ദേശാഭിമാനി പത്രത്തില്‍ വന്ന ജമാഅത്ത് വിമര്‍ശന പരമ്പര പതിവ് ആരോപണങ്ങളുടെ ആവര്‍ത്തനം കൊണ്ട് വിരസമായിരുന്നു. കശ്മീരില്‍ ജമാഅത്ത് വേറെ പേരില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഇന്ത്യയുടെ അഖണ്ഡതക്ക് എതിരാണു പോല്‍! അങ്ങനെയെങ്കില്‍ ഡി.വൈ.എഫ്.ഐ കശ്മീരില്‍ വേറെ പേരിലല്ലേ (ഡെമോക്രാറ്റിക് യൂത്ത് ഫ്രണ്ട് ഓഫ് കശ്മീര്‍) പ്രവര്‍ത്തിക്കുന്നത്? അവരും ഇന്ത്യന്‍ അഖണ്ഡതക്ക് എതിരാണെന്ന് അഭിപ്രായമുണ്ടോ?
സോവിയറ്റ് യൂനിയനെ തകര്‍ക്കാനും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ വിള്ളലുകള്‍ സൃഷ്ടിക്കാനുമാണ് സി.ഐ.എ 'റാബിത്വ' (മുസ്‌ലിം വേള്‍ഡ് ലീഗ്) രൂപീകരിച്ചതെന്ന് കെ.ടി കുഞ്ഞിക്കണ്ണന്‍ പറയുമ്പോള്‍, ഇടത് സൈദ്ധാന്തികനായ പി. ഗോവിന്ദപിള്ളയുടെ അഭിപ്രായം മറിച്ചാണ്. ''ഇപ്പോഴും ഇസ്‌ലാമിക ലോകത്ത് ധാരാളം ബുദ്ധിജീവികളും രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളുമൊക്കെതന്നെ ഇടതുപക്ഷവുമായി സഹകരിക്കണമെന്ന മനോഭാവം ഉള്ളവരാണെങ്കിലും അത് വേണ്ടത്ര ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നില്ല. അത്തരം കൂട്ടായ്മകളില്‍ ഒന്നായിരുന്നു അറബ് ലീഗ്. അറബ് ലീഗ് സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളില്‍ ശക്തമായ തീരുമാനങ്ങള്‍ എടുക്കുന്ന ഫോറമായിരുന്നു'' (പ്രബോധനം 60-ാം വാര്‍ഷികപ്പതിപ്പ്).
യാസിര്‍ അറഫാത്തിന്റെ പി.എല്‍.ഒ, ഫലസ്ത്വീന്‍ പ്രശ്‌നത്തെ മതേതര ദേശീയ സ്വത്വം ഉയര്‍ത്തിപ്പിടിച്ച്, അറബ് ദേശീയ പ്രശ്‌നമായിട്ടാണ് കണ്ടിരുന്നത്. എന്നാല്‍ ഹമാസാണ് മതനിരപേക്ഷ രാഷ്ട്രത്തിന് പകരം ഇസ്‌ലാമിക രാഷ്ട്രം എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചതെന്നും പൊളിറ്റിക്കല്‍ ഇസ്‌ലാമാണ് പി.എല്‍.ഒയുടെ തകര്‍ച്ചക്ക് കാരണമായതെന്നും ഡോ. പി.ജെ വിന്‍സന്റ് സമര്‍ഥിക്കുന്നു. എന്നാല്‍ പി. ഗോവിന്ദപിള്ള പറയുന്നത്, വാസ്തവത്തില്‍ പൊളിറ്റിക്കല്‍ ഇസ്‌ലാം ഗ്രൂപ്പുകളെ ഏകീകരിക്കാനുള്ള ശ്രമം നടത്തിയത് പി.എല്‍.ഒ ആണെന്നാണ്. അവരുടെ അഴിമതിയും മറ്റു താല്‍പര്യങ്ങളുമാണ് പി.എല്‍.ഒയുടെ തകര്‍ച്ചക്ക് കാരണം. അതേസമയം ഹമാസും ഹിസ്ബുല്ലയുമൊക്കെ ജീവിത വിശുദ്ധി പുലര്‍ത്തുന്നവരും ജനസേവന പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നവരുമാണ്. അതിനാല്‍ തന്നെ ഹമാസിനെയും ഹിസ്ബുല്ലയെയും ഭീകരവാദ പ്രസ്ഥാനങ്ങളായി താന്‍ കാണക്കാക്കുന്നില്ല (പ്രബോധനം 60-ാം വാര്‍ഷിക പതിപ്പ്).
സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ ജമാഅത്തുമായി സഹകരിക്കാമെന്ന് കെ.ഇ.എന്നും (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2010 ജൂലൈ 10) ജമാഅത്തെ ഇസ്‌ലാമിയുമായി സഹകരിക്കാവുന്ന പല മേഖലകളും വിഷയങ്ങളുമുണ്ട് എന്ന് പി.ജിയും (പ്രബോധനം 60-ാം വാര്‍ഷികപ്പതിപ്പ്) സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ജമാഅത്ത് ഉള്‍പ്പെടെയുള്ള ഇസ്‌ലാമിക കൂട്ടായ്മകളെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് ദേശാഭിമാനി വാരികയും (2007 ജൂലൈ 8) പറയുമ്പോള്‍ പാര്‍ട്ടി പത്രം വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്. ഇതിലൂടെ വിജയിക്കുന്നത് ആരൊക്കെയാണെന്ന് സി.പി.എം ചിന്തിക്കണം.
ഹുസൈന്‍ രണ്ടത്താണി ഇസ്‌ലാമിക രാഷ്ട്രീയത്തെ തള്ളിപ്പറയാനുള്ള വെമ്പലില്‍ തന്റെ നേതാവ് കാന്തപുരം പറഞ്ഞ കാര്യം മറന്നുപോയി. ''രാഷ്ട്രീയത്തില്‍ ഇടപെടാനോ തെരഞ്ഞെടുപ്പ് നയപ്രഖ്യാപനം നടത്താനോ ഞങ്ങളില്ല. ഇസ്‌ലാമിക രാഷ്ട്രീയത്തില്‍ മാത്രമാണ് ഞങ്ങളുടെ താല്‍പര്യം. ഇവിടെയുള്ളത് ഭൗതിക രാഷ്ട്രീയമാണ്'' (ഗള്‍ഫ് മാധ്യമം 2.9.2005). ഇങ്ങനെയെങ്കില്‍ വിഷഹാരിയെ കണ്ട പാമ്പിനെ പോലെ ഉറഞ്ഞുതുള്ളാതെ ഇസ്‌ലാമിക രാഷ്ട്രീയത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയല്ലേ രണ്ടത്താണിയും കൂട്ടരും ചെയ്യേണ്ടത്?
വി. ഹശ്ഹാശ് കണ്ണൂര്‍ സിറ്റി
സമുദായത്തിന്റെ പരിണാമകഥ
വളരെ ചെറിയ നാല് അധ്യായങ്ങളിലൂടെ സമുദായത്തിന്റെ ശരിപ്പകര്‍പ്പ് കഥയായി വരച്ചുകാണിച്ച ജമീല്‍ അഹ്മദിന് അഭിനന്ദനങ്ങള്‍. ഇരുപതാം നൂറ്റാണ്ടിലെ വേറിട്ട ഒരു കേരള ചരിത്രത്തിലെ മൈല്‍സ്റ്റോണുകളില്‍ പ്രത്യക്ഷപ്പെട്ട തലമുറകളുടെ പരിണാമകഥയാണിത്. ചിന്താതലത്തിലെ പരിണാമദശയുടെ അവസാന ദുരന്തത്തെക്കുറിച്ച് പ്രവചിക്കുക സാധ്യമല്ലെങ്കിലും ഏതു പുലിമാളത്തില്‍നിന്നാണോ രക്ഷപ്പെട്ടുപോന്നത് ഇരകളെ അങ്ങോട്ടു തന്നെ ആനയിക്കുകയാണ്.
യുദ്ധങ്ങളുടെയോ കലഹങ്ങളുടെയോ ആധിപത്യങ്ങളുടെയോ അടയാളങ്ങളൊന്നും പ്രത്യക്ഷത്തില്‍ കാണാന്‍ സാധിച്ചുകൊള്ളണമെന്നില്ല. സൗഹൃദം, ഉദാര സമീപനം, വിപണന തന്ത്രം തുടങ്ങിയ നേര്‍ത്ത നൂലുകളിലൂടെ കീഴ്‌പ്പെടുത്തലുകള്‍ കടന്നുവരാം.
ചെറുവാഞ്ചേരി കുഞ്ഞിരായീന്‍ മുസ്‌ലിയാരുടെ മുന്‍ തലമുറക്കാര്‍ കൂടുതല്‍ ശക്തരും നെഞ്ചുറപ്പുള്ളവരുമായിരുന്നു. പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിലെ സൈനുദ്ദീന്‍ മഖ്ദൂമുമാര്‍, പതിനാറാം നൂറ്റാണ്ടിലെ ഖാദി മുഹമ്മദ്, പതിനെട്ടിലെ അലവി തങ്ങള്‍, പത്തൊമ്പതിലെ ഫസല്‍ പൂക്കോയ തങ്ങള്‍, മക്തി തങ്ങള്‍, വൈദേശിക ശക്തികളെ വിറപ്പിച്ച് വീര ഇതിഹാസം രചിച്ച കുഞ്ഞാലിമരക്കാര്‍മാര്‍ നാലു പേര്‍ എന്നിവരെ ഓര്‍ക്കാതെ സമുദായ ചരിത്രം പൂര്‍ണമാവുകയില്ല.
പുതിയ ലോകക്രമത്തില്‍ എല്ലാ ജീര്‍ണതകളോടും സമരസപ്പെട്ട് പുതിയ തലമുറയെ ഒരുക്കിനിര്‍ത്താന്‍ പണത്തിന്റെ പിന്‍ബലമുണ്ടായിരിക്കാം. മതം ഇവിടെയൊന്നും ഇടപെടേണ്ടതല്ലെന്ന് ചിലര്‍ മനസ്സിലാക്കുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ പിടിച്ചു നില്‍ക്കാനുള്ള മതവിദ്യകള്‍ തലമുറകളെ പഠിപ്പിക്കാതിരുന്നാല്‍ ആലിമീങ്ങളും അതില്‍ ഒലിച്ചുപോകും. ഇതൊരു കഥയല്ല, യാഥാര്‍ഥ്യമാണെന്ന തിരിച്ചറിവ് സമുദായ സ്‌നേഹികള്‍ക്ക് ഉണ്ടാവണം.
പുത്തൂര്‍ ഇബ്‌റാഹീം കുട്ടി
വര്‍ഗീയത- ഒരു സി.പി.എം വായന
ചോദ്യം: വര്‍ഗീയത എന്നാല്‍ എന്ത്? ഉദാഹരണ സഹിതം വ്യക്തമാക്കുക.
ഉത്തരം: മതം രാഷ്ട്രീയാധികാരം കൈക്കലാക്കാനുള്ള ഉപകരണമാക്കുന്നതാണ് വര്‍ഗീയത (ടി.കെ ഹംസ, ദേശാഭിമാനി 23.6.2010).
ഉദാ: ''കേരള പുലയര്‍ മഹാസഭയില്‍ ഉണ്ടായ പിളര്‍പ്പില്‍ പാര്‍ട്ടിക്ക് അനുകൂലമായ വിഭാഗത്തെ പ്രോത്സാഹിപ്പിക്കണം. എ.പി സുന്നി വിഭാഗത്തെ ശരിയായി വിലയിരുത്തി വേണം പ്രവര്‍ത്തിക്കാന്‍. മുജാഹിദിലെ ഇരു വിഭാഗവുമായി ചര്‍ച്ച നടത്തണം.
പലപ്പോഴും എസ്.എന്‍.ഡി.പി നേതൃത്വത്തിന്റെ രാഷ്ട്രീയ നിലപാട് യു.ഡി.എഫിന് അനുകൂലമായിരുന്നുവെങ്കിലും അണികളെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാലിപ്പോള്‍ മൈക്രോഫിനാന്‍സ്, ധ്യാനം തുടങ്ങിയവയിലൂടെ അണികളെ സ്വാധീനിക്കാന്‍ നേതൃത്വത്തിന് കഴിയുന്നു. ഇത് നേതൃത്വത്തിന്റെ മികവല്ല, മറിച്ച് സി.പി.എമ്മിന്റെ ദൗര്‍ബല്യമാണ്. എന്‍.എസ്.എസ്സിനെ കൂടെ നിര്‍ത്താന്‍ ഇപ്പോഴത്തെ അവരുടെ നിലപാട് ഉപയോഗപ്പെടുത്താന്‍ കഴിയണം.
മുസ്‌ലിംകളുടെ വിഷയങ്ങള്‍ ഏറ്റെടുത്ത് അവരിലേക്ക് പാര്‍ട്ടി നേരിട്ടെത്തുകയാണ് വേണ്ടത്. യു.ഡി.എഫ് അനുകൂലികളായ ക്രൈസ്തവ വിഭാഗത്തോട് ക്ഷമാപൂര്‍വമായ സമീപനം കൈക്കൊണ്ട് ഓരോരുത്തരെയും പ്രത്യേകമായി കണ്ട് പ്രവര്‍ത്തിക്കണം'' (സി.പി.എം കൊല്ലംജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ പിണറായി വിജയന്‍, മാധ്യമം 21.5.2010).
പിന്‍കുറി: സഖാവേ, യഥാര്‍ഥ വര്‍ഗീയത ഇതുതന്നെയല്ലേ?
ഇഖ്ബാല്‍ കരുമക്കാട്ട്
പ്രതികാരമല്ല,
ഗുണകാംക്ഷയാണ് വേണ്ടത്
ചോദ്യപേപ്പര്‍ വിവാദത്തില്‍ ഉള്‍പ്പെട്ട തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ നടപടി അങ്ങേയറ്റം പ്രാകൃതവും കാടത്തവുമാണ്. വിവാദ ചോദ്യപേപ്പര്‍ തയാറാക്കുകവഴി മഹാനായ പ്രവാചകനെ നിന്ദിക്കുകയാണ് അധ്യാപകന്‍ ചെയ്തതെങ്കിലും അദ്ദേഹത്തെ ആക്രമിക്കുകയും കൈപ്പത്തി വെട്ടി മാറ്റുകയും ചെയ്യുക വഴി വലിയ പ്രവാചകനിന്ദതന്നെയാണ്അക്രമി സംഘം ചെയ്തത്. തന്നെ നേര്‍ക്കുനേരെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തവരോട് പോലും പ്രതികാരത്തിന് മുതിരാതെ വിട്ടുവീഴ്ചയും കാരുണ്യവും കാണിക്കുക വഴി സൗഹാര്‍ദത്തിന്റെയും സ്‌നേഹത്തിന്റെയും നല്ല ശീലങ്ങള്‍ പകര്‍ന്ന് നല്‍കിയതാണ് പ്രവാചകന്റെ മാതൃക.
തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ടല്ല നേരിടേണ്ടത്, നന്മ കൊണ്ടാണ് എന്ന് വിശുദ്ധ ഖുര്‍ആനും ആഹ്വാനം ചെയ്യുന്നു. സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും മഹനീയ സന്ദേശങ്ങള്‍ വിളംബരം ചെയ്യുന്ന ഇസ്‌ലാമിക അധ്യാപനങ്ങള്‍ ചരിത്രത്തില്‍നിന്ന് എമ്പാടും നമുക്ക് വായിച്ചെടുക്കാവുന്നതാണ്. അതിനാല്‍, അപക്വവും ബുദ്ധിശൂന്യവുമായ തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ ഇസ്‌ലാമിന്റെ സുന്ദരമായ മുഖം വികൃതമാക്കി സമൂഹത്തില്‍ ഇസ്‌ലാമിനെ കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ അവിവേകികള്‍ തുനിയരുത്.
ബച്ചു ദാറുസ്സലാം സലാല
മരം നടുക, നാടിനും നാളേക്കും വേണ്ടി
ഇന്ന് സര്‍ക്കാര്‍ തലത്തില്‍ തണല്‍മരങ്ങള്‍ -ഫലവൃക്ഷങ്ങള്‍- ഔഷധ സസ്യങ്ങള്‍ എന്നിവയുടെ വിതരണം നടക്കുന്നുണ്ട്. പ്രവാചകന്റെ അനുയായികള്‍ ഈ രംഗത്ത് സജീവ സാന്നിധ്യമാകണം. ഒരു വിശ്വാസി ഒരു വൃക്ഷത്തൈ വെച്ചു പിടിപ്പിച്ചാല്‍ അതിനുള്ള വന്‍ പ്രതിഫലത്തെപ്പറ്റി നബി(സ) പറഞ്ഞിട്ടുണ്ട്. മനുഷ്യരോ മറ്റു ജീവിവര്‍ഗങ്ങളോ അതില്‍നിന്ന് ഭക്ഷിക്കുകയോ അതിന്റെ തണല്‍ പ്രയോജനപ്പെടുത്തുകയോ പക്ഷികള്‍ അതിന്റെ ചില്ലകളില്‍ കൂട് കൂട്ടുകയോ അതില്‍നിന്ന് മോഷ്ടാക്കള്‍ അപഹരിക്കുകയോ ചെയ്താല്‍ പോലും അത് നട്ടുവളര്‍ത്തിയ ആള്‍ക്ക് അതിനുള്ള പ്രതിഫലമുണ്ട്. മാത്രമല്ല ആ വൃക്ഷത്തില്‍ നിന്നുണ്ടാകുന്ന അനേകം തൈകള്‍, അതിന്റെ തുടര്‍ച്ചകള്‍... ഇങ്ങനെ ലോകാവസാനം വരെ ആ ശ്രേണി പല മനുഷ്യരിലൂടെയും പക്ഷികളിലൂടെയും മറ്റും തുടര്‍ന്നുകൊണ്ടിരിക്കും. അതിന്റെ നന്മയും പ്രതിഫലവും തുടക്കം മുതല്‍ ഒടുക്കം വരെയുള്ളവര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുകയും ചെയ്യും.
മഴ പെയ്ത് ഭൂമി നനഞ്ഞ് പാകമായി പുതു വിത്തുകളും തൈകളുമൊക്കെ സ്വീകരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന കാലമാണിത്. സത്യവിശ്വാസി സ്വന്തം കൈകൊണ്ട് ഒരു തൈ എങ്കിലും നട്ടുപിടിപ്പിക്കണം.
നിലവിലുള്ള മരങ്ങളുടെ പരിപാലനവും ശ്രദ്ധിക്കണം. അധിക മരക്കൊമ്പുകള്‍ വെട്ടിയിറക്കണം. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുന്ന വിധത്തില്‍ വഴിയിലേക്കോ പുരപ്പുറത്തേക്കോ ഇലക്ട്രിക് ടെലിഫോണ്‍ ലൈനുകള്‍ക്ക് മീതെയോ വളര്‍ന്ന് ചായുന്നതിന് മുമ്പ് അത്തരം കമ്പുകള്‍ മുറിച്ച് നീക്കണം.
ഫലവൃക്ഷത്തൈകള്‍ വെച്ച് പിടിപ്പിക്കുക, സുഹൃത്തുക്കള്‍ക്കും അയല്‍വാസികള്‍ക്കും സമ്മാനിക്കുക, തണല്‍ മരത്തൈകള്‍ പാതയോരത്തും ബസ് സ്റ്റോപ്പുകളിലുമൊക്കെ വെച്ചു പിടിപ്പിക്കാന്‍ സംഘടിതമായി ശ്രമിക്കുക, ഖുര്‍ആനിക പാരിസ്ഥിതിക വീക്ഷണങ്ങള്‍ക്ക് പ്രവൃത്തിയിലൂടെ രേഖാചിത്രം വരക്കുക.
പി.എച്ച് നസീര്‍ ചങ്ങനാശ്ശേരി
എണ്ണ വറ്റിയ വിളക്കുകള്‍
'മഹത്തായ മാപ്പിള സംസ്‌കാരത്തിലെ നാല് അധ്യായങ്ങള്‍' പൊന്നാനിയിലെ ഒരു വലിയ ഉസ്താദ് കൊളുത്തിയ പ്രകാശം നാല് ജന്മങ്ങള്‍ക്കിപ്പുറം കരിന്തിരിയായി അണയുന്നത് തെളിമയാര്‍ന്ന ആഖ്യാന പാടവത്തിലൂടെ അവതരിപ്പിച്ച ജമീല്‍ അഹ്മദിന്റെ കഥ മാപ്പിള സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍ വ്യക്തമാക്കിത്തരുന്നു. സുന്ദരവും ചിന്തോദ്ദീപകവുമാണ് കഥ.
മനുഷ്യ മനസ്സിന്റെ രൂപീകരണത്തില്‍ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും ആയ ചുറ്റുപാടുകള്‍ എങ്ങനെ സ്വാധീനിക്കുന്നുവെന്നും തലമുറകളുടെ കൈമാറ്റങ്ങളില്‍ ആത്മീയതയുടെ വിളക്കുകള്‍ എങ്ങനെ എണ്ണ വറ്റി കെട്ടുപോകുന്നുവെന്നും തുണിയില്‍ കെട്ടി സൂക്ഷിക്കുന്ന പവിത്രമായ മുസ്ഹഫിനും നുണഞ്ഞു തീര്‍ക്കുന്ന വോഡ്കക്കും ഇടയിലെ വരികളിലൂടെ കഥാകൃത്ത് വ്യക്തമാക്കുന്നു. വസ്തുതകള്‍ നിരത്തിയുള്ള ഒരു ഘനഗംഭീരമായ ലേഖനത്തേക്കാള്‍ ആളുകളെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കാന്‍ ഇത്തരം രചനകള്‍ക്ക് കഴിയും എന്നതിനാല്‍ പ്രബോധനം വാരികയിലെ കുറച്ചു പേജുകള്‍ ഇത്തരം സൃഷ്ടികള്‍ക്കായി മാറ്റിവെക്കണം.
ഐ.പി നൗഷാദ് കാവുന്തറ