Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


>>അഭിമുഖം



'വര്‍ഗീയാവബോധം ശക്തിപ്പെടുന്നു
എന്നതിന് തെളിവ്'

ഡോ. കെ.എന്‍ പണിക്കര്‍/സമദ് കുന്നക്കാവ്
ബാബരി വിധിയോടനുബന്ധിച്ച് നടന്ന ചാനല്‍ ചര്‍ച്ചകളിലെ താങ്കളുടെ മുഖഭാവത്തില്‍ നിന്നുതന്നെ വിധിയോടുള്ള സമീപനം വായിച്ചെടുക്കാമായിരുന്നു. എങ്കിലും ഔപചാരികതക്കുവേണ്ടി ഒരു ചോദ്യം. വിചിത്രമായ ഈ മുക്കോണ്‍ വിധിയോടുള്ള താങ്കളുടെ പ്രതികരണം എന്താണ്?
എനിക്ക് വളരെ അസംതൃപ്തിയാണുള്ളത്. ഈ അസംതൃപ്തി രണ്ട് മൂന്ന് കാരണങ്ങള്‍ കൊണ്ടാണ്. അതിലൊന്ന് ഈ വിഷയം കോടതി തീരുമാനിക്കേണ്ടതല്ല എന്നാണ് എന്റെ കുറെക്കാലമായിട്ടുള്ള അഭിപ്രായം. കാരണം ഈ പ്രശ്നം നിയമത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുക എന്നത് ഒരുപാട് സങ്കീര്‍ണതകളുണ്ടാക്കുന്നതാണ്. അതുകൊണ്ട് ഒരു തീരുമാനമെടുക്കേണ്ടത് ഇന്ത്യയിലെ ഭരണകൂടമാണ്. ഭരണകൂടത്തിലാണെങ്കില്‍ പലവിധത്തിലുള്ള അഭിപ്രായങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് എല്ലാവര്‍ക്കും പൊതുവെ സ്വീകാര്യമായ ജനാധിപത്യ മര്യാദകള്‍ പാലിച്ചുകൊണ്ട് ഒരു തീരുമാനമെടുക്കാന്‍ സാധിക്കും. അത്തരമൊന്ന് കോടതിക്ക് സാധ്യമല്ല. കോടതി തീരുമാനിക്കേണ്ടത് കണിശമായി നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. മറ്റു കാര്യങ്ങളൊന്നും അവര്‍ പരിഗണിക്കാന്‍ പാടില്ല. അതിനാല്‍ ഇത് കോടതി തീരുമാനിക്കുന്നു എന്നതില്‍ തന്നെ ഒരു അപാകതയുണ്ട്.
ചര്‍ച്ചക്കിടയില്‍, 'കോടതി വിധി പറയേണ്ടതില്ല' എന്ന മാഷിന്റെ പരാമര്‍ശം ഏവരിലും കൌതുകമുളവാക്കിയിരുന്നു.
ഞാന്‍ ഉദ്ദേശിച്ചത് കോടതിയില്‍ ആര്‍ക്കും പോവാം. എന്നാല്‍ കോടതി ചെയ്യേണ്ടത് ഈ കേസ് മടക്കി ഭരണകൂടത്തെ ഏല്‍പിക്കുക എന്നതാണ്. എന്നിട്ട് ഒരു സമയ പരിധി വെക്കുക. ഒരു കൊല്ലത്തിന്റെയോ ആറുമാസത്തിന്റെയോ ഉള്ളില്‍ ഒരു തീരുമാനമെടുത്ത് കോടതിയെ അറിയിക്കണം എന്ന് ശട്ടം കെട്ടുക. അതിനുള്ള അധികാരം കോടതിക്കുണ്ടാകും എന്നാണെന്റെ വിശ്വാസം. ഞാന്‍ നിയമജ്ഞനല്ല. അങ്ങനെ പറയാന്‍ കോടതിക്ക് സാധിക്കുമോ എന്ന് എനിക്കറിയില്ല.
വിശ്വാസവും തെളിവുകളും എന്നിങ്ങനെ രണ്ട് മാര്‍ഗങ്ങള്‍ മുന്നില്‍ വന്നാല്‍ നിശ്ചയമായും കോടതി പരിഗണിക്കേണ്ടത് തെളിവുകളെയും വസ്തുതകളെയുമാണ്. എന്നാല്‍ ഇവിടെ കോടതി ആധാരമായി സ്വീകരിച്ചിരിക്കുന്നത് വിശ്വാസത്തെയാണ്?
കോടതിക്ക് വാസ്തവത്തില്‍ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഒരു തീരുമാനമെടുക്കാന്‍ പാടില്ലാത്തതാണ്. കാരണം വിശ്വാസം കോടതിയുടെ മേഖലയല്ല. അതിനാല്‍ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനമെടുത്തത് എന്നത് വളരെ അപകടം പിടിച്ച പ്രവണതയാണ്. നിയമമെന്താണെങ്കില്‍ അതിനനുസരിച്ച് ചെയ്യുക. അത് ഒന്നാമത്തെ കാര്യം. രണ്ടാമത് ആരുടെ വിശ്വാസം? ഈ വിശ്വാസം ഏത് അളവുകോല്‍ വെച്ചാണ് തീരുമാനിക്കുക. ഹിന്ദുക്കളുടെ വിശ്വാസമാണെന്ന് പറയുന്നു. ഹിന്ദുക്കള്‍ എന്നത് വലിയൊരു സമൂഹമാണ്. ഞാനുള്‍ക്കൊള്ളുന്ന ഒരു സമൂഹം. അപ്പോള്‍ ആരുടെ അഭിപ്രായമാണ് നോക്കുന്നത്. അതും ഒരു പ്രശ്നമാണ്. മൂന്നാമത് മുസ്ലിംകളുടെ വിശ്വാസമെന്താണ്? ആവരുടെ വിശ്വാസവും പരിഗണിക്കേണ്ടതില്ലേ?
അതിലുള്ള വിചിത്രമായ വസ്തുത അത് തികഞ്ഞ യുക്തിയുടെ അടിസ്ഥാനത്തിലാക്കി എന്നതല്ലേ?
അതെ. അതുകൊണ്ട് ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുന്നു എന്നത് വളരെ അപക്വമാണ്.
സമാനമായ കേസുകളില്‍ കോടതിയുടെ വിധി പ്രഖ്യാപനങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടല്ലോ? ലാഹോറിലെ ഷഹീദ് ഗഞ്ച് പള്ളി സംബന്ധിച്ച് 1940ല്‍ ബ്രിട്ടീഷ് പ്രിവി കൌണ്‍സിലിനു മുമ്പില്‍ വന്ന പരാതി. അതുപോലെ കേരളത്തില്‍ തോമാശ്ളീഹായുടെ വരവോട് കൂടി സ്ഥാപിച്ച കല്‍ക്കുരിശ് നിലക്കല്‍ മഹാദേവാ ക്ഷേത്രത്തിന് സമീപം പ്രത്യക്ഷപ്പെട്ടു എന്ന വാദം. ഇതിലൊക്കെ വളരെ യുക്തിസഹമായ സമീപനമാണ് കൈകൊണ്ടിട്ടുള്ളത്.
അല്ല. ഇതിന്റെ വിഷയത്തില്‍ മറ്റെവിടേക്കും പോകേണ്ടതില്ലല്ലോ. 1886ല്‍ ഈ കേസില്‍ ബ്രിട്ടീഷുകാരെടുത്ത കാഴ്ചപ്പാട് നോക്കുക. ബ്രിട്ടീഷ് കമീഷണര്‍ പറഞ്ഞത്, അന്നെന്താണ് നിലനില്‍ക്കുന്നതെങ്കില്‍ അത് സ്വീകരിക്കുക എന്നാണ്, സ്റാറ്റസ്കോ. അതാണ് ഈ വിഷയങ്ങളിലൊക്കെ വേണ്ടത്. 600 കൊല്ലം മുമ്പ് എന്ത് നിലനിന്നിരുന്നുവെന്നതിന്റെ അടിസ്ഥാനത്തില്‍ നമുക്ക് നിലനില്‍ക്കാന്‍ പറ്റില്ല. ചരിത്രമന്വേഷിച്ച് പോയിട്ട് അന്ന് ഇങ്ങനെ സംഭവിച്ചു എന്ന് ഊഹിച്ച് കാര്യങ്ങള്‍ പറയാന്‍ പറ്റില്ല.
ഏത് കല്ലിനും കഥ പറയാന്‍ സാധിക്കും വിധത്തിലുള്ള സാംസ്കാരിക പൈതൃകമാണ് രാജ്യത്തിനുള്ളതെന്ന് ജസ്റിസ് ലിബര്‍ഹാന്‍ പറയുന്നുണ്ടല്ലോ?
