Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>കുടുംബം


കുടുംബവും സമൂഹവും

 

# ഹാദി

 
 



ഈ വരികളെഴുതുന്ന പേന, അത് സമ്മാനിച്ച സുഹൃത്തിനെ എനിക്കറിയാം. അദ്ദേഹമത് ഏതോ ഗള്‍ഫ് നാട്ടില്‍നിന്ന് വാങ്ങിക്കൊണ്ടുവന്നതാണെന്നും അറിയാം. ABC എന്നൊരു മുദ്ര മാത്രമേ അതിന്മേലുള്ളൂ. ജപ്പാനിലോ ചൈനയിലോ അല്ലെങ്കില്‍ ജര്‍മനിയിലോ അമേരിക്കയിലോ നിര്‍മിച്ചതാവാം. ഈ ഷര്‍ട്ടിന്റെ തുണി വാങ്ങിയ കടയും തയ്ച്ചുതന്ന തുന്നല്‍ക്കാരനെയും മാത്രമേ എനിക്കറിയൂ. എവിടെയോ കൃഷി ചെയ്ത പരുത്തി. ആരോ നൂറ്റ നൂല്‍ . ഏതോ ഫാക്ടറിയില്‍ നെയ്ത തുണി. എത്രയോ കൈകള്‍ മാറി മാറി പ്രവര്‍ത്തിച്ചിട്ടാണത് എന്റെ ദേഹത്തിലെത്തിയത്. നാമുപയോഗിക്കുന്ന എല്ലാ വസ്തുക്കളുടെയും കഥ ഇതുതന്നെ. ലോകത്ത് എവിടെ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങളും നമ്മുടെ വസതിയിലെത്തുന്നു. എവിടെ നടക്കുന്ന സംഭവങ്ങളും നാം തത്സമയം കാണുന്നു. ഇതൊക്കെ ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും നേട്ടങ്ങളാണെന്ന് പറയാറുണ്ട്. അത് ശരിയാണ്. എന്നാല്‍ മുഴുവന്‍ ശരി അതല്ല. ശാസ്ത്രവും സാങ്കേതികവിദ്യയും ഉണ്ടായതെവിടെനിന്നാണ്? മനുഷ്യ ബുദ്ധിയില്‍ നിന്ന് എന്ന് പറയും. അതും പൂര്‍ണമായി ശരിയല്ല. ബുദ്ധിയില്‍നിന്ന് വെറുതെ ഒന്നും ഉണ്ടാകുന്നില്ല. ബുദ്ധി പ്രവര്‍ത്തിക്കുമ്പോഴാണ് നിര്‍മാണവും വികസനവും ഉണ്ടാകുന്നത്. ബുദ്ധിക്ക് പ്രവര്‍ത്തിക്കാന്‍ സമൂഹം വേണം- ബുദ്ധിയുടെ സങ്കലനം, വ്യക്തികളുടെ കൂട്ടായ്മ വേണം. അപ്പോള്‍ മനുഷ്യന്‍ സമൂഹമായി ജീവിച്ചുപോന്നതിന്റെ ഫലമാണ് ഈ നേട്ടങ്ങളെല്ലാം. ജന്തുക്കളെപ്പോലെ ഇര തേടാന്‍ പ്രാപ്തമാകുന്നതോടെ കുടുംബം പിരിഞ്ഞ് ഒറ്റക്കൊറ്റക്ക് ജീവിച്ചിരുന്നുവെങ്കില്‍ ഇതൊന്നും ഉണ്ടാകുമായിരുന്നില്ല.
തന്മാത്രകള്‍ കൂടിച്ചേര്‍ന്ന് ഒരേകകമാകുമ്പോഴാണ് അത് ക്രിയാത്മകമായ വസ്തുവായിത്തീരുന്നത്. പല തുള്ളികള്‍ ചേരുമ്പോള്‍ നീര്‍ച്ചാലുകളും മഹാ നദികളും വന്‍ തടാകങ്ങളുമുണ്ടാകുന്നു. ഒറ്റപ്പെട്ട മനുഷ്യന് ഒന്നും നിര്‍മിക്കാനോ വികസിക്കാനോ കഴിയില്ല. ഒറ്റയാനെന്നും വിരക്തനെന്നുമൊക്കെ പറഞ്ഞു നടക്കുന്ന പലരുമുണ്ട്. ഒറ്റപ്പെടാനും വിരക്തനാകാനും വരെ സമൂഹം വേണമെന്നതാണ് വാസ്തവം. നമ്മുടെ പ്രധാനപ്പെട്ട അവയവങ്ങളാണ് കണ്ണും കാതും കൈകാലുകളുമൊക്കെ. ശരീരത്തില്‍ ഒത്തുചേരുമ്പോഴാണ് അവ വിലപ്പെട്ട അവയവങ്ങളായിത്തീരുന്നത്. വൈവിധ്യമാര്‍ന്ന സ്വഭാവ പ്രകൃതികളും യോഗ്യതകളുമുള്ള വ്യക്തികള്‍ സമൂഹത്തിന്റെ അവയവങ്ങളാണ്. സമൂഹ ഗാത്രത്തിന്റെ ഭാഗമാകുമ്പോഴേ അവ പ്രവര്‍ത്തനക്ഷമമാകൂ.
ചുറ്റുമുള്ളവരില്‍നിന്ന് കൊണ്ടും കൊടുത്തുമാണ് മനുഷ്യര്‍ ജീവിക്കുന്നത്. സ്വന്തം കാലില്‍ മാത്രമായി ആരും നില്‍ക്കുന്നില്ല. ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ മറ്റുള്ളവരെ താങ്ങിയും മറ്റുള്ളവരാല്‍ താങ്ങപ്പെട്ടുമാണ് എല്ലാവരും നില്‍ക്കുന്നത്. കൊള്ളുന്നതിനു തുല്യമായി കൊടുക്കാനുള്ള കഴിവാണ് സ്വന്തം കാലില്‍ നില്‍ക്കുന്ന അവസ്ഥ. ഈ കൊള്ളക്കൊടുക്കയില്‍നിന്നുണ്ടായതാണ് ഭാഷയും സംസ്‌കാരവും ശാസ്ത്രവുമൊക്കെ. സമൂഹത്തിന്റെ നിലനില്‍പിന് വ്യക്തി എത്രത്തോളം ആവശ്യമാണോ അത്രത്തോളം തന്നെ ആവശ്യമാണ് വ്യക്തിയുടെ നിലനില്‍പിന് സമൂഹവും.
വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരെ ആവര്‍ത്തിച്ചനുസ്മരിപ്പിക്കുന്ന ഒരു കാര്യമുണ്ട്. 'മനുഷ്യര്‍ ഒരൊറ്റ ഉമ്മത്താകുന്നു'. വെറും സംഘം എന്നും ഒരേ ജീവിതസങ്കല്‍പം- ഇന്നത്തെ ഭാഷയില്‍ സ്വത്വബോധം- ഉള്ള സമൂഹം എന്നും ഉമ്മത്തിനര്‍ഥമുണ്ട്. രണ്ടാമത്തെ അര്‍ഥത്തിലാണ് മനുഷ്യര്‍ ഒറ്റ ഉമ്മത്താകുന്നു എന്നു പറയുന്നത്. ഒരേ ലക്ഷ്യത്തിലേക്ക് ഒരേ മാര്‍ഗത്തിലൂടെ പ്രയാണം ചെയ്യുന്നവര്‍, ചെയ്യേണ്ടവര്‍ ആണ് മനുഷ്യകുലം. ഒറ്റപ്പെട്ട വ്യക്തികള്‍ക്ക് ഉമ്മത്താകാന്‍ പറ്റില്ല. സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ടവന്‍ കൂട്ടം തെറ്റിയ ആട്ടിന്‍കുട്ടിയെപ്പോലെയാണെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. അവനെ എളുപ്പത്തില്‍ ചെന്നായ പിടിക്കും. അല്ലെങ്കില്‍ അവന്‍ ഒരു ചെന്നായയായി മാറും.
സമൂഹം- ഉമ്മത്ത്- സ്വയം ഉളവാകുന്നതല്ല. വ്യക്തികളുടെ പരസ്പര ബന്ധത്തില്‍നിന്നാണത് രൂപം കൊള്ളുന്നത്. സമൂഹ നിര്‍മിതിയിലേക്ക് വികസിക്കുന്ന ഈ ബന്ധം ഉടലെടുക്കുന്നത് കുടുംബത്തില്‍നിന്നാണ്. സമൂഹത്തിന്റെ അടിസ്ഥാന യൂനിറ്റാണ് കുടുംബം. സംസ്‌കാരം വേരുപിടിക്കുന്നത് കുടുംബത്തിലാണ്. നല്ല കുടുംബവ്യവസ്ഥയില്‍നിന്ന് നല്ല സമൂഹമുണ്ടാകുന്നു. നല്ല കുടുംബം, നല്ല സമൂഹം, നല്ല ലോകം എന്നതാണ് ക്രമം; മറിച്ചല്ല. ആണെന്ന് സിദ്ധാന്തിച്ചവരൊക്കെ പരാജയപ്പെട്ടിട്ടേയുള്ളൂ. അതുകൊണ്ട് അല്ലാഹു കുടുംബഭദ്രതയെ അതീവ ഗൗരവത്തോടെ ഊന്നിപ്പറഞ്ഞിരിക്കുന്നു. സാക്ഷാല്‍ ദൈവത്തെ തള്ളിപ്പറഞ്ഞ് വ്യാജ ദൈവങ്ങളെ വരിക്കുക, ദൈവം കാത്തുസൂക്ഷിക്കാന്‍ കല്‍പിച്ച കുടുംബബന്ധങ്ങള്‍ ഛേദിച്ചുകളയുക, ഭൂമിയില്‍ നാശം പരത്തുക ഇതു മൂന്നും തുല്യ ഗൗരവമുള്ള മഹാ പാപങ്ങളായിട്ടാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് (2:27). നല്ല സാമൂഹിക ബന്ധം ഉപദേശിക്കുമ്പോള്‍ ഖുര്‍ആന്‍ പാലിച്ച ക്രമം ഏറെ ശ്രദ്ധേയമാകുന്നു. സാക്ഷാല്‍ ദൈവത്തെ മാത്രം ആരാധിക്കുക, അവന് കൃത്രിമമായ പങ്കാളികളെ ആരോപിക്കാതിരിക്കുക, മാതാപിതാക്കളോട് സ്‌നേഹാദരവോടെ വര്‍ത്തിക്കുക, ബന്ധുക്കളോടും അനാഥരോടും അഗതികളോടും കാരുണ്യത്തോടെ പെരുമാറുക, ബന്ധുക്കളും അല്ലാത്തവരുമായ അയല്‍ക്കാരോടും സഹവാസികളോടും സഞ്ചാരികളോടും കീഴിലുള്ളവരോടും നല്ല നിലയില്‍ പെരുമാറുക (4:36). ദൈവത്തില്‍നിന്ന് തുടങ്ങി ആശ്രിതരോടുവരെ സ്‌നേഹവും നന്മയും സംസ്‌കാരവും നിറഞ്ഞ ബന്ധവും പെരുമാറ്റവുമാണിവിടെ അനുശാസിക്കുന്നത്. ഏക ദൈവത്തിലുള്ള വിശ്വാസത്തിന്റെ അനിവാര്യമായ തുടര്‍ച്ചയെന്നോണമാണ് മാതാപിതാക്കളോടും ബന്ധുക്കളോടും കുടുംബത്തോടും പിന്നെ ചുറ്റുമുള്ള സമൂഹത്തോടുമുള്ള സ്‌നേഹ സമ്പര്‍ക്കം പരാമര്‍ശിക്കുന്നത്.
ഏകദൈവവിശ്വാസം ദൈവം ഒന്നേയുള്ളൂ എന്ന സങ്കല്‍പത്തില്‍ ഒതുങ്ങുന്നില്ല. അത് സൃഷ്ടികള്‍ ഒന്നാണ് എന്ന ഭാവത്തിലേക്ക് വികസിക്കേണ്ടതുണ്ട്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ സാമൂഹിക ബോധവും സമസൃഷ്ടിസ്‌നേഹവും സല്‍പെരുമാറ്റവും തൗഹീദിന്റെ - ഏകദൈവവിശ്വാസത്തിന്റെ പ്രായോഗിക രൂപമാകുന്നു. അതിനൊന്നും പ്രചോദനമേകാത്ത ദൈവവിശ്വാസവും ആരാധനയും അപൂര്‍ണവും വികലവുമാണ്. ''സ്വന്തം നമസ്‌കാരത്തെക്കുറിച്ചശ്രദ്ധരായ നമസ്‌കാരക്കാര്‍ക്ക് ഹാ കഷ്ടം! ആളുകളെ കാണിക്കാന്‍ കര്‍മം ചെയ്യുന്ന കപടനാട്യക്കാരാണവര്‍; ലഘുവായ പരോപകാരങ്ങള്‍ പോലും ചെയ്യാന്‍ വിസമ്മതിക്കുന്നവര്‍'' (107:4-7).

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly