Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


>>മുഖക്കുറിപ്പ്



ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്
രാഷ്ട്രപിതാവ് മഹാത്മാഗാന്ധി രാജ്യത്തിന്റെ സ്വാതന്ത്യ്രവും ജനാധിപത്യവും സ്വയംപര്യാപ്തതയും സംപൂര്‍ത്തിയിലെത്താന്‍ നിര്‍ദേശിച്ച പരിപാടിയാണ് ഗ്രാമസ്വരാജ്. ഓരോ ഗ്രാമവും അവരുടെ ആഗ്രഹാഭിലാഷങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും യോജിക്കുന്ന സാമൂഹിക സംവിധാനവും ഉല്‍പാദന സമ്പ്രദായവും ആവിഷ്കരിച്ച് സ്വയം പര്യാപ്തമായി വളരുക. പൌരന്മാര്‍ക്ക് സമൂഹത്തിന്റെ നടത്തിപ്പില്‍ ക്രിയാത്മകമായ പങ്കുവഹിക്കാന്‍ അധികാരവും അവസരവും ലഭിക്കുന്നുവെന്നതാണീ സംവിധാനത്തിന്റെ ഏറ്റം ശ്രദ്ധേയമായ മെച്ചം. ഈ ആശയത്തിന്റെ പ്രയോഗവത്കരണമാണ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കേരളത്തില്‍ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ത്രിതല പഞ്ചായത്തും ജനകീയാസൂത്രണവും. പ്രാദേശിക വികസനത്തില്‍ തദ്ദേശ ഭരണകൂടങ്ങള്‍ക്ക് വിപുലമായ അധികാരം ലഭിച്ചിരിക്കുന്നു. സംസ്ഥാന വികസന ബജറ്റിന്റെ 40 ശതമാനം വിനിയോഗിക്കപ്പെടുന്നത് തദ്ദേശ ഭരണസ്ഥാപനങ്ങളിലൂടെയാണ്. പ്രാഥമികാരോഗ്യം, വിദ്യാഭ്യാസം, ജലവിതരണം, അടിസ്ഥാന വികസനം തുടങ്ങിയവയിലെല്ലാം തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് ഗണ്യമായ പങ്കുണ്ട്.
വിദേശനയം, ദേശീയ സാമ്പത്തിക നയം, രാജ്യരക്ഷ, ആഭ്യന്തര സമാധാനം, ജുഡീഷ്യറി തുടങ്ങിയ ദേശീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബോഡിയല്ല തദ്ദേശ ഭരണ കൂടം. ഗ്രാമത്തിന്റെ അതിരുകള്‍ക്കുള്ളില്‍ പരിമിതമാണതിന്റെ പ്രവര്‍ത്തനം. അവിടെ കക്ഷി രാഷ്ട്രീയസിദ്ധാന്തങ്ങളും പ്രത്യയശാസ്ത്രങ്ങളും പ്രസക്തമല്ല. ഒരു ഗ്രാമത്തെ ആ ഗ്രാമവാസികളുടെ അഭിപ്രായവും പങ്കാളിത്തവും സ്വീകരിച്ചുകൊണ്ട് വികസനത്തിലേക്ക് നയിക്കേണ്ട തദ്ദേശ ഭരണകൂടങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന്നതീതമായിരിക്കുന്നതാണ് ഉചിതം. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും കക്ഷി രാഷ്ട്രീയമില്ലാതെയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പും ഭരണവും നടക്കുന്നത്. കേരളവും ബംഗാളും പോലുള്ള ചില സംസ്ഥാനങ്ങള്‍ മറിച്ചാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ നയിക്കുന്ന കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളെ ഗ്രസിച്ചിട്ടുള്ള ജീര്‍ണതകളെല്ലാം പതിന്മടങ്ങ് ശക്തിയോടെ ഇത്തരം സംസ്ഥാനങ്ങളിലെ തദ്ദേശ ഭണകൂടങ്ങളെയും ബാധിച്ചിരിക്കുന്നു. അനുവദിക്കപ്പെടുന്ന വികസന ഫണ്ടുകള്‍ 40 ശതമാനത്തോളം മാത്രമേ കേരളത്തില്‍ ചെലവഴിക്കപ്പെടുന്നുള്ളൂ. ബാക്കി ലാപ്സായി പോവുകയാണ്. ചെലവഴിക്കപ്പെടുന്നതിന്റെ മുക്കാലേമുണ്ടാണിയും പാര്‍ട്ടിക്കാരുടെയും കോണ്‍ട്രാക്ടര്‍മാരുടെയും കീശയിലേക്കാണ് പോകുന്നത്. പഞ്ചായത്ത് കൊടുത്ത പണത്തിന്റെ പത്തിലൊന്നു പോലും പദ്ധതി നിര്‍വഹണത്തിനുപയോഗിക്കാത്ത ഉദാഹരണങ്ങള്‍ ഉത്തരവാദപ്പെട്ടവര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു. ആനുകൂല്യ വിതരണത്തിലും തികഞ്ഞ സ്വജനപക്ഷപാതവും അഴിമതിയുമാണ് നടമാടുന്നത്.
തദ്ദേശ വികസനത്തില്‍ അഴിമതിയും കെടുകാര്യസ്ഥതയും തടയാനും ജനങ്ങളുടെ മേല്‍നോട്ടവും പങ്കാളിത്തവും ഉറപ്പുവരുത്താനും ഏര്‍പ്പെടുത്തിയ സംവിധാനമാണ് ഗ്രാമസഭകള്‍. ഗ്രാമസഭകളാണ് പഞ്ചായത്തിന്റെ അടിത്തറ. തെരഞ്ഞെടുക്കപ്പെടുന്ന ഓരോ പഞ്ചായത്ത് മെമ്പറും അയാളുടെ വാര്‍ഡിലെ ജനങ്ങളോട് ഉത്തരം പറയാന്‍ ബാധ്യസ്ഥനാണ്. അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും മാനിച്ചാണ് അയാള്‍ പ്രവര്‍ത്തിക്കേണ്ടത്. പഞ്ചായത്തിലെ ഓരോ പൌരനും ഗ്രാമസഭയില്‍ അംഗമാണ്. ഭരണഘടനാ സാധ്യതയുള്ള, സങ്കുചിത കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും വൈയക്തിക സ്വാര്‍ഥതകള്‍ക്കും അതീതമായ സുസ്ഥിര സഭയായിട്ടാണ് ഗ്രാമസഭകള്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. വാസ്തവത്തില്‍ ജനാധിപത്യത്തിന്റെ ഏറ്റവും പ്രാഥമികവും സുതാര്യവുമായ രൂപമാണിത്. പക്ഷേ, കക്ഷി രാഷ്ട്രീയത്തിന്റെ അതിപ്രസരം ഗ്രാമസഭകളെ നിര്‍ജീവമാക്കിയിരിക്കുന്നു. അത് കാലാകാലങ്ങളില്‍ വിളിച്ചു കൂട്ടണമെന്ന് പഞ്ചായത്തുകള്‍ക്കോ വിളിച്ചാല്‍തന്നെ കൂടണമെന്ന് ജനങ്ങള്‍ക്കോ നിഷ്കര്‍ഷയില്ല. എങ്കിലും ഗ്രാമസഭാ സമ്മേളനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പഞ്ചായത്തില്‍ കിറു കൃത്യമായിട്ടുണ്ടായിരിക്കും! ഗ്രാമസഭകളെ നിര്‍വീര്യമാക്കുമ്പോള്‍ യഥാര്‍ഥത്തില്‍ നിര്‍വീര്യമാക്കുന്നത് അടിസ്ഥാന ജനാധിപത്യത്തെയാണ്. പാര്‍ട്ടികള്‍ നിശ്ചയിച്ച സ്ഥാനാര്‍ഥികളുടെ കൂറ് അവര്‍ക്ക് വോട്ട് ചെയ്ത ജനങ്ങളോടല്ല; അവരെ നിയോഗിച്ച പാര്‍ട്ടിയോടാണ്.
ഈ അവസ്ഥക്കറുതി വരേണ്ടതനിവാര്യമാണ്. പഞ്ചായത്തധികാരം ജനങ്ങളില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് ചോര്‍ന്നുപോകുന്നത് തടയപ്പെടുക തന്നെ വേണം. എങ്കിലേ തദ്ദേശ ഭരണം സുതാര്യവും നീതിനിഷ്ഠവും വികസനോന്മുഖവുമാകൂ. ജനാധികാരത്തെ പ്രതിനിധീകരിക്കുന്നതിനു പകരം ജനങ്ങളുടെ മേല്‍ അധിപതികളാകാനാണ് ഇന്ന് മിക്ക രാഷ്ട്രീയ കക്ഷികള്‍ക്കും താല്‍പര്യം. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയുള്ള സഭകളിലേക്ക് സ്വന്തം അഭിപ്രായങ്ങളെയും അഭിലാഷങ്ങളെയും പ്രതിനിധീകരിക്കുന്ന പ്രതിനിധികളെ ജനങ്ങള്‍ സ്വയം കണ്ടെത്തുകയാണ് ഈ ദുഷ്പ്രവണതയെ പരാജയപ്പെടുത്താനുള്ള ഒരു മാര്‍ഗം. കേരളത്തില്‍ അതിന് തുടക്കം കുറിക്കാന്‍ ലഭിച്ച സുവര്‍ണാവസരമാണ് ആസന്നമായ പഞ്ചായത്ത് തെരഞ്ഞെടുപ്പ്.
തദ്ദേശ ഭരണം അഴിമതിരഹിതവും സുതാര്യവും വികസനോന്മുഖവും കക്ഷി രാഷ്ട്രീയത്തിനതീതമായ പ്രാദേശിക ജനാധികാരത്തിലധിഷ്ഠിതവുമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ചില സംരംഭങ്ങള്‍ ഉയര്‍ന്നുവന്നിട്ടുള്ളത് ആശാവഹമാണ്. ഇസ്ലാമിക പ്രവര്‍ത്തകരുടെ സക്രിയമായ പങ്കാളിത്തത്തോടെ പല പഞ്ചായത്തുകളിലും രൂപം കൊണ്ടിട്ടുള്ള ജനകീയ വികസന മുന്നണികള്‍ അക്കൂട്ടത്തില്‍ പെടുന്നു. കക്ഷിത്വത്തിന്റെ ആന്ധ്യം ബാധിച്ചിട്ടില്ലാത്തവരും രാഷ്ട്രീയ പാര്‍ട്ടികളുടെ മൂല്യശോഷണത്തില്‍ മനംമടുത്തവരും, സര്‍വോപരി നിഷ്പക്ഷവും സത്യസന്ധവും ജനക്ഷേമകരവുമായ തദ്ദേശ സംവിധാനത്തില്‍ തല്‍പരരുമായ ആളുകളില്‍നിന്ന് അതിന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണം ആവേശകരമാകുന്നു. അധാര്‍മികമായിക്കൊണ്ടിരിക്കുന്ന സമകാലീന രാഷ്ട്രീയത്തെ മൂല്യവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായും ജനാധിപത്യം ജനങ്ങളുടെ ആധിപത്യമാണ്, ജനങ്ങളുടെ മേലുള്ള പാര്‍ട്ടികളുടെ ആധിപത്യമല്ല എന്നുറപ്പിക്കാനുള്ള പ്രയാണത്തിന്റെ ആദ്യ ചുവടുമാണിതെന്ന് രാഷ്ട്രീയ പ്രബുദ്ധതയുള്ളവര്‍ തിരിച്ചറിയുന്നുണ്ട്. ഈ തിരിച്ചറിവ് സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമെത്തിക്കാന്‍ കഴിഞ്ഞാല്‍ ജനകീയ വികസന മുന്നണി കേരള രാഷ്ട്രീയത്തില്‍ പുതിയൊരു അധ്യായത്തിന്റെ തുടക്കമാവുമെന്നതില്‍ സംശയമില്ല.



Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly