മെക്‌സിക്കോയില്‍ ഈയിടെയായി ഒരു ദൈവശാസ്ത്ര പ്രശ്‌നം ഉയര്‍ന്നുവന്നു. ''ഉടലില്ലാതെ തലകള്‍ മാത്രമുള്ള മൃതദേഹങ്ങളുടെ അന്ത്യകര്‍മങ്ങള്‍ എങ്ങനെ ചെയ്യും?'' നേരം വെളുക്കുമ്പോള്‍ പൊതു സ്ഥലങ്ങളില്‍ അറുത്തു മാറ്റിയ തലകള്‍ മാത്രം പ്രത്യക്ഷപ്പെടുന്നത് അവിടെ പതിവ് കാഴ്ചയായിരിക്കുന്നു. പലപ്പോഴും തല പോലീസുകാരുടേതായിരിക്കും. കൂടെ ഇങ്ങനെ ഒരു കുറിപ്പുമുണ്ടായിരിക്കും: ''ശ്രദ്ധിച്ച് നോക്കിക്കോളണേ.'' പതിറ്റാണ്ടുകളായി മെക്‌സിക്കോയെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കരുത്തരായ മയക്കുമരുന്ന് ലോബിയുടെ ലീലാ വിലാസങ്ങളില്‍ ഒന്നു മാത്രമാണിത്.
2006-ല്‍ മെക്‌സിക്കോ പ്രസിന്റായി അധികാരമേറ്റ ഫെലിപ്പ് കാല്‍ഡേണ്‍ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നീക്കങ്ങള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. പക്ഷേ, മയക്കുമരുന്ന് ലോബിയെ തളക്കുന്നതില്‍ അദ്ദേഹം പൂര്‍ണ പരാജയമായിരുന്നുവെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. അദ്ദേഹം അധികാരമേറ്റ ശേഷം മാത്രം 23,000 പേരാണ് ഇത്തരം അതിക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. 2010-ല്‍ ഇതുവരെയായി 5000ത്തിലധികം പേര്‍ വധിക്കപ്പെട്ടിട്ടുണ്ട്.
മെക്‌സിക്കോ മയക്കുമരുന്ന് മാഫിയ അമേരിക്കയിലും വലിയ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. കാരണം അമേരിക്കയാണ് ഇവരുടെ മുഖ്യ വിപണന കേന്ദ്രം. 'മെഥ്' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'മെഥാ ഫെറ്റാമൈന്‍' എന്ന മയക്കുമരുന്നാണ് ഒളിച്ചു കടത്തുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം മെക്‌സിക്കോയില്‍നിന്ന് അമേരിക്കയിലെത്തിയ മെഥിന്റെ അളവ് കേള്‍ക്കേണ്ട-200 ടണ്‍! തെരുവില്‍ ഇതിന് 20 ബില്യന്‍ ഡോളര്‍ വിലയുണ്ട്. ഈ പണമത്രയും കൈപ്പറ്റുന്ന മെക്‌സിക്കന്‍ മാഫിയയുടെ മുമ്പില്‍ ഏത് ഗവണ്‍മെന്റും പരാജയപ്പെട്ടില്ലെങ്കിലാണ് അത്ഭുതം.
ഈ ഭീകര പ്രവൃത്തികള്‍ ചെയ്യുന്ന മയക്കുമരുന്ന് മാഫിയയുടെ പേര് ലാ ഫമിലിയ. മെക്‌സിക്കോയിലെ മിക്കോവക്കാന മേഖലയാണ് ഇതിന്റെ ശക്തികേന്ദ്രം. ഈ ഭീകര സംഘത്തെ പേടിച്ച് കഴിയുകയാണ് മേഖലയിലെ നിവാസികളെല്ലാം. കഴിഞ്ഞ ജൂണ്‍ 14-ന് ഒരു പോലീസ് സംഘത്തെ ആക്രമിച്ച് 20 പേരെ ഇവര്‍ വധിക്കുകയുണ്ടായി. ''വളരെ കരുതേണ്ട വിദേശ മയക്കുമരുന്ന് കടത്ത് സംഘം'' എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇവരെ വിശേഷിപ്പിച്ചത്.
ഇതൊരു ക്രിസ്ത്യന്‍ ഫണ്ടമെന്റലിസ്റ്റ് ഡ്രഗ് മാഫിയ ആണെന്നാണ് ടൈം വാരിക (2010 ജൂണ്‍ 28) പറയുന്നത്; ക്രിസ്ത്യന്‍ സംസ്‌കാരവുമായും മൂല്യങ്ങളുമായും ഈ ഗ്രൂപ്പിന് പുലബന്ധം പോലും ഇല്ലെങ്കിലും. നസാറിയോ മൊറിനോ എന്നൊരാളാണ് ഇതിന്റെ 'ആത്മീയ ആചാര്യന്‍'. ഇയാള്‍ സ്വന്തമായി ഒരു ബൈബിളും എഴുതിയിട്ടുണ്ടത്രെ. ഇയാളുടെ 1500-ഓളം വരുന്ന ഗുണ്ടാസംഘം ഓപറേഷന് ഇറങ്ങുന്നതിന് മുമ്പ് പ്രാര്‍ഥനായോഗങ്ങള്‍ നടത്താറുമുണ്ട്. ഈ സംഘം ക്രൈസ്തവ മതത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് എല്ലാവര്‍ക്കുമറിയാം; അവര്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് ക്രൈസ്തവ മൂല്യങ്ങളുമായി ഒരു ബന്ധവുമില്ലെന്നും. അതുകൊണ്ട് തന്നെ മീഡിയയും രാഷ്ട്രീയ നേതാക്കളും അതൊരു മതത്തിന്റെ അക്കൗണ്ടില്‍ വരവ് വെക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നു. നല്ല കാര്യം. വേണ്ടതും അങ്ങനെത്തന്നെ. ഇനിയൊന്ന് സങ്കല്‍പിക്കുക, ഈ സംഘത്തിന് ഒരു അറബിപ്പേരാണ് ഉണ്ടായിരുന്നെങ്കില്‍! ഇവരുടെ നീചവൃത്തികളെല്ലാം എന്നേ ഇസ്‌ലാമിന്റെ അക്കൗണ്ടില്‍ പൊലിപ്പോടെ വരവ് വെച്ച് കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും കാര്യമാവുമ്പോള്‍ സത്യസന്ധരാകാന്‍ കഴിയുന്നില്ല എന്നതാണ് പാശ്ചാത്യ മീഡിയയുടെയും രാഷ്ട്രീയ നേതാക്കളുടെയും വിശ്വാസ്യത തകര്‍ത്തുകളയുന്നത്.
തുര്‍ക്കിയെ നെഞ്ചിലേറ്റുന്ന ജനത
സ്വാലിഹ് അബൂശമാല താമസിക്കുന്നത് ഗസ്സയുടെ കിഴക്കന്‍ നഗരമായ ഖാന്‍ യൂനുസില്‍. തുര്‍ക്കിയില്‍ നിന്ന് ഗസ്സയിലേക്ക് ദുരിതാശ്വാസ സഹായവുമായി എത്തിയ ഫ്രീഡം ഫ്‌ളോടിലയെ ഇസ്രയേല്‍ ആക്രമിച്ച ദിവസം. അന്നാണ് അബൂശമാലക്ക് ഒരു ആണ്‍കുഞ്ഞ് പിറക്കുന്നത്. ഉടന്‍പേരുമിട്ടു- റജബ് ഉര്‍ദുഗാന്‍! ഗസ്സ നിവാസികള്‍ പുതിയ രക്ഷകനായി കൊണ്ടാടുന്ന തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ പേര്. തങ്ങള്‍ക്ക് പിറക്കാനിരിക്കുന്ന ആണ്‍കുഞ്ഞുങ്ങള്‍ക്ക് ഉര്‍ദുഗാന്റെ പേരിടുമെന്ന് ഉറപ്പിച്ചു പറയുന്ന നിരവധി പേരെ തനിക്ക് കാണാന്‍ കഴിഞ്ഞുവെന്ന് അല്‍മുജ്തമഅ് വാരികയുടെ ഗസ്സ ലേഖകന്‍ മുഹമ്മദ് യഹ്‌യ (2010 ജൂലൈ 9) എഴുതുന്നു.
ഒരു ഗസ്സക്കാരന്‍ തന്റെ കുഞ്ഞിന് ഫുര്‍ഖാന്‍ ദുഗാന്‍ എന്നാണ് പേരിട്ടത്. ഫ്‌ളോടില ആക്രമണത്തിന്റെ രക്തസാക്ഷികളില്‍ ഏറ്റവും പ്രായം കുറഞ്ഞ - 19 വയസ്സ്- ആളായിരുന്നു ദുഗാന്‍.
തുര്‍ക്കി പതാകക്കും ഗസ്സയില്‍ വലിയ ഡിമാന്റാണ്. ഗസ്സയുടെ തെരുവോരങ്ങളില്‍ ദേശീയ പതാകയോടൊപ്പം തുര്‍ക്കി പതാകയും പാറിപ്പറക്കുന്നുണ്ട്. ''ഫ്‌ളോടില സംഭവം കഴിഞ്ഞയുടനെ തുര്‍ക്കി പതാക അന്വേഷിച്ച് ഒട്ടേറെ പേര്‍ വന്നു. ഫ്രീഡം ഫ്‌ളോടില ദുരിതാശ്വാസത്തില്‍ പങ്കുചേര്‍ന്ന എല്ലാ രാഷ്ട്രങ്ങളുടെയും പതാകകള്‍ ഞങ്ങള്‍ അടിച്ചുവെച്ചിരുന്നെങ്കിലും തുര്‍ക്കി പതാകക്കായിരുന്നു ആവശ്യക്കാര്‍ കൂടുതല്‍.'' ഗസ്സയിലെ ഏറ്റവും വലിയ പതാക നിര്‍മാണ പ്രസ്സിന്റെ ഉടമ സകരിയ്യ ഹലബി പറഞ്ഞു.
രക്തസാക്ഷികളുടെ ഓര്‍മകള്‍ക്ക് ഗസ്സ തുറമുഖത്ത് ഒരു സ്മാരകവും സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ഫലസ്ത്വീന്‍ പ്രധാനമന്ത്രി ഇസ്മാഈല്‍ ഹനിയ്യ പറഞ്ഞു: ''ഫലസ്ത്വീനികള്‍ക്ക് വേണ്ടി മധ്യധരണ്യാഴിയില്‍ ഒഴുക്കപ്പെട്ട വിശുദ്ധ രക്തത്തിന് നാം നല്‍കുന്ന ആദരമാണിത്. മഹത്തായ ഒരു മാനവിക സന്ദേശമായിരുന്നു ആ കപ്പല്‍ വ്യൂഹം വഹിച്ചിരുന്നത്. ഗസ്സയെ ഉപരോധിച്ച അധിനിവേശ ശക്തികള്‍ക്കെതിരെ ധീരോജ്ജ്വലമായിരുന്നു ആ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പോരാട്ടം.'' ഈ പോരാട്ടം ഫലസ്ത്വീന്‍ പ്രശ്‌നത്തിലെ സുപ്രധാന വഴിത്തിരിവാകുമെന്നും ഹനിയ്യ കൂട്ടിച്ചേര്‍ത്തു.
സ്‌നേഹമസൃണമാവട്ടെ സമൂഹം-
'ഇസ്‌ന' സമ്മേളനം
അമേരിക്കയിലെ ഏറ്റവും വലിയ ഇസ്‌ലാമിക കൂട്ടായ്മയായ 'ഇസ്‌ന' (ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക)യുടെ 47-ാം വാര്‍ഷിക സമ്മേളനം 2010 ജൂലൈ 2 മുതല്‍ അഞ്ചു വരെ ചിക്കാഗോ പ്രാന്തത്തിലുള്ള റോസ്‌മോണ്ടില്‍ ചേര്‍ന്നു. മുപ്പതിനായിരം പേര്‍ സംബന്ധിച്ചു. അമേരിക്കയില്‍ മുസ്‌ലിം സമൂഹത്തിന് നിര്‍വഹിക്കാനുള്ള പങ്ക്, സ്‌നേഹമസൃണമായ സാമൂഹിക ബന്ധങ്ങള്‍ സ്ഥാപിച്ചെടുത്തുകൊണ്ട് യുവാക്കള്‍ പ്രാന്തവത്കരിക്കപ്പെടുന്നതും തീവ്രവാദത്തിന്റെ വഴികളിലേക്ക് നീങ്ങുന്നതും എങ്ങനെ തടയാം എന്നീ വിഷയങ്ങളിലാണ് ചതുര്‍ദിന സമ്മേളനത്തിലെ ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചത്. ഒരേസമയം തന്നെ രാത്രി വൈകുവോളം സമാന്തര സെഷനുകള്‍ നടക്കുന്നുണ്ടായിരുന്നു. സദസ്യര്‍ക്ക് അവരവരുടെ അഭിരുചിയും താല്‍പര്യവുമനുസരിച്ച് ഏത് സെഷനിലും പങ്ക് ചേരാം. പ്രധാന സെഷനുകളിലെ ചര്‍ച്ചകള്‍ കേള്‍വിത്തകരാറുള്ളവര്‍ക്ക് കൂടി ലഭ്യമാകാന്‍ ആംഗ്യ ഭാഷയില്‍ വിവര്‍ത്തനവുമുണ്ടായിരുന്നു.
ഇന്ത്യന്‍ മുസ്‌ലിം ചരിത്രത്തെക്കുറിച്ച് ഒരു പ്രത്യേക സെഷന്‍ തന്നെ സംഘടിപ്പിക്കുകയുണ്ടായി. ''വളരെയേറെ സംഭാവനകള്‍ അര്‍പ്പിച്ചവരാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍. നിര്‍ഭാഗ്യവശാല്‍ അവരുടെ സംഭാവനകള്‍ മുസ്‌ലിം സംഭാവനകളായി അംഗീകരിക്കപ്പെടുന്നില്ല.'' വിഷയാവതാരകര്‍ ചൂണ്ടിക്കാട്ടി. ഇസ്‌ലാമോഫോബിയ, ഹിന്ദുത്വത്തിന്റെ വളര്‍ച്ച, ഇന്ത്യന്‍ മുസ്‌ലിം ജീവിതാവസ്ഥയെക്കുറിച്ചുള്ള സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ തുടങ്ങി ഒട്ടുവളരെ വിഷയങ്ങള്‍ പരാമര്‍ശിക്കപ്പെട്ടു.
പ്രഫ. താരിഖ് റമദാന്‍, ഡോ. ഇന്‍ഗ്രിഡ് മാറ്റ്‌സന്‍ (ഇസ്‌ന, പ്രസിഡന്റ്), ഇമാം മുഹമ്മദ് മാജിദ് (ഇസ്‌ന, വൈസ് പ്രസിഡന്റ്), സഫാ സര്‍സൂര്‍ (ഇസ്‌ന, സെക്രട്ടറി ജനറല്‍), റശാദ് ഹുസൈന്‍ (പ്രസിഡന്റ് ഒബാമയുടെ ഡെപ്യൂട്ടി അസോസിയേറ്റ് കൗണ്‍സില്‍), കെയ്ത്ത് എലിസണ്‍ (യു.എസ് കോണ്‍ഗ്രസ് പ്രതിനിധി), ഹംസ യൂസുഫ്, ജമാല്‍ ബദവി, ഇമാം സിറാജ് വഹാജ് തുടങ്ങിയവരായിരുന്നു മുഖ്യ പ്രഭാഷകര്‍. വിവിധ സെഷനുകളില്‍ പങ്ക് കൊള്ളുകയുണ്ടായി പ്രഫ. താരിഖ് റമദാന്‍. ''അലിവും അനുകമ്പയുമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനാവണം നാം ശ്രമിക്കേണ്ടത്. നമ്മുടെ അഹന്തയെ ഏകദൈവവിശ്വാസത്തിന്റെ വിശാല വീക്ഷണം കൊണ്ട് കീഴ്‌പ്പെടുത്തിയാലേ ഇത് സാധ്യമാവൂ''- അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ ദാമ്പത്യജീവിതം, ഇസ്‌ലാമിക് ഫിനാന്‍സും ബാങ്കിംഗും, ഹലാല്‍ സ്വത്വത്തിന്റെ നിര്‍മിതിക്ക് ഹലാല്‍ ജീവിത രീതി, ഇസ്‌ലാമിനെ മറ്റുള്ളവര്‍ക്ക് എങ്ങനെ കാര്യക്ഷമമായി പഠിപ്പിക്കാം, രാത്രി നമസ്‌കാരം... സമ്മേളനത്തിലെ ചില സെഷനുകളാണിവ.
ഇസ്‌ന സമ്മേളനത്തിന് വിജയം ആശംസിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ സന്ദേശം റശാദ് ഹുസൈന്‍ വായിച്ചു. തന്റെ ജന്മനഗരമായ ചിക്കാഗോയില്‍ ഇസ്‌ന സമ്മേളനം നടത്തുന്നത് തന്നെ അത്യധികം സന്തോഷിപ്പിക്കുന്നുണ്ടെന്നും ഒബാമ പറഞ്ഞു.
എം.എസ്.എ (മുസ്‌ലിം സ്റ്റുഡന്റ്‌സ് അസോസിയേഷന്‍), എം.വൈ.എല്‍.എ (മുസ്‌ലിം യൂത്ത് ഓഫ് നോര്‍ത്ത് അമേരിക്ക) എന്നീ കൂട്ടായ്മകളുടെ അകമഴിഞ്ഞ സഹകരണമില്ലായിരുന്നെങ്കില്‍ ഇസ്‌ന സമ്മേളനം ഇത്രത്തോളം വിജയകരമാവുമായിരുന്നില്ല. 1963-ല്‍ സ്ഥാപിതമായ എം.എസ്.എ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ വിദ്യാര്‍ഥി കൂട്ടായ്മയാണ്.
പ്രഭാഷണങ്ങള്‍ക്കും ശില്‍പശാലകള്‍ക്കും പുറമെ, ചെറുപ്രായത്തിലുള്ളവര്‍ക്ക് ഖുര്‍ആന്‍ പാരായണ മത്സരവും ഫിലിം ഫെസ്റ്റിവലും സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ടു. സമ്മേളനത്തില്‍ ഒരുക്കിയ 'ബസാറി'ലേക്ക് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് 400-ല്‍ അധികം ബിസിനസ് ഗ്രൂപ്പുകളാണ് തങ്ങളുടെ ഉല്‍പന്നങ്ങളുമായി എത്തിയത്
(ഷബ്താബ് ശമീം പ്രബോധനത്തിന് വേണ്ടി തയാറാക്കിയ റിപ്പോര്‍ട്ട്. ചിക്കാഗോയില്‍ താമസിക്കുന്ന ഷബ്താബ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
[email protected]