Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>കവിത


സ്വപ്നപാഠം

 

# ജമീല്‍ അഹ്മദ്

 
 



സാരമൂറ്റിയെടുത്തൊരു തൊണ്ടുപോല്‍
ഖബറിലേക്കെന്നെ താഴ്ത്തിവെക്കുന്നേരം
മരണപ്പെട്ടവര്‍ക്കാകുമാറുച്ചത്തില്‍
നിലവിളിച്ചലറുന്നു ഞാന്‍, ദൈവമേ.

ദുരയൊടുങ്ങാത്ത തൊണ്ടയില്‍ പാപത്തിന്‍
നരകദാഹം പുകഞ്ഞ,് ജീവന്‍ വിട്ടു
മലിനനായി ഞാന്‍ നിന്റെ സംസത്തിന്റെ
കരയില്‍ ഒടുവിലായ് വന്നടിയുന്നിതാ

അത്തറും പനിനീരും പുരട്ടിയ
വെള്ള വസ്ത്രത്തിനുള്ളിലെ ജീവിതം
വന്‍കുഴിയില്‍ വച്ചുറ്റവര്‍ പൂഴിമ-
ണ്ണെന്‍ മുഖത്തേക്കെറിഞ്ഞു പിന്‍വാങ്ങവെ,
ഒറ്റ ജന്മം മുഴുവന്‍ ചുരത്തിയ
കട്ടയാം ഇരുട്ടെന്നെ അമര്‍ത്തവെ,
പര്‍വതങ്ങള്‍ പിളര്‍ത്താന്‍ തുനിഞ്ഞൊരീ
സര്‍വ്വ ഹുങ്കും ദ്രവിച്ചുപോകുന്നിതാ.

മൃത്യുവിന്റെ കരിങ്കല്ലുകള്‍ പിളര്‍-
ന്നെത്തിനോക്കുന്നു വേരുകള്‍, വള്ളികള്‍.
പത്തി നീര്‍ത്തിയിഴഞ്ഞെത്തി പാമ്പുകള്‍
കൂത്തരങ്ങായ് പുളയ്ക്കുന്നു മേനിയില്‍.
ഹൃത്തിലൂടെ മിഴികളിലൂട,ക-
ത്തേക്കരിക്കുന്നു തേളുകള്‍, പ്രാണികള്‍.
ഇത്രനാളും ഞാന്‍ പോരാടി ജീവിച്ച-
തീ തമസ്സിന്‍ ദുരന്ത ഗര്‍ത്തത്തിനോ?

ചോദ്യമെയ്ത് മലക്കുകളെന്റെ പാഴ്-
വിദ്യതന്‍ സാക്ഷിപത്രങ്ങള്‍ ചീന്തവെ,
ധൂര്‍ത്ത ജന്മം കുറിച്ചിന്ന നാവിലെ
ഉത്തരങ്ങള്‍ കടും കൈപ്പുരുക്കവെ,
വിണ്ണില്‍ നിന്നു നിന്‍ കാരുണ്യതീര്‍ഥം ഈ
കണ്ണുപൊട്ടന്റെ നെഞ്ചിലിറ്റിക്കണേ.

ചുണ്ടിലൂടെ ഇഴഞ്ഞൊരു മണ്ണട്ട
ചൊല്ലിടുന്നു ചെവിയിലൂര്‍ന്നിങ്ങെ
ഈ വെറും മയ്യിത്തല്ലോ മനുഷ്യന്‍, നിന്‍
ജീവിതം പടച്ചോന്റെ അനുഗ്രഹം.
ആ വിശുദ്ധ രഹസ്യം ഖബര്‍മണ്ണില്‍
ആവതറ്റടങ്ങുമ്പോള്‍ പഠിപ്പൂ ഞാന്‍

അപ്പൊഴേതോ മഴത്തുള്ളി മണ്ണിനോ-
ടൊപ്പം എന്‍ നെറ്റിയില്‍ വീണു, ണര്‍ന്നുപോയ്.

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly