'വിഷന്‍ 2016' പദ്ധതിയുടെ ഭാഗമായി ആരംഭിച്ച 'സഹൂലത്' മൈക്രോഫിനാന്‍സ് സൊസൈറ്റി രാജ്യവ്യാപകമായി 500 പലിശരഹിത സഹകരണ സംഘങ്ങള്‍ ആരംഭിക്കും. 2016നകം ലക്ഷ്യം കൈവരിക്കാനാണ് പദ്ധതി. ദല്‍ഹിയില്‍ നടന്ന സൊസൈറ്റിയുടെ ആലോചനാ യോഗത്തില്‍ നാല് മേഖലാ കേന്ദ്രങ്ങളും പരിശീലന-ഗവേഷണ കേന്ദ്രങ്ങളും ആരംഭിക്കാനും തീരുമാനിച്ചു. പുതിയ സംഘങ്ങള്‍ക്കുള്ള അടിസ്ഥാന മൂലധന ശേഖരണവും അവയെ പരസ്പരം ബന്ധപ്പെടുത്തലും 'സഹൂലതി'ന്റെ മുന്‍കൈയില്‍ നടക്കും.
'സഹൂലത്' പ്രസിഡന്റും ജ.ഇ ദേശീയ ഡെപ്യൂട്ടി അമീറുമായ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അര്‍ഷദ് അജ്മല്‍ സംസാരിച്ചു.
വിദ്യാഭ്യാസ അവകാശ നിയമം - ചര്‍ച്ച
വിദ്യാഭ്യാസ അവകാശ നിയമത്തെക്കുറിച്ച് ജ.ഇ ഹൈദരാബാദ് ഘടകം ചര്‍ച്ച സംഘടിപ്പിച്ചു. ജ.ഇ ദേശീയ ശൂറാംഗം സയ്യിദ് സആദത്തുല്ലാ ഹുസൈനി ഉദ്ഘാടനം ചെയ്തു. എല്ലാ വിദ്യാര്‍ഥികള്‍ക്കും നിര്‍ബന്ധ പഠനാവസരം എന്ന വശം നിയമത്തിന്റെ ആകര്‍ഷക ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം തീരുമാനിക്കാനുള്ള പൂര്‍ണാധികാരം സര്‍ക്കാറുകള്‍ക്ക് നല്‍കുന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കയുളവാക്കുന്നതാണ് ഇത്. പ്രഫ. മുഹമ്മദ് ഉസ്മാനി, പ്രഫ. എസ്.എ ഷുക്കൂര്‍, ജ.ഇ ആന്ധ്രപ്രദേശ് അമീര്‍ മലിക് മുഅ്തസിംഖാന്‍, സംസ്ഥാന സെക്രട്ടറി ഫഹീമുദ്ദീന്‍ അഹ്മദ്, ഫഹീം അക്തര്‍ നദ്‌വി, അലാവുദ്ദീന്‍ അന്‍സാരി, ഡോ. അബ്ദുല്‍ മോയിസ്, റഹീംഖാന്‍ നിയാസി സംസാരിച്ചു.
ഹിറാ പ്രസന്റേഷന്‍സിന് പത്ത് വയസ്
കര്‍ണാടകയുടെ തീര ജില്ലകള്‍ കേന്ദ്രീകരിച്ച് വിവിധ ടി.വി ചാനലുകളില്‍ ഇസ്‌ലാമിക പരിപാടികള്‍ സംപ്രേഷണം ചെയ്യുന്ന 'ഹിറാ പ്രസന്റേഷന്‍സ്' പ്രവര്‍ത്തനം ആരംഭിച്ചിട്ട് 10 വര്‍ഷം തികഞ്ഞു. ഇതോടനുബന്ധിച്ച് മംഗലാപുരത്ത് 'സമൂഹ പുനഃസൃഷ്ടിയില്‍ മീഡിയയുടെ പങ്ക്' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. എഴുത്തുകാരനും ചിന്തകനുമായ ബി.എസ് ഷറഫുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. സാധ്യമാവുന്ന എല്ലാ മാധ്യമങ്ങളെയും പ്രയോജനപ്പെടുത്തി സത്യസന്ദേശം പ്രചരിപ്പിക്കലാണ് പ്രവാചക മാതൃക എന്നദ്ദേഹം പറഞ്ഞു. യൂനിറ്റി ഹെല്‍ത്ത് കോംപ്ലക്‌സ് ഡയറക്ടര്‍ ഡോ. സി.പി ഹബീബുര്‍റഹ്മാന്‍, ജ.ഇ കേരള മീഡിയ സെക്രട്ടറി സി. ദാവൂദ്, ജ.ഇ യൂത്ത്‌വിംഗ് ഓര്‍ഗനൈസര്‍ മുഹമ്മദ് കുഞ്ഞി സംസാരിച്ചു. ഹിറാ പ്രസന്റേഷന്‍സിന്റെ ലോഗോ പ്രകാശനം ചെയ്തു.
ഹിറാ ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പ് വിതരണം
കര്‍ണാടക ജ.ഇയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മംഗലാപുരത്തെ ഹിറാ ഫൗണ്ടേഷന്‍ ഈ വര്‍ഷം അഞ്ചര ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. 202 ദരിദ്രവിദ്യാര്‍ഥികളും 48 അനാഥ വിദ്യാര്‍ഥികളുമാണ് ഗുണഭോക്താക്കള്‍. അനാഥ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം നിശ്ചിത തുക നല്‍കുന്ന പദ്ധതി ഈ വര്‍ഷം മുതലാണാരംഭിച്ചത്. 2004 മുതല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി വരുന്നുണ്ട്.
ഹിദായത്ത് സെന്ററില്‍ നടന്ന ചടങ്ങില്‍ എസ്.ഐ.ഒ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് കെ. ഷൗക്കത്ത് അലി, മുസ്‌ലിം എഡ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഫെഡറേഷന്‍ പ്രസിഡന്റ് വൈ. മുഹമ്മദ് ബേരി, ബോളങ്ങാടി ഹയ്യാ ജുമാ മസ്ജിദ് ഇമാം മൗലാനാ യഹ്‌യ തങ്ങള്‍ മദനി, യു. അബ്ദുസ്സലാം സംബന്ധിച്ചു.
ജാതി സെന്‍സസ്:
മുസ്‌ലിം സംഘടനകള്‍
സമവായത്തിന്
ജാതി സെന്‍സസ് സംബന്ധിച്ച് വിവിധ മുസ്‌ലിം സംഘടനകള്‍ തമ്മില്‍ സമവായം ഉണ്ടാക്കും. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസിന്റെ മുന്‍കൈയാല്‍ രൂപീകരിക്കപ്പെട്ട 'കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഫോര്‍ സെന്‍സസ് ആന്റ് റിസര്‍വേഷന്‍' യോഗത്തിലാണ് ഈ തീരുമാനം. പ്രധാന മുസ്‌ലിം സംഘടനകള്‍ ചേര്‍ന്നതാണ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി. മുസ്‌ലിം എം.പിമാരുടെ യോഗം വിളിച്ചുകൂട്ടാനും തീരുമാനമായി. ഐ.ഒ.എസ് ചെയര്‍മാന്‍ ഡോ. മന്‍സൂര്‍ ആലം, ജ.ഇ ദേശീയ സെക്രട്ടറി മുജ്തബാ ഫാറൂഖ്, ഡോ. എസ്.ക്യു.ആര്‍ ഇല്യാസ്, നവൈദ് ഹാമിദ് സംബന്ധിച്ചു.
ഷിബിലി അര്‍സലാന്‍ എസ്.ഐ.ഒ ദേശീയ സെക്രട്ടറി
എസ്.ഐ.ഒ ദേശീയ സെക്രട്ടറിയായി ഷിബിലി അര്‍സലാന്‍ തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ സെക്രട്ടറിയായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ബീഹാറിലെ അരറിയ സ്വദേശിയായ ഷിബിലി രാഷ്ട്രതന്ത്രത്തില്‍ ബിരുദധാരിയാണ്. റഫീഖെ മന്‍സില്‍ ഹിന്ദി മാസികയുടെ എഡിറ്ററാണ്.