Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


>>ചോദ്യോത്തരം

സാംസ്കാരിക ജിഹാദ്
"അക്രമത്തിന്റെ പാത ഉപേക്ഷിച്ച് ജനങ്ങളെ മാനസികമായും സാംസ്കാരികമായും മാറ്റിയെടുക്കാനുള്ള രഹസ്യ ജിഹാദാണ് ഇപ്പോള്‍ അമേരിക്കയില്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ട്. അമേരിക്കയില്‍ ശരീഅത്ത് നിയമം നടപ്പാക്കാനുള്ള ശ്രമമാണ് മതമൌലികവാദികള്‍ നടത്തുന്നതെന്ന് സുരക്ഷാ നയരൂപീകരണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. അല്‍ഖാഇദയെ പോലുള്ള തീവ്രവാദ സംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണിയേക്കാള്‍ വലുതാണ് യു.എസ് സമൂഹത്തില്‍ നിന്നുകൊണ്ട് അതിനെ മാറ്റിയെടുക്കാന്‍ നടത്തുന്ന ശ്രമങ്ങളെന്ന് റിപ്പോര്‍ട്ട് പറയുന്നു. സാംസ്കാരിക തകിടം മറിക്കലുകളും സ്വാധീനവും പ്രചാരണവും ഉള്‍പ്പെട്ടതാണ് രഹസ്യ ജിഹാദീ തന്ത്രം. മുസ്ലിം ബ്രദര്‍ഹുഡ് എന്ന ഈജിപ്ഷ്യന്‍ സംഘടനയെയാണ് ഇക്കാര്യത്തില്‍ അമേരിക്ക ഏറ്റവും കൂടുതല്‍ നോട്ടമിട്ടിട്ടുള്ളത്. ഇസ്ലാമിക നിയമങ്ങള്‍ പ്രചരിപ്പിക്കുന്ന ഇമാമുമാരെയും പണ്ഡിതന്മാരെയും കര്‍ശനമായി നിരീക്ഷിക്കണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്.''
(ചന്ദ്രിക ദിനപത്രം 17.09.10) മുജീബിന്റെ പ്രതികരണം?
എ. അന്‍വര്‍ പുല്ലങ്കോട്
സംസ്കാരത്തിന്റെയും സദാചാരത്തിന്റെയും എല്ലാ സര്‍വാംഗീകൃത തത്ത്വങ്ങളും ബലികഴിച്ചു, തനി മൃഗീയതയിലേക്കാണ് പാശ്ചാത്യ സംസ്കാരത്തിന്റെ പ്രയാണം. സ്ത്രീ തീര്‍ത്തും ഉപഭോഗ വസ്തുവായി മാറിക്കഴിഞ്ഞു. കുടുംബ ജീവിതത്തിന്റെ ഹൃദ്യതയും ശാന്തിയും ഊഷ്മളതയും അപ്രത്യക്ഷമായി. സ്വവര്‍ഗരതിയും സ്വവര്‍ഗ വിവാഹവും അംഗീകൃതാചാരങ്ങളായി. ആഡംബരവും സുഖലോലുപതയും നേടിയെടുക്കുക ജീവിതത്തിന്റെ ലക്ഷ്യം തന്നെയായി. മനുഷ്യര്‍ക്കിടയിലെ വിവേചനം പാരമ്യതയിലെത്തി. പണമാണ് സര്‍വശക്തനായ ദൈവം എന്നേടത്ത് നവമുതലാളിത്തം ജനങ്ങളെ കൊണ്ടെത്തിച്ചു.
ഈ സാഹചര്യത്തില്‍ സനാതന ധാര്‍മിക നൈതിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യരെ സംസ്കരിക്കുകയും അവരെ സമൂഹത്തിനും രാഷ്ട്രത്തിനും പ്രയോജനപ്പെടുന്ന ഉത്തമപൌരന്മാരായി മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇസ്ലാമിക സംഘടനകള്‍, ജനാധിപത്യത്തിന്റെ അനുകൂലാവസ്ഥ അവസരമാക്കി പ്രവര്‍ത്തിക്കുന്നതിനെയാണ് അമേരിക്കയിലെ സയണിസ്റ്-ക്യാപിറ്റലിസ്റ് ലോബി ജിഹാദായി ചിത്രീകരിക്കുന്നതും പേടിപ്പിക്കുന്നതും. ധര്‍മ സംസ്ഥാപനത്തിനായുള്ള കഠിന പ്രയത്നമാണ് ജിഹാദ്. എന്നാല്‍ ജിഹാദിനെയും അല്‍ഖാഇദയെയും പേടിയോടെ കാണുന്ന അമേരിക്കന്‍ മനസ്സിനെ മുന്‍നിറുത്തിയാണ് ഈ പ്രചാരണം. മുസ്ലിം ബ്രദര്‍ഹുഡ്, ജമാഅത്തെ ഇസ്ലാമി എന്നീ ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ചിന്താപരമായ സ്വാധീനം തന്നെയാവും അമേരിക്കയിലെയും ഇസ്ലാമിക പ്രബോധനങ്ങള്‍ക്ക് പ്രചോദനം. എന്നു വെച്ച് അതില്‍ പൈശാചിക ശക്തികള്‍ക്കല്ലാതെ ഭയപ്പെടേണ്ട ഒന്നും ഇല്ല. അമേരിക്കയുടെ ഭരണതലത്തില്‍ സമീപഭാവിയിലൊന്നും ഇസ്ലാമിക ശരീഅത്ത് നടപ്പിലാവാന്‍ ഒരു സാധ്യതയുമില്ല. ഇസ്ലാമിനെ ജനങ്ങള്‍ ആദര്‍ശമായി അംഗീകരിച്ചിട്ടു വേണമല്ലോ വ്യവസ്ഥിതി മാറാന്‍. സത്യം ബോധ്യപ്പെടുന്നവര്‍ സന്മാര്‍ഗം സ്വീകരിക്കുന്ന പ്രക്രിയ ആരെതിര്‍ത്താലും തുടരുമെന്ന് മാത്രം. ഇമാമുമാരും ഖത്വീബുമാരും മുസ്ലിംകളിലാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ സംസ്കരണത്തിന് ഇസ്ലാമിക തത്ത്വങ്ങളും നിയമങ്ങളുമല്ലാതെ പിന്നെ അനിസ്ലാമിക നിയമങ്ങളാണോ അവലംബിക്കേണ്ടത്? അത് കര്‍ശനമായി നിരീക്ഷിച്ചു തടയാന്‍ പോയാല്‍ അമേരിക്ക ജനാധിപത്യത്തെക്കുറിച്ച് വാചാലമാകുന്നതില്‍ എന്തര്‍ഥം?
ജനപക്ഷ മുന്നണി
കേരളത്തില്‍ നടക്കാനിരിക്കുന്ന ത്രിതല-തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പരോക്ഷ പിന്തുണയോടെ ജനപക്ഷ മുന്നണി രംഗത്തിറങ്ങിയിരിക്കുകയാണല്ലോ. ഈ അവസരത്തില്‍ ജമാഅത്തിന്റെ ചില നിലപാടുകളിലുള്ള സംശയമാണ് ഉത്തരം തേടുന്നത്. നിലപാടുകളില്‍ തുറന്ന സമീപനമുണ്ടെന്ന് അവകാശപ്പെടുന്ന സംഘടന എന്തിനാണ് പല
പേരുകളില്‍ പ്രവര്‍ത്തിക്കുന്നത് എന്ന സംശയം പ്രബലമാണ്. പരിസ്ഥിതി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നിടത്ത് ഒരു പേര്. മനുഷ്യാവകാശ പ്രശ്നങ്ങളിലിടപെടുമ്പോള്‍ മറ്റൊരു പേര്. സാമുദായിക സംഘര്‍ഷമുണ്ടാകുന്നിടത്ത് വേറൊരു പേര്. സാംസ്കാരിക രംഗത്തും ഇപ്പോള്‍ തെരഞ്ഞെടുപ്പ് രംഗത്തും വെവ്വേറെ
പേരുകള്‍!
ഇത്തരം വ്യത്യസ്ത രൂപത്തിലും ഭാവത്തിലും പ്രവര്‍ത്തിക്കുന്നത് ആളുകളില്‍ സംശയം ജനിപ്പിക്കില്ലേ? ജമാഅത്തെ ഇസ്ലാമി എന്ന ബാനറില്‍ പ്രവര്‍ത്തിക്കാന്‍ സംഘടന ആരെയാണ് ഭയപ്പെടുന്നത്? ഈ വരുന്ന തെരഞ്ഞെടുപ്പില്‍ സ്വന്തം പേരിലാണ് പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയതെങ്കില്‍ ഇങ്ങനെയൊരു സംശയമേ ഉടലെടുക്കില്ലായിരുന്നു. സ്വന്തം പേര് സമൂഹ മധ്യത്തില്‍ മറച്ചുപിടിക്കുന്നവരില്‍ നിഗൂഢത ആരെങ്കിലും ആരോപിച്ചാല്‍ അവരെ കുറ്റപ്പെടുത്തുന്നതെങ്ങനെ?
അബൂഅഫ്നാന്‍ കവ്വായി
ഒരേ സംഘടന തന്നെ വിവിധ ബാനറുകളില്‍ വിവിധ രംഗത്ത് പ്രവര്‍ത്തിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ മാത്രം പ്രത്യേകതയല്ല. ഒട്ടുമിക്ക സംഘടനകളും ഒരു പ്രത്യേക ദൌത്യത്തിനായി പ്രത്യേക പേര്‍ സ്വീകരിച്ചു പ്രവര്‍ത്തിക്കാറുണ്ട്. ഉദാഹരണത്തിന് പുരോഗമന കലാസാഹിത്യ സംഘം, ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പിന്നില്‍ സി.പി.എം ആണെന്ന് എല്ലാവര്‍ക്കുമറിയാം. മാസപ്പിറവി പ്രഖ്യാപിക്കുക എന്ന ദൌത്യത്തിനായി കേരള നദ്വത്തുല്‍ മുജാഹിദീന്‍-കേരള ജംഇയ്യത്തുല്‍ ഉലമാ എന്നീ സംഘടനകള്‍ കേരള ഹിലാല്‍ കമ്മിറ്റി രൂപവത്കരിച്ചിരിക്കുന്നു. മുസ്ലിം ലീഗ് റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക പേരില്‍ സംഘടന ഉണ്ടാക്കിയിട്ടുണ്ട്. കേരള മഹല്ല് ഫെഡറേഷന്‍ ഒരു സുന്നി സംഘടനയുടെ ഉല്‍പന്നമാണ്. ഇതൊന്നും ഏതിലും ഒരു സംശയവും ഉളവാക്കുന്നില്ലെങ്കില്‍ ജമാഅത്തെ ഇസ്ലാമി പ്രത്യേക പേരുകളില്‍ സംഘടനകളുണ്ടാക്കുന്നത് മാത്രം സംശയം ജനിപ്പിക്കേണ്ട കാര്യമെന്ത്?
തെരഞ്ഞെടുപ്പില്‍ പങ്കെടുക്കണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടിയായി ഇലക്ഷന്‍ കമീഷനില്‍ രജിസ്റര്‍ ചെയ്യണം. അതിനു ഖണ്ഡിതമായ വ്യവസ്ഥകളുണ്ട്. അത് പാലിക്കണം. ജമാഅത്തെ ഇസ്ലാമി ഹിന്ദ് രാഷ്ട്രീയ പാര്‍ട്ടി ആവേണ്ടതില്ല എന്നാണ് അതിന്റെ മജ്ലിസ് ശൂറയുടെ തീരുമാനം. എന്നാല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രാഷ്ട്രീയാതീതമായി ജനകീയ വികസനം മാത്രം ഉന്നമാക്കി പ്രവര്‍ത്തിക്കേണ്ടതാണെന്ന വിഭാവനയാണ് പഞ്ചായത്തീ രാജ് നിയമത്തിലുള്ളത്. മത്സരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍പോലും പ്രാദേശിക തലത്തില്‍ വിവിധ സഖ്യങ്ങളുണ്ടാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രാദേശിക തലത്തില്‍ ജനങ്ങളുടെ സഹകരണത്തോടെ രൂപംകൊണ്ട ജനപക്ഷ മുന്നണി, ജനകീയ മുന്നണി, വികസന മുന്നണി തുടങ്ങിയ പേരുകളിലുള്ള കൂട്ടായ്മകളില്‍ ജമാഅത്തെ ഇസ്ലാമിയും സോളിഡാരിറ്റിയും സജീവ പങ്കാളികളാണ്. ഒരു കബളിപ്പിക്കലും ഇതുകൊണ്ടുദ്ദേശിച്ചിട്ടില്ല. അഖിലേന്ത്യാതലത്തില്‍ നിര്‍ദിഷ്ട രാഷ്ട്രീയപാര്‍ട്ടി നിലവില്‍ വന്നാല്‍ സ്ഥിതിയില്‍ മാറ്റവുമുണ്ടാവും.
ആരെയും കാത്തിരിക്കാതെ മുന്നോട്ട്
"ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെയോ മതസംഘടനയുടെയോ തണലിലല്ല ജമാഅത്തെ ഇസ്ലാമി വളര്‍ന്നത്. അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ തിണ്ണബലത്തിലാണ് അതു നിലകൊള്ളുന്നത്. ദൈവത്തിന്റെ പ്രസ്ഥാനമാണത് - പ്രവാചകന്മാരുടെ പ്രസ്ഥാനം. അതിനാല്‍ ആത്മവിശ്വാസത്തോടെ അവര്‍ മുന്നോട്ട് പോകും. ഇന്ത്യ നമ്മുടെ മാതൃരാജ്യമാണ്. ഇന്ത്യന്‍ ജനത നമ്മുടെ സഹോദരന്മാരാണ്. മാതൃഭൂമിയുടെ ക്ഷേമത്തിനും ഉല്‍കര്‍ഷത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനം തന്നെയാണ് യഥാര്‍ഥ ഇസ്ലാമിക പ്രവര്‍ത്തനം.''
('അരുത് മക്കളേ, അരുത്!', പ്രഫ.കെ.എ സിദ്ദീഖ് ഹസന്‍, ഗള്‍ഫ് മാധ്യമം 2010 ആഗസ്റ് 18).
വര്‍ത്തമാനകാലത്ത്, ജമാഅത്തെ ഇസ്ലാമിയുടെ നിഷ്പക്ഷവും നിഷ്കളങ്കവുമായ ധ്വനിയാണ് സിദ്ദീഖ് ഹസന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇനിയും ഇടതുപക്ഷത്തെയും കപടമതേതരത്വ സമുദായ അവസരവാദികളെയും കാത്ത് നില്‍ക്കാതെ ജമാഅത്തെ ഇസ്ലാമി എന്ന സാര്‍ഥവാഹകസംഘത്തിന് മുന്നോട്ട് പോകുന്നത് തന്നെയല്ലേ അഭികാമ്യം?
നസ്വീര്‍ പള്ളിക്കല്‍ രിയാദ്
ജമാഅത്തെ ഇസ്ലാമി അതിന്റെ ദൌത്യ നിര്‍വഹണത്തിനായി ആരെയും കാത്തിരിക്കുന്നില്ല. അതുല്യമായ അതിന്റെ ലക്ഷ്യം നേടാന്‍ മറ്റേതെങ്കിലും പാര്‍ട്ടിയോ പ്രസ്ഥാനമോ സഹായിക്കുമെന്നും കരുതുന്നില്ല. കഴിയുന്നത്ര ആളുകളെ സമീപിച്ചു അവര്‍ക്ക് പ്രസ്ഥാനത്തെ പരിചയപ്പെടുത്തുകയും അവരില്‍നിന്ന് സഹകരിക്കാന്‍ തയാറുള്ളവരെ ക്രമത്തില്‍ അനുഭാവികളും പ്രവര്‍ത്തകരും അംഗങ്ങളുമാക്കി മാറ്റുകയാണ് സംഘടന ചെയ്യുന്നത്. ഒപ്പം വിവിധ സാര്‍വദേശീയ, ദേശീയ, പ്രാദേശിക പ്രശ്നങ്ങളില്‍ സത്യത്തിനും ധര്‍മത്തിനും നീതിക്കും അനുസൃതമായ നിലപാടുകള്‍ സ്വീകരിക്കുകയും അതിനനുകൂലമായി ബഹുജനാഭിപ്രായം സംഘടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇത്തരം നിലപാടുകളില്‍ ചിലതിനോട് മാത്രം യോജിക്കുന്ന പാര്‍ട്ടികളും വ്യക്തികളുമുണ്ടാവും. അവര്‍ മറ്റെല്ലാ കാര്യങ്ങളിലും ഇസ്ലാമിക പ്രസ്ഥാനത്തോട് യോജിക്കുന്നില്ലെങ്കില്‍ അവരുമായി സഹകരണമേ വേണ്ട എന്ന് ജമാഅത്ത് തീരുമാനിച്ചിട്ടില്ല. അത് പ്രായോഗിക ബുദ്ധിയുമല്ല. സാമ്രാജ്യത്വത്തിനെതിരെ ഇടതുപക്ഷത്തോടും, ഫാഷിസത്തിനെതിരെ മതേതര പാര്‍ട്ടികളോടും ന്യൂനപക്ഷ പ്രശ്നങ്ങളില്‍ മുസ്ലിം സംഘടനകളോടും, സാമൂഹിക പ്രശ്നങ്ങളില്‍ പോരാട്ട സംഘടനകളോടുമൊക്കെ സഹകരിക്കുന്നത് ഈ നയത്തിന്റെ ഭാഗമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഒരു നിലപാടും അചഞ്ചലമോ മാറ്റമില്ലാത്തതോ അല്ല. സ്വന്തം താല്‍പര്യങ്ങള്‍ക്ക് അവര്‍ ആരോടും കൂട്ടുചേരും, ആരുമായും കൂട്ട് പിരിയുകയും ചെയ്യും. അതിനാല്‍ ഇപ്പോള്‍ ചില പാര്‍ട്ടികള്‍ ജമാഅത്തിന്റെ നേരെ പ്രഖ്യാപിച്ച അയിത്തവും സ്ഥിരമോ ആത്മാര്‍ഥമോ ആണെന്ന് അത് കരുതുന്നില്ല; അവരുടെ ദൌര്‍ബല്യം ജമാഅത്ത് മനസ്സിലാക്കാത്ത പ്രശ്നവും ഇല്ല.
അല്ലാഹുവിന് തെറ്റി!
"പറയുക - നിങ്ങള്‍ ആരാധിക്കുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുന്നില്ല. നിങ്ങള്‍ വണങ്ങുന്നതിനെ ഞാനും വണങ്ങുന്നില്ല. ഞാന്‍ വണങ്ങുന്നതിനെ നിങ്ങളും വണങ്ങുന്നില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം'' എന്ന ഖുര്‍ആന്‍ വചനങ്ങള്‍(സൂറ: 109) മക്കാ ജീവിതകാലത്ത് ഇറങ്ങിയതാണ്. ആ നിയമം പിന്നീട് ബാധകമാക്കേണ്ടതില്ലെന്നല്ലേ ആ വചനം സൂചിപ്പിക്കുന്നത്. കാരണം പിന്നീട് മക്ക കീഴടക്കിയപ്പോള്‍ ആ സാഹചര്യം തന്നെ മാറിയില്ലേ? എല്ലാവരും ഇസ്ലാം മതം വിശ്വസിക്കേണ്ടി വന്നു. നബി വണങ്ങുന്നതിനെ ശത്രുക്കള്‍ക്കും വണങ്ങേണ്ടി വന്നു. മക്ക കീഴടക്കുമെന്നും ഭാവിയില്‍ മാറ്റം ഉണ്ടാകുമെന്നുമുള്ള, വരാന്‍ പോകുന്ന കാര്യം മുന്‍കൂട്ടി അറിയാത്തതു കൊണ്ടല്ലേ ഇങ്ങനെയൊരു കാഴ്ചപ്പാട് അല്ലാഹുവിന് പറയേണ്ടി വന്നത്?
സി.പി വിനയന്‍ മേലാക്കം മഞ്ചേരി
സര്‍വശക്തനും പരമപരിശുദ്ധനും നിസ്സാര മറവിയോ വീഴ്ചയോ പോലും പറ്റാത്തവനുമായ ശക്തിയാണ് അല്ലാഹു. അഥവാ അല്‍പജ്ഞാനിയോ വിശുദ്ധി കുറഞ്ഞവനോ മറവിയോ വീഴ്ചയോ പറ്റാന്‍ സാധ്യതയുള്ളവനോ ആയ ആള്‍ ദൈവമാകുന്ന പ്രശ്നം ഉത്ഭവിക്കുന്നേയില്ല.
വിശുദ്ധ ഖുര്‍ആനിലെ 109-ാം അധ്യായം, അത് അവതരിച്ചത് മുതല്‍ എല്ലാകാലത്തും പ്രസക്തമാണ്. സത്യവിശ്വാസികളുടെയും നിഷേധികളുടെയും പാത മൌലികമായിത്തന്നെ ഒന്നല്ല, രണ്ടാണ് എന്ന പ്രഖ്യാപനമാണതിന്റെ ഉള്ളടക്കം. അതില്‍ അവസാനമായി 'നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം' എന്ന പരാമര്‍ശം ഒരര്‍ഥത്തിലും നിഷേധികളുടെ ആദര്‍ശത്തോട് പൊരുത്തപ്പെടാനോ വിട്ടുവീഴ്ച ചെയ്യാനോ വിശ്വാസികള്‍ക്കാവില്ല എന്ന് വ്യക്തമാക്കാനാണ്. ഇസ്ലാമില്‍ ബലപ്രയോഗമില്ലെന്നും ആരെയും അത് സ്വീകരിക്കാന്‍ നിര്‍ബന്ധിക്കില്ലെന്നും തന്റെ മതമനുസരിച്ച് ജീവിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്യ്രമുണ്ടെന്നും ഖുര്‍ആന്‍ പ്രഖ്യാപിച്ചത്, മക്കാ കാലഘട്ടത്തിലേക്ക് മാത്രമല്ല, എല്ലാ കാലത്തേക്കുമാണ്. മക്കാ വിജയനാളില്‍ ആരെയും ഇസ്ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചതായി ചരിത്രം പറയുന്നില്ല. തന്റെ മുമ്പില്‍ കീഴടങ്ങിയ മക്കയിലെ ഖുറൈശീ പ്രമാണിമാരോട് "നിങ്ങള്‍ പൊയ്ക്കൊള്‍ക, നിങ്ങള്‍ വിട്ടയക്കപ്പെട്ടവരാണ്, ഇന്ന് നിങ്ങളെക്കുറിച്ച് കുറ്റാരോപണമൊന്നുമില്ല.'' എന്നാണ് തിരുമേനി പറഞ്ഞത്.
'ഒരു വൈദികന്റെ ഹൃദയമിതാ...'
"ഒരു വൈദികന്റെ ഹൃദയമിതാ എന്ന ഫാദര്‍ ഷിബുവിന്റെ പുസ്തകം ശ്രദ്ധേയമാകുന്നു. സഭ അനുയായികളോട് നടത്തുന്നത് അടിമ വ്യാപാരമാണെന്നും ലൈംഗിക-സാമ്പത്തിക ചൂഷണങ്ങള്‍ വ്യാപകമാണെന്നും ഫാദര്‍ ഷിബു പുസ്തകത്തില്‍ പറയുന്നു. ലൈംഗിക ചൂഷണം നില്‍ക്കണമെങ്കില്‍ മാര്‍പാപ്പ വരെയുള്ളവര്‍ വിവാഹം കഴിക്കണം...'' (കേരള കൌമുദി വാര്‍ത്ത 3.9.10). കുറച്ചു മുമ്പ് സിസ്റര്‍ ജസ്മി 'ആമേന്‍' എന്ന കൃതി വഴി പറഞ്ഞ കാര്യങ്ങള്‍ക്ക് അടിവരയിടുകയാണ് ഫാദര്‍ ഷിബു 'ഒരു വൈദികന്റെ ഹൃദയമിതാ'യിലൂടെ. മുജീബിന്റെ പ്രതികരണം?
ഹസനുല്‍ബന്ന കുഞ്ഞിമംഗലം
മഹാനായ യേശുവിന്റെ മതത്തില്‍ വിവാഹം നിഷിദ്ധമായിരുന്നില്ല. ബൈബിള്‍ തന്നെ അവതരിപ്പിക്കുന്ന ആദം, നോഹ, അബ്രഹാം, മോശെ തുടങ്ങിയ എല്ലാ പ്രവാചകന്മാരും, വിവാഹിതരും പിതാക്കളും ആയിരുന്നു. എന്നിരിക്കെ, സഭാപിതാക്കളും പുരോഹിതന്മാരും എന്നെന്നും അവിവാഹിതരായി കഴിയണമെന്ന നിബന്ധന എവിടന്ന് കിട്ടി എന്നത് ദുരൂഹമാണ്. ലൈംഗികാരാജകത്വം നടമാടുന്ന വര്‍ത്തമാനകാലത്ത്, വിശേഷിച്ചും ക്രൈസ്തവ നാടുകളായ അമേരിക്കയിലും യൂറോപ്പിലും സ്ത്രീ-പുരുഷ ബന്ധത്തിന്റെ വിഹിത രൂപമായ വിവാഹം പോലും പുരോഹിതന്മാര്‍ക്ക് നിഷിദ്ധമായി തുടര്‍ന്നാല്‍ അവര്‍ വഴിതെറ്റുക തികച്ചും സ്വാഭാവികമാണ്. മാര്‍പ്പാപ്പ ഈയിടെ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ പുരോഹിതന്മാര്‍ക്ക് വിവാഹം അനുവദിക്കണമെന്ന ശക്തമായ നിവേദനം ലഭിക്കുകയുണ്ടായി. അദ്ദേഹം പക്ഷേ, മൌനം പാലിച്ചു. സുനഹദോസ് കാലാകാലങ്ങളില്‍ വിളിച്ചുകൂട്ടി മുമ്പ് നിഷിദ്ധമാക്കിയ പലതും സഭ അനുവദിച്ചിരിക്കെ തികച്ചും മാനുഷികമായ ഈയാവശ്യം കത്തോലിക്കസഭ അംഗീകരിക്കേണ്ടതായിരുന്നു. സമ്മര്‍ദങ്ങള്‍ മുറുകിയാല്‍ അത് സംഭവിച്ചുകൂടെന്നില്ല.
അരമനകളില്‍ നടക്കുന്നുവെന്ന് പറയുന്ന അരുതായ്മകള്‍ പുറം ലോകത്തോട് വിളിച്ചുപറയുന്നത് അച്ചന്മാരോ കന്യാസ്ത്രീകളോ തന്നെയാണെങ്കിലും, അത് മതം അനുശാസിക്കുന്ന വിശുദ്ധിയുടെ ലംഘനമായേ കാണാനാവൂ. തിരുത്തേണ്ടത് അകത്ത് നിന്നാണ്, പുറത്ത് നിന്നല്ല. ഇത്തരം വെളിപ്പെടുത്തലുകള്‍ മതനിഷേധികളെയും അവിശ്വാസികളെയുമാണ് സന്തോഷിപ്പിക്കുക.
വൈരുധ്യമല്ല
"ഈ മലയുടെ എതിര്‍വശത്ത് ഒരു വലിയ അശ്വസേന നിങ്ങളെ ആക്രമിക്കാനായി സജ്ജരായി നില്‍ക്കുന്നുവെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?........''
"എങ്കില്‍ മരണാനന്തര ജീവിതത്തിലെ വേദനാജനകമായ ശിക്ഷയെക്കുറിച്ച് ഞാനിതാ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. സ്രഷ്ടാവും ഏകനുമായ അല്ലാഹു മാത്രമാണ് ആരാധനക്കര്‍ഹന്‍. അവനെ മാത്രം ആരാധിക്കുകയും ബഹുദൈവാരാധന വര്‍ജിക്കുകയും ചെയ്യുക.''
(സ്നേഹസംവാദം മാസിക, പുസ്തകം 7, ലക്കം 3)
സാധാരണ കേള്‍ക്കാറുള്ളത് നിങ്ങള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറയൂ. അറബികളും അനറബികളും നിങ്ങള്‍ക്ക് കീഴ്പെടും എന്ന തികച്ചും രാഷ്ട്രീയമായ ഒരാഹ്വാനമാണ്. ഇതില്‍ ഏതാണ് ശരി?
ഉസ്മാന്‍ മുഹമ്മദ് പുന്നയൂര്‍കുളം
രണ്ട് ഹദീസുകളും തമ്മില്‍ വൈരുധ്യമില്ല. ആദ്യത്തേത് നബി(സ) മക്കയില്‍ സ്വന്തം കുടുംബത്തില്‍ പ്രബോധനം ആരംഭിക്കുമ്പോള്‍ ചെയ്ത ആഹ്വാനമാണ്. 'അല്ലാഹുവിനെ മാത്രം ഇലാഹായി അംഗീകരിക്കുവീന്‍' എന്നതിന്റെ വിവക്ഷ കേവലം ആരാധ്യനായി സ്വീകരിക്കുക എന്നല്ല, പൂജക്കും പരമമായ അനുസരണത്തിനും അടിമത്തത്തിനും അര്‍ഹനായി അല്ലാഹു മാത്രമേയുള്ളൂ എന്നതാണ് വിവക്ഷ. രണ്ടാമത്തെ ആഹ്വാനത്തില്‍ അത് കൂടുതല്‍ വ്യക്തമായി എന്നേയുള്ളൂ. അല്ലാഹു അല്ലാതെ ഇലാഹില്ല എന്ന് സമ്മതിക്കുന്നതോടെ അവനെക്കൂടാതെ ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുന്ന എല്ലാ ശക്തികളെയും കൈയൊഴിയുക എന്നാണര്‍ഥം. അത് കേവലം രാഷ്ട്രീയമായ ആഹ്വാനമല്ല, രാഷ്ട്രീയവും ഉള്‍ക്കൊള്ളുന്ന ആഹ്വാനമാണ്. ഒന്നാമത്തെ ആഹ്വാനം നല്‍കുമ്പോള്‍ പരിശുദ്ധ വാക്യത്തെ നിരാകരിച്ചാലുള്ള പരലോക ശിക്ഷയെക്കുറിച്ച മുന്നറിയിപ്പാണ് പ്രധാനമായിക്കണ്ടത്. അത് എല്ലാകാലത്തും പ്രസക്തമാണ്. രണ്ടാമത്തേതില്‍, കലിമത്തുത്തൌഹീദിന്റെ ഭൌതികഫലത്തെക്കുറിച്ചാണ് വാഗ്ദാനം ചെയ്തത്. അതും എല്ലായ്പോഴും പ്രസക്തം തന്നെ. ഇസ്ലാം ആത്മീയതയും ഭൌതികതയും സമന്വയിപ്പിക്കുന്നു എന്നതാണ് അതിന്റെ ഏറ്റവും വലിയ സവിശേഷത.



Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly