Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


>>കത്തുകള്‍




വിശ്വാസമോ അവകാശ തര്‍ക്കമോ?
ബാബരി മസ്ജിദ്-രാമജന്മഭൂമി പ്രശ്നം വിശ്വാസകാര്യമല്ല. അവകാശ തര്‍ക്കമാണ്. ബാബരി മസ്ജിദ് നില്‍ക്കുന്നിടത്താണ് ശ്രീരാമന്റെ ജന്മസ്ഥലമെന്ന വിശ്വാസമോ, വാദമോ ഇന്ത്യയിലാര്‍ക്കും ഉണ്ടായിരുന്നില്ല. വേദങ്ങള്‍, ഇതിഹാസങ്ങള്‍, ഉപനിഷത്തുകള്‍, ആരണ്യകങ്ങള്‍, ശ്രുതികള്‍, സ്മൃതികള്‍ തുടങ്ങിയ ഹൈന്ദവ ആധികാരിക ഗ്രന്ഥങ്ങളിലെവിടെയും അത്തരമൊരു പരാമര്‍ശം പോലുമില്ലെന്ന് പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു ബ്രിട്ടീഷ് ഓഫീസറായ എച്ച്.ആര്‍ നെവില്‍ ആണ് ബാബരി മസ്ജിദിനെ രാമജന്മഭൂമിയുമായി ബന്ധിപ്പിക്കുന്ന കഥ ആദ്യമായി മെനഞ്ഞുണ്ടാക്കിയത്. ഫൈസാബാദ് ജില്ലാ ഗസറ്റിയറില്‍ അദ്ദേഹം എഴുതി: "ക്രിസ്താബ്ദം 1528ല്‍ ബാബര്‍ അയോധ്യ(അവധ്)യിലെത്തി ഒരാഴ്ച താമസിച്ചു. (രാമജന്മഭൂമിയിലെ) പുരാണക്ഷേത്രം അദ്ദേഹം നശിപ്പിച്ചു. ആ സ്ഥാനത്ത് ഒരു പള്ളി പണിതു. ബാബരി മസ്ജിദ് എന്നാണ് അതറിയപ്പെടുന്നത്.'' (പുറം: 173) ഇരു സമൂഹങ്ങള്‍ തമ്മില്‍ തല്ലിക്കാന്‍ വേണ്ടി ഭിന്നിപ്പിച്ചു ഭരിക്കല്‍ കുതന്ത്രത്തിന്റെ വക്താവായ ഈ ബ്രിട്ടീഷ് ഓഫീസര്‍ ബോധപൂര്‍വം കെട്ടിച്ചമച്ച ഈ കഥയ്ക്കു പിന്‍ബലമേകുന്ന എന്തെങ്കിലും ചരിത്ര രേഖയോ തെളിവോ ചൂണ്ടിക്കാണിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞിട്ടില്ല.
രാമക്ഷേത്ര നിര്‍മാണവാദം ഉന്നയിക്കുന്നവര്‍ സ്ഥാപിച്ചു നടത്തി വരുന്ന ഭാരതീയ വിദ്യാഭവന്‍ നേരത്തെ പുറത്തിറക്കിയ മുഗള്‍ കാലത്തെ കുറിച്ച കൃതിയില്‍ പോലും ശ്രീരാമക്ഷേത്രം തകര്‍ത്ത് പള്ളി പണിതതിനെ കുറിച്ച് ഒരു പരാമര്‍ശവുമില്ലത്രെ. ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും ആര്‍ക്കിയോളജി വകുപ്പ് ഡയറക്ടര്‍മാരുമായി ചേര്‍ന്ന് വിഷയത്തെക്കുറിച്ച് പഠനം നടത്തിയ പ്രഫ. ആര്‍.എസ് ശര്‍മ പറയുന്നത്, ബാബരി മസ്ജിദിന് സമീപം ക്ഷേത്രമുണ്ടായിരുന്നുവെന്ന് പുരാതന രേഖകളനുസരിച്ചുന്നയിക്കുന്ന വാദം കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമാണ് എന്നാണ്. (ടൈംസ് ഓഫ് ഇന്ത്യ 1990 ഡിസംബര്‍ 6). വിവാദ ആരാധനാലയം സ്ഥിതിചെയ്തിരുന്ന പ്രദേശത്തും പരിസരങ്ങളിലും ബി.സി 600ന് മുമ്പ് ജനവാസമേ ഉണ്ടായിരുന്നില്ലെന്ന് ഭൂഗര്‍ഭ പരിശോധനകള്‍ തെളിയിച്ചിട്ടുണ്ട്.
ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായ ഇടവേളയില്‍ ഇരുവിഭാഗവും തങ്ങളുടെ കൈവശമുള്ള തെളിവുകള്‍ കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. അവ സൂക്ഷ്മമായി പരിശോധിച്ച നാലംഗ സമിതിയും ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന വാദം വസ്തുതാപരമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 1969ല്‍, ബാബരിമസ്ജിദ് കോംപ്ളക്സില്‍ പള്ളിക്ക് ചുറ്റും മൂന്ന് കിടങ്ങുകള്‍ സ്ഥാപിക്കാന്‍ സഹായകമായ ഒന്നും കണ്ടെത്താനായില്ലെന്നും ആര്‍ക്കിയോളജി വകുപ്പിന്റെ മുന്‍ മേധാവി പ്രഫ. കെ. സിവഗ തുറന്നു പറയുകയുണ്ടായി. (ദ ഹിന്ദു ഫെബ്രുവരി 6, 1991).
"ഈ ലേഖകന്‍ കഴിയുന്നത്ര സത്യസന്ധമായി നടത്തിയ ചരിത്ര ഗവേഷണം ഉറക്കെ വിളിച്ചു പറയുന്നത്, ബാബരി മസ്ജിദ് നിര്‍മിക്കാന്‍ വേണ്ടി ഒരൊറ്റ രാമക്ഷേത്രവും പൊളിക്കുകയുണ്ടായിട്ടേയില്ല എന്നാണ്. ഏറ്റവും കവിഞ്ഞാല്‍ തല്‍സ്ഥാനത്ത് ഏതോ മന്ദിരത്തിന്റെ അവശിഷ്ടങ്ങള്‍ പള്ളി നിര്‍മാണ വേളയിലുണ്ടായിരിക്കാം. എന്നാല്‍ മീര്‍ബാക്കി, രാമക്ഷേത്രം ബോധപൂര്‍വം പൊളിച്ചു നീക്കിയാണ് തല്‍സ്ഥാനത്ത് ബാബരി മസ്ജിദ് പണിതതെന്ന് വിശ്വസിക്കാവുന്ന യാതൊരു തെളിവും ഇല്ല തന്നെ'' എന്ന് ശുദ്ധ മതേതരനായ ചരിത്ര ഗവേഷകന്‍ അസ്ഗറലി എഞ്ചിനീയര്‍ ഒരു ഇംഗ്ളീഷ് ദിനപത്രത്തില്‍ ഏതാനും വര്‍ഷം മുമ്പ്
എഴുതിയിരുന്നു.
അമ്പലം പൊളിച്ചാണ് പള്ളി നിര്‍മിച്ചതെന്ന വാദത്തിന് പിന്‍ബലമേകുന്ന വ്യക്തമായ തെളിവുകള്‍ കണ്ടെത്തിയില്ലെങ്കിലും ഇസ്ലാമിക തത്ത്വങ്ങള്‍ക്കെതിരായി നിര്‍മിച്ചതിനാല്‍ ബാബരി മസ്ജിദിനെ പള്ളിയായി കണക്കാക്കാവതല്ലെന്നാണ് ജഡ്ജിമാരുടെ ന്യായവാദം. എന്നാല്‍, ആരും കാണാതെ അര്‍ധ രാത്രിയില്‍ വിഗ്രഹങ്ങള്‍ കൊണ്ടുപോകുന്നത് ഹൈന്ദവ തത്ത്വങ്ങള്‍ക്ക് അനുയോജ്യമായ വിഗ്രഹപ്രതിഷ്ഠയല്ലാത്തത് കൊണ്ട് വിഗ്രഹം വെച്ച സ്ഥലം പാവനമായി കണക്കാക്കാവതല്ലെന്നോ, പള്ളിപൊളിച്ച് അമ്പലം പണിയാന്‍ ശ്രമിച്ചത് മര്യാദ പുരുഷനായ ശ്രീരാമന് അഹിതകരമാണെന്നോ പ്രഖ്യാപിക്കാന്‍ ജഡിജിമാര്‍ കൂട്ടാക്കിയില്ല!
"മമ വര്‍മാനുവര്‍ത്തന്തേ,
മനുഷ്യാ പാര്‍ഥസര്‍വശം''
(മനുഷ്യന്‍ ഏത് വിധത്തിലാണെങ്കിലും എന്റെ വഴിതന്നെയാണ് പിന്തുടരുന്നത്) എന്ന ഗീതാവാക്യമനുസരിച്ച് മസ്ജിദിലും ചര്‍ച്ചിലും നടക്കുന്ന പ്രാര്‍ഥനകളും ഭഗവാന്റെ പ്രീതിയുള്ളതാണെന്നതിനാല്‍ ഒരു ആരാധനാലയം പൊളിച്ച് മറ്റൊന്ന് നിര്‍മിക്കുന്നത് ഹൈന്ദവ തത്ത്വങ്ങള്‍ക്കെതിരാണെന്നും ചൂണ്ടിക്കാണിക്കാന്‍ ബഹുമാന്യരായ നമ്മുടെ ജഡിജിമാര്‍ക്ക് എന്തേ കഴിയാതെ പോയത്?
റഹ്മാന്‍ മധുരക്കുഴി


ലോട്ടറി-മദ്യ
ദുരന്തങ്ങളുടെ ആഴം

കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങളായി ദൈവത്തിന്റെ സ്വന്തം നാട്ടിലെ കോലാഹലങ്ങളിലേറെയും സമൂഹത്തെ കാന്‍സറെന്നോണം കാര്‍ന്ന് തിന്ന് കൊണ്ടിരിക്കുന്ന രണ്ട് മഹാവിപത്തിനെ ചുറ്റിപ്പറ്റിയായിരുന്നുവല്ലോ; മദ്യവും ലോട്ടറിയും. പ്രസ്തുത വിഷയങ്ങളിലെ ആഴങ്ങളിലേക്കും ആപത്തുകളിലേക്കും വെളിച്ചം വീശുന്ന പഠനാര്‍ഹമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച പ്രബോധനത്തിന് നന്ദി. (ലക്കം 67/16)
മാഹിയുടെ ഓരങ്ങളില്‍ കഴിയുന്ന ഞങ്ങള്‍ വൈകുന്നേരങ്ങളില്‍ കുടുംബങ്ങളോടൊപ്പമല്ല, ഒറ്റക്ക് പോലും ബസിലും കാല്‍നടയായും യാത്ര ചെയ്യുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന പൊല്ലാപ്പ് പറഞ്ഞറിയിക്കാ
നാവാത്താണ്.
മുമ്പൊക്കെ ജോലിയൊന്നും ചെയ്യാനാവാത്ത വികലാംഗര്‍ ജീവിക്കാന്‍ വേണ്ടിയായിരുന്നു ലോട്ടറി വില്‍പനക്ക് ഇറങ്ങിയിരുന്നത്. അതുകൊണ്ട് തന്നെ ആ ശല്യം അവരെ ഓര്‍ത്ത് സഹിച്ചു പോരുകയായിരുന്നു.
ഇന്ന് ബസുകളിലിരുന്നാല്‍ ഒരവകാശമെന്ന മട്ടില്‍ ടിക്കറ്റ് മടിയിലിട്ട് ശല്യം ചെയ്യുന്നവരുള്‍പ്പെടെയുള്ള ലോട്ടറിക്കച്ചവടക്കാര്‍ വിദ്യാഭ്യാസവും ആരോഗ്യവുമുള്ള യുവാക്കളാണ്.
തനിച്ച് യാത്രചെയ്യുന്ന സ്ത്രീകളോട് ഇക്കൂട്ടര്‍ കാണിക്കുന്നത് കണ്ടാല്‍ കരണത്ത് നിന്ന് കൈ എടുക്കാന്‍ തോന്നില്ല.
പറഞ്ഞിട്ടെന്ത് ഫലം, നമ്മള്‍ ഇതിനോടൊക്കെ എന്നോ പൊരുത്തപ്പെട്ട് കഴിഞ്ഞുപോയിരിക്കുന്നു! ജുമുഅ നമസ്കാരം കഴിഞ്ഞ് പള്ളിയില്‍നിന്നിറങ്ങി കുത്തനെ ലോട്ടറി സ്റാളിലേക്ക് കയറാന്‍ നാല് ഭാഗവും നോക്കേണ്ട ഗതികേടൊന്നും നമ്മുടെ ഖൌമിനില്ലാതായിരിക്കുന്നു.
മമ്മൂട്ടി കവിയൂര്‍


സൂക്ഷ്മതക്കുറവ് വേറെയുമുണ്ട്
ഖുര്‍ആന്‍ പരിഭാഷയിലെ സൂക്ഷ്മതക്കുറവിനെ സംബന്ധിച്ച് ജമാല്‍ മലപ്പുറത്തിന്റെ പ്രതികരണം (2010 സെപ്റ്റം. 25) നന്നായി. ഗൌരവമേറിയ മറ്റൊരു പരിഭാഷ സ്ഖലിതം കൂടി ശ്രദ്ധിക്കുക.
അല്ലാഹു മുഹമ്മദ് നബിയെ നീ എന്ന് സംബോധന ചെയ്യുന്നതായി മലയാള പരിഭാഷകളിലുണ്ട്. നീ, നിങ്ങള്‍, താങ്കള്‍ എന്നീ സംബോധനാ രീതികളില്‍ 'നീ' എന്നത് പരിഷ്കൃതമല്ലാത്ത ഒരു പ്രയോഗമാണ്. അധമന്മാരോടും അടിമകളോടും യജമാനന്മാര്‍ പ്രയോഗിച്ചിരുന്നതോ അല്ലെങ്കില്‍ പിണങ്ങുമ്പോള്‍ പ്രയോഗിക്കാനുള്ളതോ ആണ്. കുട്ടികളോടു പോലും ഈ ശൈലി കേരളത്തിലൊഴികെ മറ്റൊരിടത്തും പ്രയോഗിക്കാറില്ല. ഉര്‍ദുവില്‍ 'ആപ്'- താങ്കള്‍ എന്ന പ്രയോഗമാണ് ബഹുമാന്യം. 'തൂ'- നീ എന്ന പ്രയോഗം ആ ഭാഷയിലുണ്ടെങ്കിലും സാമാന്യമായി പോലും പ്രയോഗിക്കപ്പെടുന്നില്ല. അറബിയില്‍ പക്ഷേ മൂന്നിനും ഒരു പ്രയോഗ രീതിയേ ഉള്ളൂ. നീ പറയുക, നിങ്ങള്‍ (ആദരം) പറയുക, താങ്കള്‍ പറയുക എന്നീ മൂന്നു ശൈലിക്കും 'ഖുല്‍' എന്ന് തന്നെയാണ് അറബിയില്‍ പ്രയോഗിക്കുന്നത്.
പേരെടുത്ത് വിളിക്കാതെ യാ അയ്യുഹര്‍റസൂലു, യാ അയ്യുഹന്നബിയ്യു എന്നൊക്കെ വിളിച്ച് ആദരിക്കപ്പെട്ട പ്രവാചകനെ അല്ലാഹു 'നീ' എന്ന് സംബോധന ചെയ്യുമെന്ന് വിശ്വസിക്കാനാകുമോ?
മൈമൂന കരീം ചേന്ദമംഗല്ലൂര്‍


ജനകീയാസൂത്രണം ചില പഴയ ഓര്‍മകള്‍
പ്രാദേശിക തെരഞ്ഞെടുപ്പിന്റെ ചൂട് കൂടികൊണ്ടിരിക്കുമ്പോള്‍ അധികാര വികേന്ദ്രീകരണത്തെക്കുറിച്ചും ജനകീയാസൂത്രണത്തെക്കുറിച്ചും ചില പഴയ ഓര്‍മകള്‍ പങ്കുവെക്കുന്നു.
പശ്ചിമ ബംഗാള്‍ പ്ളാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാനായിരുന്ന എസ്.ബി സെന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അധികാര വികേന്ദ്രീകരണത്തെക്കുറിച്ചുള്ള നിര്‍ദേശങ്ങളും തത്ത്വങ്ങളും ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.
1993-ലെ ഭരണഘടനാ ഭേദഗതിയനുസരിച്ച് പഞ്ചായത്ത് നഗരപാലികാ ബില്‍ പാസ്സായതോടെ അധികാര വികേന്ദ്രീകരണത്തിന് നാന്ദി കുറിച്ചു. സംസ്ഥാന ബജറ്റിന്റെ 35-40 ശതമാനം വിഹിതം ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റുകളിലേക്ക് ഒഴുകാന്‍ തുടങ്ങി. കുറെ നിയമങ്ങളും അധികാരങ്ങളും അത് നടപ്പാക്കാനുള്ള ചട്ടങ്ങളും പ്രാദേശിക ഗവണ്‍മെന്റുകള്‍ക്ക് ലഭിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ ജനകീയാസൂത്രണം എന്ന പേരില്‍ ഒമ്പതാം പദ്ധതി നടപ്പാക്കിത്തുടങ്ങി.
ഇടതുപക്ഷ സര്‍ക്കാര്‍ ഒമ്പതാം പദ്ധതി നടപ്പാക്കിയിരുന്നത് ജനകീയാസൂത്രണത്തിലൂടെയായിരുന്നു. പിന്നീടത് അട്ടിമറിക്കപ്പെട്ടു. വാര്‍ഷിക പദ്ധതി രേഖ തയാറാക്കുന്നതിലും പ്രോജക്ടുകള്‍ എഴുതുന്നിലും അത് നടപ്പിലാക്കുന്നതിലും സജീവമായി ഇടപെട്ടിരുന്ന കര്‍മസമിതികളെ (ഠമസെ എീൃരല) മാറ്റിനിര്‍ത്തി വെറും വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ രൂപവത്കരിച്ച് അതിന്റെ ജനകീയത നഷ്ടപ്പെടുത്തി.
1980-കളുടെ അവസാനം 'ഫയലില്‍നിന്ന് വയലിലേക്ക്' എന്ന പേരില്‍ ഒരു കാമ്പയിന്‍ അന്നത്തെ ചില ജില്ലാ ഭരണാധികാരികള്‍ ആസൂത്രണം ചെയ്തിരുന്നു. സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റഡീസ് എന്ന സ്ഥാപനത്തിലെ ഗവേഷകന്‍ ചന്ദ്രര്‍ മുഖര്‍ജിയുടെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പാക്കിയത്. ഈ പരിപാടിയുടെ ലക്ഷ്യം സാധാരണക്കാരുമായി ഉദ്യോഗസ്ഥന്മാര്‍ മുഖാമുഖം സംസാരിക്കുക, ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ അധികാരികള്‍ നേരിട്ട് മനസ്സിലാക്കുക, ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികള്‍ ഗ്രാമീണരെ പഠിപ്പിക്കുക എന്നതായിരുന്നു. ഫയല്‍ എന്നത് ബ്യൂറോക്രസിയുടെയും വയല്‍ എന്നത് ഗ്രാമീണരുടെയും പ്രതീകങ്ങളായിരുന്നു.
ഈ കാമ്പയിനിലൂടെ തൊഴിലില്ലായ്മ, സ്വയം തൊഴില്‍ പദ്ധതി എന്നിവക്ക് തീരുമാനമായി. വിദ്യാഭ്യാസ, ചികിത്സാ പദ്ധതികള്‍ നടപ്പിലാക്കി. ആനുകൂല്യങ്ങളും പെന്‍ഷനുകളും തീരുമാനിച്ചു. ഭൂമി, വീട്, റോഡ് തുടങ്ങി നിരവധി കാര്യങ്ങള്‍ക്കും തീരുമാനമുണ്ടായി. വിത്ത്, തൈകള്‍, വളം മുതലായവ അര്‍ഹരായ കര്‍ഷകര്‍ക്ക് നല്‍കി. സാമൂഹിക വനവത്കരണം, കന്നുകാലി സംരക്ഷണം എന്നിവ നടപ്പാക്കാനും തീരുമാനമുണ്ടായി. നീതിമേള നടത്തി പ്രാദേശിക തര്‍ക്കങ്ങള്‍ തീര്‍ത്തു. സ്കൂളുകളില്‍ ഗ്രാമവികസന പ്രദര്‍ശനങ്ങള്‍ നടത്തി. സമൂഹ വിവാഹം, മിശ്ര ഭോജനം എന്നിവയും സംഘടിപ്പിക്കപ്പെട്ടു. ഭരണം കലക്ടറേറ്റില്‍നിന്ന് ഗ്രാമാന്തരങ്ങളിലേക്ക് ഇറങ്ങുന്ന അനുഭവമുണ്ടായി. ഗ്രാമവികസനത്തില്‍ സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ക്ക് എങ്ങനെ ഏകോപിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ഈ പരീക്ഷണം തെളിയിച്ചു.
ജനപങ്കാളിത്തമില്ലാത്ത ഭരണം ജനാധിപത്യ സമ്പ്രദായത്തില്‍ പ്രയോജനപ്രദമല്ലെന്നും ജനപങ്കാളിത്തം തന്നെയാണ് ഭരണത്തിന്റെയും രാജ്യത്തിന്റെയും ഉയര്‍ച്ചക്കും പുരോഗതിക്കും യഥാര്‍ഥ പരിഹാരമെന്നും ഉദ്യോഗസ്ഥ വൃന്ദത്തെ ബോധ്യപ്പെടുത്തുന്നതായിരുന്നു ഈ സംരംഭം.
എന്നാല്‍, സെക്രട്ടറിയേറ്റിലെയും വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലെയും ഉദ്യോഗസ്ഥ മേധാവികള്‍, സര്‍വീസ് സംഘടനകള്‍, ട്രേയ്ഡ് യൂനിയനുകള്‍, അധ്യാപക സംഘടനകള്‍, വിദ്യാര്‍ഥിസംഘടനകള്‍ തുടങ്ങി പലരും ഈ ജനകീയ പദ്ധതിയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. അധികാരം ജനങ്ങളുമായി പങ്കുവെക്കാന്‍ ഇവരാരും തയാറായിരുന്നില്ല.
ജനകീയാസൂത്രണത്തിന്റെ ആദ്യ ഘട്ടത്തിലെ ചില പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഒരു ഗ്രാമ പഞ്ചായത്തില്‍ മൃഗാശുപത്രി, പി.എച്ച്.സി, ആയുര്‍വേദാശുപത്രി, ഹോമിയോ ഡിസ്പെന്‍സറി, അംഗന്‍വാടികള്‍, എഫ്.ഡബ്ള്യു.സി, കൃഷിഭവന്‍ എന്നിവക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടാകണമെന്നായിരുന്നു അതിലെ പ്രധാന നിര്‍ദേശം. കൂടാതെ കൃഷി, മൃഗസംരക്ഷണം, മണ്ണ് സംരക്ഷണം എന്നീ വകുപ്പുകളിലൂടെ അനേകം പ്രോജക്ടുകള്‍ നടപ്പാക്കി.
തോടുകള്‍, കുളങ്ങള്‍, ചിറകള്‍ എന്നിവ കെട്ടി നവീകരിച്ചു. മൃഗസംരക്ഷണ രംഗത്ത് പശു, എരുമ, ആട്, കോഴി എന്നിവ നല്‍കി തൊഴില്‍ ദാന പദ്ധതികള്‍ നടപ്പാക്കി. എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നീ സ്കൂളുകള്‍ യഥാക്രമം ഗ്രാമ, ബ്ളോക്, ജില്ലാ പഞ്ചായത്തുകളുടെ കീഴിലായി. എയിഡഡ് സ്കൂളുകള്‍ക്കും കാലന്തരേണ ഈ പദ്ധതികളില്‍നിന്ന് പ്രയോജനം ലഭിച്ചു. എസ്.സി, എസ്.ടി പദ്ധതികള്‍ മുഖേന വീട്, കക്കൂസ്, കുടിവെള്ളം, കോളനി റോഡുകള്‍ നന്നാക്കല്‍ എന്നിവക്കുള്ള പദ്ധതി നടപ്പായി. ഗ്രന്ഥശാല, വായനശാല, സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവക്ക് കെട്ടിടങ്ങള്‍, പുസ്തകം, അലമാര, ടി.വി തുടങ്ങിയവ ലഭ്യമായി. മാലിന്യനിര്‍മാര്‍ജനത്തിന് പുതിയ പദ്ധതികള്‍ വന്നു. ആശുപത്രികള്‍ക്ക് മരുന്നിനുള്ള വിഹിതം ലഭ്യമായി. ധാരാളം കാര്‍ഷിക പദ്ധതികള്‍
നടപ്പിലായി.
പക്ഷേ, ഇതെല്ലാം നടപ്പാക്കുന്നത് ഇന്ന് ജനപങ്കാളിത്തോടെയല്ല, ഒരു ന്യൂനപക്ഷം മാത്രമാണ് ഇത് കൈകാര്യം ചെയ്യുന്നതും നടപ്പിലാക്കുന്നതും. ആനുകൂല്യം ലഭിക്കുന്നവരാകട്ടെ ഒട്ടും അര്‍ഹരല്ലാത്തവരും.
വി.എം ഹംസ മാരേക്കാട്


കോമഡി സീരിയല്‍ തുടങ്ങാന്‍ സമയമായി
മഹാത്മജിയുടെ സ്വപ്നമായിരുന്നു ഗ്രാമസ്വരാജ്. ഗ്രാമസ്വരാജില്‍ നിന്ന് പഞ്ചായത്തീ രാജ് രൂപംകൊണ്ടത്. ഓരോ ഗ്രാമത്തിന്റെയും വികസനം മുന്‍ഗണനാക്രമമനുസരിച്ച് ഗ്രാമീണര്‍ തന്നെ കൂട്ടായി തീരുമാനിച്ച് നടപ്പിലാക്കുക, ആവശ്യമായ ഫണ്ടുകള്‍ ഭരണകൂടം നല്‍കും ഇതാണ് പഞ്ചായത്തീരാജിന്റെ ആത്മാവ്.
കക്ഷി രാഷ്ട്രീയത്തിനോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ പ്രത്യേകിച്ച് ഇടമൊന്നും പഞ്ചായത്തീരാജിലില്ല. ഭരണപക്ഷവും പ്രതിപക്ഷവുമില്ല. എന്നല്ല കക്ഷി രാഷ്ട്രീയ വഴക്കുകള്‍ പ്രാദേശിക വികസനം നടപ്പിലാക്കുന്ന ഗ്രാമസഭകളെ ബാധിക്കരുതെന്ന് പഞ്ചായത്തീരാജ് നിയമം പരാമര്‍ശിക്കുന്നുമുണ്ട്. ജനപ്രതിനിധികള്‍ ഒരുമിച്ചിരുന്ന് നാടിനെ വിലയിരുത്തി ആവശ്യമായ വികസനം നടപ്പിലാക്കുക. ഇതാണ് പഞ്ചായത്തീരാജ്.
പക്ഷേ, ഗ്രാമസ്വരാജിന്റെയും പഞ്ചായത്തീരാജിന്റെയും ആത്മസത്ത അട്ടിമറിക്കപ്പെടുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കക്ഷി രാഷ്ട്രീയത്തിന്റെ അതിപ്രസരം ഗ്രാമീണ വികസനത്തെ താളം തെറ്റിച്ചു. രാഷ്ട്രീയക്കാരുടെ കൂടപ്പിറപ്പായ അഴിമതി പഞ്ചായത്ത് രാജിനെയും കരണ്ടു തിന്നാന്‍ തുടങ്ങി. കോടികള്‍ ഫണ്ടുകളായി പഞ്ചായത്തുകളിലെത്തിയപ്പോള്‍ വികസനത്തിന് ഇടനിലക്കാരുണ്ടായി.
അവര്‍ പഞ്ചായത്തിനും വാര്‍ഡിനുമിടയില്‍ ടൂവീലര്‍ സവാരി നടത്തി. വികസനത്തിന്റെ കോണ്‍ട്രാക്ടിംഗും മേല്‍നോട്ടവും അവരേറ്റെടുത്തു. അതോടെ ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പേ പാലങ്ങള്‍ പൊളിഞ്ഞ് വീഴാന്‍ തുടങ്ങി. ഒരു വേനല്‍ മഴ പെയ്താല്‍ റോഡിന്റെ ടാറിംഗ് ഒലിച്ചു; നീണ്ട ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. റീടാറിംഗിനും റീബില്‍ഡിംഗിനുമൊക്കെ വീണ്ടും ഫണ്ട് പാസായി. ഫണ്ടുകളില്‍ പലതും വകമാറി മറ്റു പലതുമായി ഉയര്‍ന്നു പൊങ്ങി. വിദ്യാഭ്യാസവും തൊഴിലുമില്ലാതെ നടന്നിരുന്ന ചില കുട്ടി നേതാക്കള്‍ രണ്ട് കൈകളിലും ഫോണുമായി അങ്ങാടിയില്‍ വിലസാന്‍ തുടങ്ങി. പലരുടെയും വീര്‍ത്തു വരുന്ന വയറുകള്‍ എത്ര ശ്രമിച്ചിട്ടും മറച്ച് വെക്കാന്‍ കഴിയാതെ തൂവെള്ള വസ്ത്രത്തില്‍ നിഴലിച്ചു കണ്ടു. വീര്‍ത്ത പോക്കറ്റും വയറും ഖദറിന്റെ വസ്ത്രവുമൊക്കെ രാഷ്ട്രീയക്കാരെ തിരിച്ചറിയാനുള്ള ഐഡന്റിറ്റിയായി. അഴിമതി കമ്മീഷന്‍ പറ്റലെന്ന ലേബലില്‍ മാന്യത നേടി. ഒരു ലക്ഷത്തിന് 25000 രൂപ വരെ രാഷ്ട്രീയ ഇടനിലക്കാരന് കമ്മീഷന്‍.
ഒരു പട്ടികജാതിക്കാരന് വീടിന് അമ്പതിനായിരം പാസായാല്‍ ഫോം പൂരിപ്പിച്ച് നല്‍കിയ രാഷ്ട്രീയ തൊഴിലാളിക്ക് അയ്യായിരം മുതല്‍ പതിനായിരം വരെ കമ്മീഷന്‍. കിട്ടിയത് ലാഭമെന്ന് വിചാരിച്ച് 'ദരിദ്രവാസികള്‍' രാഷ്ട്രീയക്കാരനെ ബഹുമാനിച്ചാദരിച്ചു. ചക്കരക്കുടത്തിന്റെ സാധ്യത കണ്ട പല ബിസിനസുകാരും ആ പണി നിര്‍ത്തി 'വികസനം' നടപ്പിലാക്കാന്‍ രംഗത്തിറങ്ങി. അതോടെ നാട്ടില്‍ വികസനം നടപ്പാക്കാന്‍ സേവകര്‍ തമ്മില്‍ മത്സരമായി. സ്ഥാനാര്‍ത്ഥി കുപ്പായത്തിനായി പലരും ആര്‍ത്തിപ്പൂണ്ട് പരക്കം പാച്ചിലായി. തെരഞ്ഞെടുപ്പിന് മുമ്പേ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പാര്‍ട്ടികള്‍ മറ്റൊരു ഇലക്ഷന്‍ നടത്തേണ്ട ഗതികേട് വന്നു. സ്ഥാനാര്‍ത്ഥിത്വം കിട്ടാത്തവര്‍ വിമതരായി രംഗത്ത് വന്നു. എല്ലാവരുടെയും ലക്ഷ്യമൊന്ന്, നാടിനെ എങ്ങനെയെങ്കിലും ഒന്ന് 'വികസിപ്പിച്ചെടുക്കണം' എങ്കിലേ, തന്റെ ടൂവീലര്‍ മാറ്റി നാലുചക്ര വാഹനമാക്കാന്‍ പറ്റൂ. നാലു ചക്രം വരുമ്പോള്‍ അതിനു പറ്റിയ റോഡ് വേണം. റോഡിന് ഫണ്ട് വേണം. ഫണ്ടു വന്നാല്‍ പണി നടത്താന്‍ കോണ്‍ട്രാക്ടര്‍ വേണം. പലയിടത്തും മെമ്പര്‍ തന്നെ കോണ്‍ട്രാക്ടറും കണ്‍വീനറുമായി. എല്ലാം ഒരു പോക്കറ്റിലേക്ക്. അഞ്ചു വര്‍ഷം വികസനം അങ്ങനെ പോകും. അങ്ങനെ ഇതാ വീണ്ടുമൊരു നാടകം തുടങ്ങാന്‍ സമയമായി. കേളികൊട്ടുയര്‍ന്നു കഴിഞ്ഞു, പാളയത്തില്‍ പടയും. വരൂ നമുക്കൊരുമിച്ച് ഈ കോമഡി സീരിയല്‍ കണ്ടാസ്വദിക്കാം.
ടി.പി. ബഷീറുദ്ദീന്‍
തൃപ്പനച്ചി


'കഷ്ടം
പൊതുജനം......'

പ്രബോധനം വാരികയുടെ സെപ്റ്റംബര്‍ 25 ലക്കത്തില്‍ വന്ന 'യഥാര്‍ഥ വില്ലന്‍ ഒറിജിനല്‍ തന്നെ' എന്ന മുഖക്കുറിപ്പ് വായിച്ചപ്പോള്‍ തോന്നിയ ഒരു കൊച്ചു കവിത താഴെ.
"മദ്യം കുടിച്ചാല്‍ മരിക്കുമോ കഷ്ടമീ-
മദ്യത്തിലാരോ, വിഷം ചേര്‍ത്തതല്ലയോ
ഈ ദുരന്തത്തിന് പിന്നില്‍ കിടക്കുന്ന
കാരണം 'അട്ടിമറിയായിരിക്കണം'
അത്യാഹിതങ്ങളില്‍ പെട്ടവര്‍ക്കൊക്കെയും
ലക്ഷം കൊടുക്കാന്‍ ഖജനാവില്ലയോ-
റൊക്കം പണം പിന്നെയെന്ത് പേടിക്കുവാന്‍
കുറ്റങ്ങള്‍ ചെയ്തവരാരെന്നറിയുവാന്‍
സിറ്റിങ്ങ് ജഡ്ജിയെ കിട്ടിയാല്‍ പോരയോ
ചെത്തുന്ന കള്ള് തികയാതെ വന്നതില്‍
കുറ്റം നമുക്കേറ്റെടുക്കാന്‍ കഴിയുമോ?
ചാനലിന്‍ മുമ്പിലിരിക്കൂ മരിച്ചവന്‍
ചാലില്‍ കമിഴ്ന്ന് കിടക്കുന്ന കാഴ്ചകള്‍
ചേലോടെ ലൈവായി വീട്ടിലെത്തിച്ചിടാം
കഷ്ടം പൊതുജനമൊക്കെ മറക്കുവാന്‍
കഷ്ടിച്ച് നാലഞ്ച് മാസമല്ലേ വരൂ!''
പട്ട്യേരി കുഞ്ഞികൃഷ്ണന്‍
അടിയോടി കരിയാട്


ചുരുക്കെഴുത്ത്
ലോട്ടറി സംവാദം(വിവാദം?) കോണ്‍ഗ്രസ്സുകാരിലും കാര്യങ്ങള്‍
പഠിക്കുകയും സമര്‍ഥമായി അവതരിപ്പിക്കുകയും ചെയ്യാന്‍ കഴിയുന്നവര്‍ ഉയര്‍ന്നു വരുന്നുവെന്നു ഉണര്‍ത്തുന്നു. ഇത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ശുഭോദര്‍ക്കമാണ്. 'ചൂതാട്ടത്തിന്റെ ചരിത്രവും ദുരന്തങ്ങളുടെ വര്‍ത്തമാനവും' പറഞ്ഞുതന്നതിന് (2010 സെപ്റ്റംബര്‍ 25) പ്രബോധനത്തിനും എഴുത്തുകാര്‍ക്കും നന്ദി.
ഹരികുമാര്‍ ഇളയിടത്ത്
പത്തിയൂര്‍ ആലപ്പുഴ



Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly