഒരു കുറവുമുണ്ടായില്ല. എല്ലാം സമീപ ഗ്രാമങ്ങളിലെ ഹിന്ദു-സിഖ് സഹോദരന്മാര്‍ എത്തിച്ചു കൊടുത്തു. 67 വയസുള്ള സിഖുകാരന്‍ കേസാറും 24 വയസുള്ള കമല്‍ വോറയെന്ന ഹിന്ദു സഹോദരനും ഒരുമിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായത്. മാത്രമല്ല, കേസാര്‍ സിംഗ് എല്ലാ വെള്ളിയാഴ്ചയും തന്റെ സിഖ് സുഹൃത്തുക്കളോടൊപ്പം പള്ളിയിലെത്തുന്നു, ജുമുഅ ഖുത്വ്ബ കേള്‍ക്കാനും പ്രാര്‍ഥനാ ചടങ്ങുകള്‍ കാണാനും. ''പള്ളിയിലെ പഴയ ഇമാം 50 വര്‍ഷമായി എന്റെ സുഹൃത്താണ്. അദ്ദേഹത്തിന്റെ വിശാല വീക്ഷണത്തോടെയുള്ള ഖുര്‍ആന്‍ വിവരണം ഞാന്‍ വളരെയേറെ ആസ്വദിക്കുന്നു.'' കേസാര്‍ സിംഗിന്റെ വാക്കുകള്‍.
ഇത്തരം സംഭവങ്ങളും അനുഭവങ്ങളും പഞ്ചാബിലെ പല ഗ്രാമങ്ങള്‍ക്കും പറയാനുണ്ട്. മതസൗഹാര്‍ദത്തിന്റെ അനുകരണീയ മാതൃകകള്‍ സൃഷ്ടിച്ച്, വിഭജന കാലത്തെ സാമുദായിക സംഘര്‍ഷത്തിന്റെ മുറിപ്പാടുകള്‍ മായ്ച്ചു കളയാനുള്ള ശ്രമമാണ് പഞ്ചാബില്‍ നടക്കുന്നത്. വിഭജനത്തിന്റെ വേദന ഏറ്റവുമധികം അനുഭവിച്ച പഞ്ചാബില്‍ 1947ല്‍ സാമുദായിക സംഘര്‍ഷം രൂക്ഷമായിരുന്നു. ഹിന്ദു-സിഖ്-മുസ്‌ലിം സമുദായങ്ങള്‍ക്കെല്ലാം അതില്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ നഷ്ടങ്ങളും വേദനകളും അതിജീവിക്കാനുള്ള ശ്രമമാണ് എല്ലാ സമുദായങ്ങളിലെയും പുതിയ തലമുറ നടത്തിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല, സാമുദായിക സംഘര്‍ഷവും സിഖ്-മുസ്‌ലിം ശത്രുതയും സൃഷ്ടിക്കാനുള്ള വര്‍ഗീയ ശക്തികളുടെ ശ്രമങ്ങള്‍ക്ക് സിഖുകാരുടെ ഭാഗത്തുനിന്നുള്ള മറുപടിയാണിതെന്നും ചില സിഖ് നേതാക്കള്‍ സൂചിപ്പിക്കുന്നു. ബി.ജെ.പിയുടെയും മറ്റും നേതൃത്വത്തില്‍ നടക്കുന്ന വര്‍ഗീയവത്കരണശ്രമങ്ങളെയും സിഖുകാരുടെ സാമുദായിക സ്വത്വം നശിപ്പിക്കാനും സിഖ്-മുസ്‌ലിം ശത്രുത സൃഷ്ടിക്കാനുമുള്ള ഗൂഢാലോചനകളെയും അവര്‍ തിരിച്ചറിയുന്നു. സിഖ്-മുസ്‌ലിം സൗഹൃദം വളര്‍ത്തിയെടുക്കാനും ഇപ്പോള്‍ ശ്രമങ്ങള്‍ നടക്കുന്നു. ശിയാ മുസ്‌ലിംകളുടെ ആരാധനാ കേന്ദ്രങ്ങള്‍ സിഖുകാര്‍ സംരക്ഷിച്ചതും സിഖുകാര്‍ക്ക് ഗള്‍ഫില്‍ ഗുരുദ്വാര പണിയാന്‍ ശിയാ മുസ്‌ലിം സഹോദരങ്ങള്‍ സഹായിച്ചതും ഇതിന്റെ ഭാഗമാണെന്ന്, പ്രഫ. ഗുര്‍തേജ് സിംഗ് പറയുന്നു (http://olutlook.com July 05, 2010).
ഇന്ത്യന്‍ മതേതരത്വത്തിന് മാറ്റു കൂട്ടുന്ന, സാമുദായിക സൗഹൃദത്തെ ചേതോഹരമാക്കുന്ന പഞ്ചാബിലെ പള്ളി നിര്‍മാണം പക്ഷേ, മുഖ്യധാരാ മാധ്യമങ്ങള്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കാതെ അവഗണിക്കുകയാണെന്ന് പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഖുഷ്‌വന്ത് സിംഗ് ചൂണ്ടിക്കാട്ടുന്നു. ''ദ മില്ലി ഗസറ്റ് വീക്‌ലിയുടെ ഒന്നാം പേജില്‍ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍ എഴുതിയ ഒരു ലേഖനം എല്ലാ ദേശീയ പത്രങ്ങളുടെയും ടി.വി ചാനലുകളുടെയും പ്രധാന തലക്കെട്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ, പ്രധാന മാധ്യമങ്ങളിലെവിടെയും അത് വാര്‍ത്തയായില്ല. നമ്മുടെ മാധ്യമങ്ങള്‍ അവയുടെ ദൗത്യം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെടുകയാണ്. '1947ല്‍ തകര്‍ക്കപ്പെട്ട മുസ്‌ലിം പള്ളികള്‍ സിഖുകാര്‍ പുനര്‍നിര്‍മിക്കുന്നു' എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. ഈ ചരിത്ര സംഭവം നമ്മുടെ മാധ്യമങ്ങള്‍ പ്രാധാന്യപൂര്‍വം റിപ്പോര്‍ട്ട് ചെയ്യണം. അവര്‍ സര്‍വാര്‍പൂര്‍ സന്ദര്‍ശിക്കണം. പുനര്‍നിര്‍മിച്ച പള്ളികളുടെ ചിത്രങ്ങളും പ്രദേശവാസികളുമായുള്ള അഭിമുഖങ്ങളും പ്രസിദ്ധീകരിക്കണം. ഒപ്പം എല്‍.കെ അദ്വാനിയുടെയും മുരളി മനോഹര്‍ ജോഷിയുടെയും ഉമാഭാരതിയുടെയും മറ്റും നേതൃത്വത്തില്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളും കാണിക്കണം. അത്ഭുതകരമായ ഫലമായിരിക്കും അത് സൃഷ്ടിക്കുക. എനിക്കുറപ്പുണ്ട്, സ്വര്‍ഗത്തിലിരുന്ന് ഗാന്ധിജി സര്‍വാര്‍പൂരിലെ ജനങ്ങളെ അനുഗ്രഹിക്കുന്നുണ്ടാകും'' (Rebuilding Secularism, Gandhi Style - Khushwant Singh , DECAN HERALD, Monday 12, July 2010).
[email protected]