Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>ചോദ്യോത്തരം


നിയമവും ധര്‍മവും

 

# മുജീബ്

 
 



മാറ്റം സംഭവിക്കേണ്ടത് മനസ്സുകളിലാണെന്നും നിയമങ്ങള്‍ അടിച്ചേല്‍പിക്കുന്നത് കൊണ്ടൊന്നും രാജ്യത്തെ കുറ്റകൃത്യങ്ങളില്‍ കാര്യമായ മാറ്റം സംഭവിക്കുകയില്ലെന്നും പ്രസ്ഥാനം അതിന്റെ രൂപീകരണഘട്ടം മുതല്‍ പറഞ്ഞുകൊണ്ടിരിക്കുന്ന സംഗതിയാണ്. മാത്രവുമല്ല ഇസ്‌ലാമിക പ്രസ്ഥാനം അതിന്റെ പ്രവര്‍ത്തകരുടെയും പൊതുസമൂഹത്തിന്റെയും സംസ്‌കരണത്തിന് സ്വീകരിച്ചിട്ടുള്ള മാര്‍ഗം ആശയ പ്രബോധനവും ആരോഗ്യകരമായ സംവാദങ്ങളുമാണ്. എന്നാല്‍ മദ്യം, വ്യഭിചാരം, സ്വവര്‍ഗഭോഗം തുടങ്ങിയ വിഷയങ്ങളില്‍ ഗവണ്‍മെന്റുകളും നിയമസംവിധാനങ്ങളും പുലര്‍ത്തുന്ന നിസ്സംഗതയെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നു. ഇത് വൈരുധ്യമല്ലേ?
നിസാര്‍ പൂവാര്‍
ധാര്‍മികബോധവത്കരണത്തിലൂടെയാണ് എല്ലാ പ്രവാചകന്മാരും മറ്റു മഹാത്മാക്കളും ജനങ്ങളെ കുറ്റകൃത്യങ്ങളില്‍നിന്ന് പിന്തിരിപ്പിച്ചത്. വിശുദ്ധ ഖുര്‍ആന്റെ മൗലിക സന്ദേശവും മാനസിക സംസ്‌കരണത്തില്‍ ഊന്നുന്നു. സര്‍വജ്ഞനും സര്‍വശക്തനുമായ അല്ലാഹു അറിയാതെ ഒരാള്‍ക്കും ഒന്നും ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ ആവില്ലെന്ന ബോധം എത്ര ശക്തമാവുന്നുവോ അത്രത്തോളം മനുഷ്യന്‍ നല്ലത് ചെയ്യും; ചീത്ത ചെയ്യാതിരിക്കും. പതിമൂന്ന് കൊല്ലക്കാലത്തെ മക്കാ ജീവിതത്തില്‍ മുഹമ്മദ് നബി(സ) സദുപദേശത്തിലൂടെയും കര്‍മമാതൃകയിലൂടെയും മഹാ പാപികളെപ്പോലും നന്നാക്കാന്‍ ശ്രമിച്ചു. അത് സഫലമായി. നന്മയുടെ പ്രയോക്താക്കളും തിന്മയുടെ ശത്രുക്കളുമായ ഒരുല്‍കൃഷ്ട സംഘത്തെ വാര്‍ത്തെടുക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. അധികാരമോ പോലീസോ പട്ടാളമോ ഒന്നും കൂടാതെയായിരുന്നു അദ്ദേഹം മനസ്സുകളെ കീഴടക്കിയത്.
എന്നാല്‍ മനുഷ്യരെല്ലാം ഒരുപോലെയല്ല. എത്ര നല്ലയാളുകള്‍ എത്ര നന്നായി പറഞ്ഞാലും ചിലരത് ശ്രദ്ധിക്കില്ല, ശ്രദ്ധിച്ചാലും സ്വീകരിക്കില്ല. അങ്ങനെയുള്ളവരില്‍നിന്ന് സമൂഹത്തെ രക്ഷിക്കാനും കുറ്റവാളികളെത്തന്നെ ശിക്ഷകള്‍ വഴി പേടിപ്പിക്കാനുമാണ് നിയമങ്ങളും ചട്ടങ്ങളും നിയമപാലകരെയുമൊക്കെ ഏര്‍പ്പെടുത്തുന്നത്. മദീനയിലെത്തിയ പ്രവാചകന്‍ സ്റ്റേറ്റിന്റെ ഭരണച്ചുമതല കൂടി ഏറ്റെടുത്തപ്പോള്‍ ക്രമസമാധാനം ഉറപ്പുവരുത്താനും തിന്മകള്‍ തടയാനും നിയമങ്ങളും ശിക്ഷാവിധികളും വേണ്ടിവന്നു. ശിക്ഷയെക്കുറിച്ച ഭീതി ചിലരെ കുറ്റകൃത്യങ്ങളില്‍നിന്ന് തടയും. ചിലരെ ശിക്ഷിക്കുന്നത് മറ്റുള്ളവര്‍ക്ക് ഗുണപാഠമാകും. ചില കൊടുംകുറ്റവാളികളെ ഇല്ലാതാക്കുന്നത് അവരില്‍നിന്ന് സമൂഹത്തിന് രക്ഷ നല്‍കാനാണ്. അതിനാല്‍ കേവലം ധാര്‍മിക പ്രബോധനം പോരാ, നിയമനടപടികളും വേണം, സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനില്‍ക്കാന്‍. അതംഗീകരിച്ച ഭരണകൂടങ്ങള്‍ തന്നെ നിയമം നടപ്പാക്കുന്നതില്‍ അലംഭാവം കാട്ടുമ്പോള്‍ വിമര്‍ശിക്കേണ്ടിവരും.
പര്‍ദപ്പേടിയുടെ രാഷ്ട്രീയം
മുസ്‌ലിം സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കുമ്പോള്‍ മതേതരത്വം ഇല്ലാതാവുകയും ശിരോവസ്ത്രം ധരിക്കാതിരിക്കുമ്പോള്‍ മതേതരത്വം ഉണ്ടാവുകയും ചെയ്യുന്നത് വിചിത്രമാകുന്നു. ശിരോവസ്ത്രത്തെയും പര്‍ദയെയും അടച്ച് ആക്ഷേപിച്ച് മുസ്‌ലിം സമുദായത്തിന്റെ മഹത്വം കളഞ്ഞുകുളിക്കുന്നു. ആത്മീയബോധവും ആദര്‍ശധീരതയും ഉള്ള ഒരുസമൂഹത്തിന് ഇത് പ്രശ്‌നമല്ല. കന്യാസ്ത്രീകള്‍ക്ക് ഇന്ത്യയില്‍ എവിടെയും ശിരോവസ്ത്രം ധരിക്കാം. അവര്‍ക്ക് ജനാധിപത്യം ബാധകമല്ലേ?
പി.വി മുഹമ്മദ് ഈസ്റ്റ് മലയമ്മ
പര്‍ദാ വിവാദം തീര്‍ത്തും അര്‍ഥശൂന്യവും ജനാധിപത്യ നിഷേധവുമാണ്. ഏത് വ്യക്തിക്കും ആണായാലും പെണ്ണായാലും താന്‍ ധരിക്കേണ്ട വസ്ത്രം ഏതായിരിക്കണമെന്ന് തീരുമാനിക്കാന്‍ മൗലികാവകാശമുണ്ട്. മതബോധമുള്ള മുസ്‌ലിം സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ ശരീരം മറക്കുന്നു. അതവരുടെ സുഗമമായ സഞ്ചാരത്തിനോ വിദ്യാഭ്യാസത്തിനോ തൊഴിലിനോ ഒരു വിഘാതവും സൃഷ്ടിക്കുന്നില്ല. പിന്നെയെന്തിന് അവര്‍ക്കെതിരെ ഒച്ചവെക്കണം? വേഷ സ്വാതന്ത്ര്യത്തെ തടയണം? പൂര്‍ണമോ ഭാഗികമോ ആയി ഉടുക്കാതെ നടക്കുന്നതാണ് അന്തസ്സും പുരോഗമനവുമെന്നാര് പറഞ്ഞു? മതേതരവാദികളെന്ന് പറഞ്ഞു നടക്കുന്നവരെല്ലാവരും ഒരേ വേഷം അണിയുന്നവരാണോ? സ്ത്രീയുടെ നഗ്നശരീരം കണ്ടാസ്വദിക്കുക പുരുഷന്റെ മൗലികാവകാശമാണോ? പര്‍ദ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിക്കുന്നുണ്ടെങ്കില്‍ മാത്രമേ എതിര്‍പ്പിന് പ്രസക്തിയുള്ളൂ.
കള്ളങ്ങളുടെ പെരുമഴ
വ്യവസ്ഥാപിത മുസ്‌ലിം സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കാന്‍ ഒരു മോഡലായി മാധ്യമം പരീക്ഷിച്ചത് മുസ്‌ലിംകളുടെ പൊതുസ്വത്തായ അനാഥ സംരക്ഷണത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന, ജെ.ഡി.ടി ഇസ്‌ലാമിനെതിരെയുള്ള വിദ്വേഷ പ്രചാരണമായിരുന്നു. ജീവിതം മുഴുവന്‍ സമുദായ സേവനത്തിനായി ഉഴിഞ്ഞുവെച്ച കെ.പി ഹസന്‍ ഹാജിയെ ജെ.ഡി.ടിയുടെ പടിയിറക്കി അപമാനിച്ചു വിടുന്നതു വരെയത്തി ഈ നീക്കം. ജമാഅത്തിന്റെ കൈകളിലുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിയാധാരം പരിശോധിച്ചാല്‍ ഇത്തരത്തിലുള്ളവരുടെ അധിനിവേശ തന്ത്രം നമുക്ക് മനസ്സിലാവും. ഇപ്പോള്‍ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ സാഫി, ഫാറൂഖ് കോളേജ്, ജെ.ഡി.ടി തുടങ്ങിയവക്ക് ചുറ്റും വട്ടമിട്ടു പറക്കുന്ന ജമാഅത്ത് താല്‍പര്യം മറ്റൊന്നല്ല.
സമുദായത്തിന്റെ നിര്‍ഭാഗ്യകരമായ ഭിന്നിപ്പുകളില്‍ ഇവര്‍ കാണിച്ച കുടില നീക്കങ്ങള്‍ നിരവധിയാണ്. എം.ഇ.എസ്സും മുസ്‌ലിം ലീഗും പിളര്‍ന്ന് അഖിലേന്ത്യാ ലീഗ് ഉണ്ടായപ്പോഴും 1989-ല്‍ സമസ്ത പിളര്‍ന്നപ്പോഴും ഐ.എന്‍.എല്‍ ഉണ്ടായപ്പോഴും ഐ.എസ്.എസ്സുമായി മഅ്ദനി രംഗപ്രവേശം ചെയ്തപ്പോഴും മുജാഹിദ് പ്രസ്ഥാനം പിളര്‍ന്നപ്പോഴും സമുദായത്തിനകത്തെ ഭിന്നിപ്പുകളെ മുതലെടുക്കാന്‍ ജമാഅത്തെ ഇസ്‌ലാമിയും മാധ്യമം പത്രവും അരയും തലയും മുറുക്കി രംഗത്തിറങ്ങി. ഭിന്നിപ്പുകളില്‍ മുസ്‌ലിം ലീഗിനെതിരെ നില്‍ക്കുന്ന വിഭാഗത്തെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ജമാഅത്തിന്റെ രീതി ശാസ്ത്രം (കെ.എം ഷാജി, മാതൃഭൂമി ആഴ്ചപ്പതിപ്പ് 2010 ജൂണ്‍ 6). പ്രതികരണം?

എം.കെ തങ്ങള്‍ തോനൂക്കര
നിഷ്‌ക്രിയനായ ഒരു പ്രസിഡന്റിനെ നോക്കുകുത്തിയാക്കി നിര്‍ത്തി മഹത്തായ പാരമ്പര്യമുള്ള ജെ.ഡി.ടി ഇസ്‌ലാമിനെ അതിന്റെ സെക്രട്ടറി തോന്നിയ പോലെ കൊണ്ടുനടന്നപ്പോള്‍, അന്നത്തെ ഭരണസമിതിയിലെ ചിലര്‍ക്കത് സഹിക്കാവുന്നതിലപ്പുറമായി. അവര്‍ സെക്രട്ടറിയുടെ കൂടി അനുമതിയോടെ ഒരന്വേഷണ കമ്മിറ്റിയെ ആഭ്യന്തരമായി നിയമിച്ചു. കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതായിരുന്നു. കെടുകാര്യസ്ഥതയുടെയും ക്രമക്കേടുകളുടെയും തിരിമറികളുടെയും മേള തന്നെയാണ് നടക്കുന്നതെന്ന് കമ്മിറ്റി കണ്ടെത്തി. ദീര്‍ഘകാലമായി വരവ്-ചെലവ് കണക്കുകള്‍ വ്യവസ്ഥാപിതമായി സൂക്ഷിക്കുന്നില്ലെന്നും ഓഡിറ്റ് നടക്കുന്നില്ലെന്നും ചോദിക്കാനോ പറയാനോ ആളില്ലാത്ത സ്ഥിതിയാണെന്നും കമ്മിറ്റിക്ക് ബോധ്യം വന്നു. ഒരു പരിഹാരവുമില്ലെന്ന് കണ്ടപ്പോള്‍ കമ്മിറ്റിയംഗങ്ങളില്‍ ചിലര്‍ വസ്തുതകള്‍ മാധ്യമങ്ങളെ അറിയിച്ചു. ഏതാണ്ടെല്ലാ മാധ്യമങ്ങളും അത് വിശദമായി റിപ്പോര്‍ട്ട് ചെയ്തു, മുസ്‌ലിം ലീഗിന്റെ ചന്ദ്രിക ഉള്‍പ്പെടെ. സംഭവം ഒച്ചപ്പാടായപ്പോള്‍ വസ്തുനിഷ്ഠമായ ഒരന്വേഷണത്തിന് തയാറായതാണ് മാധ്യമം ചെയ്ത 'തെറ്റ്'. അന്വേഷണ പരമ്പര പ്രസിദ്ധീകരിച്ചത് തന്നെ ജ. കെ.പി ഹസന്‍ ഹാജിയുടെ ഭാഷ്യവും പ്രതികരണവും പൂര്‍ണമായി പ്രസിദ്ധീകരിച്ചുകൊണ്ടാണ്. ഒടുവില്‍ കമ്മിറ്റി പുനഃസംഘടിപ്പിക്കേണ്ടിവന്നു. ഹസന്‍ ഹാജി പുറത്തായി. ഹ്രസ്വ കാലത്തെ അനിശ്ചിതത്വത്തിനു ശേഷം എം.എസ്.എസ്സിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് സി.പി കുഞ്ഞുമുഹമ്മദ് പ്രസിഡന്റായി രൂപവത്കരിക്കപ്പെട്ട കമ്മിറ്റി നിലവില്‍വന്നതോടെ സ്ഥിതിഗതികള്‍ ഗണ്യമായി മെച്ചപ്പെട്ടു, ഭരണം കാര്യക്ഷമമായി. സ്ഥാപനങ്ങള്‍ വളര്‍ന്നു, ജെ.ഡി.ടിയുടെ കീഴിലുള്ള ഇഖ്‌റ മികച്ച ആശുപത്രികളിലൊന്നായി വികസിച്ചു. സംശയമുള്ളവര്‍ വെള്ളിമാട് കുന്നില്‍ പോയി നേരിട്ട് അന്വേഷിക്കട്ടെ. അഴിമതിയും അധികാര ദുര്‍വിനിയോഗവും മാത്രം ശീലിച്ചവര്‍ക്ക് മാത്രമേ ഇതില്‍ കുണ്ഠിതമുണ്ടാവൂ. മാധ്യമമോ ജമാഅത്തെ ഇസ്‌ലാമിയോ തരിമ്പും ഇടപെടാത്ത കോഴിക്കോട്ടെ എ.ഡബ്ല്യു.എച്ച് ഇന്നെവിടെ ചെന്നുനില്‍ക്കുന്നുവെന്ന് യൂത്ത് ലീഗ് തേരാളി അന്വേഷിക്കട്ടെ. ഭരണ സമിതിയിലെ തമ്മിലടി സ്ഥാപന സമുച്ചയത്തെ റസീവര്‍ ഭരണത്തിലെത്തിച്ച സത്യം കണ്ട് ഞെട്ടട്ടെ.
ഇനി സംഘടനകളിലെ പിളര്‍പ്പിന്റെ കാര്യം. എം.ഇ.എസ്സിന്റെ സ്ഥാപക നേതാവ് ഡോ. പി.കെ അബ്ദുല്‍ ഗഫൂറിന് മോഡേണ്‍ ഏജ് സൊസൈറ്റിയുമായുള്ള ബന്ധം മുന്‍നിര്‍ത്തി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍ സംഘടനക്കെതിരെ ഊര് വിലക്ക് പ്രഖ്യാപിച്ചു. ഡോ. ഗഫൂര്‍ മോഡേണ്‍ ഏജ് സൊസൈറ്റിയുമായുള്ള ബന്ധം വിഛേദിച്ചതായി പ്രഖ്യാപിച്ചിട്ടും മുസ്‌ലിം ലീഗിന്റെ രോഷം അടങ്ങിയില്ല. ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന സമുദായത്തിലെ ഒരേയൊരു ഏജന്‍സിയെ ഇതിന്റെ പേരില്‍ നശിപ്പിക്കരുതെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ അഭ്യര്‍ഥനയും വനരോദനമായി. ലീഗ് നേതാവും മന്ത്രിയുമായിരുന്ന സി.എച്ച് മുഹമ്മദ് കോയ, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അന്നത്തെ ഒരേയൊരു മുസ്‌ലിം അസി. പ്രഫസറായിരുന്ന ഡോ. ഗഫൂറിനെ സ്ഥലം മാറ്റിച്ചു. ഡോ. ഗഫൂര്‍ വഴങ്ങാതെ മെഡിക്കല്‍ കോളേജില്‍നിന്ന് രാജി വെച്ചു. ഇതാണ് ലീഗിന്റെ സമുദായ സേവനം, ജമാഅത്തിന്റെ സമുദായ വിരോധം!
ബാഫഖി തങ്ങള്‍ക്കു ശേഷം മുസ്‌ലിം ലീഗിന്റെ പ്രസിഡന്റ് സ്ഥാനം പ്രശ്‌നമായി. മുസ്‌ലിം ലീഗില്‍ മരുമക്കത്തായം ഇല്ലെന്ന് പറഞ്ഞ സി.എച്ച് മുഹമ്മദ് കോയ ഉമര്‍ ബാഫഖി തങ്ങള്‍ക്ക് ആ പദവി നിഷേധിച്ചു, തദ്സ്ഥാനത്ത് പാണക്കാട് പൂക്കോയ തങ്ങളെ പ്രതിഷ്ഠിച്ചു. ലീഗ് പിളര്‍ന്നു. ഉമര്‍ ബാഫഖി, എം.കെ ഹാജി, ചെറിയ മമ്മു കേയി, ബാവ ഹാജി, പി.എം അബൂബക്കര്‍ തുടങ്ങിയ പ്രമുഖര്‍ ചേര്‍ന്ന് അഖിലേന്ത്യാ മുസ്‌ലിം ലീഗിന് രൂപം നല്‍കി. ലീഗ് ടൈംസ് എന്ന പേരില്‍ പത്രവും തുടങ്ങി. ചന്ദ്രികയും ലീഗ് ടൈംസും തമ്മിലെ 'അന്യോന്യം' മൂര്‍ഛിച്ചു നടത്തിയ അന്തരീക്ഷ മലിനീകരണത്തിന് ചരിത്രത്തില്‍ ഉദാഹരണം വിരളം. സി.എച്ച് പക്ഷാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ 'വിമത ലീഗ്' പത്രത്തിന്റെ തലക്കെട്ട് 'കൊയഞ്ഞ കോയ....'. സഹിക്കാനാവാത്ത പരുവത്തിലെത്തിയപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി മാധ്യസ്ഥത്തിനു ശ്രമിച്ചു. അന്നത്തെ അഖിലേന്ത്യാ അമീര്‍ മുഹമ്മദ് യൂസുഫ് കേരളത്തില്‍ വന്ന് ദിവസങ്ങളോളം മാറി മാറി ഇരുവിഭാഗം നേതാക്കളെയും നേരില്‍ കണ്ട് പരമാവധി ശ്രമിച്ചിട്ടും ഐക്യശ്രമം വിഫലമായി. അമീര്‍ നിരാശനായി മടങ്ങി. ആയിടക്ക് ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കേരളത്തില്‍ കോണ്‍ഗ്രസ്സിനോടൊപ്പം അധികാരം പങ്കിടുകയായിരുന്ന ഔദ്യോഗിക ലീഗ് അവസരം നന്നായി ഉപയോഗപ്പെടുത്തി. സമാദരണീയരായ ഉമര്‍ ബാഫഖി തങ്ങളും പി.എം അബൂബക്കറും മറ്റു നേതാക്കളും കാരാഗൃഹത്തില്‍ അടക്കപ്പെട്ടു. അടിയന്തരാവസ്ഥയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അവര്‍ ജനതാ പാര്‍ട്ടിക്ക് പിന്തുണ നല്‍കി- അതെ, വാജ്‌പേയിയും അദ്വാനിയുമടങ്ങിയ ജനതാ പാര്‍ട്ടിക്ക്. ജമാഅത്തെ ഇസ്‌ലാമിയെ പോലെതന്നെ. ഇതാണ് ലീഗിന്റെ മഹത്തായ 'ഏകീകരണ'ത്തിന്റെ ചരിത്രം, ജമാഅത്തിന്റെ 'കുടില നീക്കങ്ങളു'ടെയും!
ലീഗ് പിളര്‍ന്നപ്പോള്‍ എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അനുഭാവം അഖിലേന്ത്യാ ലീഗിനോടായിരുന്നു. ഇത് ചന്ദ്രികക്ക് രസിച്ചില്ല. ചന്ദ്രിക അരീക്കാട് പള്ളിക്ക് ലഭിക്കേണ്ട സംഭാവന മുഴുവന്‍ അതിന് നല്‍കിയില്ലെന്നാരോപിച്ച് അദ്ദേഹത്തെ വേട്ടയാടി. അവസാനം സംഭവം കലാശിച്ചത് കാന്തപുരം സമസ്തയുടെ ഔദ്യോഗിക നേതൃത്വവുമായി പിണങ്ങിപ്പിരിയുന്നതിലാണ്. സമസ്ത രണ്ടായി പിളര്‍ന്നു. ലീഗും ചന്ദ്രികയും പൂര്‍ണമായി ഔദ്യോഗിക വിഭാഗത്തോടൊപ്പം നിന്നു. ഇന്നും അങ്ങനെതന്നെ. ജമാഅത്താകട്ടെ സുന്നികളുടെ പിളര്‍പ്പ് സമുദായത്തിന് മൊത്തം വിനാശകരമാണെന്ന നിലപാടും സ്വീകരിച്ചു.
പ്രബോധനം എടുത്ത് പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാവും. പുനരേകീകരണത്തിന് നിരന്തരം ആവശ്യപ്പെട്ടതല്ലാതെ പിളര്‍പ്പിന് മൂര്‍ച്ച കൂട്ടുന്ന ഒന്നും ചെയ്തില്ല. മുജാഹിദ് പിളര്‍പ്പിലും ജമാഅത്തിന്റെ നിലപാട് വ്യത്യസ്തമായിരുന്നില്ല. മാധ്യമം പത്രവും നൂറ് ശതമാനം നിഷ്പക്ഷതയാണ് പാലിച്ചതെന്ന് അതിന്റെ വായനക്കാര്‍ക്കറിയാവുന്ന സത്യം മാത്രം. മുസ്‌ലിം യൂത്ത് ലീഗ് നേതാവിന് പച്ചക്കള്ളത്തിന്റെ പെരുമഴ പെയ്യിക്കാന്‍ ധൈര്യം പകരുന്ന ഘടകം ഒന്നു മാത്രം. സംഭവങ്ങള്‍ നടക്കുമ്പോള്‍ ജനിച്ചിട്ടില്ലാത്തവരുടെ അജ്ഞത; മറ്റു ചിലരുടെ ഓര്‍മക്കുറവും. എന്നാലും അങ്ങോരോട് ജമാഅത്ത് കടപ്പെട്ടിരിക്കുന്നു; രണ്ട് ലോക യുദ്ധങ്ങള്‍ക്കുത്തരവാദി മൗദൂദിയും ജമാഅത്തുമാണെന്ന് എഴുതിയില്ലല്ലോ, സമാധാനം.

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly