ഇതിനു മുമ്പ് എണ്‍പതുകളുടെ അവസാനത്തിലാണ് കശ്മീര്‍ താഴ്‌വര ഇവ്വിധം കത്തിയെരിഞ്ഞത്. കലാഷ്‌നിക്കോവ് തോക്കുകളുമേന്തി തീവ്രവാദികളുടെ വലിയൊരു നിരയെ അന്ന് താഴ്‌വരയില്‍ പലേടത്തും കാണാമായിരുന്നു. പകല്‍ വെളിച്ചത്തില്‍ പോലും ആരെയും കൂസാതെ ഇറങ്ങി നടക്കുന്നവര്‍.
അതിന്റെ പരിണതി ദുഃഖകരമായിരുന്നു. ശ്രീനഗറിലും മറ്റും ശ്മശാനങ്ങളുടെ വ്യാപ്തി പലമടങ്ങ് വര്‍ധിച്ചു. പതിനായിരത്തിലേറെ യുവാക്കളുടെ തിരോധാന വാര്‍ത്തകള്‍ താഴ്‌വരയെ നടുക്കി. അഞ്ചു ലക്ഷത്തിലേറെ വരുന്ന സൈനിക സന്നാഹങ്ങള്‍ കൊണ്ടാണ് ആക്രോശങ്ങളെ ഭരണകൂടം നേരിട്ടത്.
ഒടുവില്‍ ആയുധങ്ങളോടും സംഘര്‍ഷങ്ങളോടുമുള്ള വിരക്തി കശ്മീര്‍ ജനതയില്‍ പതുക്കെ പതുക്കെയാണെങ്കിലും സ്വാധീനം നേടി. എല്ലാ എതിര്‍പ്പുകളും ഉള്ളില്‍ ഒളിപ്പിച്ചുതന്നെ പലതരം കൊടികളോട് താദാത്മ്യം പ്രാപിച്ച് പോളിംഗ് ബൂത്തുകളിലെത്തി രാഷ്ട്രീയ പ്രക്രിയയോട് അവര്‍ ചേര്‍ന്നുനിന്നു. ഇക്കുറി ഐ.എ.എസിന് ഇന്ത്യയില്‍ ഒന്നാം റാങ്ക് പോലും ഒരു കശ്മീരി ചെറുപ്പക്കാരന്‍ സ്വന്തമാക്കി. എന്നിട്ടും ഈ മാറ്റമൊന്നും കശ്മീരിന്റെ ഭൗതിക സാഹചര്യത്തില്‍ ഒട്ടും പ്രതിഫലിച്ചില്ല.
പതിറ്റാണ്ടുകള്‍ക്കു മുമ്പത്തെ അതേ അവികസിതാവസ്ഥ തന്നെ ഇപ്പോഴും. വഴിവക്കുകളില്‍ ബാരിക്കേഡുകളുടെ, ജാഗ്രതയുടെ കണ്ണുകളുമായി നിലയുറപ്പിക്കുന്ന സൈനികരുടെ എണ്ണം കൂടിയിരിക്കുന്നു. രണ്ട് പതിറ്റാണ്ടു മുമ്പ് സ്വാതന്ത്ര്യ മുദ്രാവാക്യങ്ങളുയര്‍ത്തി കലാഷ്‌നിക്കോവുകളുമേന്തി രംഗത്തു വന്ന യുവനിരക്കു പകരം ഏതെങ്കിലും തെരുവുമൂലകളില്‍ കല്ലുകളുമായി കാത്തിരിക്കുന്ന യുവാക്കളും കുട്ടികളും ഉള്‍പ്പെട്ട ചില സംഘങ്ങള്‍ മാത്രം. സായുധ വണ്ടികള്‍ കാണേണ്ട മാത്രയില്‍ അവരും ഓടി രക്ഷപ്പെടാന്‍ തയാറെടുക്കുകയാണ്. അതിര്‍ത്തി കടന്നെത്തുന്ന തീവ്രവാദികളുടെ എണ്ണവും ഇപ്പോള്‍ പരിമിതം. എന്നിട്ടും എന്തുകൊണ്ടായിരിക്കും രണ്ടു പതിറ്റാണ്ടുകള്‍ക്കിപ്പുറം കൂടുതല്‍ സൈന്യത്തെ താഴ്‌വരയിലേക്ക് വിളിച്ചു വരുത്താന്‍ അധികൃതരെ പ്രേരിപ്പിച്ചത്?
താഴ്‌വര കത്തിയ തൊണ്ണൂറുകളില്‍ പോലും മാധ്യമ പ്രവര്‍ത്തനത്തിന് വലിയ തടസ്സമൊന്നും ഇല്ലായിരുന്നു. എന്നാല്‍ ഇത്തവണ ദിവസങ്ങളോളം മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ചിലര്‍ക്കെതിരെ ബലാല്‍ക്കാരം പോലും നടന്നു. താഴ്‌വരയില്‍ കാര്യങ്ങള്‍ സാധാരണ നിലയിലായെന്ന ഭരണകൂടത്തിന്റെ അവകാശവാദങ്ങള്‍ കൂടിയാണ് ഇക്കുറി കടപുഴകിയത്. ഒരു രാഷ്ട്രീയ പ്രശ്‌നപരിഹാരം എന്നത് ഇനിയും എത്രയോ അകലെയാണെന്ന് താഴ്‌വര നമ്മെ ഓര്‍മിപ്പിച്ചു. പക്ഷേ, സര്‍വകക്ഷി യോഗത്തിനും പതിവു വാഗ്ദാനങ്ങള്‍ക്കുമപ്പുറം പ്രശ്‌നപരിഹാരത്തിനുള്ള കാതലായ നീക്കമൊന്നും രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് ഉണ്ടായില്ല.
ഒരു കാര്യം ഉറപ്പ്, കശ്മീര്‍ പൊടുന്നനെ മാറിയതല്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പുലര്‍ത്തിയ കടുത്ത വിവേചനത്തിന്റെ, സുരക്ഷാ സേനകള്‍ നടത്തിയ അമിതാധികാര പ്രവണതകളുടെ ഭീകര വിളവെടുപ്പാണ് കഴിഞ്ഞ ദിവസങ്ങളില്‍ താഴ്‌വരയില്‍ കണ്ടത്. ശ്രീനഗറിലെ സോഫിയാന്‍ സംഭവത്തോടെ ആളിക്കത്തിയ രോഷത്തിന്റെ തുടര്‍ച്ച. സൈന്യം, അര്‍ധസൈന്യം, പോലീസ് എന്നിവ ഉള്‍പ്പെട്ട സുരക്ഷാ സേനയുടെ അതിക്രമങ്ങളും അവര്‍ക്കു കീഴില്‍ തുടര്‍ന്ന പൗരാവകാശധ്വംസനങ്ങളും കശ്മീരികളെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിക്കുകയായിരുന്നു. എന്നിട്ടും വസ്തുതകള്‍ മറച്ചുപിടിക്കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നീക്കം. സോപോറില്‍ കൊല്ലപ്പെട്ട രണ്ട് വിദേശ തീവ്രവാദികളെ ചൂണ്ടി താഴ്‌വരയിലെ മുഴുവന്‍ അസ്വാസ്ഥ്യങ്ങള്‍ക്കും കാരണം ലശ്കറെ ത്വയ്യിബയാണെന്ന് ആഭ്യന്തര മന്ത്രി ചിദംബരം വിധിച്ചുകളഞ്ഞു. പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഉള്‍പ്പെട്ട സുരക്ഷാ സമിതിയുടെ യോഗവും ഇതേ നിഗമനങ്ങള്‍ക്ക് ആധികാരികതയുടെ പിന്‍ബലം നല്‍കാന്‍ മത്സരിച്ചു. ലശ്കര്‍ ഇടപെടലിന്റെ വ്യാപ്തി ഇന്റലിജന്‍സ് വിഭാഗം വിലയിരുത്തട്ടെ. പക്ഷേ, ഒരു മാസത്തിനകം പതിനഞ്ച് നിരപരാധികളെ ക്രൂരമായി വധിച്ചതിന്റെ നേര്‍ക്കുനേരെയുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് സി.ആര്‍.പി.എഫിന് കൈ കഴുകാന്‍ പറ്റുമോ? കൊല്ലപ്പെട്ടവര്‍ മുഴുവന്‍ പതിനെട്ടു വയസിനും ചുവടെ പ്രായമുള്ള തരുണര്‍. എന്നിട്ടും സുരക്ഷാപാലകരെ ചെറുതായൊന്ന് ഗുണദോഷിക്കാന്‍ പോലും ആഭ്യന്തരമന്ത്രി തയാറായില്ല.
സമ്മതിക്കുന്നു, താഴ്‌വര കലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന ചെറിയൊരു വിഭാഗം ഉണ്ടെന്ന്. എന്നാല്‍ സൈന്യം നടത്തിയ കൊടും ക്രൂരതകളെ പോലും ലശ്കര്‍ അക്കൗണ്ടില്‍ വരവു ചേര്‍ക്കാനുള്ള നീക്കം ആരുടെ താല്‍പര്യമാകും സംരക്ഷിക്കുകയെന്ന് സര്‍ക്കാര്‍ തന്നെ പറയണം. വീട്ടില്‍ നിന്ന് കുട്ടികളെ രക്ഷിതാക്കള്‍ പുറത്തുവിടുന്നതാണ് സൈന്യത്തെ തോക്കെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന ചിദംബര മൊഴി പൗരാവകാശനിഷേധത്തെ ഉളുപ്പില്ലാതെ വെള്ള പൂശുന്നതിനു തുല്യമാണ്. കേരളം ഉള്‍പ്പെടെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ ദിനേനയെന്നോണം എത്രയെത്ര അക്രമാസക്ത പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. അതില്‍ പങ്കെടുക്കുന്നവരെ മുഴുവന്‍ വെടിയുണ്ട കൊണ്ടാണോ ഭരണകൂടങ്ങള്‍ നേരിടുന്നത്? സുരക്ഷാ സേനക്കെതിരായ കല്ലേറ് സംഭവങ്ങള്‍ താഴ്‌വരയുടെ മാത്രം സ്വന്തമാണോ?
നീറിനില്‍ക്കുന്ന കനലുകള്‍ ആളിപ്പടര്‍ന്നതാണ് താഴ്‌വരയില്‍ കണ്ടത്. 2008 മെയ് മാസം നാല്‍പത് ഏക്കര്‍ വനഭൂമി അമര്‍നാഥ് ക്ഷേത്ര ബോര്‍ഡിന് പതിച്ചു കൊടുക്കാനുള്ള ഏകപക്ഷീയ തീരുമാനം സൃഷ്ടിച്ച പ്രതിഷേധം മറക്കാറായിട്ടില്ല. ധൃതി പിടിച്ചതായി തീരുമാനമെന്ന് ഒടുവില്‍ സര്‍ക്കാറിനു പോലും സമ്മതിക്കേണ്ടിവന്നു. എന്നാല്‍ അപ്പോഴേക്കും തെരുവില്‍ അറുപതിലേറെ പേരാണ് മരിച്ചു വീണത്. കോണ്‍ഗ്രസ്സും പി.ഡി.പിയും ഇതിന്റെ പേരില്‍ ഇടഞ്ഞു. ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കേണ്ടി വന്നു. പക്ഷേ, ജനങ്ങള്‍ക്കിടയില്‍ അതു സൃഷ്ടിച്ച അകല്‍ച്ചയുടെ വ്യാപ്തി വളരെ വലുതായിരുന്നു. ജനരോഷം ഗുലാം നബിയുടെ മുഖ്യമന്ത്രി സ്ഥാനം തെറിക്കുന്നതിനു വരെ വഴിയൊരുക്കി.
2008 ആഗസ്റ്റില്‍ നടന്ന മുസഫറാബാദ് മാര്‍ച്ചും താഴ്‌വരയില്‍ ചോര പടര്‍ത്തുന്നതില്‍ കലാശിച്ചു. സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ ഹുര്‍രിയത്ത് പ്രതിനിധി ശൈഖ് അബ്ദുല്‍ അസീസ് കൊല്ലപ്പെട്ടു. കല്ലേറു സംഭവങ്ങള്‍ക്ക് അതോടെ വ്യാപ്തി കൂടി.
സോഫിയാന്‍ സംഭവത്തോടെ സുരക്ഷാ സേനക്കെതിരായ പൊതുവികാരം താഴ്‌വരയില്‍ പടര്‍ന്നു. സോഫിയാനില്‍ രണ്ട് കശ്മീരി സ്ത്രീകളെ സൈന്യം ബലാത്സംഗം ചെയ്തു കൊന്നുവെന്നു തന്നെ ഇന്നും നാട്ടുകാര്‍ വിശ്വസിക്കുന്നു. സര്‍ക്കാര്‍ വക അന്വേഷണ റിപ്പോര്‍ട്ടുകളൊന്നും മറിച്ചു ചിന്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചതുമില്ല. താഴ്‌വര മുഴുക്കെ രോഷത്തിന്റെ കനലുകള്‍ വര്‍ധിച്ചുകൊണ്ടിരുന്നു. അധികൃതരോ സുരക്ഷാ സേനയോ എന്നിട്ടും പാഠങ്ങള്‍ പഠിച്ചില്ല. ജനങ്ങളുടെ ന്യായമായ പ്രതികരണങ്ങളെ പോലും അവര്‍ ചോരയില്‍ മുക്കി കൊല്ലാന്‍ ഉത്സാഹിച്ചു. 2010 ജൂണില്‍ പ്രക്ഷോഭകര്‍ക്കു നേരെ വീണ്ടും വെടിവെപ്പ്. ഇത്തവണ മരിച്ചു വീണത് രണ്ട് കൊച്ചു കുട്ടികള്‍.
മന്ദബുദ്ധികളുടെ രാഷ്ട്രീയം
ഗുലാം നബിയുടെ പിന്‍ഗാമിയായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രിപദത്തില്‍ വന്ന നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ലക്ക് സാധ്യതകള്‍ ഏറെയായിരുന്നു. ഉന്നത വിദ്യാഭ്യാസവും ചടുല യുവത്വവും കശ്മീരികളോടുള്ള പ്രതിബദ്ധതയും ഗുണം ചെയ്യേണ്ടതായിരുന്നു. വലിയ പ്രതീക്ഷകളായിരുന്നു താഴ്‌വര ഉമര്‍ അബ്ദുല്ലയില്‍ കണ്ടത്. എന്നാല്‍ പരിചയമില്ലായ്മയും പ്രാപ്തിക്കുറവും ആ ധാരണകള്‍ തകര്‍ത്തു. നിര്‍ണായക ഘട്ടങ്ങളില്‍ പതറി നില്‍ക്കുന്ന ഉമര്‍ അബ്ദുല്ലയെയാണ് പിന്നീട് പലപ്പോഴും കണ്ടത്. സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ച തീരുമാനങ്ങള്‍ പലതും വന്‍ അബദ്ധവുമായി.
പിതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയുടെ കാലത്ത് പാര്‍ട്ടിയുടെയും ഭരണത്തിന്റെയും മുന്‍നിരയില്‍ നിന്ന പലരും തരംതാഴ്ത്തപ്പെട്ടു. മന്ത്രിമാരും പാര്‍ട്ടി നേതാക്കളും ഭിന്ന ചേരികളിലേക്കു വഴിമാറി. അലി മുഹമ്മദ് സാഗര്‍, അബ്ദുല്‍ റഹീം റാത്തര്‍, അൈഫുല്ല, ഇര്‍ാന്‍ ഷാ, നാസില്‍ ഖുറേശി, ഖഫീലുല്‍റഹ്മാന്‍, സജാദ് കിര്‍ച്ചുലോ...
ഈ അകല്‍ച്ച പാര്‍ട്ടിയിലും ഭരണത്തിലും പ്രതിഫലിച്ചു. ജമ്മുവില്‍ നിന്നും മറ്റും ഉമര്‍ അബ്ദുല്ല പുതിയ ഉപദേശികളെ കൊണ്ടുവന്നു. അവര്‍ക്ക് താഴ്‌വരയുടെ വികാരം ഒട്ടും അറിയില്ലായിരുന്നു. ഈ ഘട്ടത്തിലാണ് പ്രമുഖ ഹിന്ദി ചലച്ചിത്രത്തിന്റെ അനുകരണമെന്നോണം മൂന്ന് അബ്ദുല്ലമാരുടെയും (ശൈഖ് അബ്ദുല്ല, ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല) ചിത്രങ്ങളടങ്ങിയ എസ്.എം.എസ് വ്യാപകമായി പ്രചരിച്ചത്- ത്രീ ഇഡിയറ്റ്‌സ്.
കശ്മീരിനോടുള്ള ദല്‍ഹിയുടെ മനോഭാവത്തിലും മാറ്റമുണ്ടായില്ല. മന്‍മോഹന്‍ സിംഗിന്റെ യു.പി.എ സര്‍ക്കാറിന് രാഷ്ട്രീയ ഇഛാശക്തിയോടെയുള്ള ഒരു തീരുമാനം കശ്മീര്‍ കാര്യത്തില്‍ കൈക്കൊള്ളാന്‍ ഇതുവരെ സാധിച്ചിട്ടില്ല. എന്നിട്ടും സാമ്പത്തിക പാക്കേജുകളും സ്വയംഭരണ പ്രഖ്യാപനങ്ങളും പലതും തുടര്‍ന്നു കൊണ്ടേയിരുന്നു. കശ്മീരികളെ പുറന്തള്ളി ആ മണ്ണ് മാത്രം സ്വന്തമാക്കി നിര്‍ത്തണമെന്ന മാനസികാവസ്ഥ ബി.ജെ.പി പലപ്പോഴും പരസ്യമായി പ്രകടിപ്പിച്ചതാണ്. മറ്റുള്ളവര്‍ പരോക്ഷമായി അതുതന്നെ വാക്കുകളില്‍ ധ്വനിപ്പിച്ചു. കശ്മീരിന്റെ അടിയൊഴുക്കുകളുടെ മര്‍മം തൊട്ടു നോക്കാന്‍ ആരും തുനിഞ്ഞില്ല.
2006ല്‍ ആണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കശ്മീര്‍ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കിയത്. 2007 ഏപ്രില്‍ മാസം നാല് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതുമാണ്. സ്വയംഭരണവുമായി ബന്ധപ്പെട്ട സുപ്രധാന നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ഏറ്റവും അവസാനമായി മുന്നോട്ടു വെച്ചത് ജസ്റ്റിസ് സഗീര്‍ അഹ്മദിന്റെ അധ്യക്ഷതയിലുള്ള കമീഷന്‍. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ വിലയിരുത്തിയ കമീഷന്‍ ഓട്ടോണമി അനുവദിക്കുന്നതിന് വ്യക്തമായ സമയക്രമവും രേഖപ്പെടുത്തി.
വിദേശ യാത്രകളുടെ ബാഹുല്യം കൊണ്ടോ എന്തോ, പ്രധാനമന്ത്രി ആ റിപ്പോര്‍ട്ടിലൂടെ ഇനിയും കണ്ണോടിച്ചിട്ടില്ല. അതല്ലെങ്കില്‍ മറ്റു പല റിപ്പോര്‍ട്ടുകളെയും പോലെ ഇതും മാറ്റി വെച്ചതായിരിക്കാം. ശ്രീനഗറില്‍ മുഖ്യമന്ത്രി വിളിച്ച അഖിലകക്ഷി നേതൃയോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടു പോലും പങ്കെടുക്കേണ്ടതില്ലെന്ന് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി തീരുമാനിച്ചുവെങ്കില്‍ അവരെ കുറ്റപ്പെടുത്താനാകില്ല. ''വെറും നിരര്‍ഥകമാണ് ഇത്തരം ഒത്തുചേരലുകള്‍. ആര്‍ക്കോ വേണ്ടിയുള്ള സമയംകൊല്ലി ഏര്‍പ്പാട്''- മെഹബൂബയുടെ പ്രതികരണം. കശ്മീര്‍ ഓട്ടോണമി റിപ്പോര്‍ട്ടുകളുടെ ഗതിയും ഏറെക്കുറെ ഇതു തന്നെ.
വേണ്ടത് നിലപാടുമാറ്റം
താഴ്‌വരയിലെ ജനങ്ങളെ 'മിതവാദി', 'തീവ്രവാദി' എന്നീ കള്ളികളിലേക്ക് വേര്‍തിരിക്കാനുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ ശ്രമങ്ങളും ആപല്‍ക്കരമായിരുന്നു. മെഹബൂബ മുഫ്തിയുടെ പി.ഡി.പിയെ പോലും ഇപ്പോള്‍ തീവ്രവാദ പക്ഷത്തേക്ക് തള്ളാനാണ് നാഷനല്‍ കോണ്‍ഫറന്‍സ് നേതാക്കളുടെ നീക്കം. നിരവധി സംഘടനകള്‍ ഉള്‍പ്പെട്ട ആള്‍ പാര്‍ട്ടി ഹുര്‍രിയത്തുമായി നേരത്തെ സര്‍ക്കാര്‍ ആരംഭിച്ച ചര്‍ച്ചയും വഴിമുട്ടിയിരിക്കുകയാണ്. 2004ല്‍ വലിയ പ്രതീക്ഷയോടെയായിരുന്നു ചര്‍ച്ചക്ക് തുടക്കം. ജമ്മു കശ്മീര്‍ വട്ടമേശ സമ്മേളനത്തില്‍ ഭാഗഭാക്കാകാന്‍ പോലും ഹുര്‍രിയത്തിനോട് നിര്‍ദേശിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആഭ്യന്തര മന്ത്രി പി. ചിദംബരം ഹുര്‍രിയത്ത് മിതവാദി വിഭാഗം നേതാക്കളുമായി ദല്‍ഹിയില്‍ രഹസ്യചര്‍ച്ച നടത്തിയതും വലിയ പ്രതീക്ഷകള്‍ ഉയര്‍ത്തി. മിര്‍വായിസ് ഉമര്‍ ഫാറൂഖ്, അബ്ദുല്‍ ഗനി ഭട്ട്, അബ്ദുല്‍ ഗനി ലോണ്‍, യാസീന്‍ മാലിക് എന്നിവുമായാണ് ചര്‍ച്ച നടന്നത്. ഇരുകൂട്ടരും ചര്‍ച്ചയുടെ വിശദാംശങ്ങള്‍ രഹസ്യമാക്കി വെക്കാന്‍ തീരുമാനിച്ചെങ്കിലും ആഭ്യന്തര മന്ത്രാലയം ചില മാധ്യമങ്ങള്‍ക്ക് ഇക്കാര്യം ചോര്‍ത്തിക്കൊടുത്തു. അങ്ങനെ ചര്‍ച്ച മുന്നോട്ടു പോകുന്നത് തടയാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമം നടന്നു. ഹുര്‍രിയത്ത് നേതാവ് ഫസലുല്‍ ഹഖ് ഖുറൈശിക്കു നേരെ വധശ്രമം ഉണ്ടാകുന്നതും ഇതേ സമയം തന്നെ.
പാകിസ്താന്റെ കശ്മീര്‍ സമീപനത്തിലും മാറ്റം പ്രകടം. താഴ്‌വരയില്‍ അവരുടെ പ്രത്യക്ഷ ഇടപെടലിനു കുറവുണ്ടായി.ഇന്ത്യയുമായി ഏറ്റുമുട്ടലിന്റെ സാഹചര്യം കുറക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചതും അതിനോട് കേന്ദ്ര സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചതും വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി. വിദേശമന്ത്രി, സെക്രട്ടറി തല ചര്‍ച്ചകളില്‍ പലതും ഗുണപരമായ മാറ്റങ്ങള്‍ക്കും വഴിയൊരുക്കി.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നത്തില്‍ എന്നും കശ്മീര്‍ തന്നെയായിരുന്നു പ്രതി. ആഗ്ര ഉച്ചകോടി തകര്‍ന്നതും കശ്മീരില്‍ പ്രശ്‌നത്തില്‍ ഉടക്കിയാണ്. ഇക്കാര്യങ്ങളില്‍ ഇന്ത്യ ഇപ്പോള്‍ തുറന്ന മനസ്സാണ് സൂക്ഷിക്കുന്നത്. കോര്‍ ഇഷ്യു എന്ന നിലയില്‍ കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യണം എന്നാണ് പാക് ആവശ്യം. കശ്മീര്‍ ഉള്‍പ്പെടെ എന്തും ചര്‍ച്ച ചെയ്യുന്നതില്‍ വിരോധമില്ലെന്ന നിലപാടിലേക്ക് ഇന്ത്യയും വന്നു.
എന്നിട്ടും കശ്മീരികള്‍ക്ക് അതിന്റെയൊന്നും ഗുണഫലം ലഭിക്കാതെ പോകുന്നത് എന്തുകൊണ്ടായിരിക്കും?
രോഷാകുലരായ സാധാരണ ജനക്കൂട്ടത്തെ നേരിടാന്‍ ഫലപ്രദമായ യാതൊരു പരിചയവും കശ്മീരില്‍ സി.ആര്‍.പി.എഫ് ഉള്‍പ്പെടെയുള്ള സേനകള്‍ക്കില്ല. സായുധ വാഹനങ്ങളിലും ബങ്കറുകളിലുമിരുന്ന് വിധ്വംസക ശക്തികള്‍ക്കു നേരെ പൊരുതുന്ന അതേ ലാഘവത്തില്‍ സാധാരണ ജനങ്ങളെ കൈകാര്യം ചെയ്യാന്‍ സൈന്യത്തിന് എങ്ങനെ സാധിക്കുന്നു? സി.ആര്‍.പി.എഫിന്റെ അറുപത്തയ്യായിരം സൈനികരാണ് കശ്മീരിലുള്ളത്. അര്‍ധസേനക്കു കീഴില്‍ അതിദ്രുത കര്‍മസേനയുണ്ട്. അതിനെ കാശ്മീരില്‍ ഇനിയും വിന്യസിച്ചിട്ടില്ല.
താഴ്‌വരയെ എങ്ങനെ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയുമെന്നു മാത്രമാണ് ഭരണകൂടം നോക്കുന്നതെന്നും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ഒരിക്കലും അവര്‍ ശ്രമിച്ചിരുന്നില്ലെന്നും മിര്‍വായിസ് ഉമര്‍ ഫാറൂഖ് പറയുന്നു. താല്‍ക്കാലിക ഉപാധി മാത്രമായി സര്‍ക്കാര്‍ സൈനിക സാന്നിധ്യത്തെ വിലയിരുത്തുകയാണ്. ലോകരാജ്യങ്ങള്‍ പലതും സൈനിക സാന്നിധ്യം കുറച്ച് സ്വന്തം ജനതയെ ചേര്‍ത്തു പിടിക്കാന്‍ പക്വമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുമ്പോഴാണ് നാം െൈസനിക സാന്നിധ്യത്തില്‍ വല്ലാതെ അഭിരമിക്കുന്നത്.
ആറു പതിറ്റാണ്ടിലേറെയായി സൈന്യം മാത്രമാണ് താഴ്‌വരയിലെ സ്ഥിരം സാന്നിധ്യം. അതിന്റെ അരക്ഷിതാവസ്ഥയാണ് എല്ലാവരും അനുഭവിക്കുന്നതും. 1987-ല്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടതു മുതല്‍ എമ്പാടും സൈന്യത്തെ കണ്ടാണ് ജനങ്ങള്‍ ഉണരുന്നതും ഉറങ്ങുന്നതും.
ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്റ്റ് ആണ് ഇക്കുറിയും വില്ലന്‍. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുയരുന്ന നിലവിളികള്‍ക്കു പിന്നിലും കാണാം സൈന്യത്തിന്റെ അമിതാധികാരത്തിനായുള്ള ധാര്‍ഷ്ട്യം കലര്‍ന്ന ഈ ചുരമാന്തല്‍. സായുധസേനയുടെ പ്രത്യേകാധികാര നിയമത്തില്‍ കാതലായ ഭേദഗതി വേണമെന്ന് ഭരിക്കുന്നവര്‍ തന്നെ അടക്കം പറയുന്നു. എന്നാല്‍ ആഭ്യന്തര സുരക്ഷയുടെ പേരില്‍ സൈനിക കേന്ദ്രങ്ങള്‍ ആ നീക്കത്തെ ഒന്നാകെ കുഴിച്ചു മൂടുകയാണെന്നു വേണം കരുതാന്‍.
അവഗണന തന്നെയാണ് കശ്മീര്‍ പ്രശ്‌നത്തിന്റെ മര്‍മം. അനുഭാവപൂര്‍ണമായ ഒരു മനസും ഉറച്ച നിലപാടും-ഇതു മാത്രമായിരിക്കും താഴ്‌വരയിലെ മനുഷ്യരുടെ വിശ്വാസം ആര്‍ജിച്ചെടുക്കാനുള്ള ഏകമാര്‍ഗം.