Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>അഭിമുഖം


കേരളീയ സമൂഹം
ഇന്നലെ ഇന്ന് നാളെ

 

# ബി.ആര്‍.പി ഭാസ്‌കര്‍/ മുഹ്‌സിന്‍ പരാരി

 
 



എന്താണ് കേരളീയ ജീവിതത്തെക്കുറിച്ച താങ്കളുടെ വിലയിരുത്തല്‍?
അടിസ്ഥാനപരമായി കേരളത്തിന്റെ പ്രശ്‌നം നീതിബോധം കുറവാണ് എന്നതാണ്. കാര്യങ്ങള്‍ നീതിപൂര്‍വം നടക്കണം എന്ന ആഗ്രഹം ജനങ്ങളിലുമില്ല. ജനത്തിനും ഭരണാധികാരികള്‍ക്കും ഇന്നത്തെ (അഴിമതിയുടെ) സംവിധാനം സ്വീകാര്യമാണ്; പരാതിയില്ല. അതേ സമയം, നമ്മുടെ ഭരണഘടന വിഭാവന ചെയ്യുന്നതില്‍ ഏറ്റവും ഉയര്‍ന്നത് നീതിയാണ്. ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത ആദ്യ ലക്ഷ്യങ്ങളിലൊന്ന് നീതിയാണ്. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി. ഈ വക കാര്യങ്ങളൊന്നും നടക്കാത്ത വ്യവസ്ഥയായി നാമിതിനെ മാറ്റിയിരിക്കുന്നു. ഒരു സമൂഹം മുന്നോട്ടു പോകണമെങ്കില്‍ കുറഞ്ഞ അളവെങ്കിലും നന്മയും സത്യസന്ധതയും വേണം. ഇന്നത്തെ കേരളത്തില്‍ അതില്ല എന്നു തന്നെ പറയാം.

ഈ മൂല്യച്യുതിയുടെ അടിസ്ഥാനം വിഭാഗീയ താല്‍പര്യങ്ങളല്ലേ?
നമ്മളിന്നു വലിയൊരു പ്രശ്‌നം നേരിടുന്നുണ്ട്. നമ്മുടെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അടിസ്ഥാന വിശ്വാസം തന്നെ ജനാധിപത്യത്തിന് നിരക്കുന്നതല്ല എന്നതാണത്. പാര്‍ട്ടിയുടെ താല്പര്യത്തിനപ്പുറം ഒന്നുമില്ല എന്നു വിശ്വസിക്കുന്ന ആളുകളുണ്ടിവിടെ. പാര്‍ട്ടി, അതാണ് അവസാനവാക്ക്. രാജ്യത്തിന്റ നിയമം അതിനു മുകളിലല്ല. അതുകൊണ്ടാണ് സര്‍ക്കാറുദ്യോഗസ്ഥന്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാവാന്‍ പാടില്ലെന്ന നിയമം ലംഘിക്കപ്പെടുന്നത്. ഈ രാഷ്ട്രീയ പാര്‍ട്ടി അങ്ങനെ ചെയ്യുന്നു. ചട്ടത്തിനു വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്ന ഇങ്ങനെയുള്ള പാര്‍ട്ടിക്ക് എങ്ങനെയാണ് സത്യസന്ധമാവാന്‍ കഴിയുക? അവരുടെ അടിസ്ഥാന സമീപനം തന്നെ സത്യസന്ധതക്ക് വിരുദ്ധമാണ്. ഒന്നു രണ്ടു വലിയ പാര്‍ട്ടികള്‍ക്ക് ലെനിനിസ്റ്റു തത്വമനുസരിച്ച് പറഞ്ഞാല്‍, പാര്‍ട്ടിക്കപ്പുറം ഒന്നുമില്ല.
മറ്റുവിഭാഗീയതകളിലും ഇതേ സമീപനമുള്ള ആളുകളുണ്ട്. എന്റെ മതത്തിനു മുകളില്‍ ഒന്നുമില്ല, എന്റെ ജാതിക്കു മുകളില്‍ ഒന്നുമില്ല, എന്റെ ഏറ്റവും അവസാനത്തെ താല്‍പര്യം എന്റെ ജാതിയുടെ താല്‍പര്യമാണ് എന്നൊക്കെ ചിന്തിക്കുന്ന ആളുകളുണ്ട്. ഇതൊന്നും നീതിബോധവുമായി ഒത്തുപോകുന്ന കാര്യങ്ങളല്ല. ഈ മനഃസ്ഥിതി വന്നു കഴിഞ്ഞാല്‍ മാറ്റാനെളുപ്പമല്ല. പഴയ കാലത്ത്, കേരളം കോണ്‍ഗ്രസുകാര്‍ ഭരിച്ചിരുന്ന കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിത പാര്‍ട്ടിയായിരുന്നു. കാരണം അത് അടിസ്ഥാനപരമായി ഭരണകൂടത്തിനെതിരെ വെല്ലുവിളിയുയര്‍ത്തുന്ന വിപ്ലവപാര്‍ട്ടിയായി പ്രവര്‍ത്തിക്കുകയായിരുന്നു. നിരോധിക്കപ്പെട്ട കാലത്തും അതിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമായിരുന്നു. പാര്‍ട്ടിയായിട്ടല്ല. അതിന്റെ നേതാക്കന്മാര്‍ക്കൊക്കെ മത്സരിക്കാനുള്ള അവകാശം നമ്മുടെ ഭരണഘടന നല്‍കുന്നുണ്ട്.ജയിലില്‍ കിടന്നു മത്സരിക്കുകയും ജയിക്കുകയും ചെയ്ത ആളുകളുണ്ട്. ആ തരത്തിലുള്ള സമീപനം ഭരണ വ്യവസ്ഥയിലുണ്ട്. അതേ സമയം, ഈ പാര്‍ട്ടിയോടനുഭാവമുള്ളവര്‍,ജോലിക്ക്ശ്രമിച്ചാല്‍ കിട്ടുകയില്ല. പോലീസ് വെരിഫിക്കേഷനില്‍ ഇയാള്‍ കമ്മ്യൂണിസ്റ്റുകാരനാണെന്നറിഞ്ഞാല്‍ ജോലി കിട്ടാത്ത സാഹചര്യമുണ്ടായിരുന്നു. അതു മാറി. കമ്യൂണിസ്റ്റ് ആശയമുള്ളവര്‍ക്കും സര്‍ക്കാര്‍ ജോലിയെടുക്കാമെന്നായി. അപ്പോള്‍ പാര്‍ട്ടി ബന്ധം പാടുണ്ടായിരുന്നില്ല. അങ്ങനെയൊക്കെയുള്ള ചരിത്രമുണ്ട്. അതായത്, നമ്മുടേത് ഒരു നീതിപൂര്‍വകമായ വ്യവസ്ഥയാണെങ്കിലും അത് നടത്തി കൊണ്ട് പോകേണ്ട ആളുകള്‍ അതില്‍ വിശ്വസിക്കുന്നവരല്ല. ആ വൈരുധ്യം നമ്മുടെ രാഷ്ട്രീയത്തെയും പൊതുജീവിതത്തെയും മലിനപ്പെടുത്തിയിട്ടുണ്ട്.

കേരളത്തില്‍ പ്രതിപക്ഷത്ത് നില്‍ക്കുന്ന ആളാണ് താങ്കള്‍. കേരളത്തിലെ സമരങ്ങളുടെ ഒരു പൊതുബോധം എന്താണ് ? അതിനോടുള്ള പ്രതികരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്?
ഞാന്‍ കേരളത്തിന്റെ പുറത്ത് ജീവിക്കുന്ന സമയത്ത് തന്നെ നാടിനെ കുറിച്ച സങ്കല്‍പ്പങ്ങളും ഞാന്‍ ഇവിടം വിട്ടതിന് ശേഷമുള്ള ഗതിമാറ്റങ്ങളെ കുറിച്ച ചിന്തയും ഉണ്ട്. അന്ന് ഇതു പുരോഗമനപരമായ ഒരു സമൂഹമായിരുന്നു. അന്ന് പല അനീതികളും അവസാനിക്കാന്‍ പോവുകയായിരുന്നു. ജാതീയമായ ഉച്ചനീചത്വങ്ങള്‍ അവസാനിക്കാന്‍ പോവുകയായിരുന്നു. ജാതി ഒരു പ്രശ്‌നമല്ലാതായിത്തീര്‍ന്നു. സ്ഥിതി സമത്വം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു സമൂഹം, അതിനെ പരക്കെ അംഗീകരിക്കുന്ന ഒരു സമൂഹം. ഇങ്ങനെയൊക്കെയുള്ള ഒരു സമൂഹം വളര്‍ന്നു കൊണ്ടിരിക്കുന്നു. '57 ല്‍ കമൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നതും അതിന്റെ ഒരു വിജയമായിട്ടു തന്നെയാണ് ഞാനും കാണുന്നത്. ആ കാലഘട്ടത്തിലെ ഒരു പ്രവണതയുടെ ഭാഗമാണത്.
പിന്നീടാണ് ഇതു മാറിയത്. എന്തുകൊണ്ട് ഇതു മാറി മറിഞ്ഞു എന്നുള്ളതാണ് എന്റെ മനസ്സിലെ ചോദ്യം. തിരിച്ചു വരുമ്പോള്‍ കേരളത്തിലെ കാര്യങ്ങളെ കുറിച്ച് എഴുതുകയും വായിക്കുകയും ചെയ്യണം എന്ന ഉദ്ദേശ്യത്തില്‍ തന്നെയായിരുന്നു. അങ്ങനെ ആദ്യമായി നടത്തിയ പഠനം ഈ രാഷ്ട്രീയത്തെക്കുറിച്ചാണ്. മുന്നണിരാഷ്ട്രീയത്തില്‍, അതെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നുള്ളത്. അപ്പോള്‍ തന്നെ അതിന്റെ പോക്ക് ശരിയല്ല എന്ന ധാരണ ഉണ്ടായിരുന്നു. '90കളുടെ ആദ്യത്തില്‍ ഞാനതു പല സുഹൃത്തുക്കളുമായും പങ്കുവച്ചു. പക്ഷേ അതു സമ്മതിക്കാന്‍ പല സുഹൃത്തുക്കള്‍ക്കും അന്ന് കഴിയുമായിരുന്നില്ല. രണ്ട് മുന്നണികളും തമ്മില്‍ വ്യത്യാസമില്ലാത്ത ഒരു അവസ്ഥയിലേക്ക് നമ്മള്‍ എത്തിച്ചേരുകയാണെന്നാണ് ഞാന്‍ പറഞ്ഞത്. തൊണ്ണൂറുകളുടെ ആദ്യത്തില്‍ ഒരുപാടു സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞു, നിങ്ങള്‍ പറയുന്നത് ശരിയല്ലെന്ന്. ഇടതുപക്ഷം ഭേദമാണ്. പക്ഷേ, '90കളില്‍ അങ്ങനെ പറഞ്ഞ ആളുകള്‍ അവസാനം മാറ്റിപ്പറഞ്ഞു. ഇടതുപക്ഷത്തിനും മൂല്യച്യുതി സംഭവിച്ചിരിക്കുന്നു എന്ന്. അടുത്ത കാലത്തെ പലകാര്യങ്ങളും നോക്കി കഴിഞ്ഞാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്, ഭരണമുന്നണി എന്നത് ഒരു പ്രശ്‌നമേ അല്ല എന്നാണ്. പല കാര്യങ്ങളിലും ഇരുമുന്നണികളും ഒന്നിച്ചു വരികയാണ്. അതു വളരെ വ്യക്തമായി എനിക്ക് മനസ്സിലായത് ആദിവാസി പ്രശ്‌നത്തിലാണ്. എല്ലാവരും കൂടി ഒത്തു ചേര്‍ന്നിട്ടാണ് ഒരു നിയമമുണ്ടാക്കുന്നത്. ആദിവാസികള്‍ക്ക് ഭൂമി വീതിച്ചു കൊടുക്കുക എന്ന നിയമം. പിന്നെ അതില്‍ നിന്ന് പുറത്തു കടക്കാനായി അവരുടെ ശ്രമം. ഇപ്പോള്‍ കോണ്‍ഗ്രസ് മുന്നണിയില്‍ നില്‍ക്കുന്ന കേരള കോണ്‍ഗ്രസ്, ആദിവാസി ഭൂമി കൈയേറ്റത്തിന് നേതൃത്വം കൊടുത്ത പാര്‍ട്ടിയാണ്. അവരുടെ നിലപാടു മനസ്സിലാക്കാം. പക്ഷേ, സി.പി.എം മാതിരി ഒരു പാര്‍ട്ടി, വക്ര ബുദ്ധിയോടെ ന്യായങ്ങള്‍ നിരത്തിയാണ് അതിനെ നീതീകരിക്കാന്‍ ശ്രമിക്കുന്നത്. ആ നിയമമുണ്ടാക്കിയത് അടിയന്തിരാവസ്ഥക്കാലത്താണ്, അതുകൊണ്ട് അത് അംഗീകരിക്കാനുള്ള ബാധ്യതയില്ല എന്ന മട്ടിലാണ് ഇ.എം.എസ്സ് നമ്പൂതിരിപ്പാട് എഴുതുന്നത്. ആ നിയമം പാസാക്കുന്നതിനുള്ള നിയമസഭാ സമ്മേളനത്തില്‍ ഇ.എം.എസ് പങ്കെടുത്തിട്ടുണ്ട്; സംസാരിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയുണ്ട്. പക്ഷേ, ആ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇ.എം.എസ്സിനെ പുറത്ത് നിര്‍ത്തേണ്ട ആവശ്യമുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. ഇ.എം.എസ്സിനെ അങ്ങനെ ഒരു ഭീഷണിയായിട്ട് അവര്‍ കണ്ടില്ല. ഇ.എം.എസ് നിയമസഭയില്‍ പോയി (പുറത്തായിരുന്നു) ചര്‍ച്ചകളിലൊക്കെ പങ്കെടുത്തു. എന്നിട്ട് ഒരു കാരണം പറഞ്ഞ് അതില്‍ നിന്ന് തടിയൂരാന്‍ ശ്രമിക്കുകയാണ്. അതൊക്കെയാണ് ഇതിനകത്തുള്ള സത്യസന്ധതയില്ലായ്മയുടെ ലക്ഷണം.
ഇപ്പോള്‍ കുറേ കൂടി സത്യസന്ധമായ നിലപാടാണ്. കേരളത്തിന്റെ പശ്ചാത്തലത്തില്‍ പ്രായോഗികമല്ല എന്നാണ് പറയുന്നത്. പ്രായോഗികമല്ല എന്നു പറഞ്ഞാല്‍ ഇതു ചെയ്യാനുള്ള ഇച്ഛാശക്തി കേരള സര്‍ക്കാറിനില്ല എന്നാണ്. നിയമം നടപ്പാക്കാനുള്ള ഇച്ഛാശക്തി ഇല്ല. അതു ചെയ്താല്‍ കുഴപ്പമുണ്ടാവില്ല എന്ന് തെളിയിക്കാനുള്ള വസ്തുതകള്‍ നമ്മുടെ പക്കലുണ്ട്. ആ നിയമം നിലനിന്ന കാലത്ത് ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചു കിട്ടാന്‍ അപേക്ഷ സമര്‍പ്പിക്കാം. ആ അപേക്ഷകളിന്മേല്‍ തീര്‍പ്പു കല്‍പ്പിക്കാനായി ട്രൈബ്യുണല്‍ ഉണ്ടാക്കാം. ട്രൈബ്യുണല്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. അവര്‍ക്ക് ആദിവാസികള്‍ പരാതി കൊടുത്തിരുന്നു. അതില്‍ ചിലത് പരിഗണിച്ച് കോടതി തീര്‍പ്പുകളും കല്‍പ്പിച്ചു. ഭൂമി തിരിച്ചു കൊടുക്കാനായി കോടതി ഉത്തരവ് വന്നു. പിന്നീട് അത് നടപ്പാക്കാനുള്ള ഇച്ഛാശക്തിയാണ് ഇല്ലാതെ പോയത്. വേണമെന്നു വച്ചാല്‍ ഇതൊക്കെ ചെയ്യാം.
എങ്ങനെയാണ് ആദിവാസി ഭൂമി അന്യാധീനപ്പെടുന്നത്? അതിന് പറയുന്നത് പല ന്യായങ്ങളാണ്. പല തലമുറകള്‍ കൈമാറിയതാണ്, ഞങ്ങള്‍ കാശു കൊടുത്തു വാങ്ങിയതാണ്, ഞങ്ങളുടെ അവകാശം സംരക്ഷിക്കണം, പല കൈ മറിഞ്ഞതാണ് എന്നിത്യാദി ന്യായങ്ങള്‍. നിയമം അവതരിപ്പിച്ചത് ബേബി ജോണ്‍ ആണ്. ബേബി ജോണ്‍ തന്റെ അന്നത്തെ പ്രസംഗത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്, പലരെയും കള്ളു കൊടുത്തും ചാരായം കൊടുത്തുമാണ് പറ്റിച്ചത് എന്ന്. ആദിവാസികളെ വഞ്ചിക്കുകയായിരുന്നു. കാശു കൊടുത്തിട്ടാണ് ഇതു വാങ്ങിയതെങ്കിലും അതു മോഷ്ടിച്ചതായാണ് കണക്കാക്കുന്നത്. മറ്റൊരുകാര്യം, ആദിവാസികള്‍ക്ക് ഈ ഭൂമിയുടെ മേലില്‍ കൈവശാവകാശമാണുള്ളത്. അവര്‍ക്ക് പട്ടയമില്ല. പട്ടയമില്ലാത്ത ഭൂമി വില്‍ക്കാനും വാങ്ങാനും പറ്റില്ല. എങ്ങനെയാണ് ഇവരീ ഭൂമി വാങ്ങിയത്? എങ്ങെനെയാണ് വാങ്ങിയതായി രേഖ ഉണ്ടാക്കുന്നത്? അത് അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ സഹായത്തോടു കൂടിയാണ്.
അപ്പോള്‍ ഈ സമ്പ്രദായം മുഴുവന്‍ മുന്നോട്ടു പോകുന്നത് അഴിമതിയുടെ പുറത്ത് മാത്രമാണ്. അതിനെതിരെ നടപടിയെടുക്കാന്‍ കഴിയുന്നില്ല. അതൊക്കെ കൊണ്ടാണ് ഞാന്‍ പറയുന്നത്, നമ്മുടെ സമൂഹത്തിലിന്ന് കാര്യങ്ങളുടെ സുഗമമമായ നടത്തിപ്പിന്ന് ആവശ്യമായ മിനിമം സത്യസന്ധത ഇല്ല. അതാണ് നമ്മള്‍ നേരിടുന്ന ഒരു വലിയ പ്രശ്‌നം. പിന്നെ അടുത്ത കാലത്ത് ഇരുമുന്നണികളുടെയും താല്‍പര്യം ഒന്നാവുകയും അവര്‍ ഒരേ തരത്തിലുള്ള സമീപനം സ്വീകരിക്കുന്നവരാവുകയും ചെയ്തതോടു കൂടിയാണ് പുതിയ പ്രസ്ഥാനങ്ങള്‍ കടന്നു വരുന്നത്; നവസാമൂഹിക പ്രസ്ഥാനങ്ങളൊക്കെ.
ആദിവാസികളാണ് സ്വന്തം നേതൃത്വം ഉണ്ടാക്കിയ ആദ്യത്തെ വിഭാഗമെന്നുപറയാം. ജാനുവിന്റെ നേതൃത്വം. സ്വന്തമായ നേതൃത്വം. പിന്നീടിപ്പോള്‍ ദലിതരുടെ ഭാഗത്തു നിന്നും അത്തരം നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ രണ്ടു വിഭാഗങ്ങളും സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്ന വിഭാഗങ്ങളാണ്. ഇടതു പക്ഷത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചവരാണ്. യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷം ആത്മാര്‍ഥത തെളിയിക്കേണ്ടത് ഇവരുടെ വിഷയത്തിലാണ്. അടിസ്ഥാനവര്‍ഗത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടി ഇവരോട് നീതി കാട്ടിയില്ല എന്നതിന് പരിഹാരമായി അവര്‍ അവരുടേതായ ആദിവാസി സംഘടനയുണ്ടാക്കി. ഇപ്പോള്‍ വയനാട് സമരം നടക്കുന്നു. അത് ആദിവാസികളുടെ സമരമെന്നാണ് പറയുന്നത്. പക്ഷേ സി.പി.എം ജില്ലാ സെക്രട്ടറി അവിടെ നില്‍ക്കാതെ ഒരു സമരവും നടക്കുന്നില്ല. കാരണം അവരുണ്ടാക്കിയ ആദിവാസി നേതൃത്വങ്ങളൊന്നും ശക്തിയുള്ള നേതൃത്വങ്ങളല്ല. ജാനുവിന്റെ മാതിരി സ്വന്തമായി ഒരു സമരം നയിക്കാനുള്ള ശേഷിയുള്ള വിഭാഗമല്ല അവര്‍. അവര്‍ ശരിയായ അടിമകളാണ്. അവരിപ്പോള്‍ പാര്‍ട്ടിയുടെ അടിമത്തം സ്വീകരിച്ചിരിക്കുന്നു എന്ന വ്യത്യാസം മാത്രമേ ഉള്ളൂ.
സമരത്തില്‍ ഞാന്‍ എം പി വീരേന്ദ്രകുമാറിന് എതിരാണ്. വീരേന്ദ്രകുമാറിന്റെ കൈയിലിരിക്കുന്ന ഭൂമിയെ കുറിച്ച് സംശയമുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ കഴിവുള്ളത് സര്‍ക്കാറിനാണ്. എം.പി വീരേന്ദ്രകുമാറിന്റെ അവകാശവാദങ്ങള്‍ പലതും സംശയാസ്പദമാണ്. അദ്ദേഹം പറയുന്നത് തന്റെ അച്ഛന് കൊടുത്ത ഭൂമിയാണെന്നാണ്. അത് ബ്രിട്ടീഷ് ഗവണ്‍മെന്റ് യുദ്ധകാലത്ത് സ്വീകരിച്ച ഒരു നടപടിയാണ്. കൃഷിഭൂമിയായിട്ട് വനപ്രദേശത്തിലെ ചില നിശ്ചിത ഭാഗം അനുവദിക്കുക. അത് കൊടുത്തപ്പോള്‍ തന്നെ അതില്‍ നിബന്ധന എഴുതി വച്ചിട്ടുണ്ട്, നിശ്ചിത കാലാവധി കഴിഞ്ഞയുടനെ അത് തിരിച്ചെടുക്കുമെന്ന്. കേരളത്തില്‍ തിരുവിതാംകൂറും ഇതേ പാറ്റേണിലേക്ക് പോയി. ബ്രിട്ടീഷുകാര്‍ ചെയ്യുന്നതിന്റെ തുടര്‍ച്ചയായിട്ടാണ് ഇതു ചെയ്യുന്നത്. തിരുവിതാംകൂര്‍ സര്‍ക്കാര്‍ 10000 ഏക്കര്‍ ഭൂമി കൃഷിക്കായി കൊടുക്കാന്‍ തീരുമാനിച്ചു. അവിടെയും ഈ കണ്ടീഷന്‍ ഉണ്ടായിരുന്നു. അതേ തുടര്‍ന്നുള്ള തര്‍ക്കം കൊച്ചിയിലും തിരുവിതാംകൂറിലുമൊക്കെ ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ്സിനകത്ത് ഇതിന് എതിര്‍പ്പുണ്ടായിരുന്നു. പിന്നീട് എല്ലാവരുടെയും താല്‍പര്യങ്ങള്‍ ഒന്നായതിന് ശേഷം പുതിയ സമരസംഘടനകള്‍ വരികയാണ്. അതിനെ ഒതുക്കുന്ന കാര്യത്തില്‍ ഇവരെല്ലാവരും ഒന്നിക്കുകയാണ്. ആദിവാസി സമരം നടക്കുമ്പോഴാണ് ഒരു മാറ്റം നടക്കുന്ന ഘട്ടം നമുക്ക് കാണാനാവുന്നത്.
വീരേന്ദ്രകുമാര്‍ ഇത്രയും കാലം ഇടതുപക്ഷത്തിന്റെ കൂടെയായിരുന്നു. അന്നൊന്നും ഭൂമിയെ സംബന്ധിച്ച പ്രശ്‌നമില്ലായിരുന്നു. ഇടതുമുന്നണി വിട്ട ഉടനെയാണ് ഇതു പ്രശ്‌നമാകുന്നത്. നിലപാടുകളില്‍ സത്യസന്ധതയില്ല എന്നതാണ് അടിസ്ഥാനപരമായ പ്രശ്‌നം. ഇപ്പോള്‍ റോഡ് പ്രശ്‌നത്തിലും അങ്ങനെയാണ്. അവിടെയും ഇവര്‍ രണ്ടുകൂട്ടരും കൂടി ഒന്നിക്കുന്ന കാഴ്ചയാണ്. ആദ്യം സിപിഎം എതിരായിരുന്നു, ഭൂമി കൊടുക്കലിനൊക്കെ. വളരെ അടുത്ത കാലത്താണ് അവര്‍ മാറിയത്. തൊണ്ണൂറുകളുടെ അവസാനമാകുമ്പോഴാണ് അവരുടെ വികസന നിലപാടുകള്‍ മാറുന്നത്. അവരും കരാറുകാരും തമ്മിലുള്ള ബന്ധം മാറുന്നതും. അതിനു മുമ്പ് നമ്മുടെ നാട്ടില്‍ കരാറുകാരുമായി ബന്ധം കൂടുതല്‍ കോണ്‍ഗ്രസ്സുകാര്‍ക്കാണ്. അതില്‍ മാറ്റം വന്നു. സമ്പന്നര്‍ സി.പി.എമ്മുമായുള്ള ബന്ധം വര്‍ദ്ധിപ്പിച്ചു. അങ്ങനെ അവരുടെ വികസന സമീപനവും മാറുകയായി. കാശ് എവിടെ നിന്ന് കിട്ടിയാലും വാങ്ങുക എന്ന സമീപനമായി. ഇപ്പോള്‍ ഓരോ പദ്ധതിയിലും ഗുണഭോക്താവിലെത്തുന്നത് ചെറിയ ശതമാനമാണ്. ബാക്കിയെല്ലാം കരാറുകാരും രാഷ്ട്രീയക്കാരും തമ്മില്‍ വീതിക്കുകയാണ്. പിന്നെ സമരപ്രസ്ഥാനങ്ങളെ നേരിടുന്ന കാര്യമാണ്. മുത്തങ്ങയില്‍ കണ്ടതു തന്നെയാണ് നമ്മള്‍ കിനാലൂരിലും കാണുന്നത്. ഭരണകൂട ശക്തി ഉപയോഗിച്ച് പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. ആ സമീപനം പഴയ സമീപനത്തിന്റെ തുടര്‍ച്ചയാണ്. അതായത്, കൊളോണിയല്‍- ഫ്യൂഡല്‍ നടപടികളുടെ തുടര്‍ച്ച.

മുമ്പ് സവര്‍ണ വിരുദ്ധ രാഷ്ട്രീയത്തിന്റെ മുന്നണിയായിരുന്ന ഇടതുപക്ഷം തന്നെയാണ് ഇന്ന് വികസന രാഷ്ട്രീയത്തിലും ഭൂമി രാഷ്ട്രീയത്തിലും പ്രതിസ്ഥാനത്തു നില്‍ക്കുന്നത്. നവസാമൂഹിക പ്രസ്ഥാനങ്ങളടക്കമുള്ള പുതിയ പ്രതിപക്ഷത്തെ, ജനപക്ഷത്തെ അടിച്ചമര്‍ത്താന്‍ ഇടതു പക്ഷം തന്നെ ശ്രമിക്കുന്നു. എന്താണ് ഇതിന്റെ ഒരു പശ്ചാത്തലം?
സി.പി.എമ്മിന്റെ സമീപനത്തില്‍ വന്നിരിക്കുന്ന മാറ്റം, അതിന്റെ സ്വഭാവത്തിലും ഘടനയിലും വന്ന മാറ്റത്തിന്റെ ഭാഗമാണ്. ഇന്ന് അത് ഒരു അടിസ്ഥാനവര്‍ഗ പാര്‍ട്ടിയല്ല. അടിസ്ഥാനവര്‍ഗ പാര്‍ട്ടിയായിരിക്കുന്ന കാലത്തു പോലും അതിന്റെ നേതൃത്വം ഉപരിവര്‍ഗത്തിന്റെ കയ്യിലായിരുന്നു. ഇന്ത്യയിലൊട്ടാകെ അങ്ങനെയാണ്. കേരളത്തിലൊരുപക്ഷേ ഇതല്‍പ്പം കുറവായിരുന്നു ആദ്യം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പല വിഭാഗങ്ങളുടെ പ്രതിനിധികളുണ്ടായിരുന്നു. പക്ഷേ അതിലൊരു മാറ്റം വരുന്നത് '57നു ശേഷമാണ്. '57നു ശേഷം ഇ.എം.എസ്സിന്റെ സര്‍വ്വാധിപത്യത്തിനു കീഴിലാണ് അതു വരുന്നത്. എം.പി നാരായണ പിള്ള, പി.ജിയും ഇ.എം.എസ്സുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞതുപോലെ, പി.ജിക്ക് നമ്പൂതിരിയുടെ നായര്‍ കാര്യസ്ഥനായിട്ടേ നില്‍ക്കാന്‍ കഴിയുകയുള്ളു. അതേ മാതിരിയുള്ള ഒരു ബന്ധമാണ് ഇ എം എസ്സ് ആധിപത്യത്തിനു ശേഷം സി പി എമ്മിലുള്ളത്. ഇ.എം.എസ്സിന്റെ നയമാണ് പാര്‍ട്ടിയുടെ സംവരണ നയം. സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണനയം. '57ല്‍ തുടങ്ങിയതാണെങ്കിലും '90 അടുക്കമ്പോഴാണ് പാര്‍ട്ടിയെ തന്റെ കാഴ്ചപ്പാടിലേക്കെത്തിക്കാനായത്. ആ സവര്‍ണാധിപത്യ സമീപനം പിന്നീട് വരുന്നതാണ്.
അമ്പതുകള്‍ക്കു ശേഷം 60-70 കളില്‍ ആണ് സിപി എമ്മിനകത്ത് ഈ സവര്‍ണ്ണ മൂല്യബോധവും ആധിപത്യവും വരുന്നത്. '40കളിലും '50കളിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അങ്ങനെ കാണാന്‍ കഴിയില്ല. പി. കൃഷ്ണപിള്ളയും എ.െക.ജിയുമൊക്കെ സാമൂഹ്യ പരിഷ്‌കരണത്തിന്റെ ഭാഗമായി വന്ന നേതാക്കളാണ്. അങ്ങനെയല്ലാത്ത ഒരു നേതാവ് ആണ് ഇ.എം.എസ്. ഗുരുവായൂര്‍ സത്യാഗ്രഹത്തെക്കുറിച്ച് അദ്ദേഹം തന്റെ ആത്മകഥയില്‍ പറയുന്നുണ്ട് , അന്ന് സമരത്തിന്റെ പ്രസക്തി മനസ്സിലായില്ല എന്ന.് ക്ഷേത്രങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വേണമെന്ന് തോന്നിയില്ല എന്നും അദ്ദേഹം പറയുന്നു. അതേ സമയം എ.കെ.ജിയാണെങ്കില്‍ സമരത്തില്‍ പങ്കെടുത്ത ആളാണ്. ഇപ്പുറത്താണെങ്കില്‍ പി. കൃഷ്ണപിള്ള വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത ആളാണ്. അടിത്തട്ടിലുള്ള നവോത്ഥാന സമരങ്ങളുമായി ബന്ധമുള്ള ആളുകളാണവര്‍. നമ്പൂതിരിപ്പാടിന്റെ നവോത്ഥാനമെന്ന് പറയുന്നത് നമ്പൂതിരി നവോത്ഥാനം മാത്രമാണ്. അതിനപ്പുറമുള്ള ഇടപെടല്‍ അദ്ദേഹത്തിനില്ല. ഇടപെട്ടില്ല എന്നു മാത്രമല്ല വലിയ അറിവും അദ്ദേഹത്തിനില്ലായിരുന്നു. അദ്ദേഹം തന്നെ സമ്മതിച്ചതാണ്. തന്റെ പുസ്തകത്തില്‍ അയ്യങ്കാളിയെ കുറിച്ച് പരാമര്‍ശിക്കാത്തതിന്റെ കാരണമായി പറഞ്ഞത് തനിക്കറിയില്ലായിരുന്നു എന്നാണ്. അയ്യങ്കാളിയെ കുറിച്ച് അറിയാതെയാണ് ഈ തത്ത്വങ്ങളൊക്കെ അവതരിപ്പിക്കുന്നത്.
ഈയടുത്താണ് സി പി എമ്മിന്റെ ഐഡിയലോഗ് എന്നു പറയാവുന്ന പി.ജി, വൈകുണ്ഡ സ്വാമിയുടെയും അയ്യങ്കാളിയുടെയും പ്രസ്ഥാനങ്ങളെ കുറിച്ചൊക്കെ എഴുതുന്നത്. അപ്പോള്‍ നമ്പൂതിരിപ്പാടിന്റേത് തീര്‍ത്തും സവര്‍ണ്ണസാമൂഹിക പ്രസ്ഥാനത്തില്‍ നിന്ന് സവര്‍ണ്ണ രാഷ്ട്രീയത്തിലേക്കുള്ള ഒരു ചുവടുമാറ്റമായിരുന്നു. ആ സമയത്ത് വി.ടി ഭട്ടതിരിപ്പാട് ശ്രമിച്ചത് ഒരു ജാതിരഹിത സമൂഹത്തിനു വേണ്ടിയാണ്. ഒരു കമ്യൂണ്‍ ഉണ്ടാക്കുക. പക്ഷേ അതില്‍ നിന്ന് ഇ.എം.എസ്സ് വിട്ടു പോയി. നമ്പൂതിരിമാരെയും കൊണ്ടു പോയി. വി.ടി ഒറ്റക്കായി. യഥാര്‍ഥത്തില്‍ ശരിയായ നവോത്ഥാനം നയിക്കാന്‍ കഴിവുള്ള ഒരു നേതൃത്വം വി ടിയില്‍ ഉണ്ടായിരുന്നു. പക്ഷേ അതിന് തുരങ്കം വെച്ചു ഇദ്ദേഹത്തിന്റെ ചുവട് മാറ്റം.

കേരളത്തിലെ സമകാലിക രാഷ്ട്രീയ പശ്ചാത്തലം രൂപ്പെട്ടു വരുന്നത് 80കളിലാണെന്ന് പറയാം. നവസാമൂഹിക പ്രസ്ഥാനങ്ങളും അടിസ്ഥാന വര്‍ഗ പ്രസ്ഥാനങ്ങളും ശക്തിപ്പെട്ടു വരികയായിരുന്നു. സൈലന്റ് വാലി സമരം പോലുള്ള ജനപക്ഷ മുന്നേറ്റങ്ങളുണ്ടായി. ന്യൂനപക്ഷരാഷ്ട്രീയത്തില്‍ പുതിയ വികാസങ്ങള്‍. സമാന്തരമായിതന്നെ പരോക്ഷവും പ്രത്യക്ഷവുമായ സവര്‍ണ്ണമുന്നേറ്റങ്ങള്‍ ഉണ്ടായി. ഇന്നത്തെ രാഷ്ട്രീയാവസ്ഥ ആത്യന്തികമായി സവര്‍ണ്ണതയും ജനപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലാണെന്ന് പറയാമോ?
ഈയൊരു മാറ്റം '67 മായി താരതമ്യം ചെയ്യണം. അക്കാലത്ത് കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ സമരം വന്നു. ആ സമരത്തിലാണ് ധാരാളം ജാതിമതശക്തികള്‍ മുന്നോട്ട് വരുന്നത്. ക്രൈസ്തവ സഭയുടെ താല്‍പര്യം സ്‌കൂളുകള്‍ക്കു മേലുള്ള അധികാരവുമായി ബന്ധപ്പെട്ടായിരുന്നു. നായര്‍ സമുദായത്തിനാകട്ടെ ഭൂപരിഷ്‌കരണമുണ്ടാക്കിയ അലോസരങ്ങളായിരുന്നു പ്രശ്‌നം. അത് അനാവശ്യമായിരുന്നു എന്നാണ് എന്റെ കണക്കു കൂട്ടല്‍. കാരണം, ഭൂപരിഷ്‌കരണത്തിന്റെ ഗുണഭോക്താക്കളും നായന്മാര്‍ തന്നെയാണ്. തിരുവിതാംകൂര്‍ ഭാഗത്ത് ഭൂവുടമകള്‍ നായന്മാര്‍ ആയിരുന്നെങ്കിലും പ്രധാന ഗുണഭോക്താക്കള്‍ നായന്മാര്‍ തന്നെയായിരുന്നു. പക്ഷേ എന്‍.എസ്.എസ് ജന്മിയായ നായരുടെ കൂടെയാണ് നില്‍ക്കുന്നത്; കുടിയാനായ നായരോടൊപ്പമല്ല. മലബാറില്‍ അതിന്റെ ഗുണഭോക്താക്കള്‍ മുസ്‌ലിംകള്‍ ആണ്; എന്റെ നാട്ടിലൊക്കെ ക്രിസ്ത്യാനികളും. പക്ഷേ, ആത്യന്തികമായി ഭൂപരിഷ്‌കരണം നായര്‍ സമുദായത്തിന് ദോഷകരമല്ല എന്നാണ് എന്റെ അഭിപ്രായം. പക്ഷെ നായര്‍ നേതൃത്വം അങ്ങനെയല്ല കണ്ടത്. സാമ്പത്തികശേഷിയുള്ള നായന്മാര്‍ക്ക് അത് ദോഷം ചെയ്യുമോ എന്നാണവര്‍ നോക്കിയത്.
ഭൂപരിഷ്‌കരണം കൊണ്ട് ജന്മിത്വം അവസാനിച്ചുവോ എന്നതും ചോദ്യം ചെയ്യപ്പെടേണ്ട ഒന്നാണ്. ജന്മിത്വം നശിച്ചു കൊണ്ടിരിക്കുകയായിരുന്നു. സി.പി.ഐ അധികാരത്തില്‍ വരുന്നതിനു മുമ്പു തന്നെ, 40-50കളിലെ സാഹിത്യം തന്നെ എടുത്തു നോക്കിയാല്‍ മനസ്സിലാകും. അതിലീ പ്രശ്‌നങ്ങളൊക്കെ കൈകാര്യം ചെയ്യുന്നുണ്ടല്ലോ. അതൊക്കെ കാണിക്കുന്നത് മരിച്ചുകൊണ്ടിരിക്കുന്ന ജന്മിത്വം ആണ്. അങ്ങനെ നശിച്ച ജന്മിത്വത്തില്‍ നിന്നുള്ള യുവാക്കളാണ് ഈ പ്രസ്ഥാനങ്ങളിലേക്കൊക്കെ പോയത്. അപ്പോള്‍ ജന്മിത്വം നശിച്ചത് ഇതിന്റെ ഫലമായിട്ടല്ല. പിന്നെ ഭൂപരിഷ്‌കരണം തന്നെ ഒടുവില്‍ നടപ്പാകുന്നത് 70കളിലാണ്. 70കളാണ് യഥാര്‍ഥത്തില്‍ മാറ്റത്തിന്റെ ശരിയായ ഘട്ടം. അതിനു മുമ്പാണ് ഈ വര്‍ഗീയ ശക്തികള്‍ ശക്തി പ്രാപിക്കുന്നത്.
'70കള്‍ വരുമ്പോള്‍ അതിന് ഒരു വെല്ലുവിളിയായി വരുന്നത് ഇടതു തീവ്രവാദമാണ്. അത് ഒരുപാട് ചെറുപ്പക്കാരെ ആകര്‍ഷിക്കുകയൊക്കെ ചെയ്തു. പക്ഷേ അപ്പോഴേക്കും കേരള സമൂഹം മാറിക്കഴിഞ്ഞു. നക്‌സല്‍ പ്രസ്ഥാനം പരാജയപ്പെടാനുള്ള കാരണം ശരിക്കും പഠനവിധേയമാക്കിയിട്ടുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. '70കളാവുമ്പോഴേക്കും കേരള സമൂഹം ഒരു മധ്യ വര്‍ഗ സമൂഹമായി മാറിക്കൊണ്ടിരുന്നു. എല്ലാവരും മാറിയില്ലെങ്കിലും അവരുടെ ബോധം മധ്യവര്‍ഗബോധം ആയി. അടിത്തട്ടിലുള്ളവരുടെ മോഹവും മധ്യവര്‍ഗമാവുക എന്നതായി.
മധ്യവര്‍ഗമാകാന്‍ ആഗ്രഹിച്ചു കൊണ്ടിരിക്കുന്ന കേരളത്തിലാണ് ഇടതു തീവ്രവാദം അന്ന് വരുന്നത്. അപ്പോള്‍, പോലീസ് നടപടി കൊണ്ട് മാത്രമാണ് അത് തകര്‍ന്നത് എന്നു പറയുന്നതില്‍ എനിക്ക് വിശ്വാസമില്ല. തീര്‍ച്ചയായും അത് അടിച്ചമര്‍ത്തപ്പെട്ടു. അടിയന്തരാവസ്ഥയായപ്പോഴേക്കും അത് ഭീകരമായ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമായി. പക്ഷേ അങ്ങനെയുള്ള അടിച്ചമര്‍ത്തലുകള്‍ കഴിഞ്ഞതിനു ശേഷവും ഉയിര്‍ത്തെഴുന്നേറ്റിട്ടില്ലേ ഒരുപാട് പ്രസ്ഥാനങ്ങള്‍. എന്തുകൊണ്ടാണ് നക്‌സലൈറ്റ് പ്രസ്ഥാനങ്ങള്‍ക്ക് തിരിച്ചു വരാനാകാത്തത്? അവരൊക്കെ ഏതെല്ലാം ദിക്കിലാണ് ചെന്നടിഞ്ഞത്? അപ്പോഴേക്കും മധ്യവര്‍ഗീകരണം തുടങ്ങിക്കഴിഞ്ഞിരുന്നു. ഭൂമിയുള്ളവര്‍ അത് വിറ്റിട്ട് മധ്യവര്‍ഗമോഹം സഫലമാക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതലായി വന്നു. ഇങ്ങനെ മധ്യവര്‍ഗീകരണ പ്രക്രിയക്ക് ആക്കം കൂടുകയും സമൂഹം മാറാന്‍ തുടങ്ങുകയും ചെയ്തു.
അന്ന് തുടങ്ങിയ മാറ്റത്തിന്റെ ഫലമായിട്ടാണ് ഇന്നത്തെ കേരള സമൂഹം രൂപപ്പെടുന്നത്. അടിസ്ഥാനപരമായി ഒരു മധ്യവര്‍ഗ സമൂഹമായി നമ്മള്‍ മാറുകയാണ്. ഈ മധ്യവര്‍ഗത്തിനകത്ത് എങ്ങനെ സവര്‍ണ മൂല്യങ്ങള്‍ പ്രവേശിക്കുന്നു എന്ന് ഇപ്പോള്‍ നടക്കുന്നതും കൂടി വിലയിരുത്തുമ്പോള്‍ കുറച്ച് കൂടി വ്യക്തമാകും. മാധ്യമങ്ങളുടെ സ്വാധീനം ഒരു വിഷയമാണ്. മലയാളത്തില്‍ ആദ്യകാലത്തും രാമായണത്തിന് നല്ല പ്രാധാന്യമുണ്ടായിരുന്നു. ഇന്നും നമ്മുടെ ടെലിവിഷനില്‍ അതേ മാതിരിയുള്ള കഥകളാണ്. ദേവീ മാഹാത്മ്യം പോലെ... അത് പ്രദര്‍ശിപ്പിക്കുന്നത് തെറ്റല്ല. പക്ഷേ, അതിനെ കൈകാര്യം ചെയ്യുന്ന രീതി സവര്‍ണ മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന തരത്തിലാണ്. ആധുനിക ചിന്തയുടെ അടിസ്ഥാനത്തിലുള്ള രൂപപ്പെടുത്തലുകളൊന്നും നടക്കുന്നില്ല. എഴുത്തിലൊക്കെ ചിലതു നടക്കുന്നുണ്ട്. പക്ഷേ, ഇപ്പോഴും നാമിതൊക്കെ ഉപയോഗിക്കുമ്പോള്‍, ഫ്യൂഡല്‍ കാലത്തിനും അതിനു മുമ്പും ഉള്ള മൂല്യങ്ങളെ ഇവിടെ സ്ഥാപിക്കുകയാണ്. ഇത് നമ്മുടെ കാലത്തിന് അനുയോജ്യമല്ല എന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഇതുകൊണ്ടാണ് പറയുന്നത് നമ്മള്‍ കൊണ്ട് നടക്കുന്ന മുല്യ വ്യവസ്ഥ ഫ്യൂഡല്‍ മൂല്യവ്യവസ്ഥയാണെന്ന്.
(തുടരും)

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly