>>കുറിപ്പുകള്‍
പുതിയ കാലം, പുതിയ ദൌത്യം
ഇബ്നു ഹാശിം മാഹി
ഒരിക്കല്‍ പ്രവാചകന്‍ കഅ്ബയുടെ പരിസരത്ത് വിശ്രമിക്കുകയായിരുന്നു. അല്‍പം അകലെയായി അബൂ ജഹ്ലിന്റെ കൂട്ടുകാര്‍ ഇരിക്കുന്നു. അവരുടെ അടുത്തേക്ക് ഇബ്നുല്‍ ഗൌസ് എന്ന് പേരായ ഒരു സാധാരണക്കാരന്‍ കടന്നുവന്നു പറഞ്ഞു: "എനിക്ക് അവകാശപ്പെട്ട കുറെ പണം അബൂ ജഹ്ല്‍ തടഞ്ഞുവെച്ചിരിക്കുന്നു. എത്ര ചോദിച്ചിട്ടും തരുന്നില്ല. നിങ്ങള്‍ അത് വാങ്ങിത്തരണം.'' ഇതു കേട്ട് അവര്‍ പരിഹാസോക്തിയോടെ അയാളോട് പറഞ്ഞു: "നീ വിഷമിക്കേണ്ട. ഇവിടെ എല്ലാം നേരെയാക്കാന്‍ പുതിയൊരു പ്രവാചകന്‍ വന്നിട്ടുണ്ട്. അവനോട് പറഞ്ഞാല്‍ ഉടന്‍ നിനക്ക് പണം വാങ്ങിത്തരും.'' അങ്ങനെ ഇബ്നുല്‍ ഗൌസ് നബിയുടെ സമീപത്തേക്ക് ചെന്നപ്പോള്‍ അവര്‍ പരിഹാസച്ചിരിയില്‍ മുഴുകി. പ്രശ്നം കേട്ട നബി(സ) പരാതിക്കാരനെയും കൂട്ടി ഉടന്‍ അബൂജഹ്ലിന്റെ വീട്ടിലേക്ക് ചെന്നു. വാതിലില്‍ മുട്ടിയപ്പോള്‍ ഇറങ്ങിവന്ന അബൂജഹ്ലിനോട് നബി പണം കൊടുക്കാന്‍ ആവശ്യപ്പെട്ടയുടന്‍ തന്നെ അയാള്‍ അകത്തുനിന്ന് പണം എടുത്തുകൊണ്ടുവന്ന് ഇബ്നു ഗൌസിന് നല്‍കി.
അവകാശം നിഷേധിക്കപ്പെട്ട ദുര്‍ബലന് നബിയുടെ ഇടപെടലിന്റെ ഫലമായി പണം ലഭിച്ചത് അറിഞ്ഞ് അബൂജഹ്ലിന്റെ കൂട്ടുകാര്‍ പിന്നീട് രോഷത്തോടെ അബൂജഹ്ലിനോട് ചോദിച്ചു: "നീ വലിയ ശൂരനായി മുഹമ്മദിനെ എതിര്‍ക്കുയും അതിനായി ഞങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എന്നിട്ട് അവന്റെ മുന്നില്‍ ഇത്രയും ഭീരുവായിക്കൊണ്ട് പണം നല്‍കിയതെന്തേ?'' അബൂജഹ്ലിന്റെ മറുപടി ഇങ്ങനെയായിരുന്നു: "പണം നല്‍കാന്‍ ആവശ്യപ്പെടുമ്പോള്‍ മുഹമ്മദിന്റെ ശബ്ദവും മുഖഭാവവും എന്നെ ഭയപ്പെടുത്തി. അവന്റെ ഇരു ചുമലുകളിലും രണ്ട് സിംഹങ്ങള്‍ ഇരുന്ന് എന്നെ തുറിച്ചു നോക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. അതിനാല്‍ ഞാന്‍ ഉടന്‍ പണം നല്‍കി.''
നീതി പവിത്രമായ ഒരു ദൈവിക മൂല്യമാണ്. വിശ്വാസികള്‍ നീതിക്ക് വേണ്ടി നിലകൊള്ളണം എന്നത് വിശുദ്ധ ഖുര്‍ആന്റെ മൌലികമായ അധ്യാപനമാണ്. മേല്‍ വിവരിച്ച പ്രകാരം പ്രവാചകന്മാരുടെയും സച്ചരിതരായ മുന്‍ഗാമികളുടെയും ജീവിതത്തിലെ വിവിധ സന്ദര്‍ഭങ്ങളില്‍ നിന്നും ലഭിക്കുന്ന ഉദാത്തമായ പാഠവുമാണത്. നീതി നിഷേധത്തിനിരയാകുന്നവര്‍ക്കും അഗതികള്‍ക്കും വേണ്ടി ഇടപെട്ട് സമൂഹത്തിന് ആശ്വാസത്തിന്റെ തണല്‍ വിരിക്കുമ്പോഴാണ് ദൈവവിശ്വാസം, ഖുര്‍ആന്‍ (14:24) വിശേഷിപ്പിക്കുന്നതുപോലെ 'ഭൂമിയില്‍ വേരുറച്ചതും ആകാശത്തില്‍ പടര്‍ന്നു നില്‍ക്കുന്നതുമായ ഉത്കൃഷ്ട വൃക്ഷ'ത്തെ പോലെയാകുന്നത്.
മതത്തിന്റെ ഈ മാനുഷിക വിമോചന മുഖം പ്രമാണ പ്രതിബദ്ധതയോടെ സ്വാംശീകരിക്കുന്നതിലും സമൂഹ സമക്ഷം സുന്ദരമായി അവതരിപ്പിക്കുന്നതിലും ജമാഅത്തെ ഇസ്ലാമി എന്നും മുന്‍പന്തിയിലാണ്. സാമൂഹികവും രാഷ്ട്രീയവുമായ അവസ്ഥകളോട് പ്രസ്ഥാനം പ്രതികരിക്കുന്നതും നിലപാടുകള്‍ സ്വീകരിക്കുന്നതും മതം നിഷ്കര്‍ഷിക്കുന്ന ഈ മൂല്യവ്യവസ്ഥയുടെ പ്രബലമായ അടിത്തറയില്‍ നിന്നുകൊണ്ടാണ്. മുതലാളിത്ത നയങ്ങളുടെ സ്വാധീനഫലമായി ദുര്‍ബല വിഭാഗങ്ങള്‍ നീതി നിഷേധിക്കപ്പെട്ട് ദുരിതത്തിനിരയാകുമ്പോള്‍ ഇസ്ലാമിക പ്രസ്ഥാനവും പോഷക ഘടകങ്ങളും ചടുലമായി ഇടപെടുന്നത് ദൈവിക മൂല്യങ്ങളുടെ സമകാലിക ആവിഷ്കാരമായിക്കൊണ്ടാണ്. പ്ളാച്ചിമടയിലെ ദരിദ്ര ജനവിഭാഗങ്ങളുടെ ജീവജലം കോളഭീമന്‍ ഊറ്റിയെടുത്തപ്പോള്‍... പതിനായിരങ്ങളെ കുടിയൊഴിപ്പിച്ചും വയലും കുന്നും ജലാശയങ്ങളും ഇടിച്ചുനിരത്തിയും സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ചുങ്കം ചുമത്തിയും ആഡംബര എക്സ്പ്രസ് പാതകള്‍ കോര്‍പറേറ്റ് കമ്പനികള്‍ക്കായി മുതലാളിത്ത ബുദ്ധിയില്‍ രൂപം കൊള്ളുമ്പോള്‍... ചെറുകിട കച്ചവടക്കാരുടെ ജീവിതോപാധിയെ ഒന്നടങ്കം ഭീഷണിയിലാഴ്ത്തിക്കൊണ്ട് സ്വദേശി -വിദേശ കുത്തകകള്‍ക്ക് ഭരണകൂട ദല്ലാളന്മാര്‍ ചുവപ്പ് പരവതാനി വിരിച്ചപ്പോള്‍.. കുത്തകകള്‍ക്ക് ഭൂമി നിര്‍ലോഭം തീറെഴുതിക്കൊടുക്കുമ്പോഴും, തല ചായ്ക്കാന്‍ ഒരു മേല്‍ക്കൂര പണിയാന്‍, ജീവിതം പുലര്‍ത്താനായി വിത്തെറിയാന്‍ ഒരു തുണ്ടു ഭൂമിക്കായി പട്ടിണി-സമരം കിടന്ന അവശരെ ക്രൂരമായി അവഗണിച്ചപ്പോള്‍... ഇസ്ലാമിക പ്രസ്ഥാനവും അതിന്റെ സകല മെഷിനറിയും ദുര്‍ബലരായ ചൂഷിതര്‍ക്കൊപ്പം മുന്‍നിരയിലുണ്ടായിരുന്നു. ഐഡിയല്‍ റിലീഫ് വിംഗ് എന്ന വളണ്ടിയര്‍ വിഭാഗം ഇതിനകം പല ഘട്ടങ്ങളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ന്യൂനപക്ഷ- പിന്നാക്ക പ്രദേശങ്ങളില്‍ വിദ്യാഭ്യാസ-ആരോഗ്യ-സാമൂഹിക ക്ഷേമരംഗത്ത് സര്‍വതോമുഖമായ വികാസം ലക്ഷ്യമിട്ട് അതിബൃഹത്തായ ഒരു കര്‍മപദ്ധതി 'വിഷന്‍ 2016' എന്ന പേരില്‍ പ്രസ്ഥാന നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ട്. പലിശയെന്ന കൊടിയ തിന്മക്കെതിരെ പ്രായോഗികബദലായി സംസ്ഥാനത്തെ മുന്നൂറിലധികം പ്രദേശങ്ങളില്‍ അഗതികള്‍ക്കും അശരണര്‍ക്കും അത്താണിയായിക്കൊണ്ട് പലിശ രഹിത സഹായ നിധികള്‍ പ്രവര്‍ത്തിക്കുന്നതും ശ്രദ്ധേയമാണ്. മാത്രമല്ല, സംസ്ഥാനതലത്തിലും പ്രാദേശികമായും അതിദ്രുതം വികസിച്ചുകൊണ്ടിരിക്കുന്ന സംഘടിത സകാത്ത് സംരംഭങ്ങളില്‍ ഭൂരിഭാഗവും ഇസ്ലാമിക പ്രസ്ഥാന പ്രവര്‍ത്തകര്‍ പൊതുപങ്കാളിത്തത്തോടെ നടത്തുന്നവയാണ്.
ഈവിധം വിശ്വസ്തവും മാതൃകാപരവുമായ പ്രവര്‍ത്തന പദ്ധതികള്‍ക്ക് പ്രസ്ഥാനത്തെ പ്രാപ്തമാക്കുന്നത് ധാര്‍മികമായി ഔന്നത്യം പുലര്‍ത്തുന്ന അതിന്റെ പ്രവര്‍ത്തകരാണ്. പ്രവര്‍ത്തകര്‍ക്ക് ജീവിത വിശുദ്ധിയും മനസ്സംസ്കരണവും പ്രദാനം ചെയ്യുന്നതിനുള്ള വിശ്വാസപരവും ധാര്‍മികവുമായ ഉദ്ബോധന പരിപാടികളാണ് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളുടെ മുന്നിലെന്നും. പള്ളികള്‍, കലാലയങ്ങള്‍, ഖുര്‍ആന്‍ സ്റഡി സെന്ററുകള്‍, പ്രാസ്ഥാനിക തര്‍ബിയത്ത് സംവിധാനങ്ങള്‍ തുടങ്ങിയവയിലൂടെ സംസ്കരിച്ചെടുത്ത പ്രവര്‍ത്തകരെ വിവിധ സാമൂഹിക മേഖലകളിലേക്ക് സേവനത്തിനായി നിയോഗിക്കുന്നു എന്നതാണ് സവിശേഷത. അഴിമതി, സ്വജനപക്ഷപാതം, സ്വാര്‍ഥത, സാമുദായികത തുടങ്ങിയ ഒട്ടനവധി തിന്മകളുടെ കൂത്തരങ്ങായി മാറിയ നാടിന്റെ സാമൂഹിക രംഗങ്ങളില്‍ നന്മയില്‍ അധിഷ്ഠിതമായ വേറിട്ട മാതൃകകള്‍ കാഴ്ചവെക്കുന്ന നിസ്വാര്‍ഥരായ സ്ത്രീ പുരുഷന്മാര്‍ ഉണ്ടായിരിക്കണമെന്ന് പ്രസ്ഥാനം ആഗ്രഹിക്കുന്നു. മാധ്യമങ്ങളുടെ ന്യൂസ് ഡെസ്കുകള്‍ ഉള്‍പെടെയുള്ള എല്ലാ പ്രഫഷനല്‍ മേഖലകളിലും, ഗ്രാമസഭകള്‍ ഉള്‍പെടെ നാടിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന പ്രാദേശിക ഭരണ സംവിധാനങ്ങളിലും ഇത്തരം സുമനസ്സുകള്‍ കടന്നുവരണമെന്ന് സംഘടന താല്‍പര്യപ്പെടുന്നു. പുതിയ കാലഘട്ടത്തിലെ ഏറ്റവും മഹത്തായ ഈ ദൌത്യത്തിന് ഇറങ്ങിപ്പുറപ്പെടാന്‍ പ്രസ്ഥാനം തയാറായത് നന്മയെ സ്നേഹിക്കുന്ന ജനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് മാത്രമാണ്.