>>വാര്‍ത്തകള്‍/വിശേഷങ്ങള്‍
ജമാല്‍ മലപ്പുറം
ഡോ. അബ്ദുസ്സബൂര്‍ ശാഹീന്‍
ഇസ്ലാമിക ലോകത്ത് വിശിഷ്യാ ഈജിപ്തിലെ വൈജ്ഞാനിക-പ്രബോധന മേഖലകളില്‍ നിറഞ്ഞുനിന്നിരുന്ന ഡോ. അബ്ദുസ്സബൂര്‍ ശാഹീന്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 26-ന് അന്തരിച്ചു. 82 വയസ്സായിരുന്നു. അടുത്ത ദിവസം കൈറോവിലെ അംറുബ്നുല്‍ ആസ്വ് പള്ളിയില്‍ നടന്ന മയ്യിത്ത് നമസ്കാരത്തിലും സംസ്കരണ ചടങ്ങുകളിലും ഇഖ്വാനുല്‍ മുസ്ലിമൂന്റെ മുന്‍ മുഖ്യകാര്യദര്‍ശി മുഹമ്മദ് മഹ്ദീ ആകിഫ്, ഇപ്പോഴത്തെ മുഖ്യകാര്യദര്‍ശിയുടെ ഡെപ്യൂട്ടിമാരായ ഡോ. റശാദ് അല്‍ബയൂമി, ഡോ. മഹ്മൂദ് ഇസ്സത്ത് എന്നിവര്‍ മുന്‍നിരയിലുണ്ടായിരുന്നുവെങ്കിലും ഈജിപ്തിലെ മത-സാംസ്കാരിക മേഖലകളിലെ മുഖ്യധാരാ വ്യക്തിത്വങ്ങള്‍ ആരും പങ്കെടുക്കുകയുണ്ടായില്ല. അദ്ദേഹം ജീവിതകാലം ഏറെയും ചെലവഴിച്ച ദാറുല്‍ ഉലൂം കോളേജില്‍നിന്നുള്ള സംഘം മാത്രമായിരുന്നു അപവാദം; ആയിരക്കണക്കിനു ശിഷ്യന്മാരും.
ഈജിപ്തിലെ ഏറ്റവും പുരാതനമായ മസ്ജിദ് അംറുബ്നുല്‍ ആസ്വില്‍ അനേക വര്‍ഷങ്ങള്‍ ഖത്തീബ് ആയിരുന്ന അദ്ദേഹത്തെ, തല്‍പരകക്ഷികള്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി ഖത്തീബ് സ്ഥാനത്ത് നിന്നൊഴിവാക്കിയിരുന്നു. മൌലിക രചനകളും ഫ്രഞ്ചില്‍നിന്നുള്ള വിവര്‍ത്തനങ്ങളുമായി എഴുപതില്‍പരം കനപ്പെട്ട കൃതികളുടെ കര്‍ത്താവായിരുന്നു അദ്ദേഹം. പത്ത് വാല്യങ്ങള്‍ ഉള്ള 'മുഫസ്സിലു ആയാത്തില്‍ ഖുര്‍ആന്‍' ആണ് അവയില്‍ ശ്രദ്ധേയമായ ഒരു രചന. അവസാന കാലത്ത്, തന്റെ ഭാര്യയുമായി ചേര്‍ന്നു രചിച്ച കൃതിയാണ് 'ഉമ്മഹാത്തുല്‍ മുഅ്മിനീന്‍' (രണ്ടുവാല്യങ്ങള്‍). ആധുനിക ഇസ്ലാമിക ചിന്തയില്‍ വേറിട്ടൊരു വഴി വെട്ടിത്തെളിയിച്ച അള്‍ജീരിയക്കാരനായ മാലിക് ബിന്നബിയുടെ ഒരു ഡസനോളം ഗ്രന്ഥങ്ങള്‍ ഫ്രഞ്ചില്‍നിന്ന് അറബിയിലേക്ക് വിവര്‍ത്തനം ചെയ്തത് ഡോ. അബ്ദുസ്സബൂര്‍ ശാഹീനായിരുന്നു. ഇസ്ലാമിക-ദാര്‍ശനിക വൈജ്ഞാനിക ലോകം എന്നെന്നും അതിന് അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു. പരേതനായ ഡോ. അബ്ദുല്ലാഹ് ദര്‍റാസിന്റെ 'ദസ്തൂറുല്‍ അഖ്ലാഖി ഫില്‍ ഖുര്‍ആന്‍' എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ വിവര്‍ത്തകനും ഡോ. ശാഹീന്‍ തന്നെ. ഭാഷാ നിദാനശാസ്ത്രമായ 'ഫിഖ്ഹുല്ലുഗ'യില്‍ അറബ് ലോകത്തെതന്നെ 'അതോറിറ്റി' ആയിരുന്ന അദ്ദേഹമാണ് കംപ്യൂട്ടറിന് 'ഹാസൂബ്' എന്ന് ആദ്യമായി നാമകരണം ചെയ്തത്. ഭാഷാ അക്കാദമികള്‍ പിന്നീടത് ശരിവെക്കുകയായിരുന്നു. ഓറിയന്റലിസ്റുകള്‍ക്ക് കണക്ക് തീര്‍ത്ത് മറുപടി പറയുന്ന ഗ്രന്ഥമാണ് അദ്ദേഹത്തിന്റെ 'താരീഖുല്‍ ഖുര്‍ആന്‍.' സ്റേജിലായാലും പേജിലായാലും അഭിപ്രായങ്ങള്‍ തുറന്നടിക്കുമായിരുന്ന അദ്ദേഹം പലപ്പോഴും സാംസ്കാരിക-വൈജ്ഞാനിക സംവാദങ്ങള്‍ക്ക് നിമിത്തമായിട്ടുണ്ട്.
വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും ആധികാരികതയില്‍ സംശയം ജനിപ്പിച്ചുകൊണ്ടും തെളിവുകളെ തള്ളിപ്പറഞ്ഞുകൊണ്ടും രംഗത്തുവന്ന പ്രഫസര്‍ ഹാമിദ് അബൂ സൈദിന്റെ വാദങ്ങള്‍ക്ക് അദ്ദേഹമെഴുതിയ പണ്ഡിതോചിതമായ മറുപടികള്‍ അദ്ദേഹത്തെ മതേതരവാദികളുടെ ശത്രുവാക്കി. ഭാര്യയെ ത്വലാഖ് ചൊല്ലാന്‍ കോടതിയില്‍നിന്നു വിധിയുണ്ടായതിനെ തുടര്‍ന്ന് അബൂസൈദ് സ്വിറ്റ്സ്വര്‍ലാന്‍ഡിലേക്ക് പലായനം ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ ജൂലൈയില്‍ അബൂസൈദ് അന്തരിച്ചു. അദ്ദേഹത്തിന്റെ ഒരനുസ്മരണ സമ്മേളനം കെയ്റോയില്‍ നടക്കാനിരുന്നതിന്റെ തലേന്നാണ് ഡോ. ശാഹീന്റെ നിര്യാണം. അബൂസൈദിനെ താന്‍ കാഫിറാക്കി എന്ന തല്‍പരകക്ഷികളുടെ പ്രചാരണത്തെ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.
മുനുഷ്യോല്‍പത്തിയെക്കുറിച്ച ഖുര്‍ആനിക പരാമര്‍ശങ്ങളെ ആധുനിക നരവംശശാസ്ത്രത്തിന്റെയും അറബിഭാഷാ നിദാന ശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ പുനര്‍വായന നടത്തുന്ന അദ്ദേഹത്തിന്റെ 'അബീ ആദം' (എന്റ പിതാവ് ആദം) എന്ന കൃതി വമ്പിച്ച കോലാഹലങ്ങള്‍ക്ക് വഴിവെച്ചു. ഭൂമുഖത്തെ ആദ്യത്തെ മനുഷ്യന്‍ 'ആദം നബി' അല്ല, ഖുര്‍ആനിലെ 'ഇന്‍സാനും' 'ബശറും' ഒന്നല്ല തുടങ്ങിയ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് രംഗത്ത് വന്നത് ഡോ. സഗുലുല്‍ നജ്ജാറിനെപ്പോലുള്ള ഇസ്ലാമിക ശാസ്ത്രജ്ഞന്മാര്‍ തന്നെയായിരുന്നു (പുസ്തകത്തിന് ഡോ. സലിം അല്‍ അവാ എഴുതിയ നിരൂപണത്തിന്റെ തലക്കെട്ട് ഇങ്ങനെയാണ്: 'ഡോ. അബ്ദുസ്സബൂര്‍ ശാഹീനും അദ്ദേഹത്തിന്റെ പിതാവ് ആദമും').
1929 മാര്‍ച്ച് 18ന് കെയ്റോവിലെ ഇമാം ശാഫിഈ ഡിസ്ട്രിക്റ്റിലായിരുന്നു ജനനം.(മറമാടിയതും അവിടെതന്നെ). ഏഴു വയസ്സാകുന്നതിനു മുമ്പെ പരിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും ഹൃദിസ്ഥമാക്കി. അസ്ഹറിലും പിന്നീട് ദാറുല്‍ ഉലൂമിലും പഠിച്ച് 1955ല്‍ പുറത്തിറങ്ങിയ അദ്ദേഹം ദാറുല്‍ ഉലൂമില്‍ തന്നെയാണ് അധ്യാപകനായി ജോലി ചെയ്തത്. അവിടെനിന്നുതന്നെയാണ് റിട്ടയര്‍ ചെയ്തതും. ഇടക്കാലത്ത് സുഊദി അറേബ്യയിലെ ദഹ്റാനില്‍ കിംഗ് ഫഹദ് പെട്രോളിയം യൂനിവേഴ്സിറ്റിയില്‍ ഇസ്ലാമിക് സ്റഡീസില്‍ പ്രഫസറായും ജോലി നോക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആയിരക്കണക്കിന് ശിഷ്യന്മാരില്‍ ഡോ. ആഇശ അബ്ദുര്‍റഹ്മാന്‍ എന്ന ബിന്‍തുശ്ശാത്വിഇനെപ്പോലുള്ളവരും ഉള്‍പ്പെടുന്നു. പരേതാത്മാവിന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കുമാറാകട്ടെ - ആമീന്‍.
ഉമറുബ്നുല്‍ ഖത്ത്വാബിനെക്കുറിച്ച് ടി.വി പരമ്പര
'എം.ബി.സി' എന്ന ചുരുക്കപ്പേരില്‍ ദുബൈ ആസ്ഥാനായി പ്രവര്‍ത്തിക്കുന്ന മിഡില്‍ ഈസ്റ് ബ്രോഡ് കാസ്റിംഗ് കോര്‍പറേഷന്‍ ദോഹയിലെ 'ഖത്തര്‍ ഇന്‍ഫര്‍മേഷന്‍ കോര്‍പറേഷനു'മായി ചേര്‍ന്ന് രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിനെക്കുറിച്ച് ഒരു ടി.വി പരമ്പര നിര്‍മിക്കുന്നു. അദ്ദേഹത്തിന്റെ ബഹുമുഖ വ്യക്തിത്വത്തെ അഭ്രപാളികളില്‍ ആവിഷ്കരിക്കുന്നതിലൂടെ ഇസ്ലാമിക ചരിത്രത്തിലെ ജാജ്വല്യമാനമായ ഒരു കാലഘട്ടത്തെ ആവിഷ്കരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് തദ്സംബന്ധമായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ പറഞ്ഞു. വലീദ് സൈഫ് രചനയും ഹാതിം അലി സംവിധാനവും നിര്‍വഹിക്കുന്ന ഈ വന്‍കിട ടി.വി പരമ്പരയുടെ ചരിത്രപരമായ ഉള്ളടക്കവും തിരക്കഥയും ഡോ. യൂസുഫുല്‍ ഖറദാവി, ഡോ. സല്‍മാനുല്‍ ഔദ, ഡോ. അബ്ദുല്‍ വഹാബ് അത്ത്വരീരി, ഡോ. അലി അല്‍ സലാബി, ഡോ. സഅ്ദ് മത്വര്‍ അല്‍ ഇതൈബി, ഡോ. അക്റം ദിയാഉല്‍ ഉമരി എന്നിവരുടെ മേല്‍നോട്ടത്തിലായിരിക്കും തയാറാക്കപ്പെടുക.
അടുത്ത റമദാനില്‍ പ്രദര്‍ശനത്തിനെത്തുന്ന ഈ മെഗാ പരമ്പര സാങ്കേതികത്തികവുള്ള മികവുറ്റ ഒരു കലാ സൃഷ്ടിയായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇംഗ്ളീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, തുര്‍ക്കി, ഉര്‍ദു, മലാവിഷ്, പാര്‍സി തുടങ്ങിയ ഭാഷകളിലേക്ക് കൂടി തര്‍ജമയും ഡബ്ബിംഗും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. എം.ബി.സി ചെയര്‍മാന്‍ ശൈഖ് വലീദ് ബ്നു ഇബ്റാഹീം, ഖത്തര്‍ ടി.വി ഡയറക്ടര്‍ ശൈഖ് ഫൈസലുബ്നു ജാസിം ആല്‍ ഥാനി, ശൈഖ് മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ അല്‍കുവാരി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ജോര്‍ദാനിലും തെരഞ്ഞെടുപ്പ് ബഹിഷ്കരണം
ആസന്നമായ ജോര്‍ദാന്‍ പാര്‍ലമെന്റിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ജോര്‍ദാനിലെ ഇഖ്വാനുല്‍ മുസ്ലിമൂന്‍ തീരുമാനിച്ചു. ഏകപക്ഷീയമായ നിയോജക മണ്ഡല പുനര്‍വിഭജനവും പുതിയ തെരഞ്ഞെടുപ്പ് ചട്ടങ്ങളുമാണ് കാരണമായി പറയുന്നത്. ഇഖ്വാന്റെ ബഹിഷ്കരണം ദോഷം ചെയ്യുമെന്നതിനാല്‍ അവരെ അനുനയിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സംഭാഷണങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ഇഖ്വാന്‍ വഴങ്ങുകയുണ്ടായില്ല.
ജീവനാഡി-5
ഗസ്സയിലെ ഉപരോധിക്കപ്പെട്ട പട്ടിണിപ്പാവങ്ങള്‍ക്ക് ഭക്ഷണവും മരുന്നും മറ്റും എത്തിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഇപ്പോഴും തുടരുന്നു. ജീവനാഡി-5 എന്ന പേരിലുള്ള അഞ്ചാമത്തെ സംഘം ഈജിപ്തിലെ അല്‍ അരീശ് തുറമുഖത്തുനിന്ന് സെപ്റ്റംബറില്‍ പുറപ്പെട്ടു. അള്‍ജീരിയയില്‍നിന്നും ജോര്‍ദാനില്‍നിന്നും 50 ട്രക്കുകള്‍ ഒക്ടോബര്‍ ആദ്യ വാരത്തില്‍ സഹായ സംഘവുമായി ചേരും. കുവൈത്ത്, ബഹ്റൈന്‍, സുഊദി അറേബ്യ, ലബനാന്‍, സിറിയ, മൌറിത്താനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം ജനകീയ സഹായങ്ങള്‍ ഉണ്ടെങ്കിലും ജോര്‍ദാനില്‍നിന്നും അള്‍ജീരിയയില്‍നിന്നുമാണ് ഏറ്റവും കൂടുതല്‍ എന്ന് സംഘാടക സമിതിയുടെ വക്താവ് പറഞ്ഞു. മുന്‍ ബ്രിട്ടീഷ് പാര്‍ലമെന്റേറിയന്‍ ജോര്‍ജ് ഗലാവിയുടെ നേതൃത്വത്തിലുള്ള 'വിവാ ഫലസ്ത്വീനാ' എന്ന സംഘടന സംഘടിപ്പിച്ച ജീവനാഡി-5-ല്‍ ആസ്ത്രേലിയ, ന്യൂസിലാന്റ്, മലേഷ്യ, കാനഡ, അമേരിക്ക എന്നിവിടങ്ങളില്‍നിന്നുള്ള ഗ്രൂപ്പുകളുണ്ട്.