Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>വാര്‍ത്തകള്‍ അന്തര്‍ദേശീയം


റാബിത്വ സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു


 
 



മക്ക: അര നൂറ്റാണ്ട് പിന്നിടുന്ന മുസ്‌ലിം വേള്‍ഡ് ലീഗിന്റെ (റാബിത്തതുല്‍ ആലമില്‍ ഇസ്‌ലാമി) സുവര്‍ണ ജൂബിലി ജൂലൈ 31-ന് ആരംഭിക്കുമെന്ന് സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ല അബ്ദുല്‍ മുഹ്‌സിന്‍ അല്‍തുര്‍ക്കി പറഞ്ഞു. അബ്ദുല്ല രാജാവിന്റെ മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി മൂന്ന് ദിവസം നീണ്ടുനില്‍ക്കും. ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളും സ്ഥാപന-സംഘടനാ പ്രതിനിധികളും പരിപാടിയില്‍ സംബന്ധിക്കും.
1381 ദുല്‍ഹജ്ജ് 14-ന് മക്കയില്‍ ചേര്‍ന്ന ഇസ്‌ലാമിക സമ്മേളനത്തെത്തുടര്‍ന്നാണ് റാബിത്വ രൂപം കൊണ്ടത്. കാലഘട്ടങ്ങളിലൂടെ വളര്‍ന്ന റാബിത്വക്ക് കീഴില്‍ അന്താരാഷ്ട്ര ഫിഖ്ഹ് അക്കാദമി, ഖുര്‍ആന്‍-സുന്നത്ത് അന്താരാഷ്ട്ര വേദി, മക്ക ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ്, ആഗോള സഹായ സമിതി, മസ്ജിദ് പരിപാലന സമിതി എന്നിവ നിലവില്‍ വന്നിട്ടുണ്ട്.
അബ്ദുല്ല രാജാവിന്റെ ഭരണകാലത്ത് റാബിത്വ കൂടുതല്‍ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടെന്ന് സെക്രട്ടറി ജനറല്‍ അനുസ്മരിച്ചു. മക്ക, മാഡ്രിഡ്, ജനീവ എന്നിവിടങ്ങളില്‍വെച്ച് ചേര്‍ന്ന ബഹുമത-സംസ്‌കാര സംവാദം ഇതിന് കാരണമായിത്തീര്‍ന്നിട്ടുണ്ട്. അന്താരാഷ്ട്ര ഡയലോഗ് സെന്റര്‍ ആരംഭിക്കാനുള്ള ഒരുക്കത്തിന്റെ വേളയിലാണ് റാബിത്വ 50-ാം വാര്‍ഷികം ആഘോഷിക്കുന്നത്.
1962, 1965, 1987, 2002 വര്‍ഷങ്ങളില്‍ അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനം വിളിച്ചു ചേര്‍ത്തും റാബിത്വ മുസ്‌ലിം ലോകത്തിന്റെ ശ്രദ്ധയും ആദരവും പിടിച്ചു പറ്റി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 500 ലധികം പണ്ഡിതന്മാര്‍ക്കും ചിന്തകന്മാര്‍ക്കും ഓരോ വര്‍ഷത്തെയും ഹജ്ജിന് ആതിഥ്യം നല്‍കി മുസ്‌ലിം നേതാക്കളുടെ വാര്‍ഷിക ഒത്തുകൂടലിനും റാബിത്വ വേദിയൊരുക്കുന്നു. റാബിത്വയുടെ രൂപവത്കരണവും വളര്‍ച്ചയും സംബന്ധിച്ച് നാല് തലക്കെട്ടിലുള്ള സെമിനാറുകളാണ് ത്രിദിന സമ്മേളനത്തിന്റെ മുഖ്യ അജണ്ട. മുസ്‌ലിം ലോകത്തിന്റെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കാന്‍ റാബിത്വക്ക് സാധിക്കട്ടെ എന്ന് സെക്രട്ടറി ജനറല്‍ തന്റെ പ്രസ്താവനയില്‍ പ്രത്യാശ പ്രകടിപ്പിച്ചു.
മുഹമ്മദ് നബിയുടെ പേരില്‍
ശൂന്യാകാശ ഗവേഷണം

മുഹമ്മദ് നബി(സ)യുടെ പേരിലുള്ള ഒരു ശൂന്യാകാശ ഗവേഷണ പദ്ധതിക്ക് 'മുഹമ്മദ് ഫോര്‍ യൂനിവേഴ്‌സല്‍ സയന്‍സസ്' എന്ന സ്ഥാപനം തുടക്കമിട്ടിരിക്കുന്നു. ഉന്നത നിലവാരത്തിലുള്ള സയന്റിഫിക് ലബോറട്ടറി ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറക്കാനാണുദ്ദേശമെന്നും ഇതിന്റെ പേര് 'മുഹമ്മദ്-1' എന്നായിരിക്കുമെന്നും പദ്ധതിയുടെ മുഖ്യ സംരംഭകനായ ഡോ. രിദ്‌വാനുല്‍ ഫഖീര്‍ ഖത്തറിലെ ദോഹയില്‍ പ്രസ്താവിക്കുകയുണ്ടായി. മൊറോക്കന്‍ വംശജനായ ഡോ. രിദ്‌വാന്‍ കനഡയില്‍ ശൂന്യാകാശ ശാസ്ത്രജ്ഞനായി ജോലിനോക്കുകയാണ്. മുഹമ്മദ്-1 2013ലും മുഹമ്മദ്-2 2015ലില്‍ ചന്ദ്രോപരിതലത്തില്‍ ഇറക്കാനാണുദ്ദേശിക്കുന്നത്. ഒരു ചെറിയ സ്റ്റേഷന് പത്ത് ദശലക്ഷം ഡോളറും കുറച്ചുകൂടി വലിയതിന് 100 ദശലക്ഷം ഡോളറും ചെലവു വരുമെന്ന് കണക്കാക്കപ്പെടുന്ന ഈ പദ്ധതി അന്താരാഷ്ട്ര തലത്തില്‍ അന്ത്യപ്രവാചകനെ നിന്ദിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കാനാണെന്ന് ഡോ. രിദ്‌വാന്‍ അവകാശപ്പെട്ടു. ''വറഫഅ്‌നാ ലകദിക്‌റക്'' എന്ന ഖുര്‍ആന്‍ വചനത്തിന്റെ അനേകം പുലര്‍ച്ചകളില്‍ ഏറ്റവും പുതിയ ഒന്നായിരിക്കുമിതെന്ന് നിരീക്ഷിക്കപ്പെടുന്നു.
ബാകിര്‍ ബെഗോവിച്ച്
പ്രസിഡന്റ് സ്ഥാനാര്‍ഥി

പരേതനായ ബോസ്‌നിയന്‍ പ്രസിഡന്റ് ഇസ്സത്ത് അലി ബെഗോവിച്ചിന്റെ മകന്‍ ബാകിര്‍ ബെഗോവിച്ച് ആയിരിക്കും അടുത്ത ഒക്‌ടോബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥിയെന്ന് ഡെമോക്രാറ്റിക് ലേബര്‍ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി. ഇപ്പോഴത്തെ പ്രസിഡന്റ് ഹാരിസ് സിലാജിച്ചിനെതിരെ കടുത്ത മത്സരം കാഴ്ചവെക്കാന്‍ 46 കാരനായ ബാക്കിറിനു കഴിയുമെന്നു വിശ്വസിക്കപ്പെടുന്നു. സ്ഥാനാര്‍ഥി സംബന്ധമായ ഉള്‍പാര്‍ട്ടി ചര്‍ച്ചയില്‍ കൂടുതല്‍ വോട്ടുനേടിയ പ്രസിഡന്റ് സുലൈമാന്‍ തനിക്ക് പകരം ബാക്കിറിന്റെ പേര്‍ നിര്‍ദേശിക്കുകയായിരുന്നു. മത്സരരംഗത്തുണ്ടായിരുന്ന മറ്റൊരു സ്ഥാനാര്‍ഥി ഖാലിദും ബാക്കിറിനെ പിന്തുണച്ചതോടെ അദ്ദേഹം ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ബാക്കിറിന്റെ നാമനിര്‍ദേശത്തില്‍ പാര്‍ട്ടി അണികള്‍ ആഹ്ലാദഭരിതരാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly