Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


>>രാഷ്ട്രീയം


ജനപക്ഷ രാഷ്ട്രീയവും ഇസ്‌ലാമിക സമൂഹവും
ടി. ശാക്കിര്‍
പരലോക വിചാരണയെ മനസ്സില്‍ തട്ടുംവിധം ചിത്രീകരിക്കുന്ന ഖുര്‍ആനിലെ ഒരു അധ്യായമാണ് അല്‍ഹാഖ (അധ്യായം 69). കനത്ത വിചാരണക്കൊടുവില്‍ മനുഷ്യര്‍ സ്വര്‍ഗ-നരകങ്ങളുടെ അവകാശികളായി വേര്‍പിരിയുന്നതാണ് ചിത്രീകരണം. അവതരണശൈലികൊണ്ടും ഭാഷാ പ്രയോഗങ്ങള്‍ കൊണ്ടും ഈ പരലോക വിവരണം വശ്യമനോഹരവും അതോടൊപ്പം ഭീതിജനകവുമാണ്. ഒടുവില്‍ നരകത്തില്‍ ഭീകരമാംവിധം പിടിച്ചെറിയപ്പെടുന്ന മനുഷ്യനെക്കുറിച്ച് അല്ലാഹു പറയുന്നു: ''അവന്‍ മഹാനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല. അഗതികള്‍ക്ക് അന്നം കൊടുക്കാന്‍ പ്രേരണയേകിയിരുന്നുമില്ല'' (അല്‍ഹാഖ 33,34).
അവരെയെന്തിന് നരകത്തിലേക്ക് തോണ്ടിയെറിഞ്ഞു എന്ന ചോദ്യത്തിന് പ്രപഞ്ചനാഥന്‍ മനുഷ്യ സമക്ഷം സമര്‍പ്പിക്കുന്ന കുറ്റപത്രത്തിന്റെ രത്‌നചുരുക്കമാണിത്. സമാനമായൊരു ചിത്രീകരണം സൂറ അല്‍മുദ്ദസിറിലും (അധ്യായം 74) ഉണ്ട്. സ്വര്‍ഗ-നരഗ വാസികള്‍ പരസ്പരമുള്ള
സംഭാഷണ ശൈലിയിലാണ് വിവരണം നടത്തുന്നത്.
''എന്തു കാര്യമാണ് നിങ്ങളെ നരകവാസികളാക്കിക്കളഞ്ഞത്?''
സ്വര്‍ഗീയവാസികളുടെ ഈ ചോദ്യത്തിന് നരകാവകാശികളുടെ മറുപടി ഇപ്രകാരമാണ്: ''ഞങ്ങള്‍ നമസ്‌കരിക്കുന്നവരില്‍ ഉള്‍പ്പെട്ടിരുന്നില്ല. അഗതികള്‍ക്ക് അന്നം നല്‍കുന്നവരിലും ഉള്‍പ്പെട്ടിരുന്നില്ല'' (അല്‍മുദ്ദസിര്‍ 402-44).
ഒരു ജീവിതക്രമം എന്ന നിലയില്‍ ഇസ്‌ലാം ഏറെ സന്തുലിതമാണ്. ആ സന്തുലിതത്വമാണ് ഇസ്‌ലാമിന്റെ മനോഹാരിതയും. ദൈവം, മനുഷ്യന്‍ എന്നീ രണ്ട് മൗലിക ഘടകങ്ങളെ വശ്യമനോഹരമായി സമന്വയിപ്പിച്ച് രൂപപ്പെടുത്തിയെടുത്തതാണ് ഇസ്‌ലാമിന്റെ ജീവിതദര്‍ശനം.
ദൈവത്തോടും മനുഷ്യനോടുമുള്ള കടപ്പാടുകളുടെയും ബാധ്യതകളുടെയും സന്തുലിതമായ നിര്‍വഹണത്തിന്റെ പേരാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ ഈ സന്തുലിതത്വം അതിന്റെ ആരാധനാ സങ്കല്‍പത്തിലും ചാലിച്ചിട്ടുണ്ട്. ഖുര്‍ആന്‍ ചേര്‍ത്ത് പറയുന്ന രണ്ടാരാധനകള്‍ നമസ്‌കാരവും സകാത്തുമാണ്. നമസ്‌കാരത്തിന്റെ നേര്‍ബന്ധം അല്ലാഹുവിലേക്കും ഉണ്ടെങ്കില്‍ സകാത്തിന്റേത് മനുഷ്യരിലേക്കാണ്. അല്ലാഹുവുമായി സ്ഥാപിച്ചെടുക്കുന്ന ആത്മബന്ധവും മനുഷ്യരിലേക്ക് പ്രസരിപ്പിക്കുന്ന സഹാനുഭൂതിയും ഇവ രണ്ടും ഒത്തുചേരുന്നതാണ് വിശ്വാസിയുടെ ആത്മീയാനുഭവം എന്നതാണീ സമന്വയത്തിന്റെ അകംപൊരുള്‍.
ഇസ്‌ലാമിക ജീവിത വീക്ഷണത്തിന്റെ പ്രായോഗിക ക്രമമാണ് ശരീഅത്ത്. നമ്മുടെ നാട്ടില്‍ പെണ്ണുകെട്ടും പിന്നെ മൊഴിചൊല്ലലുമാണ് ശരീഅത്ത്. വാസ്തവത്തില്‍ മനുഷ്യജീവിതവുമായി ബന്ധപ്പെട്ടതൊന്നും ശരീഅത്തിന് അന്യമല്ല. അത്രക്ക് വിശാലമാണത്. ശരീഅത്തിലെ നൂറുകണക്കിന് നിയമങ്ങളില്‍ ഓരോന്നും പരിശോധിച്ചാലറിയാം, ഒന്നുകില്‍ അവ ദൈവവുമായി ബന്ധപ്പെട്ടതാണെന്ന്;
അല്ലെങ്കില്‍ സൃഷ്ടികളുമായി ബന്ധപ്പെട്ടതാണെന്ന്.
വിശ്വാസിയുടെ ഓരോ കുതിപ്പിന്റെയും കിതപ്പിന്റെയും ലക്ഷ്യം പരലോക വിജയമാണ്. മനുഷ്യന്റെ ആത്യന്തിക വിജയ-പരാജയങ്ങള്‍ തീര്‍പ്പ് കല്‍പിക്കപ്പെടുന്നയിടം എന്നതാണല്ലോ പരലോകത്തിന്റെ സവിശേഷത. ആ വിജയ-പരാജയങ്ങള്‍ തീരുമാനിക്കപ്പെടുന്നത് ദൈവത്തോടും മനുഷ്യനോടുമുള്ള ബാധ്യതകളും ഉത്തരവാദിത്വങ്ങളും എപ്രകാരം നിര്‍വഹിച്ചു എന്ന കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണെന്നാണ് ഈ രണ്ട് അധ്യായങ്ങളും നമ്മെ പഠിപ്പിക്കുന്ന ലളിതവും എന്നാല്‍ ഗൗരവമേറിയതുമായ പാഠം.
ദൈവത്തിനോടുള്ള ബാധ്യതാ നിര്‍വഹണത്തില്‍ അതീവ കണിശതയും സൂക്ഷ്മതയും കാണിക്കുന്ന മതഭക്തര്‍ തന്നെ മനുഷ്യരോടുള്ള ബാധ്യതാ നിര്‍വഹണത്തില്‍ അത്രയൊന്നും ജാഗ്രത കാണിക്കാറില്ല എന്നതാണ് നമ്മുടെ മതാനുഭവം. മനുഷ്യനുമായി ബന്ധപ്പെട്ടതെല്ലാം രാഷ്ട്രീയമല്ലങ്കിലും, രാഷ്ട്രീയമെന്ന് വ്യവഹരിക്കപ്പെടുന്നതെല്ലാം മനുഷ്യനുമായി ബന്ധപ്പെടുന്നതാണ് എന്നതാണ് യാഥാര്‍ഥ്യം. മനുഷ്യ നാഗരിക വികാസത്തിലെവിടെയോ വെച്ച് രാഷ്ട്രവും ഭരണകൂടവും വലിയ അധികാര സ്ഥാപനങ്ങളായിത്തീരുകയും പൗരന്‍ എന്നൊരു സംജ്ഞയെ അതുല്‍പാദിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്ന വലിയൊരു പ്രവര്‍ത്തന മണ്ഡലം തുറക്കപ്പെടുന്നത്. വിഭവങ്ങളുടെ വിതരണം, ദാരിദ്ര്യ നിര്‍മാര്‍ജനം, നീതി ലഭ്യമാക്കല്‍, സാമൂഹിക സുരക്ഷ, ജീവിതത്തിന്റെ ഭൗതിക വികസനവും ക്ഷേമവും തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അതുകൊണ്ടുതന്നെ രാഷ്ട്രീയം എന്നു വ്യവഹരിക്കപ്പെടുന്ന മണ്ഡലത്തിന്റെ പ്രവര്‍ത്തന പരിധിയിലാണ് വരുന്നത്. മനുഷ്യരോടുള്ള ബാധ്യതാ നിര്‍വഹണത്തിന്റെ മൗലിക പ്രധാനമായ രാഷ്ട്രീയ രംഗം മതത്തില്‍നിന്നും വേര്‍പ്പെട്ടുപോയതോടൂ കൂടിയാണ് മതം ദൈവത്തിലേക്ക് മാത്രം ചുരങ്ങിപ്പോയത്. മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട ഭൂമിയുടെ സിംഹഭാഗവും മതേതര ഭൗതിക വക്താക്കള്‍ സ്വന്തമാക്കിയതിനു ശേഷം ആരാധന, വിവാഹം, മരണാനന്തര കര്‍മം തുടങ്ങിയവ ഔദാര്യപൂര്‍വം അവര്‍ വെച്ചു നീട്ടിയ ജീവിതത്തിന്റെ പത്തു സെന്റിലാണ് മതപ്രവര്‍ത്തനമിപ്പോള്‍ കൊഴുത്തുകൊണ്ടിരിക്കുന്നത്.
ജനങ്ങള്‍ക്കുവേണ്ടി നിയുക്തരാക്കപ്പെട്ട ജനസമൂഹം (ആലു ഇംറാന്‍ 110) എന്ന കൈയൊപ്പ് ചാര്‍ത്തപ്പെട്ട വിശ്വാസികള്‍ക്ക് ജനങ്ങളുടെ പ്രശ്‌നങ്ങളോട് മുഖം തിരിച്ചു നില്‍ക്കാന്‍ സാധ്യമല്ല (ലുഖ്മാന്‍ 18).
''അവനാകുന്നു നിങ്ങളെ ഭൂമിയില്‍നിന്ന് സൃഷ്ടിക്കുകയും ഭൂമിയുടെ പരിപാലനം നിങ്ങളെ ഏല്‍പിക്കുകയും ചെയ്തവന്‍'' (ഹൂദ് 61). 'ഭൂമിയുടെ പരിപാലനം' എന്നൊരാശയം ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്നുണ്ട്. സന്തുലിതമായ വികസന പ്രവര്‍ത്തനങ്ങള്‍, നീതിപൂര്‍വകമായ വിഭവ വിതരണം, സാമൂഹിക നീതി, ഇതുവഴി സമൂഹത്തിന്റെ വളര്‍ച്ചയും ക്ഷേമവും എന്നതാണതിന്റെ വിശദീകരണം. മനുഷ്യന്റെ മരണാനന്തര ലോകത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നവനല്ല വിശ്വാസിയെന്നും ഭൗതികവും ഐഹികവുമായ അഭ്യുന്നതിയും അവന്റെ തന്നെ കര്‍മപരിപാടിയില്‍ ഉള്‍പ്പെട്ടതാണെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നത് പ്രവാചകന്മാരുടെ ഇസ്‌ലാമിക പ്രവര്‍ത്തനത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് (നൂഹ് 10-20). ജനങ്ങളുടെ പക്ഷം ചേര്‍ന്ന് ജനദ്രോഹ നയങ്ങള്‍ക്കെതിരെ നിലയുറപ്പിച്ചവര്‍ എന്നൊരംഗീകാരം ചരിത്രത്തില്‍ പ്രവാചകന്മാര്‍ നേടിയെടുത്തിട്ടുണ്ട്. സാമൂഹിക സന്തുലിതത്വം തകര്‍ക്കുന്ന ഏത് നീക്കങ്ങള്‍ക്കെതിരെയും അവര്‍ ജനപക്ഷത്ത് നിലയുറപ്പിച്ചു. ജനവിരുദ്ധ അധികാര കേന്ദ്രങ്ങളുടെ ശല്യക്കാരനായ വ്യവഹാരിയായിരുന്നു ചരിത്രത്തിലെ ഓരോ പ്രവാചകനും.
ഒട്ടേറെ പ്രകൃതി വിഭവങ്ങളും അതിലേറെ മനുഷ്യ വിഭവവും വശ്യമനോഹരമായ കാലാവസ്ഥയുമുള്ള നമ്മുടെ കേരളത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും എന്ന് പറയാറുണ്ട്. എന്നാല്‍ അറബിക്കഥയിലെ അത്ഭുതങ്ങള്‍ പോലെയാണ് ഇവിടെ കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. കണ്ടുകണ്ടങ്ങിരിക്കെ പാടങ്ങളും വീടുകളും പൊടുന്നനെ ഒരു ദിനം വികസനത്തിന്റെ പേരില്‍ കാണാതാകുന്നു. നമ്മുടെ കുന്നുകള്‍ വരിവരിയായി നിന്ന് ലോറിയില്‍ കയറി റോഡുപണിക്ക് പോവുകയാണെന്ന് കവി പരിതപിച്ചിട്ടുണ്ട്.
ഒരിക്കലും യോജിപ്പിലെത്താന്‍ കഴിയാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജനവിരുദ്ധ നയങ്ങളില്‍ ഒരേ സ്വരമായിത്തീരുന്നു. ഇങ്ങനെ ജനങ്ങളോട് പ്രതിബദ്ധതയോ, ദൈവത്തോട് കടപ്പാടോ, വിഭവങ്ങളില്‍ ആസൂത്രണബോധമോ ഇല്ലാത്ത മതേതര ഭൗതിക രാഷ്ട്രീയക്കാര്‍ കുളം തോണ്ടിക്കൊണ്ടിരിക്കുന്ന ഈ നാടിനെ ഏറ്റെടുത്ത് രക്ഷിക്കാന്‍ വിശ്വാസികള്‍ക്ക് ബാധ്യതയുണ്ട്. അവര്‍ക്ക് അധികാരം ലഭിച്ചാല്‍, അവരുടെ പ്രയത്‌നമഖിലം അവിടെ നാശം വിതക്കുകയും കൃഷിയിടങ്ങള്‍ കൊള്ളയടിക്കുകയും മനുഷ്യവംശത്തെ ഉന്മൂലനം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെയായിരിക്കും (അല്‍ബഖറ 205). അത്തരമൊരു ചരിത്ര ഘട്ടത്തിലാണ് യൂസുഫ് നബി(അ) ഈജിപ്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത് (യൂസുഫ് 55). നാടിനെ കൊടിയ ക്ഷാമത്തില്‍നിന്ന് കരകയറ്റാന്‍ തികഞ്ഞ ആസൂത്രണ ബോധത്തോടെ അദ്ദേഹം മുന്നിട്ടിറങ്ങുകയായിരുന്നു.
മാനവിക സേവനത്തിന്റെ വലിയ വാതിലുകളാണ് രാഷ്ട്രീയ രംഗം തുറന്നിട്ടിരിക്കുന്നത്. പ്രവാചകന്‍ പറഞ്ഞു: ''സൃഷ്ടികള്‍ മുഴുവന്‍ അല്ലാഹുവിന്റെ കുടുംബമാണ്. അവന്റെ കുടുംബത്തിന് ഏറ്റവും കൂടുതല്‍ ഉപകാരം ചെയ്യുന്നവരാരോ അവരാണ് ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവര്‍'' (അത്തയ്‌സീറു ബിശ്ശര്‍ഹില്‍ ജാമിഇസ്സ്വഗീര്‍). ജനങ്ങളില്‍ ഉത്തമനെയും നീചനെയും പ്രവാചകന്‍ പരിചയപ്പെടുത്തിയതിപ്രകാരമാണ്: ''നിങ്ങളില്‍ ആരില്‍നിന്ന് ജനം നന്മ പ്രതീക്ഷിക്കുന്നുവോ, ആരുടെ തിന്മയില്‍നിന്ന് ജനം സുരക്ഷിതരായിരിക്കുന്നുവോ അവനാണ് ഉത്തമന്‍. നേരെ മറിച്ചുള്ളവനാണ് നീചന്‍'' (മുസ്‌നദ് അഹ്മദ്).
സ്വയം വെയിലുകൊണ്ട് അന്യന് തണലേകലാണ് യഥാര്‍ഥത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സംഭവിക്കേണ്ടത്. അന്യരുടെ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനായി ഇറങ്ങിപ്പുറപ്പെടുന്നവന് സ്വര്‍ഗത്തിലേക്കുള്ള പാത അല്ലാഹു എളുപ്പമാക്കിക്കൊടുക്കുമെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്.
തങ്ങളുടെ പിന്തുണയും സഹായവും ആവശ്യമുള്ള ഏതൊരാളെയും സഹായിക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്. അതിന് കക്ഷി-മത-ആദര്‍ശ പരിഗണനകളേതും പാടില്ലെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു.
നീതി എന്നത് കേവലമൊരു കോടതി വ്യവഹാരമല്ല. മനുഷ്യരുടെ ദൈനംദിന ജീവിതത്തില്‍ നീതിനിഷേധിക്കപ്പെടുന്നത് പ്രാഥമികമായും രാഷ്ട്രീയ-അധികാര കേന്ദ്രങ്ങളില്‍നിന്നാണ്. ഏകദൈവത്വ (തൗഹീദ്)മാണ് ഇസ്‌ലാമിക ദര്‍ശനത്തിന്റെ അടിയാധാരമെങ്കില്‍ നീതിയാണതിന്റെ ആത്മാവ്. മനുഷ്യ വിമോചനത്തിന്റെ വേദഗ്രന്ഥവും അവര്‍ക്കിടയില്‍ നീതി സ്ഥാപിക്കാനുള്ള ത്രാസുമായാണ് പ്രവാചകന്മാരെ നിയോഗിച്ചതെന്ന് അല്ലാഹു പറയുന്നുണ്ട് (അല്‍ഹദീദ് 25). നമ്മുടെ നാട്ടിലെ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും അതിന്റെ തന്നെ ഭരണകൂടത്തിനും നീതിക്ക് നിയതമായ ഒരടിസ്ഥാനമില്ല. പാര്‍ട്ടി, കക്ഷി, വ്യക്തി എന്നിവ മാറുന്നതിനനുസരിച്ച് നീതിയുടെ മാനദണ്ഡവും മാറിക്കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ വിഭവ വിതരണത്തിലും അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളിലുമൊക്കെ നമ്മുടെ നാട്ടില്‍ ഇരട്ട നീതി സര്‍വ സാധാരണമാണ്. കാരണം മതേതര മൂല്യ വ്യവസ്ഥക്ക് നിയതമായ മാനദണ്ഡങ്ങളില്ല. ആവശ്യം, കാലം, സമൂഹം എന്നിവക്കനുസരിച്ച് ധാര്‍മികത, നീതി, സത്യം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങളുടെ മാനദണ്ഡങ്ങളിലും അവര്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു. കക്ഷി-മത-സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാറിമറിയാത്ത ബലിഷ്ഠമായ മാനവികതയാണ് ഇസ്‌ലാമില്‍ നീതിയുടെ അടിയാധാരം. അതുകൊണ്ടാണ് ജൂതന്റെ നീതിക്കുവേണ്ടി മുസ്‌ലിമിനെതിരെ അല്ലാഹു ഇടപെടല്‍ നടത്തിയത് (അന്നിസാഅ് 105-112).
ക്ഷേമ രാഷ്ട്രത്തിന്റെ പ്രായോഗിക രൂപമാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന സബഅ് രാഷ്ട്രം (സബഅ് 15). ക്ഷേമൈശ്വര്യങ്ങള്‍ കളിയാടുന്ന സുഭിക്ഷവും സമ്പന്നവുമായ ഒരു വെല്‍ഫെയര്‍ സ്റ്റേറ്റ് സ്ഥാപിച്ചുവെന്നതാണ് ദാവൂദ്-സുലൈമാന്‍ പ്രവാചകന്മാരുടെ മഹത്തായ മാതൃക (സബഅ് 11,12). നമ്മുടെ നാട്ടിലെ ദാരിദ്ര്യത്തിനും വികസനമുരടിപ്പിനും കാരണം വിഭവ കമ്മിയല്ല. ഉള്ള വിഭവങ്ങള്‍ എങ്ങനെ വിനിയോഗിക്കണം എന്നറിയാത്തതും അവശേഷിക്കുന്നത് കൊള്ളയടിക്കുന്നതുമാണ്. വിഭവങ്ങളെയും മാനുഷിക അധ്വാനത്തെയും ഫലപ്രദമായി കൂട്ടിയോജിപ്പിച്ച് എങ്ങനെ വികസന പ്രവര്‍ത്തനം സാധ്യമാക്കാം എന്ന് കാണിച്ചുതരുന്നുണ്ട് ദുല്‍ഖര്‍നൈനിന്റെ സംഭവത്തിലൂടെ ഖുര്‍ആന്‍ (അല്‍കഹ്ഫ് 94-96). നമ്മുടെ നാടിന് വേണ്ടത് ആസൂത്രണബോധവും ജനതയോട് ഉത്തരവാദിത്വവുമുള്ള ഒരു നേതൃത്വമത്രെ.
പണമെറിഞ്ഞ് പണം വാരുന്ന ഒരേര്‍പ്പാടാണിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം. ഒന്നെറിഞ്ഞാല്‍ രണ്ട്. രണ്ടെറിഞ്ഞ് നാല്... ഇതാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പലരെയും പ്രചോദിപ്പിക്കുന്നത്. നിയമസഭാ കാന്റീനില്‍നിന്നും ഭക്ഷണം കഴിക്കുന്ന മന്ത്രി, സ്വന്തം വീട് മോടിപിടിപ്പിക്കാത്ത നേതാവ്, വീട്ടിലേക്ക് റോഡ് വെട്ടാത്ത മന്ത്രി... നമ്മുടെ കൗതുക വാര്‍ത്തകളാണിത്. അഥവാ രാഷ്ട്രീയത്തിലെ സത്യസന്ധത തന്നെ ഇന്നൊരു കൗതുകവാര്‍ത്തയായിത്തീര്‍ന്നിരിക്കുന്നു. ജനവിരുദ്ധ പദ്ധതികളും വികസനവുമായി കടന്നുവരുന്ന കമ്പനികളും ഏജന്‍സികളും കൈക്കൂലിയും കമീഷനും എറിഞ്ഞ് ആദ്യം അധികാരികളെ വലയില്‍ പിടിക്കുന്നു. കമീഷന്‍ പറ്റലിലും അഴിമതിയിലും ഇടതിനും വലതിനുമിടയില്‍ അഭിപ്രായ വ്യത്യാസമേ ഇല്ല. ഉള്ളത്, അവിഹിതമായി ലഭിച്ചത് വീതം വെക്കുമ്പോഴുള്ള കലപിലയും കലഹവും മാത്രം.
അഴിമതിയുടെ കൈക്ക് പിടിക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണ്. അഴിമതി നാടിന്റെ സാമ്പത്തികാടിത്തറ തകര്‍ക്കും. ജനത്തോട് അനീതി കാണിക്കാന്‍ അഴിമതി വഴിയൊരുക്കും. അഴിമതിപ്പണം വിപണിയെ ഭരിക്കുമ്പോള്‍ വിലക്കയറ്റമുണ്ടാകുന്നു. ഉപഭോഗാസക്തി കൂടുന്നു. അത് ജീവിതച്ചെലവ് കൂട്ടുകയും സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു.
ഇസ്‌ലാമിക ദര്‍ശനത്തിന്റെ വലിയൊരംശം അതിന്റെ സമരോത്സുകതയാണ്. അനീതിയോട്, അധാര്‍മികതയോട്, ജനവിരുദ്ധതയോട് അത് പച്ച മനുഷ്യന്റെ പക്ഷത്ത് നിന്ന് നിരന്തരം കലഹിച്ചുകൊണ്ടേയിരിക്കും. ആ കലഹം നിലക്കുന്നേടത്ത് ഇസ്‌ലാം നിര്‍ജീവമാകും.
[email protected]


Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly