Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


>>സാമൂഹികം


സോളിഡാരിറ്റി ജനകീയ കുടിവെള്ളപദ്ധതി മാതൃകയാവുന്നു
കെ.കെ ബഷീര്‍
പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍, കുടിവെള്ളക്ഷാമം നേരിടുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതി സമീപനരേഖയില്‍ പറയുന്നുണ്ട്. എന്നാല്‍ കുടിവെള്ള പദ്ധതികള്‍ ശാസ്ത്രീയമായി ആസൂത്രണം ചെയ്യാനോ നടപ്പിലാക്കാനോ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം തദ്ദേശ ഭരണാധികാരികള്‍ക്കും കഴിഞ്ഞിട്ടില്ല. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ താല്‍ക്കാലിക സംവിധാനമെന്ന നിലയില്‍ ടാങ്കറില്‍ വെള്ളമെത്തിക്കുന്നതിലാണ് അവര്‍ക്ക് താല്‍പര്യം. ലക്ഷങ്ങള്‍ കൈമറിയുന്നതാണ് ഈ ബിസിനസ്സ്. സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്തിട്ടുള്ള പല വന്‍കിട പദ്ധതികളും പാതിവഴിയിലാണിന്നുള്ളത്. സ്ഥായിയായ ജലസ്രോതസ്സുകളില്ലാത്തതിനാല്‍ പൂര്‍ത്തിയായവ തന്നെ പൂര്‍ണമായി ഉപയോഗിക്കാനും കഴിയുന്നില്ല.
കിണര്‍, കുഴല്‍കിണര്‍, കുളം, വാട്ടര്‍ അതോറിറ്റി പെപ്പ്ലൈന്‍ എന്നിവയാണ് കേരളം ആശ്രയിക്കുന്ന പ്രധാന കുടിവെള്ള സ്രോതസ്സുകള്‍. മുമ്പ് ഭൂരിപക്ഷം ജനങ്ങളും ആശ്രയിച്ചിരുന്ന പൊതുകിണറുകളും കുളങ്ങളും ഇന്ന് നികത്തപ്പെട്ടിരിക്കുന്നു. ഉള്ളവ തന്നെ മലിനീകരണ ഭീഷണിയിലും. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ജലാവശ്യം പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ വാട്ടര്‍ അതോറിറ്റിക്കില്ല. ഹഡ്കോ പദ്ധതി, ജപ്പാന്‍ കുടിവെള്ള പദ്ധതി, ലോകബാങ്ക് സഹായത്തോടെയുള്ള ജലനിധി പദ്ധതി എന്നിവ കൊണ്ടൊന്നും കേരളത്തിലെ കുടിവെള്ളക്ഷാമം പൂര്‍ണമായി പരിഹരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
കുടിവെള്ളം കിട്ടാക്കനിയായ നിരവധി പ്രദേശങ്ങള്‍ ഇപ്പോഴും കേരളത്തിലുണ്ടെന്ന് സോളിഡാരിറ്റി നടപ്പാക്കുന്ന കുടിവെള്ളപദ്ധതിയുടെ പഠനത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. കേരളത്തിലെ പല പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുന്നതിന് ചെറുകിട പദ്ധതികളാണ് പ്രായോഗികമാവുക. ആവശ്യാനുസരണം കിണറോ കുഴല്‍കിണറോ നിര്‍മിക്കുകയും വെള്ളം ടാങ്കില്‍ സംഭരിച്ച് വിതരണം നടത്തുകയും ചെയ്യുന്ന രീതി വിജയകരമായി നടപ്പാക്കാവുന്നതാണ്. പക്ഷേ, പ്രാദേശിക ഭരണാധികാരികള്‍ക്കു പോലും മെഗാ പദ്ധതികളോടാണ് താല്‍പര്യം.
ജനകീയ കുടിവെള്ള പദ്ധതി
സര്‍ക്കാര്‍ കുടിവെള്ള പദ്ധതികള്‍ ഇപ്പോഴും അന്യമായ കേരളത്തിലെ 50 ഗ്രാമങ്ങളിലെ 2000 കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനുദ്ദേശിച്ച് സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി തയാറാക്കിയ ജനകീയ കുടിവെള്ള പദ്ധതി ഈ രംഗത്തെ വലിയൊരു കാല്‍വെപ്പായിരുന്നു.
കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കിണര്‍/കുഴല്‍കിണര്‍ കുഴിച്ച് വെള്ളം പമ്പ് ചെയ്ത് സംഭരണടാങ്കില്‍ ശേഖരിച്ച് പൈപ്പ് വഴി വിതരണം ചെയ്യുന്ന രീതിയാണ് സോളിഡാരിറ്റി നടപ്പിലാക്കിയത്. ഗ്രൌണ്ട് ലെവല്‍ സംഭരണി ഉപയോഗിക്കുന്ന പദ്ധതിക്ക് 1,20,000 രൂപയും ഓവര്‍ഹെഡ് സംഭരണി ഉപയോഗിക്കുന്ന പദ്ധതിക്ക് 2,25,000 രൂപയുമാണ് ചെലവ് വന്നത്.
സോളിഡാരിറ്റി പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ശാരീരിക സേവനം ഉപയോഗപ്പെടുത്തിയതാണ് പദ്ധതിച്ചെലവ് ഗണ്യമായി കുറയാന്‍ കാരണം.
ഗുണഭോക്താക്കളുടെ കമ്മിറ്റികളാണ് പദ്ധതിയുടെ പ്രാദേശിക സംഘാടനം ഏറ്റെടുത്തത്. ദിവസവും പമ്പ് ഓപ്പറേറ്റ് ചെയ്യുന്നതിന് പദ്ധതിയുടെ ഗുണഭോക്താക്കളില്‍ നിന്ന് തന്നെ ഒരാളെ നിശ്ചയിക്കുകയാണ് ചെയ്തത്. വൈദ്യുതി ചാര്‍ജ്, പമ്പ് ഓപ്പറേറ്ററുടെ വേതനം, സാധാരണ അറ്റകുറ്റപ്പണികള്‍ എന്നിവക്കുള്ള ആവര്‍ത്തനച്ചെലവുകള്‍ ഓരോ മാസവും കണക്കാക്കി ഗുണഭോക്താക്കളില്‍ നിന്നും തുല്യമായി ശേഖരിച്ചുവരുന്നു.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ 2010 ഫെബ്രുവരി 6-ന് ബഹു. കേരള ജലവിഭവ വകുപ്പു മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ നിര്‍വഹിച്ചു. സമീപ പഞ്ചായത്തായ വെള്ളാങ്ങല്ലൂരിലെ മുസാഫിരിക്കുന്ന് പ്രദേശമാണ് ആദ്യ പദ്ധതിക്കായി തെരഞ്ഞെടുത്തത്.
കാസര്‍കോട് ജില്ലയിലെ പഞ്ചത്ത്കുന്ന് (40 കുടുംബങ്ങള്‍ക്ക് പ്രയോജനം), വയനാട് ജില്ലയിലെ പുഴക്കംവയല്‍ (20 കുടുംബങ്ങള്‍), കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂര്‍ (20 കുടുംബങ്ങള്‍), തിരുത്തിയാട് (30 കുടുംബങ്ങള്‍), ഊരള്ളൂര്‍ (50 കുടുംബങ്ങള്‍), മലപ്പുറം ജില്ലയിലെ കീരംകുണ്ട് (30 കുടുംബങ്ങള്‍), ചുള്ളിയോട് (40 കുടുംബങ്ങള്‍), ഇടുക്കി ജില്ലയിലെ മാങ്കുളം (125 കുടുംബങ്ങള്‍), കോട്ടയം ജില്ലയിലെ മാലൂര്‍ക്കാവ് (35 കുടുംബങ്ങള്‍), തിരുവനന്തപൂരം ജില്ലയിലെ തൊളിക്കോട് (60 കുടുംബങ്ങള്‍), കല്ലറ (60 കുടുംബങ്ങള്‍) എന്നീ 12 പദ്ധതികളാണ് ഇതിനകം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഒരു ലക്ഷം രൂപ മുതല്‍ 2.25 ലക്ഷം രൂപ വരെയാണ് ഓരോ പദ്ധതികള്‍ക്കും ചെലവു വന്നത്. ഇരുപതും മുപ്പതും ലക്ഷം രൂപ ചെലവഴിച്ചിട്ടും ലക്ഷ്യത്തിലെത്താത്ത സര്‍ക്കാര്‍ കുടിവെള്ള പദ്ധതികളുടെ അവശിഷ്ടങ്ങള്‍ നോക്കുകുത്തികളായി നില്‍ക്കുമ്പോഴാണ് അതിന്റെ പത്തിലൊന്ന് തുക കൊണ്ട് സോളിഡാരിറ്റി ഈ അത്ഭുതങ്ങള്‍ രചിച്ചത്. വിവിധ ജില്ലകളിലായി 28 പദ്ധതികള്‍ കൂടി നടന്നുകൊണ്ടിരിക്കുന്നു. ഇതില്‍ പലതും അടുത്ത മാസങ്ങളില്‍ തന്നെ ഉദ്ഘാടനം ചെയ്യാന്‍ സാധിക്കുന്നവയാണ്.
വമ്പിച്ച ജനപങ്കാളിത്തമാണ് ഈ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചത്. പദ്ധതിക്കാവശ്യമായ ഫണ്ട് കളക്ഷന്‍ മുതല്‍ ആവര്‍ത്തനച്ചെലവുകള്‍ കണ്ടെത്തുന്നതില്‍ വരെ ഇത് ദൃശ്യമാണ്. പുതിയ പദ്ധതി രൂപകല്‍പ്പന ചെയ്യുന്നതിനായി സോളിഡാരിറ്റിയുടെ പഠനസംഘം സന്ദര്‍ശനം നടത്തിയ ഉടനെ, മുടങ്ങിക്കിടന്ന പല പദ്ധതികളും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാന്‍ ചില പ്രാദേശിക ഭരണാധികാരികള്‍ കാണിച്ച ആവേശം കൌതുകമുണര്‍ത്തുന്നതായിരുന്നു. ചുരുക്കം സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നിഷേധിച്ചും വൈകിച്ചും പഞ്ചായത്ത് ഭരണസമിതികള്‍ അരിശം തീര്‍ത്തു. പക്ഷേ വമ്പിച്ച ജനപ്രക്ഷോഭം ഭയന്ന് അവര്‍ക്കൊക്കെ മുട്ടുമടക്കേണ്ടി വന്നു. സോളിഡാരിറ്റി പൂര്‍ത്തീകരിച്ച പദ്ധതികള്‍ ചൂണ്ടിക്കാട്ടി ഇതുപോലുള്ള പദ്ധതികള്‍ തങ്ങളുടെ പ്രദേശത്തും വേണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ നേരിട്ട് പഞ്ചായത്ത് ഭരണസമിതിയെ സമീപിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എല്ലാത്തരം പ്രതിബന്ധങ്ങളെയും തരണം ചെയ്ത് 2011 മെയ് മാസത്തോടെ ആദ്യ ഘട്ടത്തില്‍ ഏറ്റെടുത്ത 52 പദ്ധതികളും പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.



Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly