മനുഷ്യന്റെ പ്രഥമ ബാധ്യത രക്ഷിതാവായ അല്ലാഹുവിന് തന്നോട് എത്രമാത്രം സ്‌നേഹമുണ്ട് എന്ന് മനസ്സിലാക്കലാണ്. ആ ശ്രമം അല്ലാഹുവിനോടുള്ള സ്‌നേഹവും നന്ദിയും വര്‍ധിപ്പിക്കും. എല്ലാം സല്‍ക്കര്‍മങ്ങളും 'പരമകാരുണികനായ അല്ലാഹുവിന്റെ നാമത്തില്‍' എന്നു പറഞ്ഞുകൊണ്ടാരംഭിക്കുന്നവരാണ് സത്യവിശ്വാസികള്‍ എന്നിരിക്കെ അല്ലാഹു നമ്മില്‍ ചൊരിയുന്ന സ്‌നേഹം, കാരുണ്യം, സാന്ത്വനം എന്നിവയടങ്ങിയ സൂക്തങ്ങള്‍ കൊണ്ട് മനസ്സിനെ ആര്‍ദ്രമാക്കാന്‍ നാം ശ്രമിക്കണം. ഒരു സൂക്തം ശ്രദ്ധിക്കുക: ''ഒരു നന്മ കൊണ്ടു വന്നാല്‍ അവന് അതിന്റെ പത്തിരട്ടി പ്രതിഫലമുണ്ട്. ഒരു തിന്മകൊണ്ടുവരുന്നവന് അതിന്നു തുല്യമായ പ്രതിഫലം (ശിക്ഷ) മാത്രമേ നല്‍കപ്പെടുകയുള്ളൂ. അവരോട് ഒരനീതിയും കാണിക്കപ്പെടുകയില്ല'' (അല്‍അന്‍ആം 160).
നന്മക്കു പ്രതിഫലം നല്‍കുമ്പോള്‍ പത്തുകൊണ്ട് ഗുണിക്കുന്നതുപോലെ തിന്മക്കു ശിക്ഷ നല്‍കുമ്പോള്‍ അല്ലാഹു ഗുണിക്കുന്നില്ല എന്നതിനെക്കാള്‍ വലിയ കാരുണ്യമെന്തുണ്ട്? ഒരു മാസം ജോലി ചെയ്താല്‍ പത്തുമാസത്തെ ശമ്പളം നല്‍കുന്ന യജമാനനെ സ്‌നേഹിക്കാത്തവന്‍ എത്ര വലിയ നന്ദികേടാണ് കാണിക്കന്നത്? ദൈവസ്‌നേഹം നമ്മില്‍ നിലനില്‍ക്കാനുള്ള മാര്‍ഗം ഖുര്‍ആന്‍ പറഞ്ഞുതരുന്നു: ''............. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്റെ കണക്കെടുക്കാനാവില്ല'' (ഇബ്‌റാഹീം 34).
നാം കൈവരിച്ച നേട്ടങ്ങള്‍ വിലയിരുത്തുമ്പോള്‍, വിനയമുള്ളവര്‍ ചിന്തിക്കുക തനിക്ക് ദൈവത്തോടുള്ള നന്ദി വളരെക്കുറച്ചാണ് എന്നായിരിക്കും. അര നൂറ്റാണ്ടുമുമ്പ് വെറും ഒരു സൈറ്റ് വസ്ത്രമുണ്ടായിരുന്ന വിദ്യാര്‍ഥികളായിരുന്നു ക്ലാസില്‍ ഭൂരിപക്ഷം. അവരുടെ മക്കള്‍ക്ക് ഇന്ന് നാലും അഞ്ചും ജോഡി ഉടുപ്പുകളുണ്ട്. പുല്ലും ഓലയും മേഞ്ഞ വീടുകള്‍ ഓടുമേഞ്ഞ വീടുകളായി. ഓടു പോയി കോണ്‍ക്രീറ്റു വീടുകളായി. പല വീടുകളിലും വാഹനങ്ങളായി. ഇവയൊക്കെയും അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് കൈവന്നതാണ്. അതിനാല്‍ അല്ലാഹുവോടുള്ള നന്ദിയും സ്‌നേഹവും വര്‍ധിപ്പിക്കുക എന്നത് മനുഷ്യന്റെ ബാധ്യതയാണ്.
അല്ലാഹുവോടുള്ള സ്‌നേഹം പ്രധാനമായും നാലു തരത്തിലാണ്. ആരാധന അല്ലാഹുവിനു മാത്രമാക്കുക, പശ്ചാത്തപിക്കുക, അവന്റെ ദൂതനെ പിന്തുടരുക, അവന്റെ സൃഷ്ടികളോട് കാരുണ്യം കൊണിക്കുക. നബി(സ) പറഞ്ഞു: ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണകാണിക്കുക (എങ്കില്‍) ആകാശത്തുള്ളവന്‍ നിങ്ങളോട് കാരുണ്യം കാണിക്കും (ബുഖാരി, മുസ്‌ലിം).
ഒരു വിഭാഗം സമ്പന്നതയില്‍ നീന്തിക്കളിക്കുമ്പോള്‍ പുതിയ രോഗങ്ങള്‍ കാരണം പട്ടിണി കിടക്കേണ്ടി വരുന്നവര്‍ നമുക്കിടയിലുണ്ട്. മാസങ്ങളോളം വിശ്രമമാവശ്യമുള്ള പകര്‍ച്ചപ്പനിയുടെ കാലമാണ് മഴക്കാലം എന്ന അവസ്ഥയാണ് ഏതാനും വര്‍ഷങ്ങളായി കണ്ടു വരുന്നത്. കൂലിവേലക്കാരനായ ഗൃഹനാഥന് പനിപിടിച്ചാല്‍ കുടുംബം പട്ടിണിയാണ്. അത്തരക്കാരെ സഹായിച്ചാല്‍ അത് അല്ലാഹുവിനെ സ്‌നേഹിക്കലാണ്. സത്യവിശ്വാസം മനസ്സിനെ ആര്‍ദ്രമാക്കണം. ജീവകാരുണ്യം മനസ്സിന്റെ ആര്‍ദ്രതയുടെ ലക്ഷണമാണ്.
സമ്പത്തിനോടൊപ്പം വരാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഒരു ശത്രുവിനെ കരുതിയിരിക്കണം എന്ന് പ്രവാചകന്‍ ഉപദേശിച്ചിട്ടുണ്ട്. മനസ്സില്‍ അതിക്രമിച്ചു കടന്ന് സ്ഥിരവാസം തേടുന്ന പിശാചാണത്. 'വശാരിക്ഹും ഫില്‍ അംവാലി വല്‍ ഔലാദ്' -അവരുടെ ധനത്തിലും സന്താനങ്ങളിലും നീ പങ്കാളിയാവുക- എന്ന അനുവാദം പിശാചിന് അല്ലാഹു നല്‍കിയിട്ടുണ്ട്. നീ അവരുടെ പങ്കാളിയാവുക എന്ന പ്രയോഗം നമ്മുടെ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. നമ്മുടെ കച്ചവടത്തില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നവന്‍ ഗുണകാംക്ഷിയുടെ രൂപത്തിലാണ് നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുക. പ്രത്യക്ഷത്തില്‍ നല്ലവന്‍ എന്നു തോന്നുന്നവനെ മാത്രമേ നാം പങ്കാളിയാക്കുകയുമുള്ളൂ. അപ്പോള്‍ ഗുണകാംക്ഷിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടാണ് പിശാച് നമ്മുടെ ധനത്തിലും സന്താനങ്ങളിലും സ്വാധീനം ചെലുത്തുക എന്നത് വിസ്മരിക്കരുത്, ഒരു വ്യാജഡോക്ടറും 'വ്യാജ ഡോക്ടര്‍' എന്ന ബോര്‍ഡുവെച്ച് ചികിത്സിക്കുകയില്ല. ശരിയായ ഡോക്ടര്‍ എന്ന നിലക്കാണ് അയാള്‍ പ്രാക്ടീസ് ചെയ്യുക. അതുപോലെ പിശാച്, 'പിശാച്' എന്നു പറഞ്ഞു കൊണ്ടല്ല വിശ്വാസികളെ പിഴപ്പിക്കുക. ഗുണകാംക്ഷയോടു കൂടിയാണ്. അങ്ങനെ അവന്‍ നമ്മുടെ മനസ്സിലുള്ള ദൈവസ്‌നേഹത്തെ വറ്റിച്ചുകളയും. അതിനാല്‍ സമ്പത്തുണ്ടായിരിക്കുമ്പോഴാണ് മറ്റ് അവസരങ്ങളിലേക്കാളധികം പിശാചിന്റെ ദുര്‍ബോധനത്തെ കരുതിയിരിക്കേണ്ടത്. തെറ്റുകള്‍ക്ക് ന്യായീകരണം പറഞ്ഞുതരിക, വലിയ തെറ്റുകളെ ചെറിയ തെറ്റുകളായി അവതരിപ്പിക്കുക തുടങ്ങിയ തന്ത്രങ്ങളാണ് പിശാച് പ്രയോഗിക്കുക. അതുകൊണ്ടാണ് 'അവന്‍ നിങ്ങളുടെ പ്രകട ശത്രുവാണ്' എന്നു അല്ലാഹു പറഞ്ഞത്. അല്ലാഹു അപകടത്തെക്കുറിച്ച് മുന്നറിയിപ്പു തരുന്നത് നമ്മോട് സ്‌നേഹമുള്ളതുകൊണ്ടാണ്.
അല്ലാഹുവോടുള്ള സ്‌നേഹം, ഭയം, പശ്ചാത്താപം എന്നിവ ചേര്‍ന്നതാണ് ഭക്തി അഥവാ തഖ്‌വ. അതിനാല്‍ അനുദിനം മനസ്സില്‍ ഉദിച്ചുകൊണ്ടിരിക്കുന്ന താല്‍പര്യങ്ങളെ അല്ലാഹുവിന്റെ താല്‍പര്യങ്ങളുമായി തുലനം ചെയ്യുകയും നമ്മുടെ താല്‍പര്യങ്ങള്‍ അല്ലാഹുവിന്റെ താല്‍പര്യങ്ങളുമായി ഏറ്റുമുട്ടുന്നു എന്ന് കണ്ടാല്‍ അവയെ ബലികഴിക്കാന്‍ നാം തയാറാവുകയും വേണം. അത്തരക്കാരാണ് വിജയികള്‍. അല്ലാഹു നമ്മെ വിജയികളില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ.
(കോഴിക്കോട്, കല്ലായി സലഫീ മസ്ജിദില്‍ നടത്തിയ ഖുത്വ് ബ)