അതെ. ചരിത്രത്തില്‍ പല അമ്പലങ്ങളും മുസ്ലിം രാജാക്കന്മാര്‍ പൊളിച്ചിട്ടുണ്ട്. അതുപോലെ ബൌദ്ധ വിഹാരങ്ങള്‍ ഹിന്ദു രാജാക്കന്മാര്‍ പൊളിച്ചിട്ടുണ്ട്. ഹിന്ദു അമ്പലങ്ങള്‍ ബുദ്ധന്മാര്‍ പൊളിച്ചിട്ടുണ്ട്. ഇതൊക്കെ ചരിത്രത്തില്‍ സംഭവിച്ചിട്ടുള്ളതാണ്. എല്ലായ്പ്പോഴും മതത്തിന്റെ പേരിലല്ല ഈ തകര്‍ക്കലുകള്‍ സംഭവിക്കുന്നത്. പലപ്പോഴും അധികാരവുമായി ബന്ധപ്പെട്ടാണ്. കോട്ട എന്നുള്ളത് അധികാരത്തിന്റെ ചിഹ്നമാണ്. അതിനാല്‍ രാജ്യം കീഴടക്കുമ്പോള്‍ കോട്ട തകര്‍ക്കേണ്ടത് ആവശ്യമായി വരും.
ബാബരി മസ്ജിദ് മാത്രമല്ല സംഘ്പരിവാര്‍ സംഘടനകളുടെ അവകാശ ലിസ്റിലുള്ളത്. മഥുരയും വാരണാസിയുമെല്ലാം ഇത്തരം ലക്ഷ്യങ്ങളില്‍ പെട്ടതാണ്. അതിനാല്‍ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അവകാശ വാദങ്ങളെ പ്രായോഗിക പദ്ധതിയാക്കി ഊര്‍ജിതപ്പെടുത്താന്‍ ഫാഷിസ്റുകള്‍ ശ്രമിക്കില്ലേ? ഇതൊരു കീഴ്വഴക്കമാകും എന്ന റൊമീലാ ഥാപ്പറിന്റെ നിരീക്ഷണം പരിഗണിച്ചാല്‍ ഈ ആശങ്കക്ക് സമകാലിക പ്രസക്തിയില്ലേ?
സംഘ്പരിവാറിന്റെ ലക്ഷ്യത്തില്‍ മൂവായിരം പള്ളികളുണ്ട്. അവരുടെ മുദ്രാവാക്യം തന്നെ ബാബരി കഴിഞ്ഞാല്‍ കാശി, മഥുര എന്നാണല്ലോ. നാളെ എന്ത് സംഭവിക്കുമെന്ന് നമ്മള്‍ക്ക് ഇപ്പോള്‍ പ്രവചിക്കുക സാധ്യമല്ല. പക്ഷേ, ഈ വിധിയിലുള്ള വലിയ ഒരു പ്രശ്നം ഫാഷിസ്റുകള്‍ക്കുള്ള അംഗീകാരമാണ്. അയോധ്യയുടെ ചരിത്രം 1949 മുതല്‍ ഇന്നുവരെ എന്താണ് സംഭവിച്ചത്? തികഞ്ഞ ബലപ്രയോഗമാണെന്ന് നമുക്ക് കാണാന്‍ കഴിയും. അങ്ങനെയാണ് രാമന്റെ വിഗ്രഹം അവിടെ പ്രതിഷ്ഠിക്കപ്പെടുന്നത്. തുടര്‍ന്ന് 1992-ല്‍ സംഭവിച്ചത് അക്രമമാണ്. അപ്പോള്‍ വിധി ഈ അക്രമത്തെ, ബലപ്രയോഗത്തെ, വയലന്‍സിനെ ന്യായീകരിക്കുകയാണ്. ഇതിലെ ഏറ്റവും വലിയ അപകടം അതാണ്. കാരണം ഈ ന്യായീകരണം താങ്കള്‍ സൂചിപ്പിച്ചതുപോലെ മഥുരക്കും വാരണാസിക്കുമെല്ലാം സംഭവിക്കാവുന്നതാണ്. അതിനാല്‍ ഇത് വലിയൊരു ദൌര്‍ഭാഗ്യകരമായ കീഴ്വഴക്കാണ്. നമ്മള്‍ ഭയപ്പെടേണ്ടതുണ്ട്.
1980കള്‍ക്ക് ശേഷമാണല്ലോ രാമന്‍ പൌരുഷഭാവം പൂണ്ട് ഹിംസാത്മക വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രാമന്‍ എന്നതുതന്നെ വാസ്തവത്തില്‍ ഒരു പ്രഹേളികയാണല്ലോ?
രാമന്‍ എന്നത് ഐതിഹ്യമാണ്. ഇന്ത്യയില്‍ പലഭാഗങ്ങളില്‍ രാമക്ഷേത്രങ്ങള്‍ മാത്രമല്ല രാമകഥകളും വന്നിട്ടുണ്ട്. ഇത്തരം ആയിരക്കണക്കിന് ക്ഷേത്രങ്ങളൊക്കെ രാമന്റെ ജന്മസ്ഥലമാണെന്ന് വിശ്വസിക്കുന്നുമുണ്ട്. വയനാട്ടില്‍ രാമായണത്തിന്റെ മുഴുവന്‍ കഥയുമുണ്ട്. അവിടെയൊക്കെ ജന്മ സ്ഥലങ്ങളുമുണ്ട്. അപ്പോള്‍ മനസ്സിലാക്കേണ്ടത് ഇത് രാഷ്ട്രീയമായിട്ടുള്ള ഒരു കളിയാണ്. ഈ രാഷ്ട്രീയത്തിന് കോടതി കീഴ്വഴങ്ങി എന്നതാണ് ഏറ്റവും നിര്‍ഭാഗ്യകരം.
ബാബരി മസ്ജിദ് ധ്വംസനത്തിനുള്ള ഒരു സൈദ്ധാന്തിക പിന്‍ബലം പൌരസ്ത്യ പഠനങ്ങളില്‍ നിന്ന് സംഘ്പരിവാറിന് ലഭ്യമായിട്ടില്ലേ? മാക്സ് മുള്ളറിന്റെ സുവര്‍ണ യുഗത്തെക്കുറിച്ചുള്ള പ്രകീര്‍ത്തനങ്ങളും ഈ ഭൂതകാല തകര്‍ച്ചക്ക് കാരണമാക്കിയ മുസ്ലിം ആഗമനത്തെക്കുറിച്ചുമുള്ള പരികല്‍പനകളും മറ്റും ബാബരി തകര്‍ച്ചക്ക് വഴിവെച്ചിട്ടില്ലേ?
ഇല്ല. ആ വാദം അക്കാദമികമായ വാദമാണ്. അക്കാദമികമായ വാദത്തെ അക്കാദമികമായി എതിര്‍ത്തിട്ടുമുണ്ട്. അത് ഒരു ഭാഗത്ത് നടന്നുകൊണ്ടിരിക്കുന്നുമുണ്ട്. പക്ഷേ, ഇതിലുള്ള പ്രാധാന്യം അതല്ല. ഇത് വര്‍ഗീയതയുമായി ബന്ധപ്പെട്ടതാണ്. അതാണ് ഇവിടെ സ്ഥിരീകരിക്കപ്പെടുന്നത്. അതിനാല്‍ ഇതിന് സമകാലിക പ്രാധാന്യമുണ്ട്. അതിനെ രണ്ടിനെയും നമ്മള്‍ കൂട്ടി കുഴച്ചു കൂടാ.
പൌരസ്ത്യ പഠനങ്ങളെ സ്വാംശീകരിക്കുകയും അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നത് ഇന്ന് സംഘ്പരിവാര്‍ ശക്തികളാണല്ലോ?
അതെ. പൌരസ്ത്യ പഠനങ്ങളില്‍ നിന്ന് അവര്‍ പലതും ഉള്‍ക്കൊള്ളുന്നു. അവര്‍ക്ക് അവരുടേതായ ലക്ഷ്യങ്ങളുണ്ട്. പൌരസ്ത്യ പഠനങ്ങളില്‍ ഈ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അംശങ്ങളില്ല. എന്നാല്‍ സംഘ്പരിവാരത്തിന്റെ കാഴ്ചപ്പാട് വെറുപ്പിലും വിദ്വേഷത്തിലും അധിഷ്ഠിതമാണ്. മാക്സ് മള്ളറും സംഘവും അവര്‍ തിരിച്ചറിഞ്ഞ ഒരു തത്ത്വവും സിദ്ധാന്തവും മുന്നോട്ട് വെക്കുകയാണ്. ഇവര്‍ക്ക് സിദ്ധാന്തത്തിലൊന്നും താല്‍പര്യമില്ല. മുഴുവന്‍ മുസ്ലിംകളെയും ശത്രുക്കളായി കാണിക്കുക എന്ന സമീപനമാണ്.
മുസ്ലിംകളുടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു പ്രതിരോധ പ്രവര്‍ത്തനം എന്ന നിലക്കാണ് ആര്‍.എസ്.എസ് പോലെയുള്ള സംഘടനകളുടെ ഉദയം എന്ന ചില ബുദ്ധിജീവികളുടെയും ചരിത്രകാരന്മാരുടെയും വാദത്തോടുള്ള മാഷിന്റെ സമീപനമെന്താണ്?
വര്‍ഗീയതയെക്കുറിച്ചുള്ള വളരെ വികലമായ ഒരാശയമാണ് ഇത്. ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയത വളരാന്‍ സഹായിക്കുന്നു. പക്ഷേ, ഒന്ന് മറ്റൊന്നിന് പ്രതിയല്ല. ഇന്ത്യയില്‍ പത്തൊമ്പതാം നൂറ്റാണ്ടിന് മുമ്പുള്ള ചരിത്രം പരിശോധിച്ചാല്‍ ഈ വര്‍ഗീയ കലാപങ്ങളൊക്കെ മുന്‍പുണ്ടായിരുന്നു. അത് പല കാരണങ്ങള്‍ കൊണ്ടുണ്ടായതാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിലും ഉണ്ടായിട്ടുള്ള വര്‍ഗീയ കലാപങ്ങള്‍, വര്‍ഗീയ ബന്ധങ്ങള്‍ പതിനാലാം നൂറ്റാണ്ടിലും പതിനഞ്ചാം നൂറ്റാണ്ടിലും ഉണ്ടായതില്‍നിന്നും വളരെ വ്യത്യസ്തമാണ്. ഇപ്പോള്‍ റിക്കോര്‍ഡായിട്ട് നമുക്ക് കിട്ടിയിട്ടുള്ള വര്‍ഗീയ കലാപത്തിന്റെ വിശദാംശങ്ങള്‍ 1207-ലുണ്ടായിട്ടുള്ളതാണ്. അതാകട്ടെ ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും ഇടയില്‍ മാത്രം ഉണ്ടായിട്ടുള്ളതല്ല. അതുകൊണ്ട് ഇതൊക്കെ ജേര്‍ണലിസ്റിക്കായിട്ടുള്ള കാഴ്ചപ്പാടുകളാണ്. ചരിത്രത്തെക്കുറിച്ച് വലിയ അവഗാഹമില്ലാത്ത നിരീക്ഷണങ്ങളാണ്.
ബാബരി പ്രശ്നം ഇത്രമേല്‍ സങ്കീര്‍ണമാക്കിയതിന് പിന്നില്‍ ഇടതുപക്ഷ ചരിത്രകാരന്മാരാണെന്ന് എം.ജി.എസ് പറയുന്നുണ്ടല്ലോ?
അതിന്റെ പൊരുളെന്താണെന്ന് എനിക്ക് അറിയില്ല. ഇടതുപക്ഷ ചരിത്രകാരന്മാര്‍ ചെയ്തത് ഈ പ്രശ്നത്തിന്റെ എല്ലാ വശങ്ങളും നിഷ്പക്ഷമായി അനാവരണം ചെയ്യുകയാണ്. ഞാനവിടെ ജെ.എന്‍.യുവില്‍ ഉള്ള സമയത്താണ് ഈ പ്രശ്നം ഉത്ഭവിക്കുന്നത്. അന്ന് വിദ്യാര്‍ഥികള്‍ വന്നിട്ട് ഇതിന്റെ ചരിത്രമെന്താണ്, ഞങ്ങള്‍ക്കറിയില്ല എന്ന് പരാതിപ്പെടുകയുണ്ടായി. അങ്ങനെ ചരിത്രമെന്തെന്ന് ഞാനും ഥാപ്പറും ബിപിന്‍ചന്ദ്രയും അടങ്ങുന്ന വലിയനിര വിശദീകരിക്കുകയുണ്ടായി. അപ്പോള്‍ ഇതൊരു ലഘു ലേഖയായിട്ട് എഴുതി പ്രസിദ്ധീകരിക്കണം എന്ന് കുട്ടികള്‍ ആവശ്യപ്പെട്ടു. ഇതിനെ പിന്തുണക്കുന്ന പല പ്രവര്‍ത്തനങ്ങളും പിന്നീടുണ്ടായി. പുറമെ ഹിന്ദു വര്‍ഗീയതക്കെതിരായിട്ടുള്ള പ്രവര്‍ത്തനത്തില്‍ ഇടതുപക്ഷ ചരിത്രകാരന്മാര്‍ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. അപ്പോള്‍ സംഭവിച്ചത് അതിലേക്ക് ഇതിനെ കൂടി യോജിപ്പിച്ചു എന്നതാണ്. വലതുപക്ഷ ചരിത്രകാരന്മാര്‍മാരെ പോലെ ഇടതുപക്ഷ ചരിത്രകാരന്മാര്‍ ബി.ജെ.പിയുമായി ബന്ധപ്പെട്ട് അവരുടെ കാഴ്ചപ്പാടിനെ ന്യായീകരിക്കാന്‍ ശ്രമിച്ചിട്ടില്ല.
2003 ല്‍ എ.എസ്.ഐ നടത്തിയ ഉല്‍ഖനനമാണ് എല്ലാ തെളിവുകളുടെയും അടിസ്ഥാനമായി ഉയര്‍ത്തി കാട്ടപ്പെടുന്നത്. അതാകട്ടെ പല കോണുകളില്‍നിന്നും വിമര്‍ശന വിധേയമായിട്ടുമുണ്ട്. ഈ ഉല്‍ഖനനത്തിനു പിന്നിലുണ്ടായിരുന്ന ഭരണപരമായ ഇടപെടലുകള്‍ വളരെ പ്രകടമായിരുന്നല്ലോ. ഡോ. കസ്തൂരി ഗുപ്തയെ സ്ഥലം മാറ്റി ഗൌരി ചാറ്റര്‍ജിയെ തല്‍സ്ഥാനത്ത് അവരോധിച്ചത് മുതല്‍ അത് ദൃശ്യമാണല്ലോ?
അതിലുള്ള സരളമായിട്ടുള്ള പ്രശ്നം ആദ്യത്തെ ഉല്‍ഖനനത്തില്‍ ഒരു അമ്പലത്തെക്കുറിച്ചും പരാമര്‍ശമില്ലാ എന്നതാണ്. രണ്ടാമത്തെ ഉല്‍ഖനനത്തില്‍ കണ്ടുപിടിച്ചു എന്നു പറയുന്ന തൂണുകളുടെ അവശിഷ്ടം, ബിംബങ്ങള്‍ എന്നിവ പരിശോധിച്ചിട്ടുള്ള ആര്‍ക്കിയോളജിസ്റുകളുടെ അഭിപ്രായത്തില്‍ അതൊന്നും വിശ്വാസയോഗ്യമായ തെളിവുകളല്ല. അവര്‍ ഇതുമായി ബന്ധപ്പെട്ട് രണ്ട് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ആ അടിസ്ഥാനത്തില്‍ അവിടെയൊരു അമ്പലമുണ്ടായിരുന്നു എന്ന് പറയാന്‍ പറ്റില്ല. ഇത്തരം വ്യത്യസ്തങ്ങളായിട്ടുള്ള അഭിപ്രായങ്ങളെയൊന്നും കോടതി പരിഗണിച്ചിട്ടില്ല. അവര്‍ പരിഗണിച്ചത് സംഘ്പരിവാര്‍ വാദങ്ങളെയാണ്. അവിടെ ചുണ്ണാമ്പുണ്ടായിരുന്നത് ഇര്‍ഫാന്‍ ഹബീബ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചുണ്ണാമ്പ് കാണിക്കുന്നത് മുസ്ലിം സാന്നിധ്യത്തെയാണ്. അത്തരം തെളിവുകളൊന്നും കോടതി മുഖവിലക്കെടുത്തില്ല.
നമ്മുടെ കോടതികള്‍ പൊതു ബോധത്തിനടിപ്പെട്ട് വിധി പറയുക എന്ന അപകടകരമായ പ്രവണത സമീപകാലത്ത് സ്വീകരിച്ചിട്ടുണ്ടല്ലോ? കേരളത്തിലുണ്ടായ ലൌ ജിഹാദ് പോലുള്ള വിഷയങ്ങളില്‍ ഇത് വളരെ പ്രകടമായിരുന്നു.
ഈ കോടതി വിധിയുടെ കാര്യത്തില്‍ ഇത്തരമൊരു സ്വാധീനം ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കണം. അവരുടെ ചില നിരീക്ഷണങ്ങള്‍ വായിക്കുമ്പോള്‍ അങ്ങനെ തോന്നും. നമ്മുടെ ജുഡീഷ്യറിക്ക് ഒരു പാരമ്പര്യമുണ്ട്. ബ്രിട്ടീഷുകാരുടെ കാലം മുതല്‍ അതുണ്ട് എന്ന് വിശ്വസിക്കുന്നുണ്ട് നമ്മള്‍. ആ പാരമ്പര്യം എപ്പോഴെങ്കിലും നഷ്ടപ്പെടുകയാണെങ്കില്‍ നമ്മുടെ രാഷ്ട്രത്തിന് അതൊരു തിരിച്ചടിയാകും. അത്തരമൊരു പശ്ചാത്തലത്തിലാണ് ഈ വിധി വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ഇതില്‍ അപാകതകളുണ്ടെങ്കില്‍ അത് നമ്മുടെ ജനാധിപത്യത്തെ എങ്ങനെ ബാധിക്കും എന്നാണ് ചോദിക്കപ്പെടേണ്ടത്.
വാസ്തവത്തില്‍ ഈ വിധി നമ്മുടെ മതേതരത്വത്തിന്റെ ആന്തരിക ദൌര്‍ബല്യങ്ങളെ വെളിവാക്കുന്നില്ലേ? സമൂഹത്തെ ഗ്രസിക്കുന്ന മുസ്ലിം അപരവല്‍കരണ യുക്തിയെക്കുറിച്ച് മാഷ് മുന്‍പ് എഴുതിയതായി ഓര്‍മയുണ്ട്. കോഴിക്കോട് വീട് നോക്കിയപ്പോള്‍ ബ്രോക്കര്‍ 'ഇവിടെ മുസ്ലിം വീടുകളൊന്നും ഇല്ല' എന്ന് പറഞ്ഞതിനെ പറ്റി.
മുസ്ലിം അരക്ഷിതാവസ്ഥ എന്നത് കൊണ്ടുദ്ദേശിക്കുന്നതില്‍ രണ്ടു പ്രശ്നങ്ങളുണ്ട്. ഒന്ന് കഴിഞ്ഞ ഇരുപത് കൊല്ലങ്ങളായിട്ട് സംഘ്പരിവാരത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ട് ഒരു വര്‍ഗീയ കാഴ്ചപ്പാട് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ വര്‍ഗീയതയില്ലാത്ത വിവാദങ്ങളില്‍ പോലും വര്‍ഗീയതയുടെ ആശയങ്ങള്‍ കടന്നു വന്നിട്ടുണ്ട്. അടിയൊഴുക്കുകള്‍ എന്ന നിലക്ക് വര്‍ഗീയ അവബോധം നിലനില്‍ക്കുന്നു. അതായത് സമൂഹത്തിലുണ്ടായിട്ടുള്ള ഒരു മാറ്റം മതേതരത്വത്തില്‍നിന്ന് മനുഷ്യനെ മനുഷ്യനായി കാണുന്നതില്‍നിന്ന് മനുഷ്യനെ മതാനുയായി കാണുന്നതിലേക്ക് മാറിയിരിക്കുന്നു. ഞാന്‍ നിങ്ങളോട് സംസാരിക്കുമ്പോള്‍ നിങ്ങളുടെ മതമെന്താണ് എന്നല്ല ഞാന്‍ ചിന്തിക്കുന്നത്. അത്തരമൊരു ചിന്ത എന്റെ മനസ്സില്‍ വരികയാണെങ്കില്‍ ഞാനൊരു മതേതരവാദിയല്ല. എന്നാല്‍ ഇത്തരത്തിലുള്ള ഒരു മാറ്റം ഇന്ത്യയിലുണ്ടായിട്ടുണ്ട്. അതാണ് വലിയ പ്രശ്നം. ഈ മാറ്റത്തിന് ഉത്തരവാദികളായി ഞാന്‍ കാണുന്നത് എല്ലാ മതവിഭാഗങ്ങളെയുമാണ്. അതില്‍ ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും പങ്കുണ്ട്. ഇപ്പോള്‍ ഈ വിധിയില്‍ ഞാന്‍ കാണുന്ന ഒരപകടം അതാണ്. അത്തരത്തിലുള്ള ഒരന്തര്‍ധാരയെ കൂടുതല്‍ ശക്തമാക്കാന്‍ ഈ വിധി സഹായിക്കുമോ എന്ന് സംശയിക്കണം.
മതങ്ങളെക്കുറിച്ചുള്ള മാഷിന്റെ വിലയിരുത്തലില്‍ ഒരപാകതയില്ലേ? കേരള ചരിത്രത്തില്‍ നമസ്കരിക്കാത്ത മുസ്ലിംകളെ ശിക്ഷിക്കാന്‍ സാമൂതിരി കല്‍പിക്കുന്നുണ്ട്. സാമൂതിരിക്ക് കീഴില്‍ യുദ്ധത്തിനിറങ്ങുന്നത് ജിഹാദാണെന്നും അതില്‍ മരണപ്പെട്ടാല്‍ ശഹീദിന്റെ പദവി ലഭ്യമാകും എന്നും ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം പറയുന്നതായി കാണാം. മതങ്ങള്‍ക്കിടയില്‍ തന്നെ അന്യോന്യം സഹവര്‍ത്തിത്വത്തിന്റേതായ ഒരു പ്രകാശനം കാണുന്നുണ്ടല്ലോ?
അതിന് സംശയമില്ല. എല്ലാ മതങ്ങളുടെയും അടിസ്ഥാനപരമായ ആശയങ്ങളും മൂല്യങ്ങളും മാനുഷികമാണ്. എല്ലാ മതങ്ങളും ഉയര്‍ത്തി പിടിക്കാന്‍ ശ്രമിച്ചിട്ടുള്ളതും അതാണ്. പക്ഷേ, മതങ്ങളുടെ ഈ സാര്‍വലൌകികമായ ആശയം വ്യത്യസ്തമായി മതങ്ങളിലേക്ക് മാത്രമായി ചുരുങ്ങിപ്പോയി. അതിന്റെ താല്‍പര്യമായി കാണാന്‍ കഴിയുന്നത് മതനേതാക്കളുടെയും പുരോഹിതന്മാരുടെയും താല്‍പര്യങ്ങളാണ്. മതങ്ങളില്‍ അനാചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടാകുന്നത് അവരുടെ താല്‍പര്യങ്ങള്‍ക്കൊത്താണ്. മതത്തിന്റെ മൌലികമായ ആശയങ്ങളെ ചരിത്രം മാറ്റിമറിച്ച് വിഷലിപ്തമായ ഒന്നാക്കി മാറ്റിയിരിക്കുകയാണ്. അതിന് ഗുജറാത്തില്‍ എത്ര ആയിരങ്ങളെകൊന്നു. കേരളത്തില്‍ ജോസഫിന്റെ കൈ വെട്ടി. ഈ ക്രൂരതയെ നമ്മള്‍ എങ്ങനെയാണ് മനസ്സിലാക്കുക. മതമെങ്ങനെയെന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നത് ഇന്നിങ്ങനെയാണ്.
ഇന്ത്യന്‍ മതേതരത്വത്തെക്കുറിച്ചുള്ള എല്ലാ ആലോചനകളിലും പൊതുവെ രണ്ട് ധാരകളാണല്ലോ ഉള്ളത്. ഒന്ന് ഗാന്ധിയന്‍ മതേതരവാദം. മറ്റൊന്ന് നെഹ്റുവിയന്‍ മതേതര വാദം. ഇതിലേതാണ് ഇന്ത്യയെ പോലുള്ള ഒരു പ്ളൂറല്‍ സൊസൈറ്റിക്ക് ആവശ്യം?
ഞാനീ രണ്ട് ധാരകളെക്കുറിച്ച് വളരെ സുദീര്‍ഘമായി എഴുതിയിട്ടുണ്ട്. ഗാന്ധിജി മതേതരത്വത്തെ ഒരു സാമൂഹിക പ്രതിഭാസമായിട്ടാണ് കാണുന്നത്. നെഹ്റു കണ്ടത് ഒരു രാഷ്ട്രീയ പ്രതിഭാസമായിട്ടാണ്. അതുകൊണ്ട് നെഹ്റു വിശ്വസിച്ചത് നമ്മുടെ ഭരണകൂടം മതേതരമാകണം എന്നതാണ്. ഗാന്ധിജി വിശ്വസിച്ചത് സമൂഹം മതേതരമാകണം എന്നതാണ്. രണ്ടിലും യാഥാര്‍ഥ്യമുണ്ട്. അതെങ്ങനെയെന്നാല്‍ സമൂഹം മതേതരമാകാതെ ഭരണകൂടം മതേതരമാവില്ല. ഭരണകൂടം മതേതരമല്ല എങ്കില്‍ സമൂഹത്തില്‍ മതേതരത്വത്തിന് അത് വലിയ ആഘാതങ്ങളുണ്ടാക്കും. അതിനാല്‍ ഇത് രണ്ടിനെയും വേര്‍തിരിച്ച് കാണാന്‍ പറ്റില്ല.
ബാബരി തകര്‍ച്ചക്ക് മുമ്പ്/ശേഷം, ഗുജറാത്തിന് മുമ്പ്/ശേഷം എന്ന ഒരു നിരീക്ഷണത്തിന് വ്യവഹാര മണ്ഡലത്തില്‍ ഇടം ലഭിച്ചിരുന്നു. അതുപോലെ ബാബരി വിധിക്ക് മുമ്പ്/ശേഷം എന്നതിന് പ്രസക്തിയുണ്ടോ?
അതിന്റെ ആവശ്യമില്ല. കാരണം ബാബരി വിധി ഒരവസാന വാക്കല്ല. ഇതൊരു ജുഡീഷ്യല്‍ കോക്കസാണ്. ഇതൊരുപക്ഷേ, സുപ്രീം കോടതിയില്‍ പോയാല്‍ ഈ വിധിയെ ഖണ്ഡിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇതൊരു നിര്‍ണായക മുഹൂര്‍ത്തമല്ല. ബാബരി മസ്ജിദ് പൊളിച്ചപ്പോള്‍ മുഹൂര്‍ത്തമായിരുന്നു. പക്ഷേ, ഇതിനതില്ല. ഒരു ഹൈക്കോടതി വിധിയില്‍ കൂടുതലായി പ്രാധാന്യം ഇതിന് കൊടുക്കേണ്ടതില്ല.



Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly