>>വിശകലനം
ഇസ്‌ലാമിക പൈതൃക വിമര്‍ശം
അബൂ സൈദ് മുതല്‍ അര്‍കൂന്‍ വരെ
വി.എ കബീര്‍
മുഹമ്മദ് ജാബിറുല്‍ ആബിദി(മൊറോക്കോ), നസ്വ്ര്‍ ഹാമിദ് അബൂ സൈദ് (ഈജിപ്ത്) എന്നീ പ്രമുഖരായ ബുദ്ധിജീവികള്‍ക്ക് പിന്നാലെ ഇതാ ഇപ്പോള്‍ മുഹമ്മദ് അര്‍കൂനും (അള്‍ജീരിയ) ഭൗതിക ജീവിതത്തോട് വിടപറഞ്ഞിരിക്കുന്നു. 82-ാമത്തെ വയസ്സില്‍ കഴിഞ്ഞ് സെപ്റ്റംബര്‍ 11-നാണ് തന്റെ രണ്ടാം 'ജന്മദേശ'മായ പാരീസില്‍ വെച്ച് മുഹമ്മദ് അര്‍കൂനിന്റെ അക്കാദമിക ജീവിതത്തിന് തിരശ്ശീല വീഴുന്നത്. ഒരു മാസത്തിനുള്ളില്‍ തുടരെത്തുടരെ ധിഷണയുടെ ഈ ഇലപൊഴിച്ചല്‍ യാദൃഛികമാവാം. എന്നാല്‍ അമ്പരപ്പിക്കുന്ന മറ്റൊരു യാദൃഛികത കൂടി മൂവരുടെയും വ്യക്തിസത്തയെ പൊതിഞ്ഞു നില്‍ക്കുന്നുണ്ട്. അവരുടെ ധൈഷണിക വ്യവഹാരമണ്ഡലങ്ങളില്‍ പരസ്പരം സന്ധിക്കുന്ന ബിന്ദുക്കളാണവ. അറബ്- ഇസ്‌ലാമിക ധിഷണയുടെ ചരിത്രപരവും സമകാലികവുമായ വിശകലനങ്ങളാണ് ആബിദിയുടെയും അര്‍കൂനിന്റെയും കൃതികളിലെ മുഖ്യ പ്രമേയം. ആബിദി അറബിയിലെഴുതിയപ്പോള്‍ അര്‍കൂന്‍ ഫ്രഞ്ചിലെഴുതി. രണ്ട് പേരുടെയും രചനകളില്‍ അറബ് ധിഷണയുടെ ജഡത്വവും നവകാല സംവേദന രാഹിത്യവും നിശിതമായ വിമര്‍ശനത്തിന് വിധേയമായി. വേദപാഠങ്ങളെ പുതിയ ജ്ഞാനപദ്ധതികളുടെ 'തീര്‍ഥ'ത്തില്‍ സ്‌നാനം ചെയ്‌തെടുക്കുന്ന സാഹസവും ഇരുവരുടെയും ബൗദ്ധിക വ്യായാമങ്ങളെ സവിശേഷമാക്കുന്നു. ഖുര്‍ആന്‍ മൂലപാഠ(Text)ങ്ങളുടെ പുതിയ വായനതന്നെയാണ് മുസ്‌ലിം ബ്രദര്‍ഹുഡ് സ്‌കൂളില്‍നിന്ന് മാര്‍ക്‌സിയന്‍ ഇടതുപക്ഷ ദര്‍ശനത്തിലേക്ക് വളര്‍ന്ന നസ്വ്ര്‍ ഹാമിദ് അബൂ സൈദിന്റെയും ഇഷ്ടഭൂമിക.
ഇസ്‌ലാമിന് മാര്‍ക്‌സിയന്‍ വ്യാഖ്യാനം
ഇസ്‌ലാമിനെ മാര്‍ക്‌സിയന്‍ വ്യാഖ്യാനത്തിലൂടെ സ്വീകാര്യമാക്കിത്തീര്‍ക്കാനുള്ള അബൂ സൈദിന്റെ 'സദുദ്ദേശ്യ'ത്തില്‍ ഇസ്‌ലാമിന്റെ തനിമയുടെ നീക്കി ബാക്കി എന്തായിരിക്കുമെന്ന ചോദ്യം പ്രസക്തമാണ്. യൂറോപ്യന്‍ നവോത്ഥാന യുക്തിയുടെ വെളിച്ചത്തില്‍ ഇസ്‌ലാമിനെ വായിക്കുന്നതിലെ ക്ലീബതയുടെ പരിമിതിയും ഇവരുടെ വിഷയ സമീപനങ്ങളിലുടനീളം നിഴലിക്കുന്നുണ്ട്. ഖുര്‍ആനെ മക്കയിലെ ഭൗതിക സാമൂഹിക സാഹചര്യങ്ങളുടെ സൃഷ്ടിയായാണ് നസ്വ്ര്‍ അബൂ സൈദ് കാണുന്നത്. ഇത് വാസ്തവത്തില്‍ ഖുര്‍ആന്റെ തന്നെ അവകാശവാദത്തിന്റെയും മുസ്‌ലിം ലോകത്തിന്റെ പരമ്പരാഗത വിശ്വാസത്തിന്റെയും എതിര്‍ദിശയില്‍ നില്‍ക്കുന്ന വായനയാണ്. ജീവിക്കുന്ന സമൂഹത്തില്‍ പ്രത്യക്ഷത്തില്‍ ഇത് സമ്മതിക്കാന്‍ പ്രയാസമുണ്ടാവുക സ്വാഭാവികമാണ്. അതുകൊണ്ടാണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അല്‍ജസീറ സംഘടിപ്പിച്ച ചാനല്‍ സംവാദത്തില്‍ നസ്വ്ര്‍ അബൂ സൈദ് ഈ ആരോപണത്തെ നിഷേധിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍നിന്ന് സമൃദ്ധമായി ഉദ്ധരിച്ച് ഡോ. മുഹമ്മദ് അമ്മാറ അദ്ദേഹത്തെ ഖണ്ഡിച്ചപ്പോള്‍ തന്റെ വാദമുഖങ്ങള്‍ ഉറപ്പിക്കാനല്ല അബൂ സൈദ് ശ്രമിച്ചുകണ്ടത്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ പ്രതിരോധ നില ദുര്‍ബലമായിപ്പോവുകയും അമ്മാറക്ക് അനായാസം തന്റെ നിലപാട് പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ സാധിക്കുകയും ചെയ്തു.
'ഇസ്‌ലാമിന് മാര്‍ക്‌സിസ്റ്റ് വ്യാഖ്യാനം' (അത്തഫ്‌സീറുല്‍ മാര്‍ക്‌സിയ്യുലില്‍ ഇസ്‌ലാം) എന്ന ശീര്‍ഷകത്തില്‍ അമ്മാറ എഴുതിയ പുസ്തകത്തിന്റെ ഉള്ളടക്കം അബൂ സൈദിന്റെ വാദമുഖങ്ങളുടെ വിശകലനമാണ്.
ആബിദിയുടെ അറബ് ധിഷണാ വിമര്‍ശം
അറബ് പൈതൃകത്തിന്റെ വിമര്‍ശം തന്നെയാണ് മൊറോക്കന്‍ ബുദ്ധിജീവിയായ ആബിദിയുടെയും മുഖ്യ സംഭാവന. നാല് വാള്യങ്ങളില്‍ പുറത്തിറങ്ങിയ 'നഖ്ദുല്‍ അഖ്‌ലില്‍ അറബി' (അറബ് ധിഷണയുടെ വിമര്‍ശം) എന്ന പുസ്തകത്തിലൂടെ, പൈതൃകവിഛേദത്തിലൂടെയല്ലാതെ മുസ്‌ലിം ലോകത്തിന്റെ ധൈഷണിക സ്വാതന്ത്ര്യവും ഭൗതിക മുന്നേറ്റവും സാധിതമാവുകയില്ലെന്ന് സമര്‍ഥിക്കാനാണ് ആബിദി ശ്രമിക്കുന്നത്. സിറിയയില്‍ ഉപരിപഠനം നടത്തുന്ന കാലത്തുതന്നെ സോഷ്യലിസ്റ്റ് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ആബിദി മൊറോക്കോവില്‍ തിരിച്ചെത്തിയപ്പോള്‍ അവിടത്തെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും അക്കാദമിക മേഖലയിലാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അക്കാദമിക വൃത്തങ്ങളില്‍ വിപുലമായി ചര്‍ച്ച ചെയ്യപ്പെട്ട ആബിദിയുടെ അറബ് ധിഷണ വിമര്‍ശത്തിന് അദ്ദേഹത്തിന്റെ തന്നെ ശിഷ്യന്മാരില്‍ നിന്നടക്കം മികച്ച ഖണ്ഡനങ്ങളുണ്ടായിട്ടുണ്ട്. ഇവയില്‍ ഏറ്റവും ശ്രദ്ധേയമായ ഖണ്ഡനമാണ് ജോര്‍ജ് ത്വറാബീശിയുടെ 'നഖ്ദുനഖ്ദില്‍ അഖ്‌ലില്‍ അറബി' (അറബ് ധിഷണാവിമര്‍ശത്തിനൊരു ഖണ്ഡനം) എന്ന കൃതി. ത്വാഹാ അബ്ദുര്‍റഹ്മാന്റെ 'തജ്ദീദുല്‍ മന്‍ഹജ് ഫീ തഖ്‌വീമിത്തുറാസൂം' (പൈതൃക വിശകലന പദ്ധതിയുടെ നവീകരണം) മികച്ച വൈജ്ഞാനിക നിലവാരം പുലര്‍ത്തുന്ന ഗ്രന്ഥമായാണ് അക്കാദമിക വൃത്തങ്ങളില്‍ പരിഗണിക്കപ്പെട്ടുപോരുന്നത്. ഈജിപ്തില്‍ കൊളോണിയല്‍ ആധുനികതയുടെ നവോത്ഥാന ചിന്തകളുമായി രംഗപ്രവേശം ചെയ്ത തലമുറയിലെ ഖാലിദ് മുഹമ്മദ് ഖാലിദിന്റെ ചുവട് പിന്‍പറ്റിയാണ് ആബിദിയുടെ ധൈഷണിക വ്യവഹാരങ്ങള്‍ തിടം വെച്ചു തുടങ്ങിയത്. ഖാലിദ് മുഹമ്മദിന്റെ 'മിന്‍ഹുനാ നബ്ദഉ' (ഇവിടെ നിന്ന് നമുക്ക് തുടങ്ങാം) എന്ന കൃതി ഈ ചിന്താ പ്രസ്ഥാനത്തിന്റെ പ്രധാന നാഴികക്കല്ലുകളിലൊന്നാണ്. എന്നാല്‍, എഴുപതുകളുടെ തുടക്കത്തോടെ ഖാലിദ് മുഹമ്മദ് അത്തരം ചിന്തകള്‍ ഉപേക്ഷിക്കുക മാത്രമല്ല ഇന്ന് 'രാഷ്ട്രീയ ഇസ്‌ലാം' എന്ന് പ്രതിയോഗികള്‍ പഴിക്കുന്ന മുസ്‌ലിം ബ്രദര്‍ ഹുഡ് പാളയത്തിലേക്ക് ചുവട് മാറുകയും ചെയ്തിരുന്നു. ദശകങ്ങള്‍ പിന്നിട്ട ജീവിതാന്ത്യത്തില്‍ ആബിദിക്കും നേരിയൊരു മനംമാറ്റമുണ്ടാകുന്നുണ്ട്. മതപരമായ വിഷയങ്ങളിലാണ് അദ്ദേഹത്തിന്റെ തൂലിക അവസാനകാലത്ത് കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തിയത്. ഖുര്‍ആന്റെ അവതരണ പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തില്‍ ക്രോഡീകരിച്ച 'അത്തഫ്‌സീറുല്‍ വാദിഹ്' (സുവ്യക്ത വ്യാഖ്യാനം) എന്ന ഖുര്‍ആന്‍ വ്യാഖ്യാനമാണ് ആബിദി ഒടുവിലെഴുതിയ കൃതി.
സോര്‍ബോണിന്റെ സന്തതി
മുഹമ്മദ് അര്‍കൂനിന്റെ വ്യക്തിത്വ രൂപവത്കരണത്തില്‍ വ്യത്യസ്ത സ്വത്വ ഘടകങ്ങളുടെ മിശ്രണം കണ്ടെത്താനാകും. ജന്മം കൊണ്ട് അള്‍ജീരിയക്കാരനാണെങ്കിലും ഫ്രാന്‍സിലാണ് അര്‍കൂന്‍ ജീവിതത്തിന്റെ ഗണ്യമായ ഭാഗം കഴിച്ചുകൂട്ടിയത്. അള്‍ജീരിയക്കാരനെന്ന നിലയില്‍ അറബിയാണെങ്കിലും വംശീയമായി അമാസഗിക്കാരന്‍. എന്നാല്‍ ചിന്തയൊക്കെ ചിന്തേരിയിട്ട് മിനുക്കിയെടുത്തത് ഫ്രഞ്ചില്‍. അള്‍ജീരിയയിലെ മഹ്‌റാനില്‍ വെള്ളക്കാരായ മിഷനറിമാരുടെ കീഴില്‍ സെക്കന്ററി വിദ്യാഭ്യാസം നേടി, അള്‍ജീരിയന്‍ യൂനിവേഴ്‌സിറ്റിയില്‍ തത്ത്വശാസ്ത്രം പഠിച്ച് ഫ്രാന്‍സിലെ സോര്‍ബോണ്‍ യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നേടിയ ശേഷം ജീവിതം തന്നെ ഫ്രാന്‍സിലേക്ക് പറിച്ചു നട്ടു; സോര്‍ബോണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് വിരമിച്ച ശേഷം കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലം രണ്ടായം ഭാര്യയുടെ ജന്മനാടായ മൊറോക്കോയിലാണ് അദ്ദേഹം കഴിച്ചുകൂട്ടിയത്. അര്‍കൂന്‍ എഴുതിയത് മുഴുവന്‍ ഫ്രഞ്ചിലാണ്. ഹാശിം സ്വാലിഹ്, മഹ്മൂദ് അസുബ് തുടങ്ങിയവരാണ് അദ്ദേഹത്തിന്റെ കൃതികള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തത്. ആദ്യമായി അറബിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ കൃതി 'അല്‍ ഫിക്‌റുല്‍ അറബി'യാണ്. മഹ്മൂദ് അസുബ് പരിഭാഷപ്പെടുത്തിയ 'അല്‍ അന്‍സിന വല്‍ ഇസ്‌ലാം' (ഇസ്‌ലാമും മനുഷ്യവത്കരണവും) ആണ് അദ്ദേഹം ഒടുവിലെഴുതിയ കൃതികളിലൊന്ന്. ചില അറബ് പത്രങ്ങളില്‍ പ്രസിദ്ധീകൃതമായ കോളങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഹാശിംസ്വാലിഹ് പരിഭാഷപ്പെടുത്തിയ 'അല്‍ ഫിക്‌റുല്‍ ഇസ്‌ലാമി: നഖ്ദുന്‍ വഇജ്തിഹാദ്' (ഇസ്‌ലാമിക ചിന്ത: വിമര്‍ശവും ഗവേഷണവും) എന്ന കൃതി(ലണ്ടനിലെ സാഖി പ്രസിദ്ധീകരിച്ചത്) മാത്രമേ അര്‍കൂനിന്റേതായി ഈ ലേഖകന് കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. 335 പേജുകളില്‍ പരന്നു കിടക്കുന്ന ദീര്‍ഘ സംഭാഷണങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കമെന്നതിനാല്‍ അര്‍കൂന്‍ ചിന്തകളുടെ ആത്മാവ് കണ്ടെത്താന്‍ അത് പര്യാപ്തമാണ്. ഇസ്‌ലാമിക ചിന്തയെ ഗ്രസിച്ചു നില്‍ക്കുന്നതായി അര്‍കൂന്‍ ആരോപിക്കുന്ന 'അടഞ്ഞ ഡോഗ്മകളുടെ തടവറ' തകര്‍ക്കുകയാണ് തന്റെ ദൗത്യമെന്ന് അദ്ദേഹം തുറന്ന് സമ്മതിക്കുന്നുണ്ട്.
മൂന്ന് വായനകള്‍
ഇസ്‌ലാമിക പഠനങ്ങള്‍ ഉദ്ദിഷ്ട വൈജ്ഞാനിക വിമര്‍ശന നിലവാരത്തിലെത്തുന്നില്ല എന്നതാണ് അറുപതുകളുടെ ആദ്യം മുതല്‍ക്കേ അര്‍കൂനിന്റെ അഭിപ്രായം. ഇസ്‌ലാമിക പാഠ(Texts)ങ്ങളുടെയും ഖുര്‍ആന്റെയും വായനയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പഠനങ്ങളെ അദ്ദേഹം മൂന്നായി വര്‍ഗീകരിക്കുന്നു. വിശ്വാസപരവും മതശാസ്ത്രപരവുമായ (Theological) വായനയാണ് ഒന്ന്. അദ്ദേഹം ക്ലാസ്സിക്കല്‍ ഇസ്‌ലാമിക്‌സ് എന്ന് വിളിക്കുന്ന ഓറിയന്റലിസ്റ്റ് വായനയാണ് രണ്ടാമത്തേത്. പ്രയുക്ത (Applied) ഇസ്‌ലാമിക്‌സ് എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നതാണ് മൂന്നാമത്തെ രീതി. ഈ മൂന്നാമത് പറഞ്ഞ രീതിശാസ്ത്രത്തിന്റെ വക്താവാണ് അര്‍കൂന്‍. കഴിഞ്ഞ നൂറ്റാണ്ടിലെ അറുപതുകളില്‍ പ്രത്യക്ഷപ്പെട്ട നവരീതി ശാസ്ത്രങ്ങളെ പിന്‍പറ്റുന്ന ഈ വായനയാണ് ശരിയായ രീതിയെന്ന് അദ്ദേഹം അവകാശപ്പെടുന്നു. വിശ്വാസാധിഷ്ഠിതവും മതശാസ്ത്രപരവുമായ വായന എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത് മുസ്‌ലിംകളുടെ വ്യാഖ്യാന പൈതൃകമാണ്. ഖുര്‍ആന്‍ സംബന്ധിയായ പ്രാചീനവും അര്‍വാചീനവുമായ രചനകളെല്ലാം ഇതില്‍ പെടുന്നു. ഈ വായനക്ക് രണ്ട് സവിശേഷതകള്‍ അദ്ദേഹം കാണുന്നു. അടഞ്ഞ പ്രമാണശാഠ്യങ്ങളുടെ (Dogmas) തടവറയിലാണ് അത് എന്നതാണ് ഒന്ന്. രണ്ടാമതായി ഭേദിക്കാന്‍ പാടില്ലാത്ത പവിത്രീകൃത പാഠങ്ങള്‍(Texts)ക്ക് സമാനമായ സുസമ്മത യഥാര്‍ഥ്യങ്ങളായി പ്രതിഷ്ഠിതമായിരിക്കുകയാണത്. നീത്‌ഷെ മൂല്യങ്ങളുടെ വിമര്‍ശനത്തിന് വളര്‍ത്തിയെടുത്ത പരിപ്രേക്ഷ്യത്തിലൂടെയും ജനിതകരീതി ശാസ്ത്രമുപയോഗിച്ചും അടിത്തറകള്‍ മാന്തി പ്രത്യക്ഷ യാഥാര്‍ഥ്യങ്ങളായി കരുതപ്പെടുന്ന ഈ സുസമ്മത പ്രമാണങ്ങളെ തകര്‍ക്കണമെന്ന് അര്‍കൂന്‍ വാദിക്കുന്നു.
ഓറിയന്റലിസ്റ്റ് വായനയെ സംബന്ധിച്ചേടത്തോളം അറബ്-ഇസ്‌ലാമിക ക്ലാസ്സിക്കുകളും അവയുടെ വിമര്‍ശനാത്മക പഠനങ്ങളും അച്ചടിയിലെത്തിക്കുന്നതില്‍ അത് വഹിച്ച സൃഷ്ടിപരമായ പങ്ക് സമ്മതിക്കുന്നതില്‍ അര്‍കൂന് വിരോധമൊന്നുമില്ല. നൂറ്റാണ്ടുകളോളം വിസ്മൃതിയിലായിരുന്ന ആ ക്ലാസ്സിക്കുകള്‍ വായനാ ലോകത്തെത്തിച്ചത് ഓറിയന്റലിസ്റ്റുകളാണ്. വിശകലനങ്ങളില്‍ കണിശമായ ഭാഷാ ശാസ്ത്ര (Philological) രീതിപദ്ധതികള്‍ അവലംബിച്ചു എന്നതാണ് ഓറിയന്റലിസ്റ്റ് വായനയില്‍ അര്‍കൂന്‍ അടയാളപ്പെടുത്തുന്ന ഒരു സവിശേഷത. ഇതര ബുദ്ധിജീവികളെ പോലെ സൈദ്ധാന്തിക (Ideological) തലത്തില്‍ നിന്ന് കൊണ്ടല്ല അര്‍കൂന്‍ ഓറിയന്റലിസത്തെ വിമര്‍ശിക്കുന്നത്; ജ്ഞാനപരമായ (Epistemologic) തലത്തില്‍ നിന്ന് കൊണ്ടാണ്.
തുടക്കത്തില്‍ ലൂസിയന്‍ ഫെവറി (Lucien Fevre)ന്റെ ചരിത്ര രീതിശാസ്ത്രത്തിന്റെയും റെജിസ് ബ്ലാഷറിന്റെ (Regis Blashir) ഭാഷാ ശാസ്ത്ര രീതിയുടെയും സ്വാധീനത്തിന് വിധേയനായിരുന്നെങ്കിലും ഫ്രഞ്ചു ചിന്തയില്‍ ജ്ഞാനശാസ്ത്രപരവും രീതിശാസ്ത്രപരവുമായ തലങ്ങളില്‍ വിപ്ലവം സൃഷ്ടിച്ച മിഷേല്‍ ഫൂക്കോ, പെയര്‍ ബോര്‍ദിയോ (Pierre Bourdieu), ഫ്രാന്‍സ്വാവ ഫോറെ (Francos Furet) എന്നിവരുടെ തലമുറയോടാണ് അര്‍കൂന് കൂടുതല്‍ ചായ്‌വ്. അറബ്-ഇസ്‌ലാമിക ചിന്തകളുടെ വിശകലനത്തില്‍ ഇവരുടെ അപനിര്‍മാണ പദ്ധതി പ്രയോഗവത്കരിക്കാനാണ് അര്‍കൂന്‍ ശ്രമിച്ചത്. തന്റെ അക്കാദമിക ജീവിതം മുഴുക്കെ ഈ വിമര്‍ശ പദ്ധതിയുടെ, 'പ്രയുക്ത ഇസ്‌ലാമിക്‌സ്' എന്ന തന്റെ മൂന്നാം വായനയുടെ നിര്‍വഹണത്തിനായി അര്‍കൂന്‍ സമര്‍പ്പിച്ചു. അര്‍ഥോല്‍പാദനവും അതിന്റെ വിപുലീകരണവും പരിണാമങ്ങളുമായി ബന്ധപ്പെട്ട ദാര്‍ശനിക ചിന്തയുടെയും ഭാഷാപരമായ അപനിര്‍മാണ വിശകലനത്തിന്റെയും താരതമ്യ ചരിത്ര വിശകലനത്തിന്റെയും ഉരക്കല്ലിന് പാഠ(Text)ത്തെ വിധേയമാക്കുക എന്നതാണ് അര്‍കൂന്‍ വിമര്‍ശ പദ്ധതിയുടെ മര്‍മം.
ചിന്തയുടെ ചായ്‌വും ചെരിവും
ഇസ്‌ലാമിക ചിന്തയുടെ ന്യൂനതകള്‍ കണ്ടെത്തുകയും അതിനെ നവീകരിക്കുകയും ചെയ്തുകൊണ്ട് കാലോചിതമായ സൈദ്ധാന്തിക സാധ്യതകള്‍ ആവിഷ്‌കരിക്കുക എന്ന അവകാശവാദത്തോടെ കഴിഞ്ഞ കാലത്തും വര്‍ത്തമാന കാലത്തും നിലനില്‍ക്കുന്ന ഇസ്‌ലാമിനെയും മുസ്‌ലിം സമൂഹത്തെയും സംബന്ധിച്ച ചിത്രം പിച്ചിച്ചീന്തുകയാണ് അര്‍കൂന്‍. പാഠവുമായി ഒട്ടിനില്‍ക്കുന്ന ഇസ്‌ലാമിക ചിന്തയെ അതില്‍നിന്ന് വിശ്ലേഷിച്ചാലല്ലാതെ സമ്യക്കായ പുരോഗതി സാധിക്കുകയില്ലെന്ന് അദ്ദേഹം വാദിക്കുന്നു. ധിഷണയെ എല്ലാവിധ വിധേയത്വത്തില്‍നിന്നും മോചിപ്പിക്കാന്‍ ആവശ്യപ്പെടുന്ന അര്‍കൂന്‍ മനുഷ്യ വിജ്ഞാനവും ലോകവുമായി ബന്ധപ്പെട്ട സര്‍വതിന്റെയും പ്രഥമവും ആധികാരികവുമായ വിധികര്‍ത്താവായി ബുദ്ധിയെ അവരോധിക്കുന്നു. ആധുനികതയുടെ ലോകത്ത് മുസ്‌ലിംകള്‍ക്ക് പ്രവേശം സാധിക്കണമെങ്കില്‍ മനുഷ്യനെയും ദൈവത്തെയും ബന്ധിപ്പിക്കുന്ന മധ്യയുഗത്തിലെ ദൈവശാസ്ത്ര സങ്കല്‍പനങ്ങളില്‍നിന്നുള്ള വിമോചനം കൂടിയേ തീരൂ. ഇത് രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും നൈതികവുമായ വിമോചനത്തിന്റെ പ്രഥമോപാധിയാണ് അര്‍കൂന്റെ വീക്ഷണത്തില്‍.
ദാര്‍ശനികന്മാരടക്കം എല്ലാ മുസ്‌ലിം ബുദ്ധിജീവികളും, സാംസ്‌കാരിക മണ്ഡലത്തില്‍ സ്വതന്ത്രമായ അന്വേഷണങ്ങളുടെയും ചിന്തയുടെയും വാതായനങ്ങള്‍ വെളിപാടി(വഹ്‌യ്)നെ സംബന്ധിച്ച ഇസ്‌ലാമിക സിദ്ധാന്തത്തിന്റെ ഡോഗ്മകള്‍ കൊണ്ട് കൊട്ടിയടച്ചു കളഞ്ഞുവെന്ന് അര്‍കൂന്‍ പരിതപിക്കുന്നു. എന്താണ് ഈ സിദ്ധാന്തം പറയുന്നത്? അദ്ദേഹം വിശദീകരിക്കുന്നു: ''ഏകനും നിത്യജീവനും അത്യുന്നതനുമായ അല്ലാഹു ചരിത്രത്തില്‍ പല തവണ ഇടപെട്ടിട്ടുണ്ട്. പ്രവാചകന്മാര്‍ മുഖേന മനുഷ്യന് തന്റെ ശാസനകളും അധ്യാപനങ്ങളും ഉപദേശങ്ങളുമെത്തിച്ചുകൊടുക്കാന്‍ ദൈവം മുന്‍കൈയെടുത്തു. ഈ ആവശ്യാര്‍ഥം അവസാനമായി മുഹമ്മദിനെ തെരഞ്ഞെടുത്തു. ഖുര്‍ആനിക വെളിപാടിന്റെ പ്രമേയം അതാണ്. ഖുര്‍ആന്‍ ദൈവത്തിന്റെ തന്നെ വചനങ്ങളത്രെ. കാരണം അവസാനമാണത് ഉച്ചരിച്ചതും അറബിഭാഷാവിഷ്‌കാരം നല്‍കിയതും. ഉച്ചരിക്കുകയും മനുഷ്യനെത്തിച്ചുകൊടുക്കുകയും ചെയ്യുന്നതില്‍ പരിമിതമാണ് ഈ പ്രക്രിയയില്‍ മുഹമ്മദിന്റെ ദൗത്യം. ലോകത്തെ സംബന്ധിച്ച അവസാന വാക്കാണ് ഈ വെളിപാട്. മനുഷ്യനെയും ചരിത്രത്തെയും പരലോകത്തെയും കുറിച്ചുള്ള അന്തിമ വചനം. എല്ലാ വസ്തുക്കളുടെയും ആത്യന്തികവും സമഗ്രവുമായ അര്‍ഥം അതുള്‍ക്കൊള്ളുന്നു. പിന്നീട് മനുഷ്യ ബുദ്ധി കണ്ടെത്തുന്നതൊന്നും സൂക്ഷ്മവും യഥാര്‍ഥവുമായ രൂപത്തില്‍ ദൈവത്തിന്റെ ഏതെങ്കിലും അധ്യാപനവുമായോ പ്രവാചക പാഠങ്ങളുമായോ പൊരുത്തപ്പെടാത്ത പക്ഷം ഒരിക്കലും ശരിയായിരിക്കില്ല. ജ്ഞാനമെന്നാല്‍ ഈ അര്‍ഥത്തില്‍ വേദപാഠങ്ങളില്‍ നിന്ന് ഭാഷാപരമായി നിഷ്പന്നമാകുന്നത് മാത്രമാണ്. അല്ലെങ്കില്‍ അര്‍ഥ വിജ്ഞാനപരമായ (Semantics) ആശയ പ്രക്രിയയാണ്. എല്ലാ മേഖലകളെയും ചൂഴ്ന്നുകൊണ്ടുള്ള അര്‍ഥ സങ്കല്‍പന നവീകരണത്തിലേക്ക് നയിക്കുന്ന, വസ്തു യാഥാര്‍ഥ്യത്തിന്റെ സ്വതന്ത്രമായ കണ്ടെത്തലിന്റെ പ്രകാശനമല്ല'' (അല്‍ഫിക്‌റുല്‍ ഇസ്‌ലാമി, മുഖവുര, പേജ് 9, സാഖി, ലണ്ടന്‍).
സമകാലിക ഇസ്‌ലാമിക സമൂഹങ്ങളോളം നീണ്ടുനില്‍ക്കുന്ന ഡോഗ്മകളുടെ വേലിക്കെട്ടിന് കാരണം ഈ സമൂഹങ്ങളുടെ ചരിത്ര വ്യവഹാര വ്യവസ്ഥയെ രൂപപ്പെടുത്തിയ അല്ലാഹു, രാഷ്ട്രീയാധികാരം, ലൈംഗികാധികാരം എന്നീ മൂന്ന് ശക്തികളാണെന്ന് അര്‍കൂന്‍ ആരോപിക്കുന്നു. പടിഞ്ഞാറ് ബൂര്‍ഷ്വാസി വഹിച്ചത് പോലുള്ള പങ്ക് വഹിക്കുന്ന ചരിത്രപരമായൊരു സാമൂഹിക ചാലകശക്തിയുടെ അഭാവമാണ് അറബ്-ഇസ്‌ലാമിക സമൂഹങ്ങളുടെ മുരടിപ്പിന് അദ്ദേഹം കാണുന്ന ഒരു കാരണം. ഉഛ്‌റംഖലമായ സ്വാതന്ത്ര്യം വിളംബരം ചെയ്യുന്ന 'ദൈവത്തെ ധിക്കരിക്കുന്നതില്‍ സൃഷ്ടിക്ക് അനുസരണം പാടില്ല' എന്ന പ്രവാചക വചനത്തിന്റെ മാനം പോലും ന്യൂനീകരിച്ചുകൊണ്ടാണ് അര്‍കൂന്‍ തന്റെ വാദമുഖം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. വാസ്തവത്തില്‍ സര്‍വാധിപതികള്‍ക്കെതിരിലുള്ള സമരോര്‍ജ വാഹകമാണ് പ്രസ്തുത തിരുവചനങ്ങള്‍. ദൈവധിക്കാരത്തിന്റെ പേര് പറഞ്ഞ് ഏത് പുരോഗമന ചിന്തയെയും നടപടിയെയും തടസ്സപ്പെടുത്താനുപയോഗിക്കാവുന്ന വാക്യമായാണ് അര്‍കൂന്‍ പ്രസ്തുത തിരുവചനം വായിക്കുന്നത് ('അല്‍ഫിക്‌റുല്‍ ഇസ്‌ലാമി', മുഖവുര, പേജ് 10,12,13).
യൂറോപ്യന്‍ സര്‍വകലാശാലകളില്‍നിന്ന് 'പുതിയ വെളിച്ചം' നേടി പുറത്തിറങ്ങിയ അറബ് ബുദ്ധിജീവികള്‍ക്ക് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന പ്രമാണ ശാഠ്യങ്ങളുടെ കനത്ത ഭിത്തിക്ക് തുള വീഴ്ത്താന്‍ സാധിച്ചില്ല എന്നതില്‍ അര്‍കൂന്‍ സങ്കടപ്പെടുന്നു. മുസ്‌ലിം രാഷ്ട്രങ്ങളില്‍ അനുദിനം ശക്തിപ്പെട്ടുവരുന്ന 'രാഷ്ട്രീയ ഇസ്‌ലാമി'ന്റെ വളര്‍ച്ചയെ ഭീതിയോടെയാണ് അദ്ദേഹം വീക്ഷിക്കുന്നത്. ''പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ അറബ്-ഇസ്‌ലാമിക സാംസ്‌കാരിക മണ്ഡലത്തില്‍ പുതുതായുണ്ടായ പ്രതിഭാസം പടിഞ്ഞാറ് നിന്ന് പഠിച്ചു പുറത്തിറങ്ങിയ വിമര്‍ശക ബുദ്ധിജീവികളുടെ അരങ്ങേറ്റമായിരുന്നു. അതിന് പല ഘട്ടങ്ങളുമുണ്ടായിരുന്നു. 1820 മുതല്‍ 1925 വരെ നീണ്ടുനിന്ന ഉദാരവാദികളായ ബുദ്ധിജീവികളുടേതാണ് ഒന്നാം ഘട്ടം. പിന്നീട് 1925 മുതല്‍ 1970 വരെ നീണ്ടുനിന്ന അറബ് വിപ്ലവ ബുദ്ധിജീവികളുടെ ഘട്ടം. 1979 നു ശേഷം ഇസ്‌ലാമിക വിപ്ലവകാരികളുടെ ഘട്ടം. എന്നാല്‍ മതാധികാരികളായ 'ഉലമാ' ഇതിനിടയില്‍ അപ്രത്യക്ഷമായി എന്നല്ല ഇതിനര്‍ഥം. ധൈഷണിക മണ്ഡലം കൈയടക്കുന്നതില്‍ ലിബറല്‍ ബുദ്ധിജീവികളോട് അവര്‍ മത്സരിച്ചു. ലിബറലുകളുടെ മേല്‍ സ്വാധീനം നേടുന്നതിലും അവരുടെ ചിന്തയിലും സംഭാവനകളിലും വ്യതിയാനമുണ്ടാക്കുന്നതിലും അവര്‍ വിജയം നേടി.... സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം മുസ്‌ലിം നാടുകളില്‍ നടന്ന പൊതു വിദ്യാഭ്യാസത്തിന്റെ വ്യാപനം ആ നാടുകളിലെ പഴയ ഗോത്രഘടനയെ തകര്‍ത്തുവെന്നത് ശരിതന്നെ. ഭരണപരവും സാമ്പത്തികവുമായ വശങ്ങളില്‍ വിശാലമായ സാമൂഹികാടിത്തറകളോടു കൂടിയ മധ്യവര്‍ഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പിനും അത് കളമൊരുക്കുകയുണ്ടായി. ഇതൊക്കെയുള്ളതോടൊപ്പം തന്നെ ലിബറല്‍ ബുദ്ധിജീവികളുടെ താല്‍പര്യങ്ങളെ ഹനിച്ചുകൊണ്ട് ഇസ്‌ലാമിക സൈദ്ധാന്തിക അഭിസംബോധനം കൂടുതല്‍ സ്വീകാര്യത നേടുന്നതാണ് കാണാന്‍ കഴിഞ്ഞത്. നാസിറിയന്‍ തത്ത്വശാസ്ത്രത്തിനും അള്‍ജീരിയന്‍ വിപ്ലവത്തിനും പടിഞ്ഞാറിന്റെ പിണയാളുകളായ ബുര്‍ഷ്വാസികള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഉദാരവാദ ബുദ്ധിജീവികളുടെ വിലകെടുത്തുന്നതില്‍ പങ്കുണ്ട്. ദേശീയ സ്വാതന്ത്ര്യത്തിനും നാട്ടിലെ സോഷ്യലിസ്റ്റ് വിപ്ലവത്തിനും വേണ്ടി പൊരുതുന്ന പ്രതിജ്ഞാബദ്ധനായ ബുദ്ധിജീവിയുടെ പ്രതിഛായ വ്യാപകമാക്കുന്നതിലും അവ സംഭാവന നല്‍കി. അറബ്-ഇസ്‌ലാമിക പൈതൃകത്തിന്റെ പുനരാഗമം സുവിശേഷമറിയിച്ചുകൊണ്ട് സാമ്രാജ്യത്വ പതാക ചവിട്ടിത്താഴ്ത്തുന്നതില്‍ ബുദ്ധിജീവികള്‍ മുഴുക്കെ വ്യാപൃതരായി എന്നതാണ് സംഭവിച്ചത്'' (അല്‍ഫിക്‌റുല്‍ ഇസ്‌ലാമി, മുഖവുര, പേജ് 16).
ദേശീയ സ്വത്വത്തോടു പോലും മുഖം തിരിക്കുന്ന ഈ വരികളിലെ ചായ്‌വും ചെരിവും വ്യക്തമാണ്. വിദ്യാഭ്യാസത്തിലെ അറബ്‌വത്കരണവും പേര്‍ഷ്യന്‍വ്തകരണവും മുസ്‌ലിം പിന്നാക്കാവസ്ഥയുടെ കാരണമായി അര്‍കൂന്‍ എണ്ണുന്നുണ്ട്. തുനീഷ്യന്‍ ഗവണ്‍മെന്റ് ഫ്രഞ്ചു ഭാഷയെ കരിക്കുലത്തില്‍ രണ്ടാം ഭാഷയായി വീണ്ടും അംഗീകരിച്ചതില്‍ അദ്ദേഹം ആശ്വാസം കൊള്ളുന്നു. ''അറബി ഭാഷയുടെ പവിത്രീകരണം വീണ്ടെടുക്കാന്‍'' ഇത്തരം പ്രവണതകള്‍ക്കെതിരെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ നടത്തുന്ന രാഷ്ട്രീയ പ്രതിഷേധങ്ങളെ ഉത്കണ്ഠയോടെയാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. ''വ്യക്തിപരവും സാമൂഹികവുമായ എല്ലാ മേഖലകളിലും ഇസ്‌ലാം ചെലുത്തുന്ന സ്വാധീനം നമ്മുടെ കാലത്തോളം നൈരന്തര്യം പുലര്‍ത്തുന്നതും അഗാധവും സുസ്ഥിരവും ശാശ്വതവുമാണെന്ന് കണ്ണുള്ളവര്‍ക്കെല്ലാം വ്യക്തമാണെന്ന്'' അദ്ദേഹം എഴുതുമ്പോള്‍ ആ വരികള്‍ ഒരു ആശങ്കയും ഇഛാഭംഗവുമാണ് ദ്യോതിപ്പിക്കുന്നത്. 1970 മുതല്‍ ഇസ്‌ലാമിക സമൂഹങ്ങളില്‍ വിമര്‍ശതല്‍പരരായ ബുദ്ധിജീവികള്‍ കൂടുതല്‍ ഒറ്റപ്പെട്ടുവരികയും അവരുടെ എണ്ണം ചുരുങ്ങിവരികയും ചെയ്യുന്നത് അര്‍കൂനെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്.
അടുത്ത ലക്കത്തില്‍
'ഖുര്‍ആന്റെ അപനിര്‍മാണം'