'ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍' - നമ്മളെല്ലാം അല്ലാഹുവിന്റെ ഉടമസ്ഥതയിലുള്ളവരാണ്, എല്ലാവരും അവങ്കലേക്കു തന്നെ മടങ്ങിച്ചെല്ലേണ്ടവരും. ജനിമൃതികള്‍ പ്രകൃതിനിയമമാണ്. നമുക്കു മുന്നില്‍ നിരന്തരം നടന്നുവരുന്ന പ്രക്രിയ. എങ്കിലും ഒരാളുടെ മരണം അയാളുടെ ഉറ്റവര്‍ക്കും ഉടയവര്‍ക്കും ദുഃഖകരമാണ്. ചിലരുടെ മരണം ബന്ധുക്കള്‍ക്കു മാത്രമല്ല ദുഃഖകരമാകുന്നത്; അയാളുള്‍പ്പെടുന്ന സമാജവും സമുദായവും സഹോദര സമുദായങ്ങളുമെല്ലാം അതില്‍ ദുഃഖിക്കുന്നു, വേദനിക്കുന്നു. അയാളുടെ സ്‌നേഹവും സേവനവും ധര്‍മവും നീതിയും കുടുംബത്തിനപ്പുറം അയാളുമായി ബന്ധപ്പെട്ട എല്ലാവരിലേക്കും പരന്നൊഴുകിയതാണതിനു കാരണം. അത്തരമൊരു വ്യക്തിത്വമായിരുന്നു ജൂലൈ 14-നു നമ്മോടു വിടപറഞ്ഞ പ്രിയങ്കരനായ മര്‍ഹൂം കെ.ടി അബ്ദുര്‍റഹീം സാഹിബ്.
പ്രമുഖ മതപണ്ഡിതന്‍, പ്രഗത്ഭ വാഗ്മി, സമര്‍ഥനായ അധ്യാപകന്‍, പ്രത്യുല്‍പന്നമതിയായ സംഘാടകന്‍ എന്നീ നിലകളിലെല്ലാം സ്വകീയമായ വ്യക്തിത്വം സ്ഥാപിച്ച കെ.ടി അബ്ദുര്‍റഹീം സാഹിബ് കേരളത്തിനകത്തും പുറത്തും ദീര്‍ഘകാലം ഇസ്‌ലാമിക പ്രവര്‍ത്തനം നടത്തുകയും പ്രവര്‍ത്തകരെ നയിക്കുകയും ചെയ്തിട്ടുണ്ട്. അക്ഷരാര്‍ഥത്തില്‍ തന്നെ ഇസ്‌ലാമിക പ്രവര്‍ത്തനത്തിന് ഉഴിഞ്ഞുവെച്ചതായിരുന്നു കെ.ടിയുടെ ജീവിതം. മൃത്യു വന്നു പുല്‍കുന്നതുവരെ, സ്വയം തെരഞ്ഞെടുത്ത പാതയില്‍ അദ്ദേഹം നിരന്തരം സഞ്ചരിക്കുകയും ചെയ്തു.
അഞ്ചുപതിറ്റാണ്ടോളം നീണ്ട പ്രവര്‍ത്തന ചരിത്രം ബാക്കിവെച്ചുകൊണ്ടാണ് കെ.ടി ഈ ലോകത്തോടു വിടപറഞ്ഞത്. ഈമാനികാവേശത്തിന്റെയും നിസ്വാര്‍ഥ സേവനത്തിന്റെയും ത്യാഗസന്നദ്ധതയുടെയും ലളിതജീവിതത്തിന്റെയും അനന്യസാധാരണമായ മാതൃകകള്‍കൊണ്ട് സാന്ദ്രമാണാചരിത്രം. തെക്കന്‍ കേരളത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് വേരുപിടിപ്പിക്കുന്നതില്‍ അദ്ദേഹം നടത്തിയ ത്യാഗനിര്‍ഭരമായ അശ്രാന്ത പരിശ്രമം അവിസ്മരണീയമാണ്. ഭക്ഷണത്തിനും ബസ്ചാര്‍ജിനും വരെ പണമില്ലാതെ വിഷമിച്ച സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. പ്രസ്ഥാനത്തിന്റെ സംഘാടകന്‍ എന്ന നിലയില്‍ ആന്തമാന്‍ ദ്വീപില്‍ നടത്തിയ പ്രവര്‍ത്തനവും അയത്‌ന ലളിതമായിരുന്നില്ല. പൊന്നാനി ഐ.എസ്.എസ്, എറണാകുളം ഇസ്‌ലാമിക് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ വളര്‍ച്ചയിലും കെ.ടി ഗണ്യമായ പങ്കുവഹിച്ചു. ജമാഅത്തുകാരനായതിന്റെ പേരില്‍ മാത്രം, തന്റെ ആദ്യപ്രിയതമയെപ്പോലും നഷ്ടപ്പെടേണ്ടി വന്നു. ഇത്തരം അനുഭവങ്ങള്‍ക്ക് ചരിത്രത്തില്‍ ഏറെ ഉദാഹരണങ്ങള്‍ കാണുകയില്ല.
കെ.ടിക്ക് പാണ്ഡിത്യത്തിന്റെ വേഷഭൂഷകളോ നേതൃത്വത്തിന്റെ ഹാവഭാവങ്ങളോ ഉണ്ടായിരുന്നില്ല. എന്നിട്ടും പണ്ഡിതന്മാര്‍ക്കിടയില്‍ ഒന്നാംകിട പണ്ഡിതനായി അദ്ദേഹം ആദരിക്കപ്പെട്ടു. നേതാക്കന്മാര്‍ക്കിടയില്‍ നേതാവായി അംഗീകരിക്കപ്പെട്ടു. എന്നാല്‍ സാധാരണക്കാര്‍ക്കിടയില്‍ അവരില്‍ ഒട്ടും ഏറെയോ കുറവോ അല്ലാത്ത സാധാരണക്കാരനായിരുന്നു അദ്ദേഹം. സംഘാടകന്‍ എന്ന നിലയില്‍ സാധാരണ പ്രവര്‍ത്തകരുടെ ആദര്‍ശ ബോധവും കര്‍മ ധാര്‍മിക നിലവാരവും മാത്രമല്ല അദ്ദേഹം അന്വേഷിച്ചിരുന്നത്. അവരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും അതിനുള്ള പരിഹാരങ്ങളും കൂടി സജീവമായി പരിഗണിച്ചിരുന്നു. കെ.ടിയുടെ പ്രഭാഷണങ്ങള്‍ ആയിരങ്ങളെ ആകര്‍ഷിച്ചത് ഭാഷാ വൈഭവം കൊണ്ടായിരുന്നില്ല; അതില്‍ സ്ഫുരിക്കുന്ന സുദൃഢമായ ഈമാന്‍ കൊണ്ടും നിഷ്‌കളങ്ക സ്‌നേഹം കൊണ്ടുമായിരുന്നു. ഹൃദയത്തില്‍നിന്ന് ഹൃദയത്തിലേക്കൊഴുകുന്ന പ്രകാശവും തെളിനീരുമായിരുന്നു ആ വാക്കുകള്‍. അനേകം ഇരുണ്ട മനസ്സുകളെ പ്രകാശപൂരിതമാക്കാനും തപ്തഹൃദയങ്ങളെ കുളിരണിയിക്കാനും പര്യാപ്തമായിരുന്നു അത്.
കെ.ടി ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനും നേതാവുമായിരുന്നു. കേരള ശൂറയിലും ദേശീയ പ്രതിനിധി സഭയിലും അംഗമായിരുന്നു. അതോടൊപ്പം സ്വയം തന്നെ അദ്ദേഹം ഒരു പ്രസ്ഥാനവുമായിരുന്നു. മൗലിക പ്രധാനമല്ലാത്ത പല വിഷയങ്ങളിലും അദ്ദേഹത്തിന് സ്വന്തമായ വീക്ഷണങ്ങളുണ്ടായിരുന്നു. അതദ്ദേഹം തുറന്നു പ്രകടിപ്പിക്കാന്‍ മടിച്ചിട്ടില്ല. പക്ഷേ അതില്‍ പിടിവാശിയും സിദ്ധാന്ത ശാഠ്യവും ഒട്ടുമുണ്ടായിരുന്നില്ല. എപ്പോഴും സമരസത്തിന്റെയും സമവായത്തിന്റെയും മേഖലകള്‍ കണ്ടെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വിട്ടുവീഴ്ചയും ഉദാരതയും കെ.ടിയുടെ സഹജഭാവമായിരുന്നു. സംഘടനക്കുള്ളില്‍ മാത്രമല്ല, ഇതര സംഘടനകളും സമുദായങ്ങളുമായുള്ള പാരസ്പര്യങ്ങളിലെല്ലാം അതു തിളങ്ങിക്കാണാമായിരുന്നു. അദ്ദേഹത്തിന്റെ സുഹൃദ് വലയത്തില്‍ സംഘടന-സമുദായഭേദങ്ങളുണ്ടായിരുന്നില്ല.
പണ്ഡിതന്മാരും പ്രഭാഷകരും സംഘാടകരുമെല്ലാം കേരളത്തില്‍ ഏറെയുണ്ട്. എന്നാല്‍ കെ.ടിയെപ്പോലൊരു വ്യക്തിത്വത്തെ കാണുക പ്രയാസമാണ്. ജമാഅത്തില്‍ മാത്രമല്ല, ഇതര സംഘടനകളിലും. ഈ ഒറ്റപ്പെട്ട ഉദാഹരണമാണിപ്പോള്‍ പ്രസ്ഥാനത്തിന് നഷ്ടമായിരിക്കുന്നത്. ഈ മഹാനഷ്ടം നികത്താന്‍ കരുണാവാരിധിയായ അല്ലാഹു ഇസ്‌ലാമിക പ്രസ്ഥാനത്തെ സഹായിക്കുമാറാകട്ടെ. കെ.ടിയുടെ ശരീരം മണ്‍മറഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ ജീവിത സ്മരണകള്‍, മഹിത മാതൃകകള്‍ എന്നും നിലനില്‍ക്കുക തന്നെ ചെയ്യും. ആ ജീവിതം പഠിക്കാനും പകര്‍ത്താനും സന്നദ്ധരായി യുവ പ്രവര്‍ത്തകര്‍ മുന്നോട്ടു വരണം. കെ.ടിയുടെ വിയോഗം സൃഷ്ടിച്ച വിടവുകള്‍ വലിയൊരളവോളം നികത്താന്‍ അവര്‍ക്കു കഴിയുമെന്നാശിക്കാം.
അവസാന കാലത്ത് പ്രബോധനം വായനക്കാര്‍ക്കുവേണ്ടി കെ.ടിയുടെ ജീവിതം അദ്ദേഹത്തെ കൊണ്ട് തന്നെ പറയിക്കുകയും വാരികയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുകയും ചെയ്യാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അതിയായ ചാരിതാര്‍ഥ്യമുണ്ട്. വായനക്കാര്‍ ഓരോ അധ്യായവും ആകാംക്ഷയോടെ കാത്തിരുന്ന പരമ്പരയായിരുന്നു അത് (പിന്നീടിത് ഐ.പി.എച്ച് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്).
മര്‍ഹൂം കെ.ടി അബ്ദുര്‍റഹീം സാഹിബിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പ്രബോധനവും പങ്കു ചേരുന്നു. ദയാമയനായ അല്ലാഹു അവര്‍ക്ക് സാന്ത്വനവും സമാധാനവും ചൊരിയുമാറാകട്ടെ. കരുണാവാരിധിയായ തമ്പുരാനേ, ഞങ്ങളുടെ പ്രിയങ്കരനായ അബ്ദുര്‍റഹീം സാഹിബിന് ശാന്തസുന്ദരമായ പരലോക ജീവിതം പ്രദാനം ചെയ്യേണമേ!