മൂന്നാഴ്ച നീണ്ട നിഷ്ഠുരമായ ബോംബാക്രമണങ്ങള്‍ക്കും നാലു വര്‍ഷമായി തുടരുന്ന ഉപരോധങ്ങള്‍ക്കും മുന്നില്‍ അടിപതറാതെ നിന്ന ഹമാസ് എന്ന ചെറുത്തുനില്‍പ് പ്രസ്ഥാനത്തിനു മുന്നില്‍ സയണിസ്റ്റ് ഭീകരര്‍ ഒരിക്കല്‍ കൂടി മുട്ടുമടക്കുകയാണ്. നാലു വര്‍ഷമായി ഹമാസ് കസ്റ്റഡിയിലുള്ള സൈനികന്‍ ഗിലാദ് ഷാലിതിന്റെ മോചനത്തിനായി വിവിധ ഇസ്രയേലീ ജയിലുകളില്‍ നരകയാതന അനുഭവിക്കുന്ന ആയിരത്തോളം ഫലസ്ത്വീന്‍ തടവുകാരെ വിട്ടയക്കാന്‍ പ്രധാനമന്ത്രി നെതന്യാഹു സമ്മതിച്ചെന്ന വാര്‍ത്ത നല്‍കുന്ന സന്ദേശം അതാണ്. ഷാലിതിന്റെ മോചനത്തിന് ജൂതരാഷ്ട്രം എല്ലാ വഴികളും തേടിയിരുന്നു. ഷാലിത് ജീവിച്ചിരിക്കുന്നുവെന്നതിന് തെളിവായി ഒരു വീഡിയോ ടേപ്പെങ്കിലും നല്‍കിയാല്‍ 20 സ്ത്രീ തടവുകാരെ വിട്ടയക്കാമെന്ന് കെഞ്ചി പറയേണ്ട ഗതികേടുപോലും ഇസ്രയേലിനുണ്ടായി. വീഡിയോ ടേപ്പ് നല്‍കി 20 വനിതകളെ വീട്ടിലെത്തിക്കുന്നതില്‍ ഹമാസ് വിജയിക്കുകയും ചെയ്തു.
2006-ല്‍ ഖാന്‍ യൂനിസില്‍ നടത്തിയ സൈനിക നടപടികളും, സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ കൊട്ടാരത്തിനു മുകളില്‍ നാല് ഇസ്രയേലീ യുദ്ധവിമാനങ്ങള്‍ ഭീതിപരത്തി പറന്നതുമൊക്കെ ഷാലിതിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു. 2008-2009ല്‍ നടത്തിയ ഗസ്സ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നും ഇതു തന്നെ. എന്നാല്‍ ഗസ്സയെ തവിടുപൊടിയാക്കിയ ഓപറേഷന്‍ കാസ്റ്റ് ലീഡ് ഫലം കണ്ടില്ലെന്നു മാത്രമല്ല, സയണിസ്റ്റുകളുടെ കഴുകക്കണ്ണുകള്‍ക്ക് ഷാലിത് എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ പോലുമായില്ല എന്നത് വലിയ നാണക്കേടായി.
ഇസ്രയേലീ ജയിലുകളില്‍ കഴിയുന്ന ഏഴായിരത്തോളം ഫലസ്ത്വീനീ തടവുകാരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരം പേരെ വിട്ടയക്കുക എന്ന ഒരേയൊരു വ്യവസ്ഥയാണ് ഷാലിതിന്റെ മോചനത്തിന് ഹമാസ് മുന്നോട്ടുവെച്ചത്. ചില തടവുകാരെ പരസ്പരം കൈമാറാന്‍ 2009 മാര്‍ച്ചില്‍ ഏതാണ്ട് ധാരണയിലെത്തിയെങ്കിലും ഹമാസ് നല്‍കിയ ലിസ്റ്റിലെ 450 പേരെ വിട്ടയക്കാനാവില്ലെന്ന ഇസ്രയേലിന്റെ കടുംപിടിത്തത്തെ തുടര്‍ന്ന് ചര്‍ച്ച സ്തംഭിക്കുകയായിരുന്നു. യു.എന്നും ഫലസ്ത്വീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ഒത്തുകളിച്ച് ഇരുന്നൂറോളം ഫത്ഹ് തടവുകാരെ മാത്രം വിട്ടയക്കാനുള്ള തന്ത്രം ഹമാസിന്റെ കടുംപിടുത്തത്തിനു മുന്നില്‍ പാളിപ്പോവുകയും ചെയ്തു.
അമേരിക്കയും യു.എന്നും യൂറോപ്യന്‍ യൂനിയനുമൊക്കെ ഇസ്രയേലീ ഭടനെ വിട്ടയക്കാന്‍ ഹമാസിനോട് ആവശ്യപ്പെട്ടിരുന്നു. ഷാലിതിന് ഫ്രഞ്ച് പൗരത്വവുമുള്ളതിനാല്‍ ഫ്രാന്‍സ് വിഷയത്തില്‍ അതീവ താല്‍പര്യവും കാട്ടി. ഇറ്റലിയാകട്ടെ, ഷാലിതിന് പൗരത്വം നല്‍കി സയണിസത്തോടുള്ള കൂറ് പ്രകടമാക്കി. അമേരിക്കന്‍ നഗരങ്ങളായ മിയാമിയും ന്യൂ ഓര്‍ലിയന്‍സും ഓണററി പൗരത്വം പ്രഖ്യാപിച്ചു. എന്നാല്‍ ഫലസ്ത്വീനീ തടവുകാരുടെ നരകയാതന കാണാന്‍ ഇവര്‍ക്കൊന്നും മനസ്സുണ്ടായില്ല. ലോകത്തിന്റെ കണ്ണു തുറപ്പിക്കാന്‍ 2009 ജൂലൈയില്‍ ഗസ്സയിലെ ഹമാസ് ടെലിവിഷന്‍ ചാനല്‍ ഒരു ആനിമേഷന്‍ ഫിലിം പ്രദര്‍ശിപ്പിച്ചു. തന്നെ മോചിപ്പിക്കാന്‍ ശ്രമിക്കണമെന്ന് ഒരു ഫലസ്ത്വീനീ ബാലനോട് ഷാലിത് അപേക്ഷിക്കുന്നതും, ഇസ്രയേലീ ജയിലുകളില്‍ കഴിയുന്ന തന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും കാര്യം ചൂണ്ടിക്കാട്ടി ബാലന്‍ അത് നിരസിക്കുന്നതുമാണ് ചിത്രം.
* * * * * * *
വലീദ് അബൂ ഉബൈദ് പതിമൂന്നു വയസ്സുള്ള ഫലസ്ത്വീന്‍ ബാലനാണ്. വെസ്റ്റ് ബാങ്കിലെ യാഅ്ബാദ് ഗ്രാമവാസിയായ വലീദ് ജീവിതത്തിലിന്നോളം ഒരു ഇസ്രേയലിയുമായി സംസാരിച്ചിട്ടു പോലുമില്ല. ഒരുനാള്‍ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ വലീദ് തിരികെ വന്നില്ല. മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തില്‍ അരിയും മാംസവുമൊക്കെ നിറച്ച ഷോപ്പിംഗ് ബാഗ് വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വേവലാതിയോടെ കഴിഞ്ഞ മാതാപിതാക്കള്‍ക്ക് ദിവസങ്ങള്‍ക്കുശേഷം വിവരം ലഭിച്ചു, തങ്ങളുടെ പൊന്നുമോന്‍ ഇസ്രയേലീ ജയിലിലാണെന്ന്.
ഇനി വലീദ് തന്നെ പറയട്ടെ: ''സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ നില്‍ക്കുമ്പോള്‍ റോഡിനപ്പുറത്ത് രണ്ട് ഇസ്രയേലീ ഭടന്മാര്‍ നില്‍ക്കുന്നതു കണ്ടിരുന്നു. സ്ഥിരം കാഴ്ചയായതിനാല്‍ കാര്യമാക്കിയില്ല. എന്നാല്‍ റൈഫിളുകളേന്തിയ അവര്‍ തന്നെ ലക്ഷ്യമിട്ടാണ് നില്‍ക്കുന്നതെന്ന് ബോധ്യപ്പെടാന്‍ അധിക സമയം വേണ്ടിവന്നില്ല. തങ്ങളെ കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് അവരിലൊരാള്‍ മൂക്കിലിടിച്ചു. മൂക്കില്‍നിന്ന് രക്തം വരാന്‍ തുടങ്ങി. തുടര്‍ന്ന് കൈകള്‍ പിന്നില്‍ ബന്ധിച്ച്, കണ്ണുകള്‍ കെട്ടി സൈനിക വാഹനത്തില്‍ കയറ്റി അവരുടെ ക്യാമ്പില്‍ കൊണ്ടുപോയി. കുറെ ദിവസത്തിനുശേഷം അവിടെനിന്ന് ജയിലിലെ ഒരു സെല്ലിലെത്തിച്ചു. അവിടെ അഞ്ചു കുട്ടികള്‍ വേറെയുമുണ്ടായിരുന്നു. സൈനികരെ കല്ലെറിഞ്ഞുവെന്ന് കുറ്റസമ്മതം നടത്താനാവശ്യപ്പെട്ട് ജയില്‍ ഗാര്‍ഡുകള്‍ ക്രൂരമായി മര്‍ദിച്ചു. സൈനിക കോടതി 28 ദിവസത്തെ ജയില്‍ ശിക്ഷയും 500 ഷെകല്‍ (120 ഡോളര്‍) പിഴയും വിധിച്ചു...'' അമേരിക്കന്‍ പ്രസിദ്ധീകരണമായ ടൈം വാരികയുടെ ജറൂസലം ലേഖകന്‍ ടിം മാക് ഗിര്‍ക്കിന്റെ റിപ്പോര്‍ട്ടില്‍നിന്നുള്ള വരികളാണിത്.
ഗസ്സയിലും വെസ്റ്റ്ബാങ്കിലും ഫലസ്ത്വീനികള്‍ക്ക് സ്വയംഭരണാവകാശം കടലാസിലാണ്. ഇസ്രേയലിന്റെ സൈനിക നിയമമാണ് അവിടെ നടപ്പാകുന്നത്. ഒരു ഇസ്രയേലീ ഭടനെ കല്ലെറിയുന്നത് ഇരുപതു കൊല്ലം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം. വെസ്റ്റ്ബാങ്കിനെ വിഭജിക്കുന്ന 20 അടി ഉയരത്തിലുള്ള ഉരുക്കുമതിലിനുനേരെ കല്ലെറിഞ്ഞാലും ഇതുതന്നെ ശിക്ഷ. ഫലസ്ത്വീനിലെ ജയില്‍കാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രണ്ടായിരത്തിനുശേഷം മാത്രം 6,500 കുട്ടികളെ ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്തു. കല്ലേറാണ് ഏറെ പേര്‍ക്കുമെതിരായ കുറ്റം. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും പ്രായപൂര്‍ത്തിയാവണമെങ്കില്‍ 18 വയസ്സാവണം. ഇസ്രയേലിലും അമേരിക്കയിലുമൊക്കെ അങ്ങനെ തന്നെ. എന്നാല്‍ ഫലസ്ത്വീനീ കുട്ടികളാണെങ്കില്‍ പതിനാറു തികഞ്ഞാല്‍ പ്രായപൂര്‍ത്തിയായതായി കണക്കാക്കുന്ന അങ്ങേയറ്റം നികൃഷ്ടമായ രീതിയാണ് ഇസ്രയേലിന്റേതെന്ന് ആ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പൗരാവകാശ സംഘടനയായ ബിടിസെലം ചൂണ്ടിക്കാട്ടുന്നു. പട്ടാളക്കോടതികള്‍ മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന ശിക്ഷ കുട്ടികളുടെ മേലും നടപ്പാക്കാനാണ് ഈ വെള്ളംചേര്‍ക്കല്‍.
ഇക്കഴിഞ്ഞ ദിവസം ഇന്റര്‍നാഷ്‌നല്‍ മിഡിലീസ്റ്റ് മീഡിയ സെന്റര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടനുസരിച്ച് 6,800 ഫലസ്ത്വീനികള്‍ ഇസ്രയേലിലെ 20 ജയിലുകളില്‍ കഴിയുന്നു. ഇവരില്‍ 300 കുട്ടികളും 34 സ്ത്രീകളും ഉള്‍പ്പെടും. 1,500 പേര്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരാണ്. ശസ്ത്രക്രിയകള്‍ ആവശ്യമായവര്‍ നൂറിലേറെ. തടവുകാരില്‍ 83 ശതമാനവും വെസ്റ്റ്ബാങ്കില്‍നിന്നുള്ളവരാണ്. പത്തു ശതമാനം ഗസ്സക്കാരും ബാക്കിയുള്ളവര്‍ ഇസ്രയേല്‍ പൗരത്വമുള്ളവരും മറ്റു അറബ് രാജ്യങ്ങളില്‍നിന്നുള്ളവരും. 2,500 പേരെങ്കിലും 15 മുതല്‍ മുപ്പതു വര്‍ഷം വരെ തടവിന് ശിക്ഷിക്കപ്പെട്ടവരാണ്. പതിമൂന്ന് ഫലസ്ത്വീന്‍ പാര്‍ലമെന്റംഗങ്ങളുമുണ്ട് ജയിലില്‍- പത്ത് ഹമാസുകാരും രണ്ട് ഫത്ഹ് അംഗങ്ങളും ഒരു ഇടതുപക്ഷ പി.എഫ്.എല്‍.പി അംഗവും. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അനിശ്ചിതമായി തടവിലിട്ട് പീഡിപ്പിക്കുന്ന സയണിസ്റ്റ് ഭരണകൂടത്തിന്റെ ധിക്കാരം അവസാനിപ്പിക്കണമെന്ന് പറയാന്‍ ജനാധിപത്യവാദികള്‍ക്കൊന്നും സമയം കിട്ടിയില്ല. ഷാലിത് സംഭവത്തെ തുടര്‍ന്ന് നാലുവര്‍ഷം മുമ്പ് 60 എം.പിമാരെയാണ് ഇസ്രയേല്‍ ജയിലിലടച്ചത്. ഇസ്‌ലാമിസ്റ്റ് സംഘടനയുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു അറസ്റ്റ്. വിവിധ ഘട്ടങ്ങളിലായി പലരെയും വിട്ടയച്ചു. എന്നാല്‍ കഴിഞ്ഞ മാസം വിട്ടയച്ച ഹമാസ് അനുകൂലികളായ മുന്‍ മന്ത്രിയോടും മൂന്ന് എം.പിമാരോടും ജന്മദേശമായ കിഴക്കന്‍ ജറൂസലം വിട്ടുപോകാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടു. പിറന്ന മണ്ണ് വിട്ടുപോകില്ലെന്ന് തറപ്പിച്ചുപറഞ്ഞ ഇവരെ നിര്‍ബന്ധിച്ച് നാടുകടത്താനാണ് പരിപാടി.
ഗസ്സക്ക് സഹായമെത്തിക്കാന്‍ പുറപ്പെട്ട ഫ്രീ ഗസ്സ ഫ്‌ളോടിലക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് നെസറ്റിലെ (ഇസ്രയേല്‍ പാര്‍ലമെന്റ്) വനിതാ അംഗം ഹനീന്‍ സൂബിയുടെ മുഴുവന്‍ അവകാശങ്ങളും റദ്ദാക്കിയത് ഈയിടെയാണ്. ഇസ്രയേല്‍ പൗരത്വമുള്ള സൂബി അറബ് രാഷ്ട്രീയ പാര്‍ട്ടിയായ ബലദിലെ അംഗമാണ്. ഫലസ്ത്വീന്‍ പാരമ്പര്യം ഉയര്‍ത്തിക്കാട്ടി, ശത്രുരാജ്യമായ ലിബിയ സന്ദര്‍ശിച്ചു, ഇസ്രയേലിനു വെല്ലുവിളി ഉയര്‍ത്തുന്ന ഒരു ശക്തി മേഖലയുടെ ശാക്തിക സന്തുലിതത്വം ആവശ്യമാണെന്ന് പ്രസംഗിച്ചു തുടങ്ങിയ കുറ്റങ്ങളും ഹനീന്‍ സൂബിക്കെതിരെ ആരോപിച്ചിട്ടുണ്ട്. സൂബിയുടെ പൗരാവകാശങ്ങള്‍ക്കായി പോരാടാന്‍ യൂറോപ്പും വാഷിംഗ്ടണും പതിവുപോലെ ഗോദയിലിറങ്ങിയില്ല. ഹമാസിന്റെ അഖ്‌സ ടെലിവിഷന്‍ ചാനലിന്റെ യൂറോപ്പിലെ സംപ്രേഷണം റദ്ദാക്കാന്‍ സെമിറ്റിക് വിരുദ്ധതയെന്ന പഴകിപ്പുളിച്ച ആരോപണമാണ് ഫ്രാന്‍സ് എഴുന്നള്ളിച്ചത്. എന്നാല്‍ ഫ്‌ളോടില ആക്രമണത്തോടെ ലോകത്തിനുമുന്നില്‍ ഒറ്റപ്പട്ട സയണിസ്റ്റുകള്‍ മൈക്കല്‍ ജാക്‌സന്റെ വി ആര്‍ ദ വേള്‍ഡ് എന്ന പ്രശസ്ത ഗാനത്തിന് ഇസ്‌ലാംവിരുദ്ധ വീഡിയോ പാരഡി രചിച്ച് പ്രചാരണം നടത്തിയപ്പോള്‍ അതിന്റെ പ്രചാരകര്‍ എലിസീ കൊട്ടാരത്തിന്റെ മുറ്റത്തുതന്നെ ഉണ്ടായിരുന്നു.